കത്ത്‌

യു.പിയിലെ ഹാഥറസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങളെ സംബന്ധിച്ച് ചില ചാനലുകളെങ്കിലും വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ പങ്കെടുപ്പിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകള്‍ ശ്രദ്ധിച്ചപ്പോള്‍ മനസ്സില്‍ വന്ന ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, യുക്തിവാദികള്‍, സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അത്യാപത്കരമായ ഈ അന്ധവിശ്വാസത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ഇവര്‍ക്കൊന്നും കഴിയുന്നില്ല. എല്ലാവരും എന്തിനെയോ ഭപ്പെടുന്നതു പോലെ. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. യുക്തിവാദികള്‍ അന്ധവിശ്വാസത്തെ ശക്തമായി എതിര്‍ത്തിരുന്നു. കമ്യൂണിസ്റ്റുകാരും അങ്ങനെ തന്നെ. അന്ന് ആദര്‍ശങ്ങള്‍ക്കാണ് സ്ഥാനമുണ്ടായിരുന്നതെങ്കില്‍ ഇന്ന് അടവുനയങ്ങള്‍ക്കാണ് സ്ഥാനം. വോട്ട് ബാങ്കിലാണ് കണ്ണ്. ഭൂരിപക്ഷവും അന്ധവിശ്വാസികളാണെങ്കില്‍, അവരുടെ വോട്ട് കിട്ടാന്‍ അന്ധവിശ്വാസങ്ങള്‍ക്കനുകൂലമായി നില്‍ക്കലാണ് ബുദ്ധി. ഇതാണ് അടവ് നയം. ആദര്‍ശം അടവ് നയത്തിന് വഴിമാറിയപ്പോള്‍ അന്ധവിശ്വാസങ്ങള്‍ കൂടുതല്‍ പിടിമുറുക്കി. വിപ്ലവ പാര്‍ട്ടികള്‍ പോലും അന്ധവിശ്വാസാധിഷ്ഠിത സംരംഭങ്ങള്‍ കൈയടക്കാന്‍ മത്സരിച്ചു. കേന്ദ്ര ഗവണ്‍മെന്റിനും അതിലെ മുഖ്യ ഭരണകക്ഷിക്കും അന്ധവിശ്വാസവുമായുള്ള ബന്ധം പ്രത്യേകം പറയേണ്ടതുമില്ല.

ആള്‍ദൈവങ്ങളുടെ 'സാമ്രാജ്യ'ങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളടക്കമുള്ള ക്രൂര പീഡനങ്ങളുടെ നേര്‍ക്ക് പോലും കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ കണ്ണടക്കുകയാണല്ലോ. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ പോലും ആള്‍ ദൈവങ്ങളുടെ 'കരുണാ കടാക്ഷവും' കാത്ത് ക്യൂ നില്‍ക്കുന്നു. നോക്കൂ, ഒരു സാധാരണ പോലീസുകാരൻ ഒരുനാള്‍ പുതിയ വേഷം കെട്ടി 'ദൈവ'മായി ഇറങ്ങിച്ചെല്ലുന്നു. ജനലക്ഷങ്ങള്‍ അയാളെ പൂജിക്കാന്‍ പാഞ്ഞടുക്കുന്നു. 'തന്റെ പാദസ്പര്‍ശമേറ്റ മണ്ണ് വാരിക്കൊള്ളൂ' എന്ന അരുളപ്പാട് കേള്‍ക്കേണ്ട താമസം ജനം തിക്കിത്തിരക്കി മണ്ണ് കിട്ടാന്‍ തള്ളിക്കയറുന്നു. ശതക്കണക്കിന് 'ഭക്തര്‍' ചവിട്ടേറ്റ് മരിക്കുന്നു. നിരവധി പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രികളിലെത്തുന്നു.

അന്ധവിശ്വാസങ്ങളുടെ കൂരിരുളിലകപ്പെട്ട ജനത്തെ രക്ഷിക്കാന്‍ ദൈവദൂതന്മാര്‍ വഴി ലഭിച്ച ദിവ്യ പ്രകാശത്തിന് മാത്രമേ സാധിച്ചിട്ടുള്ളൂ എന്നതിന് കാലം സാക്ഷി. അന്ത്യപ്രവാചകനിലൂടെ ലഭിച്ച വിശുദ്ധ ദിവ്യ വചനങ്ങള്‍ നിലവിലുണ്ട്. അതിലെ പ്രകാശം ജ്വലിപ്പിച്ചെടുക്കുക മാത്രമാണ് ഏക രക്ഷാ മാര്‍ഗം.
കെ.സി ജലീല്‍ പുളിക്കല്‍

അതിജീവനവും പലായനവും

പ്രബോധനം ലക്കം ഏഴിൽ ഹിജ്റയെപ്പറ്റിയുള്ള ലേഖനം വായിച്ചു. ഹിജ്റ ഒരു ചരിത്ര സംഭവം തന്നെയാണ്. പ്രവാചകന്റെ വളരെ നാളത്തെ ആസൂത്രണം അതിന് പിന്നിലുണ്ട്. പക്ഷേ, ഇന്നത്തെ ലോക ക്രമത്തിൽ ഹിജ്റ പഴയതുപോലെ പ്രാവർത്തികമാണോ? ഒരു സമൂഹത്തിന് കുടിയേറിപ്പാർക്കാൻ ഏതെങ്കിലും രാഷ്ട്രം ഇന്ന് സമ്മതിക്കുമോ? ഇനി അനുവദിച്ചാൽ തന്നെ, അവരെ അവഗണനയിൽ തള്ളുകയല്ലേ ഉള്ളൂ? ജോലിക്കും വിദ്യാഭ്യാസത്തിനും അന്യ നാടുകളിലേക്ക് പോകുന്നുണ്ടെന്ന സത്യം അംഗീകരിക്കുന്നു. ഓരോ നാട്ടിലും വിസാ കാലാവധി കഴിഞ്ഞ് തങ്ങുകയാണെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും. മ്യാൻമറിൽനിന്ന് പലായനം ചെയ്യുന്ന റോഹിംഗ്യകൾ, നടുക്കടലിൽ നട്ടം തിരിയുന്ന ഗതികേടല്ലേ നാം കണ്ടത്? അന്യ നാട്ടിലേക്ക് പലായനം ചെയ്തു, ഒന്നുമില്ലെങ്കിൽ ആട് മേച്ച് ജീവിക്കാമെന്ന് പറഞ്ഞുനടന്ന ചില സംഘങ്ങൾ ഉണ്ടായിരുന്നു. സ്വന്തം നാട്ടിൽ മനുഷ്യരെന്ന നിലയിൽ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കാനുള്ള പ്രയത്നത്തിൽ ഏർപ്പെടുകയാണ് നാം ചെയ്യേണ്ടത്.
മമ്മൂട്ടി എഞ്ചിനീയർ തലശ്ശേരി 9447549555