കത്ത്‌

ആഗസ്റ്റ് 9-ലെ പ്രബോധനത്തിൽ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുല്ലത്വീഫ് മാറഞ്ചേരി എഴുതിയ 'ഉദ്യോഗസ്ഥ മേഖലയിലെ കുറവ് - ഉത്തരവാദികൾ ആരൊക്കെ?' എന്ന ലേഖനം ഏറെ കാലികപ്രസക്തമാണ്. വിഷയം സംബന്ധിച്ച് മഹല്ലുകൾ കേന്ദ്രീകരിച്ച് ചർച്ചകൾക്കും തുടർപ്രവർത്തനങ്ങൾക്കും തുടക്കമിടാൻ ഉപകാരപ്പെടും ലേഖനം. കാലവും ലോകവും വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കേണ്ടതുണ്ട്. തന്റെ ദീർഘകാല സർവീസ് ജീവിതാനുഭവങ്ങൾ ക്രോഡീകരിച്ച് ലേഖകൻ എഴുതിയ 'നീളേ തുഴഞ്ഞ ദൂരങ്ങൾ' എന്ന പുസ്തകം കേരളീയ പൊതു സമൂഹത്തിൽ ശ്രദ്ധേയമായ ചലനമാണുണ്ടാക്കിയിട്ടുള്ളത്. ജേക്കബ് തോമസിന്റെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ', ശിവശങ്കരന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നിവയെപ്പോലെ.
പ്രബോധനത്തിലെ ലേഖനം സംബന്ധിച്ച പതിവ് സായാഹ്ന അവലോകനത്തിനിടയിൽ മറ്റൊരു സന്തോഷ വാർത്ത. വിശാഖപട്ടണത്തുള്ള അന്താരാഷ്ട്ര പ്രശസ്തമായ മാരിടൈം യൂനിവേഴ്സിറ്റിയിൽ ചാലിയാർ തീരത്തെ ചെറുവാടി എന്ന ഗ്രാമത്തിലെ ഒരു ഗ്രാമീണ പെൺകുട്ടി പ്രവേശനം നേടിയിരിക്കുന്നു. സമാന രീതിയിൽ എത്രയോ മികച്ച കോഴ്സുകൾ നമുക്കറിയാത്തതുണ്ട്. പ്രവേശന പരീക്ഷകളിൽ പല ഉന്നത ബിരുദധാരികൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതും പഠനവിധേയമാക്കണം. പല്ലാരിമംഗലം പോലുള്ള മഹല്ലുകളുടെ പ്രവർത്തനരീതികൾക്ക് പ്രചാരം നൽകുകയും മറ്റുള്ളവർ അത് മാതൃകയാക്കുകയും ചെയ്താൽ ഏറെ ഉപകാരപ്രദമാകും.
കെ.സി അബ്ദുല്ലത്വീഫ്, ശാന്തപുരം

കടുത്ത വിവേചനം

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരൊറ്റ മുസ്ലിം അംഗം പോലുമില്ലാതെയാണ് എഴുപത്തി രണ്ടംഗ മന്ത്രിസഭ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മുസ്ലിം ജനതയെ അന്യവത്കരിക്കാനും അവരില്‍ അരക്ഷിത ബോധം വളര്‍ത്താനുമാണ് മോദിയുടെ നീക്കം. ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമീപനം ഹിന്ദുത്വ അജണ്ടയുടേതാണ്.
മനുസ്മൃതി അനുശാസിക്കും വിധമുള്ള ബ്രാഹ്മണാധിപത്യത്തില്‍ അധിഷ്ഠിതമായ ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസ് അജണ്ടയാണ് മോദി സര്‍ക്കാറും മുന്നോട്ടു വെക്കുന്നത്. മുസ്ലിംകള്‍ക്കെതിരെ നിയമ വിരുദ്ധമായ ബുള്‍ഡോസര്‍ രാജ് ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ബി.ജെ.പി അധികാരത്തില്‍ വരുമ്പോഴൊക്കെ പൗരസമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്കയിലാണ്.
മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഗോത്രവര്‍ഗ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഏതാനും പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം സമുദായത്തെയാണ് പൂര്‍ണമായും തിരസ്‌കരിച്ചത്. ജനാധിപത്യത്തിന്റെ ബാനറില്‍ തനി സ്വേഛാധിപത്യപരവും മതേതര വിരുദ്ധവുമായ നടപടികളാണ് ഇന്ത്യയിലെ മുസ്ലിം ജനവിഭാഗങ്ങളോട് മോദി ഭരണകൂടം നിരന്തരമായി കൈക്കൊണ്ടുവരുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഛിദ്ര ശക്തികളെ ഉന്മൂലനം ചെയ്യാന്‍ ജാതി, മത ചിന്തകള്‍ക്കതീതമായി ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം.
ആചാരി തിരുവത്ര, ചാവക്കാട് 8281123655

ഗാഡ്ഗിൽ പറഞ്ഞതും നമ്മൾ കേൾക്കാതെ പോയതും

അത്യാധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ അപായസൂചനകൾ നൽകിയിരുന്നെങ്കിൽ, നമുക്ക് എടുക്കാമായിരുന്ന മുൻകരുതലുകൾ കാരണം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതം നമുക്ക് കുറക്കാമായിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും സമാനതകളില്ലാത്ത ദുരന്തം വിതച്ച ഉരുൾപൊട്ടലിന് കാരണമായി പറയുന്ന അതിതീവ്ര മഴയെപ്പറ്റി പ്രവചനങ്ങളുണ്ടായില്ല. റെഡ് അലർട് വന്നതുതന്നെ ജൂലൈ 30-ന് അതിരാവിലെയായിരുന്നല്ലോ. പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായ സംസ്ഥാനത്ത്, മുന്നറിയിപ്പുകളും അതു പ്രകാരം കൈക്കൊള്ളാവുന്ന മുൻകരുതലുകളും ഏറെ പ്രാധാന്യം അർഹിക്കുന്നു.
ദുരന്ത കൈകാര്യകർത്തൃനയം കേരളത്തിൽ രൂപീകരിക്കപ്പെട്ടത് 2010-ലാണ്. ദുരന്തങ്ങൾക്ക് മുമ്പും ദുരന്തം ഉണ്ടാകുന്ന വേളയിലും ദുരന്ത ശേഷവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇതിൽ പറയുന്നു. ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ പാരിസ്ഥിതിക അവബോധം നിറഞ്ഞതായിരിക്കണം. എന്നാൽ, അത്തരമൊരു കാഴ്ചപ്പാട് നയരേഖയിൽ ഇല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് ഭൂമിയുടെ വിനിയോഗത്തിൽ വന്ന മാറ്റങ്ങളാണ്. അതീവ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ഭൂവിനിയോഗ രീതികളിൽ നിർദേശിക്കപ്പെട്ട മാറ്റങ്ങൾ പ്രാവർത്തികമാക്കണം. മുണ്ടക്കൈ ആയാലും 2019-ൽ ദുരന്തമുണ്ടായ പുത്തുമല ആയാലും അതീവ ദുരന്തസാധ്യതാ മേഖലകളായി എണ്ണപ്പെട്ടിട്ടുള്ളവയാണ്. ഇതുപോലെയുള്ള പ്രദേശങ്ങളിലൊക്കെയും വിവിധ നിർമാണ പ്രവൃത്തികൾ നടത്തുമ്പോൾ നിർബന്ധമായും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, കേരളത്തിന്റെ 4.71 ശതമാനം പ്രദേശം ശക്തമായ ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്. 9.77 ശതമാനം പ്രദേശമാകട്ടെ മിതമായ സാധ്യത കൽപ്പിക്കപ്പെടുന്നതും. സംസ്ഥാനത്ത് സ്വാഭാവിക വനമേഖല കുറഞ്ഞുവരുന്നതായും, ആഴത്തിൽ വേരോടാത്ത മരങ്ങൾക്കായി ഇവ പരിവർത്തിക്കപ്പെട്ടിട്ടുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. വൻ മരങ്ങൾക്ക് ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഴം കുറയ്ക്കാൻ സാധിക്കുമെന്നത് കൂട്ടിവായിക്കുക. ചെങ്കുത്തായ മലനിരകൾ, അതിതീവ്ര മഴ, ഭൂകമ്പം, ഖനനം, ക്വാറികൾ, അശാസ്ത്രീയ നിർമാണ പ്രവൃത്തികൾ തുടങ്ങിയ കാരണങ്ങൾ പ്രകൃതി ദുരന്തങ്ങൾക്ക് പിന്നിലുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടാവുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് ആറാം സ്ഥാനമാണുള്ളത്. ഉയർന്ന ജനസാന്ദ്രത ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങളിൽ മരണനിരക്ക് ഉയർത്തുന്നു. ഇന്ത്യയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലയുടെ വിസ്തൃതി 4,20,000 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിൽ 90,000 ചതുരശ്ര കിലോമീറ്റർ മേഖലയും കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലാണ്. ഇവിടെയാണ് ഡോ. മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ടിലെ മുന്നറിയിപ്പിന്റെ പ്രസക്തി. വനനശീകരണം ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ടെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു, വിശിഷ്യാ പശ്ചിമ ഘട്ട മേഖലയിൽ. പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ധ സമിതിയെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയത് 2010-ലാണ്. 2011 ആഗസ്റ്റ് 31-ന് ഈ കമ്മിറ്റി അതിന്റെ ശിപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിച്ചു.
പശ്ചിമ ഘട്ട പ്രദേശങ്ങളിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ ഗാഡ്ഗിൽ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമ ഘട്ടം ആകെ തകർക്കപ്പെട്ടതായും, സംരക്ഷണ നടപടി ഉണ്ടാവാഞ്ഞാൽ വൻ ദുരന്തം സംസ്ഥാനം നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ട് അധിക കാലമായില്ല. പക്വതയില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും, കാലാവസ്ഥാ വ്യതിയാനവുമാണ് കേരളത്തെ പ്രകൃതി ദുരന്തഭൂമിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തെപ്പറ്റി മാത്രം പറയുന്നവർ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി മൗനത്തിലാണെന്നും, പരിസ്ഥിതിയെ ചേർത്തുപിടിച്ചുള്ള വികസനമാണ് വേണ്ടതെന്നും പശ്ചിമ ഘട്ടത്തെ തുരക്കാൻ ശ്രമിക്കരുതെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവിടത്തെ പർവതങ്ങളിലെ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഗാഡ്ഗിൽ റിപ്പോർട്ടിൽ അടിവരയിട്ട് പറഞ്ഞിരുന്നു. വനമേഖലയിൽ മനുഷ്യന്റെ അനധികൃത കൈകടത്തൽ പരിസ്ഥിതി ലോല പ്രദേശങ്ങളെ കൂടുതൽ അപകടത്തിൽ പെടുത്തുകയാണെന്ന് അദ്ദേഹം പലതവണ പറഞ്ഞിരുന്നു. ഈ പ്രദേശങ്ങളിൽ ക്വാറി ഉൾപ്പെടെയുള്ള നിർമാണങ്ങൾ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. സമിതി നിർദേശങ്ങൾ ഇനിയെങ്കിലും നടപ്പാക്കാതെ പോയാൽ ചൂരൽമലയും മുണ്ടക്കൈയുമൊക്കെ ആവർത്തിക്കുമെന്നും അദ്ദേഹത്തെ പോലുള്ള പ്രകൃതി സ്നേഹികൾ ആവർത്തിക്കുന്നത് ബധിര കർണങ്ങളിൽ തന്നെ തുടർന്നും പതിക്കാതിരിക്കട്ടെ എന്നാശിക്കാം.
സജീവ് മണക്കാട്ടുപുഴ, വണ്ടിപ്പുരയിൽ 7306489432