ഗസ്സ - നീയുള്ളിലെരിയും മുറിവാണ്
തിരതല്ലിയാര്‍ക്കുന്ന രുധിരക്കടലാണ്
പാതി മരിച്ച നിഴലാണ് - പാരിന്റെ
ദുഃഖാശ്രുബിന്ദുവായ്,
ക്രൗര്യത്തിന്‍ ജ്വാലയായ്,
കത്തിപ്പടരും ദുരന്തവര്‍ഷത്തിന്റെ
ധൂമില ചിത്രമാണല്ലോ?
ഗസ്സ - നീ മണ്ണിലെ കനക്കും വിഷാദമായ്
പ്രതികാരവും കൂരിരുട്ടും പരക്കുന്ന
മുഖര ദുരിതങ്ങള്‍ തന്‍ താങ്ങാച്ചുമടുമായ്
ഭീതി വിതയ്ക്കുന്ന, വെടിയുണ്ട ചീറ്റുന്ന
അഗ്നിഗോളങ്ങളുഴുതുമറിക്കുന്ന
സംഘര്‍ഷ ഭൂമിയായ്
വിറയാര്‍ന്നു നില്‍ക്കുകയല്ലോ?
ഗസ്സ - നീ, കണ്ണീരുണങ്ങാത്ത ഭൂമിക
ഹരിത സ്വപ്‌നങ്ങള്‍ തകര്‍ന്ന ഭൂമണ്ഡലം
ചുറ്റും പിടയുന്ന ജീവന്റെ രോദനം
പതയുന്ന ചോരയില്‍, പിടയുന്ന ബാല്യവും
മാറത്തലച്ചാര്‍ക്കു മമ്മതന്‍ തേങ്ങലും
കൂട്ടുകുരുതിക്കളവും.
ഗസ്സ - ചിരി പതയേണ്ടുന്ന പിഞ്ചു മുഖങ്ങളില്‍
പിച്ചവെച്ചീടുമാ കുഞ്ഞിളം കാലിലും
മരണത്തിന്നീച്ചയാര്‍ക്കുന്നു
അമ്മിഞ്ഞ പാല്‍മണം പൊതിയേണ്ട ചുണ്ടിലും,
പാലൊളി പൂക്കുന്ന ദന്തനിരയിലും,
രക്തത്തിന്‍ ചാലൊഴുകുന്നു
ഗസ്സ - നിനക്കിതാ,
ഒരു കുമ്പിള്‍ സാന്ത്വനവര്‍ഷം
ഒരു കടല്‍ക്കോളിനും, തിരകള്‍ക്കും പറ്റില്ല
നിന്നെ അലിയിച്ചൊതുക്കാന്‍
ക്രോധം ജ്വലിക്കുന്ന വെയിലിനും പറ്റില്ല
നിന്നെ കരിച്ചു കളയാന്‍
മാനവികൈക്യത്തിന്‍ തീപ്പന്തം പേറുവാന്‍
സാഹോദര്യത്തിന്റെ ആയിരം കൈയുകള്‍
ഇവിടെയുയരാതിരിക്കയില്ല.
ദുരിതങ്ങളില്ലാത്ത, സംഘര്‍ഷമില്ലാത്ത,
പോരിന്റെ വേതാള നടനങ്ങളില്ലാത്ത,
അണയാതെ കത്തുന്ന നാളമായ്,
സൂര്യ തേജസ്സായി
നാളെ നീ വീണ്ടുമുയിർത്തുണരും.
l