കത്ത്‌

വാര്‍ത്തകളറിയാനുള്ള ആവേശവുമായി മാധ്യമങ്ങളെ തേടിവരുമ്പോള്‍ വല്ലാത്തൊരു ഭീതി മനസ്സിനെ പിടികൂടുന്നു. ഒട്ടും പൊറുക്കാനാവാത്ത ക്രൂരതയുടെ വിവരണങ്ങള്‍ കാണുമ്പോഴാണ് ഭീതി വരുന്നത്. വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ അടിച്ചും വെട്ടിയും ചവിട്ടിയും ക്രൂരമായി കൊല ചെയ്യുന്നു. സഹോദരന്‍ സഹോദരനെയും ഭര്‍ത്താവ് ഭാര്യയെയും രണ്ടാനഛന്‍ പിഞ്ചു കുഞ്ഞുങ്ങളെയും, ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചതിന് ഹോട്ടലുടമകളെയും, ഇന്ധനമടിച്ചതിന് പണം ചോദിച്ച പമ്പ് ഓപ്പറേറ്റര്‍മാരെയും അതിക്രൂരമായി മര്‍ദിച്ചു കൊല്ലുന്നു.
ഈ ക്രൂരത മനുഷ്യന് എങ്ങനെ സാധിക്കുന്നു? മനുഷ്യത്വം എവിടെ പോയ്മറയുന്നു? ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില്‍ അടുത്തിടെ നടന്ന ഏതാനും ക്രൂരകൃത്യങ്ങളെ പഠിച്ചുനോക്കി. എല്ലാറ്റിലും ലഹരിയുടെ സാന്നിധ്യം വ്യക്തമായി.
ലഹരി വില്‍പനയും വ്യാപനവും അതിശീഘ്രം വളരുകയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നിട്ടും നിയമപാലകര്‍ എന്തുകൊണ്ട് കണ്ണ് ചിമ്മുന്നു? നിയമപാലകരെ കണ്ണ് ചിമ്മാന്‍ നിര്‍ബന്ധിക്കുന്നത്ര സ്വാധീനമുള്ളവര്‍ പിന്നിലുണ്ടെന്നതാണ് സത്യം. ഇടക്കിടെ ലഹരിവിരുദ്ധ കാമ്പയിനുമായി ചാടിവരുന്നതും ഇവര്‍ തന്നെയായിരിക്കും.
ലഹരിക്കെതിരെ രംഗത്തുവരാന്‍ അര്‍ഹതയുള്ള, തിന്മക്കെതിരെ പൊരുതി നന്മ വളര്‍ത്തിയെടുക്കാന്‍ ബാധ്യതയുള്ള വ്യക്തികളും സംഘങ്ങളും നിസ്സംഗത വെടിഞ്ഞ് രംഗത്തു വന്നേ മതിയാവൂ.
കെ.സി ജലീല്‍ പുളിക്കല്‍

അബൂ സഹ് ല, സന്‍ദാനി

ബിശാറ മുജീബ് എഴുതിയ 'യു.കെ അബൂ സഹ് ല ഇസ്്‌ലാമിക നവോത്ഥാനത്തിന് പാട്ട് കെട്ടിയ ആള്‍' (ലക്കം 3352) എന്ന ലേഖനം കേവലം പുസ്തക പരിചയമല്ല. അബൂ സഹ് ലയുടെ ജനനം മുതല്‍ക്കുള്ള ഹ്രസ്വമായ ജീവചരിത്രം തന്നെയാണ്. പഴയ പ്രസ്ഥാന പ്രവര്‍ത്തകരുടെ ഖല്‍ബിലെ മിഹ്‌റാബില്‍ ഇന്നും മിന്നിത്തിളങ്ങുന്ന താരം തന്നെയാണ് അദ്ദേഹം.

വരികളിലെ വാക്കുകള്‍ക്ക് എന്തൊരു ഭാഷാ നൈപുണ്യമാണെന്ന് വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ബിശാറക്ക് ഹൃദയം തൊട്ട അഭിവാദ്യങ്ങള്‍.
ഇതേ ലക്കത്തില്‍ വി.എ കബീര്‍ എഴുതിയ 'ഇമാമുല്‍ ഉലമ സന്‍ദാനി' അനുസ്മരണവും ശ്രദ്ധേയമായി. ഖത്തറിലുണ്ടായിരുന്ന കാലത്ത് നേരില്‍ കാണാനും ഇടപഴകാനും കഴിഞ്ഞതുകൊണ്ട് അദ്ദേഹത്തിന്റെ അവസാനമുള്ള ജീവിതം പറഞ്ഞുതരാന്‍ ലേഖകന് സാധിച്ചു. ഇങ്ങനെയുള്ള പണ്ഡിതന്മാരെ പ്രബോധനം വായനക്കാര്‍ക്ക് പരിചയപ്പെടുത്തിത്തരുന്നത് അനുഗ്രഹമാണ്.
മമ്മൂട്ടി കവിയൂര്‍

ഇംഗ്ലീഷ് പഠനത്തില്‍ പ്രോത്സാഹനം കുറയരുത്

2023-24 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കൂടുതല്‍ പേര്‍ തോറ്റത് ഇംഗ്ലീഷിലാണെന്ന് പരീക്ഷാ ഫലം അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹയര്‍ സെക്കന്ററിയില്‍ ഇംഗ്ലീഷില്‍ തോല്‍ക്കുന്നവരുടെ എണ്ണം കൂടുതല്‍ തന്നെയാണ്. ഇപ്രാവശ്യം 42,711 പേരാണ് ഇംഗ്ലീഷില്‍ തോറ്റത്. എന്നാല്‍, ഇംഗ്ലീഷില്‍ എ പ്ലസ് നേടിയവരുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ് താനും.

ഒട്ടുമിക്ക ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയുടെ മൂലകാരണം ഇംഗ്ലീഷാണെന്ന് കാണാന്‍ പ്രയാസമില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ ഇംഗ്ലീഷില്‍ ഉന്നത നിലവാരം പുലര്‍ത്തുമ്പോള്‍ സംസ്ഥാന ഹയര്‍ സെക്കന്ററിയില്‍ ശരാശരി നിലവാരത്തിലേക്കെങ്കിലും എത്താന്‍ കഴിയാതെ പോകുന്നതിന്റെ അടിസ്ഥാന കാരണം ഇനിയും കാണാതിരുന്നു കൂടാ. പ്ലസ്ടുവിന് താല്‍പര്യമുള്ള വിഷയങ്ങള്‍ ഓപ്റ്റ് ചെയ്യുന്ന കുട്ടികള്‍ ആ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇംഗ്ലീഷ് അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പൊതുവെയുള്ളത്. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ തീരെ ശ്രദ്ധിക്കപ്പെടാത്ത ഒരു ഭാഷയായി ഇന്ന് ഇംഗ്ലീഷ് മാറിയിരിക്കുന്നു. പത്താം ക്ലാസ്സിലോ ഹയര്‍ സെക്കന്ററിയിലോ വരുമ്പോള്‍ മാത്രം ഈ നിലയില്‍ പെട്ടെന്നൊരു മാറ്റം സാധിക്കുന്ന കാര്യമല്ല. ഇപ്പോള്‍ ആഴ്ചയില്‍ ആറ് പിരീഡ് വീതമാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസ്സുകളില്‍ ഇംഗ്ലീഷിന് അനുവദിച്ചിട്ടുള്ളത്. ഗദ്യം, പദ്യം, നാടകം, ഗ്രാമര്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള പഠനത്തിന് യാതൊരു പരിഗണനയുമില്ല. അങ്ങനെ പരിഗണിക്കാന്‍ ഏതെങ്കിലുമൊരു അധ്യാപകന്‍ ശ്രമിച്ചാല്‍ അതിനൊട്ട് സമയവുമില്ല. ആഴ്ചയില്‍ ആറ് പിരീഡ് എന്നത് ഒരിക്കലും പര്യാപ്തമല്ല. ഭാഷാ പഠനത്തിലൂടെ ലഭ്യമാകേണ്ട നൈപുണികള്‍ ആര്‍ജിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോവുകയും ചെയ്യുന്നു.

സംസ്ഥാനത്ത് വലിയൊരു ശതമാനം ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അധ്യയനം നടക്കുന്നില്ല. ഈ രംഗത്ത് ഫലപ്രദമായ അധ്യാപക പരിശീലനം നടക്കുന്നില്ല എന്നത് ഒരാക്ഷേപമായി ഇന്നും നിലനില്‍ക്കുന്നു. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള എല്ലാ പാഠ്യവിഷയങ്ങളിലും ഫലപ്രദവും നൂതനവുമായ അധ്യയന രീതി നടപ്പാക്കാന്‍ സര്‍ക്കാറും വിദ്യാഭ്യാസ സ്ഥാപന മേധാവികളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.
പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

യൂക്കാബദ് എന്ന റോസ്ട്രം

ചേന്ദമംഗല്ലൂർ ഇസ്ലാഹിയ്യയുടെ ഒരു വാർഷിക സമ്മേളനത്തിൽ കഥാപ്രസംഗമായി അവതരിപ്പിക്കാൻ വേണ്ടി യു.കെ അബൂ സഹ്്ല രചിച്ച കാവ്യമാണ് 'മൂസാ നബിയും ഫിർഔനും.' ആ സമ്മേളനത്തിൽ നാട്ടിൽ അന്ന് പരിചിതമല്ലാത്ത ഒരു റോസ്ട്ര(പ്രസംഗ പീഠം)വും നിർമിച്ചിരുന്നു. കഥാപ്രസംഗത്തിൽ ആലപിക്കപ്പെട്ട 'യൂക്കാബദിന്ന് രാജകല്പന ഓർക്കാപ്പുറം ഇറങ്ങിയേ' എന്ന ഈരടിയിൽനിന്നാണ് മൂസാ നബിയുടെ മാതാവിന്റെ പേര് വിദ്യാർഥികളും നാട്ടുകാരും മനസ്സിലാക്കുന്നത്. വിദ്യാർഥികൾ പുതിയതായി കേട്ട ആ പേര് കൗതുകമായി അവതരിച്ച പ്രസംഗപീഠത്തിന് ചാർത്തിക്കൊടുത്തു. അങ്ങനെ ഇസ്ലാഹിയ്യയിൽ യൂക്കാബദ് എന്നാൽ റോസ്ട്രം എന്നായി. ഒരു ദിവസം അത് സാഹിത്യ സമാജത്തിലേക്ക് കൊണ്ടുപോകാൻ വേണ്ടി സെക്രട്ടറിയായിരുന്ന ഈയുള്ളവൻ പ്രിൻസിപ്പൽ വി. അബ്ദുല്ലാ ഉമരിയോട് യൂക്കാബദ് എന്ന് പറയുന്നത് കേട്ട യു.കെ, 'സ്വാലിഹത്തായ ഒരു സ്ത്രീയുടെ പേര് ഈ മരക്കഷ്ണത്തിന് വിളിക്കുന്നത് താങ്കളും അംഗീകരിച്ചുവോ' എന്ന് അസ്വസ്ഥനായത് ആറ് പതിറ്റാണ്ടുകൾക്ക് ശേഷവും ഓർമവരുന്നു.
ടി.എം ഹുസൈൻ ആരാമ്പ്രം

വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി

'വിദ്വേഷ പ്രചാരണങ്ങളെ എന്തുകൊണ്ട് തടയുന്നില്ല' മുഖവാക്ക് (2024 മെയ് 03) വായിച്ചു. വര്‍ഗീയ ശക്തികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുമ്പോള്‍ പലരും അത് കണ്ടില്ലെന്ന് നടിക്കുന്നു. സംഘ് പരിവാറിന്റെ സ്വേഛാധിപത്യ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ചുക്കാന്‍ പിടിക്കുന്നു. കുടിയേറ്റക്കാരായി മുസ്്‌ലിംകളെ ചിത്രീകരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് നീതിപൂര്‍വകമായ നീക്കങ്ങളും സംസാരവുമാണ് ജനം പ്രതീക്ഷിക്കുന്നത്.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്‌