ലേഖനം

''എന്റെ നാഥാ, നിന്റെയടുക്കല്‍ സ്വര്‍ഗത്തിലൊരു ഭവനം എനിക്കു വേണ്ടി പണിയണം. ഫിര്‍ഔനില്‍നിന്നും അവന്റെ ദുഷിപ്പുകളില്‍നിന്നും ഈ അക്രമികളായ ജനത്തില്‍നിന്നും എന്നെ രക്ഷപ്പെടുത്തുകയും വേണം.'' ഇഞ്ചിഞ്ചായി ജീവന്‍ വെടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഫിര്‍ഔന്റെ ഭാര്യ ആസിയ ബീവി നടത്തിയ പ്രാര്‍ഥന ഖുര്‍ആന്‍ ഉദ്ധരിച്ചത് ഇപ്രകാരമാണ് (സൂറ അത്തഹ്‌രീം 11).
ലോകം കണ്ട സ്വേഛാധിപതികളില്‍ അഗ്രിമസ്ഥാനത്താണ് ഈജിപ്തിലെ ഫറോവ. വമ്പിച്ച സേനാവ്യൂഹങ്ങളുടെ പിന്‍ബലത്തിലാണ് അയാളുടെ സാമ്രാജ്യം നിലനിന്നിരുന്നത്. സ്വേഛാധിപതിയുടെ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ണനാതീതമായിരിക്കുമല്ലോ. അവിടെ വസിക്കുന്ന മഹാറാണി, രാഷ്ട്രത്തിന്റെ പ്രഥമ വനിത. സുഖാനന്ദങ്ങളുടെ പറുദീസയില്‍ തോഴിമാരാല്‍ വലയിതമായി ഫറോവയുടെ പ്രാണപ്രേയസ്സിയായി വിരാജിച്ചുകൊണ്ടിരിക്കുകയാണ് അവര്‍.
അല്ലാഹുവിന്റെ ദൂതന്‍ മൂസായുടെ പ്രബോധന പ്രവര്‍ത്തനങ്ങളും അതിനെ നേരിടാന്‍ തന്റെ പ്രിയതമന്‍ നടത്തുന്ന വേലകളും അവര്‍ കാണുന്നുണ്ട്. ഇസ്രാഈല്‍ സമൂഹത്തില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ അറുകൊല നടത്താന്‍ ഫറോവ ഉത്തരവിട്ടതും പഴുതില്ലാത്ത പരിശോധനകള്‍ക്കിടയിലും നദിയിലൊഴുകി വന്ന ആ കണ്‍മണി തന്റെ കണ്‍കുളിര്‍മയായി വളര്‍ന്ന് യുവാവായതും അവര്‍ക്കെങ്ങനെ മറക്കാനാവും! പ്രപഞ്ചനാഥനായ റബ്ബിന് വഴങ്ങി വണങ്ങി ജീവിക്കണമെന്നുള്ള മൂസായുടെ ഉദ്‌ബോധനങ്ങളും അവരുടെ ഹൃദയാന്തരാളങ്ങളില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
തന്റെ പ്രതിയോഗിയുടെ വിശ്വാസ സംഹിത കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ ചെന്നെത്തുമെന്ന് ഫറോവ സ്വപ്‌നേപി കരുതിയില്ല. പക്ഷേ, തന്റെ പ്രാണപ്രേയസി മൂസായില്‍ വിശ്വസിച്ചിരിക്കുന്നെന്ന് ഉള്‍ക്കിടിലത്തോടെയാണ് ഫറോവ അറിയുന്നത്. ദൈവദത്തമായതാണ് അധികാരവും രാജപദവിയും എന്ന് സ്വന്തം ജനതയെ വിശ്വസിപ്പിക്കുകയും അപ്പേരില്‍ ഇസ്രഈല്‍ ജനതയെ അടിമകളാക്കിവെക്കുകയും ചെയ്ത അയാള്‍ അധികാരത്തിന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനുമായി മൂസായുമായി മത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. തന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ തന്നെ മൂസായില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടാകുന്നത് എങ്ങനെയാണ് അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുക!
പതിറ്റാണ്ടുകളായി തന്റെ പ്രിയതമന്റെ ക്രൂരചെയ്തികള്‍ കണ്ടുകൊണ്ടിരിക്കുകയാണവര്‍. തന്റെ വിശ്വാസവ്യതിയാനം ഫറോവ എങ്ങനെ കൈകാര്യം ചെയ്യുക എന്ന് അവര്‍ക്ക് നന്നായിട്ടറിയാം. എത്രയെത്ര നിരപരാധരെയും നിസ്സഹായരെയുമാണ് അയാള്‍ കൊന്നൊടുക്കിയിട്ടുള്ളത്! ഇഞ്ചിഞ്ചായ മരണമായിരിക്കും തനിക്ക് വിധിക്കുക. പക്ഷേ, ഐഹിക ജീവിതം ക്ഷണികമാണെന്നും മരണാനന്തര ജീവിതമാണ് യഥാര്‍ഥവും അനശ്വരവുമെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ഭൂമിയിലെ എല്ലാ സുഖസൗകര്യങ്ങളും വെടിയാന്‍ മാത്രമല്ല, ജീവന്‍ വരെ ബലിനല്‍കാന്‍ ആസിയ ബീവി (റ) തയാറാണ്. ഹൃദയാന്തരാളങ്ങളിലെ വിശ്വാസം അത്രക്ക് രൂഢമൂലമാണ്. ആ വിശ്വാസത്തെ കടപുഴക്കിയെറിയാന്‍ ഭൂമുഖത്തെ ഒന്നിനും സാധ്യമല്ല.
പ്രതീക്ഷിച്ച നിലപാട് തന്നെയാണ് ഫറോവ സ്വീകരിച്ചത്. പ്രാണപ്രേയസിയോടുള്ള പ്രേമവും ബന്ധവുമെല്ലാം അയാള്‍ മറന്നു. കുരിശിലേറ്റി ഇഞ്ചിഞ്ചായി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാരിരുമ്പിന്റെ കരുത്തുള്ള വിശ്വാസത്തിനുടമയായ ആസിയ ബീവിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിക്കായി എന്തും നേരിടാന്‍ ഒട്ടും ഭയക്കുന്നില്ല. അവര്‍ക്ക് അല്ലാഹു മതി, ഭരമേല്‍പിക്കാന്‍ അവനല്ലാതെ മറ്റാരും വേണ്ടതില്ല. അല്ലാഹുവിന്റെ അതൃപ്തി നേടിക്കൊണ്ട് ഭൂമുഖത്തെ ഒന്നും അവര്‍ക്ക് നേടേണ്ട. ക്രൂരമര്‍ദന പീഡനങ്ങളേറ്റുവാങ്ങി, കുരിശില്‍ തറക്കപ്പെട്ട് ഇഞ്ചിഞ്ചായി ജീവന്‍ വെടിഞ്ഞുകൊണ്ടിരിക്കുമ്പോഴും അല്ലാഹുവിന്റെയടുക്കല്‍ ശാശ്വത സ്വര്‍ഗത്തിലൊരിടം എന്ന പ്രാര്‍ഥന മാത്രമേ അവര്‍ ഉരുവിട്ടുള്ളൂ. ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ക്ക് മാതൃകയായി ആ ധീരവനിതയെ ഉയര്‍ത്തിക്കാട്ടുകയാണ് ഖുര്‍ആന്‍.