റിപ്പോർട്ട്

കണ്ണൂർ: അബൂദബി ഇസ് ലാമിക് കൾച്ചറൽ സെന്റർ (ഐ.സി.സി) പ്രവർത്തകർ കണ്ണൂർ ജില്ലയിലെ മാട്ടൂലിൽ ഒത്തുചേർന്നത് അനുഭൂതിദായകമായ നിമിഷങ്ങൾ സമ്മാനിച്ചു. ഐ.സി.സി എന്ന കൂടാരത്തിൽ രൂപപ്പെട്ട, ആദർശത്തിന്റെ പട്ടുനൂൽ കൊണ്ട് ബന്ധിതമായ സാഹോദര്യത്തെ പ്രവാസത്തിന്റെ വിരാമത്തിനു ശേഷവും നിലനിർത്താൻ ഒരു വ്യാഴവട്ട കാലം മുമ്പ് നിലവിൽ വന്ന ഐ.സി.സി അബൂദബി ഓർമക്കൂട്ടത്തിന്റെ മൂന്നാമത് കുടുംബ സംഗമമാണ് നടന്നത്.

ഒ. അബ്ദുൽ ഖാദർ സാഹിബും കെ.എം ഇബ്റാഹീം മൗലവിയും അബ്ദുർറഹ്്മാൻ സാഹിബും (മാമ) ടി.കെ ഇബ്റാഹീം സാഹിബും (ടൊറോണ്ടോ) ആർ.കെ ഖാലിദ് സാഹിബുമൊക്കെയായിരുന്നു ഐ.സി.സിക്ക് വിത്തുപാകിയ ആദ്യകാല സാരഥികൾ.
വി.എം സുഹ്റ (കൊച്ചി), സഈദ (പള്ളുരുത്തി), അസ്മാബി (കണ്ണൂർ) തുടങ്ങിയ വനിതാ പ്രതിഭകളെയും വിസ്മരിക്കാവതല്ല. ആദരണീയനായ ഉസ്താദ് വി. എ യൂനുസ് ഉമരിയുടെ പ്രൗഢ ഗംഭീരമായ ഖുർആൻ ക്ലാസുകൾ, അബ്ദുസ്സലാം മൗലവിയുടെ (തിരുവനന്തപുരം) സൗമ്യ ഭാഷണങ്ങൾ, പി.എം.എയുടെ സർഗശേഷിയും ഐ.എമ്മിന്റെ സംഘാടക മികവുമൊക്കെ ഐ.സി.സിയെ വൈജ്ഞാനികവും സാമൂഹികവുമായ അനുഭവമാക്കി.

മാട്ടൂലിൽ ജൂലൈ 14-നാണ് 'ഐ.സി.സി ഓർമക്കൂട്ടം കുടുംബ സംഗമം 2024' അരങ്ങേറിയത്. പ്രായത്തിന്റെ അവശത മറന്ന് വന്നെത്തിയ യൂനുസ് മൗലവി തന്നെയായിരുന്നു സദസ്സിന്റെ മുഖ്യ ആകർഷണം. ഉദ്ഘാടന പ്രസംഗത്തിൽ ചരിത്രത്തിന്റെ അതിരുകൾ താണ്ടി അദ്ദേഹം പോയ കാലം ഓർത്തെടുത്തു. ദീനീ ദൗത്യത്തിന്റെ കാലിക പ്രസക്തിക്കും മൗലവി സാഹിബ് അടിവരയിട്ടു.
ഉദ്ഘാടന സെഷനിൽ മുസ്തഫ ഇബ്റാഹീം ഖിറാഅത്ത് നടത്തി. അഡ്വ. കെ.പി അബ്ദുശ്ശുക്കൂർ (വൈസ് ചെയർമാൻ ഓർമക്കൂട്ടം) സ്വാഗതം പറഞ്ഞു. വി.എം മുഹമ്മദ് ശരീഫ് (ചെയർമാൻ ഓർമക്കൂട്ടം) അധ്യക്ഷത വഹിച്ചു.

പി.കെ മുഹമ്മദ് സാജിദ് നദ്്വി (ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് ), പി.എം അബ്ദുർറഹ്മാൻ (മാടായി ഏരിയാ പ്രസിഡന്റ് ), എൻ.കെ ഇസ്മാഈൽ (ഐ.സി.സി അബൂദബി പ്രസിഡന്റ് ), അബ്ദുല്ല ഹബീബ് (പ്രവാസി സെൽ ഡയറക്ടർ), എ.കെ റുഫൈദ (മാടായി ഏരിയാ കൺവീനർ) ആശംസകൾ നേർന്നു. ഹബീബുർറഹ്മാൻ, അബ്ദുറഹ്മാൻ വടക്കാങ്ങര എന്നിവർ മൺമറഞ്ഞ പ്രവർത്തകരെ അനുസ്മരിച്ചു. ടി.കെ അലി പൈങ്ങോട്ടായി രചിച്ച കവിത അഹ്മദ് ഫദൽ അവതരിപ്പിച്ചു. മിൻഹ സുബൈർ, ഉനൈസ് മാട്ടൂൽ ഗാനം ആലപിച്ചു.

ഓർമക്കൂട്ടത്തിന്റെ റിപ്പോർട്ട് ജനറൽ സെക്രട്ടറി ഫൈസൽ ഇബ്റാഹീം അവതരിപ്പിച്ചു. മാസാന്ത പെൻഷൻ, ചികിത്സാ സഹായം, റമദാൻ ഗിഫ്‌റ്റ്, സ്വയം തൊഴിൽ, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഓർമക്കൂട്ടം അംഗങ്ങൾക്ക് നൽകിവരുന്ന സേവനങ്ങൾ റിപ്പോർട്ട് സൂചിപ്പിച്ചു.
മുൻ പ്രസിഡന്റുമാരുടെ അവസരത്തിൽ സി. മുഹമ്മദലി, എം.കെ അബ്ദുല്ല, ഡോ. വി.എം മുനീർ, എ. മുഹമ്മദ് കുഞ്ഞി, ആഇശ ഹബീബ്, ഫാത്തിമ അഹ്മദ്, മറിയം ജമീല സംസാരിച്ചു.

സമാപന സെഷനിൽ അബ്ദു ശിവപുരം, സി.എം.സി അബ്ദുർറഹ്മാൻ, ആർ.കെ ഖാലിദ്, സാലിഹ് തങ്ങൾ, പി.വി അബ്ദുർറഹ്മാൻ, ടി. അബ്ദുർറഹ്മാൻ, ഐ. മുഹമ്മദലി, നാസർ കാരക്കാട്, ജമാൽ കടന്നപ്പള്ളി, വി.കെ ആയിഷ, രഹ്ന, സാജിദ ബഷീർ പോയ കാല അനുഭവങ്ങൾ പങ്കുവെച്ചു.

അബ്ദുർറഹ്മാൻ പൊറ്റമ്മലിന്റെ ഹൃദയംഗമമായ ഉദ്ബോധനത്തോടും ഇ.പി അബൂബർ ഉസ്താദിന്റെ ഭക്തിനിർഭരമായ പ്രാർഥനയോടും കൂടി ഏകദിന സഹവാസത്തിന് തിരശ്ശീല വീണു. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഞ്ഞൂറിലധികം വരുന്ന ഐ.സി.സി കുടുംബാംഗങ്ങൾക്ക് ആതിഥ്യമരുളിയവരെയും മിനാർ വളണ്ടിയേഴ്സിനെയും പ്രാർഥനാ പൂർവം ഓർക്കട്ടെ. l

ഇസ് ലാമിന്റെ പ്രത്യയശാസ്ത്ര ശേഷിയിൽ ഉറച്ചു നിന്നുകൊണ്ട് ഇസ് ലാമിക പ്രസ്ഥാനങ്ങൾ എങ്ങനെ സ്ട്രാറ്റജി രൂപപ്പെടുത്തണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഇസ് ലാമിക പ്രസ്ഥാനങ്ങൾ വർത്തമാനം, ഭാവി എന്ന ഡോ. അബ്ദുസ്സലാം അഹ്്മദിന്റെ ഗ്രന്ഥം (പ്രസാധനം: കൂര ബുക്സ് ). ആഗോള ഇസ് ലാമിക പ്രസ്ഥാന നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലർത്താനും അവയുടെ ചലനങ്ങൾ വീക്ഷിക്കാനും സമയം കണ്ടെത്തുന്ന, അന്താരാഷ്ട്ര മുസ് ലിം പണ്ഡിത വേദി എക്സിക്യൂട്ടീവ് അംഗം കൂടിയായ ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾ വ്യതിരിക്തവും ശ്രദ്ധയാകർഷിക്കുന്നതുമാണ്.

അതേയവസരം, തന്റെ ചിന്തകൾ വിധി തീർപ്പാണെന്ന് രചയിതാവ് അവകാശപ്പെടുന്നില്ല. ലോക ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ അനുഭവങ്ങൾ നമുക്കും ഒരുപാട് പാഠങ്ങളും വീണ്ടുവിചാരങ്ങളും നൽകുന്നുണ്ടെന്നും വിശദാംശങ്ങളിൽ ഇനിയും ചർച്ച ആകാമെന്നുമാണ് ഗ്രന്ഥകർത്താവ് മുന്നോട്ടുവെക്കുന്ന ആശയം (പേജ് 24, 25). ഇസ് ലാമിക പ്രസ്ഥാനത്തെ വിശാലമായ അർഥത്തിലാണ് ഗ്രന്ഥകർത്താവ് കാണുന്നത് (പേജ് 21). താൻ അഭിസംബോധന ചെയ്യുന്നത് പ്രസ്ഥാനത്തെ മാത്രമല്ല, സമുദായത്തിലെ മുഴുവൻ സംഘടനകളെക്കൂടിയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒ. അബ്ദുർറഹ്്മാന്റെ അവതാരികയും വി.എ കബീറിന്റെ അനുബന്ധവും ഗ്രന്ഥത്തെ കൂടുതൽ ആലോചനാമൃതമാക്കുന്നു.

ലോകം ഇന്ന് കൃത്യമായ ആദർശ ശൂന്യതയിലാണ്. മനുഷ്യ നിർമിത ദർശനങ്ങളും മൃത മതങ്ങളും പ്രതീക്ഷ നൽകുന്നില്ല. ആ ശൂന്യത നികത്താൻ കെൽപ്പുറ്റ പ്രത്യയശാസ്ത്രം എന്ന നിലയിൽ ഇസ് ലാമിനെ പ്രതിനിധാനം ചെയ്യേണ്ട ഭാരിച്ച ദൗത്യം ഇസ് ലാമിക പ്രസ്ഥാനങ്ങളുടെതാണ്. എന്നാൽ, അവ്വിധം കാലത്തിന്റെ നാഡീ സ്പന്ദനങ്ങൾ അളക്കുന്ന ഒരു സ്ട്രാറ്റജി അവയ്ക്കുണ്ടോ?

ഈ ചോദ്യമാണ് തന്നെ ഇത്തരമൊരു ഗ്രന്ഥ നിർമിതിക്ക് പ്രേരിപ്പിച്ചതെന്ന് രചയിതാവ് ആമുഖത്തിൽ (എന്തുകൊണ്ട് ഈ കൃതി?) വ്യക്തമാക്കുന്നു.
'ഇസ് ലാമിക പ്രസ്ഥാനങ്ങൾ സ്വയം വിമർശിക്കുമ്പോൾ' എന്ന പ്രഥമാധ്യായം പ്രസ്ഥാനത്തിന്റെ സാധുതയും സാധ്യതയും പരിശോധിക്കുന്നു. ഇസ് ലാമിക പ്രസ്ഥാനം എന്നത് വെറുതെ പറഞ്ഞുപോകാവുന്ന കേവല നാമമല്ല. അതൊരു വികാരവും പ്രതീക്ഷയുമാണ്. ലോകത്തെ മാറ്റിപ്പണിയാൻ പുറപ്പെട്ട ധാർമികപ്പടയാണ്. അതുകൊണ്ടു തന്നെ അവർ ആത്മവിചാരണ നടത്തേണ്ടവരാണ്. സ്വന്തത്തെ അളക്കുന്നതു പോലെ സ്വന്തം പ്രസ്ഥാനത്തെയും നാഡി പിടിച്ച് പരിശോധിക്കാൻ ധീരത കാട്ടണം.

'ലാഇലാഹ ഇല്ലല്ലാഹ്' എന്ന തൗഹീദീ വചനവുമായാണ് ലക്ഷത്തിലധികം പ്രവാചകന്മാർ ആഗതരായത്. എന്നാൽ, തൗഹീദീ സംസ്ഥാപനത്തിന് ഇതേ പ്രവാചകന്മാർ അനുവർത്തിച്ചത് വ്യത്യസ്ത രീതികളായിരുന്നു. കാരണം, ഓരോ പ്രവാചകന്റെയും കാലഘട്ടം വിഭിന്നമായിരുന്നു. പ്രവാചകന്മാർക്കു ശേഷമുണ്ടായ പരിഷ്കർത്താക്കളുടെയും (മുജദ്ദിദ് ) അവസ്ഥ മറ്റൊന്നായിരുന്നില്ല.

ഇമാം ഹസനുൽ ബന്നായുടെയും സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെയും കാര്യവും തഥൈവ. അവർ കടന്നുപോയ കാലഘട്ടത്തിൽനിന്ന് ഏറെ മാറിയതാണ് പുതു ലോകം. ഈ ആശയമാണ് പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ (തജ്ദീദി പ്രസ്ഥാനത്തിലെ തജ്ദീദ്) രചയിതാവ് പറഞ്ഞുവെക്കുന്നത്.

'ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ സ്ട്രാറ്റജി' എന്ന മൂന്നാം അധ്യായം, ഇരുപത്തിമൂന്ന് വർഷത്തിനകം മഹത്തായ ഇസ് ലാമിക വിപ്ലവം പൂർത്തിയാക്കുകയും മദീനാ രാഷ്ട്രം നിർമിച്ചെടുക്കുകയും ചെയ്ത അന്ത്യദൂതൻ മുഹമ്മദ് നബി (സ) വിവിധ ഘട്ടങ്ങളിൽ കൈക്കൊണ്ട വ്യത്യസ്ത നയങ്ങൾ വിശദീകരിക്കുന്നു. രഹസ്യ പ്രബോധനം മുതൽ ഫത്ഹു മക്ക വരെ ഇതിൽ ഇതൾ വിരിയുന്നു. പ്രസ്ഥാനത്തിന്റെ ദാർശനികാടിത്തറക്ക് വമ്പിച്ച പ്രാധാന്യം നൽകുന്നതോടൊപ്പം, എപ്പോഴും പോയകാല ചിന്തകരുടെ വീക്ഷണങ്ങൾ മാത്രം മതിയാവില്ലെന്നും ആശയങ്ങളെ 'റീഡിസൈൻ' ചെയ്യേണ്ടിവരുമെന്നും ഗ്രന്ഥകാരൻ ഈ അധ്യായത്തിൽ പറയുന്നു ( പേജ് 93).

'മനുഷ്യ വിഭവശേഷിയുടെ വികസനം' എന്ന അധ്യായത്തിൽ പ്രവാചകന്റെ തർബിയത്ത് മുതൽ വിഭവശേഷി വിതരണം വരെ തലനീട്ടുന്നു. അഞ്ചാം അധ്യായം (തിരുത്തപ്പെടേണ്ട ധാരണകൾ) ഇസ് ലാമിക പ്രസ്ഥാനത്തെ തുറസ്സിലേക്ക് തുറന്നിടുന്ന വാതായനങ്ങളാണ്.

ആറാം അധ്യായം, (വിഷനറി ലീഡർഷിപ്പ്) ശക്തരും ധൈഷണികമായി ഉയർന്നവരുമായ നേതാക്കളെ വാർത്തെടുക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നു.
ഇസ് ലാമും ജാഹിലിയ്യത്തും എന്ന 'ബ്ലാക്ക് & വൈറ്റ്' ദ്വന്ദ്വത്തിൽനിന്ന് ലോകം ഒരുപാട് മാറിയിരിക്കുന്നു. പകരം സംവാദത്തിന്റെയും സമവായത്തിന്റെയും 'മഴവിൽ ലോക'മാണ് ഇന്നുള്ളത്. മാത്രമല്ല, ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം ശക്തിപ്പെട്ടുവരുന്നു. ഉമ്മത്തിന്റെ നില അങ്ങേയറ്റം പരുങ്ങലിലാണ്. ദഅ്വത്ത് മുഖ്യം തന്നെ. എന്നാൽ, രാഷ്ട്രീയവും ഭരണപങ്കാളിത്തവും അപ്രധാനമല്ല. ഇന്ത്യനവസ്ഥകളെ ഇവ്വിധമാണ് ഗ്രന്ഥകർത്താവ് വായിച്ചെടുക്കുന്നത്:

സയ്യിദ് മൗദൂദി മാറ്റങ്ങളെ ഉൾക്കൊള്ളുന്ന 'ഫ്ളക്സിബ്ൾ' ആണെങ്കിലും മൗദൂദിയൻ തോട്ട് കാലഘട്ടത്തിനൊത്ത് പുനർ വായിക്കാൻ ആരോഗ്യകരമായ തുടർച്ച ഇല്ലാതെ പോയി (പേജ് 64-69,75, 112-114) എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തെ ഏതാണ്ട് എല്ലാ ഇസ് ലാമിക പ്രസ്ഥാനങ്ങളെയും ഈ ഗ്രന്ഥം വിശകലന വിധേയമാക്കുന്നു: സ്ട്രാറ്റജി നിർണയത്തിൽ വിജയിച്ചത് രണ്ട് പാർട്ടികളാണ്. ഫലസ്ത്വീനിലെ ഹമാസും തുർക്കിയയിലെ ജസ്റ്റിസ് & ഡെവലപ്മെന്റ് പാർട്ടിയും (പേജ് 125, 133). ഹമാസിന് തെറ്റുപറ്റിയിരുന്നു. പക്ഷേ, അത് തിരുത്താൻ അവർ ആർജവം കാട്ടിയെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് പറയുന്നു (പേജ്: 54).

അൾട്രാ സെക്യുലരിസ്റ്റ് വ്യവസ്ഥിതി നിലനിന്ന തുർക്കിയയെ അതേ സെക്യുലർ / ഡെമോക്രസി ഉപകരണങ്ങൾ (ടൂൾ) ഉപയോഗിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന് അതിജയിക്കാനായി. എന്നാൽ, ആഴത്തിൽ വേരുള്ള മുസ് ലിം പൈതൃകം ഉൾപ്പെടെ നിരവധി സവിശേഷതകൾ നിറഞ്ഞ 'തുർക്കിയ മാതൃക' ഒട്ടനവധി രാഷ്ട്രങ്ങൾക്ക് ഓപ്ഷനാണെങ്കിലും തുർക്കിയയെ അപ്പാടെ പകർത്താൻ പറ്റുന്ന സാഹചര്യമല്ല മിക്ക ഇസ് ലാമിക പ്രസ്ഥാനങ്ങൾക്കുമുള്ളത് ( പേജ് 77,107,108).

തുനീഷ്യയിലെ അന്നഹ്ദ ഇസ് ലാമിക പ്രബോധനത്തെയും (ദഅ്വത്ത്) രാഷ്ട്രീയത്തെയും (സിയാസത്ത് ) പൂർണമായും വേർപ്പെടുത്തി. മാത്രമല്ല, 'പൊളിറ്റിക് ഇസ് ലാമി'നു പകരം 'ഡെമോക്രാറ്റിക് ഇസ് ലാമി'നെയാണ് അന്നഹ്ദ തെരഞ്ഞെടുത്തത്. മൊറോക്കോയാണ് ആദ്യം ഈ വഴി ആരംഭിച്ചത്. പിന്നീട് ഒട്ടേറെ പ്രസ്ഥാനങ്ങൾ അത് അനുകരിച്ചു (പേജ് 51,54,109). l

പ്രബോധനത്തിൽ (ലക്കം 3313) പി. എം.എ ഖാദർ എഴുതിയ 'ഗുറാബി' (ചെറുകഥ) പുതിയൊരു അവബോധത്തിന്റെ ഉണർത്തുപാട്ടാണ്. കാക്ക എന്ന ഖുർആനിക പരികൽപനയുടെ അർഥവത്തും കാലികവുമായ രാഷ്ട്രീയ ആവിഷ്കാരമാണ് ഈ ചെറുകഥ.
അരികു വത്കരിക്കപ്പെട്ടവരോടുള്ള ചേർന്നുനിൽപ്പ്, പ്രകൃതി ഒപ്പം കൂടുന്ന വിന്യാസം, സൗന്ദര്യബോധത്തിലെ വിപ്ലവകരമായ തിരുത്ത് എന്നിങ്ങനെ സവിശേഷതകൾ ഒട്ടേറെയുണ്ട് ഗുറാബിക്ക്.

രചനകളിലും പ്രഭാഷണങ്ങളിലും ദുർഗ്രാഹ്യതയില്ലാത്ത, ജീവനുള്ള വാക്കുകൾ ഉപയോഗിക്കുന്ന പി.എം.എയുടെ സർഗ കഴിവും ഭാഷാ മിഴിവും ശാസ്ത്രബോധവും ഈ കഥയിലും വഴിഞ്ഞൊഴുകുന്നുണ്ട്.

തൗഹീദീ ദർശനത്തിലൂന്നിയ ഇസ് ലാമിക സൗന്ദര്യശാസ്ത്ര ശിഖരത്തിൽ നിന്നിതളൂർന്നു വീണ ചെമ്പനീർ പൂവാണ് ഗുറാബി.
കഥയിലെ പാത്രത്തെപ്പോലെ ഈ കുറിപ്പുകാരന്റെ ബാല്യ/ കൗമാരങ്ങളും കാക്കയുടെ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ തക്ക പക്വമായിരുന്നില്ല. എന്നാൽ, വിശുദ്ധ ഖുർആൻ പഠിപ്പിച്ച ലോക ഗുരുക്കളിൽ ഒന്നാണ് ഈ പക്ഷി എന്ന രചയിതാവിന്റെ ഓർമപ്പെടുത്തൽ നടുക്കമുണ്ടാക്കി.
(ഹാബീൽ / ഖാബീൽ സംഘട്ടന ചരിത്രാവിഷ്കാരത്തിനിടയിൽ കാക്കയുടെ ബുദ്ധിപരമായ റോൾ അലി ശരീഅത്തി വിലയിരുത്താതെയല്ല).

മനുഷ്യവാസ കേന്ദ്രങ്ങളോട് അടുത്തു താമസിക്കുന്ന, വൃത്തിയും വെടിപ്പുമുള്ള, ലജ്ജാശീലരായ, കൂട്ടിൽ അമ്മയും അഛനും മാറി മാറി അടയിരിക്കുന്നത്ര കുടുംബ ബോധമുള്ള കാക്കയെ ഉദ്ദേശ്യപൂർവം ദൈവം സൃഷ്ടിച്ചതാണെന്ന് കഥ അടിവരയിടുന്നു. കാക്ക ഒരു പ്രത്യയശാസ്ത്ര ചിഹ്നമാണ്‌. കീഴാള പക്ഷത്തിന്റെ പ്രതിനിധിയാണ് കാക്ക! നിറം കറുപ്പായതിനു പിന്നിൽ തന്നെ കാക്കയുടെ ദാർശനിക മുഖം വ്യക്തം!

ഇന്ത്യയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന വംശഹത്യയുടെ മൗന ഭീകരതയിലാണ് കഥ ആരംഭിക്കുന്നത്.
കഥാന്ത്യത്തിൽ പ്രാണനറ്റു വീഴുന്ന ഗുറാബിയുടെ കഴുത്തിലെ ചാമ്പൽ വർണ വലയത്തിൽ വീണു തിളങ്ങിയ സൂര്യകിരണം വായനക്കാർക്കു നൽകുന്ന മനക്കരുത്തും ശുഭാപ്തിയും ചില്ലറയല്ല.
ഖുർആനിക സംസമിൽ ഇനിയുമുണ്ട് ഇത്തരം ധാരാളം മുത്തുകൾ. അവ കോരിയെടുത്ത് മൂല്യവത്തായ സമൂഹസൃഷ്ടിക്കുവേണ്ടി ഉപയുക്തമാക്കാൻ പി.എം.എ ഖാദറും അദ്ദേഹത്തെപ്പോലുള്ളവരും ഇനിയും സമയം കണ്ടെത്തേണ്ടതുണ്ട്.


നമുക്ക് ചാരെയുണ്ട് ഗുറാബി എന്ന കാക്ക

കഥയെഴുതിപ്പോകുന്ന ചില നേരങ്ങളുണ്ട്. കഥാകൃത്ത് ജനിക്കുന്ന മുഹൂർത്തം. അതുകൊണ്ടാണ് ജീവിതം കഥകളുടെ, കുതൂഹലങ്ങളുടെ കോപ്പാണെന്ന് പറയാറ്. ആഗസ്റ്റ് 11 വാരികയിലെ പി.എം. എ ഖാദറിന്റെ 'ഗുറാബി', ദൃശ്യ-ശ്രാവ്യ ബിംബങ്ങൾ എങ്ങനെ സ്തോഭജനകമായ കഥയുടെ പരിസരം സൃഷ്ടിച്ചെടുക്കുന്നുവെന്നതിന്റെ നേർ ചിത്രമാണ്. പക്ഷികരച്ചിലും പ്രകൃതിയുടെ താളവും തമ്മിലെ ഇഴയടുപ്പമോ ഇഴ പിന്നലോ ഒരു കഥ പറച്ചിലിന്റെ പ്രതലം പണിയുന്ന കാഴ്ച മനോഹരമായിരിക്കുന്നു.

പറവകളെന്നല്ല മനുഷ്യൻ ഒഴികെ മറ്റു മുഴുവൻ മൂക ജീവജാലങ്ങളും നിർബന്ധമായോ സ്വമേധയോ പ്രപഞ്ച ശിൽപിയെന്ന പരാശക്തിയെ പ്രസാദിപ്പിക്കുകയും പ്രണമിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട് എന്ന് വേദസൂക്ത പാഠം. പ്രകൃതിയുടെ ജീവ രാഗ, താള, ലയ ഘടനാ ചക്രത്തിലെ അവിഛേദ്യമായ കണ്ണികൾ കൂടിയാണ് അവ.

തങ്ങളോട് (കാഥികനോടും ഭാര്യയോടും) ആഴത്തിൽ ഒട്ടി നിന്ന ഗുറാബി (ഗുറാബ് - غراب എന്ന അറബി പദത്തിന്റെ അർഥമാണ് 'കാക്ക') എന്ന കാകൻ അജ്ഞേയമായ കവിതയുടെ ശ്ലഥമായ ഈരടി പോലെ ഒടുവിൽ കെട്ടടങ്ങിപ്പോകുന്ന പരിണാമം വായനയെ ഭ്രമിപ്പിക്കുന്നുണ്ട്, നിസ്സംശയം. ബലവത്തായ ഒരു ത്രെഡും അതിൽനിന്ന് വളർന്നു വികസിച്ചുവരുന്ന പക്വമായ ശിൽപവുമാണ് ഈ കഥയുടെ സൗന്ദര്യമെന്ന് പറയുന്നത്.
പി.എം.എ ഖാദറെന്ന പ്രതിഭ ഇപ്പോഴും വറ്റാതെ ഉറവയെടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തലും കൂടിയാണ് ഈ എഴുത്ത്.


സലാം കരുവമ്പൊയിൽ
9946643909

ഞാനും 'പ്രബോധന'വും

പ്രബോധനം അഥവാ ഉണർത്തൽ / ഉപദേശിക്കൽ എന്നർഥമുള്ള പേരിനോടായിരുന്നു ആദ്യം ഇഷ്ടം തോന്നിയത്. അഞ്ചോ എട്ടോ പേജുകളിൽ കുട്ടിപ്പത്രം പോലെ, രാത്രിവായനക്കായി ബാല്യകാല സുഹൃത്തും സാഹിത്യ പ്രവർത്തനങ്ങളിലെ സന്തത സഹചാരിയുമായിരുന്ന ഇ.കെ കൊച്ചുണ്ണി സാഹിബ് ആണ് പ്രബോധനം പങ്കുവച്ചത്. ആ പേജുകളിലെ ലേഖനങ്ങൾ കണ്ണിലുടക്കിയ എഴുപതുകളിലെ വിദ്യാർഥി ജീവിതകാലം. പ്രവാചകനെ കുറിച്ചുള്ള ആദ്യ അറിവുകളും പിന്നീട് റമദാൻ കാലം സത്കർമങ്ങളുടെ പൂക്കാലമാണെന്നും, നന്മകളുടെ പൂക്കാലമാണെന്നും പ്രബോധനത്താളുകൾ പറഞ്ഞു തന്നു.
1989 ജനുവരിയിൽ 'മുഹമ്മദ് നബി വിശേഷാൽ പതിപ്പ്' പ്രബോധനം ഇറക്കുകയുണ്ടായി. മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയുടെ മുഖചിത്രവുമായി പ്രസിദ്ധീകരിക്കപ്പെട്ട 216 പേജുള്ള ആ വിശേഷാൽ പതിപ്പിന്റെ വിലയാകട്ടെ വളരെ തുഛമായിരുന്നു. 'കരുത്തുറ്റ ലേഖനങ്ങളുടെ ഖനി' എന്ന് ആ പതിപ്പിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. അന്നുവരെ അജ്ഞാതമായിരുന്ന, നബിതിരുമേനിയെ സംബന്ധിച്ച ഒട്ടനവധി കാര്യങ്ങൾ പരാമർശിച്ച ഇസ്്ലാമികരും ഇസ്്ലാമികരല്ലാത്തവരുമായ നാൽപതോളം എഴുത്തുകാരുടെയും ചിന്തകന്മാരുടെയും ലേഖനങ്ങളും പിന്നെ ഏതാനും കഥകളും കവിതകളും കൊണ്ട് സമ്പുഷ്ടമായിരുന്നു. മുസ്്ലിംകളല്ലാത്തവർക്കും പ്രവാചക ദർശനങ്ങൾ പരിചയപ്പെടുത്തുന്നതിൽ ഈ പ്രസിദ്ധീകരണം വഹിച്ച പങ്ക് അന്യാദൃശമാണ്.
എന്നെ സംബന്ധിച്ചേടത്തോളം റമദാൻ കാലങ്ങളിൽ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഉദ്ബോധന പംക്തികളിലും ഇഫ്്ത്വാർ വേളകളിലും സ്വന്തം ചിന്താ ശകലങ്ങൾക്കിടം കണ്ടെത്താനും ഡയലോഗ് സെന്റർ കേരള നടത്തുന്ന സദസ്സുകളിലും മത്സരങ്ങളിലും മുന്നിട്ടു നിൽക്കാനും പ്രബോധനം നൽകിയ കരുത്തും പിന്തുണയും ചെറുതല്ല.
കവർ സ്റ്റോറിയും ഖുർആൻ ബോധനവും ചിന്തോ ദീപ്തമായ ലേഖനങ്ങളും പേജുകളെ ത്രസിപ്പിക്കുകയും, വായന ചാരുകസേരയിലെ അലസതയല്ലെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്ന പ്രബോധനത്തിന് ആശംസകൾ.

സദാനന്ദൻ പാണാവള്ളി
9447464282


മനുഷ്യത്വത്തിന്റെ ഭാഗമായ കുടുംബം

മനുഷ്യർക്കു മാത്രമേ വ്യവസ്ഥാപിതവും ഭദ്രവും സുദീർഘവുമായ കുടുംബ ഘടനയുള്ളൂ. കുടുംബമെന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബത്തിന്റെ തകർച്ച മനുഷ്യത്വത്തിന്റെ തകർച്ചയാണ്. കുടുംബമുള്ളതിനാലാണ് മനുഷ്യൻ അധ്വാനിച്ചു സമ്പാദിക്കുന്നതും സമ്പാദ്യങ്ങൾ കരുതി വെച്ച് സൂക്ഷിക്കുന്നതും. എന്നാൽ, സ്വകാര്യസ്വത്ത്‌ തീർത്തും ഇല്ലാതാക്കണമെന്നും അതിന് കുടുംബമെന്ന സംവിധാനം ഇല്ലാതാകണമെന്നുമാണ് യഥാർഥത്തിൽ മാർക്സിസ്റ്റുകളും അരാജകവാദികളായ യുക്തിവാദികളും മറ്റും ഉള്ളാലെ ആഗ്രഹിക്കുന്നത്. 'ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവരോടൊപ്പം ഇഷ്ടമുള്ളത്ര കാലം' എന്നാണവരുടെ വാദഗതി. ചാരിത്ര്യം, പിതൃത്വം തുടങ്ങിയവയൊന്നും ഇക്കൂട്ടർക്ക് പരിഗണനീയമല്ല.

മറുവശത്ത് ആധുനിക മുതലാളിത്തവും കുടുംബഘടനയെ അറിഞ്ഞും അറിയാതെയും പൊളിക്കുന്നുണ്ട്. ഒരർഥത്തിൽ കമ്യൂണിസവും മുതലാളിത്തവും ഈ ബിന്ദുവിൽ ഒന്നിക്കുന്നു. കുടുംബം തകർന്നാൽ കുറെയേറെ കമ്പോള സാധ്യതകൾ തുറക്കപ്പെടുമെന്നവർ മോഹിക്കുന്നു.

മനുഷ്യകുലത്തിന്റെ ആദിമതവും പ്രകൃതിമതവുമായ ഇസ്്ലാം കുടുംബമെന്ന മഹൽ സംവിധാനത്തിന് അതീവ പ്രാധാന്യം കൽപിക്കുന്നു. ഇസ്്ലാമിൽ ദാമ്പത്യം ജഡികേച്ഛയുടെ കേവല പൂർത്തീകരണമല്ല, മറിച്ച് മഹത്തായ പുണ്യകർമമാണ്. കുടുംബസംരക്ഷണവും സന്താന പരിപാലനവും, കുടുംബത്തെ പുലർത്താൻ വേണ്ടിയുള്ള അധ്വാന പരിശ്രമങ്ങളും, മാതാപിതാക്കളെ നന്നായി ശ്രദ്ധിക്കലും, സ്വന്തബന്ധങ്ങളുമായുള്ള ബന്ധം ചേർക്കലും, അവർക്ക് ഉപകാരങ്ങൾ ചെയ്യലുമെല്ലാം പുണ്യകർമങ്ങളാണ്.

ഇസ്്ലാം ഭർത്താവിനും ഭാര്യക്കും ഉത്തരവാദിത്വം കൃത്യമായി ഭാഗിച്ചുനൽകിയിട്ടുണ്ട്. പാരസ്പര്യത്തിലധിഷ്ഠിതമാണ് മൊത്തം ഘടന. ദീനുൽ ഇസ്്ലാമാണ് ഇതിന്റെ അസ്തിവാരം. ശകലത്തിൽ സകലം ദർശിക്കാനാവില്ല. സാകല്യത്തിൽ മനസ്സിലാക്കേണ്ട ഒരു സംഗതിയിൽനിന്ന് ഏതെങ്കിലും ഒരു ബിന്ദുമാത്രം ഒറ്റക്ക് മാറ്റിയെടുത്ത് വേറിട്ട് ചർച്ച ചെയ്യുന്നതും നമ്മെ വഴിതെറ്റിക്കും. പരസ്പര പൂരകവും പരസ്പര ബന്ധിതവുമായ ഒരു സാകല്യത്തെ മൊത്തത്തിൽ തന്നെ വിശകലനം ചെയ്താലേ ഇസ്്ലാമിലെ കുടുംബസംവിധാനത്തിന്റെ സൗന്ദര്യവും സന്തുലിതത്വവും മനസ്സിലാവൂ.

ആണിനെയും പെണ്ണിനെയും തമ്മിലടുപ്പിക്കാനും ഭാര്യാ- ഭർത്താക്കന്മാർക്കിടയിൽ വിള്ളലുണ്ടാക്കാനും അരാജകവാദികളായ കമ്യൂണിസ്റ്റുകാർ വിദഗ്ധമായി പല മാർഗേണ ശ്രമിക്കുന്നുണ്ട്. സ്ത്രീകളിൽ പുരുഷവിരോധം വളർത്തുക, ഫെമിനിസ്റ്റ് ചിന്താഗതി വളർത്തുക, കുത്തഴിഞ്ഞ അമിത സ്വാതന്ത്ര്യബോധം വളർത്തുക - ഇതൊക്കെയാണ് അവർ ചെയ്യുന്നത്. ഏക സിവിൽ കോഡ് വാദത്തിൽ വരെ ആങ്ങളയെയും പെങ്ങളെയും തമ്മിലടിപ്പിക്കുക എന്ന കുതന്ത്രമുണ്ട്. പെങ്ങന്മാരോട് വളരെ ഉദാരമായി പെരുമാറുന്ന, ഉമ്മ-പെങ്ങന്മാർക്ക് വേണ്ടി ദീർഘകാലം പലവിധ കഷ്ടനഷ്ടങ്ങൾ സഹിക്കുന്ന, ഉമ്മയുടെയും പെങ്ങന്മാരുടെയും ക്ഷേമത്തിനുവേണ്ടി കഠിന യത്നം നടത്തുന്ന മുസ്്ലിം സമുദായത്തിലെ ആങ്ങളമാരെപ്പറ്റി അരാജകവാദികൾക്കെന്തറിയാം!

ഇസ്്ലാമിലെ കുടുംബസംവിധാനത്തിന്റെ നന്മയും മേന്മയും മനസ്സിലാക്കി പതിനായിരക്കണക്കിന് നാരീമണികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇസ്്ലാമിനെ പുൽകുകയാണ്. വിശാലമായ, വളരെ വിശുദ്ധമായ കുടുംബഘടനയുടെ കാവലാളാവുകയെന്നതാണ് ഇന്നത്തെ അടിയന്തര കടമ. കുടുംബത്തിന്റെ തകർച്ച മനുഷ്യത്വത്തിന്റെ തകർച്ചയാണെന്ന് മറക്കാതിരിക്കുക.
പി.പി അബ്ദുർറഹ്്മാൻ പെരിങ്ങാടി

സമയമറിഞ്ഞ് പ്രവർത്തിക്കണം

ഒരുമ അനിവാര്യം, ഒരുമയിലാണ് നന്മ - ശംസുദ്ദീൻ മന്നാനിയുടെ ലേഖനം (ലക്കം 3310) ശ്രദ്ധേയമായി. സമുദായം അറിഞ്ഞു പ്രവർത്തിക്കേണ്ട കാര്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്. സംഘടനകൾ തമ്മിൽ ഐക്യപ്പെട്ടുകൊണ്ട് സമൂഹത്തെ കാർന്നുതിന്നുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങിയ വൻ വിപത്തുകളിൽനിന്ന് യുവതലമുറയെ രക്ഷിക്കാൻ സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനകൾ നടത്തുകയും രംഗത്തിറങ്ങുകയും വേണം.


അബ്ദുൽ മാലിക് മുടിക്കൽ

മനോഹരം 'ഗുറാബി'

'ഗുറാബി' മനോഹരവും മൂല്യവത്തുമായിരുന്നു. കഥാകൃത്തിനും പ്രബോധനത്തിനും അഭിനന്ദനങ്ങൾ.


പി.പി മുനീർ


അമീറുമായി ദീര്‍ഘ സംഭാഷണം

ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ അമീറുമായി എ. റഹ്്മത്തുന്നിസ നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ മൂന്ന് ലക്കങ്ങളിലായി വന്നത് വളരെ ശ്രദ്ധയോടെ വായിച്ചു. മര്‍മപ്രധാനമായ അന്വേഷണങ്ങളും അതിനനുസരിച്ചുള്ള മറുപടിയും. പ്രത്യേകം എടുത്തുപറഞ്ഞ രണ്ട് വിഷയങ്ങള്‍ സ്ത്രീശാക്തീകരണവും 'യംഗ് ജമാഅത്തും' ആണ്.
പ്രസ്ഥാന പ്രവര്‍ത്തകര്‍ കൈപ്പുസ്തകം പോലെ വായിച്ചിരിക്കേണ്ടതാണ് ഈ ദീര്‍ഘ സംഭാഷണം. റഹ്്മത്തുന്നിസക്കും തയാറാക്കിയ ആഇശ നൗറീനും അഭിനന്ദനങ്ങള്‍.


മമ്മൂട്ടി കവിയൂര്‍