അറിയപ്പെടുന്ന പണ്ഡിതൻ മുഹമ്മദ് ത്വാഈ മൗലവി കാസർകോട് ബോർഡ് ഹൈസ്കൂളിൽ അറബി അധ്യാപകനും, മദ്റസത്തുൽ ആലിയയുടെ സജീവ പണ്ഡിത നേതൃത്വവുമായിരുന്നു. ത്വാഈ ഉസ്താദ് എന്നാണ് പിൽക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത്. കാസർകോട് ബോർഡ് സ്കൂളിലെ ശിഷ്യൻ എന്ന നിലക്ക് എന്റെ ജ്യേഷ്ഠന് ത്വാഈ ഉസ്താദുമായി വ്യക്തിബന്ധമുണ്ടായിരുന്നു. ഇച്ചാനെ അറബി പഠിപ്പിച്ചത് അദ്ദേഹമായിരുന്നു എന്നതാണ് കാരണം. പിന്നീട് ആലിയയുടെ പ്രിൻസിപ്പലുമായിരുന്നു ഉസ്താദ് ത്വാഈ മൗലവി.
ഹൈസ്കൂളിൽ അഡ്മിഷൻ ലഭിക്കാതെ തിരിച്ചുവന്ന എന്നെയും കൂട്ടി ഇച്ച, തന്റെ ഗുരുനാഥനായ ത്വാഈ ഉസ്താദിന്റെ അടുത്ത് ചെന്നു. എന്റെ ജീവിതത്തിന്റെ ഗതി നിർണയിച്ച സംഭവമായിരുന്നു അത്. ത്വാഈ ഉസ്താദ് എന്നെ ആലിയയിൽ ചേർക്കാൻ നിർദേശിച്ചു. അവിടെ അധ്യയന വർഷത്തിന്റെ അവസാനം, കൊല്ലപരീക്ഷ അടുത്ത സമയമാണ്. അപ്പോഴാണ് ഞാനവിടെ വിദ്യാർഥിയായി ചേർന്നത് - 1946-ലാണ് ഇത്. ശവ്വാൽ മുതൽ റമദാൻ വരെയാണ് അന്നത്തെ ആലിയയുടെ വിദ്യാഭ്യാസ വർഷം. ഞാൻ ചേരുമ്പോൾ പരീക്ഷക്ക് കുറച്ച് ആഴ്്ചകളേ ഉണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും ആ പരീക്ഷ എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ലല്ലോ. അന്നെനിക്ക് മലയാളം തന്നെ ശരിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഖുർആൻ ഓതാൻ പോലും അറിയില്ല. ഔത്ത്ന്ന് (അകം - വീട്) ഓതിക്കാറുണ്ടായിരുന്നു. പക്ഷേ, ശരിയായ രീതിയിൽ ഓതാനുള്ള കഴിവില്ല. അതിനാൽ, ആലിയയിൽ ചേർന്ന ആ കൊല്ലം പരീക്ഷയിൽ പാസാകില്ല എന്നുറപ്പാണല്ലോ. അതു തന്നെ സംഭവിച്ചു. അടുത്ത വർഷം അതേ ക്ലാസിൽ തന്നെ പഠനം തുടർന്നു. അങ്ങനെ, 1947 മുതൽ 1955 വരെ എട്ടുവർഷം ഞാൻ ആലിയയിൽ വിദ്യാർഥിയായി. എന്റെ വ്യക്തിത്വത്തെ, കഴിവുകളെ രൂപപ്പെടുത്തിയത് അന്നത്തെ മദ്റസത്തുൽ ആലിയ, ഇന്നത്തെ ആലിയ ഇന്റർനാഷ്ണൽ അക്കാദമിയാണ്.
ഇസ്സുദ്ദീൻ മൗലവിയുടെ സ്വപ്നം
ആലിയ ഒരു സ്വപ്നത്തിന്റെ സാഫല്യമാണ്. യാദൃഛികമായോ,
ഒരു സംഘത്തിന്റെ ചർച്ചകളിൽ നിന്നോ പിറവി കൊണ്ടതല്ല ഇങ്ങനെയൊരു കലാലയത്തെക്കുറിച്ച ആദ്യ ചിന്തകൾ. ഉമറാബാദിലെ വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാനത്തിൽ ഇസ്സുദ്ദീൻ മൗലവി കണ്ട മഹത്തായൊരു സ്വപ്നമായിരുന്നു മലബാറിൽ, ഉമറാബാദ് ദാറുൽ ഉലൂമിന് സമാനമായ മികച്ചൊരു ഇസ് ലാമിക കലാലയം പടുത്തുയർത്തുക എന്നത്. പാഠപുസ്തകങ്ങളിൽ മാത്രം മുഴുകിയ കേവലം അക്കാദമിക വിദ്യാർഥിയായിരുന്നില്ല അന്നേ മൗലവി. സമൂഹത്തിലേക്ക് തുറന്നു വെച്ച കണ്ണും കാതും മൗലവിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ സാമൂഹിക അവസ്ഥ, അതിന്റെ നേർക്കാഴ്ചകൾ മൗലവിയെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ലോകത്തിന് വെളിച്ചമാകേണ്ട ഉമ്മത്ത് അക്കാലത്ത് കടന്നുപോയിക്കൊണ്ടിരുന്നത് ഇരുട്ടിലൂടെയായിരുന്നു എന്നു പറയാം. വിശ്വാസം, വിദ്യാഭ്യാസം, സാമൂഹിക ജീവിതം, സാംസ്കാരിക മണ്ഡലങ്ങൾ, ആരാധനാ കർമങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും സമുദായത്തിലെ വലിയൊരു വിഭാഗം അജ്ഞതയിലായിരുന്നു. ഉമറാബാദിലെ അറിവനുഭവങ്ങളിലൂടെ മൗലവിയുടെ ജീവിതത്തിലേക്ക് വീശിയടിച്ച വെളിച്ചം, സാമൂഹികാവസ്ഥയിലെ ഇരുട്ടിനെ മനസ്സിലാക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. സമുദായത്തെ പൊതിഞ്ഞ അന്ധകാരം തിരിച്ചറിഞ്ഞ മൗലവി ഏറെ അസ്വസ്ഥനായി. പുസ്തകങ്ങളിൽ പഠിച്ചറിഞ്ഞ ഇസ്ലാമിലേക്ക്, ചരിത്രത്തിൽ തിളങ്ങിനിന്ന ഉമ്മത്തിന്റെ ഔന്നത്യത്തിലേക്ക് സമകാലിക മുസ്ലിം സമുദായത്തെ എങ്ങനെ നയിക്കാം എന്ന ആലോചനയിൽ നിന്നാണ് ഒരു മൗലിക പരിഹാരം മൗലവിയുടെ ചിന്തയിൽ ഉദിച്ചത്. പൗരാണികവും ആധുനികവുമായ വിഷയങ്ങൾ ചേർത്തുവെച്ച, മതപരവും ഭൗതികവും എന്ന് വേർതിരിക്കപ്പെട്ട വിജ്ഞാനീയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഉന്നത ഇസ്ലാമിക കലാലയം അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു. ഉമറാബാദ് ദാറുസ്സലാമിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തന്റെ സ്വപ്നം ഒരു പ്രബന്ധ രൂപത്തിൽ അദ്ദേഹം അവിടെ സമർപ്പിച്ചിരുന്നു.
അറിവ് അകം നിറഞ്ഞാൽ പിന്നെ അടങ്ങിയിരിക്കാൻ കഴിയില്ല എന്നതിന്റെ ജീവിക്കുന്ന മാതൃകയായി മൗലവിയെ പിന്നീട് നാം ചരിത്രത്തിൽ കാണുന്നു. തന്റെ സ്വപ്നത്തിന്റെ സാഫല്യത്തിന് വേണ്ടി ആ സൂഫിവര്യൻ നടന്നു തുടങ്ങി. തലശ്ശേരി മുതൽ മംഗലാപുരം വരെ അദ്ദേഹത്തിന്റെ വിയർപ്പ് തുള്ളികൾ ഉറ്റിവീണു. ഒരു ഉന്നത ഇസ്ലാമിക കലാലയം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലവും സന്നദ്ധരായ സമൂഹവും എവിടെയുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1930-കളിൽ, ചെറിയ രൂപത്തിലെങ്കിലും പ്രതീക്ഷ വെക്കാവുന്ന പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിക്കാൻ തെരഞ്ഞെടുത്തത്. പ്രഭാഷണ മികവുകൊണ്ട് ഈ പ്രദേശങ്ങളിലെല്ലാം ആളുകളെ ആകർഷിക്കാൻ മൗലവിക്ക് സാധ്യമായി. പല പ്രദേശങ്ങളിലും പ്രാഥമിക മതപാഠശാലകൾ അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഉയർന്നുവന്നു. വളപട്ടണം, തളിപ്പറമ്പ്, പഴയങ്ങാടി മുട്ടം, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ മദ്റസകൾക്ക് വിത്തിട്ടത് മൗലവിയാണ്. പക്ഷേ, പ്രാഥമിക മതപഠനം നിർവഹിക്കുന്ന ചെറിയ ചെറിയ സ്ഥാപനങ്ങൾ ആയിരുന്നില്ല മൗലവിയുടെ യഥാർഥ ലക്ഷ്യം.
സൗത്ത് കാനറ ജംഇയ്യത്തുൽ ഉലമ
ഉന്നത ഇസ്ലാമിക കലാലയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തനാകാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. നടന്നു തീർത്ത വഴികളിൽ പറഞ്ഞു തീർത്ത വാക്കുകളും തേഞ്ഞു തീർന്ന ചെരിപ്പുകളും അദ്ദേഹത്തെ നിരാശനാക്കിയില്ല. മറിച്ച്, തന്റെ ലക്ഷ്യം സഫലമാക്കാൻ വേണ്ടി പുതിയ ഒരു സമീപന രീതി സ്വീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. സൗത്ത് കാനറ ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘടനക്ക് മൗലവി രൂപം നൽകി. ഇസ്ലാമിക പണ്ഡിതന്മാരും മുസ്ലിം പൗരപ്രമുഖരും ഉൾപ്പെടുന്നതായിരുന്നു ഈ സംഘടന. 1940-ൽ ആയിരുന്നു ഇതിന്റെ പിറവി. കാസർകോടിനും കാഞ്ഞങ്ങാടിനും ഇടക്ക് അന്ന് കണ്ണിക്കുളങ്ങര എന്നറിയപ്പെട്ട, ഉദുമ ബസാറിലെ ജുമുഅത്ത് പള്ളിയിൽ, 1940 സെപ്റ്റംബർ ആറിന് ദക്ഷിണ കർണാടകയിലെ 59 പണ്ഡിതന്മാരെ ഇസ്സുദ്ദീൻ മൗലവി വിളിച്ചുചേർത്തു. അവിടെവച്ച് 'സൗത്ത് കാനറ ജംഇയ്യത്തുൽ ഉലമ' പിറവികൊണ്ടു. കാസർകോട് അക്കാലത്ത് കർണാടകയുടെ ഭാഗമായിരുന്നതുകൊണ്ടാണ് 'ദക്ഷിണ കർണാടക ജംഇയ്യത്തുൽ ഉലമ' എന്ന് സംഘടനക്ക് പേര് വെച്ചത്. മൗലവി ഇസ്സുദ്ദീൻ സാഹിബ് (പ്രസിഡന്റ് ),
കെ.എസ് മുഹമ്മദ് കുഞ്ഞി മൗലവി (വൈസ് പ്രസിഡന്റ് ),
എ.കെ നസഫി മൗലവി (ജനറൽ സെക്രട്ടറി), കെ.പി ഹസൻ കുട്ടി മൗലവി, മുഹമ്മദ് മൗലവി, എ.കെ കുഞ്ഞി മാഹിൻ കുട്ടി (അസിസ്റ്റന്റ് സെക്രട്ടറിമാർ), ഇ. മുഹമ്മദ് കുഞ്ഞി മുസ്ലിയാർ (ഖജാഞ്ചി) എന്നിവരായിരുന്നു സംഘടനയുടെ ഭാരവാഹികൾ.
'മുസ്ലിംകൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്തിയെടുക്കുക' എന്നതായിരുന്നു സംഘടനയുടെ ഒന്നാമത്തെ ലക്ഷ്യമായി അംഗീകരിച്ചത്. ഇന്നും ഏറെ പ്രസക്തമായ ഈ ഒരു ലക്ഷ്യം മുൻനിർത്തി 1940-ൽ ഒരു സംഘടന രൂപവത്കരിക്കാൻ സാധിച്ചതിൽ നിന്നുതന്നെ മൗലവിയുടെ കഴിവും കാഴ്ചപ്പാടും നമുക്ക് മനസ്സിലാക്കാം. സമുദായ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന അജ്ഞതയും അനാചാരവും തുടച്ചുനീക്കുന്നതിന് സ്ത്രീ-പുരുഷ ഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും മത വിദ്യാഭ്യാസം നൽകുകയും അത് വിപുലമായി പ്രചരിപ്പിക്കുകയും ചെയ്യുക, തെക്കൻ കർണാടക ജില്ലയിൽ സൗകര്യപ്രദമായ സ്ഥലത്ത് ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുക എന്നിവയായിരുന്നു സ്ഥാപനം അംഗീകരിച്ച മറ്റു രണ്ടു ലക്ഷ്യങ്ങൾ.
അന്ന് കേരള മുസ്ലിംകൾക്കിടയിൽ പരസ്പരം പോരടിച്ചിരുന്ന രണ്ട് പണ്ഡിത സംഘടനകൾ ഉണ്ടായിരുന്നുവല്ലോ; കേരള ജംഇയ്യത്തുൽ ഉലമയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും. മുസ്ലിം സമുദായത്തിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടാണ് കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊണ്ടത്. അതിനെതിരിലായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രംഗപ്രവേശം. സ്വാഭാവികമായും പരസ്പരമുള്ള കലഹവും വഴക്കും ഇരു വിഭാഗത്തിനുമിടയിൽ വളർന്നു. ഇത് മുസ്ലിം സാമാന്യ ജനത്തെയും വലിയ തോതിൽ സ്വാധീനിക്കുകയുണ്ടായി. ഈ അന്തശ്്ഛിദ്രതയും വൈരവും തങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ബാധിക്കാതിരിക്കാൻ ഇസ്സുദ്ദീൻ മൗലവി ശ്രദ്ധിച്ചു. ദക്ഷിണ കാനറ ജംഇയ്യത്തുൽ ഉലമ ഇത്തരമൊരു ദുരവസ്ഥയിലേക്ക് ആപതിക്കാതിരിക്കാനുള്ള നയപരിപാടികൾ അദ്ദേഹം ആവിഷ്കരിച്ചു.
ഒന്ന്, ഈ സംഘടന സമുദായത്തിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യാതിരിക്കുക. രണ്ട്, ഇതര പണ്ഡിതന്മാരോട് അവരുടെ വിഭാഗീയത പരിഗണിക്കാതെ വിശാലമായ ഇസ്ലാമിക വീക്ഷണം വെച്ചുപുലർത്തുക. മൂന്ന്, ജംഇയ്യത്തിന് സമയബന്ധിത പരിപാടികൾ ഉണ്ടായിരിക്കുക. പടിപടിയായി ഇസ്ലാമിക ജീവിതം കൈവരിക്കുകയാണ് അതിന്റെ ലക്ഷ്യം.
കക്ഷി വഴക്കുകളിൽ പങ്കാളിയാവാതെ എങ്ങനെയാണ് ഇസ്ലാമിന്റെയും മുസ്ലിം ഉമ്മത്തിന്റെയും വളർച്ചയ്ക്കു വേണ്ടി പരിശ്രമിക്കുക എന്നതിന്റെ നല്ല പ്രായോഗിക മാതൃകയായിരുന്നു മൗലവിയുടെ നിലപാടുകളിൽ കാണാൻ കഴിഞ്ഞത്.
അൽ മദ്റസത്തുൽ ആലിയ
സംഘടന രൂപവത്കരിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ അതിന്റെ പ്രധാന ലക്ഷ്യമായ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ആലോചനകൾ ആരംഭിച്ചു. ജംഇയ്യത്തിന്റെ രണ്ടാം പ്രവർത്തക സമിതി യോഗം ചെമ്മനാട് ജുമുഅത്ത് പള്ളിയിൽ ചേർന്നു. നേരത്തെ സൂചിപ്പിച്ച പോലെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ താരതമ്യേന വളർച്ച നേടിയ നാടായിരുന്നു ചെമ്മനാട്. അവിടെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു വലിയ ഇസ്ലാമിക കലാലയം പടുത്തുയർത്താൻ കഴിയുമെന്ന് ഇസ്സുദ്ദീൻ മൗലവി കണക്കുകൂട്ടി. ആ ധാരണ ശരിയായിരുന്നു. ചെമ്മനാട് ഗ്രാമം ആലിയയെ ഗർഭം ധരിച്ചു തുടങ്ങി. ചെമ്മനാട് ജുമുഅത്ത് പള്ളിയിലെ ദർസ് ആയിരുന്നു ആരംഭം. കെ.എം അഹമ്മദ് മുസ്ലിയാരും ഇസ്സുദ്ദീൻ മൗലവിയും ജുമുഅത്ത് പള്ളിയുടെ ഭാരവാഹികളുമായി ആലോചിച്ച് അവിടെ ദർസ് തുടങ്ങാൻ തീരുമാനിച്ചു. മൗലവി തന്നെ ക്ലാസ് എടുക്കണമെന്ന് ആളുകൾ അഭിപ്രായപ്പെട്ടെങ്കിലും സംഘടനാപരമായ പ്രവർത്തനങ്ങളും മറ്റും ചൂണ്ടിക്കാണിച്ചു ക്ലാസ് എടുക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തുകയാണ് മൗലവി ചെയ്തത്. അങ്ങനെ 1940 നവംബറിൽ ചെമ്മനാട് ജുമുഅത്ത് പള്ളിയിൽ ദർസ് ആരംഭിച്ചു.
ഇതിനുശേഷമാണ് ജംഇയ്യത്തിന്റെ പ്രഥമ വാർഷിക സമ്മേളനം 1941 സെപ്റ്റംബറിൽ കാസർകോട് തായലങ്ങാടി ഖിദ്ർ ജുമുഅത്ത് പള്ളിയിൽ നടക്കുന്നത്. അറക്കൽ സുൽത്താൻ അബ്ദുറഹ്മാൻ ആലി രാജാ ബഹ്ദൂറിന്റെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം. കെ.എം മൗലവി സാഹിബ്, ഖാൻ ബഹദൂർ മുഹമ്മദ് ശംനാട്, കെ.എം സീതി സാഹിബ് തുടങ്ങിയ പ്രമുഖർ അതിൽ സംബന്ധിച്ചിരുന്നു. ഈ മഹദ് സമ്മേളനത്തിൽ ഇസ്സുദ്ദീൻ മൗലവി ഒരു പ്രമേയം അവതരിപ്പിച്ചു. ഒരു പതിറ്റാണ്ടിലേറെയായി തന്റെ മനസ്സിൽ രൂപപ്പെട്ടു കിടക്കുന്ന ഉന്നത ഇസ്ലാമിക കലാലയത്തെ കുറിച്ച ആശയമായിരുന്നു ആ പ്രമേയം. അത് അംഗീകരിക്കപ്പെട്ടു. ആ സമ്മേളനത്തിൽ മറ്റൊരു പ്രമേയം കൂടി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. അത് ഏറെ വിപ്ലവകരമായിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിന്റെ ആവശ്യകതയായിരുന്നു ഉള്ളടക്കം. പാരമ്പര്യ ധാരയിൽ ഉൾപ്പെട്ടവരും പുരോഗമന ആശയക്കാരും ഉൾക്കൊള്ളുന്ന ഭിന്ന വീക്ഷണക്കാരായ പണ്ഡിതന്മാർ അംഗങ്ങളായുള്ള ദക്ഷിണ കാനറ ജംഇയ്യത്തുൽ ഉലമയിൽ, അൽപ്പം പ്രയാസപ്പെട്ടാണെങ്കിലും, സ്ത്രീവിദ്യാഭ്യാസത്തെ സംബന്ധിച്ച പ്രമേയം പാസാക്കിയെടുക്കാൻ ഇസ്സുദ്ദീൻ മൗലവിക്ക് സാധിച്ചത് അദ്ദേഹത്തിന്റെ നയചാതുരിയെയാണ് അടയാളപ്പെടുത്തുന്നത്. ആ പ്രമേയം, സ്ത്രീവിദ്യാഭ്യാസത്തെ കുറിച്ചുള്ള മൗലവിയുടെ കാഴ്ചപ്പാടുകൾ എത്രമാത്രം വിശാലവും പുരോഗമനോൻമുഖവുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഈ സമ്മേളനത്തെ തുടർന്ന് പുതിയ കലാലയം സ്ഥാപിക്കുന്നതിന് വേണ്ട ചർച്ചകൾ ആരംഭിച്ചു.
ജംഇയ്യത്തിന്റെ രണ്ടാം വാർഷിക സമ്മേളനം മംഗലാപുരത്തിനടുത്ത് ഉള്ളാൾ പ്രദേശത്ത് കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചു. പക്ഷേ, പല കാരണങ്ങളാൽ അത് സാധ്യമല്ലാതെ വരികയായിരുന്നു. ചർച്ചകൾ വീണ്ടും ചെമ്മനാട്ടേക്ക് കേന്ദ്രീകരിച്ചു. ചെമ്മനാട് പള്ളിയിൽ നടന്നുകൊണ്ടിരിക്കുന്ന ദർസ് കോളേജ് ആയി ഉയർത്താൻ ജംഇയ്യത്ത് തീരുമാനിച്ചു.
1943 മെയ് മാസത്തിൽ മർഹൂം സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, 'അൽ മദ്റസത്തുൽ ആലിയ അറബിക് കോളേജ്' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആലിയയുടെ മഹത്തായ ലക്ഷ്യം നേടിയെടുക്കുന്നതിന് പര്യാപ്തമായ മികച്ച ഒരു പാഠ്യപദ്ധതിയാണ് ജംഇയ്യത്തുൽ ഉലമ രൂപപ്പെടുത്തിയിരുന്നത്. ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹവും ലൗകിക ജ്ഞാനവും ലഭിച്ച പണ്ഡിതന്മാരെ വാർത്തെടുക്കുക എന്നതായിരുന്നു ആ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത. മതപരവും ഭൗതികവും എന്ന് വിഭജിക്കപ്പെട്ട വിദ്യാഭ്യാസ രംഗത്ത് തികച്ചും പുതുമയുള്ള സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മാതൃകയാണ് 1943-ല്‍ ആലിയ പ്രയോഗവൽക്കരിച്ചു തുടങ്ങിയത്.
തഫ്സീർ, ഹദീസ്, ഉലൂമുൽ ഖുർആൻ, ഉസ്വൂലുൽ ഹദീസ്, ഉസ്വൂലുൽ ഫിഖ്ഹ്, അറബി ഭാഷ, ഇസ്ലാമിക ചരിത്രം എന്നിവയോടൊപ്പം പ്രകൃതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, തർക്കശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, വൈദ്യശാസ്ത്രം, മത താരതമ്യ പഠനം എന്നിവയും ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകളും ആദ്യ സിലബസിൽ തന്നെ ആലിയ ഉൾപ്പെടുത്തിയിരുന്നു. വിശദമായ ചർച്ചകളിലൂടെ തയാറാക്കിയ സമഗ്രമായ ആ സിലബസ് 1945-ൽ കറാച്ചിയിലാണ് അച്ചടിച്ചത്. കറാച്ചിയിലെ മസ്ഹറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ മൗലാനാ മുഹമ്മദ് സ്വാദിഖും വൈസ് പ്രിൻസിപ്പൽ മൗലാനാ ഫസൽ അഹമ്മദ് സാഹിബും ഈ സിലബസ് സൂക്ഷ്മ പരിശോധന നടത്തുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
ഈ സിലബസ് അനുസരിച്ച്, 1945 വരെ ചെമ്മനാട് പള്ളിയിൽ ക്ലാസും വിദ്യാർഥികളുടെ സാഹിത്യ പരിശീലന പ്രവർത്തനങ്ങളും നടന്നുവന്നു. കൂടാതെ വിദ്യാർഥികൾക്കു വേണ്ടി മെസ്സ് സൗകര്യവും പള്ളിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഒരു പള്ളിയിൽ ഇത്തരമൊരു വിദ്യാഭ്യാസ സംവിധാനം അക്കാലത്ത് വേറെ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.
ദാറുൽ ഇസ്ലാമിൽ
ആലിയ കോളേജിനു വേണ്ടി ചെമ്മനാട് ജമാഅത്ത് കമ്മറ്റി, സമീപ പ്രദേശമായ പരവനടുക്കത്ത് ഒരു ഭൂമി വഖ്ഫ് ചെയ്തു, അവിടെ പുതിയ കെട്ടിടം നിർമിച്ചു. ആ കാമ്പസിന് ദാറുൽ ഇസ്ലാം എന്നു പേരിട്ടു. മൗലാനാ മൗദൂദി സാഹിബ് ആരംഭിച്ച പഠാൻകോട്ട് ദാറുൽ ഇസ്ലാമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കണം ഈ പേര് എന്നാണ് മനസ്സിലാകുന്നത്.
1945-ൽ ഖാൻ ബഹദൂർ മഹ്മൂദ് ശംനാട് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കോളേജ് ഈ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു. 11 വർഷം ദൈർഘ്യമുള്ള കോഴ്സ് ചില പ്രയാസങ്ങൾക്ക് കാരണമായതുകൊണ്ട് 1948-ൽ അത് എട്ടു വർഷ കോഴ്സായി ക്രമീകരിച്ചു.
ആലിയ ആരംഭിച്ചത് ദക്ഷിണ കാനറ ജംഇയ്യത്തുൽ ഉലമ ആണെന്ന് പറഞ്ഞുവല്ലോ. 1947-ൽ ആലിയയുടെ ഉത്തരവാദിത്വം ജംഇയ്യത്തുൽ ഉലമ പുതിയ കമ്മിറ്റിക്ക് കൈമാറി. സി.എച്ച് കുഞ്ഞിക്കലന്തർ സാഹിബ് (പ്രസിഡന്റ് ), പി.സി മുഹമ്മദ് ഹാജി ഇരിക്കൂർ, അഹമ്മദ് ശംനാട് (വൈസ് പ്രസിഡന്റ് ), എ.കെ ശറൂൽ സാഹിബ് (ജനറൽ സെക്രട്ടറി), സി.പി മാഹിൻ സാഹിബ് (ജോയിന്റ് സെക്രട്ടറി), പി. സീതി കുഞ്ഞി സാഹിബ് (ഖജാഞ്ചി) എന്നിവരായിരുന്നു ഭാരവാഹികൾ. 21 അംഗങ്ങളുള്ള ആ കമ്മിറ്റി 1958-ല്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടർന്നു.
കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തിക്കൊണ്ട് അക്കാലത്ത് ആലിയ വിസ്മയം തീർത്തു. ഒന്നാമതായി, കൃത്യമായ പാഠ്യപദ്ധതിയും പരീക്ഷയും കലാസാഹിത്യ പരിശീലനവും ഉൾപ്പെടെ സവിശേഷമായ അക്കാദമിക സമീപനങ്ങൾ കൊണ്ട് സ്ഥാപനം കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നടന്നു. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികൾ ആലിയയിലെത്തി. അവരെല്ലാം പിൽക്കാലത്ത് പ്രഗൽഭരായിത്തീർന്നു എന്നു കാണാം. രണ്ടാമത്, 1944-ൽ കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചപ്പോൾ അതിനെ പൂർണമായും ഉൾക്കൊള്ളാനും അംഗീകരിക്കാനും, പ്രസ്ഥാനത്തിന്റെ രണ്ടാം ആസ്ഥാനമായി നിലകൊള്ളാനും ആലിയക്ക് സാധിച്ചു. അങ്ങനെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന് മുതൽക്കൂട്ടാക്കി മാറ്റാൻ തുടക്കം മുതൽ പ്രതിജ്ഞാബദ്ധമായ സ്ഥാപനമായി ആലിയ മാറി. പുതിയ കാമ്പസിൽ ആലിയ വളർന്ന് തുടങ്ങുന്ന ഇതേ കാലത്താണ് ഞാൻ അവിടെ അറിവ് തേടി കയറിച്ചെല്ലുന്നത്. l
(തുടരും)