കാഴ്ചപ്പാട്

ഇസ് ലാമിക സമൂഹത്തിൽ നിലവിലുള്ളതും എന്നാൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്തതുമായ ഒരു സിസ്റ്റമാണ് മഹല്ലുകളെന്ന് തോന്നിയിട്ടുണ്ട്. ഒരു ജുമുഅത്ത് പള്ളിയുണ്ടാക്കി വിശ്വാസികൾക്ക് നമസ്കാരത്തിന് അവസരമൊരുക്കുക, വിലപ്പെട്ട ആറടി മണ്ണ് മഹല്ല് നിവാസികൾക്ക് ഖബ്റിനായി നീക്കി വെക്കുക തുടങ്ങിയ മഹത്തായ കാര്യങ്ങൾ അത് ചെയ്യാറുണ്ട്. തുച്ഛമായ വരിസംഖ്യ, ഫീസ് ഒക്കെയാണ് വാങ്ങുക. പള്ളി സൗകര്യപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും ജുമുഅ നമസ്കരിക്കാത്തവരെ മഹല്ല് ശിക്ഷിക്കാറില്ല. ചില പൊതുവായ ഉപദേശങ്ങളൊക്കെ കൊടുക്കാറുണ്ട്. നമസ്കാരം ബോധപൂർവം ഉപേക്ഷിക്കുന്നത് അവിശ്വാസത്തിന്റെ ലക്ഷണമാണെന്നാണ് ഇസ് ലാമിക പ്രമാണം.

സകാത്ത് നമസ്കാരത്തെക്കാൾ അവഗണിക്കപ്പെട്ട, കൃത്യമായി നിർവഹിക്കപ്പെടാത്ത ഒരു അനുഷ്ഠാനമാണെന്ന് ഏവരും സമ്മതിക്കുമെന്ന് തോന്നുന്നു. ജുമുഅ പോലെ മഹല്ല് സകാത്ത് സംഭരണത്തിനും അവസരം ഒരുക്കിയെങ്കിൽ വളരെ നന്നായേനെ. ആഗ്രഹമുള്ളവർക്ക് അത് കൃത്യമായി നിർവഹിക്കാൻ അപ്പോൾ അവസരമൊരുങ്ങുമല്ലോ. സകാത്ത് പിരിക്കാൻ ചുമതലപ്പെട്ടവർ തന്നെ അർഹരായവരെയും മഹല്ലിൽ ചുറ്റിക്കറങ്ങി കണ്ടെത്തണം. ഓരോ മഹല്ലിന്റെയും ആവശ്യങ്ങൾ അവരെക്കാൾ നന്നായി മറ്റാർക്ക് മനസ്സിലാക്കാൻ പറ്റും? സ്വരൂപിച്ച ധനം അർഹരായവരിലേക്കാണ് എത്തുക. ആരാണ് കൊടുത്തതെന്നോ ആരാണ് വാങ്ങിയതെന്നോ അറിയാതെ എല്ലാം പടച്ചവന്റെ പുസ്തകത്തിലേക്ക്. എന്തൊരു സുഗന്ധമാണല്ലേ? ഈ സംരംഭം മഹല്ലുകളിൽനിന്ന് മഹല്ലുകളിലേക്ക് പടർന്ന് ഇസ് ലാമിന്റെ സാഹോദര്യവും പക്ഷേമ തൽപരതയും ജനങ്ങൾക്ക് അനുഭവവേദ്യമാവുകയും ചെയ്യും.

സർക്കാർ ടാക്സ് പിരിച്ചെടുക്കുമ്പോൾ കൃത്യമായ കണക്ക് ഒരാൾ കൊടുക്കാറുണ്ട്. ഇ.ഡി പരിശോധനക്ക് വന്നാൽ വീട്ടിലുള്ളതും, ഒളിപ്പിച്ചുവെച്ചതും ഒക്കെ പിടിച്ചെടുക്കും. ഇവിടെ ഹൃദയത്തിലെ തഖ്‌വയാണ് പരിശോധകൻ. തഖ്‌വ ഇവിടെയാണ് എന്നു പറഞ്ഞു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ചൂണ്ടിയ ഹൃദയത്തിലെ ഇ.ഡിക്ക് കൃത്യമായ കണക്കറിയാം. മുസ് ലിംകൾ കൊടുക്കുകയും ചെയ്യും. സകാത്ത് ഉപേക്ഷിച്ചവർ കാഫിറാണെന്ന ഖുർആൻ വചനം അവരെ സംസ്കരിക്കാതിരിക്കില്ല. ഒാരോ മഹല്ലും ഇക്കാര്യത്തിൽ മുൻകൈയെടുത്ത് മാതൃക ആവേണ്ടതല്ലേ?
പ്രത്യക്ഷ സകാത്തും പരോക്ഷ സകാത്തും ഒക്കെ ഒരു ഇസ് ലാമിക ഭരണകൂടത്തെ ഏൽപ്പിക്കാൻ ഇപ്പോൾ സാധ്യമല്ല. വക്കീലിനെ ഏൽപ്പിച്ച് വിതരണം ചെയ്യാമെന്ന രീതിയും, നേരിട്ട് തന്നെ കൊടുക്കാമെന്ന രീതിയും ഒക്കെ പരീക്ഷിക്കുന്നവർ താന്താങ്ങളുടെ മഹല്ലിലേക്ക് മടങ്ങുകയാണെങ്കിൽ സംഘടനാ വൈജാത്യമില്ലാതെ, തർക്കമില്ലാതെ ഇസ് ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്ത് വഴി ഏറെ കൊതിക്കുന്ന മുസ് ലിം ഐക്യവും ഈ വിഷയത്തിൽ സാധ്യമായേക്കാം. ഈയൊരു സിസ്റ്റം നിലവിൽവന്നാൽ മാത്രം കേരളത്തിലെ മഹല്ലുകളിലെ മിക്ക പ്രശ്നങ്ങളും തീരും എന്നാണ് എന്റെ നിഗമനം. എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത് ? ആരാണ് പ്രതികൾ?

ഉത്തരവാദിത്വം ഏറ്റെടുക്കാത്ത മഹല്ലുകൾ. അതിനെ നിയന്ത്രിക്കുന്ന സംഘടനകൾ. ഇതൊന്നും നിലവിലില്ലാത്തപ്പോൾ സമാന്തര സംരംഭങ്ങൾ ഉണ്ടാക്കേണ്ടി വന്നവർ. അവർ തമ്മിൽ ചേരി തിരിഞ്ഞുള്ള പോരടികൾ. പല കാരണങ്ങളുണ്ടാവും. അതിൽ കക്ഷി ചേർന്ന് ചർച്ച ചെയ്താൽ ഖിയാമം നാൾ വരെ ഒരു സമവായം ഉണ്ടാവാനും സാധ്യതയില്ല. അതുകൊണ്ടാണ് മഹല്ലുകളെ ശാക്തീകരിക്കുക എന്ന വിഷയം മുന്നോട്ടുവെച്ചത്. ഒരു പരിധിവരെ എല്ലാ വിഭാഗം മുസ് ലിംകളും അവിടെ യോജിക്കാറുണ്ട്. ആരുടെ ജനാസയും മുസ് ലിംകൾ പിന്തുടരാറുണ്ട്. എന്തിലും തീവ്രത കാട്ടി സമുദായത്തെ ഭിന്നിപ്പിക്കുന്നവരെ തൽക്കാലം മറന്നുകൊണ്ട് മാത്രമേ ഈ ആശയത്തിന് മുന്നോട്ടു പോവാൻ സാധിക്കുകയുള്ളൂ. പഴയ തലമുറയുടെ വാശി പുതു തലമുറ കാണിക്കാറില്ലല്ലോ. ക്ഷമയും വിട്ടുവീഴ്ചയും ചെയ്ത് ഉമ്മത്തിന്റെ താല്പര്യത്തിനുവേണ്ടി ഈ ഫാഷിസ്റ്റ് കാലത്ത് അവരൊക്കെ സഹകരിക്കുകയും ചെയ്താൽ മികച്ച പരിണതി ഉണ്ടായേക്കാം.

പേരിനെങ്കിലും ഇതൊക്കെ അംഗീകരിച്ച ചില മഹല്ലുകളെങ്കിലും ഉണ്ട്. പക്ഷേ, കണക്കുകൾ പരിശോധിച്ചാൽ ഉദ്ദേശിച്ച ഫലങ്ങൾ കിട്ടിത്തുടങ്ങിയിട്ടില്ല. അതിന്റെ കാരണങ്ങൾ തിരഞ്ഞാൽ:

  1. ഇപ്പോഴും മുസ് ലിംകൾക്ക്(?) സകാത്തിനോടുള്ള അവഗണന.
  2. ഒറ്റയ്ക്ക് കൊടുക്കാം എന്ന അഭിപ്രായത്തെ ഉപയോഗപ്പെടുത്തുന്നവർ.
  3. കൊടുത്താൽ തന്നെ പൂർണമായും കൊടുക്കാതെ മറ്റു പല സംരംഭങ്ങൾക്കും വീതിച്ചുകൊടുക്കുന്നവർ.
  4. സംഘടനാ ബാധ്യത നിറവേറ്റേണ്ടതിന്റെ പേരിൽ മഹല്ല് സംരംഭങ്ങളെ വേണ്ടത്ര പരിഗണിക്കാത്തവർ. പണ്ട് ഞാൻ കോഴിക്കോട് പഠിപ്പിച്ചിരുന്ന ('അജ്ഞാന') കാലം. കമ്പ്യൂട്ടർ ലാബ് നടന്നുകൊണ്ടിരിക്കെ ഒരു മുസ് ലിം വിദ്യാർഥി വന്നു, നേരത്തെ പോകാൻ അനുവാദം ചോദിച്ചു. വെറുതെ വിടാൻ പറ്റില്ലല്ലോ. കാരണം ചോദിച്ചു.
    പള്ളിയിൽ പോകാനെന്ന് മറുപടി.
    പലർക്കും പോകാനുണ്ടല്ലോ. ലാബ് കഴിഞ്ഞു അടുത്ത പള്ളിയിൽ തന്നെ പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞ കാര്യം കൗതുകമുള്ളതായി തോന്നി.
    നാട്ടിൽ തന്നെ എത്തി പള്ളിയിൽ കൂടണമെന്ന് ഉസ്താദ് നിർദേശിച്ചിട്ടുണ്ടത്രെ. കാരണം ചോദിച്ചപ്പോൾ അവനറിയില്ല. അടുത്തയാഴ്ച വിടണമെങ്കിൽ ഉസ്താദിനോട് കാരണം ചോദിച്ച് എന്നെ ബോധ്യപ്പെടുത്തണമെന്ന് തീർപ്പു കൽപ്പിച്ച് അവനെ വിട്ടു.
    അവൻ പറയുന്ന കാര്യം ശരിയാണെന്നറിയണമല്ലോ. ഞാനും സൗഹൃദങ്ങളോട് വിഷയം ചോദിച്ചു. പുതിയ പള്ളിയാവാം. ആണുങ്ങൾ ജോലിക്ക് പോകുന്നതു കാരണം ഉച്ചക്ക് ആൾക്കാർ കുറവായിരിക്കും. ജുമുഅക്ക് 40 പേർ നിർബന്ധമാണെന്ന് കരുതുന്ന മഹല്ല് ആവാം. അതിനായി ചിലരോട് ഇങ്ങനെ നിർദേശിക്കാറുണ്ട്.
    സംഭവം പിടികിട്ടി. ഒരു കാര്യം പ്രാവർത്തികമാക്കിയെടുക്കാൻ തുടക്കത്തിൽ കാണിക്കുന്ന ജാഗ്രതയായിട്ടാണ് ഞാൻ അതിനെ കണ്ടത്. ഇത്തരത്തിലുള്ള ജാഗ്രത മഹല്ലുകളും കേരളീയ മുസ് ലിം സംഘടനകളും കാണിച്ചാൽ സകാത്ത് വിഷയത്തിൽ കേരളം മാതൃകയാവാൻ സാധ്യതയുണ്ട്. മഹല്ലിനും ഉസ്താദുമാർക്കും കേരളീയ മുസ് ലിം സമൂഹത്തിൽ നന്നായി സ്വാധീനം ചെലുത്താനാവും. അവരവർ പിടിക്കുന്ന മുയൽകൊമ്പിന്റെ പിടിവിട്ട് ഉമ്മത്തിനോടുള്ള ഗുണകാംക്ഷയിൽ മഹല്ലുകൾ സ്വയം ശാക്തീകരിക്കാൻ ശ്രമിച്ചാൽ ഭൂമിയിലും ആകാശത്തും പടച്ചവൻ കാരുണ്യം കൊണ്ട് നിറക്കാതിരിക്കില്ല.
    പക്ഷേ, പൂച്ചക്ക് ആര് മണി കെട്ടും?
    ഓരോ ജില്ലയിലുമുള്ള മഹല്ലുകളെ ഖുർആൻ അനുസരിച്ച് സാധ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിനുള്ള തടസ്സം മുസ് ലിംകളുടെ ഐക്യമില്ലായ്മ മാത്രമാണ്. ഉള്ള സാധ്യതകൾ പോലും ഉപയോഗപ്പെടുത്താത്തതിൽ ആരാവും കുറ്റക്കാർ? l

ഞാൻ മുനാഫിഖ് (കപട വിശ്വാസി) ആയിപ്പോയേ എന്ന് വിലപിച്ച ഹൻളല(റ)യുടെ ചരിത്രം കേട്ടിട്ടില്ലേ? അതേ, ആത്മവിചാരണയുടെ വേളയിൽ പ്രവാചകന്റെ കൂടെയായിരുന്നപ്പോൾ ഉണ്ടായിരുന്ന വിശ്വാസ ദാർഢ്യവും, സമാധാനത്തിന്റെ സുഗന്ധവും തനിക്ക് ഇല്ലാതായിപ്പോയില്ലേ എന്ന വേവലാതിയാണ് ഹൻളല(റ)യെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

ആ ചരിത്രം വായിക്കുന്ന നമുക്കറിയാം, നരകത്തിന്റെ അടിത്തട്ടിൽ പതിക്കാൻ മാത്രം കടുത്ത നിഫാഖ് ഉള്ളതു കൊണ്ടൊന്നുമല്ല അദ്ദേഹം അങ്ങനെ പറഞ്ഞുപോയത്. പക്ഷേ, അത്തരം ആത്മവിചാരണകൾ ഒരു വിശ്വാസിയുടെ ശീലമാണെന്നും, ആ ശീലമുള്ളിടത്തോളം നിങ്ങൾ ശരിയായ പാതയിലാണെന്നും മുത്ത്നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഹൻളല(റ)യെ സമാശ്വസിപ്പിക്കുന്ന ചരിത്രപാഠം പിറക്കാൻ കൂടിയാണത്. അതേ സംശയവുമായി അന്നേരം ഹാജരായിരുന്ന അബൂബക്റും ഉമറും അതിനു സാക്ഷികളാണ്.

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കപടവിശ്വാസത്തിന്റെയും അതിരുകൾ ആത്മ വിചാരണയുടെ വേളയിൽ ഓരോരുത്തർക്കും ഓരോന്നാവും. മത മീമാംസ കൈകാര്യം ചെയ്യുന്ന പണ്ഡിതന്മാർക്ക് അതിനെല്ലാം കൃത്യമായ നിർവചനങ്ങളും നിലപാടും ഉണ്ടാവും. ഞാൻ ഒരിക്കലും ആ മേഖല കൈകാര്യം ചെയ്യാൻ തുനിയാറില്ല. അതിനുള്ള യോഗ്യതയുണ്ടെന്ന് കരുതുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന സാധാരണക്കാർക്ക് സ്വീകരിക്കാവുന്ന നിലപാടിനെ കുറിച്ചുള്ള വിചിന്തനം മാത്രമാണിത്.

ഞാൻ മനസ്സിലാക്കുന്ന ഇസ് ലാമിന്റെ വ്യാപ്തി വല്ലാതെ വലുതാണ്. ഭൂമിയിലെ ഓരോ മനുഷ്യനും മുസ് ലിമായാണ് ജനിക്കുന്നത് എന്ന് കരുതുന്നു. മുസ് ലിമായി തന്നെ മരിക്കുകയും ചെയ്യുന്നു. നമ്മുടെ പിറവിയും നമ്മുടെ മരണവും നമ്മുടെ നിയന്ത്രണത്തിലല്ലാതെ പടച്ചവന്റെ താൽപര്യത്തിനനുസരിച്ച് നടക്കുന്ന സംഭവങ്ങളാണല്ലോ. ആ സന്ദർഭങ്ങളിലെല്ലാം നാം മുസ് ലിംകൾ തന്നെയാണ്. അനുസരണയോടെ പടച്ചവന്റെ പ്രാപഞ്ചിക ഘടനക്കനുസരിച്ചു നീങ്ങുന്ന മുസ് ലിംകൾ. ആ അർഥത്തിലാണ് സൂര്യനും ചന്ദ്രനും ഒക്കെ മുസ് ലിംകളാവുന്നത്.

എല്ലാ കുട്ടികളും മുസ് ലിംകളായി ജനിക്കുന്നു. അവരുടെ മാതാപിതാക്കൾ, സാഹചര്യങ്ങൾ ഒക്കെ അവരെ ജൂതനോ ക്രിസ്ത്യാനിയോ മാപ്പിളയോ യുക്തിമോർച്ചയോ യുക്തിവാദിയോ കമ്യൂണിസ്‌റ്റോ മുസ് ലിം സമുദായക്കാരനോ ഒക്കെ ആക്കുന്നുവെന്നും കരുതാം. ജനനത്തിനും മരണത്തിനും ഇടയിലുള്ള വേളകളിലെ നമ്മുടെ കർമങ്ങൾക്ക് നാം തന്നെ ഉത്തരവാദിയെന്നും, അതിനെ കുറിച്ച് തീർച്ചയായും പരലോക വിചാരണയിൽ നിങ്ങളോട് ചോദ്യമുണ്ടാവുമെന്ന കരുതലിൽ നീതിയോടെ, സൂക്ഷ്മതയോടെ ജീവിക്കേണ്ടതുണ്ടെന്നും പറയുന്ന ദർശനത്തിന്റെ പേര് കൂടിയാണല്ലോ ഇസ് ലാം. ജനനത്തിനും മരണത്തിനും ഇടയിൽ മുസ് ലിമായി ജീവിക്കാൻ കഴിയുന്നതിനു വേണ്ടിയായിരിക്കണം അല്ലാഹു ഇങ്ങനെ കൽപിക്കുന്നത്: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ് ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത് " (3:102).

ആരാണ് മുസ് ലിം എന്നതിന് ഒരുപാട് ഉത്തരങ്ങൾ കിട്ടും. നന്മ നിറഞ്ഞ നിരവധി ശാഖകളുള്ള ഒരു മഹാ വൃക്ഷമായി ഒരു മുസ് ലിം വികസിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. അത് തണലായും സദ്‌ഫലമായും ജനങ്ങൾക്ക് ഉപകാരം നൽകിക്കൊണ്ടേയിരിക്കുമെന്നും വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും ചില്ല ഉണങ്ങിയെന്നു വെച്ച് നാം ആ വൃക്ഷത്തെ പരിഗണിക്കാതിരിക്കില്ല. ഒരുവേള തായ്‌വേര് ചീഞ്ഞു പോയാലും, തടി തന്നെ കേടായാലും നമ്മൾ അയാളുടെ മതനിലവാരം അളക്കാനും മെനക്കെടേണ്ടതില്ല. മുസ് ലിം കുടുംബങ്ങളിൽ ജനിച്ച ഒരുപാട് പേർ, എക്സ് മുസ് ലിം ആണെന്ന് പ്രഖ്യാപിച്ചവർ പോലും ഈ സമുദായത്തിന്റെ സ്വത്വം അറിഞ്ഞോ അറിയാതെയോ പേറി നടക്കുന്നുണ്ട്. അവരുടെ വേണ്ടാതീനങ്ങൾ ഒക്കെ മതത്തിന്റെ ചെലവിൽ എഴുതിവെക്കാൻ പൊതുസമൂഹം ബദ്ധശ്രദ്ധരാണെന്ന പോലെ നന്മകൾ പടച്ചവനും എഴുതിവെക്കുന്നുണ്ടാവും.

അതിലൊരാൾ മുസ് ലിമാണോ എന്നാരെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് ഫറോവയുടെ ചോദ്യം ഓർമവരേണ്ടതുണ്ട്. നീ പറയുന്ന ഈ അല്ലാഹുവിൽ വിശ്വസിക്കാത്ത നമ്മുടെ മുൻഗാമികളുടെ ഗതിയെന്താണെന്ന് ഫറോവ ചോദിച്ചപ്പോൾ മൂസാ നബി കാട്ടിയ വിവേകം നമ്മളെ വഴിനടത്തേണ്ടതുണ്ട്. 'അതിനെപ്പറ്റിയുള്ള ജ്ഞാനം എന്റെ രക്ഷിതാവിന്റെ അടുക്കലുണ്ട്' എന്നായിരുന്നല്ലോ മറുപടി. മറ്റുള്ളവരുടെ രക്ഷാശിക്ഷകൾ ആലോചിച്ച് നമ്മളെന്തിനാണ് ബേജാറാവുന്നത് എന്ന യുക്തിയും അതിലുണ്ട്. അത്തരം ചർച്ചകളിൽനിന്ന് അകന്നുനിൽക്കാനുള്ള ദൃഷ്ടാന്തമായിട്ടാണല്ലോ ഖുർആൻ ഇതൊക്കെ നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നത്.

"ആരുടെ നാവില്‍നിന്നും കൈയില്‍നിന്നും ജനങ്ങൾ സുരക്ഷിതരാകുന്നുവോ അവനാണ് യഥാർഥ മുസ് ലിം."
"നീ ആഹാരം നല്‍കുക. നിനക്ക് പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സലാം പറയുകയും ചെയ്യുക. തനിക്കിഷ്ടപ്പെടുന്നത് സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല."

വചനങ്ങൾ മുത്ത്നബിയുടേതാണ്. മുസ് ലിംകളിൽ പെട്ട ചിലർക്ക് സലാം പറയരുതെന്ന് മദ്റസയിൽ പഠിപ്പിക്കുന്ന കാലം നമ്മുടെ കേരളത്തിൽ പോലും കഴിഞ്ഞുപോയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന് പറയുന്നവരോട് പോലും ഈ സമീപനം കൈക്കൊണ്ടവർ മുത്തുനബിയുടെ അധ്യാപനങ്ങളിൽനിന്ന് എത്രമാത്രം അകന്നുപോവുന്നു എന്ന് ചിന്തിക്കുക. മുസ് ലിം ആവണമെന്ന് ഒരാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവനു വേണ്ടി അതിഷ്ടപ്പെടാൻ നാമും ശ്രമിക്കുന്നതോടെ വിരിയുന്ന സാഹോദര്യത്തിന്റെ അനന്ത വിഹായസ്സുകൾ ഒരാളെ മോഹിപ്പിക്കേണ്ടതാണ്. അയാളെ മുസ് ലിമായി കരുതേണ്ടത് നമ്മൾ സത്യവിശ്വാസിയായി കരുതപ്പെടാനുള്ള ഒരു കാരണം കൂടിയാണെന്നല്ലേ ഈ നബിവചനം പറഞ്ഞുവെക്കുന്നത്?

"തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല."
"നാം നമസ്കരിക്കും പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്‌ലയെ അംഗീകരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രെ മുസ് ലിം."

"മുഖങ്ങളെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കലല്ല പുണ്യം. മറിച്ച്, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും, അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായം അർഹിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നതൊക്കെയാണ് പുണ്യം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും, പ്രതിസന്ധികളിലും ആപത്തുകളിലും കഷ്ടതകളിലും സഹനമവലംബിക്കുകയും ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യവാന്മാര്‍. അവര്‍ തന്നെയാണ് ഭക്തന്മാരും'' (ഖുർആൻ 2:177).

ഒന്നല്ലെങ്കിൽ മറ്റൊരു നന്മ സ്വാംശീകരിച്ചിട്ടുണ്ടായേക്കാവുന്ന വിശ്വാസികളിൽനിന്ന് നിങ്ങൾ ആരെയാണ് പുറത്തേക്കിടുക? ആ പണി നമ്മെ പടച്ചോൻ ഏൽപിച്ചിട്ടുമില്ല. സ്വയം മുസ് ലിമല്ലെന്ന് ഒരാൾ പ്രഖ്യാപിക്കുന്നതൊക്കെ അയാളുടെ ഇഷ്ടം. നമുക്കതിൽ ഇടപെടേണ്ട ആവശ്യമേയില്ല.

മാതാപിതാക്കളോടുള്ള പെരുമാറ്റം, സാമൂഹിക മര്യാദകൾ ഇങ്ങനെയൊക്കെ വികസിക്കേണ്ടുന്ന ഒരുപാട് നന്മകൾ സ്വാംശീകരിക്കേണ്ട ഒരു അവസ്ഥ കൂടിയാണ് ഇസ് ലാം. സ്വർഗത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നതിൽ എനിക്കേറ്റവും ആകർഷകമായി തോന്നിയത് അവിടത്തെ സമാധാനം എന്ന അവസ്ഥയാണ്.

"അനാവശ്യ വാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച്‌ കേള്‍ക്കുകയില്ല. സമാധാനം, സമാധാനം! എന്നുള്ള വാക്കല്ലാതെ" (56 : 25-26).
നീതി അനുഭവിക്കാനാവുകയെന്നത് തന്നെയാണ് സമാധാനത്തിന്റെ വഴിയടയാളമായി ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ നീതിയുടെ, സമാധാനത്തിന്റെ പൂർണതയുള്ള ഒരു കാലത്തെ സ്വപ്‌നം കാണുന്ന മുസ് ലിം ഇഹലോകത്ത് തൃപ്തി നേടുന്നത് പടച്ചവന്റെ നിർദേശങ്ങൾ സസന്തോഷം അനുസരിക്കുന്ന അവസ്ഥയിലായിരിക്കും. ആ അവസ്ഥയിൽനിന്ന് അൽപം പിന്നോട്ട് പോയോ എന്ന ആശങ്ക മാത്രമാണ് ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച ഹൻളലയുടെ കരൾ പിളർന്നുള്ള നിലവിളിക്ക് കാരണമായത്. ഈ തൃപ്തിയുടെ നിലവാരം മുസ് ലിംകൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടാണല്ലോ മുഅ്മിൻ, മുഹ്‌സിൻ, മുസ് ലിം ഇങ്ങനെ പല പല വിശേഷണങ്ങളിലൂടെ ഇസ് ലാമിലുള്ളവരെ ഖുർആൻ വിലയിരുത്തുന്നത്.

"ആളുകളെ മുഖത്ത് നോക്കി ആക്ഷേപിക്കുന്നതും മറഞ്ഞുനിന്ന് കുറ്റം പറയുന്നതും ശീലമാക്കിയവര്‍ക്ക് മഹാനാശം "(ഖുർആൻ 104:1).
"അന്യോന്യം പരിഹാസ നാമങ്ങള്‍ പറഞ്ഞ് വിളിക്കാതിരിക്കുകയും ചെയ്യുവിന്‍. കഴിയുന്നിടത്തോളം സന്ദേഹങ്ങളെ ദൂരീകരിക്കുവിന്‍; എന്തുകൊണ്ടെന്നാല്‍ സന്ദേഹം ചിലപ്പോള്‍ പാപമായി പരിണമിക്കുന്നു. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളില്‍ ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളില്‍ ആരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? ഇല്ല, നിങ്ങളത് വെറുക്കുമെന്നത് തീര്‍ച്ചയാണ്" (ഖുർആൻ 49:11,12).

"ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല; പ്രത്യുത, അവര്‍ ഇതു രണ്ടിനുമിടയില്‍ മിതത്വം പാലിക്കുന്നവരായിരിക്കും" (ഖുർആൻ 25:67).
"കരുണാമയനായ ദൈവത്തിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി നടക്കുന്നവരാണ്. അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ സമാധാനം ആശംസിച്ച് പിന്തിരിയും…" (ഖുര്‍ആന്‍ 25:63).

നോക്കൂ, കൊതിപ്പിക്കുന്ന മൂല്യങ്ങളെ കുറിച്ചാണ് ഇസ് ലാമിന്റെ വിചാരങ്ങൾ. നിങ്ങളറിയുന്ന ഒരാളെ വേഷമോ രൂപമോ പ്രസംഗമോ എഴുത്തോ നോക്കി വിലയിരുത്തി മാർക്കിടും മുമ്പ് മേൽപ്പറഞ്ഞ ഒരുപാടൊരുപാട് നന്മകളിൽ അവർ നമ്മളെക്കാൾ മുന്നേറിയവരായിരിക്കാൻ സാധ്യതയുണ്ട്. പിന്നെന്തിന് കാഫിർ, മുനാഫിഖ് പദാവലിയുമായി അവരുടെ പിറകെ നടക്കണം? അവരുടെ ഇസ് ലാമിന്റെ സമാധാനവും സുഗന്ധവും വർധിപ്പിക്കാനുതകുന്ന ത്യാഗപരിശ്രമങ്ങളിലേക്ക് പരസ്പരം ക്ഷമ കൊണ്ടും സഹനം കൊണ്ടും ഉപദേശിക്കേണ്ടവരാണല്ലോ മുസ് ലിംകൾ.
റസൂല്‍ (സ) പറഞ്ഞു: ''ഒരു വ്യഭിചാരിയും അവന്‍ വിശ്വാസിയായിരിക്കെ വ്യഭിചരിക്കില്ല. ഒരു മോഷ്ടാവ് അവന്‍ വിശ്വാസിയായിരിക്കെ മോഷ്ടിക്കുകയുമില്ല. ഒരു മദ്യപാനിയും അവന്‍ വിശ്വാസിയായിരിക്കെ മദ്യപിക്കുകയില്ല'' (ബുഖാരി, മുസ് ലിം).
വിവിധ വീക്ഷണക്കാരോട് സംവദിക്കുമ്പോൾ നാം കരുതിപ്പോരുന്ന ഇസ് ലാമിക അവസ്ഥയിലല്ല മറ്റൊരാളുള്ളതെന്ന് തോന്നിയാൽ ആ വൃത്തത്തിൽനിന്ന് അയാൾ പുറത്തുനിൽക്കുന്നു എന്നേ ഒരാൾ കരുതേണ്ടതുള്ളൂ. നമുക്ക് തന്നെ നമ്മുടെ ഈമാനും ഇഖ്‌ലാസ്വും ഒക്കെ നന്നാക്കി കൂടുതൽ മൂല്യവത്തായ, സൗന്ദര്യവത്തായ ഇസ് ലാമിലേക്ക് പ്രവേശിക്കാൻ ജിഹാദ് ചെയ്യേണ്ടിയിരിക്കേ, മറ്റുള്ളവരും അതു ചെയ്യാൻ കാത്തിരിക്കുകയാണെന്ന് തന്നെ കരുതുക. ഇസ് ലാം എന്ന മൂല്യവ്യവസ്ഥയിലെ പല നിലവാരത്തിലുള്ള വൃത്തത്തിൽ ഉള്ളവർ പരസ്പരം മാന്യമായി സംവദിച്ചാൽ തന്നെ നല്ലൊരു മാതൃകയായിരിക്കും.
"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത്‌ കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍" (3: 110). l

പൊതു സമൂഹത്തില്‍ ഇസ്‌ലാമിനെ കുറിച്ചും ഖുര്‍ആനിനെ സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും കണ്ട് പലപ്പോഴും അന്തിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴത് ശീലമായിപ്പോയി. വളരെ ലളിതമായ ആശയങ്ങള്‍ പോലും വക്രീകരിക്കാനും അത് വെച്ച് ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കാനും ബോധപൂര്‍വം മെനക്കെടുന്ന ഒരു വിഭാഗം എന്നുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിനും അതിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുര്‍ആനിനും വിമര്‍ശകരും ആക്ഷേപകരുമില്ലാത്ത ഒരു കാലവും കടന്നുപോയിട്ടില്ല. അതിന്റെ ഫലമായുണ്ടാവുന്ന ഇസ്‌ലാം പേടിയും സമൂഹങ്ങള്‍ തമ്മിലുണ്ടാവുന്ന വെറുപ്പുമൊക്കെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം എന്നും എവിടെയുമുണ്ടായിരുന്നു. അവരുടെ ലക്ഷ്യം എന്തായാലും, സാമൂഹിക ജീവിതത്തെ അശാന്തമാക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം പ്രതിരോധിക്കേണ്ടത് മുഴുവന്‍ ജനങ്ങളുടെയും ബാധ്യതയാണ്, വിശിഷ്യാ ഇസ്‌ലാമിക സമൂഹത്തിന്റെ.
തെറ്റിനെ ശരി കൊണ്ട് പ്രതിരോധിക്കുക എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പന. ആ അര്‍ഥത്തില്‍, ബോധപൂര്‍വം ഇരുള്‍ പടര്‍ത്തുമ്പോള്‍ വെളിച്ചത്തിന്റെ നറുതിരികള്‍ കൊളുത്തി വെക്കുക എന്നത് മാത്രമാണ് ഒരു മാതൃകാ സമൂഹത്തിന് കരണീയമായിട്ടുള്ളത്. ഡയലോഗ് സെന്റര്‍ കേരള([email protected], 9567696982)യുടെ പ്രവര്‍ത്തനങ്ങള്‍ അത് ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇസ്ലാമിനെ സംബന്ധിച്ച അബദ്ധ ധാരണകള്‍ അകറ്റാനും അതിനെ ശരിയാംവിധം മനസ്സിലാക്കാനും ആഗ്രഹിക്കുന്ന  ഏവര്‍ക്കും, വിശിഷ്യാ, സഹോദര സമുദായങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഏതാനും ലഘുകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് വളരെ സന്തോഷകരവും അഭിനന്ദനാര്‍ഹവുമാണ്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ അനുഗൃഹീതമായ തൂലികയില്‍ നിന്നാണ് അവ വെളിച്ചം കണ്ടിട്ടുള്ളത്.

1. അല്ലാഹു നമ്മുടെ സ്രഷ്ടാവ്   (30 പേജ്)
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ ലളിതമായി പരിചയപ്പെടുത്തുന്ന ചെറു കൃതിയാണിത്. അല്ലാഹു ഖുറൈശികളുടെ ഗോത്ര ദൈവമാണെന്നും മുഹമ്മദ് നബി അതിനെ മുസ്‌ലിംകളുടെ ദൈവമാക്കുകയാണ് ചെയ്തതെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് ഈ കൊച്ചു കൃതി സത്യാന്വേഷകര്‍ക്ക് ഏറെ പ്രയോജനപ്പെടാതിരിക്കില്ല.
ദൈവത്തിന്റെ ഏകത്വം, ദൈവം സര്‍വശക്തന്‍, അല്ലാഹുവിനെ അറിയാന്‍, അഭൗതികമായ അറിവ്, കഴിവ്, ഉടമസ്ഥന്‍, യജമാനന്‍, കല്‍പനാധികാരം, ആരാധന സ്രഷ്ടാവിന് മാത്രം, വിഗ്രഹവല്‍ക്കരണം, പരമമായ സ്‌നേഹം, സമ്പൂര്‍ണ സമര്‍പ്പണം, അഭയമേകുന്നവന്‍, മനഃശാന്തിയുടെ മാര്‍ഗം, വിശുദ്ധിയുടെ വഴി, ധീരതയും ഔന്നത്യ ബോധവും, ചില ചരിത്ര സാക്ഷ്യങ്ങള്‍ തുടങ്ങിയ ഉപ ശീര്‍ഷകങ്ങളിലൂടെ നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ശരിയാംവിധം  മനസ്സിലാക്കാനും അവനോടുള്ള നമ്മുടെ ബാധ്യതകള്‍ തിരിച്ചറിയാനും വഴിയൊരുക്കുന്നു ഈ കൊച്ചു കൃതി. സഹോദര സമുദായങ്ങള്‍ക്ക് സ്രഷ്ടാവിനെ തിരിച്ചറിയാന്‍ സഹായകമായ മാര്‍ഗദര്‍ശകന്‍ കൂടിയാണിത്.

2. ഖുര്‍ആന്‍ വഴികാണിക്കുന്നു (44 പേജ്)
വായന, വായിക്കപ്പെടുന്നത് എന്നൊക്കെ അര്‍ഥമുള്ള വിശുദ്ധ ഖുര്‍ആനെ പരിചയപ്പെടുത്തുന്ന കൊച്ചു കൃതി. മനുഷ്യര്‍ക്ക് അതിപ്രധാനമായുളളതാണ് സമാധാനം. അത് കൈവരിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന വേദം എന്ന നിലയില്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇറക്കിയ ഖുര്‍ആനെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയും വായനക്ക് പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ കൃതിയാണിത്. ഖുര്‍ആന്റെ അവതരണാരംഭം, പൂര്‍ത്തീകരണം, ക്രോഡീകരണം, ഭാഷാപരമായ സവിശേഷത, ശാസ്ത്രമുണ്ടായിരിക്കെ ശാസ്ത്രഗ്രന്ഥമല്ലെന്ന അവസ്ഥ, ക്രമമില്ലായ്മയിലെ ക്രമം, ഖുര്‍ആന്റെ ചരിത്ര ദര്‍ശനം, പൂര്‍വ വേദങ്ങളെക്കുറിച്ച ഖുര്‍ആനിക കാഴ്ചപ്പാട്, എന്തുകൊണ്ട് അന്ത്യവേദം, മനുഷ്യ കേന്ദ്രീകൃതം തുടങ്ങിയ വിഷയങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു.

3. ഇസ്‌ലാം എന്നാല്‍ (23 പേജ്)
ആരാണ് മനുഷ്യന്‍, എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു, എന്താണ്  ജീവിതം, എന്തിനുള്ളതാണ്, എവ്വിധമായിരിക്കണം, എന്താണ് മരണം, മരണ ശേഷമെന്ത്  ഇങ്ങനെ മനുഷ്യരാശിയെ എന്നെന്നും മഥിച്ചിട്ടുള്ള  ഒരുപാട് ചോദ്യങ്ങളുണ്ട്. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഏതൊരു മനുഷ്യനിലൂടെയും ഇത്തരം ചോദ്യങ്ങള്‍ കടന്നു പോയിട്ടുണ്ടാവും.  ഇസ്‌ലാം ഇതിനു നല്‍കിയ ഉത്തരങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ കൃതി. അന്വേഷണകുതുകികളെ തൃപ്തിപ്പെടുത്തുന്ന  രീതിയില്‍ ഇസ്‌ലാമിന്റെ സവിശേഷതകള്‍ ഇതില്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു.

4. ഇസ്‌ലാമിലെ ആരാധനകള്‍: ചര്യയും ചൈതന്യവും  (36 പേജ്)
ഇസ്‌ലാമിലെ ആരാധനകള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ പലര്‍ക്കും അത് അനുഭവവേദ്യമാവുകയോ ചെയ്തിട്ടുണ്ടാവും. നമസ്‌കാരം, നിര്‍ബന്ധ ദാനം, വ്രതാനുഷ്ഠാനം, ഹജ്ജ് തുടങ്ങിയ ആരാധനകളുടെ മര്‍മവും ചൈതന്യവും ലക്ഷ്യവുമൊക്കെ മനസ്സിലാക്കുമ്പോഴാണ് ഒരാള്‍ക്ക് അത് യഥാവിധി അനുഷ്ഠിക്കാന്‍ തോന്നുക. സഹോദര സമുദായങ്ങള്‍ക്ക് അതിന്റെ സവിശേഷത ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നതും അപ്പോഴാണ്. ആ അര്‍ഥത്തില്‍ ആരാധനകളുടെ ചര്യകളും ചടങ്ങുകളും അവയുടെ ചൈതന്യവും സഹോദര സമുദായങ്ങള്‍ക്ക് മനസ്സിലാകും വിധം പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ.

5. മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍ (48 പേജ്)
ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി. അനുയായികളാല്‍ അങ്ങേയറ്റം സ്‌നേഹിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും, വിമര്‍ശകരാല്‍ രൂക്ഷമായി ഭര്‍ത്സിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവം നിയോഗിച്ച അന്ത്യപ്രവാചകന്‍ എന്ന നിലയില്‍ മുഹമ്മദ് നബിയെ ഈ ചെറുപുസ്തകം മനോഹരമായി പരിചയപ്പെടുത്തുന്നു.

6. കുടുംബം ഇസ്‌ലാമില്‍ (38 പേജ്)
ജാതി മത ഭേദമന്യേ ഏവരും കൊതിക്കുന്ന ഒന്നാണ് കുടുംബ ജീവിതത്തിലെ സമാധാനം. അത്തരം ജീവിതത്തിനു ആധാരമായ ഇസ്‌ലാമിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിന് സാധ്യമായ ഉള്‍ക്കാഴ്ചയും ഈ കൃതി നല്‍കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും കടപ്പാടുമൊക്കെ ഇസ്‌ലാമിക സംസ്‌കാരത്തിലൂടെയും പ്രവാചക ജീവിതത്തിലൂടെയും കുറിച്ച് വെക്കുമ്പോള്‍ ഏവരും സ്വായത്തമാക്കേണ്ട കുറെ മൂല്യങ്ങളെ കുറിച്ചാണ് ഈ കൃതി പറഞ്ഞു തരുന്നത്.
പേരുകള്‍ സൂചിപ്പിക്കുന്ന പോലെ അല്ലാഹു, ഖുര്‍ആന്‍, ഇസ്‌ലാം, മുഹമ്മദ് നബി, ആരാധനകള്‍, ഇസ്‌ലാമിക ജീവിതം തുടങ്ങിയ സംജ്ഞകളുടെ പൊരുള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള കൈപുസ്തകങ്ങളാണിവ. അന്വേഷണ കുതുകികള്‍ക്ക് മുന്നില്‍ ഇരുള്‍ പരത്തി ആശയക്കുഴപ്പമുണ്ടാക്കുന്നവര്‍ യഥേഷ്ടമുണ്ടാവുമ്പോള്‍ വെളിച്ചത്തിന്റെ നറുതിരികള്‍ കൊളുത്തി വെച്ച്  ഇസ്‌ലാമിന്റെ ആശയ പ്രപഞ്ചത്തിലേക്ക് പ്രവേശികയായി ഉപയോഗിക്കാന്‍ ഈ പുസ്തകങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.

ആധികളും വ്യഥകളും ഇല്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും മോഹമാണ്. ഒരുപക്ഷേ മനുഷ്യരുടെ ദുഃഖ നിര്‍മാര്‍ജനത്തിനു വേണ്ടിയാണ് ലോകത്തെ മിക്ക പ്രത്യയശാസ്ത്രങ്ങളും ജന്മമെടുത്തത് തന്നെ. പല ആചാര്യന്മാര്‍ പല രീതിയില്‍ പ്രശ്‌നത്തെ സമീപിച്ചിട്ടുണ്ടാവാം.
മനുഷ്യവംശത്തിന്റെ തുടക്കത്തെയും ചരിത്രത്തെയും സംബന്ധിച്ച് ഇസ്‌ലാമും അതിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആന്‍ പടച്ച തമ്പുരാന്റെ വചനങ്ങള്‍ ആയതിനാല്‍ ആ ഗൗരവത്തിലായിക്കും അവരതിനെ പരിഗണിക്കുന്നത്.
മനുഷ്യ സൃഷ്ടിപ്പിനോടനുബന്ധിച്ച് ഉന്നത സഭയില്‍ നടന്ന സംവാദങ്ങള്‍ ഖുര്‍ആന്‍ ചുരുക്കി വിവരിക്കുന്നുണ്ട്. പ്രപഞ്ച നാഥനായ അല്ലാഹു, മാലാഖമാര്‍, പിശാച്, ആദമും അവന്റെ ഇണയും ഒക്കെ ചേര്‍ന്നുള്ള സംഭവബഹുലമായ ആ  സംവാദരംഗത്തിനൊടുവില്‍ അറിവ് നേടിയിട്ടും പിശാചിന്റെ പ്രലോഭനത്തില്‍ വീണു പോയ  മനുഷ്യ പിതാവും മാതാവും ഖേദത്തിലാവുന്നു. തുടക്കവും ഒടുക്കവുമൊക്കെ അറിയുന്ന സര്‍വജ്ഞനായ നാഥന്‍ പിഴവുകളുടെ ആധിയില്‍ ഉഴറിയ ആദ്യമനുഷ്യര്‍ക്ക് ഉപജീവനത്തിനായി ഭൂമിയിലെ വാസം നിശ്ചയിച്ച് കൊണ്ടിങ്ങനെ പറഞ്ഞു.
'എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല' (2:38).
പ്രലോഭനത്തിന്റെ കല്‍പ്പടവുകളില്‍ ഇടറി വീഴാതിരിക്കാനായി മാര്‍ഗദര്‍ശകരായ പ്രവാചകന്മാരെയും വേദങ്ങളെയും സമ്മാനിച്ച് കൊണ്ട് അല്ലാഹു വാക്ക് പാലിച്ചു. പക്ഷേ വിശ്വാസികളെന്നവകാശപ്പെടുന്നവര്‍ക്ക് മറവി പറ്റിക്കൊണ്ടിരിക്കുന്നു.  ഇന്‍സാന്‍ (മനുഷ്യന്‍) എന്ന അറബിപദത്തില്‍ മറവിക്കാരന്‍ എന്ന അര്‍ഥവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആസക്തികളാലും പ്രലോഭനങ്ങളാലും ഇടറി വീഴുമെങ്കിലും  വെളിച്ചത്തിന്റെ തുരുത്തുകളില്‍ അവന്‍ അവനെ വീണ്ടെടുത്ത് തിരിച്ചറിയാറുണ്ട്.
'അലസ്തു ബി റബ്ബിക്കും'  (ഞാനല്ലയോ നിങ്ങളുടെ റബ്ബ്)
'ബലാ' (പിന്നല്ലാതെ)
പിന്നെന്തായാലെന്ത്!
അല്ലാഹു അക്ബര്‍ (പരംപൊരുളായ അല്ലാഹു  മഹത്ത്വം നിറഞ്ഞവന്‍)
ഈ വിശ്വാസം ആത്മാവിലേക്കാവാഹിക്കുമ്പോള്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ഒരു നിര്‍ഭയത്വമുണ്ട്. ഈമാന്‍ (വിശ്വാസം) ശരിയായി  ഉള്‍ക്കൊള്ളുമ്പോള്‍ അംന് (സമാധാനം) വരേണ്ടതുണ്ട് എന്നത് തന്നെയാണ് ഇസ്‌ലാമിക പാഠം. ലോക സ്രഷ്ടാവായ അല്ലാഹുവോട് ചേര്‍ന്ന് നില്‍ക്കുമ്പോഴല്ലാതെ മറ്റെപ്പോഴാണ് അത് കിട്ടുക. സമാധാനത്തിന്റെ ഗേഹത്തിലേക്കാണല്ലോ അവന്റെ ക്ഷണം. അത് കൊതിക്കാത്ത വിശ്വാസികളുണ്ടോ! ജീവിതത്തിലും ജീവിതാനന്തരത്തിലും ഒക്കെ സമാധാനമാണ് അവരുടെ ലക്ഷ്യം.
ഒരുപക്ഷേ ഈ മോഹത്തെ സ്വഹാബികള്‍ക്കിടയില്‍ വേരൂന്നിയെടുക്കാനാണ് ആദ്യ കാലങ്ങളില്‍  നബി തിരുമേനി  പരിശ്രമിച്ചു കൊണ്ടിരുന്നത്. പ്രവാചകത്വം ലഭിച്ച ശേഷമുള്ള പത്തു പന്ത്രണ്ട് വര്‍ഷം ഈ വിശ്വാസത്തെ ചെത്തി മിനുക്കി ഉറപ്പിച്ചപ്പോള്‍ ബാക്കി ഒക്കെ എളുപ്പമായി. ഓരോ ജീവിത സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു വേണ്ടി അവര്‍ കൊതിച്ചു. വിണ്ണില്‍ നിന്ന്  വേദ വചനങ്ങള്‍ ഉതിര്‍ന്നു വീണു. ആയത്തുകള്‍ സൃഷ്ടിച്ച  മനുഷ്യര്‍ക്ക് വേണ്ടി വചനങ്ങളിറങ്ങിയോ അതോ വചനപ്പൊരുള്‍  അനുധാവനം ചെയ്തവര്‍ ആയത്തുകള്‍ സൃഷ്ടിച്ചതോ എന്ന് പറയാനാവാത്ത വിധം നന്മകള്‍ നിറഞ്ഞു നിന്ന കാലഘട്ടം. തിരുദൂതര്‍ ഭൂമിയില്‍ ഉണ്ടുറങ്ങിയ  കാലഘട്ടം. മാലാഖമാര്‍ പോലും ഭൂമിയില്‍ വിരുന്നുവന്ന ആ കാലത്തിലെ പ്രാര്‍ഥനകളുടെ ജീവവായുവായിരിക്കാം ഇന്നും മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പിന് ഇന്ധനമേകുന്നത്.
ആകാശത്തിനും ഭൂമിക്കുമിടയിലെ ബന്ധമറ്റു  പ്രവാചകന്‍ വിട വാങ്ങിയപ്പോള്‍. വിശ്വാസികള്‍ക്ക് അല്ലാഹുവും വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും  ബാക്കിയായി. ഏതൊരു സമൂഹത്തിലും എന്ന പോലെ മൂല്യച്യുതിയും വിശ്വാസനഷ്ടവും മുസ്‌ലിംകളെയും ബാധിച്ചിരിക്കാം. ദുന്‍യാവിലെ ആസക്തികളോടുള്ള ഭ്രമം  കൊണ്ടും  മരണത്തെ പേടിച്ചു  കൊണ്ടും ശത്രുക്കള്‍ക്കു മുന്നില്‍ പെരുമഴയില്‍ ഒലിച്ചുപോകുന്ന ചണ്ടികളായി അവര്‍ മാറിയിരിക്കാം. ഭയവും ആധിയും അവരെ വരിഞ്ഞു മുറുക്കിയിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടവര്‍ ഏത് പ്രതിസന്ധിയിലും വീണ്ടെടുക്കുന്ന ചില തിരുശേഷിപ്പുകളുണ്ട്. ഭൂമിയില്‍ ഒരു ദുരധികാരിയുടെയും അക്രമിയുടെയും അടിമയായി ജീവിക്കാനുള്ളതല്ല തന്റെ ജീവനും ജീവിതവുമെന്ന ബോധ്യം. ആ ബോധ്യം വലിഞ്ഞു മുറുകുമ്പോള്‍ അവരറിയാതെ മന്ത്രിച്ചു പോവും.
'അല്ലാഹു അക്ബര്‍'
ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി. അവള്‍ തന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് നാം ഈയിടെ കണ്ടതാണ്. വെറുപ്പിന് വശംവദരായി വേട്ട മൃഗങ്ങളെ പോലെ ആര്‍ത്തിരമ്പി വന്ന  വംശീയ ഭ്രാന്തന്മാരുടെ നടുവിലൂടെ നടന്നു പോകുമ്പോള്‍ അവള്‍ക്ക് ധൈര്യവും സമാധാനവും നല്‍കിയത് ആ ബോധ്യമാണ്. ഒറ്റയിലുള്ളവള്‍ക്ക്  കൂട്ടായി ഒറ്റയായ അല്ലാഹു ഉണ്ടെന്ന്. അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റി ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ക്കുള്ള സമാധാനവും രക്ഷയും അവന്റെ പക്കലുണ്ടെന്ന ബോധ്യം.  അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതില്ല എന്നത് അവരുടെ വിമോചനത്തിന്റെയും ഭയമില്ലായ്മയുടെയും  മോചന മന്ത്രമായി മാറുന്നു.
ചരിത്രത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒറ്റയും ഒറ്റപ്പെട്ടവരും ചേര്‍ന്ന് വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ ഗാഥകളുണ്ട്. അവരുടെ പോരാട്ടങ്ങളിലും ദുഃഖ നിര്‍മാര്‍ജനത്തിലും രാസത്വരകമായി വര്‍ത്തിക്കുന്ന ഇത്തരം വിമോചന മന്ത്രങ്ങളില്‍ വര്‍ഗീയത തിരയുന്നവരെയും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. സ്വന്തം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു മര്‍ദിത ജനത പ്രതീക്ഷ അര്‍പ്പിച്ചു ചുറ്റും നോക്കിയിട്ടുണ്ട്, മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിവേചനം സംഭവിക്കുമ്പോള്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ അവരുടെ കൂടെ കാണുമെന്ന്. ഇസ്‌ലാമോഫോബിയയുടെ വിവിധ നിറങ്ങള്‍ നിറഞ്ഞാടുമ്പോള്‍ ആ പ്രതീക്ഷകള്‍  അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞു താന്‍ ഒറ്റക്കാണെന്ന് തിരിച്ചറിയുന്ന പെണ്‍കുട്ടിയോ സമുദായമോ അവരുടെ വിമോചന മന്ത്രം ഉരുവിട്ടു പോവുന്നത് യാദൃഛികമല്ല. അത് അക്രമോല്‍സുക ഹിന്ദുത്വം  വിളിക്കുന്ന ജയ് ശ്രീറാമിനോട് ചേര്‍ത്ത് വെച്ച് വേട്ടക്കാരെയും ഇരയെയും നാണയത്തിന്റ ഇരുവശങ്ങളാക്കി മീന്‍ പിടിക്കുന്ന ദാരിദ്ര്യം ലിബറല്‍, പുരോഗമന രാഷ്ട്രീയക്കാര്‍ എന്നവകാശപ്പെടുന്നവര്‍ പോലും പേറുന്നുണ്ട് താനും.
അല്ലാഹു എന്നത് തങ്ങളുടെ മാത്രം ദൈവമാണെന്ന് മുസ്‌ലിംകള്‍ക്ക് വാദമില്ല.  ലോകത്തെ മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ  ദൈവമാണ് ഉള്ളതെന്നും അവനിലേക്കാണ് എല്ലാവരും മടങ്ങേണ്ടി വരിക എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആ സ്രഷ്ടാവിന്റെ പേര് അല്ലാഹു എന്നോ യഹോവ എന്നോ പരമേശ്വരന്‍ എന്നോ  ഒക്കെ വിവിധ ഭാഷകളില്‍, സമുദായങ്ങളില്‍ പ്രയോഗിക്കുന്നവര്‍ ഉണ്ടാകാം. ആര്‍ ഏതു പേരില്‍ വിളിച്ചാലും, അഭയം തേടിയാലും നന്മ ചെയ്യുന്നവരുടെ പരിദേവനങ്ങള്‍ അവന്‍ കേള്‍ക്കുക തന്നെ ചെയ്യും. രക്ഷിക്കാനുള്ള മാനദണ്ഡം നീതിയുടെ പക്ഷത്തായിരിക്കുക എന്നായിരിക്കെ അക്രമികളുടെ ആക്രോശത്തിനും മര്‍ദിതരുടെ നിശ്വാസത്തിനും ഒരേ ശബ്ദമാണെന്ന് തോന്നുന്നവര്‍ വേട്ടക്കാരോടൊപ്പമാണ് എന്നും തിരിച്ചറിയാം.  ഏകനായ അല്ലാഹുവില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ അവരുടെ നിത്യ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന ഒരുപാട് കപട ദൈവങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ് എന്നും വായിക്കാം. ദുരധികാരം, ആസക്തി, പണം, വിഗ്രഹങ്ങള്‍, മനുഷ്യ ദൈവങ്ങള്‍ ഇതൊക്കെ ദൈവസമാനമായി ആരാധിക്കപ്പെടുന്ന ആധുനിക കാലത്ത് പ്രപഞ്ച സ്രഷ്ടാവിലേക്കുള്ള മടക്കമാണ് ഇസ്‌ലാം പ്രബോധനം ചെയ്യുന്നത്. അല്ലാഹുവിനുള്ള ഒരു സുജൂദ്, മറ്റൊരായിരം സുജൂദുകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും എന്ന് മഹാകവി ഇഖ്ബാല്‍ പാടിയത് വെറുതെയല്ല. 
ഇങ്ങനെ മാനവികമായി വായിക്കപ്പെടേണ്ട ഒരാശയത്തിന്റെ ചൈതന്യത്തിലാണ്, വര്‍ണത്തിന്റെയോ സമുദായത്തിന്റെയോ നാടിന്റെയോ മതത്തിന്റെയോ പേരില്‍ മറ്റൊരു മനുഷ്യന് വിധേയനായി കഴിയേണ്ടവനല്ല താന്‍ എന്ന ബോധ്യം ഒരു മുസ്‌ലിം ആര്‍ജിച്ചെടുക്കുന്നത്. സ്വാതന്ത്ര്യ കുതുകികളായ  ചില മനുഷ്യരെങ്കിലും അത് തിരിച്ചറിയുകയും ഈ ആദര്‍ശത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്താനും.
സമകാലീന ഇന്ത്യയില്‍  തീവ്ര  ഹിന്ദുത്വ  സംഘടനകള്‍ കൊണ്ട് നടക്കുന്ന ഇസ്‌ലാംവിരോധത്താലും, ഭരണകൂടങ്ങളെയും ബ്യുറോക്രസിയെയും ബാധിച്ച ഇസ്‌ലാമോഫോബിയ മൂലം  സംഭവിക്കുന്ന നീതിനിഷേധങ്ങളാലും അടിച്ചമര്‍ത്തപ്പെടുന്ന  ഈ സമുദായം അതീജീവനം തേടുന്നത് ഇത്തരം വിശ്വാസങ്ങളിലും, മന്ത്രങ്ങളിലുമാണ്. നമ്മള്‍ പിടിക്കപ്പെട്ടു പോയില്ലേ എന്നാശങ്ക പൂണ്ട സഹചരനോട് തിരുനബി പറയുന്നുണ്ട് 'പേടിക്കേണ്ട, നമ്മള്‍ രണ്ടുപേരെങ്കിലും മൂന്നാമനായി അല്ലാഹു നമ്മോടൊപ്പമുണ്ട്.' വേട്ടയാടുന്ന ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോവുന്ന സന്ദര്‍ഭത്തില്‍ ഒളിച്ചിരിക്കേണ്ടിവന്ന ഗുഹയിലെ സംഭാഷണമാണ്. ദുരധികാരി ആയി ഫറോവയും കിങ്കരന്മാരും വന്‍ സന്നാഹവുമായി പിടിക്കാന്‍ വന്നപ്പോള്‍  മൂസാ നബിയുടെ പ്രതീക്ഷയും അല്ലാഹുവില്‍ നിന്നുള്ള സഹായത്തിലായിരുന്നു. ഇങ്ങനെയുള്ള ചരിത്രങ്ങള്‍ അയവിറക്കുന്ന മുസ്‌ലിം കുട്ടികള്‍ അപ്രതീക്ഷിതമായ അക്രമങ്ങള്‍ക്കു നടുവിലും, പ്രതീക്ഷിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കിടയിലും അല്ലാഹുവിനെ ഭരമേല്‍പിക്കാന്‍ തീരുമാനിക്കുന്നതില്‍ എന്തതിശയം!  അവരുടെ രക്ഷകനായി അല്ലാഹു എത്തും എന്നുള്ള വിശ്വാസം ബോധ്യമായി പരിവര്‍ത്തിക്കപ്പെടുന്ന പരീക്ഷണ നാളുകളെ അവര്‍ ഭയക്കുന്നില്ലതാനും.
ഗ്രാമത്തിലെ ചിത്രകാരനെ കുറിച്ചാണ് ജനങ്ങള്‍ മുഴുവന്‍ സംസാരിക്കുന്നത്. രാജാവിന് സഹിച്ചില്ല. എന്നെ കുറിച്ച് മാത്രമല്ലേ പ്രജകള്‍ വാഴ്ത്തുപാട്ടുകള്‍ പാടേണ്ടത്? ദുരധികാരി  ചിത്രകാരനെ പിടിച്ചു തടവിലാക്കി. കൂരിരുട്ടുള്ള തടവറ. ഇരുട്ടിനെകുറിച്ചു പരാതി പറഞ്ഞ ചിത്രകാരനെ  രാജാവ് പരിഹസിച്ചു.
വല്യ വരക്കാരനല്ലേ, വെളിച്ചത്തെ വരച്ചാല്‍ പോരെ? അതായി പിന്നത്തെ അത്ഭുതം. കരിങ്കല്‍ ഭിത്തിയില്‍ ചിത്രകാരന്‍ കോറിയ കിളിവാതില്‍  ചിത്രത്തിലൂടെ ദിവ്യപ്രകാശം തുറുങ്കിലേക്ക്! വിവരം രാജാവിന്റെ ചെവിയിലെത്തി.  അത്ഭുതകാഴ്ച കാണാന്‍ രാജാവെത്തി. അപ്പോഴും രാജാവിന് പരിഹാസം തന്നെ.
'അത്ര കേമനെങ്കില്‍ കിളിവാതിലിലൂടെ  രക്ഷപ്പെടാമായിരുന്നില്ലേ?'
പിന്നെ താമസിച്ചില്ല.
മര്‍ദിതന്‍  തുറുങ്കില്‍നിന്ന് കിളിവാതിലിലൂടെ പറന്നു പോയി.
പണ്ട് വായിച്ച കഥയാണ്. നീതി നിഷേധത്തിലും അടിച്ചമര്‍ത്തലിലും വഴങ്ങുന്ന ഒരാദര്‍ശമല്ല ഇസ്‌ലാമിന്റേത്. പോരാടാനും അല്ലെങ്കില്‍ മരണമെന്ന ജനലിലൂടെ പരലോകത്തിന്റെ വിശാലതയിലേക്കു പറക്കാനും മാത്രം കരുത്തുണ്ടതിന്. അതുകൊണ്ടാണ് പ്രചണ്ഡമായ ഇസ്‌ലാംവിരുദ്ധ കോലാഹലം  നടക്കുമ്പോഴും സമുദായത്തില്‍ പലര്‍ക്കും സമാധാനം കൈവിടാതെ ജീവിക്കാന്‍ സാധിക്കുന്നത്.  ജനാധിപത്യ രീതിയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരോധിക്കപ്പെടുക, അവകാശങ്ങള്‍ നിഷേധിക്കപ്പെടുക ഒക്കെ സംഭവിക്കുമ്പോഴാണ് സമൂഹം അരാജകത്വത്തിലേക്ക് ഇടറി വീഴുക. നീതി നിഷേധിക്കപ്പെടുന്ന ജനത നിയമലംഘനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്  എന്നതിന് ഇന്ത്യാ ചരിത്രം തന്നെ സാക്ഷിയാണ്. അതിലേക്ക് വഴുതി വീഴാതെ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അപ്പോഴും വര്‍ഗീയ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ന്യായമായ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍  ഈ ജനത അവരുടെ വിമോചന മന്ത്രം നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യും.
അല്ലാഹു അക്ബര്‍.
അല്ലാഹു ഉണ്ടെന്ന വിശ്വാസം പോലെ തന്നെ പ്രധാനമാണ് അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നുള്ളതും. അത് നേരും നന്മയും ആധാരമാക്കി സാമൂഹിക നീതി ഉറപ്പു വരുത്തുന്ന ഒരുപാട് സാന്മാര്‍ഗിക നിര്‍ദേശങ്ങളും പ്രായോഗിക പരിപാടികളും ചേര്‍ന്നിട്ടുള്ളതുമാണ്.  ആ നന്മകള്‍ ആര്‍ജ്ജിക്കാനുള്ള പോരാട്ടം അകത്തും പുറത്തും സംഭവിക്കുമ്പോഴാണ് ഒരാള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ ഉന്നതനായി പ്രതിഷ്ഠിക്കുന്നതെന്നും, അത്തരം മഹത്വ പ്രഘോഷങ്ങളാണ്  ദൈവിക സിംഹാസനത്തെ  കോരിത്തരിപ്പിക്കുക എന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്.  അത്തരം തിരിച്ചറിവിനും  ആത്മ നവീകരണത്തിനും കൂടിയുള്ളതാണ്  അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം. അങ്ങനെ നീതിക്കും, ന്യായത്തിനും വേണ്ടി പോരാടുന്നവരുടെ നിര്‍ഭയത്വത്തിനും, വിമോചനത്തിനും സാക്ഷിയായി ഉരുവിടപ്പെടുന്ന 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യം സമാധാനത്തിന്റെ സുഗന്ധം പരത്തുക തന്നെ ചെയ്യും.
ഭൂമിയിലും, ആകാശത്തിലും
അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍,  വലില്ലാഹില്‍ ഹംദ്.