ഖിലാഫത്ത് റാശിദയുടെ കാലത്ത് മാത്രം നില നിന്ന ഖിലാഫത്തിന്റെ സവിശേഷതയായിരുന്നു അത് വംശീയ പിന്തുടർച്ചയിൽ അധിഷ്ഠിതമായിരുന്നില്ല എന്നത് . ഖിലാഫത്ത് റാശിദയിലെ ഓരോ ഖലീഫയും കൂടിയാലോചനയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു എന്ന് പറഞ്ഞല്ലോ. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട നാല് ഖലീഫമാരും വ്യത്യസ്ത കുടുംബക്കാരായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അബൂബക്ർ സിദ്ദീഖ്, തൈമി കുടുംബക്കാരനാണെങ്കിൽ ഉമർ ഖത്വാബ് ബനൂ അദിയ്യ് കുടുംബക്കാരനായിരുന്നു. ഉസ് മാൻ ഉമവിയായിരുന്നുവെങ്കിൽ അലി ഹാശിമിയായിരുന്നു. വംശീയ പിന്തുടർച്ചയുടെ നേരിയ ലാഞ്ഛന പോലും ഈ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ് ലാമിക ഖിലാഫത്തിന്റെ സകല സവിശേഷതകളും ഖിലാഫത്തുർറാശിദയിൽ മാത്രമാണ് ഉണ്ടായത് എന്നു പറയാം. ഇസ് ലാമിക ഖിലാഫത്തിന്റെ സുവർണ കാലവും അതു തന്നെ. ഖിലാഫത്തുൻ അലാ മിൻഹാജിന്നുബുവ്വ (പ്രവാചക മാതൃകയിലുള്ള ഖിലാഫത്ത്) ആയതിനാൽ അതിനെ ഇസ് ലാമിക സമൂഹം സർവാത്മനാ അനുസരിക്കുകയും അവരുടെ നേതൃത്വത്തിൽ ഇസ് ലാമിന്റെ വ്യാപനത്തിനായി പരിശ്രമിക്കുകയും ചെയ്തു. മുകളിൽ സൂചിപ്പിച്ചതുപോലെ, അവരുടെ കാലത്ത് ആദർശമാനമുള്ള വിഭാഗീയ സംഘങ്ങൾ ഉയർന്നുവരികയോ ഭരണകൂട വിരുദ്ധമായ തീവ്രവാദ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയോ ചെയ്തില്ല. ഭരണത്തിൽ അവർ ഉയർത്തിപ്പിടിച്ച നീതിബോധവും ഭരണ നിർവഹണത്തിൽ ദീക്ഷിച്ച കൂടിയാലോചനാ സംസ്കാരവും പിൽക്കാല ഖിലാഫത്തിനെ വിലയിരുത്താനുള്ള ഉരകല്ലായി മാറുകയും ചെയ്തു.
ഉമവികൾ തുടക്കം കുറിച്ച വംശീയ പിന്തുടർച്ചാ രീതി
ഖിലാഫത്തുർറാശിദയിൽനിന്നുള്ള വ്യതിചലനമായിരുന്നു എന്നതിൽ സംശയമില്ല. പിന്നീട് ഒരു തിരിച്ചു പോക്ക് അസാധ്യമായ ഈ വ്യതിചലനത്തിൽ ഖിലാഫത്തിന്റെ പല സവിശേഷതകളും അട്ടിമറിക്കപ്പെട്ടു. സ്വജന പക്ഷപാതമായിരുന്നു അതിൽ ഏറ്റവും വലിയ തിൻമ. ഇബ്നു ഖൽദൂൻ നിരീക്ഷിച്ചതു പോലെ, ഒരു ഭരണ സംവിധാനമോ നാഗരികതയോ നിലനിൽക്കണമെങ്കിൽ അസ്വബിയ്യ (സംഘബോധം) അനിവാര്യമാണ്. ഖിലാഫത്തുർറാശിദയിൽ ഈ സംഘബോധം ഇസ് ലാമികാദർശമായിരുന്നു. രാജവാഴ്ചയിൽ അത് ദുർബലമായപ്പോൾ പകരം വെക്കപ്പെട്ടത് ഗോത്രമോ കുടുംബമോ ആണ്. ഉമവി, അബ്ബാസി, ഉസ് മാനി ഖിലാഫത്തുകളിൽ അവരുടെ സംഘ ബോധത്തിന്റെ അടിത്തറ ഇസ് ലാമികാദർശത്തെക്കാൾ അവരവരുടെ കുടുംബമോ ഗോത്രമോ ആയിരുന്നു. ഈ സംഘബോധം നിലനിർത്തണമെങ്കിൽ വിഭവങ്ങളുടെയും അധികാരത്തിന്റെയും വിതരണത്തിൽ സ്വജന പക്ഷപാതം വേണ്ടിവരും. അത് ഇതര സമൂഹങ്ങളോടും ഗോത്രങ്ങളോടും അനീതി ചെയ്യാൻ ഭരണാധികാരികളെ നിർബന്ധിതരാക്കും. ഇത് സ്വാഭാവികമായും ജനങ്ങളിൽനിന്ന് പ്രതിഷേധം ക്ഷണിച്ചു വരുത്തും. ഖിലാഫത്തിനെ അമിതാധികാര പ്രവണതയിലേക്ക് തള്ളിവിടാൻ ഈ പ്രതിഷേധം കാരണമാവുകയും ചെയ്തു. കാരണം, അമിതാധികാര പ്രയോഗത്തിലൂടെ മാത്രമേ പ്രതിഷേധങ്ങളെ അടിച്ചമർത്താനാവൂ.
രാജവാഴ്ചക്കാലത്ത് ഖിലാഫത്തിൽ നടമാടിയ സ്വജന പക്ഷപാതം മൂലം ഉണ്ടായ അനീതിയും അതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള അമിതാധികാര പ്രയോഗവും ഖിലാഫത്തിനോടുള്ള സമീപനത്തിൽ പരസ്പര വിരുദ്ധമായ പലതരം കാഴ്ചപ്പാടുകൾ ഇസ് ലാമിക സമൂഹത്തിൽ ഉയർന്നുവരാൻ കാരണമായി. അതിലൊന്ന് അതി തീവ്രവാദപരമായിരുന്നു. നീതിമാനായ ഖലീഫയുടെ അഭാവത്തിൽ ഇസ്ലാമിന്റെ സാമൂഹികവും മതപരവുമായ മുഴുവൻ വ്യവഹാരങ്ങളും നിശ്ചലമാവുകയും ഹജ്ജ്, ജുമുഅ പോലുള്ള സംഘം ചേർന്നുള്ള ഇബാദത്തുകൾ വരെ പ്രസക്തമല്ലാതായിത്തീരുകയും ചെയ്യും എന്നായിരുന്നു ആ തീവ്രവാദ സമീപനം. മുഅ്തസിലുകളും ഖവാരിജുകളുമാണ് ഈ തീവ്ര ആശയത്തിന്റെ വക്താക്കൾ. പക്ഷേ, ഒരേ ഉദ്ദേശ്യത്തോടു കൂടിയല്ല ഈ രണ്ട് കൂട്ടരും ഈ ആശയം പ്രചരിപ്പിച്ചത്. ഖവാരിജുകൾ നിലവിലുള്ള ഖിലാഫത്തിന്റെ പ്രതിപക്ഷമായി അവർക്കെതിരെ നിരന്തരം രക്തരൂഷിതമായ പോരാട്ടം നടത്തിയവരാണ്. അവർക്ക് പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രമായിരുന്നു അത്. മുഅ്തസിലുകൾ ഖിലാഫത്തിന് ഇസ് ലാമിക സാമൂഹിക നിയമത്തിൽനിന്ന് പരമാവധി വിടുതൽ നൽകാനാണ് ഈ ആശയത്തെ ഉപായമാക്കിയത്. ഫലത്തിൽ മുഅ്തസിലുകൾ ഈ ആശയത്തിലൂടെ രാഷ്ട്രീയത്തെ മത മുക്തമാക്കുകയാണ് ചെയ്തത്.
രണ്ടാമത്തെ സമീപനം, മുർജിഅകളും ജബരികളും പ്രതിനിധാനം ചെയ്യുന്നതാണ്. ഖിലാഫത്ത് എത്ര മാത്രം അനീതിപരമോ മർദകമോ ആകട്ടെ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കാൻ മതപരമായി തന്നെ വിശ്വാസികൾ നിർബന്ധിതരാണ്. കാരണം, ദൈവിക ഇഛയും വിധിയും ആണത്. അതിൽ ഇടപെടാൻ നമുക്ക് അധികാരമോ അവകാശമോ ഇല്ല. അലി പക്ഷക്കാരായി അറിയപ്പെട്ട ശീഈകൾ മുഖ്യധാരയിൽനിന്ന് വേർപെട്ട് ഇമാമത്ത് സങ്കൽപം ഒരു ദൈവശാസ്ത്രം എന്ന നിലയിൽ രൂപപ്പെടുത്തിയതും ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വ്യതിചലിച്ചപ്പോഴാണ്. അവരും ചരിത്രത്തിലുടനീളം ഖിലാഫത്തിന്റെ പ്രതിപക്ഷമായിട്ടാണ് പ്രവർത്തിച്ചത്.
രാജവാഴ്ചക്കാലത്തെ ഖിലാഫത്തിനോടുള്ള ഈ മൂന്ന് ആത്യന്തിക സമീപനങ്ങളോടും വിയോജിച്ചു കൊണ്ടാണ് അഹ് ലുസ്സുന്നത്ത് വൽജമാഅത്ത് അതിന്റെ സന്തുലിത വീക്ഷണം രൂപപ്പെടുത്തിയത്. ഇമാം അബൂ ഹനീഫയായിരുന്നു അതിന്റെ സൂത്രധാരൻ.
ആയിരിക്കേണ്ടതും ആയിരിക്കുന്നതുമായ അവസ്ഥ വേർതിരിച്ച് കാണിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഖിലാഫത്തുർറാശിദ തന്നെയാണ് ഖിലാഫത്തിന്റെ റോൾ മോഡൽ. ഖലീഫ നീതിമാനായിരിക്കുക എന്നതും ഖിലാഫത്ത് നിയമാനുസൃതമാകാൻ അനിവാര്യമാണ്. പക്ഷേ, ഇത്തരം നിയമാനുസൃത നേതൃത്വത്തിന്റെ അഭാവത്തിൽ ഫലത്തിൽ മുസ് ലിംകളുടെ നേതൃത്വം ആരിലാണോ, അയാൾക്ക് കീഴിൽ മുസ് ലിംകളുടെ സകല സാമൂഹിക വ്യവഹാരങ്ങളും സാധുവാകും. ഇതാണ് രാജവാഴ്ചക്കാലത്തെ ഖിലാഫത്തിനോടുള്ള ഇമാം അബൂ ഹനീഫയുടെ കാഴ്ചപ്പാടിന്റെ രത്നച്ചുരുക്കം. അതു തന്നെയായിരുന്നു ഖിലാഫത്ത് സംബന്ധിച്ച സുന്നി മുഖ്യധാരയുടെയും നിലപാട്. ഖിലാഫത്തുർറാശിദക്ക് ശേഷമുള്ള എല്ലാ ഭരണാധികാരികൾക്കും ഖലീഫയായി ലെജിറ്റമസി ലഭിച്ച നിലപാടായിരുന്നു ഇത്. എന്നുവെച്ച് ഖലീഫക്കെതിരെ പ്രതിഷേധം പാടില്ലെന്നോ അക്രമിയായ ഖലീഫയെ മാറ്റി തൽസ്ഥാനത്ത് ഖിലാഫത്ത് നീതിപൂർവകമാക്കാനുള്ള വിപ്ലവം പാടില്ലെന്നോ അബൂ ഹനീഫക്ക് അഭിപ്രായമുണ്ടായിരുന്നില്ല. അബൂ ഹനീഫ തന്നെ അബ്ബാസി ഖിലാഫത്തിനെതിരെ ചില വിപ്ലവ ശ്രമങ്ങളെ സാമ്പത്തികമായി പിന്തുണച്ചിരുന്നു. എന്നാൽ, ഖിലാഫത്തിനെതിരെ യാതൊരു വിപ്ലവ ശ്രമവും പാടില്ല എന്ന നിലപാടാണ് ഹമ്പലികൾക്ക്.
ഖലീഫ ഖുറൈശിയായിരിക്കണം എന്ന നിലപാടും അഹ് ലുസ്സുന്ന പൊതുവെ വെച്ചുപുലർത്തുന്നുണ്ട്. ഈ കാഴ്ചപ്പാടിന് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടാണ് ആദ്യത്തെ ഒന്നര നൂറ്റാണ്ടിനു ശേഷം അബ്ബാസി ഖിലാഫത്ത് ദുർബലമായപ്പോൾ പോലും പിന്നീട് വന്ന സൽജൂഖി, ബുവൈഹ് സുൽത്താൻമാർ അബ്ബാസി കുടുംബക്കാരിൽനിന്നുള്ളവരെ നാമമാത്ര ഖലീഫമാരായി നിലനിർത്തി ഭരണം നടത്തിയത്. സൽജൂഖികൾക്ക് ശേഷം ഏഷ്യാ മൈനറിൽ ഉയർന്നു വന്ന ഉസ്മാനികളുടെ ഭരണം മുസ് ലിം ലോകം ഖിലാഫത്തായി അംഗീകരിച്ചത്, 1517-ൽ തുർക്കി സുൽത്താൻ ഈജിപ്തിൽ സുഖവാസ ജീവിതം നയിച്ചിരുന്ന അബ്ബാസി കുടുംബത്തിലെ മുതവക്കിലിനെ തുർക്കിയിൽ കൊണ്ടുവന്ന് നാമമാത്ര ഖലീഫയായി ആദരിച്ചതിന് ശേഷമാണ്. എന്നാൽ, ഈ മുതവക്കിൽ മരണപ്പെട്ടതിന് ശേഷം സുൽത്താൻ സലീം സ്വയം ഖലീഫയായി പ്രഖ്യാപിക്കുകയും മുസ് ലിം ലോകം അതിന് അംഗീകാരം നൽകുകയും ചെയ്തു. അതോടെ ഉസ് മാനി സൽത്തനത്ത് ഉസ് മാനി ഖിലാഫത്തായി അറിയപ്പെട്ടു.
ഉസ് മാനി ഖിലാഫത്തിനെ ദുർബലപ്പെടുത്താൻ കൊളോണിയൽ ശക്തികൾ ഖലീഫ ഖുറൈശിയായിരിക്കണം എന്ന അഹ് ലുസ്സുന്ന കാഴ്ചപ്പാടിനെ ഉപയോഗിച്ചതായി കാണാം. 1881-ൽ വിൽഫ്രണ്ട് ബ്ലന്റ്, മത കാര്യങ്ങളിൽ മാത്രം അധികാരമുള്ള ഒരു ഖുറൈശിയെ ഖലീഫയാക്കാൻ ആഹ്വാനം ചെയ്തതായി കാണാം. മുസ് ലിം ലോകത്തെ കൊ ളോണിയൽ ഭരണത്തിന് ലെജിറ്റമസി ലഭിക്കാൻ ശരീഫ് ഹുസൈൻ, ഫുആദ് രാജാവ് തുടങ്ങിയവരെ ഖലീഫമാരായി വാഴിക്കാൻ ലോക ഖിലാഫത്ത് സമ്മേളനം മക്ക, മദീന, ജറൂസലം എന്നിവിടങ്ങളിൽ വിളിച്ചുകൂട്ടിയെങ്കിലും വിജയിച്ചില്ല.
ഉസ് മാനി ഖിലാഫത്ത് സംരക്ഷിക്കാനായി ഇന്ത്യൻ മുസ് ലിം കൾ ഒറ്റക്കെട്ടായി ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഭിന്നതകൾ പ്രകടമായതും ഖലീഫ ഖുറൈശിയായിരിക്കണം എന്ന കാഴ്ചപ്പാടിനെ ചൊല്ലിയാണ്. ഒന്നാം ലോക യുദ്ധാനന്തരം കൊളോണിയൽ ശക്തികൾ ഹിജാസിനെ ഉസ് മാനി ഖിലാഫത്തിൽനിന്ന് അടർത്തി അവിടെ തങ്ങളുടെ തോഴനായ ശരീഫ് ഹുസൈനെ അധികാരത്തിൽ വാഴിച്ചപ്പോൾ അതുവരെ കൊളോണിയൽ പദ്ധതികളെ എതിർത്തിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിലെ അബ്ദുൽ ബാരി ഫിറങ്കി മഹലിനെ പോലുള്ള പണ്ഡിതൻമാർ, ഖുറൈശിയായതിന്റെ പേരിൽ ശരീഫ് ഹുസൈനെ പിന്തുണച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കി. ശരീഫ് ഹുസൈനെ മുന്നിൽ നിർത്തി സാമ്രാജ്യത്വം ആസൂത്രണം ചെയ്ത ഈ ശിഥിലീകരണ പദ്ധതിയെ അംഗീകരിക്കാൻ മൗലാനാ മുഹമ്മദലി ഒരു നിലക്കും കൂട്ടാക്കിയില്ല. ഖിലാഫത്ത് ക്ഷയിച്ചതോടെ മുസ് ലിം മുഖ്യധാര അതിനെ ഒരാത്മീയ സ്ഥാപനമായി കാണാൻ തുടങ്ങിയിരുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഇസ് ലാമിക ഖിലാഫത്തിന്റെ ദാർശനികവും പ്രായോഗികവുമായ മാനത്തെ കുറിച്ച് ഇമാം അബൂ ഹനീഫക്ക് ശേഷം ഗൗരവമായി ചർച്ച ചെയ്ത പണ്ഡിതൻമാരാണ് ഷാ വലിയ്യുല്ലാ ദഹ് ലവി, ഷാ ഇസ്്മാഈൽ ശഹീദ്, മൗലാനാ മൗദൂദി തുടങ്ങിയവർ. ഷാ വലിയ്യുല്ലാ ദഹ് ലവി തന്റെ 'ഇസാലത്തിൽ ഖഫാ അൻ ഖിലാഫത്തിൽ ഖുലഫാഅ്' എന്ന കൃതിയിൽ ഖിലാഫത്ത് രണ്ടു വിധമുണ്ട് എന്ന് പറയുന്നുണ്ട്.
1- ഖിലാഫത്ത് ഖാസ്സ്വ: അഥവാ എല്ലാ ഉപാധികളും തികഞ്ഞ ഖലീഫ.
2- ഖിലാഫത്ത് ആമ്മ: അതായത്, പിന്തുടർച്ചയിൽ അധിഷ്ഠിതമായ രാജവാഴ്ച. ഖിലാഫത്ത് ആമ്മ എങ്ങനെയാണ് ഇസ് ലാമിക സമൂഹത്തിന്റെ ധാർമികതയെ ക്ഷയിപ്പിച്ചത് എന്നും തുടർന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഷാ ഇസ്്മാഈൽ ശഹീദിന്റെ 'മൻസിബേ ഇമാമത്ത്' എന്ന കൃതിയിലും ഖിലാഫത്തിന്റെ സവിശേഷത ചർച്ച ചെയ്യുന്നുണ്ട്. ഈ രണ്ട് കൃതികളും പ്രസരിപ്പിച്ച നവോത്ഥാന ചിന്തകളുടെ കൂടി സ്വാധീനത്തിലാണ് 1830-ൽ തഹ് രീകെ മുജാഹിദീൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ഇസ് ലാമിക പ്രസ്ഥാനം അഹ് മദ് ശഹീദിന്റെ നേതൃത്വത്തിൽ രൂപം കൊള്ളുന്നത്. അവർ പെഷവാർ ആസ്ഥാനമായി സ്ഥാപിച്ച ഇസ് ലാമിക ഭരണകൂടത്തിന് ദയൂബന്ദി, നദ് വ ധാരയിൽ പെട്ട പണ്ഡിതൻമാരും അബുൽ കലാം ആസാദ്, മൗലാനാ മൗദൂദി തുടങ്ങിയവരും ഖിലാഫത്തുൻ അലാ മിൻഹാജുന്നുബുവ്വ എന്ന വിശേഷണമാണ് നൽകിയത്. മൗലാനാ മൗദൂദിയുടെ 'ഖിലാഫത്ത് വൊ മുലൂകിയത്ത്' (ഖിലാഫത്തും രാജവാഴ്ചയും) എന്ന കൃതിയിൽ ഖിലാഫത്തുർറാശിദയുടെ സവിശേഷതകളും അത് രാജവാഴ്ചയിലേക്ക് വഴിമാറാനുള്ള കാരണങ്ങളും അതിന്റെ തെറ്റായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യുന്നത്. ഇസ് ലാമിക രാഷ്ട്രീയ ചിന്തയിൽ മൗലാനാ മൗദൂദിയുടെ മൗലിക സംഭാവനകളിലൊന്നാണിത്; അദ്ദേഹത്തിന്റെ നവോത്ഥാന ചിന്തയുടെ അടിത്തറകളിലൊന്നും. l
(അവസാനിച്ചു)