അനുഭവം

എന്റെ ഇസ്ലാമിക ജീവിതത്തിന്റെ ആദ്യകാലം.
ഒരു പുതിയ പരിചയം, നോമ്പ് തുറക്ക് വിളിച്ചു. ആൾ സമ്പന്നനാണ്. എന്നോട് കാണിച്ചത് നിറഞ്ഞ സ്നേഹവും. അവിടെ എത്തുമ്പോൾ വീട്ടുമുറ്റത്തു ടേബ്ൾ ഒക്കെ ഇട്ട് വലിയ ഒരുക്കങ്ങൾ. ഈ സംഭവം മുൻ പരിചയമില്ലാത്തതിനാലുള്ള പരുങ്ങൽ എനിക്കുണ്ട്.

കുറേ ആളുകൾ വന്നുചേർന്നു. ഞാൻ ഒതുങ്ങിക്കൂടി.
നോമ്പ് തുറക്കുമ്പോൾ തന്നെ ഒരുപാട് വിഭവങ്ങൾ, ജ്യൂസുകൾ, പഴവർഗങ്ങൾ.
നന്നായി കഴിച്ചു… അടുത്തുള്ള പള്ളിയിലെ മഗ്‌രിബ് നമസ്കാരശേഷം ഞാൻ മടങ്ങി. ഒരാളെ നോമ്പ് തുറപ്പിച്ച പുണ്യം വലുതാണ്. അദ്ദേഹം നന്നായി തന്നെ എന്നെയും മറ്റു പലരെയും നോമ്പ് തുറപ്പിച്ചല്ലോ. അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചു.
നോമ്പ് തുറ വിശേഷങ്ങൾ ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോഴാണ് ഞാൻ ചെയ്ത അബദ്ധം പിടി കിട്ടിയത്.

ഒറിജിനൽ ഭക്ഷണം വരാനിരിക്കുന്നതേയുള്ളൂ! നിസ്കാര ശേഷം ഞാൻ തിരിച്ചുചെല്ലേണ്ടിയിരുന്നു. അതിലാണ് മികച്ച ഐറ്റങ്ങൾ ഉണ്ടാവുക എന്ന്!
പാവം ഞാൻ…
ഓരോരോ അനുഭവങ്ങളല്ലേ?
ഇപ്പോൾ ചിരിയോർമയും. ഇഫ്ത്വാറിന്റെ ഓർമ പങ്കുവെക്കുമ്പോൾ ഈ സംഭവം എന്നിൽ നിറയാറുണ്ട്. ധാരാളിത്തത്തിന്റെ വേഷപ്പകർച്ചയുമായെത്തുന്ന നോമ്പുതുറകൾ റമദാന്റെ ചൈതന്യം കെടുത്താറുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം എഴുതിയത്. പക്ഷേ, ദാഹം ശമിച്ചും ഞരമ്പുകള്‍ കുളിരണിഞ്ഞും, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായെന്നും പറഞ്ഞുപോവുന്ന എത്രയോ വൈവിധ്യമേറിയ ഇഫ്ത്വാർ ഓർമകളുണ്ട്.

ഒരു കാരക്ക മാത്രം കൈയിൽ വെച്ച് അപരിചിതമായ സ്ഥലത്തുകൂടി സഞ്ചരിക്കുകയാവും, അല്ലെങ്കിൽ ട്രെയിനിലായിരിക്കും. സമയമായോ എന്ന ആശങ്കയോടെ നിങ്ങൾ എന്തോ തെരഞ്ഞു നടക്കും. അതാ പങ്കുവെക്കപ്പെടാൻ ഒരാളെ കിട്ടിയെങ്കിൽ എന്ന ആശയോടെ ഒരു കുപ്പി വെള്ളവും കുറച്ചു പഴങ്ങളുമായി ഒരാൾ. പടച്ചോനെ കാണുന്ന സന്തോഷം പോലെ, നിങ്ങൾക്ക് ഒരിറക്ക് വെള്ളം നീട്ടുമ്പോൾ അയാൾക്ക് കിട്ടുന്ന ആനന്ദം ശ്രദ്ധിച്ചിരുന്നോ? ഇഫ്ത്വാറുകൾ സൃഷ്ടിക്കുന്ന സാമൂഹിക മാനം അതുല്യമാണ്. വിശപ്പകറ്റുന്നതിലും ഭക്ഷണം പങ്കുവെക്കപ്പെടുന്നതിലും ഇഫ്ത്വാറുകൾ മനോഹരമായ മാതൃകയാണ്.

“അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ വ്രതം അനുഷ്ഠിച്ചു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിച്ചിരിക്കുന്നു” എന്നൊരാളെക്കൊണ്ട് പറയിപ്പിക്കാൻ മാത്രം ആകസ്മികതകളും അത്ഭുതങ്ങളും നിറഞ്ഞ നോമ്പുതുറ അനുഭവങ്ങൾ ഓരോരുത്തർക്കുമുണ്ടാവും.
പ്രവാസ ജീവിതം ആരംഭിച്ചപ്പോഴാണ് ഇഫ്ത്വാറുകൾ നാനാ ജാതി മതസ്ഥരും പങ്കെടുത്ത് വിശപ്പകറ്റി പോവുന്ന ഉത്സവമായി അനുഭവപ്പെട്ടത്. ഇവിടെ ഷാർജയിൽ സജ പോലുള്ള ലേബർ ക്യാമ്പുകളിൽ സംഘടിപ്പിക്കുന്ന ഇഫ്ത്വാറുകളിൽ പതിനായിരങ്ങളാണ് പങ്കെടുക്കുക. വിവിധ ക്യാമ്പുകളിൽ ഇഫ്ത്വാർ ഒരുക്കാനും പങ്കെടുക്കാനുമായി പല ജാതി - മതസ്ഥർ ഒത്തുചേർന്നു കൊണ്ട് നടക്കുന്ന നോമ്പ്തുറകൾ മനുഷ്യ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകകൾ സൃഷ്ടിക്കുന്നു.
ഇസ്ലാമിലെ വ്രതത്തെ കുറിച്ച് ബെഗോവിച്ച് വിശേഷിപ്പിച്ചത് union of asceticism and joy എന്നായിരുന്നു.

നോമ്പിൽ ഒഴിവാക്കപ്പെടുന്നത് വിശപ്പ് മാത്രമല്ലല്ലോ. എല്ലാ ആസക്തികളെയും അമർത്തിവെക്കുന്നുണ്ട്. ആ വർജനത്തിന്റെ പകലിനു ശേഷം ആരാധനകളുടെ രാത്രി. അതിൽ ഭക്ഷണവും ലൈംഗികതയും ഒക്കെ ഉണ്ടാവാമെന്ന ആനന്ദവുമുണ്ട്. പകലിനും ഇരവിനും അതിന്റെതായ ആനന്ദവും സമർപ്പണവുമുണ്ട്. ഒന്നിന്റെ അഭാവത്തിൽ മറ്റൊന്നിന് പൂർണതയില്ലാത്ത വിധം രണ്ടിനെയും ചേർത്തുനിർത്തുകയാണ് ഇസ്ലാം ചെയ്യുന്നത്.

ജീവിത ശൈലികൾ കോവിഡ് മഹാമാരി മാറ്റിമറിക്കും മു് എല്ലാ പള്ളികൾക്കും മുിൽ കാണും നീണ്ട വരികൾ. മഗ്‌രിബിന്‌ മുേ അവിടെ വന്നിരിക്കുന്ന അവരുടെ മതമോ ജാതിയോ പരിശോധിക്കപ്പെടാറില്ല. നോമ്പെടുത്തോ എന്നത് പോലും പ്രസക്തമല്ല. ഭക്ഷണം ആർക്കുമുണ്ടാകും. റമദാനിലെ പ്രവാസജീവിതത്തിന് അതുകൊണ്ടുതന്നെ ചെലവ് കുറവാണ്. ആ മിച്ചം നാട്ടിലെയോ മറ്റു സ്ഥലങ്ങളിലെയോ ആവശ്യക്കാർക്ക് എത്തിക്കാൻ സന്മനസ്സ് കാണിക്കുന്നവരുമുണ്ട്. 'നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുമ്പോൾ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും' എന്ന പ്രവാചക വചനത്തിന്റെ സാക്ഷാത്കാരത്തിനായി ജീവിതം സമർപ്പിക്കുന്ന ഒരുപാട് മനുഷ്യരെ നിങ്ങൾക്ക് ഇഫ്ത്വാർ വേളകളിൽ കണ്ടെത്താനാവും.

കോവിഡ് മനുഷ്യരെ അകറ്റിനിർത്തിയതു പോലെ ഇഫ്ത്വാർ കൂട്ടായ്മകളെ തളർത്തിയിട്ടുമുണ്ട്. പള്ളികൾക്കു മുിൽ ഒരുക്കിയ ഇഫ്ത്വാർ ടെന്റുകളിൽ ഒന്നിച്ചിരുന്നു ഭക്ഷണം പങ്കുവെക്കുന്നതിനു പകരം ഇപ്പോൾ പാക്കറ്റുകൾ നൽകുക പതിവായിരിക്കുന്നു. കോവിഡിൽ തുടങ്ങിയ ആ ശീലം ഈ വർഷം മാറുമോ എന്ന പ്രതീക്ഷയിലാണ് ഇവിടെ യു.എ. ഇയിലെ പ്രവാസികൾ. സുഹൃത്ത് മനോജ് കഴിഞ്ഞ ആഴ്ചയും വിളിച്ചുചോദിച്ചു, ഈ വർഷം പഴയപോലെ ആവുമോ? ലേബർ ക്യാമ്പുകളിൽ നോമ്പ്തുറക്ക് വേണ്ടി ഓടിപ്പാഞ്ഞു നടക്കുന്ന ലഹരി ആവോളം അനുഭവിക്കുന്ന ഒരു മനുഷ്യനാണ്. ഒരിക്കൽ പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ അവൻ പറഞ്ഞിരുന്നു, ഗൾഫിലെത്തിയശേഷം ജീവിക്കുന്നു എന്ന തോന്നൽ ശക്തമായി ഉണ്ടാവുന്നത് ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോഴാണെന്ന്.
റമദാന്റെ ധന്യത പൂത്തുലയുന്ന മനോഹര വേളയാണ് ഇഫ്ത്വാർ.