വിശകലനം

വിവാഹമോചിതയായ മുസ്ലിം സ്ത്രീയുടെ ജീവനാംശത്തിനുള്ള അവകാശം വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. മുഹമ്മദ് അബ്ദുസമദ് vs സ്റ്റേറ്റ് ഓഫ് തെലുങ്കാന എന്ന കേസിലെ പ്രത്യേക അനുമതി ഹരജിയിലെ വിധിപ്രസ്താവമാണ് ചർച്ചക്ക് വഴിതെളിയിച്ചത്. മുത്തലാഖിലൂടെ വിവാഹമോചനം ചെയ്യപ്പെട്ട തന്റെ ഭാര്യക്ക് സി.ആർ.പി.സി സെക്്ഷൻ 125 പ്രകാരം 20,000 രൂപ ഇടക്കാല ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ഒരു കുടുംബ കോടതി വിധി ശരിവെച്ചുകൊണ്ടും തുക ഇരുപതിനായിരം രൂപയിൽനിന്ന് പതിനായിരമായി പുനർനിർണയിച്ചുകൊണ്ടുമുള്ള തെലുങ്കാന ഹൈക്കോടതി വിധിക്കെതിരെ മുഹമ്മദ് അബ്ദുസമദ് എന്നയാൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. സി.ആർ.പി.സി 125 പ്രകാരമുള്ള ജീവനാംശത്തിന് വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടോ എന്നതായിരുന്നു കേസിന്റെ മർമങ്ങളിൽ ഒന്ന്.

അപ്പീൽ വാദിയുടെ വാദങ്ങൾ
ക്രിമിനൽ നടപടി ചട്ടം 125 അല്ല, 1986-ലെ മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണ) നിയമമാണ് മുസ്ലിം സ്ത്രീക്ക് ബാധകമാക്കേണ്ടത്. 1986-ലെ പ്രസ്തുത നിയമം ഒരു സ്പെഷ്യൽ ലോ ആയതിനാൽ അതിന് ഒരു സെക്യുലർ ലോ അല്ലെങ്കിൽ ജനറൽ ലോ ആയ സി.ആർ.പി.സിക്ക് മുകളിൽ പ്രാബല്യമുണ്ട്. സി.ആർ.പി.സി 125 പ്രകാരം ജീവനാംശത്തിന് അവകാശം ഉന്നയിക്കാൻ മുസ്ലിം സ്ത്രീക്ക് അർഹതയില്ല. 1986-ലെ നിയമത്തിലെ 3,4 വകുപ്പുകൾ ആരംഭിക്കുന്നത് തന്നെ പ്രസ്തുത നിയമം സി.ആർ.പി.സി 125-നെക്കാൾ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രയോഗത്തോടെയാണ് (Non obstente clause).
ഇക്കാരണത്താൽ സി.ആർ.പി.സി 125 പ്രകാരം ജീവനാംശത്തിന് അപേക്ഷിച്ചത് ഒരു കുടുംബ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല. മുസ്ലിം സ്ത്രീ സംരക്ഷണ നിയമപ്രകാരം, മജിസ്ട്രേറ്റ് കോടതികൾ വഴിയാണ് ഇതിനുള്ള പരിഹാരങ്ങൾ ലഭിക്കുക. 1986-ലെ നിയമം, സി.ആർ.പി.സി സെക്്ഷൻ 125-നെക്കാൾ മുസ്ലിം സ്ത്രീക്ക് കൂടുതൽ ഉപകാരപ്രദമാണെന്ന് അപ്പീല്‍ വാദിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വസീം ഖാദരി വാദിച്ചു. കേസിൽ കോടതിയെ സഹായിക്കാനായി മുതിർന്ന അഭിഭാഷകനായ ഗൗരവ് അഗർവാളിനെ അമിക്കസ് ക്യൂറി*യായി നിയമിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണങ്ങൾ
1986-ലെ മുസ്ലിം സ്ത്രീ സംരക്ഷണ നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് തന്റെ ഭർത്താവ് ന്യായപൂർവവും യുക്തിസഹവുമായ ജീവനാംശം കൊടുക്കേണ്ടത് ഇദ്ദ കാലയളവിൽ മാത്രമാണ്. ഇദ്ദകാലം കഴിയുന്ന മുറയ്ക്ക് വിവാഹമോചിതയുടെ ജീവനാംശത്തിനുള്ള അവകാശവും അവസാനിക്കുന്നു. എന്നാൽ, സി.ആർ.പി.സി 125-ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് മതഭേദമന്യേ, ഭർത്താവ് പുനർവിവാഹം വരെ മാസംതോറും നിർബന്ധമായും ജീവനാംശം കൊടുക്കേണ്ടതുണ്ട്. മതിയായ ഉപജീവനമാർഗം ഇല്ലാത്ത ഏതൊരു വിവാഹമോചിതക്കും മുൻ ഭർത്താവിൽനിന്ന് സംരക്ഷണം കിട്ടേണ്ടത് അവളുടെ അവകാശമാണെന്ന് ജസ്റ്റിസ് നാഗരത്ന വിധിയിൽ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിനിയമ പരിഹാരം (Personal Remedy) ഉണ്ടെന്ന് കരുതി മതനിരപേക്ഷ നിയമമായ സി.ആർ.പി.സി സെക്്ഷൻ 125 പ്രകാരം ലഭിക്കേണ്ട ഒരു ആനുകൂല്യം വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് നിഷേധിക്കേണ്ടതില്ലെന്ന, അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ അഭിപ്രായം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. സമാനാവസ്ഥയിലുള്ള മറ്റേതൊരു സ്ത്രീക്കും ലഭ്യമായ ജീവനാംശത്തിനുള്ള അവകാശം വിവാഹമോചിതയായ മുസ്ലിം സ്ത്രീക്കും ഉണ്ട്. 1986-ലെ മുസ്ലിം സ്ത്രീ സംരക്ഷണ നിയമനിർമാണത്തിന്റെ ലക്ഷ്യം (Legislative Intention ) ജീവനാംശം ഇദ്ദ കാലയളവിലേക്കു മാത്രമായി പരിമിതപ്പെടുത്തുന്നതല്ല. സി.ആർ.പി.സി 125 പ്രകാരം ലഭിക്കേണ്ടതിനെക്കാൾ ഉപരിയായ ആനുകൂല്യമാണ് പാർലമെന്റ് ലക്ഷ്യംവെച്ചത്. 1986-ലെ നിയമത്തിലെ 3,4 വകുപ്പുകളെ വ്യാഖ്യാനിച്ചുകൊണ്ട് ജസ്റ്റിസ് നാഗരത്ന ഇങ്ങനെയാണ് നിരീക്ഷിച്ചത്.

പൂർവ വിധിന്യായങ്ങൾ

  1. 1986-ലെ മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണ) നിയമം നിർമിക്കുന്നതിലേക്ക് രാജീവ് ഗാന്ധി ഗവൺമെന്റിനെ നയിച്ചത് മുഹമ്മദ് അഹമ്മദ് ഖാൻ vs ഷാബാനു ബീഗം എന്ന കേസിലെ (ഷാബാനു കേസ് ) ചരിത്രപ്രധാന വിധിയാണ്. സ്വയം സംരക്ഷണത്തിനുള്ള വരുമാനമാർഗം ഇല്ലാത്ത വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മതിയായ സാമ്പത്തികശേഷിയുള്ള മുൻ ഭർത്താവിൽനിന്നും ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. ഇക്കാര്യത്തിൽ മുസ്ലിം വ്യക്തിനിയമവും സി.ആർ.പി.സി 125-ാം വകുപ്പും തമ്മിൽ പൊരുത്തക്കേടില്ലെന്ന് കോടതി പറഞ്ഞു. ഇദ്ദ കാലയളവിന് ശേഷം സ്വയം സംരക്ഷണത്തിന് വകയില്ലാത്ത വിവാഹമോചിതക്ക് ജീവനാംശം പുനർവിവാഹം വരെ തുടർന്നും നൽകേണ്ടതുണ്ട്. ഇതിനെതിരായ വാദഗതികൾ ഖുർആൻ നിർദേശിച്ച നീതിക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ഈ ചരിത്രപ്രധാന വിധി മുസ്ലിം സംഘടനകളുടെയും പണ്ഡിതന്മാരുടെയും ശക്തമായ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായി. കേരളത്തിൽ സാമൂഹിക - സാംസ്കാരിക രാഷ്ട്രീയ രംഗം പ്രമാദമായ 'ശരീഅത്ത് വിവാദ'ത്താൽ ഇളകിമറിഞ്ഞു. 1986-ലെ നിയമം നിർമിക്കുന്നതിന് പ്രക്ഷോഭങ്ങൾ പ്രേരകമാവുകയും ചെയ്തു. ഇദ്ദ കാലയളവിന് ശേഷവും വിവാഹമോചിതക്ക് ജീവനാംശം കൊടുക്കുന്നതിൽ നിന്ന് മുൻ ഭർത്താവിനെ ഒഴിവാക്കുന്നതായിരുന്നു ഈ നിയമം. എന്നാൽ ഇത് യഥാർഥത്തിൽ വിവാഹമോചിതക്ക്, നിർവാഹമില്ലെങ്കിൽ മാത്രം സി.ആർ.പി.സി 125-ാം വകുപ്പിൽ പറയുന്ന നിസ്സാരമായ പ്രതിമാസ ജീവനാംശം കിട്ടുന്നതിന് പകരമായി കൂടുതൽ അവകാശങ്ങൾ കിട്ടുന്നതിന് സഹായകമായി. നിയമത്തിലെ ഈ ഭാഗമാണ് പിന്നീട് വിവാദമായിത്തീർന്നത്. എന്നാൽ, വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് സി.ആർ.പി.സി 125 വകുപ്പ് പ്രകാരമുള്ള അവകാശത്തെക്കാൾ കൂടുതൽ അവകാശങ്ങൾ ലഭിക്കുന്നതിലാണ് ഈ നിയമനിർമാണം കലാശിച്ചത്.

1986-ലെ നിയമം Crpc 125-ാം വകുപ്പിനെക്കാൾ ഗുണകരവും പുരോഗമനപരവുമാകുന്നതെന്തു കൊണ്ട്? സ്പെഷൽ ലോ ആയതിനാൽ ജനറൽ ലോ ആയ സി.ആർ.പി.സിയെക്കാൾ മേൽക്കൈ ഉണ്ട്. വിവാഹമോചിതയായ മുസ്ലിം സ്ത്രീയുടെ എല്ലാ അവകാശങ്ങളും ഈ ഒരു നിയമത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. വകുപ്പ് 3 (1) പ്രകാരം നാല് വ്യതിരിക്തമായ അവകാശങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

  1. ഇദ്ദ കാലത്ത് മാന്യവും യുക്തവുമായ ജീവിതവിഭവവും ജീവനാംശവും.
  2. ത്വലാഖിന് മുമ്പോ ശേഷമോ ജനിച്ച കുഞ്ഞിന് ജനിച്ച തീയതി മുതൽ രണ്ട് വർഷത്തേക്ക് മാന്യവും യുക്തവുമായ ജീവിതവിഭവവും ജീവനാംശവും.
  3. മഹ്റിനുള്ള അവകാശം.
  4. വിവാഹത്തിന് മുമ്പോ ശേഷമോ അവൾക്ക് കിട്ടിയ മുഴുവൻ സമ്മാനങ്ങളും സ്വത്തുക്കളും.
    ഈ അവകാശങ്ങളൊന്നും സി.ആർ.പി.സിയിൽ ലഭ്യമല്ല.

കുട്ടികൾക്ക് രണ്ട് വർഷത്തേക്കുള്ള ചെലവും ഭാവിജീവിത വിഭവവും ഒറ്റത്തവണയായി ലഭിക്കുന്നു. പ്രതിമാസ ജീവനാംശം മാത്രമാണ് സി.ആർ.പി.സി വ്യവസ്ഥ ചെയ്യുന്നുള്ളൂ. വിവാഹമോചിതക്ക് ഭാവിജീവിതവിഭവമായി ന്യായമായ ഒരു സംഖ്യ ഒറ്റത്തവണയായി ലഭിക്കുന്നത് ഒരു സ്ഥിര വരുമാനത്തിന് വഴിയൊരുക്കുന്നു.

സി.ആർ.പി.സി പ്രകാരം പ്രതിമാസം കിട്ടുന്ന തുഛമായ സംഖ്യകൊണ്ട് അടിസ്ഥാനാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയില്ല. ലളിതമായ കോടതി നടപടികൾ 1986-ലെ നിയമത്തിന്റെ സവിശേഷതയാണ്. സി.ആർ.പി.സി ഒട്ടുംതന്നെ കക്ഷി സൗഹൃദപരമല്ലെന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. സ്ത്രീയുടെ വ്യക്തിത്വത്തെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് 1986-ലെ നിയമം. മുൻ ഭർത്താവിനെ നിരന്തരം ആശ്രയിക്കേണ്ട വ്യവസ്ഥകളാണ് സി.ആർ.പി.സിയിലുള്ളത്. ശിക്ഷാരീതിയിലുമുണ്ട് വ്യത്യാസം. 1986-ലെ നിയമത്തിൽ നിയമലംഘനത്തിന് അറസ്റ്റും ഒരു വർഷത്തെ തടവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സി.ആർ.പി.സിയിൽ ഇത് ഒരു മാസത്തെ തടവ് മാത്രമാണ്. ശ്രദ്ധേയമായ ചില മേൻമകൾ മാത്രമാണിവ.

1986-ലെ നിയമത്തിലെ 'മാന്യവും യുക്തവുമായ ഒരു ജീവിത വിഭവം' എന്ന ആശയത്തിന് ഖുർആൻ വ്യവസ്ഥ ചെയ്ത വാക്ക് 'മതാഅ് ' എന്നാണ്. "വിവാഹമോചിതരായ സ്ത്രീകൾക്ക് മാന്യമായ ഒരു ജീവിതവിഭവം നൽകേണ്ടത് ഭക്തൻമാരുടെ ബാധ്യതയത്രെ" ( 2:241). മതാഅ് തുഛമായ തുകയല്ല. പുരുഷന്റെ സാമ്പത്തിക ശേഷിയും സ്ത്രീയുടെ ആവശ്യവുമാണ് മാനദണ്ഡം. ഇവിടെയും ഖുർആന്റെ വ്യക്തമായ നിർദേശമുണ്ട്: "കഴിവുള്ളവൻ അവന്റെ കഴിവനുസരിച്ചും ഞെരുക്കമുള്ളവൻ തന്റെ സ്ഥിതിക്കനുസരിച്ചും മര്യാദ അനുസരിച്ച് ജീവിതവിഭവം നൽകണം" (2:236).

മുസ്ലിം പേഴ്സണൽ ലോ ബോർഡ് നേതാക്കൾ പത്രസമ്മേളനം നടത്തുന്നു

'മാന്യവും യുക്തവുമായ ജീവിതവിഭവം' എന്ന ആശയത്തിന് വിശാലമായ അർഥതലങ്ങൾ ഉണ്ടെന്ന് കോടതികൾ വ്യാഖ്യാനിച്ചിട്ടുണ്ട്. മാന്യവും യുക്തവുമായ ജീവിത വിഭവങ്ങളും ജീവനാംശവും എന്ന വ്യവസ്ഥ ഇദ്ദ കാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അതിനപ്പുറത്തേക്ക് ഉദ്ദേശിച്ചിട്ടില്ലെന്നും നിർമാണസഭ ഒരിടത്തും വ്യവസ്ഥ ചെയ്തിട്ടില്ല. അത് വിവാഹമോചിതയുടെ ഭാവി ജീവിതം മുഴുവൻ അല്ലെങ്കിൽ പുനർവിവാഹം വരെ നീളുന്നതാണ്.

  1. 2001 സെപ്റ്റംബർ 21-ന് ഡാനിയൽ ലത്തീഫിVS യൂനിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ 1986-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി ഉയർത്തിപ്പിടിച്ചു. പ്രസ്തുത നിയമത്തിലെ വകുപ്പുകൾ ഒന്നും തന്നെ ഭരണഘടനയിലെ 14, 15, 21 എന്നീ ആർട്ടിക്കിളുകൾക്ക് വിരുദ്ധമല്ല എന്നായിരുന്നു വിധി. ഇദ്ദ കാലത്തെ ജീവനാംശം കൂടാതെ ഭാവിജീവിതം കണക്കിലെടുത്ത് മാന്യവും യുക്തവുമായ ഒരു ജീവിതവിഭവം കൂടി നൽകണമെന്നായിരുന്നു വിധി. 1986-ലെ നിയമത്തെ ലിംഗനീതി, ലിംഗസമത്വം എന്നിവയുമായി സമന്വയിപ്പിച്ചു(harmonious construction)കൊണ്ടുള്ള ഒരു വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
  2. ഷമീം ബാനു VS അഷ്റഫ് ഖാൻ എന്ന കേസിൽ (2014) മേല്‍വിധി ആവർത്തിച്ചു.
    ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാതെ പോയ സമാനമായതും വിരുദ്ധവുമായ ഒട്ടേറെ വിധികൾ പിന്നീട് ഉണ്ടായി. ഇപ്പോൾ വന്നിരിക്കുന്ന കോടതി വിധി മേൽ കാരണങ്ങൾളാൽ തന്നെ പുതുമയുള്ളതല്ല. പിന്നെ എന്തുകൊണ്ട് അത് ശ്രദ്ധേയമാവുന്നു എന്ന ചോദ്യം പ്രസക്തമാണ്. വർഷങ്ങളായി വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, തർക്ക വിധേയമായ സുപ്രധാന നിയമ വിഷയത്തിൽ സുപ്രീം കോടതി വ്യത്യസ്ത വിധികൾ നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രധാന കാരണം.
    മതഭേദമന്യേ സി.ആർ.പി.സി 125 വകുപ്പ് എല്ലാവർക്കും ബാധകമാണ് എന്ന കോടതി പരാമർശത്തോടുള്ള സെക്യുലറിസ്റ്റ് അനുഭാവം, പൊതു സിവിൽകോഡിനുള്ള ജുഡീഷ്യറിയുടെ പിന്തുണ ഈ വിധി ഉൾക്കൊള്ളുന്നു എന്ന പൊള്ളയായ വിശ്വാസം, ഒരു മുസ്‌ലിം വിഷയം കിട്ടിയതിലുള്ള ആവേശം- ഇങ്ങനെ മറ്റു കാരണങ്ങളുമുണ്ടാകാം.

ഷാബാനു കേസ് വിധി മുതൽ ആക്ടിവിസ്റ്റുകളുടെയും നിയമജ്ഞരുടെയും ഇഷ്ട വിഷയങ്ങളിൽ ഒന്നാണിത്. ലിംഗനീതി, ലിംഗ സമത്വം, മതസ്വാതന്ത്ര്യം, മതനിരപേക്ഷ നിയമങ്ങളെയും വ്യക്തിനിയമങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങൾ എന്നീ കാരണങ്ങളാൽ ഓരോ സുപ്രധാന വിധിയും ശ്രദ്ധിക്കപ്പെടുന്നു. സി.ആർ.പി.സി 125-നെയും 1986-ലെ നിയമത്തെയും സമന്വയിപ്പിക്കാൻ ഈ വിധിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ചില നിയമജ്ഞരുടെ പക്ഷം. സെക്യുലർ നിയമങ്ങളെയും വ്യക്തിനിയമങ്ങളെയും തമ്മിൽ ചേർത്ത് വ്യാഖ്യാനിക്കുമ്പോൾ ഭാവിയിലെ നിയമനിർമാണത്തെയും സെക്യുലർ കേസുകളെയും ഇത് ശക്തമായി സ്വാധീനിക്കും. വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്ന അത്തരത്തിലുള്ള ഒരു വിധിയാണിത്; വ്യക്തി നിയമങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്ത്രീകളുടെ അവകാശം സമകാലിക പ്രസക്തിയുള്ള ഒരു വിഷയമായിരിക്കെ പ്രത്യേകിച്ചും.

വിധി ഉയർത്തുന്ന ചോദ്യങ്ങൾ
ഒരു സ്പെഷ്യൽ ലോ ഒരു ജനറൽ ലോയിലൂടെ അപ്രസക്തമാക്കാൻ കഴിയുമോ? ഈ വിധിയിലൂടെ 1986-ലെ നിയമം അപ്രസക്തമായിട്ടുണ്ടോ? പൊതു സിവിൽ കോഡിന്റെ ഗന്ധമുള്ള വിധിയാണോ ഇത്?
ഷാബാനു കേസിന്റെ വിധിക്ക് ശേഷം ഉണ്ടായതുപോലെ ഒരു നിയമ പരിഷ്കരണ സാധ്യതക്ക് വിധി വീണ്ടും വഴിതെളിയിക്കുമോ? മുസ്ലിം പക്ഷത്തുനിന്ന് വിധിയോടുള്ള പ്രതികരണം എങ്ങനെയായിരിക്കും? വിധിയോടുള്ള അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ താരതമ്യേന മന്ദഗതിയിലാണ് വന്നിട്ടുള്ളത്. ബി.ജെ.പി, ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ, ദേശീയ മാധ്യമങ്ങൾ എന്നിവയും ദേശീയ വനിതാ കമീഷനും വിധിയെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിട്ടുണ്ട്. വിധി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ലീഗൽ കമ്മിറ്റിയുടെ ഉപദേശാനുസാരം മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവ് എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞത്. വിധി അതിരു കടന്നതാണെന്നും വിധിയെ മറികടക്കാൻ മുസ്ലിം സംഘടനകൾ ഒരു വിശാല ബെഞ്ചിനെ സമീപിക്കേണ്ടതുണ്ടെന്നും ഓൾ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്റ് സഫറുൽ ഇസ്ലാം ഖാൻ പ്രതികരിച്ചു. ഒരു നിലപാടെടുക്കും മുമ്പ് വിധിയുടെ സൂക്ഷ്മമായ വശങ്ങൾ അറിയേണ്ടതുണ്ടെന്നാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് തുടങ്ങിയവയുടെ മുതിർന്ന നേതാക്കൾ പ്രതികരിച്ചത്. ഈ വിധി മുസ്ലിം സ്ത്രീക്ക് ഒട്ടുംതന്നെ ഗുണകരമല്ലെന്നാണ് വിധിയെ കുറിച്ച പ്രാഥമിക പഠനം തെളിയിക്കുന്നത് എന്നാണ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മലിക് മുഅതസിം ഖാൻ പറഞ്ഞത്. സംഘടന വിശദമായ പത്രക്കുറിപ്പ് ഇതുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുണ്ട്. l

(കോഴിക്കോട് ഗവ. ലോ കോളജ് LLB വിദ്യാർഥിയാണ് ലേഖകൻ)

*അമിക്കസ് ക്യൂറി (ലാറ്റിൻ) = കോടതിയുടെ സുഹൃത്ത്. ഒരു കേസിൽ ഒരു കക്ഷിക്കും വേണ്ടി ഹാജരാകുന്നില്ലെങ്കിലും വിഷമകരമായ ഒരു നിയമപ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്നതിനോ, പൊതു താൽപര്യാർഥം എന്തെങ്കിലും വിശദീകരിച്ചു കിട്ടുന്നതിനോ വേണ്ടി കോടതി ക്ഷണിക്കുന്ന അഭിഭാഷകൻ.