അനുസ്മരണം

പറമ്പിൽ ബസാർ വനിതാ ഹൽഖയിലെ കാർകുൻ ആയിരുന്ന സുബൈദ സാഹിബ, '89-ൽ ഞങ്ങളുടെ അയൽവാസിയായി എത്തിയ ശേഷമാണ് പ്രസ്ഥാനത്തെ അറിയുന്നതും പ്രവർത്തനങ്ങളിൽ സഹകാരിയാവുന്നതും. വൈകാതെ ഹൽഖയിലെ സജീവ പ്രവർത്തകയായി. ഖുർആൻ സ്റ്റഡി സെന്ററിലെ പഠിതാവുമായിരുന്നു. അത്യുത്സാഹത്തോടെ പങ്കെടുക്കുന്ന പ്രശ്നോത്തരികളിൽ സമ്മാനങ്ങൾ നേടിയിരുന്നു. പ്രസ്ഥാന പരിപാടികളിൽ മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ ഉത്സുകയുമായിരുന്നു. സ്വതസിദ്ധമായ ഗാനാലാപനത്തിലൂടെ യോഗങ്ങൾ സജീവമാക്കി. കുടുംബ-അയൽപക്ക ബന്ധളിൽ ഏറെ ഊഷ്മളത പുലർത്തി. പതിമൂന്ന് സഹോദരങ്ങളുള്ള വലിയ കുടുംബത്തിലെ അംഗമായിരുന്നു. എല്ലാവരുമായും കലവറയില്ലാത്ത ബന്ധം നിലനിർത്തി.

കിഴക്കേടത്ത് സുബൈദ

പരീക്ഷണമായെത്തിയ രോഗപീഡയെ ക്ഷമാപൂർവം നേരിട്ടു. ഭർത്താവ് ആലിക്കോയ സാഹിബ് ഉപജീവന തൊഴിൽ നിർത്തിവെച്ച് പ്രിയതമയെ പരിചരിച്ചത് ദാമ്പത്യത്തിലെ കാരുണ്യ മുദ്രയും മാതൃകയുമായി. ജാതി-മത ഭേദമന്യെ അനുശോചിക്കാനെത്തിയ ജനാവലി മഹതിയുടെ സൽഗുണ ശീലത്തിന്റെ നിദർശനമായി. ജ.ഇ മുൻ അത്തോളി ഏരിയാ കൺവീനർ ഷബിലയാണ് മൂത്ത മകൾ. എന്റെ മകൻ ജൗഹർ (ഐ.പി.എച്ച്) മൂത്ത മരുമകനാണ്. അയൽപക്ക ബന്ധവും വിവാഹം വഴി ഉണ്ടായ ബന്ധവും പ്രസ്ഥാന ബന്ധവും ഒരുവിധ ഉലച്ചിലുമില്ലാതെയാണ് സുബൈദ സാഹിബ കൊണ്ടുപോയത്. കോഴിക്കോട് സി.എച്ച് സെന്ററിലെ ജീവനക്കാരി ഫൗസിയ(പെരുവയൽ)യാണ് മറ്റൊരു മകൾ.
ടി.കെ കുഞ്ഞീമ്മ പറമ്പിൽ ബസാർ

കെ.ബി അബ്ദുൽ ജലീൽ

ജമാഅത്തെ ഇസ്്ലാമി ആദ്യകാല അംഗവും 'കണ്ണീരും പുഞ്ചിരിയും' എന്ന കൃതിയുടെ രചയിതാവുമായിരുന്ന മർഹൂം വളാഞ്ചേരി കെ.ബി.കെ മുഹമ്മദിന്റെ മൂത്തമകൻ കെ.ബി അബ്ദുൽ ജലീൽ അല്ലാഹുവിലേക്ക് യാത്രയായി. മൂച്ചിക്കൽ അൽ മദ്റസത്തുൽ ഇസ്്ലാമിയ്യ, തിരൂർക്കാട് ഇലാഹിയ്യ കോളേജ് എന്നിവിടങ്ങളിൽനിന്ന് ദീനീപഠനം പൂർത്തിയാക്കിയ ജലീൽ സാഹിബ് വൈജ്ഞാനിക രംഗത്തും കലാസാഹിത്യ രംഗത്തും മികവ് തെളിയിച്ചിരുന്നു. പിതാവിനെപ്പോലെത്തന്നെ കവിത, മാപ്പിളപ്പാട്ട്, മദ്റസാ വിദ്യാർഥികൾക്ക് വാർഷികാഘോഷ വേളയിൽ അവതരിപ്പിക്കാനുള്ള സ്കിറ്റുകൾ എന്നിവ എഴുതുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുമായിരുന്നു.

കെ.ബി അബ്ദുൽ ജലീൽ

കുറച്ചു കാലം ഖത്തറിൽ ജോലി ചെയ്ത അദ്ദേഹത്തിന് അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ ആഘാതം തന്നെയായിരുന്നു. നാട്ടിൽ തിരിച്ചുവന്ന അദ്ദേഹം ഒട്ടും നിരാശനാവാതെ തന്റെ കർമഭൂമിയിലേക്കിറങ്ങി. പകൽ സമയത്ത് ട്യൂഷൻ സെന്ററിൽ ക്ലാസെടുത്തും രാത്രി 12 മണി വരെ ഓട്ടോറിക്ഷയോടിച്ചും കുടുംബം പുലർത്തി. പ്രസ്ഥാനത്തോടൊപ്പം എല്ലാ രംഗത്തും നിറഞ്ഞുനിന്നു. തനിമ വളാഞ്ചേരി യൂനിറ്റ് അംഗമായിരുന്നു. ഹൽഖാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്ക് വല്ലാത്ത വശ്യതയുണ്ടായിരുന്നു. അനുവാചകരുടെ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങും വിധം വിശുദ്ധ ഖുര്‍ആനിലെ ആയത്തുകളെ ലളിതമായും അതേസമയം ആശയസമ്പുഷ്ടമായും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. മനസ്സിൽ തട്ടുന്ന വിധത്തിൽ ജുമുഅ ഖുത്വ്്ബയും നടത്തിയിരുന്നു.

കടുത്ത പ്രമേഹ രോഗത്താൽ ക്ഷീണിതനാകുന്നത് വരെ അദ്ദേഹം കർമരംഗത്ത് നിറഞ്ഞുനിന്നു. മുഖത്ത് ഓളംവെട്ടുന്ന പുഞ്ചിരിയും കൂട്ടുകാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിതങ്ങളും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജിലെ തന്റെ സഹപാഠികളോടുള്ള സ്നേഹ ബന്ധം മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. ഭാര്യ: മൈമൂന. മക്കൾ: ജാബിർ, ഷഹർബാനു, ഷഫീഖ്, മുഫീദ, ജദീർഷാ.
പി. അബ്ദുർറഹ്്മാൻ വളാഞ്ചേരി

കെ.കെ അന്ത്രു

വടകര ഏരിയയിലെ കുന്നുമ്മക്കര ഹൽഖയിലെ പ്രവർത്തകനായിരുന്നു കെ.കെ അന്ത്രു സാഹിബ്. കുന്നുമ്മക്കര, നാദാപുരം ഏരിയയുടെ ഭാഗമായിരുന്ന കാലത്ത് ഹൽഖാ നാസിമായി പ്രവർത്തിച്ചിട്ടുണ്ട്. കുന്നുമ്മക്കരയിലെ ഐഡിയൽ വെൽഫെയർ ട്രസ്റ്റ് ട്രഷറർ, വെൽഫെയർ പാർട്ടി യൂനിറ്റ് ട്രഷറർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കാർത്തികപ്പള്ളി എളങ്ങോളി പള്ളി ഖാദിയായിരുന്ന കാരക്കോത്ത് കുഞ്ഞാലി മുസ്ല്യാരുടെയും പുനത്തിൽ പാത്തുവിന്റെയും മകനായി പണ്ഡിത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വടകര ഏരിയാ ഓർഗനൈസറായിരുന്ന പരേതനായ ഇബ്റാഹീം മാസ്റ്റർ ജ്യേഷ്ഠ സഹോദരനാണ്.

കെ.കെ അന്ത്രു

വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജിലെ പഠനത്തിന് ശേഷം എടച്ചേരി സെൻട്രൽ എൽ.പിസ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് സർക്കാർ സർവീസിൽനിന്ന് രാജിവെച്ച് ഖത്തറിലേക്ക് പോയി. മുപ്പതിലേറെ വർഷം അവിടെയായിരുന്നു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ പ്രസ്ഥാന പ്രവർത്തനങ്ങളിൽ സജീവമായി.

മിതഭാഷിയായിരുന്നു. സൗമ്യപ്രകൃതത്തിനുടമ. സമയനിഷ്ഠ പാലിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം പള്ളിയിൽ എല്ലാ ജമാഅത്തിനും സന്നിഹിതനായിരുന്നു. കുന്നുമ്മക്കരയിലെ പള്ളിയും ഓഫീസുമടങ്ങുന്ന ഐഡിയൽ സെന്ററിന് സൗജന്യമായി സ്ഥലം നൽകിയത് അദ്ദേഹമായിരുന്നു. സെന്ററിന്റെ നിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിന് ഖത്തറിലെ അദ്ദേഹത്തിന്റെ ബന്ധങ്ങൾ ഏറെ സഹായകമായി.
മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനും അവരെ പ്രസ്ഥാനമാർഗത്തിൽ നിലയുറപ്പിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭാര്യ: സൈനബ. മക്കൾ: ഡോ. അബ്ദുന്നസീർ, ജസീല, റസീന, നശീദ.
വി.പി ഖാലിദ്