അനുസ്മരണം

കോഴിക്കോട് മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം എന്ന ഗ്രാമത്തിൽനിന്ന് തന്റെ ഇച്ഛാശേഷി ഒന്നുകൊണ്ട് മാത്രം ഒരു ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പ്രിൻസിപ്പൽ സ്ഥാനം വരെ എത്തിയ പ്രതിഭാശാലിയായിരുന്നു ഈയിടെ അന്തരിച്ച പ്രഫ. വി മാമുക്കോയ ഹാജി. തന്റെ ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരിയും ബിരുദാനന്തര ബിരുദക്കാരനും മാമുക്കോയ ആയിരുന്നു. അതിശയിപ്പിക്കുന്ന ഓർമശക്തിയും ജ്ഞാനദാഹവും മാമുക്കോയയെ ഗ്രാമത്തിൽ പണ്ടേ ശ്രദ്ധേയനാക്കി. മമ്പാട് എം.ഇ.എസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായെത്തിയ മാമുക്കോയ സേവനത്തിൽ നിന്ന് പിരിയുന്നത് പ്രിൻസിപ്പൽ തസ്തികയിൽ ഇരുന്നു കൊണ്ടാണ്. തന്റെ വിജ്ഞാന കൗതുകമാവാം അദ്ദേഹത്തെ എം.ഇ.എസുമായി അടുപ്പിച്ചു നിർത്തിയത്. ആദ്യം തൊട്ടേ മാമുക്കോയ എം.ഇ.എസിൽ സജീവമായിരുന്നു. അതിന്റെ സംസ്ഥാനതലം വരെയുള്ള നാനാതരം ചുമതലക്കാരനായി, ശാരീരിക അവശതകൾ തടസ്സം തീർക്കുന്നതു വരെ അദ്ദേഹം നിരന്തരം അധ്വാനിച്ചു. ഏറെ സത്യസന്ധതയോടെയാണ് അതൊക്കെയും നിറവേറ്റിയത്. ഒരുതരം വിവാദങ്ങളിലും പ്രഫസർ ചെന്നു ചാടിയതുമില്ല.

പ്രഫ. വി. മാമുക്കോയ ഹാജി

കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും സ്വന്തം ഗ്രാമത്തിലെ ദീനീ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായി. മഹല്ല് പള്ളിയുടെ വികസന പ്രവർത്തനങ്ങളിലും മറ്റും അദ്ദേഹത്തിന്റെ നിതാന്ത ശ്രദ്ധയുണ്ടായിരുന്നു. ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളോട് ആദ്യം തൊട്ടേ ആഭിമുഖ്യം കാണിച്ച മാമുക്കോയ മറ്റു വിഭാഗങ്ങളെ ഒക്കെയും ഉൾക്കൊള്ളാനും പരിഗണിക്കാനും കഴിയും വിധം വിശാല മനസ്കനായിരുന്നു. തുടക്കം തൊട്ടേ പ്രബോധനം പ്രതിപക്ഷ പത്രത്തിന്റെ വായനക്കാരനായിരുന്നു. ആ വായന സമ്മാനിച്ച പരിഷ്കരണ വാഞ്ഛ എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദീർഘ കാലം കോളേജ് അധ്യാപകൻ, പ്രിൻസിപ്പൽ, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച മാമുക്കോയ ഹാജിക്ക് പുതു തലമുറകളുടെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ കരുതൽ ഉണ്ടായിരുന്നു. ശാന്തമായൊരു ദീനീ ജീവിതം നയിച്ചും കുടുംബത്തെ അതിൽ ഉറപ്പിച്ചു നിർത്തിയുമാണ് തന്റെ എൺപത്തിയഞ്ചാം വയസ്സിൽ മാമുക്കോയ ഹാജി ഭൂമിയിൽനിന്ന് തിരിച്ചു പോയത്.

കെ.ടി ഹാഷിം ചേന്ദമംഗല്ലൂർ

പി.സി സെയ്ദാലി കുട്ടി മാസ്റ്റര്‍

അര നൂറ്റാണ്ടോളം പുത്തൂര്‍ പള്ളിക്കലും പരിസര പ്രദേശങ്ങളിലും ഇസ് ലാമിക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരുടെ ചെറ്യാപ്പുവും, പ്രസ്ഥാനക്കാരുടെ പി.സി.എസ്സുമായ സെയ്ദാലി കുട്ടി മാസ്റ്റര്‍ വിടപറഞ്ഞു. യുവത്വത്തില്‍ ഐ.എസ്.എമ്മിലും അഖിലേന്ത്യാ ലീഗിലും പ്രവര്‍ത്തിച്ചിരുന്ന പി.സി.എസ്, എന്‍.കെ.എം പൂക്കോയ തങ്ങൾ, പി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയവർ വഴിയാണ് പ്രസ്ഥാനത്തിലെത്തിയത്. പുത്തൂര്‍ പള്ളിക്കലുള്ള ഏതാനും ദീനീ സ്നേഹികളെ കൂട്ടി അദ്ദേഹം മുത്തഫിഖ് ഹല്‍ഖ രൂപവത്കരിച്ചു. ഇസ് ലാമിനും പ്രസ്ഥാനത്തിനും എതിരെ മത-രാഷ്ട്രീയ മേഖലകളില്‍നിന്ന് വരുന്ന വിമര്‍ശനങ്ങളെ ലഘുലേഖകളിലൂടെയും പരസ്യബോര്‍ഡുകളിലൂടെയും യോഗങ്ങളിലൂടെയും അദ്ദേഹവും സഹപ്രവര്‍ത്തകരും നേരിട്ടു. ആയിടക്ക് ഗള്‍ഫ് മേഖലകളില്‍ ജോലി സാധ്യതയുണ്ടായപ്പോള്‍ ഘടകത്തിലെ ഏതാനും ആളുകള്‍ വിദേശത്തേക്ക് പോയി. അപ്പോഴും പി.സി.എസ് കർമരംഗത്ത് സജീവമായി നിലകൊണ്ടു.

പി.സി സെയ്ദാലി കുട്ടി മാസ്റ്റര്‍

ആയിടക്കാണ് സമീപ പ്രദേശമായ പരുത്തിക്കോട് നിന്ന് ലീഗ് ഉൾപ്പെടെയുള്ള പല സംഘടനകളുടെയും ഭാരവാഹിത്വമുള്ള കെ.വി.എം കോയ മാസ്റ്റര്‍ പുത്തൂര്‍ പള്ളിക്കല്‍ സ്കൂളില്‍ അധ്യാപകനായി ചേരുന്നത്. പി. സി.എസ് അദ്ദേഹവുമായി ബന്ധപ്പെടുകയും പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുകയും ചെയ്തു. ഇത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായി. കോയ മാസ്റ്ററുടെ ബന്ധത്തിലുള്ള ഇരുപതോളം യുവാക്കള്‍ പ്രസ്ഥാനത്തിലെത്തി. എസ്.ഐ.ഒ രൂപവത്കരിച്ചുകൊണ്ടിരിക്കുന്ന കാലമായതിനാല്‍ വിദ്യാര്‍ഥി യുവജന രംഗത്ത് ഈ സംഘം സജീവമായി. പരുത്തിക്കോട് നിന്ന് വന്ന സംഘം പള്ളിക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസ്ഥാന സന്ദേശം എത്തിച്ചു. മസ്ജിദുകളും മദ്റസകളും നിലവിൽ വന്നു. പി. സി. എസിന്റെ നേതൃത്വത്തില്‍ ഉണ്ടായിവന്ന പ്രസ്തുത ടീമിന് ഇപ്പോള്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പള്ളിക്കല്‍ ബസാര്‍, പരുത്തിക്കോട്, സലാമത്ത് നഗര്‍, പുത്തൂര്‍ പള്ളിക്കല്‍, സ്രാമ്പ്യ ബസാര്‍ എന്നിവിടങ്ങളിൽ ഘടകങ്ങളുണ്ട്. സലാമത്ത് നഗര്‍ ആസ്ഥാനമായി നിലവില്‍ വന്ന മഹല്ലിൽ മൂന്ന് മസ്ജിദുകളും രണ്ട് മദ്റസകളും രണ്ട് സെന്ററുകളും സകാത്ത് കമ്മിറ്റിയും വെല്‍ഫെയര്‍ സൊസൈറ്റിയുമൊക്കെ വ്യവസ്ഥാപിതമായി നടക്കുന്നുണ്ട്. ഏരിയാ ഓര്‍ഗനൈസര്‍, പ്രാദേശിക അമീര്‍, ട്രസ്റ്റ് ചെയര്‍മാന്‍, മഹല്ല് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മക്കളും മരുമക്കളും പ്രസ്ഥാനത്തോടൊപ്പമുണ്ട്.

ബഷീര്‍ പി. പീമ പള്ളിക്കല്‍

കുറ്റീരി ജമീല ഏലച്ചോല

കനൽ പഥങ്ങളിലൂടെ ജീവിതത്തിന്റെ സായം സന്ധ്യ ഒറ്റക്ക് നീന്തിയ ഏകാകിയായ ഒരു ഉമ്മ! കേട്ടറിവുണ്ട്; മഞ്ഞ് പാളികൾ കൊണ്ട് പുതപ്പിട്ട് മൂടിയ ഗൂർഗിലെ ഓറഞ്ച് പൂക്കുന്ന വീരാജ്പേട്ടയിൽ അവർ കഴിഞ്ഞിരുന്ന ധന്യമായ വസന്ത കാലം. നാല് ചക്ര വാഹനങ്ങൾക്ക് പോകാൻ വഴികൾ പോലും പാകമാവാത്ത കാലത്ത് അവർ സ്വദേശമായ വടക്കാങ്ങരയിൽ കന്നഡ ദേശത്ത് നിന്ന് പ്രിയതമനുമൊത്ത് വന്നിരുന്നത് അവരുടെ സ്വന്തം വാഹനത്തിലായിരുന്നു.

കുറ്റീരി ജമീല ഏലച്ചോല

പ്രിയതമന്റെ വിയോഗം തീർത്ത വിരഹത്തിലാണ് 'വാവച്ചി' എന്ന് അവർ സ്നേഹത്തിൽ വിളിക്കുന്ന ഏക മകൻ സദഖത്തുല്ലയുമായി ഏലച്ചോലയിൽ അവർ താമസമാക്കുന്നത്…
വടക്കാങ്ങരയിൽ ഖുർആൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ മങ്കട ഏലച്ചോലയിൽനിന്ന് പതിവായി പോകുമായിരുന്നു. സ്വപ്രയത്നത്താൽ പില്ക്കാലത്ത് ഏലച്ചോലയിൽ തന്നെ വനിതകൾക്ക് ഖുർആൻ പഠന ക്ലാസ്സ് ആരംഭിച്ചതും അവരാണ്.

ആയിടക്കാണ്, തന്റെ ഏക ആശ്രയവും അത്താണിയുമായ മകൻ 'വാവച്ചി' ഒട്ടുമേ നിനച്ചിരിക്കാതെ എന്നന്നേക്കുമായി അവരെ വിട്ടുപിരിയുന്നത്! ആ ഷോക്കിൽനിന്ന് പിന്നീട് അവർക്ക് മുക്തയാകാൻ കഴിഞ്ഞില്ല.

മുഹമ്മദ് കളത്തിൽ