എൻ.എം ഹുസൈൻ രചിച്ച 'ഹിറ്റ്ലർ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു? ' എന്ന ഗവേഷണ ഗ്രന്ഥത്തിൽ, ആധുനിക ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വവും വിചിത്രവും എന്നാൽ ഭയാനകവുമായ ഹിറ്റ്ലറുടെ അധികാര വാഴ്ചയ്ക്കും അതിന്റെ അസാമാന്യ വേഗത്തിലുള്ള തകർച്ചയ്ക്കും സാക്ഷിയായ പതിനൊന്നു വർഷങ്ങളാണ് വിശകലനം ചെയ്യപ്പെടുന്നത്. 1933 ജനുവരി 30-നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി അധികാരമേൽക്കുന്നത്. നാസി പാർട്ടി ആയിരം വർഷം ജർമനി ഭരിക്കുമെന്നായിരുന്നു അധികാരാരോഹണ വേളയിലെ ഹിറ്റ്ലറുടെ പ്രഖ്യാപനം; എന്നാൽ സംഭവിച്ചതോ? അധികാരത്തിലേറി ഒരു ദശാബ്ദം മാത്രം പിന്നിടുന്ന വേളയിൽ 1945 ഏപ്രിൽ 30-ന് ഹിറ്റ്ലർക്കും ഭാര്യ ഈവ ബ്രൗണിനും ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നു. നാസീ ഭരണകൂടത്തിലെ രണ്ടാം സ്ഥാനക്കാരനായി കരുതപ്പെട്ടിരുന്ന ഡോ. ജോസഫ് ഗീബൽസും തൊട്ടടുത്ത ദിവസം കുടുംബ സമേതം ആത്മഹത്യ ചെയ്തു. ഹിറ്റ്ലർ ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രിയും നാസി ഭീകരതകളുടെ രാജശിൽപിയുമായി അറിയപ്പെട്ടിരുന്ന ഹൈനറിച്ച് ഹിംളറും ആത്മഹത്യയുടെ മാർഗം തന്നെയാണ് തെരഞ്ഞെടുത്തത്. നേതാക്കളുടെ വഴിയിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച നാസികളുടെ എണ്ണം ചെറുതല്ല; 1945-ൽ ബെർലിൻ നഗരത്തിൽ മാത്രം സ്വയം മരണത്തെ പുൽകിയവരുടെ എണ്ണം ഏഴായിരം വരുമത്രേ!
അത്യന്തം വിചിത്രമെന്ന് തോന്നിയേക്കാവുന്ന ചരിത്രത്തിലെ ഈ പ്രഹേളിക എങ്ങനെയാണ് വിശദീകരിക്കാനാവുക? ആധുനിക അധികാര സ്വരൂപങ്ങളുടെ ചരിത്രത്തിൽ ഒരു കൊള്ളിയാൻ കണക്കേ ഉദ്ഭവിക്കുകയും ദുരന്ത പര്യവസായിയായി തിരോഭവിക്കുകയും ചെയ്ത ഒന്നായിരുന്നുവല്ലോ നാസി പ്രസ്ഥാനം. അതിന്റെ പ്രയാണ പഥങ്ങളിലൂടെയുള്ള സൂക്ഷ്മമായ പര്യവേക്ഷണമാണ് എൻ.എം ഹുസൈന്റെ ഈ പുസ്തകം.
സവിശേഷമായ സാമൂഹിക സാഹചര്യങ്ങളോട് വ്യക്തികളും സമൂഹങ്ങളും പ്രതികരിക്കുന്നതിന്റെ രീതിശാസ്ത്രം പഠന വിധേയമാക്കാൻ കൂടി ഗ്രന്ഥകാരൻ മുതിർന്നിട്ടുണ്ട്. സമകാലിക സാമൂഹിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും സാമൂഹ്യ ശാസ്ത്ര പഠിതാക്കൾക്കെന്നപോലെ, രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങൾക്കും ഇത്തരം പഠനങ്ങൾ ഏറെ ഗുണം ചെയ്യും. നാസി വംശവെറിയുടെ പകർന്നാട്ടങ്ങൾക്ക് അരങ്ങ് തേടുന്ന വർത്തമാന കാല സാഹചര്യം, തീർച്ചയായും ഇത്തരം പഠനങ്ങൾ ആവശ്യപ്പെടുന്നതു തന്നെ.
വായനക്കാരിൽ കൗതുകമുണർത്താൻ പോന്ന ഒട്ടനവധി വിവരങ്ങളും, അപൂർവമായ അനേകം ചിത്രങ്ങളും ഈ രചന ഉൾക്കൊള്ളുന്നുണ്ട്. ഫാഷിസത്തിന്റെ കാൽപ്പെരുമാറ്റത്തിൽ വേപഥു കൊള്ളുന്ന ഏതൊരു ജനസമൂഹത്തിനും ശുഭ പ്രതീക്ഷ പകരാൻ പോന്ന നിരവധി ഉൾക്കാഴ്ചകളും ഗ്രന്ഥം പ്രദാനം ചെയ്യുന്നു. മുക്കാൽ നൂറ്റാണ്ടു മുമ്പ് കഥാവശേഷനായ ഒരു വ്യക്തിയുടെ മരണ കാരണം ചികയുന്നതിനപ്പുറം ഈ രചന കാലിക പ്രസക്തമായിത്തീരുന്നതും അതുകൊണ്ടാണ്.
പൂർണമായും ആധികാരിക സ്രോതസ്സുകളെയാണ് ഗ്രന്ഥകർത്താവ് തന്റെ രചനയ്ക്കായി ആധാരമാക്കിയിട്ടുള്ളത്. ഇംഗ്ലീഷിനു പുറമേ ജർമൻ, ഫ്രഞ്ച് ഭാഷകളിലുള്ള രേഖകളും പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഹിറ്റ്ലറുടെ ഏക രചനയായ മെയിൻ കാംഫിന്റെ ആദ്യ പതിപ്പും, ഹിറ്റ്ലറുടെ പ്രസംഗങ്ങളുടെ സമ്പൂർണ സമാഹാരവും മുതൽ, അംഗരക്ഷകന്റെയും സ്വകാര്യ ഡോക്ടറുടെയും വിവരണങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ്, അമേരിക്കൻ, റഷ്യൻ സൈനിക രേഖകൾ, സമകാലികരുടെ അനുസ്മരണങ്ങൾ, ചരിത്ര കൃതികൾ, യുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്ത അക്കാലത്തെ പത്രങ്ങൾ, രഹസ്യാന്വേഷണ ഏജൻസികളുടെ ഡീ ക്ലാസിഫൈ ചെയ്യപ്പെട്ട ഫയലുകൾ, സൈനിക ചരിത്ര രേഖകൾ, ന്യൂറംബെർഗ് വിചാരണാ കോടതി നടപടിക്രമങ്ങൾ എന്നിങ്ങനെ ഗ്രന്ഥകാരൻ കടന്നുപോയ രേഖകളുടെ വൈപുല്യം ആരിലും അന്ധാളിപ്പ് ഉളവാക്കും.
കൊടുങ്ങല്ലൂരിലെ ഇ-പബ്ലികയാണ് പുസ്തകത്തിന്റെ പ്രസാധകർ. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ആമസോണിലും പുസ്തകം ലഭ്യമാണ്. സരളമായ ആഖ്യാന രീതിയും മികച്ച അച്ചടിയും രചനയ്ക്ക് കൂടുതൽ പാരായണക്ഷമത നൽകുന്നുണ്ട്. കാലികപ്രസക്തിയും ചരിത്ര പ്രാധാന്യവും ഒരുപോലെ മേളിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രസാധനം മികച്ച വിപണന സാധ്യത ഉറപ്പുവരുത്താൻ കഴിയുന്ന പ്രഫഷണൽ പ്രസാധകരിലൂടെയായിരുന്നുവെങ്കിൽ കൂടുതൽ പ്രയോജനപ്രദമായേനെ! l