അഭിമുഖം

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ മുഹമ്മദ് സഈദ് സംസാരിക്കുന്നു.

എസ്.ഐ.ഒ അതിന്റെ വൈജ്ഞാനിക ചരിത്രത്തിലെ നിർണായക ഇടപെടലായി 'ഡികോൺക്വസ്റ്റ' എന്ന പേരിൽ ബൃഹത്തായ ഒരു വൈജ്ഞാനിക പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ. 'ഡികോൺക്വസ്റ്റ' എന്ന നാമകരണത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?

പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിലൂടെയാണ് യൂറോപ്പിന്റെ അധിനിവേശ പദ്ധതിയുടെയും, അത് സാധ്യമാക്കിയ ആധുനിക ലോക നിർമിതിയുടെയും ആരംഭം കുറിക്കപ്പെടുന്നത്. 1492-ൽ മുസ് ലിം സ്പെയിനിൽ വംശഹത്യകൾ അരങ്ങേറിയതും 1498-ൽ മുസ് ലിംകളുടെ ഇന്ത്യൻ സമുദ്രത്തിലെ അധികാര പരിധിയെ മറികടന്ന് കാപ്പാട് കടപ്പുറത്ത് വാസ്കോ ഡ ഗാമ കപ്പലിറങ്ങിയതും പുതിയൊരു വംശീയ ലോകക്രമത്തിന്റെ ആദ്യ ചുവടുവെപ്പുകളായിരുന്നു. ആധുനിക ദേശരാഷ്ട്രങ്ങൾ നിലവിൽ വരുന്നത് 1492-ൽ മുസ് ലിം സ്പെയിൻ കേന്ദ്രമാക്കി യൂറോപ്പ് നടത്തിയ കിരാതമായ കൂട്ടക്കൊലകളിലൂടെയും വംശഹത്യകളിലൂടെയുമാണെന്ന് മഹ്മൂദ് മംദാനിയെ പോലുള്ള ചിന്തകർ നിരീക്ഷിക്കുന്നുണ്ട്. മുസ് ലിം സ്പെയിനിലെ ഐബീരിയയിൽ തങ്ങൾ നടത്തിയ വംശീയ ഉന്മൂലന പദ്ധതിയെ റീകോൺക്വസ്റ്റ(മുസ് ലിംകളിൽനിന്ന് തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുക) എന്ന പേരിലാണ് യൂറോപ്പ് പരിചയപ്പെടുത്തിയത്. ചരിത്രത്തിൽ അതു വരെ ഉണ്ടായ മറ്റ് അധിനിവേശ പദ്ധതികളിൽ നിന്ന് 'റീകോൺക്വസ്റ്റ' സവിശേഷമാവുന്നത്, അതൊരു ഏകശിലാത്മകമായ ദേശനിർമിതിയെ സാക്ഷാൽക്കരിച്ചു എന്നതു കൊണ്ടാണ്. 'റീകോൺക്വസ്റ്റ' പദ്ധതിയിലൂടെയാണ് ദേശത്തിന്റെ അധികാര ഹിംസകളെ സ്വാഭാവികവൽക്കരിച്ച് രാഷ്ട്രീയ ആധുനികത രൂപപ്പെടുന്നതും തുടർന്നുള്ള അധിനിവേശ പദ്ധതികളിലൂടെ വർത്തമാന കാലം വരെയുള്ള ലോക ഘടനയെ ആധുനികത നിർണയിക്കുന്നതും. റീകോൺക്വസ്റ്റയിലൂടെ സാധ്യമാക്കിയ ലോക നിർമിതിയെ അപകോളനീകരിക്കാനും നിശിതമായ വിമർശനങ്ങളിലൂടെ സമീപിക്കാനും ഇസ് ലാമിക പ്രതലത്തിൽ നിന്നും നിലവിലെ ലോകക്രമത്തെ പുനർവിഭാവന ചെയ്യാനുമുള്ള ഉദ്യമമാണ് 'ഡികോൺക്വസ്റ്റ'.

ഇസ്്ലാമിക അടിത്തറയിൽ ആധുനികതയോടുള്ള വിമർശന പദ്ധതി സാധ്യമാക്കുക എന്നത് ശ്രമകരമല്ലേ? പ്രത്യേകിച്ചും, ആധുനി കതയോടുള്ള പ്രതികരണം എങ്ങനെയാവണം എന്നതിൽ ഇസ് ലാമിക ചിന്തയിലും മുസ്്ലിം ലോകത്തും നിലനിൽക്കുന്ന സങ്കീർണതകളും വീക്ഷണ വൈജാത്യങ്ങളും കണക്കിലെടുക്കുമ്പോൾ?

ആധുനികതയോടുള്ള അഭിമുഖീകരണം എങ്ങനെയാവണം എന്നതിനെ സംബന്ധിച്ച് ഇസ് ലാമിക ചിന്തയിലും മുസ് ലിം ലോകത്തും ഒരുപാട് സങ്കീർണതകൾ നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ആധുനികത മുസ് ലിം ജീവിതങ്ങളെയും ഇസ് ലാമിക ചിന്തയെയും വ്യത്യസ്ത രീതികളാൽ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നമേഖലയിൽ നിന്നുകൊണ്ടുള്ള സംവാദങ്ങൾക്ക് ധാരാളം പരിമിതികളും സാധ്യതകളും ഉണ്ട്. ആധുനികത എന്ന പ്രതിഭാസവും ആധുനിക ലോകവും മാറ്റങ്ങളുടെ പരമ്പരകളിലൂടെ സഞ്ചരിക്കുമ്പോൾ, പ്രസ്തുത മാറ്റങ്ങളെ അഭിമുഖീകരിക്കാൻ കഴിയും വിധം ഇസ് ലാമിക ചിന്തയെ വികസിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാവേണ്ടതുണ്ട്. ആധുനിക ദേശരാഷ്ട്രങ്ങൾ കൂടുതൽ ശക്തിപ്പെടുകയും, വംശീയ രാഷ്ട്രീയം വിപുലമാവുകയും, ആഗോള അധികാര ബന്ധങ്ങളിൽ പുതിയ ശക്തികൾ ഉയർന്നുവരികയും, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ സംജാതമായിക്കൊണ്ടിരിക്കുകയുമാണ്. അതേസമയം, ഖിലാഫത്തിന്റെ തകർച്ചക്ക് ശേഷമുള്ള മുസ് ലിം അവസ്ഥ ആഗോള തലത്തിൽ തന്നെ കൂടുതൽ അരക്ഷിതമാവുകയും ചെയ്തിരിക്കുന്നു. ഈയൊരു സവിശേഷ സന്ദർഭത്തിൽ മുസ് ലിം സ്വത്വത്തെക്കുറിച്ചും ഇസ് ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചുമുള്ള പുനർവിഭാവന വളരെ അനിവാര്യമാണ്. ആഗോള തലത്തിൽ തന്നെ ഇസ് ലാം, മുസ് ലിം പഠനങ്ങളിൽ സംഭവിച്ചിട്ടുള്ള പിളർപ്പുകളും പുതു സംവാദങ്ങളും ഈ പുനർവിഭാവനയെ സഹായിക്കുന്നതാണ്. മുസ്‌ലിമത്വത്തെ കുറിച്ചുള്ള വിമർശനപഠനങ്ങൾ, ആഗോള സാമ്രാജ്യ വിമർശനത്തിലൂടെയും വംശീയത ഉൾപ്പെടെയുള്ള സംവർഗങ്ങളെ പുനരന്വേഷിച്ചും നിർവഹിക്കുന്ന ക്രിട്ടിക്കൽ മുസ് ലിം സ്റ്റഡീസ് പോലെയുള്ള പദ്ധതികളും ഡി കൊളോണിയൽ പഠനങ്ങളുൾപ്പെടുന്ന ധാരകളും ഇത്തരം പുനർവിഭാവനകളെ ശക്തിപ്പെടുത്തുന്നതാണ്.

ആധുനികത സൃഷ്ടിച്ച വൻ സാമൂഹിക പരിവർത്തനങ്ങളെ അഭിമുഖീകരിക്കാൻ കഴിയും വിധം ഇസ് ലാമിക വൈജ്ഞാനിക ഇടപെടലുകളെ വികസിപ്പിച്ചെടുക്കാൻ കഴിയേണ്ടതുണ്ട്. അതിനായി, ഇസ് ലാമിനെ കേവലമായ നിയമ ചട്ടക്കൂടുകളിൽ പരിമിതപ്പെടുത്താതെ ഒരു വ്യാവഹാരിക പാരമ്പര്യമായി(Islam as a discursive tradition) മനസ്സിലാക്കൽ അനിവാര്യമാണ്.

മൾട്ടി ഡിസിപ്ലനറിയായ സമീപനത്തിലൂടെ ഇസ് ലാമിക ചിന്തയുടെ നവീകരണം സാധ്യമാവണം എന്നാണോ 'ഡികോൺക്വസ്റ്റ' താൽപര്യപ്പെടുന്നത്?
പൂർവാധുനിക കാലത്ത് സ്വാഭാവികമായി തന്നെ നടന്നിരുന്ന വൈജ്ഞാനിക പ്രക്രിയയിൽ മുസ് ലിം ചിന്തകർ ഇസ് ലാമികമായ ലോകബോധത്തിന്റെ അടിസ്ഥാനത്തിൽ പലതരം വിജ്ഞാനങ്ങളോടുള്ള ഇടപെടൽ സാധ്യമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇസ് ലാമികം- ഇസ് ലാമികേതരം എന്നതായിരുന്നില്ല വിജ്ഞാനത്തെ സംബന്ധിച്ച അവരുടെ വർഗീകരണം. കേവലാർഥത്തിലുള്ള 'മത തത്ത്വങ്ങൾ' എന്നതിലുപരി മനുഷ്യ വ്യവഹാരങ്ങളുടെ മുഴു മേഖലകളെയും അഭിമുഖീകരിക്കാവുന്ന തരത്തിലുള്ള ചിന്താ പ്രക്രിയയാണ് ഇസ് ലാമികമായ ലോകബോധത്തിൽനിന്ന് രൂപപ്പെട്ടിരുന്നത്. എന്നാൽ, കാലക്രമേണ ഇസ് ലാമിക ചിന്ത കേവലമായ പ്രമാണപരതയിൽ ചുരുങ്ങിയതോടെ അതിന്റെ ലോകനിർമിതിയുടെ സ്വഭാവം നഷ്ടപ്പെടുകയായിരുന്നു. ഇസ് ലാമികം, അനിസ് ലാമികം എന്ന വിഭജനം ആരംഭിക്കുന്നത് ആധുനികതയുടെ കടന്നുവരവോടു കൂടിയാണ്. വൈജ്ഞാനികമായ അധിനിവേശത്തിലൂടെ ആധുനിക നവോത്ഥാനത്തിന്റെ ആശയ രൂപവത്കരണത്തിൽ അനിഷേധ്യമായ സ്വാധീനമുള്ള ഇസ് ലാമിക വിജ്ഞാനീയങ്ങളെ അദൃശ്യപ്പെടുത്താനും, നിലനിൽക്കുന്ന വൈജ്ഞാനിക സങ്കൽപങ്ങളെ മറ്റൊരു ലോകബോധത്തിലേക്ക് അഴിച്ചു പണിയാനും യൂറോപ്പിന് സാധിച്ചു. യൂറോപ്പ് മുസ് ലിം സ്പെയിനിൽ അടക്കം നടത്തിയ കൂട്ടക്കൊലകൾക്കു മുമ്പ് അവർ നടത്തിയ വിപുലമായ വിവർത്തന പദ്ധതികളിൽ നമുക്കീ വൈജ്ഞാനിക കടന്നുകയറ്റവും ജ്ഞാനഹത്യയും (Epistimicide) കാണാൻ കഴിയും. ആധുനിക നവോത്ഥാന മൂല്യങ്ങളെ ആധാരമാക്കിയ വിജ്ഞാനത്തെ സാർവലൗകിക ബോധത്തിൽ (Universalism) ക്രമീകരിക്കാൻ അവർക്ക് കഴിഞ്ഞു. അധികാര പദ്ധതികളുടെ ഭാഗമായി നടത്തിയ ഇത്തരം വൈജ്ഞാനിക അധിനിവേശം ഇസ് ലാമിക ചിന്തയിലും കാര്യമായ മാറ്റങ്ങൾക്ക് ഹേതുവായി. ആധുനികതക്ക് മുമ്പ് ഇസ് ലാമിക വൈജ്ഞാനിക ലോകത്ത് സാധ്യമായിരുന്ന മറ്റു വിജ്ഞാനീയങ്ങളോടുള്ള വ്യാവഹാരികമായ ബന്ധം അതോടെ നഷ്ടപ്പെട്ടു. പിന്നീട് ആധുനികതയോടുള്ള ഇടപെടലുകളിൽ ഇസ് ലാമിക ചിന്ത വ്യത്യസ്ത രീതിശാസ്ത്രങ്ങളാണ് പ്രയോഗിച്ചത്. ഒന്ന് ഇത്തരം ആധുനിക വിജ്ഞാനീയങ്ങളോടുള്ള നിഷേധപരമായ സമീപനമായിരുന്നെങ്കിൽ മറ്റൊന്ന് ഇസ് ലാമിനെയും മുസ് ലിംകളെയും ആധുനികവത്കരിക്കാനുള്ള ത്വരയായിരുന്നു. ഒന്നാമത്തെ സമീപനം ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നുവെങ്കിലും അത് പ്രായോഗികമായി അസാധ്യമായ പ്രക്രിയയായിരുന്നു. രണ്ടാമത്തെ സമീപനത്തിന്റെ പ്രശ്നം, ആധുനിക വിജ്ഞാനങ്ങളുടെ അധികാര ബന്ധങ്ങളെ തിരിച്ചറിയാതിരിക്കുകയും അതിന്റെ തന്നെ പ്രശ്നങ്ങളെ പുനരുൽപാദിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.
ക്രിയാത്മകമായ സംവാദങ്ങളിലൂടെ ഇവ രണ്ടിൽ നിന്നും ഭിന്നമായ ഒരു സമീപനം വികസിപ്പിച്ചെടുക്കാനാണ് ഡികോൺക്വസ്റ്റയിലൂടെ നമ്മൾ ആഗ്രഹിക്കുന്നത്.

മുസ് ലിം സമൂഹത്തിന്റെ രാഷ്ട്രീയ അതിജീവന പോരാട്ടത്തിന് ദിശ നിർണയിക്കാനുതകുന്ന എന്തെല്ലാം പദ്ധതികളാണ് ഈ സംരംഭം മുന്നോട്ടുവെക്കുന്നത്?

വംശീയത പ്രത്യയശാസ്ത്രമായ ഒരു ലോക വ്യവസ്ഥിതിയുടെ അനീതികളെ തീക്ഷ്ണമായി അഭിമുഖീകരിക്കുന്നവരാണ് മുസ് ലിം സമൂഹം. അവർക്ക് തങ്ങളുടെ അതിജീവന പാതയിൽ ആശയപരമായ വ്യക്തതയും കൃത്യതയും വളരെ അനിവാര്യമാണ്.

സമൂഹത്തിൽ നിലനിൽക്കുന്ന പലതരം അധികാര വ്യവസ്ഥിതികളോട് പ്രതിരോധം തീർക്കുന്നതിലൂടെ മുസ് ലിം സമൂഹത്തിന്റെ അതിജീവന പോരാട്ടങ്ങൾക്ക് ധൈഷണികമായ പിൻബലമേകാൻ ഈ സംരംഭത്തിലൂടെ എസ്.ഐ.ഒ ആഗ്രഹിക്കുന്നു.

അധികാരത്തിന്റെ സ്വഭാവവും പ്രവർത്തന രീതികളും കാലാനുസൃതമായി വ്യത്യസ്ത കർമരീതികളാണ് സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണമായി, പൂർവാധുനിക കാലത്തെ സാമ്രാജ്യങ്ങളുടെ അധികാര പ്രയോഗങ്ങളും പരമാധികാര സങ്കൽപങ്ങളും ആധുനിക ഭരണകൂട അധികാര സങ്കൽപങ്ങളിൽനിന്ന് തീർത്തും വിഭിന്നമാണ്. ആധുനിക ദേശരാഷ്ട്രങ്ങളിൽ കേന്ദ്രീകൃത പരമാധികാരം നിക്ഷിപ്തമാവുമ്പോൾ, പൂർവാധുനിക സംവിധാനങ്ങളിൽ പരമാധികാരം കേന്ദ്രീകൃത സ്വഭാവത്തിലുള്ളതല്ല. രാഷ്ട്രീയാധികാരം, നിയമാധികാരം എന്നിവ മാത്രമല്ല ആധുനിക ദേശരാഷ്ട്രം കൈകാര്യം ചെയ്യുന്നത്. വ്യക്തികളുടെ ശിക്ഷണത്തിലും സാമൂഹിക രൂപവത്കരണത്തിലും സൂക്ഷ്മമായും സജീവമായും ഇടപെടുമ്പോഴാണ് ആധുനിക ദേശരാഷ്ട്രം കൂടുതൽ ഹിംസാത്മകവും പരമാധികാരവും ആയിത്തീരുന്നത്.
അധികാരവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ലിംഗം, വംശം, വർഗം, ജാതി, ഇസ് ലാമോഫോബിയ തുടങ്ങിയ പ്രമേയങ്ങൾ സവിശേഷ പ്രാധാന്യമർഹിക്കുന്നതാണ്. പ്രസ്തുത പ്രമേയങ്ങളോട് വ്യത്യസ്ത സാമൂഹിക അനുഭവങ്ങളിൽ നിന്നുമുള്ള സംവാദങ്ങളും ഇടപെടലുകളും പ്രതിരോധത്തിന്റെ രീതിശാസ്ത്രത്തെയും വൈജ്ഞാനികതയെയും വികസിപ്പിക്കാൻ അനിവാര്യമാണ്.
അത്തരം പ്രതിരോധ ചോദ്യങ്ങളെയും വിമർശനങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് ദൈവശാസ്ത്ര സംവാദങ്ങളെയും കർമശാസ്ത്ര സമീപനങ്ങളെയും വികസിപ്പിക്കാൻ കഴിയേണ്ടതുണ്ട്.

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വംശീയ അധികാര ശക്തിയും ഹിംസാത്മക രാഷ്ട്രീയവും മുസ് ലിം സ്വത്വത്തെ കുറിച്ചുള്ള പുനർവിഭാവനകൾ അനിവാര്യമാക്കുന്നില്ലേ?

തീർച്ചയായും. മുസ് ലിം സ്വത്വം എന്നത് എപ്പോഴും ഏകശിലാത്മകമായി വ്യാഖ്യാനിക്കപ്പെടുന്ന ഒന്നാണ്. സത്താപരമായി തന്നെ മുസ് ലിംകൾ മാറ്റം അസാധ്യമായ, മതം പിറകോട്ട് വലിക്കുന്ന ചലനമറ്റ സ്വത്വമായാണ് മനസ്സിലാക്കപ്പെടാറുള്ളത്. മുസ് ലിം സമൂഹങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ വൈജാത്യങ്ങളെയും സമ്പന്നതകളെയും തിരിച്ചറിയാൻ ഇത്തരം വിശകലനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. സമകാലികാവസ്ഥയിലെ മുസ് ലിം സ്വത്വങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നതിനെ കുറിച്ചുള്ള ചരിത്രപരമായ വിശകലനം അനിവാര്യമാണ്. എല്ലാ കാലത്തും ഇസ് ലാമിക സമൂഹം അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗമല്ല. വിശ്രുതമായ ഒരു നാഗരികതയുടെ പ്രതിനിധാനമായി ലോകത്തെ നയിച്ചിരുന്ന ഇസ് ലാമിക സമൂഹം ഏത് ഘട്ടത്തിലാണ് ലോകനിർമിതിയുടെ അജണ്ടയിൽനിന്ന് മാറ്റിനിർത്തപ്പെട്ടത്, ആരാണ് മുസ് ലിംകളെ കുറിച്ച് എഴുതിയത്, ആരുടെ ആഖ്യാനങ്ങളാണ് മുഴച്ചു നിന്നത് എന്നതെല്ലാം മുസ് ലിം ഐഡന്റിറ്റികളെ പുനർവിഭാവന ചെയ്യുന്ന സന്ദർഭത്തിൽ പുനരന്വേഷിക്കൽ അനിവാര്യമാണ്.

ഇന്ത്യയിലെ മുസ് ലിം പ്രശ്നത്തെക്കുറിച്ചുള്ള ആലോചനകളിൽ പല ഘടകങ്ങളും പ്രധാനമാണ്. കൊളോണിയൽ ചരിത്രാഖ്യാനങ്ങൾ മുതൽ കൊളോണിയൽ കാലത്തെ ഭരണകൂട ഇടപെടലുകളും ദേശീയത, മതേതരത്വം തുടങ്ങിയ വ്യവഹാരങ്ങളും ഇന്ത്യൻ മുസ് ലിം പ്രശ്നത്തെ സങ്കീർണമാക്കുന്നതിൽ സവിശേഷമായ പങ്ക് വഹിച്ചിട്ടുണ്ട്. വിഭജനാനന്തരമുള്ള ഇന്ത്യൻ മുസ് ലിം എന്നത് കൂടുതൽ അപരത്വം അനുഭവിക്കുന്ന സ്വത്വമാണ്. വർത്തമാന സാഹചര്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുവരവോടുകൂടിയാണ് പൗരത്വ പ്രതിസന്ധി ഒരു രാഷ്ട്രീയ പ്രശ്നമായി ഉന്നയിക്കപ്പെടുന്നതെങ്കിലും, സാമൂഹികവും സാംസ്കാരികവുമായ പൗരത്വങ്ങൾ ഇന്ത്യൻ മുസ് ലിം അനുഭവിച്ചിരുന്നോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഏകശിലാത്മകമല്ലാത്ത (homogeneous) മുസ് ലിംകൾക്ക് അകത്തെ സാംസ്കാരികവും സാമൂഹികവും വർഗപരവുമായ വ്യത്യസ്തതകളെ അംഗീകരിക്കുന്ന ദൈവശാസ്ത്രവാദങ്ങൾ കൂടി പരിഗണിക്കും വിധത്തിൽ മുസ് ലിം സ്വത്വങ്ങളെ കുറിച്ചുള്ള പുനർവിഭാവനകൾ രൂപപ്പെടണമെന്നാണ് ഡികോൺക്വസ്റ്റ ആവശ്യപ്പെടുന്നത്. ഭാഷ, സംസ്കാരം, പ്രദേശപരത, മതം എന്നിവയെല്ലാം പരിഗണിക്കപ്പെടുന്ന ഉൾക്കൊള്ളൽ ശേഷിയുള്ള മുസ് ലിം സ്വത്വത്തെ കുറിച്ചുള്ള വികസ്വരമായൊരു സമീപന രീതിയാണ് അതിനാവശ്യം.

'DeConquista' യുടെ ഭാഗമായി ഏതൊക്കെ തരത്തിലുള്ള പരിപാടികളാണ് എസ്.ഐ.ഒ ഇതു വരെ നടത്തിയിട്ടുള്ളത്? ഇനി നടത്താനുദ്ദേശിക്കുന്ന പ്രോഗ്രാമുകൾ എന്തൊക്കെയാണ്?

കഴിഞ്ഞ നാലു മാസങ്ങളിലായി സെമിനാറുകളും വര്‍ക്്ഷോപ്പുകളും ഓണ്‍ലൈന്‍ ലക്ചര്‍ സീരീസും പബ്ലിക് ഡിസ്‌കഷനുമാണ് നാം സംഘടിപ്പിച്ചത്. ഇസ് ലാം, മുസ് ലിം പഠനങ്ങളില്‍ പുതിയൊരു സമീപനം കൊണ്ടുവന്ന വിശകലന സങ്കേതമായ വ്യാവഹാരിക പാരമ്പര്യത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന വര്‍ക് ഷോപ്പാണതിലൊന്ന്. ശാസ്ത്രത്തിന്റെ തത്ത്വചിന്തയെയും ജ്ഞാനശാസ്ത്രത്തെയും അന്വേഷിച്ച സയന്‍സ് വര്‍ക്്ഷോപ്പാണ് മറ്റൊന്ന്. ഈ കാലയളവില്‍ മൂന്ന് സെമിനാറുകൾ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 11-നു ശേഷം എങ്ങനെയെല്ലാമാണ് ഇസ് ലാമിക ദൈവശാസ്ത്രവും വ്യാഖ്യാനങ്ങളും ക്രമീകരിക്കപ്പെട്ടത് എന്നന്വേഷിച്ച വാര്‍ ഓണ്‍ ടെറര്‍ സെമിനാര്‍ ആയിരുന്നു ആദ്യത്തേത്. ഇസ് ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളെയും പ്രയോഗത്തെയും പ്രസ്ഥാനങ്ങളെയും വിമര്‍ശനാത്മകമായി അന്വേഷിക്കുന്ന Islamic Political Theories, Praxis and Movements സെമിനാര്‍ കണ്ണൂരിൽ സംഘടിപ്പിച്ചു. മലബാറിന്റെ കോളനീകൃത ചരിത്രത്തെ പുനരന്വേഷിക്കുന്ന മലബാറിന്റെ അപകോളനീകരണ പാഠങ്ങള്‍ സെമിനാര്‍ മലപ്പുറത്ത് വെച്ചായിരുന്നു. 'നീതിയുടെ ദര്‍ശനം വ്യത്യസ്ത ദൈവശാസ്ത്ര പാരമ്പര്യങ്ങളില്‍' എന്ന വിഷയത്തില്‍ പബ്ലിക് ഡിസ്‌കഷനും സംഘടിപ്പിക്കുകയുണ്ടായി. ആഗോള തലത്തില്‍ തന്നെയുള്ള അക്കാദമിക പണ്ഡിതരുമായും ആക്ടിവിസ്റ്റുകളുമായും സംഭാഷണം സാധ്യമാക്കിയ ഓണ്‍ലൈന്‍ ലക്ചര്‍ സീരീസും സംഘടിപ്പിച്ചു. ജുനൈദ് ഖാദിരി, ശുറൂഖ് നാഖിബ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ മുൻനിർത്തി അതിൽ സംസാരിച്ചു. 'DeConquista' യുടെ പ്രമേയം എസ്.ഐ.ഒവിന്റെ എല്ലാ അടരുകളിലും എത്തിക്കുന്നതിന്റെ ഭാഗമായി നവംബർ 10 മുതൽ 30 വരെ ' അപകോളനീകരണ ചിന്തകൾ പുതു ലോകത്തിനായുള്ള ഇൻതിഫാദകൾ ' എന്ന തലക്കെട്ടിൽ കാമ്പയിനും പ്രഖ്യാപിക്കുകയുണ്ടായി.

ഈ ഡിസംബര്‍ 22, 23, 24 തീയതികളിലായി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സോടു കൂടിയാണ് ഈ ക്യാമ്പയിന്‍ സമാപിക്കുന്നത്. ഡോ. അബ്ദുൽ കരീം വകീൽ, സൽമാൻ സയ്യിദ്, താജുൽ ഇസ്‌ലാം, ആദിത്യ നിഗം തുടങ്ങി ആഗോള പ്രശസ്തരായ ചിന്തകരും അക്കാദമിക വിദഗ്ധരും ഇസ് ലാമിക പണ്ഡിതരും അതിൽ പങ്കെടുക്കും. l