കവര്‍സ്‌റ്റോറി

പ്രപഞ്ച നാഥനില്‍നിന്ന് മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യന്റെ വഴികാട്ടി എന്നാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. അതില്‍ നിറയുന്നത് ദൈവകാരുണ്യമാണ്. അത് മനസ്സിലാവണമെങ്കില്‍ ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും നന്നായി ഗ്രഹിക്കുകയും വേണം. ആ പഠനം ഫലവത്താവണമെങ്കില്‍ ഖുര്‍ആന്‍ വായിക്കുന്ന ഓരോരുത്തരും ചില ഉപാധികള്‍ പൂര്‍ത്തീകരിച്ചിരിക്കണം. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

ഒന്നാമതായി നാം മനസ്സിലാക്കേണ്ടത്, ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ് എന്ന് വിശ്വസിക്കാത്തവര്‍ക്ക് ആ ഗ്രന്ഥം അതിന്റെ അമൂല്യമായ ഖജനാവുകള്‍ തുറന്നുകൊടുക്കുകയില്ല എന്നതാണ്. അല്ലാഹുവിന്റെ വാക്യങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത് എന്ന ഉറച്ച ബോധ്യവും വിശ്വാസവും വേണം. അങ്ങനെയുള്ള ഒരു വായനക്കാരന് മാത്രമേ ഖുര്‍ആന്‍ വഴികാട്ടിയാവുകയുള്ളൂ.

രണ്ടാമതായി, നാം ഖുര്‍ആനെ സമീപിക്കുന്നത് വളരെ സദുദ്ദേശ്യത്തോടെയാവണം. ഉദ്ദേശ്യശുദ്ധി വളരെ പ്രധാനമാണ്. ഖുര്‍ആനില്‍നിന്ന് തന്റെ ജീവിതത്തിന് വേണ്ട മാര്‍ഗദര്‍ശനം ലഭിക്കുക എന്നതാണ് ആ ഉദ്ദേശ്യം. ചിലയാളുകള്‍ക്ക് തങ്ങള്‍ സ്വന്തമായി നിര്‍മിച്ചുവെച്ച ആശയങ്ങളുണ്ടാവും അവരുടെ മനസ്സിനകത്ത്. ആ ആശയങ്ങളിലേക്ക് ഖുര്‍ആനെ ഇറക്കിക്കൊണ്ടു വരാനാവും അവര്‍ ശ്രമിക്കുക. തങ്ങളുടെ ആശയങ്ങള്‍ക്കൊത്ത് അവര്‍ ഖുര്‍ആനെ വായിക്കുന്നു. അത്തരക്കാര്‍ക്ക് ഖുര്‍ആനില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കില്ല. അവര്‍ എന്താണോ പരതിയത് അതേ കിട്ടൂ. വളരെ എളിമയോടെ, വിനയത്തോടെ, തുറന്ന മനസ്സോടെ വേണം ഖുര്‍ആന്‍ വായിക്കാന്‍. മാര്‍ഗദര്‍ശനമരുളേണമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും വേണം.

മൂന്നാമതായി, നാം അല്ലാഹുവിനോട് നന്ദിയുള്ളവരാകണം; ഈ അനുഗൃഹീത ഗ്രന്ഥം അവതരിപ്പിച്ചു തന്നതിന്. നാം എത്രമാത്രം നന്ദിയുള്ളവരാകുന്നുവോ അതിനനുസരിച്ച് ദൈവകാരുണ്യം നമ്മെ പൊതിയും.

നാലാമതായി, ഖുര്‍ആന്‍ സമ്പൂര്‍ണമായി അല്ലാഹുവിന്റെ വാക്യമാണെന്ന് നാം അംഗീകരിച്ച സ്ഥിതിക്ക്, നാം ഹൃദയം തുറന്നിടുകയും ആ വിശുദ്ധ ഗ്രന്ഥത്തില്‍ എന്തൊക്കെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നുവോ അവയെല്ലാം പൂര്‍ണമായി വിശ്വസിക്കാന്‍ തയാറാവുകയും വേണം. അവസാനമായി, മനുഷ്യ ചരിത്രത്തിന്റെ പ്രയാണപഥം എന്നന്നേക്കുമായി മാറ്റിമറിച്ച ഗ്രന്ഥമാണ് നമ്മുടെ കൈയിലിരിക്കുന്നതെന്ന ബോധം സദാ നമുക്കുണ്ടാവണം. ആയതിനാല്‍ ഖുര്‍ആന്‍ നാം വായിക്കാനെടുക്കുമ്പോള്‍ അതിലെ നിര്‍ദേശങ്ങള്‍ക്കൊത്ത് നമ്മുടെ ജീവിതരീതികളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കാനുള്ള സന്നദ്ധത നമുക്കുണ്ടാവണം. ആ സന്നദ്ധത ഉണ്ടാകുമ്പോഴാണ് ഖുര്‍ആന്‍ നമ്മുടെ ജീവിതത്തിന്റെ വിളക്കും അനുഗ്രഹവുമായിത്തീരുന്നത്. നമുക്കറിയാമല്ലോ, ഒരുപാട് ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ ഖുര്‍ആന്‍ പഠിക്കാനായി ജീവിതകാലം മുഴുവന്‍ നീക്കിവെച്ചവരാണ്. അവര്‍ ഖുര്‍ആന്റെ ഭാഷയിലൂടെയും അക്ഷരങ്ങളിലൂടെയും കടന്നുപോയി എന്നല്ലാതെ അതില്‍നിന്നുള്ള മാര്‍ഗദര്‍ശനം കൈയേല്‍ക്കാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. മേല്‍പറഞ്ഞ ഉപാധികളൊന്നും അവര്‍ പാലിച്ചില്ല എന്നതാണ് കാരണം.

നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കും. സാധാരണക്കാര്‍ ഖുര്‍ആന്‍ സ്വയം പഠിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന ചില പണ്ഡിതന്മാരെ കാണാം. ഒരു സാധാരണക്കാരന് ഖുര്‍ആന്‍ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണെന്നാണ് അവര്‍ പറയുക. അതിന്റെ അര്‍ഥവും പൊരുളും പണ്ഡിതന്മാര്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് വേണ്ടത്. പക്ഷേ, ഈ നിലപാട് ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്ക് എതിരാണ്. ഖുര്‍ആന്‍ അവതീര്‍ണമായത് ഏതൊരു സമൂഹത്തിലാണോ (സ്വഹാബികള്‍) അവരുടെ ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. അവരെല്ലാവരും ഖുര്‍ആന്‍ പഠിക്കുകയും അതിന്റെ പ്രയോജനം അവര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എല്ലാ സ്വഹാബികളും പണ്ഡിതന്മാരായിരുന്നില്ലല്ലോ. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ സ്വഹാബികളിലുണ്ടായിരുന്നു; അവര്‍ക്കെല്ലാം ഖുര്‍ആന്റെ ആശയം ഗ്രഹിക്കാനും അതിന്റെ മാര്‍ഗദര്‍ശനം പിന്തുടരാനും കഴിഞ്ഞിരുന്നു.

രണ്ട് തലത്തിലുള്ള ഖുര്‍ആന്‍ പഠനമുണ്ട് എന്നും നാം മനസ്സിലാക്കണം. 'തദക്കുര്‍' ആണ് ഒന്നാമത്തേത്. ഉപദേശം സ്വീകരിക്കല്‍, ഓര്‍മിക്കല്‍, ഹൃദയ വികാരമായി സ്വീകരിക്കല്‍ എന്നൊക്കെയാണ് അതിന്റെ അര്‍ഥം. ഈ തലത്തിലുള്ള ഖുര്‍ആന്‍ പഠനവും അതിനെ ജീവിതത്തിന്റെ ഭാഗമാക്കലും എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നാണ്. ഇക്കാര്യം അല്‍ ഖമര്‍ അധ്യായത്തില്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ.

''ഈ ഖുര്‍ആനെ നാം ഉദ്‌ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു. ഉദ്‌ബോധനം സ്വീകരിക്കാന്‍ വല്ലവരുമുണ്ടോ?'' (54:17,22,32,40 സൂക്തങ്ങള്‍).
ഖുര്‍ആന്‍ പഠനത്തിന്റെ രണ്ടാമത്തെ തലമാണ് തദബ്ബുര്‍. ചിന്ത, ആഴത്തിലുള്ള ആലോചന, അര്‍ഥതലങ്ങളെ മുഴുവനായി ഗ്രഹിച്ചെടുക്കല്‍ എന്നൊക്കെയാണ് വിവക്ഷ. ഇത്തരമൊരു പഠനം എല്ലാവര്‍ക്കും കഴിയണമെന്നില്ല. എങ്കിലും ഒന്ന് ശ്രമിച്ചുനോക്കാന്‍ ഖുര്‍ആന്‍ എല്ലാവരോടുമായി പറയുന്നുമുണ്ട്.
''അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അതോ, അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകളിട്ടിട്ടുണ്ടോ?'' (47:24).

ശരിയാണ്, ഖുര്‍ആനില്‍ സവിശേഷ പഠനം വേണ്ട നിരവധി സൂക്തങ്ങളുണ്ട്; പ്രത്യേകിച്ച് നിയമവിധികളുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍. ആഴത്തിലുള്ള പഠനവും പരിശീലനവുമുണ്ടെങ്കിലേ അത്തരം നിയമവ്യാഖ്യാനങ്ങള്‍ നടത്താനാവൂ. ഖുർആന്‍ പഠനത്തിന്റെ ഈ രണ്ട് തലങ്ങളും മനസ്സിലാക്കിയിരുന്നാല്‍ പിന്നെ ആശയക്കുഴപ്പമുണ്ടാവില്ല.

ഖുര്‍ആന്‍ പഠനത്തില്‍ പല വെല്ലുവിളികളും നാം അഭിമുഖീകരിച്ചേക്കാം. അവയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നാം നമ്മുടെ പരിമിതികളെ അറിയുക എന്നതാണ് ഒന്നാമത്തേത്. നിങ്ങള്‍ക്ക് എത്രമാത്രം അറബി ഭാഷയും ഹദീസും സീറയുമെല്ലാം അറിയാം എന്ന് സ്വയം വിലയിരുത്തണം. അറബി ഭാഷ അറിയില്ലെങ്കില്‍ പരിഭാഷകളെ ആശ്രയിക്കേണ്ടിവരും.
ഖുര്‍ആനിലെ ഓരോ ആശയത്തിനും അതിന്റേതായ പദപ്രയോഗങ്ങളുണ്ട് എന്ന് മനസ്സിലാക്കലാണ് രണ്ടാമത്തെ വെല്ലുവിളി. ഖുര്‍ആനിലെ 'താക്കോല്‍ വാക്കുകള്‍' (ഇലാഹ്, റബ്ബ്, ദീന്‍, തഖ് വ, ഇബാദത്ത് പോലുള്ളവ) നാം കൃത്യമായി അറിഞ്ഞിരിക്കണം. അറബി അറിയാത്തവര്‍ക്ക് ഇത്തരം വാക്കുകളുടെ പൊരുള്‍ വിവരിക്കുന്ന നിഘണ്ടുക്കള്‍ ഇപ്പോള്‍ ലഭ്യമാണ്. Qura'anic keywords: A Reference Guide ഉദാഹരണം.

മൂന്നാമത്തെ വെല്ലുവിളി, ഖുര്‍ആന്‍ ഒരാവൃത്തി പരിഭാഷയോടൊപ്പം അവലംബനീയമായ തഫ്‌സീറുകളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. ഖുര്‍ആന്റെ മൊത്തം സന്ദേശം എന്താണെന്ന് അപ്പോഴേ നിങ്ങള്‍ക്ക് മനസ്സിലാകൂ. വായിച്ചു പോകുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ നിങ്ങളുടേതായ നിഗമനങ്ങള്‍ ഉരുത്തിരിയും. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും മറ്റു പണ്ഡിതന്മാരുടെയും വ്യാഖ്യാനങ്ങളുമായി അവ ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കലും വളരെ അനിവാര്യമാണ്.

നാലാമത്തേതാണ് വലിയ വെല്ലുവിളി. ഖുര്‍ആനികാശയങ്ങള്‍ വളരെ വൈപുല്യമുള്ളതും ബഹുമുഖ തലങ്ങളുള്ളതുമാണ്. അവ സാമാന്യമായി മനസ്സിലാക്കാന്‍ തന്നെ വര്‍ഷങ്ങളെടുക്കും. അതിനാല്‍ വായിച്ചുതുടങ്ങുമ്പോഴേക്കേ എടുത്തുചാടി സ്വന്തമായ 'ഫിഖ്ഹ്' ചമയ്ക്കാന്‍ പുറപ്പെടരുത്. മുസ്ലിം സമൂഹത്തില്‍ പൊതു സമവായമുള്ള (ഇജ്മാഅ്) അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമാവുന്നുണ്ടോ തന്റെ അഭിപ്രായം എന്ന് സൂക്ഷിക്കണം. നിങ്ങളുടെ പഠനക്കുറവും വിവരക്കുറവുമായിരിക്കും അപക്വമായ അത്തരമൊരു അഭിപ്രായ പ്രകടനത്തിന് കാരണമായിട്ടുണ്ടാവുക. ചര്‍ച്ചകളിലൂടെയും ഗ്രൂപ്പ് സ്റ്റഡിയിലൂടെയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാവും. പണ്ഡിതന്മാരുടെ സഹായവും തേടണം.

അഞ്ചാമത്തെ വെല്ലുവിളി, നാം പരിചയിച്ച വായനാ രീതിയാണ്. വിവരങ്ങളും ആശയങ്ങളും വാദമുഖങ്ങളും ക്രമത്തില്‍ അടുക്കിവെച്ച പുസ്തകങ്ങളാണല്ലോ നാം വായിച്ചു പരിചയിച്ചിട്ടുള്ളത്. അതിനാല്‍, സ്വാഭാവികമായും ഖുര്‍ആന്‍ വായിക്കാനായി നാം കൈയിലെടുക്കുമ്പോള്‍ അത്തരമൊരു അവതരണമാണ് നാം പ്രതീക്ഷിക്കുക. അതായത്, ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള അവതരണം. പക്ഷേ, ഖുര്‍ആന്‍ വായിക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ, നമുക്കൊട്ടും പരിചയമില്ലാത്ത ഒരു അവതരണ രീതിയാണ് നാം കാണുക. അതില്‍ വിശ്വാസ കാര്യങ്ങളുണ്ട്, ധാര്‍മിക അധ്യാപനങ്ങളുണ്ട്, സന്തോഷ വാര്‍ത്തകളുണ്ട്, കടുത്ത മുന്നറിയിപ്പുകളുണ്ട്, പൂര്‍വ സമൂഹങ്ങളുടെ കഥനങ്ങളുണ്ട്, പ്രപഞ്ചത്തിലുടനീളം ദൃശ്യമാകുന്ന ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ച വിവരണമുണ്ട്… ഒപ്പം സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, നിയമ വിഷയങ്ങളും. എന്നാല്‍, ഈ വിഷയങ്ങളൊന്നും സാമൂഹിക ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലേ അല്ല പരാമര്‍ശിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ രീതി, ആഖ്യാനം. ഇത് മനസ്സിലാക്കിയില്ലെങ്കില്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ നാം ആശയക്കുഴപ്പത്തിലകപ്പെട്ടുപോകും.

നാം മനസ്സിലാക്കണം, ഖുര്‍ആന്റെ വിഷയം മനുഷ്യനാണ്. മനുഷ്യന്റെ ആത്യന്തിക വിജയ-പരാജയങ്ങളാണ് അത് വിവരിക്കുന്നത്. ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമായതിനാല്‍, ആശയത്തിലാകും കേന്ദ്രീകരിക്കുക. അത് വ്യക്തമാക്കാന്‍ അനിവാര്യമായ ചരിത്രപരവും മറ്റുമായ വിവരണങ്ങള്‍ മാത്രമേ കാണൂ. ഖുര്‍ആന്റെ ശൈലി പ്രഭാഷണപരം (Oratorical) ആണെന്നും ആഖ്യാനപരം (Narrative) അല്ലെന്നും മനസ്സിലാക്കണം. പ്രഭാഷണ രീതിയും എഴുത്തു രീതിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. അതിനാല്‍ ഖുര്‍ആന്റെ പദാനുപദ തര്‍ജമകള്‍ക്ക് സാഹിതീയമായ കരുത്തോ ഒഴുക്കോ സൗന്ദര്യമോ ഒക്കെ നഷ്ടപ്പെട്ടുപോകാനിടയുണ്ട്. പരിഭാഷകളിലൂടെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇതു കാരണം നിരാശരാവാനും സാധ്യതയുണ്ട്. അതിനാല്‍, ഖുര്‍ആനും മറ്റു ഗ്രന്ഥങ്ങളും തമ്മിലുള്ള ഈ അടിസ്ഥാനപരമായ വ്യത്യാസം എപ്പോഴും ഓര്‍മയിലുണ്ടാവണം. അപ്പോഴാണ് ഖുര്‍ആന്ന് അതിന്റേത് മാത്രമായ അവതരണയുക്തിയും പ്രഭാഷണ മികവും പദ-ഘടനാ സൗന്ദര്യവും ഉണ്ടെന്നും, അത് മനുഷ്യ മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുമെന്നും നാം മനസ്സിലാക്കുക. l
('ട്രഷേഴ്‌സ് ഓഫ് ദ ഖുര്‍ആന്‍' എന്ന കൃതിയില്‍നിന്ന്)