പ്രഭാഷണം

അര നൂറ്റാണ്ട് കാലം ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതിയിൽ ഇടവേളയില്ലാതെ പ്രവർത്തിച്ച അപൂർവ പ്രതിഭയാണ് ടി.കെ അബ്ദുല്ല സാഹിബ്. അര നൂറ്റാണ്ടുകാലം ആ മഹാൻ തുടർച്ചയായി ചിന്തിച്ചുകൊണ്ടിരുന്നത് ഇന്ത്യൻ മുസ് ലിംകൾ നേരിടുന്ന വെല്ലുവിളികളെ പറ്റിയും അതിന്റെ പരിഹാരത്തെ കുറിച്ചും തന്നെയായിരുന്നു. ഇന്ത്യൻ മുസ് ലിംകളെ പറ്റി ഇത്രയും ആഴത്തിൽ ചിന്തിച്ചുകൊണ്ടിരുന്ന മറ്റൊരു ദേശീയ നേതാവിനെ ഇക്കാലയളവിൽ ഞാൻ പരിചയിച്ചിട്ടില്ല. ആ മനുഷ്യന്റെ ഓർമയിൽ ഒരു പ്രഭാഷണം നടത്തുമ്പോൾ, അതിന് 'ഇന്ത്യൻ മുസ് ലിംകൾ: വെല്ലുവിളികളും സാധ്യതകളും' എന്ന പ്രമേയം നിശ്ചയിക്കുന്നത് നൂറു ശതമാനം സംഗതമാണ്.

ബാബരി മസ്ജിദ്

1992-ലെ ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യൻ മുസ് ലിം ചരിത്രത്തിലെ നിർണായക വേളയാണ്. ആ ഘട്ടത്തിൽ ഇന്ത്യൻ മീഡിയ സ്വീകരിച്ച നിലപാട് ശുഭോദർക്കമായിരുന്നു. പള്ളിയല്ല തകർക്കപ്പെട്ടത്, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന് മീഡിയ ഒരേ ശബ്ദത്തിൽ പറഞ്ഞു / എഴുതി. ചിലരെല്ലാം മുഖപ്രസംഗ കോളം ഒന്നുമെഴുതാതെ കറുപ്പിച്ച് കാലിയാക്കിയിട്ടു. മറ്റു ചിലർ ഒന്നാം പേജിൽ മുഖപ്രസംഗം എഴുതി. ഇന്നിപ്പോൾ 2024-ൽ ക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുമ്പോൾ സ്ഥിതി പാടേ മാറിയിരിക്കുന്നത് ഇന്ത്യൻ മുസ് ലിംകൾ നേരിടുന്ന വെല്ലുവിളി എന്തെന്ന ചോദ്യത്തിന്റെ വ്യക്തതയുള്ള ഉത്തരമാണ്.
മീഡിയ ആഘോഷപൂർവമാണ് ക്ഷേത്ര പ്രതിഷ്ഠാദിനത്തെ കാത്തിരിക്കുന്നത്. സെലിബ്രിറ്റികൾ, രാഷ്ട്രീയത്തിലെ അതികായൻമാർ, സാംസ്കാരിക നായകർ, സോകോൾഡ് സെക്കുലർ ചാമ്പ്യൻമാർ…. എല്ലാവരും പ്രതിഷ്ഠക്ക് സാക്ഷിയാകാനുള്ള ധൃതിയിലാണ്. ഒറ്റപ്പെട്ടതെങ്കിലും കരുത്തുറ്റ ചില മറുവാക്കുകളും മറുശബ്ദങ്ങളും ഉണ്ടെന്നത് കാണാതെയല്ല. 1992 ഡിസംബറിൽനിന്ന് 2023 ഡിസംബറിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യൻ പൊതുബോധം ഭയാനകമാം വിധം മാറിയിട്ടുണ്ടെന്നത് തന്നെയാണ് മുസ് ലിം വെല്ലുവിളിയുടെ ആഴം അടയാളപ്പെടുത്തുന്ന പ്രധാന ഘടകം. തകർത്തെറിയപ്പെട്ട ബാബരി മസ്ജിദ് ഇന്ന് ഓർമയല്ലാതായിത്തീരുകയാണ്. ബാബരി മസ്ജിദിന്റെ പുനർ നിർമാണം ചർച്ചയേ അല്ലാതാക്കി മാറ്റുന്നതിൽ ഫാഷിസ്റ്റുകൾ വിജയിച്ചുകഴിഞ്ഞു.

ഇന്ത്യൻ മുസ് ലിംകൾ അനുഭവിക്കുന്ന അന്യവൽക്കരണം ഭീകരമാണ്. ഒരു കേസിൽ മുസ് ലിം നാമം വഹിക്കുന്നവൻ പ്രതിയാകുമ്പോൾ ഒരു വിഭാഗം മീഡിയയും സാമൂഹിക-രാഷ്ട്രീയ ഫോറങ്ങളും പ്രകടിപ്പിക്കുന്ന അസഹനീയമായ ഉൽസാഹത്തിന് നാം ഇന്ത്യയിൽ നിരന്തരം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രബുദ്ധതയും ഇടത്- മതേതര ലിബറൽ പശ്ചാത്തലവുമുള്ള കേരളവും പ്രസ്തുത വിഷയത്തിൽ ഒട്ടും വേറിട്ട നിലപാടല്ല സ്വീകരിക്കുന്നത്. കളമശ്ശേരിയിലെ സ്ഫോടനത്തെ ആദ്യം ഫലസ്ത്വീനുമായി ബന്ധപ്പെടുത്തി, മുസ് ലിം ആക്രമണമാക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതാണ്. ഡൊമനിക് മാർട്ടിൻ എന്നൊരാൾ കുറ്റമേറ്റെടുത്ത് രംഗത്ത് വന്നതോടെ മാധ്യമങ്ങളും രാഷ്ട്രീയ- സാമൂഹിക വിഭാഗങ്ങളും മൗനികളായി. 8 പേർ കൊല്ലപ്പെട്ട, കൊടും ഭീകര സംഭവമായിട്ടു പോലും പ്രത്യേകിച്ചൊന്നും സംഭവച്ചില്ലെന്ന മട്ടിലാണ് പിന്നീടുള്ള റിപ്പോർട്ടിംഗ് ശൈലി രൂപപ്പെട്ടു വന്നത്.

മുസ് ലിം അന്യവൽക്കരണത്തിലൂടെയാണ് ഫാഷിസം വളരുന്നത്. അതുതന്നെയാണ് ദുരൂഹ സ്ഫോടനങ്ങളും ഫാബ്രിക്കേറ്റഡ് കേസുകളുമായി രൂപാന്തരപ്പെടുന്നത്. അന്യവൽക്കരണം തന്നെയാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തറയൊരുക്കുന്നത്. മുസ് ലിം അന്യവൽക്കരണത്തെ ചെറുക്കേണ്ടത് മുസ് ലിംകളുടെ മാത്രം രാഷ്ട്രീയ ബാധ്യതയല്ലെന്ന് പൊതു സമൂഹം മനസ്സിലാക്കണം. അന്യവൽക്കരണത്തിനെതിരെ ജനാധിപത്യ- മതേതര ചേരിയുടെ ഒരുമയാണ് കാലം തേടുന്നത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ് ലിമും കമ്യൂണിസ്റ്റും ഒരുമിച്ചിരുന്ന് ഭരണഘടനയുടെ പക്ഷം ചേർന്ന് അന്യവൽക്കരണത്തെ ചെറുക്കണം.

ഏറ്റവും ഒടുവിൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം തോറ്റു. ഇന്ത്യയെന്ന ആശയം തന്നെയാണ് തോറ്റത്. എന്തുകൊണ്ട് തോറ്റു എന്ന് പ്രസ്തുത രാഷ്ട്രീയ സഖ്യം കൃത്യമായി മനസ്സിലാക്കി, തെറ്റുതിരുത്തണം. മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ നേരിടുക അസാധ്യമാണ് എന്ന സന്ദേശമാണ് അതിൽ ഏറ്റവും പ്രധാനം. ഭരണഘടനയും മതേതര- ജനാധിപത്യ മൂല്യങ്ങളും വീണ്ടെടുക്കുന്ന അർഥപൂർണമായ രാഷ്ട്രീയ നിലപാടാണ് ഇൻഡ്യ മുന്നണി രൂപപ്പെടുത്തേണ്ടത്. വലിയ പാർട്ടികൾ വല്യേട്ടൻ മനോഭാവം ഉപേക്ഷിക്കണം. ചെറു കക്ഷികളെ ഉൾക്കൊള്ളണം. അവരുടെ ഇടം അംഗീകരിക്കണം. അങ്ങനെ ആശയതലത്തിലും പ്രയോഗതലത്തിലും ഇൻഡ്യ മുന്നണിയെ വിപുലപ്പെടുത്തിയാലേ ഫാഷിസത്തെ മറികടക്കാൻ സാധിക്കുകയുള്ളൂ.

സ്ഥിതി എത്ര ഗുരുതരമായാലും മുസ് ലിം സമൂഹം ഒരിക്കലും ഉൾവലിയരുത്. ആദർശ ശാക്തീകരണത്തിലൂടെ അവർ തങ്ങളുടെ വ്യക്തിത്വം ശക്തിപ്പെടുത്തേണ്ടതുണ്ട്. സഹനവും സമർപ്പണവും സമം ചേർത്ത ഒരു കർമവഴി അവർ വെട്ടിത്തെളിക്കണം. വംശഹത്യയിലൂടെ ഇന്ത്യൻ മുസ് ലിംകളെ തീർത്തുകളയാമെന്നത് വ്യാമോഹം മാത്രമാണ്. ഭയത്തിൽനിന്നും നിരാശയിൽനിന്നും ഇന്ത്യൻ മുസ് ലിംകൾ സ്വയം പുറത്തുകടക്കണം. ഗസ്സ നല്ലൊരു പാഠമാണ്. ആശയക്കരുത്തുള്ള ഒരു ന്യൂനപക്ഷത്തിന് ഏത് വൻശക്തിയെയും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുമെന്ന പാഠം.
മുസ് ലിം വിരുദ്ധമായ എല്ലാ പ്രചാരണങ്ങളെയും യുക്തിഭദ്രമായി നേരിടാൻ മുസ് ലിം സമൂഹം സജ്ജമാകണം. ഇന്ത്യൻ മുസ് ലിം സമൂഹം തങ്ങളെ പറ്റിയുള്ള ശരിയായ അഭിപ്രായ രൂപീകരണത്തിന് പൊതു സമൂഹത്തെ പ്രാപ്തമാക്കും വിധം യഥാർഥ ഇസ് ലാമിന്റെ പ്രതിനിധാനം നിർവഹിക്കുന്നവരായിത്തീരണം. ധ്രുവീകരണം, അന്യവൽക്കരണം, ദാരിദ്ര്യം എന്നീ മൂന്ന് വെല്ലുവിളികളെയും നേരിടാൻ ദേശീയാടിസ്ഥാനത്തിൽ തന്നെ മുസ് ലിം ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്.
മൂന്ന് കാര്യങ്ങളാണ് മുസ് ലിം സമൂഹത്തിന് കൂട്ടായി നിർവഹിക്കാനുള്ളത്:
1- ഇസ് ലാമിനും മുസ് ലിംകൾക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ ചെറുക്കുന്ന യുക്തിപൂർണമായ ഇടപെടലും ബദൽ പ്രചാരണവും.
2- യഥാർഥ ഇസ് ലാമിന്റെ കരുത്തുറ്റ പ്രതിനിധാനം.
3 - ഇന്ത്യൻ മുസ് ലിംകളെ പറ്റിയുള്ള ശരിയായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വിപുലമായ കാമ്പയിൻ.
ഈ മൂന്ന് കാര്യങ്ങൾ ഏതെങ്കിലും ഒരു സംഘടനക്ക് ചെയ്തുതീർക്കുക സാധ്യമല്ല. മുസ് ലിം ഉമ്മത്ത് ഒരുമിച്ച് ഈ മാർഗത്തിൽ കർമോൽസുകരാകണം.
ഇന്ത്യ എന്ന ആശയം സാക്ഷാത്കരിക്കാൻ, ഫാഷിസത്തിന്റെ അടിവേരറുക്കാൻ മുസ് ലിം സമുദായം മാത്രം ഒരുമിച്ചാൽ മതിയാവില്ല. രാജ്യനിവാസികൾ ഒന്നടങ്കം, അതായത് ഭരണഘടനയിൽ വിശ്വാസമുള്ളവരും ആത്മാർഥമായ മതേതര ചിന്തയുള്ളവരും ഒരുമിച്ചുനിൽക്കൽ മാത്രമാണ് പരിഹാരം. l
(ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലി കുറ്റ്യാടി കുല്ലിയ്യത്തുൽ ഖുർആനിൽ ചെയ്ത ടി.കെ അബ്ദുല്ല സ്മാരക പ്രഭാഷണത്തിൽ നിന്ന്)