മുസ് ലിം പ്രീണനം
സവർണ ലാവണങ്ങളിലേക്ക് താമസം മാറുന്ന കീഴാള മസ്തിഷ്കങ്ങൾ - 2
സവര്‍ണ താല്‍പര്യങ്ങള്‍ ഏറ്റവുമധികം പ്രകടമാവുന്ന മേഖലയാണ് വിദ്യാഭ്യാസം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്വാശ്രയം, സ്വകാര്യ സ്വാശ്രയം എന്നീ അഞ്ച് മേഖലകളില്‍ പരന്നുകിടക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനം. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പൊതു വിദ്യാലയങ്ങള്‍ എന്ന് വ്യവഹരിക്കാറുള്ളത്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി നിയമനം നടക്കുന്നു. അവിടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് നരേന്ദ്രന്‍ കമീഷന്‍, സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. കൂടാതെ പിന്നാക്ക സമുദായങ്ങളെ പിടിച്ചു പുറത്താക്കുന്നതിന് സാമ്പത്തിക സംവരണവും അശാസ്ത്രീയമായ റോട്ടേഷന്‍ സമ്പ്രദായങ്ങളുമുണ്ട്.
എയ്ഡഡ് മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതും, സ്ഥാപനങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങൾ നല്‍കുന്നതും പൊതു ഖജനാവില്‍ നിന്നാണ്. സ്വകാര്യ വ്യക്തികളോ ട്രസ്റ്റുകളോ നിയന്ത്രിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സര്‍ക്കാറിന് ഒരു അധികാരവുമില്ല. സംസ്ഥാന ബഡ്ജറ്റിന്റെ 30 ശതമാനവും ചെലവഴിക്കപ്പെടുന്നത് പൊതു വിദ്യാഭ്യാസ മേഖലയിലാണ്. 2010- 2011 കാലയളവിലെ സര്‍ക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് ഇങ്ങനെയാണ്:
(പട്ടിക രണ്ട് കാണുക)
വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ പ്രാതിനിധ്യമെടുത്താല്‍ 67 ശതമാനവും എയ്ഡഡ് മേഖലയിലാണ്.
മലബാറിലെ ഹയർ സെക്കന്ററി സീറ്റുകളുടെ കുറവ്
1996-2001 കാലത്തെ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് കോളേജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പ്പെടുത്തുന്നതും സ്‌കൂളുകളില്‍ വ്യാപകമായി ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കുന്നതും. പി.ജെ ജോസഫ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. 397 എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളുകള്‍ വീതംവെച്ച കണക്ക് കാണുക. സമുദായ കണക്ക് ഇങ്ങനെ: ക്രിസ്ത്യന്‍ -183, നായര്‍ - 92, ഈഴവ - 71, മുസ്‌ലിം - 51. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ക്രിസ്ത്യന്‍, നായര്‍, ഈഴവ പ്രീണനമാണ് മലബാറിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. തെക്കന്‍ കേരളത്തെക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പത്താം തരം പിന്നിടുന്ന മലബാറില്‍ ഇല്ലാതായ പ്രീഡിഗ്രി സീറ്റുകളുടെ അനുപാതത്തില്‍ പ്ലസ് ടു സ്‌കൂളുകളോ, ബാച്ചുകളോ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാറുകള്‍ (2001-06,2011-2016) സമ്മർദത്തിന് വഴങ്ങിയാണെങ്കിലും ഈ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ മൂന്ന് ശ്രമങ്ങളിലും മലപ്പുറത്തിന് വാരിക്കോരി കൊടുക്കുന്നു, ബജറ്റ് മലപ്പുറത്തേക്കൊഴുകുന്നു, സമാനമായി ഇതര ജില്ലകളിലും സ്‌കൂളുകള്‍/ബാച്ചുകള്‍ വര്‍ധിപ്പിക്കണം തുടങ്ങിയ പ്രചാരണം കേരളം കണ്ടതാണ്.
ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ വരുന്ന സവര്‍ണ വിഭാഗങ്ങള്‍ നിലവില്‍ കൈയടക്കിവെച്ചിട്ടുള്ളത് ഗവണ്‍മെന്റ്, സ്വകാര്യ, എയ്ഡഡ് മേഖലകളിൽ ആകെയുള്ള തൊഴിലവസരങ്ങളുടെ 85 ശതമാനമാണ്. ഇതിനു പുറമെ സാമ്പത്തിക സംവരണമെന്ന പേരില്‍ 10 ശതമാനം കൂടി മുന്നാക്ക സമുദായത്തിന് അധികമായി നല്‍കി. സാമ്പത്തിക സംവരണം നടപ്പായതോടെ പിന്നാക്ക വിഭാഗങ്ങള്‍ എല്ലാ മേഖലകളില്‍നിന്നും പിറകോട്ട് പോവുകയായിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുക. 2020-21 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററികളില്‍ 1,62,815 സീറ്റുകളാണ് ഉണ്ടായിരുന്നത്. അതില്‍ 16,711(10%) ആണ് മുന്നാക്ക സംവരണ സീറ്റുകളായി നിശ്ചയിച്ചത്. ഈഴവര്‍- 13,002 (8%), മുസ്‌ലിംകള്‍ 11,313 (7%), ലത്തീന്‍ കത്തോലിക്ക 5398 (3%), പിന്നാക്ക ഹിന്ദു- 5398 (3%). മുഴുവന്‍ സീറ്റുകളുടെയും പത്ത് ശതമാനം മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചാല്‍ പോലും 16,281 സീറ്റുകളേ വരൂ. എന്നാല്‍, 428 സീറ്റുകള്‍ അധികം നല്‍കി. അങ്ങനെ 16,711. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ അനുവദിക്കേണ്ടതിനെക്കാളും കൂടുതല്‍ മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചു. അതിന്റെ കെടുതികള്‍ അനുഭവിച്ചത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും. ഈ രണ്ട് വിഭാഗം ജില്ലകള്‍ തമ്മിലുള്ള വ്യത്യാസമറിയണമെങ്കില്‍ ആ ഭൂഭാഗങ്ങളില്‍നിന്ന് ജയിച്ചുവരുന്ന എം.എല്‍.എമാര്‍ ഏതു വിഭാഗക്കാരെന്ന് നോക്കിയാല്‍ മതി. എത്ര സമര്‍ഥമായിട്ടാണ് അധികാര വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്?!
സാമ്പത്തിക സംവരണത്തിലൂടെ മുന്നാക്ക പ്രീണനം നടത്തിയത് എങ്ങനെ എന്നറിയാന്‍ പ്രഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നോക്കിയാൽ മതിയാകും. 2019-20 വര്‍ഷത്തിലെ എം.ബി.ബി.എസ് പ്രവേശനം പരിശോധിക്കാം. അഖിലേന്ത്യാ ക്വാട്ട, പ്രത്യേക സംവരണം എന്നിവ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന മെഡിക്കല്‍ സീറ്റുകള്‍ 1132 ആണ്. ഇതില്‍നിന്ന് 419 സീറ്റ് പിന്നാക്ക സംവരണത്തിനായി മാറ്റിവെക്കുന്നു. അവശേഷിക്കുന്ന 713 സീറ്റിന്റെ പത്ത് ശതമാനമായ 71 സീറ്റാണ് മുന്നാക്ക സംവരണത്തിന് അര്‍ഹതപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ നീക്കിവെച്ചതാവട്ടെ 130 സീറ്റുകള്‍. നീറ്റ് എക്‌സാമില്‍ 8444-ാം റാങ്ക് നേടിയ മുന്നാക്കക്കാരന് സര്‍ക്കാര്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം. പിന്നാക്ക സമുദായങ്ങളായ ഈഴവര്‍ക്ക് 1654 റാങ്ക് വരേ അഡ്മിഷന്‍ ലഭിച്ചുള്ളൂ. മുസ്‌ലിമിന് 2072 വരെയും. തൊട്ടടുത്ത വര്‍ഷം ഇത് സര്‍ക്കാര്‍ തിരുത്തിയെങ്കിലും ഈഴവ, മുസ്‌ലിം റാങ്കുകാരെക്കാള്‍ ഏറെ പിറകില്‍ റാങ്കുള്ള മുന്നാക്കക്കാരന് ഇപ്പോഴും സര്‍ക്കാര്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നു.
മെഡിക്കല്‍ പി.ജി സീറ്റ് 427 എണ്ണമാണ് സംസ്ഥാനത്തുള്ളത്. ജനസംഖ്യയുടെ 60 ശതമാനം വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് ഒമ്പത് ശതമാനം മാത്രം റിസര്‍വേഷന്‍ എന്നത് നേരത്തെ വാര്‍ത്തയായിരുന്നല്ലോ. അതേസമയം മുന്നാക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം അനുവദിക്കുകയുണ്ടായി. മുന്നാക്ക സംവരണക്കാര്‍ക്ക് 31 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഈഴവ, മുസ്‌ലിം, ലത്തീന്‍ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യന്‍ എല്ലാവര്‍ക്കും കൂടി ലഭിച്ചത് 36 സീറ്റുകള്‍ മാത്രം. പി.ജി സംവരണത്തില്‍ ഏറ്റവും കൂടുതലുള്ളത് മുന്നാക്കക്കാര്‍ക്കാണ് - 10 ശതമാനം. എസ്.സിക്ക് എട്ടും എസ്.ടിക്ക് രണ്ടും ഈഴവന് മൂന്നും മുസ്‌ലിമിന് രണ്ടും മറ്റുള്ളവര്‍ക്കെല്ലാം കൂടി ഒന്നും. മുന്നാക്കക്കാരന് ലഭ്യമായ 31 സീറ്റുകളില്‍ 13 എണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു എന്നുകൂടി അറിയണം.
മെറിറ്റ് അട്ടിമറിക്കപ്പെടുകയും യോഗ്യതയും കഴിവുമില്ലാത്തവര്‍ ഉദ്യോഗ, തൊഴില്‍, അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുവരികയും ചെയ്യുമെന്നത് പിന്നാക്ക സംവരണത്തിനെതിരായ ഏറ്റവും പ്രബലമായ സവര്‍ണ യുക്തിയായിരുന്നല്ലോ. എന്നാല്‍, മെറിറ്റ് വാദം എങ്ങനെയാണ് മുന്നാക്ക പ്രീണനത്തിനു മുന്നില്‍ വഴിമാറിയതെന്ന് നോക്കുക. വിവിധ പ്രവേശന പരീക്ഷകളിലൂടെ 2020-21 അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ്, എഞ്ചിനീയറിങ്, നിയമം എന്നീ കോഴ്‌സുകളിലേക്ക് അവസാന അഡ്മിഷന്‍ നേടിയവരുടെ റാങ്കാണ് പട്ടിക മൂന്നില്‍. സ്വന്തമായി പ്രവേശന പരീക്ഷയും റാങ്ക് ലിസ്റ്റുമുള്ള കുസാറ്റിന്റെതും ചേര്‍ത്തിട്ടുണ്ട്.
(പട്ടിക മൂന്ന് കാണുക)
ഈഴവ, മുസ്‌ലിം കമ്യൂണിറ്റികളിലെ അവസാന റാങ്കുകള്‍ തമ്മിലുള്ള കുറഞ്ഞ അകലവും, അവയ്ക്കും എത്രയോ താഴെയാണ് പ്രവേശനം ലഭിച്ച മുന്നാക്കക്കാരന്റെ റാങ്ക് എന്നതും ശ്രദ്ധിക്കുക.
കോളേജ് നിയമനങ്ങള്‍
2014 - 15 വര്‍ഷത്തെ കണക്കനുസരിച്ച് 180 എയ്ഡഡ് കോളേജുകളില്‍ 86 എണ്ണവും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലാണ്. 11 അറബിക് കോളേജുകളടക്കം 35 കോളേജുകള്‍ മുസ്‌ലിം മാനേജ്‌മെന്റും 18 എണ്ണം നായര്‍ മാനേജ്‌മെന്റുമാണ്. 20 എണ്ണമാണ് ഈഴവ കൈവശമുള്ളത്. അവശേഷിക്കുന്ന ഏഴ് എണ്ണം ദേവസ്വം ബോര്‍ഡിന്റെ കൈയിലും 12 എണ്ണം സിംഗിള്‍ മാനേജ്‌മെന്റും രണ്ട് എണ്ണം നമ്പൂതിരി വിഭാഗത്തിന്റെ കൈയിലുമാണ്. ജനസംഖ്യാനുപാതികമായ വിലയിരുത്തലിന് ശതമാനക്കണക്ക് ഉപകരിക്കും.
കോളേജുകള്‍/ ജനസംഖ്യ എന്നിവ ശതമാനത്തില്‍: ക്രിസ്ത്യന്‍ - 47/18, മുസ്‌ലിം-19/27, ഈഴവ 11/23, നായര്‍ 10/13.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളുടെ ഭരണം വകുപ്പ് മന്ത്രിയും സര്‍ക്കാര്‍ നോമിനികളും ചേര്‍ന്നാണ് നടത്തുക. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള നാല് കോളേജുകളില്‍ (കൊല്ലം, പമ്പ, ചെങ്ങന്നൂര്‍, കോട്ടയം)ആകെ 180 അധ്യാപകരാണുള്ളത്. ഇതില്‍ നായര്‍ 135 (74.15%), ഈഴവ 33 (18.13%), നമ്പൂതിരി 8 (4.39%), വിശ്വകര്‍മ 2 (1.09%), മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ് അധ്യാപകരുടെ എണ്ണം.
എയ്ഡഡ് കോളേജുകളില്‍ സംവരണം നടപ്പാക്കണം, നിയമനം പി.എസ്.സിക്ക് വിടണം തുടങ്ങിയ ആവശ്യങ്ങളുയർന്നതിനെ തുടർന്ന് കേസുകള്‍ കോടതികളില്‍ നടക്കുന്നുണ്ടെങ്കിലും അതത് മാനേജ്‌മെന്റുകള്‍ തങ്ങളുടെ സമുദായത്തെ പൂര്‍ണമായും പരിഗണിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനാല്‍ തന്നെ 100 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാരും തങ്ങളുടെ സമുദായത്തില്‍ തന്നെയുള്ളവരായ എത്രയോ കോളേജുകളുണ്ടാവും. പരിമിതമാണെങ്കിലും മറ്റു വിഭാഗങ്ങളെ പരിഗണിച്ചതിന്റെ കണക്കാണ് ചുവടെ:
- ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ 13 അധ്യാപകരും 6 അനധ്യാപകരും ഇതര വിഭാഗത്തില്‍ പെട്ടവരാണ്. ആകെ ജീവനക്കാരുടെ 3.83 ശതമാനമാണിത്. ഇതില്‍ ഏഴ് പേര്‍ നായര്‍ സമുദായവും രണ്ട് പേര്‍ ബ്രാഹ്മണരും രണ്ട് ഈഴവരും ഒരു നമ്പൂതിരിയുമാണ്.
- നായര്‍ മാനേജ്‌മെന്റിന് കീഴില്‍ 21 അധ്യാപകരും 2 അനധ്യാപകരും നായര്‍ വിഭാഗത്തില്‍ പെട്ടവരല്ല. ആകെ ജീവനക്കാരുടെ അഞ്ച് ശതമാനം. അധ്യാപകരില്‍ എട്ട് പേര്‍ ഈഴവ, രണ്ട് മുസ്‌ലിം, ഒരോന്ന് വീതം നമ്പൂതിരി, കാത്തലിക്, വിശ്വകര്‍മ, പിഷാരടി, പണിക്കര്‍, ചാലിയ പട്ടികജാതി, പൊതുവാള്‍, കണിശന്‍, വെളുത്തേടത്ത് നായര്‍ എന്നിവരാണ്. അനധ്യാപകര്‍ രണ്ട് പേരും നമ്പൂതിരി സമുദായക്കാരാണ്.
- ഈഴവ മാനേജ്‌മെന്റിന് കീഴില്‍ 34 അധ്യാപകരാണ് ഇതര കമ്യൂണിറ്റികളില്‍ നിന്നുള്ളത്. ആകെയുള്ളതിന്റെ 12 ശതമാനം. അനധ്യാപകര്‍ ഇല്ല. നായര്‍ 12, മൂന്ന് വീതം വിശ്വകര്‍മ, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗവും രണ്ട് വീതം ധീവര, നാടാര്‍ മതരഹിതരുമാണ്. മറ്റുള്ളവര്‍ ഇതര വിഭാഗത്തില്‍ പെട്ടവരാണ്.
- മുസ്‌ലിം മാനേജ്‌മെന്റുകളാണ് ഏറ്റവും കൂടുതല്‍ ഇതര സമുദായങ്ങളെ പരിഗണിച്ചിരിക്കുന്നത്. 75 അധ്യാപകരും 5 അനധ്യാപകരും. 16.88 ശതമാനമാണിത്. അധ്യാപകരില്‍ 30 പേര്‍ നായരും 17 പേര്‍ ക്രൈസ്തവരും 10 പേര്‍ ഈഴവരും അവശേഷിക്കുന്നവർ ഇതര വിഭാഗത്തില്‍ പെട്ടവരുമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സവര്‍ണ ആധിപത്യത്തിന്റെ നേര്‍ചിത്രമാണിത്. ഇതിനെ മറികടക്കാന്‍ കേരളത്തിലെ സര്‍ക്കാറുകള്‍ ബോധപൂര്‍വമായ ശ്രമം ഒരിക്കലും നടത്തിയിട്ടില്ല. 2015-ല്‍ ഹൈക്കോടതി ജസ്റ്റിസ് എ.എം ഷഫീഖ് എയ്ഡഡ് കോളേജുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ സംവരണം വേണമെന്ന ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയപ്പോള്‍ വിധി നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ ഇടവേളയില്‍ എന്‍.എസ്.എസ് കോളേജുകളിലെ 89 അസിസ്റ്റന്റ് പ്രഫസര്‍, മൂന്ന് ലൈബ്രേറിയന്‍ തസ്തികയിലും നിയമനം നടത്താന്‍ നിര്‍ദേശം നല്‍കി. എസ്.എന്‍ ട്രസ്റ്റിന് കീഴിലെ കോളേജുകളിലെ 86 അസി. പ്രഫസര്‍ നിയമനങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കി. ഗുരവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള 15 അസി. പ്രഫസര്‍ നിയമനം പൂര്‍ത്തിയാക്കി. ഇതിലൊക്കെ ആരൊക്കെയാണ് പ്രീണിപ്പിച്ചത്? സംവരണം നടത്താന്‍ നിര്‍ദേശിച്ച ഹൈക്കോടതി സിംഗ്ള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ പോയതും എന്‍.എസ്.എസും എസ്.എന്‍ ട്രസ്റ്റുമായിരുന്നു. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ നിര്‍ദേശിക്കണമെന്ന കേസില്‍ (2018) സത്യവാങ്മൂലം നല്‍കാന്‍ നാല് തവണ പിണറായി സര്‍ക്കാര്‍ വൈകിപ്പിച്ചു. നല്‍കിയ അഫിഡവിറ്റാവട്ടെ, പി.എസ്.സി നിയമനത്തെ നിരാകരിക്കുന്നതുമായിരുന്നു.
യഥാര്‍ഥത്തില്‍ ഹിന്ദുത്വ വക്താക്കളുടെ നിരന്തരമായ ആരോപണമാണ് രാജ്യത്ത് ന്യൂനപക്ഷ പ്രീണനം നടക്കുന്നു എന്നത്. ഭൂരിപക്ഷങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും ബലി നല്‍കിക്കൊണ്ടാണ് മതേതര കക്ഷികള്‍ ന്യൂനപക്ഷ അനുകൂല സമീപനം സ്വീകരിക്കുന്നതെന്നാണ് പ്രചാരണം. അതിനെ അക്ഷരം പ്രതി പിന്തുടരുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. അദ്ദേഹത്തിന് താല്‍പര്യങ്ങളുണ്ടാവാം. ചുരുങ്ങിയത് ഒന്നര പതിറ്റാണ്ടായി തുടരുന്നതാണ് ഈ നിലപാട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത ഇസ്‌ലാമോഫോബിയയെ നെടുംതൂണായി പ്രതിഷ്ഠിച്ചാണ് ഈ സമീപനത്തിലേക്ക് വരുന്നത്. ഇസ്‌ലാമോഫോബിയ കടുക്കും തോറും കീഴാള മസ്തിഷ്‌കങ്ങള്‍ പോലും സവര്‍ണ 'ഉന്നതി'കളിലേക്ക് താമസം മാറുമെന്നതിന്റെ സൂചനയാണിത്.
അതേസമയം, മുസ്‌ലിം പ്രീണനം നടക്കുന്നുവെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്. എന്നാല്‍, കാര്യങ്ങള്‍ നേരെ തിരിഞ്ഞാണ് കിടക്കുന്നത്. മുസ്‌ലിംകളോട് മതേതര കക്ഷികള്‍ പ്രീണന നയം സ്വീകരിച്ചിരുന്നെങ്കില്‍ മേല്‍ പറഞ്ഞതുപോലെയായിരിക്കില്ലല്ലോ മുസ്‌ലിംകളുടെ അവസ്ഥ. മുസ്‌ലിംകളുടെ യഥാര്‍ഥ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പരിഹരിക്കുന്നതിന് പകരം സഹതാപത്തിന്റെയും ന്യായമായ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നതിന്റെയും പ്രതീതി സൃഷ്ടിക്കുകയും അതിനെ വോട്ടുബാങ്കാക്കി പരിവര്‍ത്തിപ്പിക്കുകയുമാണ് രാഷ്ട്രീയ പാർട്ടികള്‍ ചെയ്യുന്നത്. ആ നിലക്ക് മുസ്‌ലിംകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിഷയങ്ങളിലെ പ്രതികരണങ്ങള്‍ മുതല്‍ പ്രാദേശിക ഇടപെടലുകള്‍ വരെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളോ സാമുദായിക രാഷ്ട്രീയ സംഘടനകളോ ഇക്കാര്യത്തില്‍ ഒന്ന് മറ്റൊന്നിനെക്കാള്‍ ഒട്ടും പിറകിലല്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് സര്‍ക്കാര്‍ പ്രതികരിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. l
(അവസാനിച്ചു)
റഫറന്‍സ്
- പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍- ഒ.പി രവീന്ദ്രന്‍.
- സവര്‍ണ സംവരണം കേരള മോഡല്‍.
- കേരള പഠനം- ശാസ്ത്ര സാഹിത്യ പരിഷത്ത്.
- നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട്.
- പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്.
- സൈദ്ധാന്തിക സംഘര്‍ഷങ്ങളും മുസ്‌ലിം സമൂഹവും- സയ്യിദ് സആദത്തുല്ലാ ഹുസൈനി.