കത്ത്‌

പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള സാമൂഹ്യ ശാസ്ത്ര പാഠ പുസ്തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' ഉപയോഗിക്കാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ. ടി) സിലബസ് പരിഷ്കരണത്തിന് നിയോഗിച്ച ഉന്നത തല സമിതി ശിപാർശ ചെയ്തിരിക്കുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം പ്രഫസർ സി.ഐ ഐസക് അധ്യക്ഷനായ സമിതിയാണ് ഭാരതത്തിന്റെ പുരാതന ജ്ഞാന സ്രോതസ്സുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാന വ്യവസ്ഥ സിലബസിന്റെ ഭാഗമാക്കണമെന്നും, പുരാതന ചരിത്രത്തിന് പകരം ക്ലാസ്സിക്കൽ പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും ശിപാർശ ചെയ്തിരിക്കുന്നത്.

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തില്‍ പതിവില്‍നിന്ന് ഭിന്നമായി 'ഇന്ത്യയുടെ പ്രസിഡന്റ് ്', 'ഭാരതത്തിന്റെ പ്രസിഡന്റ് ' ആയി രൂപാന്തരപ്പെട്ടത് മുതല്‍ രാജ്യത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകളും രാഷ്ട്രീയ വാദപ്രതിവാദങ്ങളും ചര്‍ച്ചകളും സംവാദങ്ങളും രാജ്യത്താകമാനം അലയടിച്ചു കൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എക്ക് എതിരെ ഇരുപത്തിയാറ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇൻഡ്യ' രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പേര് മാറ്റി ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിലെ 'ഇന്ത്യ എന്ന ഭാരതം' എന്നത് ഭേദഗതി ചെയ്ത് 'ഭാരതം' എന്ന് മാത്രമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് പറയപ്പെടുന്നത്.

'ഇന്ത്യ' എന്നതിന് പകരം 'ഭാരതം'എന്ന് ഉപയോഗിക്കണമെന്നും പുരാതന കാലം മുതല്‍ രാജ്യത്ത് പ്രചാരത്തിലുള്ള 'ഭാരത'മെന്ന പേര് ഭാവിയിലും തുടരണമെന്നുമുള്ള ഗുവഹാത്തിയില്‍ നടന്ന 'സകല്‍ ജൈന സമാജ' പരിപാടിയില്‍ പങ്കെടുക്കവെ അഭിപ്രായപ്പെട്ട ആർ.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ആഹ്വാനത്തിലൂടെയും, രാജ്യത്തിന് ഒരേസമയം രണ്ട് പേരുകള്‍ അനുചിതവും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ലോക രാഷ്ട്രത്തലവന്മാര്‍ ദല്‍ഹിയില്‍ സന്നിഹിതരായിരിക്കുന്ന സമയം പേര് മാറ്റത്തിന് അനുയോജ്യമായ സാഹചര്യമാണെന്നുമുള്ള ബംഗാളിലെ ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയുടേതടക്കമുള്ളവരുടെ പ്രസ്താവനകളിലൂടെയും മറ നീക്കി പുറത്തുവരുന്നത് സ്വാതന്ത്ര്യ പൂർവകാല അധിനിവേശത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഓര്‍മകള്‍ അപ്രസക്തമാക്കാനെന്ന ലേബലില്‍ ഇന്ത്യയുടെ ബഹുസ്വരതയെയും സമന്വയ സംസ്‌കാരത്തെയും അട്ടിമറിക്കാനുള്ള സംഘ് പരിവാറിന്റെ കുത്സിത ശ്രമങ്ങളല്ലാതെ മറ്റൊന്നുമല്ല!

ഇന്ത്യയും ഭാരതവും രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പതിറ്റാണ്ടുകളായി തുല്യ നിലയില്‍ തന്നെ വൈകാരികത സൃഷ്ടിച്ചിട്ടുണ്ട് എന്നിരിക്കെ, ഭരണഘടനാ നിർമാണ സഭയുടെ കാലയളവില്‍ തള്ളപ്പെട്ട വാദഗതിയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് ജനങ്ങളെ ധ്രുവീകരിച്ച് ഫാഷിസ്റ്റ് അജണ്ടയിലൂടെ രാഷ്ട്രീയ ലാഭം ലക്ഷ്യം വെക്കുന്നു ബി.ജെ.പിയും സംഘ് പരിവാര്‍ ശക്തികളും.

സ്വാതന്ത്ര്യം നേടിയതിന് ശേഷം ഭരണഘടന തയാറാക്കുന്നതിനായി രൂപവത്കരിച്ച ഭരണഘടനാ അസംബ്ലി ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ പേര് സംബന്ധിച്ച രൂക്ഷമായ വാഗ്വാദങ്ങളും സംവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. 1949 നവംബര്‍ 18-ന് രാജ്യത്തിന് 'ഇന്ത്യ', 'ഭാരതം' എന്നീ രണ്ട് പേരുകള്‍ നല്‍കിക്കൊണ്ട് ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ കരട് രേഖയെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് രംഗത്തു വന്ന ഭരണഘടനാ അസംബ്ലി അംഗമായ ഹരി വിഷ്ണു കാമത്ത് രാജ്യത്തിന് ഒരു പേര് മാത്രമേ ഉണ്ടാകാവൂ എന്ന് ശഠിക്കുകയുണ്ടായി.

'ഹിന്ദുസ്ഥാന്‍', 'ഹിന്ദ്', 'ഭാരത ഭൂമി', 'ഭാരത വര്‍ഷ' തുടങ്ങിയ പേരുകള്‍ അദ്ദേഹം രാജ്യത്തിനായി നിര്‍ദേശിക്കുകയും ചെയ്തു. ഇന്ത്യ എന്നത് ഒരു പേരല്ലെന്നും അത് ഭാരതത്തിന്റെ വിവര്‍ത്തന പദം മാത്രമാണെന്നുമാണ് 1937-ല്‍ പാസാക്കിയ ഐറിഷ് ഭരണഘടനയെ ഉദാഹരിച്ച് കാമത്ത് സമർഥിക്കാന്‍ ശ്രമിച്ചത്. ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ ഭരണഘടനയില്‍ രാജ്യത്തിന്റെ പേര് 'എയ്റ'(Eire) അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ 'അയര്‍ലന്‍ഡ്' എന്നാണ് എന്നു പറയുന്നുണ്ടെന്ന കാര്യവും അദ്ദേഹം എടുത്തുകാട്ടി. 'ഇന്ത്യ'ക്കനുകൂലമായും പ്രതികൂലമായും നടന്ന ഗൗരവതരമായ നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമുള്ള വോട്ടെടുപ്പില്‍ 'ഇന്ത്യ'ക്കെതിരായ ആരോപണങ്ങളെല്ലാം പരാജയപ്പെടുകയും ആര്‍ട്ടിക്ക്ള്‍ 1 ഭേദഗതിയില്ലാതെ 'ഭാരതം എന്ന ഇന്ത്യ' ആയി നിലനില്‍ക്കുകയും ചെയ്തു.

കൊളോണിയല്‍ ആധിപത്യത്തിന്റെ അവശേഷിപ്പുകളില്‍ നിന്നുള്ള മോചനമെന്ന ലേബലില്‍ ഇന്ത്യയെ ഭാരതമാക്കാനുള്ള ശ്രമത്തിലൂടെ വെളിപ്പെടുന്നത് ഒരു വിഭാഗം പൗരന്മാരില്‍ വൈകാരിക ഉത്തേജനം നിറച്ച് രാഷ്ട്രീയാധികാരവും ആധിപത്യവും നിലനിര്‍ത്താനുള്ള സംഘ് പരിവാറിന്റെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം തന്നെയാണ്.
ടി.കെ മുസ്തഫ വയനാട്

എ.ഐ:
ശാസ്ത്രത്തെ തോൽപ്പിക്കുന്ന വിവേചന ഭീകരത

പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ച മഹാനെ ധിക്കരിച്ചുകൊണ്ട് ഒരു പരസ്യകമ്പനി പേര് തന്നെ ധാരാളം എന്ന് പറഞ്ഞപ്പോൾ നമ്മൾ വിചാരിച്ചത് അത് കേവലം പരസ്യവാചകമല്ലേ എന്നായിരുന്നു. എന്നാൽ, പുതിയ കാലത്ത് കൃത്രിമ ബുദ്ധി എന്ന പദപ്രയോഗം പോലെ യോജിച്ച മറ്റൊന്ന് കണ്ടുപിടിക്കുക അൽപം സാഹസമാണ്. ഇംഗ്ലീഷിലുള്ള ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് വേണ്ടി ബാർഡ് എ.ഐ (bard ai)യിൽ കയറിയപ്പോൾ ഉണ്ടായ ചില അനുഭവങ്ങളാണ് പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്. വിശദീകരിച്ചുകൊടുത്താൽ കൂടുതൽ യോജിച്ചത് കിട്ടും എന്ന് മനസ്സിലാക്കി ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്ത്വീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള മുദ്രാവാക്യമാണ് ബാർഡിൽ പരതിയത്. കിട്ടിയ മറുപടി 'എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല; കാരണം, ഞാൻ ഒരു ഭാഷാ മോഡൽ മാത്രമായതിനാൽ അത് പ്രോസസ് ചെയ്യാനും മനസ്സിലാക്കാനുമുള്ള കഴിവ് എനിക്കില്ല' എന്നായിരുന്നു. അൽപം സംശയിച്ച്, കൊടുത്ത ഇംഗ്ലീഷിലുള്ള അഭ്യർഥന ശ്രദ്ധിച്ച് വായിച്ചു തെറ്റൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി വീണ്ടും കൊടുത്തു. നേരത്തെ തന്ന മറുപടി തന്നെ. വീണ്ടും വീണ്ടും ഭാഷ മയപ്പെടുത്തിയും മറ്റും പല തവണ ശ്രമിച്ചിട്ടും ഉത്തരമില്ല. ഇസ്രായേലിനെ അറിയുമോ എന്ന ചോദ്യത്തിനും ഇസ്രായേലിന്റെ ഉത്ഭവത്തെ കുറിച്ചും പ്രായത്തെ കുറിച്ചും ചോദിച്ചിട്ടും ഉത്തരമില്ല. എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല എന്ന് ആവർത്തിക്കുക മാത്രം. ഒടുവിൽ ഇന്ത്യയെ കുറിച്ച് അതേ ചോദ്യം ചോദിച്ചപ്പോൾ പ്രാചീന ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും അടക്കമുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച് നല്ലൊരു ലേഖനം തന്നെ ലഭിച്ചു.

ഉടനെ ഞാൻ ലജ്ജ എന്ന അർഥം വരുന്ന ഷെയിം എന്ന വാക്കിന്റെ അർഥം ചോദിച്ചപ്പോൾ അത് വൃത്തിയിൽ തന്നെ പറഞ്ഞുതന്നു. പിന്നീട് സയണിസ്റ്റ് വിരുദ്ധ മുദ്രാവാക്യം പരതിയപ്പോൾ നിരുപദ്രവ രീതിയിൽ ‘ഫ്രീ ഫലസ്തീൻ’ പോലെയുള്ള രണ്ടോ മൂന്നോ വാചകങ്ങളിലുള്ള ചിലത് വന്നു. ഒപ്പം ഒാരോ സ്ലോഗന് അടിയിലും ഇത് ഉപയോഗിക്കുന്നത് ഹാനികരമാണ് എന്ന് എഴുതിയ സാമാന്യം ഒരു പാരഗ്രാഫ് വരുന്ന വിശദീകരണ കുറിപ്പും.

റാഡിക്കൽ സംഘടനകളായ ഹമാസും ഹിസ്ബുല്ലയുമാണ് ഇതിന്റെ പ്രചാരകർ എന്ന മുന്നറിയിപ്പോടെയും സയണിസത്തെ മഹത്വവൽക്കരിച്ചുകൊണ്ടും ഇസ്രായേലിന്റെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തിയുമാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇസ്രായേൽ രൂപംകൊണ്ടത് എപ്പോഴാണെന്ന് ഒന്നുകൂടി ചോദിച്ചപ്പോൾ ‘അയാം നോട്ട് പ്രോഗ്രാമ്ഡ്’ എന്നാണ് മറുപടി. എ.ഐ എന്ന പുതിയ ടൂളും അതിന്റെ അനന്ത സാധ്യതകളുമെല്ലാം സ്വപ്നം കാണുന്നവരെ വളരെയധികം നിരാശപ്പെടുത്തുന്ന രീതിയിലാണ് ഇതിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. ശാസ്ത്രവും ടെക്നോളജിയുമെല്ലാം എത്ര വികസിച്ചിട്ടും പ്രയോജനമില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണിത്. ഇവ കൈകാര്യം ചെയ്യുന്ന മനുഷ്യൻ ദിനേന മൃഗീയതയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുമ്പോൾ വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ വെമ്പൽകൊള്ളുന്ന പുതിയ തലമുറക്ക് വിശ്വാസ്യത പണയം വെച്ച ഇത്തരം സംരംഭങ്ങളോട് ഗുഡ് ബൈ പറയേണ്ടിവരും.

കെ.കെ നൗഷാദ്
ആയഞ്ചേരി 9400532811