പഠനം

14-15  നൂറ്റാണ്ടുകളാണ് ഇബ്‌നു ഖല്‍ദൂന്‍ ജീവിച്ച  കാലഘട്ടം. ഇസ്ലാമിക ലോകത്തെ സംബന്ധിച്ചേടത്തോളം അതൊരു തകര്‍ച്ചയുടെ കാലമായിരുന്നു.  സി.ഇ 1258-ല്‍ അബ്ബാസിയ ഖിലാഫത്ത് തകരുകയും ഇസ്ലാമിന്റെ കേന്ദ്രീകൃത ഭരണസംവിധാനങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. ചെറിയ സ്റ്റേറ്റുകളായി ഇസ്ലാമിക ഭരണസംവിധാനം മാറിക്കൊണ്ടിരുന്നു. തുനീഷ്യയില്‍ സി.ഇ 1333 (1332-ലാണെന്നും അഭിപ്രായമുണ്ട്)-ലാണ് ഇബ്നു ഖല്‍ദൂന്‍ ജനിക്കുന്നത് (ഹിജ്റ 9-ാം നൂറ്റാണ്ട്). ഇസ്ലാമിക ചരിത്രത്തില്‍ 'മഗ്‌രിബ്' മേഖലയില്‍ പെടുന്ന ഭൂപ്രദേശമാണ് തുനീഷ്യ. ആന്തലൂഷ്യയില്‍നിന്ന് തുനീഷ്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇബ്നു ഖല്‍ദൂനിന്റെ പൂര്‍വപിതാക്കള്‍. അബ്ദുര്‍റഹ്മാന്‍ ഇബ്നു ഖല്‍ദൂന്റെ പിതാമഹന്മാരില്‍ പെട്ട ഒരാളുടെ പേരാണ് ഇബ്നു ഖല്‍ദൂന്‍. ആന്തലൂഷ്യയില്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതും ഭരണസംവിധാനങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിയതുമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. യമനിലെ ഹദ്ര്‍ മൗത്തില്‍നിന്നും ആന്തലൂഷ്യയിലേക്ക് കുടിയേറി പാര്‍ത്ത അറബികളുടെ താവഴിയിലുള്ളതാണ് ഈ കുടുംബം. ഇവര്‍ പ്രവാചകന്റെ സഹചാരിയായ അബൂബക്റിന്റെ കുടുംബത്തില്‍നിന്നുള്ളവരാണ് എന്ന് 'തആറുഫ് ഇബ്നു ഖല്‍ദൂന്‍' എന്ന ആത്മകഥയുടെ ആരംഭത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
ഈയൊരു കുടുംബപശ്ചാത്തലം ഇബ്നു ഖല്‍ദൂനിനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. കാരണം, അദ്ദേഹം അറബികളില്‍ ഉള്‍പ്പെടാത്ത ആഫ്രിക്കയിലെ ബര്‍ബര്‍ വംശജനായതുകൊണ്ട്  അറബികള്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ ഇബ്നു ഖല്‍ദൂന്‍ നടത്തിയിട്ടുണ്ട് എന്ന് ത്വാഹാ ഹുസൈനെ പോലുള്ള എഴുത്തുകാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ  അബ്ദുല്ല ഹിനാന്‍ തന്റെ കയി Khaldun : His life and Works എന്ന കൃതിയില്‍ വിശകലനം ചെയ്യുന്നുണ്ട്. സമനിരകളിലല്ലാതെ കുന്നിന്‍പ്രദേശങ്ങളിലൊന്നും അറബികള്‍ക്ക് യുദ്ധം ചെയ്ത്  വിജയിക്കാനായിട്ടില്ല, അവര്‍ പോയിടത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്, അവര്‍ക്ക് പുതിയ നാഗരികതകളൊന്നും നിര്‍മിക്കാനായിട്ടില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമയിലും കിതാബുല്‍ ഇബറിലുമൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ Ibn Khaldun's  Philosophy of Historyയുടെ കര്‍ത്താവായ മുഹ്സിന്‍ മഹ്ദിയെ പോലെ പിന്നീട് ഇതിനെ കുറിച്ച് പഠനങ്ങള്‍ നടത്തിയവര്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിവാദങ്ങള്‍ (Counter arguments) ഉയര്‍ത്തി ഈ വിമര്‍ശനങ്ങളെ നേരിടുന്നുണ്ട്.
യഥാര്‍ഥത്തില്‍ ഇബ്നു ഖല്‍ദൂനിന്റെ പൈതൃകത്തില്‍ അറബ്, ബര്‍ബര്‍ പൈതൃകങ്ങളുടെ സമന്വയമാണ് നമുക്ക് കാണാനാവുക. അദ്ദേഹം ബര്‍ബര്‍ ആണെന്നതോടൊപ്പം ഭാവനയില്‍ അറബിയുമാണ്. ബര്‍ബര്‍ ഭാഷയില്‍ അദ്ദേഹത്തിന് രചനകള്‍ ഉണ്ടെങ്കിലും മുഖദ്ദിമ അദ്ദേഹം രചിച്ചിരിക്കുന്നത് അറബിയിലാണ്. എന്നു മാത്രമല്ല, അറബി ഭാഷയിലെ  ക്ലാസിക് ഗദ്യമാണ് മുഖദ്ദിമയിലുള്ളത്. അദ്ദേഹത്തിന്റെ അവതരണ ശൈലിയെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. From Linguistics to Philological Craft എന്ന മിറിയം കൂക്കിന്റെ പഠനത്തില്‍ അദ്ദേഹത്തിന്റെ ഭാഷയുടെ വശ്യതയെയും വ്യത്യസ്തതയെയും കുറിച്ച് പറയുന്നുണ്ട്. ബ്രൂയിസ് ലോറന്‍സിന്റെ Ibn Khaldun and Islamic Ideology എന്ന  പുസ്തകത്തില്‍ ഇബ്‌നു ഖല്‍ദൂനെ 'അദീബ്' (ഫിലോളജിസ്റ്റ്) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നമ്മുടെ കാലത്തെ  ഫിലോളജിസ്റ്റ് എന്ന് എഡ്വേഡ് സെയ്ദിനെക്കുറിച്ച് പറയാറുണ്ട്. എഡ്വേഡ് സെയ്ദിന്റെ  പൈതൃകം  വ്യത്യസ്തരായ ഒരുപാട് തത്ത്വചിന്തകര്‍ ഏറ്റെടുത്തിട്ടുണ്ട്.  ഫിലോസഫിക്കല്‍ ധാരയില്‍ സാഹിതീയമായ ഉന്നത തലമാണ് അദബ് എന്നു പറയാം. ഒരു അദീബ് വാക്കുകളെ ഭിന്നാര്‍ഥങ്ങളില്‍ പ്രയോഗിക്കുകയും ആ രീതിയില്‍ സംജ്ഞകളെ (Terms) സ്വീകരിക്കുകയും ചെയ്യുന്നു. ഈ സ്വഭാവത്തില്‍ സംജ്ഞകളെ മനസ്സിലാക്കിയാലേ ഇത്തരം ഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്ക് കടക്കാന്‍ കഴിയു. ഈ സംജ്ഞകള്‍ പൊതുജനത്തിന് (ആം) മനസ്സിലാവാതിരിക്കുകയും പ്രത്യേകക്കാര്‍ക്ക് (ഖാസ്വ്)  മനസ്സിലാവുകയും ചെയ്യുന്ന പ്രതിസന്ധി എല്ലാ കാലത്തെയും ഇസ്ലാമിക പണ്ഡിതന്മാരുടേതെന്നതുപോലെ ഇബ്നു ഖല്‍ദൂനിന്റെ രചനകള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്.
മുഖദ്ദിമയുടെ വിവര്‍ത്തനം ഇംഗ്ലീഷില്‍ വരുന്നതിനു മുമ്പു തന്നെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രചനകളെയും  കുറിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. നേരത്തേ പരാമര്‍ശിച്ച മുഹ്സിന്‍ മഹ്ദിയുടെ Ibn Khaldun's Philosophy Of History എന്ന ഗ്രന്ഥം 1956-ലാണ് പുറത്തിറങ്ങുന്നത്. അതിന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്  ഫ്രാന്‍സ് റോസന്താള്‍ മുഖദ്ദിമ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. 1936-ലാണ് അബ്ദുല്ല ഹിനാന്‍ Ibn Khaldun: His Life and Works എന്ന കൃതി രചിക്കുന്നത്. ആര്‍ണോള്‍ഡ് ടോയന്‍ബി ഇബ്‌നു ഖല്‍ദൂനെ കുറിച്ച് തന്റെ Study of Historyയില്‍ പറയുന്നത് ഇപ്രകാരമാണ്: 'It is undoubtedly the greatest work of its kind that has ever yet been created by any mind in any time or place.'' ടോയന്‍ബിയെ ചരിത്ര രചനയില്‍ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് ഇബ്‌നു ഖല്‍ദൂന്‍.
മുഖദ്ദിമ രചിക്കാനുള്ള ചരിത്ര പശ്ചാത്തലം പരിശോധിച്ചാല്‍ ഇസ്ലാമിക ലോകത്തെ ഫിലോസഫിയെ കുറിച്ച ഒരു പ്രധാന സംവാദം അതുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. രണ്ട് നൂറ്റാണ്ടുകള്‍ക്കിടയിലാണ് അത് നടക്കുന്നത്. ബുദ്ധിക്ക് മേലെയാണ് വെളിപാട് (Primacy of Revelation over Reason), വെളിപാടിന് മേലെയാണ് ബുദ്ധി (Primacy of Reason over Revelation) എന്നിവ കേന്ദ്രീകരിച്ചായിരുന്നു  ആ സംവാദം. ഇമാം ഗസ്സാലി തഹാഫതുല്‍ ഫലാസിഫ (Incoherence of Philosophers) എന്ന കൃതിയില്‍ തത്ത്വചിന്തയുടെ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടു തന്നെ തത്ത്വചിന്തകരെ മതവൃത്തത്തില്‍നിന്ന് പുറത്താക്കുന്നുണ്ട്. ഖുര്‍ആന്‍ സൃഷ്ടിയാണ്, 'കലാം'  അല്ലാഹുവിന്റെ അസ്തിത്വവുമായി ചേരില്ല തുടങ്ങിയ മുഅ്തസിലീ വാദങ്ങളെയും, വെളിപാടുകളെ ബുദ്ധിക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കുന്ന തത്ത്വചിന്താ രീതികളെയും ബുദ്ധിപരമായി തന്നെ ഇമാം ഗസ്സാലി വിമര്‍ശിക്കുന്നുണ്ട്. ഇവയൊക്കെയും ഇബ്‌നുസീനക്കും അല്‍ ഫാറാബിക്കും അല്‍ കിന്ദിക്കുമൊക്കെയെതിരെയുള്ള ശക്തമായ വിമര്‍ശനങ്ങളുമാണ്. ഇവരില്‍ പലരും നോമ്പും നമസ്‌കാരവുമൊക്കെ നിര്‍വഹിക്കുന്നവരായിട്ടുകൂടി അഖീദയില്‍ ചില പിഴവുകള്‍ പറ്റിയിട്ടുണ്ട് എന്ന് പ്രസ്തുത കൃതിയില്‍ ഇമാം ഗസ്സാലി  സമര്‍ഥിക്കുന്നുണ്ട്.  ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇതിനുള്ള മറുപടിയായി ഇബ്‌നു റുശ്ദ് തഹാഫുതുത്തഹാഫുത് (ഖണ്ഡനത്തിന്റെ ഖണ്ഡനം ) രചിക്കുന്നത്. ഇതിനും ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇബ്‌നു ഖല്‍ദൂനിന്റെ വാദങ്ങള്‍ വരുന്നത്. തത്ത്വചിന്തകര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ശക്തമായ വിമര്‍ശനങ്ങള്‍ മുഖദ്ദിമയിലെ 'തഹാഫുതുല്‍ ഫലാസിഫ' (The Refutation of Philosophy) എന്ന അധ്യായത്തില്‍ കാണാന്‍ സാധിക്കും. ഒരിക്കലും ബുദ്ധിപരമായ അനുമാനങ്ങളിലൂടെ മാത്രം ദൈവികമായ യാഥാര്‍ഥ്യങ്ങളെ കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ് ഇബ്‌നു ഖല്‍ദൂന്‍ മുന്നോട്ട് വെക്കുന്ന വാദം.
ഇതൊക്കെയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ വൈജ്ഞാനിക പരിസരം. ഇബ്‌നു ഖല്‍ദൂന്‍  കവിയും ഫഖീഹും അധ്യാപകനും കൂടിയായിരുന്നു. ദീര്‍ഘകാലം ഈജിപ്തിലെ സുല്‍ത്താന്‍ ബര്‍ബറുടെ ശരീഅത്ത് കോര്‍ട്ടില്‍ മാലികീ വിഭാഗം ജഡ്ജിയായിരുന്നു. കൂടാതെ മന്ത്രിയായും കമാന്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. വിശ്രുതനായ തിമൂര്‍ ചക്രവര്‍ത്തിയെ നേരിട്ട് കണ്ട് മാസങ്ങളോളം അദ്ദേഹത്തോടൊപ്പം താമസിക്കുകയും  സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഈജിപ്തിനെ തിമൂറിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത് തിമൂറും ഇബ്‌നു ഖല്‍ദൂനും തമ്മിലുള്ള സന്ധിസംഭാഷണമാണ് എന്ന് അദ്ദേഹത്തെ കുറിച്ച് പഠനം നടത്തിയ ഡോ.സുശീലിനെ പോലെയുള്ള ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. അക്കാലത്ത് സമൂഹശാസ്ത്രം ഒരു പഠനശാഖയായി വികസിച്ചിട്ടില്ലെങ്കിലും അല്‍ഉംറാനില്‍ ബശരി (Social Culture), അല്‍ ഇജ്തിമാഇല്‍ ഇന്‍സാനി (Human Society) തുടങ്ങിയ സമൂഹശാസ്ത്ര  സംജ്ഞകള്‍ അദ്ദേഹം മുഖദ്ദിമയില്‍ പ്രയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ സമൂഹശാസ്ത്രപരമായ ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കൃതി.
എന്താണ് നമ്മുടെ കാലത്ത് ഇബ്‌നു ഖല്‍ദൂനിനിന്റെ പ്രസക്തി? ആധുനിക കാലത്ത് ഇബ്‌നു ഖല്‍ദൂനെ കുറിച്ച് പഠനം നടത്തിയ പ്രശസ്ത  സോഷ്യോളജിസ്റ്റാണ് ഫരീദ് അല്‍ അത്ത്വാസ്. ഇബ്‌നു ഖല്‍ദൂനിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. രാഷ്ട്ര രൂപീകരണത്തെ (State Formation) കുറിച്ചും അതിന്റെ പതനത്തെ കുറിച്ചുമുള്ള പഠനങ്ങള്‍ അല്‍ അത്വാസ് നടത്തുന്നത് ഇബ്‌നു ഖല്‍ദൂന്റെ ചിന്താപദ്ധതികള്‍ക്കകത്തു നിന്നു കൊണ്ടാണ്. ഈയടുത്ത് ഓക്‌സ്ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച  അല്‍ അത്വാസിന്റെ 'ഇബ്‌നു ഖല്‍ദൂന്‍' എന്ന കൃതിയില്‍ ഇക്കാലഘട്ടത്തില്‍ ഇബ്‌നു ഖല്‍ദൂന്റെ പ്രസക്തിയെന്ത് എന്ന് വിശദീകരിക്കുന്നുണ്ട്. അതില്‍ മൂന്ന് തലങ്ങള്‍ അല്‍ അത്വാസ് വ്യക്തമാക്കുന്നുണ്ട്.  ഒന്നാമത്തെ തലം The developement of alternative arguments for application of old topics in Islamic studies അഥവാ, ഇസ്‌ലാമിലെ ചരിത്രപരമായ പല കാര്യങ്ങളെയും കുറിച്ച്, അതിലെ സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളെ കുറിച്ച് വിശേഷിച്ചും, ഇബ്‌നു ഖല്‍ദൂനിന്റെ ടൂള്‍ ഉപയോഗിച്ച്  സമാന്തര വാദങ്ങള്‍ (ആള്‍ട്ടര്‍നെറ്റീവ് ആര്‍ഗ്യുമെന്റ്‌സ്) സാധ്യമാക്കാം എന്നുള്ളതാണ്. അഥവാ നമുക്ക് നമ്മുടെ കാലഘട്ടത്തില്‍ ശക്തിയായി നിലയുറപ്പിച്ചു തന്നെ ഇബ്‌നു ഖല്‍ദൂനെ അവലംബിച്ചുകൊണ്ട് വലിയ വ്യവഹാരങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. 
ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന കാലത്തെ കുറിച്ച് ഖല്‍ദൂന്റെ സിദ്ധാന്തങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു പഠനം ഈയടുത്ത് മാതൃഭൂമിയില്‍ വന്നിരുന്നു. എത്ര തലമുറയിലാണ് പ്രതാപം (പ്രസ്റ്റീജ്) നിലനില്‍ക്കുക എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ പഠനം. അതിലൂടെ എത്തിച്ചേര്‍ന്ന നിഗമനം, കോണ്‍ഗ്രസ് ഇപ്പോഴത്തെ നിലയില്‍തന്നെ തുടരുകയാണെങ്കില്‍ അതിന് പഴയ പ്രതാപങ്ങളിലേക്ക് തിരിച്ചുപോക്ക് സാധ്യമാവില്ല എന്നതാണ്; പ്രത്യേകിച്ചും 120 വര്‍ഷം കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍. ഇനിയുള്ള സാധ്യത പുനരുജ്ജീവനം (Revitalization) എന്നതു മാത്രമാണ്. നേതൃമാറ്റത്തിലൂടെ, പുനഃസംഘാടനത്തിലൂടെ പുതിയ തലങ്ങള്‍ ഉള്‍ക്കൊണ്ടും യഥാര്‍ഥ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തും പുനരേകീകരണം (Reconsolidation) നടത്തിയാല്‍ കുറച്ചുകാലം കൂടി നിലനിന്ന് ഒരു പുതിയ മുഖപ്രകൃതി (Ethos /അസ്വബിയ്യ) സ്വന്തമാക്കി  തിരിച്ചുവരാന്‍ കഴിഞ്ഞേക്കും.
ഇബ്‌നു ഖല്‍ദൂനിന്റെ സൈദ്ധാന്തിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് ബറകാത്ത് അഹ്മദ് Prophet Muhammed and Jewish Community in Medinah എന്ന പുസ്തകത്തില്‍ ബനൂഖുറൈള സംഭവത്തെ കുറിച്ച് വിശദമായി പഠനം നടത്തുന്നുണ്ട്. ആ സംഭവം നടന്നിട്ടുണ്ടോ ഇല്ലേ എന്നതാണ് പഠനവിഷയം. ഇബ്‌നു ഇസ്ഹാഖിന്റെ സീറയിലാണ് ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. ഈ സംഭവത്തിന്റെ വിശ്വാസ്യത ആദ്യമായി ചോദ്യം ചെയ്യുന്നത് മാലിക് ബിന്‍ അനസ് ആണ്. ഈയൊരു നിലപാടിനെയും ഇബ്‌നു ഖല്‍ദൂനിന്റെ തിയററ്റിക്കല്‍ ഫ്രെയ്മിനെയും അവലംബിച്ച് ബറകാത്ത് അഹ്മദ് സ്ഥാപിക്കുന്നത്, ബനൂഖുറൈള സംഭവം നടന്നിട്ടില്ല എന്നാണ്. കാരണം ബനൂ ഖുറൈള സംഭവം നടക്കാനുള്ള പ്രകൃതിപരമായ ഒരു ന്യായവും (ത്വബീഅ) മദീനയില്‍ ഉണ്ടായിരുന്നില്ല. നൂറിലധികം ആളുകളെ ഒന്നായി താമസിപ്പിക്കാന്‍ പോലും സൗകര്യമുള്ള ഒരൊറ്റ വീട് പോലും മദീനയില്‍ ഉണ്ടായിരുന്നില്ല.  അങ്ങനെയിരിക്കെ, 5000 പേര്‍ ബനൂഖുറൈള സെറ്റില്‍മെന്റില്‍ ഉണ്ടായിരുന്നു എന്നത് യുക്തിക്ക് നിരക്കാത്തതാണ്. കൂടാതെ, 19-ാം നൂറ്റാണ്ട് വരെ ജൂത സമൂഹത്തില്‍നിന്ന് ആരും തന്നെ ബനൂഖുറൈള സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഇസ്ലാമിനെ പ്രതിരോധത്തിലാക്കാന്‍ ഇസ്ലാമികവിരുദ്ധരുടെ കൈകളിലെ ഒരായുധം കൂടിയാണ് ബനൂഖുറൈള സംഭവം. ഏഴോളം വാദമുഖങ്ങളിലൂടെ ബനൂഖുറൈള സംഭവം നടക്കാന്‍ സാധ്യതയില്ല എന്ന് സ്ഥാപിക്കുകയാണ്. ഇങ്ങനെ ആര്‍ഗ്യുമെന്റുകള്‍ക്ക് കൗണ്ടര്‍ ആര്‍ഗ്യുമെന്റുകള്‍ നല്‍കി സമൂഹശാസ്ത്രപരവും ചരിത്രപരവുമായ പുതിയ വീക്ഷണകോണിലൂടെ അവയെ വിശകലനം ചെയ്യാന്‍ നമുക്ക് സാധിക്കും എന്നുള്ളതാണ് ഖല്‍ദൂനിന്റെ ഏറ്റവും സവിശേഷമായ സമകാലികത.
ഖല്‍ദൂനിന്റെ  ചില വാദമുഖങ്ങള്‍ ഇസ്ലാമിലെ രാഷ്ട്രമീമാംസാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് നൂതനമായ വീക്ഷണത്തിലൂടെ ഉപയോഗിക്കാനും സാധിക്കും. ഉദാഹരണത്തിന്, ഖലീഫക്ക് അല്ലെങ്കില്‍ ഇമാമിന് വേണ്ട ഗുണങ്ങളില്‍ അറിവുളളവനായിരിക്കണം, ആരോഗ്യമുള്ളവനായിരിക്കണം  തുടങ്ങിയവയോടൊപ്പം എണ്ണുന്ന ഒരു ഗുണമാണ് ഖുറൈശി ആയിരിക്കണം എന്നുള്ളത്. അബൂബക്ര്‍ ബാഖില്ലാനിയെ പോലുള്ള പണ്ഡിതര്‍ ആ നിബന്ധന (ശര്‍ത്വ്) ഇപ്പോള്‍ പ്രസക്തമല്ല എന്ന് വാദിച്ചിട്ടുണ്ട്. എന്നാല്‍ ഇബ്‌നു ഖല്‍ദൂന്‍ ഈ നിബന്ധനയെ വളരെ വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിലൂടെയാണ് കാണുന്നത്. ഖുറൈശിയാവുക എന്നു പറഞ്ഞാല്‍ അന്നത്തെ സംഘബോധത്തിന്റെ (അസ്വബിയ്യ) ഏറ്റവും വലിയ പ്രകടനമാണ്. അബൂബക്ര്‍ സിദ്ദീഖി(റ)നെ എല്ലാവരും ഖലീഫയായി അംഗീകരിക്കുന്നത് അദ്ദേഹം ഖുറൈശി ആയതുകൊണ്ടു കൂടിയാണ്. ഖുറൈശികളെ കവച്ചുവെക്കാവുന്ന (ഡോമിനേറ്റ്)  മറ്റൊരു കുലമോ ഗോത്രമോ അന്ന് അറേബ്യയിലുണ്ടായിരുന്നില്ല. അക്കാലത്ത് നേതൃപദവിയില്‍ ഉണ്ടായിരുന്ന അവരെ എല്ലാവരും അംഗീകരിക്കുകയും ചെയ്യുമായിരുന്നു. ഈ 'അംഗീകാര'ത്തെ നാം പൊതു സ്വീകാര്യതയുടെ (Public Interest) ഭാഗമായി മനസ്സിലാക്കണം എന്നാണ് ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്. ജനാധിപത്യ കാഴ്ചപ്പാടിലേക്കുള്ള ഒരു Key opening ആണ് ഖല്‍ദൂന്‍ ഇതിലൂടെ സാധ്യമാക്കുന്നത്. ഒരാള്‍ നേതാവായി അംഗീകരിക്കപ്പെടുന്നത് അയാളെ എല്ലാവരും അനുസരിക്കുന്ന അവസ്ഥ സംജാതമാകുമ്പോഴാണ്. ഒരു ഗോത്രം എന്നതിലപ്പുറം, ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നതിന്റെ പേരാണ് ഖുറൈശിയാവുക എന്നത്. ഈ 'ഖുറൈശിത്തരം' മാറിക്കൊണ്ടിരിക്കും. ഒരു കാലത്ത് അത് ബനൂഹാശിമിലായിരുന്നു, പിന്നീടത് അധീശത്വം പുലര്‍ത്തിയ മറ്റു കുടുംബങ്ങളിലേക്ക് മാറിപ്പോയതായി ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിക്കുന്നു.
ഇബ്‌നു ഖല്‍ദൂന്‍ അഴിമതിയെ കുറിച്ച് നടത്തിയ പഠനമാണ് നമ്മുടെ കാലത്ത് വളരെ പ്രസക്തമായ മറ്റൊരു തലം.  അഴിമതിയെ കുറിച്ച് ആധികാരികമായ പഠനം നടത്തിയ ആദ്യത്തെ സോഷ്യോളജിസ്റ്റ് ഒരുപക്ഷേ ഇബ്‌നു ഖല്‍ദൂനായിരിക്കും. അഴിമതിയെ സൂചിപ്പിക്കാന്‍ ഇബ്‌നു ഖല്‍ദൂന്‍ പ്രയോഗിക്കുന്നത് 'ഫസാദ്' (നശീകരണം) എന്നാണ്. ആസക്തിയോടും (Desire) ആഡംബരത്തോടും (Luxury) ബന്ധപ്പെട്ടാണ് അഴിമതി നിലനില്‍ക്കുന്നത്. ആസക്തി (ശഹ്‌വത്തുല്‍ ബദന്‍ /Desire) എന്നതിന്റെ ഖല്‍ദൂനിയന്‍ വിവക്ഷ ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുക, അല്ലെങ്കില്‍ ഒഴിവുസമയം ആസ്വദിക്കുക  തുടങ്ങിയവയില്‍ ഒതുങ്ങില്ല. ഇത്തരം ആനന്ദങ്ങള്‍ക്കപ്പുറത്ത് മറ്റുള്ളവരെ പരിഗണിക്കാതെ എല്ലാം സ്വന്തത്തിനു വേണ്ടി നേടിയെടുക്കുന്ന രീതിയിലേക്കുള്ള ബോധപൂര്‍വമായ  പരിവര്‍ത്തനം മനുഷ്യന് സംഭവിക്കുമ്പോഴാണ് അഴിമതി ഉണ്ടാവുന്നത്. 'ആസക്തി'യുടെയും 'ആഢംബര'ത്തിന്റെയും അടിസ്ഥാനത്തില്‍ ഇക്കാലത്തെ എല്ലാ അഴിമതികളെയും നമുക്ക് കൃത്യമായി വിശകലനവിധേയമാക്കാന്‍ സാധിക്കും.
നീതിക്കും (അദ്ല്‍) അനീതിക്കും (ളുല്‍മ്) ഇമാം ഗസ്സാലി നല്‍കുന്ന വിവക്ഷ ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ വാദത്തില്‍ ഒരു സാധനം വെക്കേണ്ടിടത്ത് വെക്കുന്നത് നീതിയും സ്ഥാനം തെറ്റിച്ച് വെക്കുന്നത് അനീതിയുമാണ്. ഈ സംഗതിയെ ഇബ്‌നു ഖല്‍ദൂനിന്റെ സമൂഹശാസ്ത്ര ചട്ടക്കൂടില്‍ (സോഷ്യോളജിക്കല്‍ ഫ്രെയിം) നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. കുട്ടികളെ കുട്ടികളായും മുതിര്‍ന്നവരെ മുതിര്‍ന്നവരായും മന്ത്രിയെ മന്ത്രിയായും കാണുക എന്നുള്ളതാണ്. ഈ രീതിയില്‍ ഖല്‍ദൂനിയന്‍ ടൂളുകള്‍ ഉപയോഗിച്ച് പല രാഷ്ട്രീയ, സാമൂഹിക യാഥാര്‍ഥ്യങ്ങളെയും നമുക്ക് വിശകലനം ചെയ്യാന്‍ സാധിക്കും.
തുനീഷ്യയിലെ പ്രമുഖനായ ഒരു മന്ത്രിയുമായുള്ള ചര്‍ച്ചക്കിടെ  ഇബ്‌നു ബത്വൂത്വ പറഞ്ഞ ഒരു കഥയുടെ സംഭവ്യതയെ കുറിച്ച് ഖല്‍ദൂന്‍ ചോദിക്കുന്നുണ്ട്. ഹിന്ദുസ്താനിലെ ഒരു രാജാവ് ദൂരദിക്കുകളിലേക്ക് യാത്ര പോകുമ്പോള്‍ തന്റെ പ്രജകളായ എല്ലാവര്‍ക്കും ആറു മാസത്തേക്കുള്ള ചെലവിന്റെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട് എന്നതായിരുന്നു ബത്വൂത്വ പറഞ്ഞ കഥ. ഇത് അതിശയോക്തിപരമല്ലേ എന്നതായിരുന്നു ഇബ്‌നു ഖല്‍ദൂനിന്റെ ചോദ്യം (ആ സമയത്ത് 30 ആണ് ഇബ്‌നു ഖല്‍ദൂനിന്റെ വയസ്സ്). അത്തരത്തിലാണ് രാജകുടുംബങ്ങളുടെ സ്ഥിതി എന്നാണ് മന്ത്രി ഇതിന് പറഞ്ഞ മറുപടി. അതിന് ഉദാഹരണമായി ഒരു കഥ കൂടി മന്ത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഒരു മന്ത്രി തന്റെ രണ്ടു വയസ്സുള്ള പുത്രനോടൊപ്പം രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടക്കപ്പെട്ടു. കുട്ടിയെ നോക്കാന്‍ വേറെ ആരും ഇല്ലാത്തതുകൊണ്ടാണ് കുട്ടിയെയും കൂട്ടിയത്. അങ്ങനെയിരിക്കെ ഒരു പെരുന്നാള്‍ ദിവസം ജയിലില്‍ മട്ടന്‍ വിതരണം ചെയ്തു. ആദ്യമായാണ് ഈ കുട്ടി ആട്ടിറച്ചി കഴിക്കുന്നത്. ഇതേതിന്റെ ഇറച്ചിയാണ് എന്ന് കുട്ടി ചോദിച്ചപ്പോള്‍ ആടിന്റേതാണെന്ന് ഉപ്പ പറഞ്ഞു. അപ്പോള്‍ എന്താണ് ആടെന്ന് കുട്ടി ചോദിച്ചു. അതിന് കൂര്‍ത്ത മുഖമായിരിക്കും, ചെറിയ ചെവിയായിരിക്കും, ചെറിയ വാലായിരിക്കും എന്ന് ഉപ്പ വിശദീകരിച്ചു. ഇതു കേട്ട കുട്ടി ഏകദേശം എലിയെപ്പോലെയല്ലേ എന്ന് ചോദിച്ചു.  എലിയെ മാത്രമേ കുട്ടി കണ്ടിട്ടുള്ളൂ. അതുകൊണ്ട് കുട്ടി ആടിനെ ഭാവനയില്‍ ചിത്രീകരിച്ചപ്പോള്‍ എലിയുടെ ചിത്രമാണ് ലഭിച്ചത്.
ഈ കഥ പറഞ്ഞ ശേഷം, രാജാക്കന്മാരുടെയും രാജകുടുംബത്തിന്റെയും ഒക്കെ കാര്യത്തില്‍ എലിയെ കണക്കാക്കി ആടിനെ വിചാരിക്കുന്നവരെ പോലെയാണ് നമ്മുടെ അവസ്ഥ എന്ന് മന്ത്രി ഇബ്‌നു ഖല്‍ദൂനിനോട് പറഞ്ഞു കൊടുക്കുന്നുണ്ട്. അങ്ങനെ ഖല്‍ദൂന്‍ തന്റെ പഠനത്തിന്റെ ഭാഗമായി അബ്ബാസിയാ ഖിലാഫത്തിന്റെ ഏറ്റവും സമ്പന്നമായ ഘട്ടത്തിലെ പല രേഖകളും പരിശോധിച്ചു നോക്കിയപ്പോള്‍ അമ്പരന്നുപോയി. ഉദാഹരണത്തിന്, മഅ്മൂനിന്റെ മകളുടെ വിവാഹത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ട 50 ആളുകളും പിന്നെ പൊതുവായി 100 ആളുകളും ആണ് പോയത്. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള ഇരിപ്പിടം സ്വര്‍ണനിര്‍മിതമായിരുന്നു. കൂടാതെ അവരെ പരിചരിക്കാന്‍ ഓരോ അടിമ സ്ത്രീയെയും ഒരുക്കിയിരുന്നു. ഈ ഇരിപ്പിടവും അടിമ സ്ത്രീയും അതിഥികള്‍ക്കുള്ള സമ്മാനമായി നല്‍കുകയും ചെയ്തു. ഭരണകൂടങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍ അവയുടെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടു വേണം അവയെ വിശകലനം ചെയ്യാന്‍  എന്ന് ഈ സംഭവങ്ങളെ അധികരിച്ച്  ഇബ്‌നു ഖല്‍ദൂന്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് ഭരണകൂടങ്ങളില്‍നിന്ന് വന്‍ അഴിമതികള്‍ ഉണ്ടാകുന്നത്. ഒരു രാജ്യത്തെ ഏറ്റവും വലിയ ഉപഭോഗവര്‍ഗം ഭരണകൂടവും അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് എന്നതാണ് ഖല്‍ദൂനിന്റെ തിയററ്റിക്കല്‍ ഫ്രെയിംവര്‍ക്ക്.
ഇബ്‌നു ഖല്‍ദൂനിന്റെ ജ്ഞാനശാസ്ത്ര സിദ്ധാന്തം പ്രധാനമായും മുഖദ്ദിമയിലെ ആറാം അധ്യായത്തെ കേന്ദീകരിച്ചുള്ളതാണ്. The Epistemology of Ibn Khaldun എന്ന പേരില്‍ വളരെ മികച്ച ഒരു കൃതി 2002-ല്‍ സൈദ് അഹ്മദ് രചിച്ചിട്ടുണ്ട്. ആ കൃതിയില്‍ ഇബ്‌നു ഖല്‍ദൂനിന്റെ തിയററ്റിക്കല്‍ ഫ്രെയിമിനെ സ്വാധീനിച്ച രണ്ടു കാര്യങ്ങള്‍  പറയുന്നു.  ചിന്താശക്തി(ഫിക്ര്‍)യുടെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാവുന്നത്. ചിന്താശക്തിയില്‍നിന്നാണ് പരസ്പര സഹകരണം (തആവുന്‍) ഉണ്ടാകുന്നത്. തആവുനില്‍നിന്നുണ്ടാകുന്നതാണ് സമൂഹം. ഇതൊരു സാമൂഹിക ശ്രേണി (Social Ladder) ആണ്. ഇതില്‍ എന്തുകൊണ്ട് ബുദ്ധി (അഖ്ല്‍) എന്ന വാക്ക് ഉപയോഗിക്കാതെ ചിന്ത (ഫിക്ര്‍) എന്ന വാക്ക് ഉപയോഗിച്ചു? കാരണം അഖ്ല്‍ ആണ് പ്രാഥമിക ധിഷണ (First lntellect), ദ്വിതീയ ധിഷണ (Second lntellect) എന്നൊക്കെയുള്ള അര്‍ഥത്തില്‍ ഫിലോസഫിയില്‍ ഉപയോഗിക്കപ്പെടാറുള്ളത്. ബുദ്ധിയെ  ചിന്തയുമായി  ബന്ധപ്പെടുത്തി മൂന്ന് തലത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ വിശകലനം ചെയ്യുന്നുണ്ട്. വിവേചന ധിഷണ (അല്‍ അഖ്ല്‍ അത്തമ്മീസീ), അനുഭവ ധിഷണ (അല്‍ അഖ്ല്‍ അത്തജ്രീബീ), സൈദ്ധാന്തിക വിചിന്തനം (അല്‍ അഖ്ല്‍ അന്നള്‌രീ) എന്നിങ്ങനെ. ഇവ ചിന്തയുടെ മൂന്ന് തലങ്ങളാണ്. ഒന്നാമത്തെ തലം ഏറക്കുറെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള ബുദ്ധിശക്തിയാണ്. അതായത്, അവന് ഗുണപ്രദമായതെന്തോ അതിനെ സ്വീകരിക്കാനും അപകടകരമായതെന്തോ അതിനെ ഒഴിവാക്കാനുമുള്ള  വിവേചന ശക്തി. ഇത് കഴിഞ്ഞിട്ടുള്ള   അനുഭവ ധിഷണയുടെ തലത്തിലാണ് സമൂഹശാസ്ത്രം വികസിക്കുന്നത് എന്നാണ് ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്. ആചാരം, പാരമ്പര്യ മൂല്യങ്ങള്‍ തുടങ്ങിയവയുടെ ഒക്കെ തലത്തെ സാമൂഹിക ജീവിതത്തിന്റെ നിദാനങ്ങളുമായി പരമമായി (പോസിറ്റീവ്) ബന്ധപ്പെടുത്താന്‍ ഒരു വ്യക്തിക്ക് കഴിയുമ്പോഴാണ് ആ വ്യക്തിക്ക് പൂര്‍ണമായും അവനെ സാമൂഹികമായി പ്രകാശിപ്പിക്കാന്‍ സാധിക്കുന്നത്. ഈ തലത്തില്‍ അനുഭവധിഷണ ലഭ്യമാകുന്നതിന്റെ പ്രധാന ഉറവിടം മാതാപിതാക്കളും ഗുരുനാഥന്മാരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. അവിടെ പഠന(തഅ്‌ലീം)ത്തിന്റെ പ്രാധാന്യം ഇബ്‌നു ഖല്‍ദൂന്‍ വളരെയധികം ചര്‍ച്ച ചെയ്യുന്നുണ്ട്. മൂന്നാമത്തെ തലമായ സൈദ്ധാന്തിക വിചിന്തനം എന്നാല്‍, ഇല്ലാത്ത ഒരു സംഗതിയെ സങ്കല്‍പ്പിക്കുകയും അതില്‍നിന്ന് സൈദ്ധാന്തികമായ ഒരു ചട്ടക്കൂട് ഉണ്ടാക്കിക്കൊണ്ട് വലിയ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന ഒരു തലമാണ്. ഈ മൂന്ന് തലങ്ങള്‍ക്ക് അപ്പുറത്ത് ഫുആദ് (ഹൃദയം) എന്നൊരു തലത്തെ കൂടി ഇബ്‌നു ഖല്‍ദൂന്‍ കൊണ്ടു വരുന്നുണ്ട്. ഈ തലത്തിലെ പരമോന്നതമായ വികാസമായി ഖല്‍ദൂന്‍  'മുസ്ത്വഫ' അഥവാ തെരഞ്ഞടുക്കപ്പെട്ട പ്രവാചകന്മാരെ കാണുന്നുണ്ട്. 
ചുരുക്കത്തില്‍, ചിന്തയില്‍നിന്ന് പരസ്പര സഹകരണം ഉണ്ടാകുന്നതിന്റെ ഭാഗമായി ഭക്ഷണം, സുരക്ഷിതത്വം, വസ്ത്രം തുടങ്ങിയവ ഒരുക്കുന്നതിനായുള്ള  തൊഴില്‍ വിഭജനം സംഭവിക്കുന്നു. ഇതൊരു കൂട്ടായ പ്രവര്‍ത്തനമാവുകയും അങ്ങനെ അല്‍ ഇജ്തിമാഉല്‍ ഇന്‍സാനി (Human Society)  അല്ലെങ്കില്‍ അല്‍ഉംറാനുല്‍ ബശരി (Social Culture) രൂപപ്പെട്ടുവരികയും ചെയ്യുന്നതിന്റെ വിശദമായ  വിശകലനമാണ് മുഖദ്ദിമയില്‍നിന്ന് നമുക്ക് വായിക്കാന്‍ കഴിയുക.
ഇബ്‌നു ഖല്‍ദൂനിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ നമ്മുടെ കാലത്ത് വെച്ച് വിശകലനം ചെയ്യുമ്പോള്‍ ഫരീദ് അല്‍ അത്വാസിലൂടെ, അസീസ് അസ്മഹിലൂടെ, മുഹ്‌സിന്‍ മഹ്ദിയിലൂടെയൊക്കെ രൂപപ്പെട്ടുവരികയും പില്‍ക്കാലത്ത് അബ്ദുസ്സലാം ശബാദിയിലൂടെയും ത്വലാല്‍ അസദിലൂടെയും മാലിക് ബിന്നബിലൂടെയുമൊക്കെ വികസിതവുമായ നാഗരികതയുടെ ജ്ഞാനശാസ്ത്ര(Civilizational Epistemology)ത്തിന്റെ നൂതനമായ തലത്തെ നമ്മുടെ കാലഘട്ടത്തിലേക്കും പ്രസക്തമായ രീതിയിലേക്കും നമുക്ക് പുനര്‍വിഭാവന ചെയ്യാന്‍ സാധിക്കും. മറ്റൊരു ശ്രദ്ധേയമായ കാര്യം: പാശ്ചാത്യര്‍ ഇരുണ്ട വന്‍കര (Dark Continent) എന്ന് വിളിച്ചിരുന്ന ലോകത്തു നിന്നാണ് പതിനാലാം നൂറ്റാണ്ടില്‍ ഇബ്‌നു ഖല്‍ദൂന്‍ ഉയര്‍ന്നുവരുന്നതും പിന്നീട്  അമേരിക്കയിലെയും മറ്റു പാശ്ചാത്യ നാടുകളിലെയും യൂനിവേഴ്‌സിറ്റികളില്‍ അദ്ദേഹം നിരന്തരം പഠിക്കപ്പെടുന്നതും. 2016-ല്‍ ആണ് സ്റ്റീഫന്‍ ഫെഡറിക് ഡെയ്‌ലന്റെ  The Orange Trees of Marrakesh : Ibn Khaldun and the Science of Man ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി  പ്രസിദ്ധീകരിക്കുന്നത്. ഇതൊരു മികച്ച കൃതിയാണെങ്കിലും, ഇസ്ലാമിക പൈതൃകത്തിനു പകരം ഗ്രീക്ക് പൈതൃകവുമായി ഇബ്‌നു ഖല്‍ദൂനിനെ ചേര്‍ത്തുവെക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.  അല്‍ അത്വാസും സൈദ് അഹ്മദുമൊക്കെ ഇസ്ലാമിക പൈതൃകത്തിലേക്ക് ഇബ്‌നു ഖല്‍ദൂനിനെ ചേര്‍ത്തുവെക്കുന്നു. ഇരുധ്രുവങ്ങളിലും നില്‍ക്കാതെ  ബുദ്ധിപൂര്‍വകമായ ഒരു മധ്യമാര്‍ഗം (ഗോള്‍ഡന്‍ മീന്‍) സ്വീകരിച്ചാല്‍ ഇബ്‌നു ഖല്‍ദൂനിനെ നമുക്ക് പല തരത്തില്‍ പുനര്‍ വിഭാവന ചെയ്യാന്‍ പറ്റും. 
(സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കേരള ഹിറാ സെന്ററില്‍ സംഘടിപ്പിച്ച എക്‌സ്പര്‍ട്ട് ടോക്. തയാറാക്കിയത്: അലീല്‍ അഹ്മദ്)