കത്ത്‌

ജനാധിപത്യ മതേതര ഇന്ത്യയിൽ മുസ് ലിം കളുടെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാൻ 2005-ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ചുമതലപ്പെ ടുത്തിയ ആറംഗ സംഘം 2006-ൽ സമർപ്പിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ മുസ് ലിംകളുടെ ദയനീയാവസ്ഥ വിശദീകരിക്കുമ്പോൾ സൂചിപ്പിച്ചത്, ഇന്ത്യയിലെ ദലിത് -ആദിവാസി തുടങ്ങിയ പിന്നാക്ക സമൂഹങ്ങളെക്കാൾ അധഃപതിച്ച നിലയിലാണ് മുസ് ലിംകളെന്നാണ്. 2001-ലെ കണക്കനുസരിച്ച് 59 ശതമാനം മുസ് ലിംകൾ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയവർ. അതിൽ തന്നെ കേവലം നാല് ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളത്. ഇതെല്ലാം മുൻനി ർത്തി സമർപ്പിച്ച റിപ്പോർട്ടിൽ മുസ് ലിംകളുടെ ഉന്നമനത്തിനായി നിർദേശിച്ച തീരുമാനങ്ങൾ മതിയായ രൂപത്തിൽ പരിഗണിച്ചില്ല എന്നത് അത്യധികം വേദനാജനകമാണ്.

2016, 2017 വർഷങ്ങളിൽ സിവിൽ സർവീസ് പരീക്ഷയിൽ 50 മുസ് ലിംകൾ മാത്രമാണ് കടന്നുവന്നത്. മറ്റു വർഷങ്ങളിൽ അമ്പതിൽ താഴെ മാത്രം. 2022-ൽ കേവലം 29 പേർ മാത്രമാണ് സിവിൽ സർവീസ് കടമ്പ കടന്നത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ തുറന്ന വാതിൽ തന്നെ മുസ് ലിംകൾക്ക് മുന്നിലുമുണ്ട്. പക്ഷേ, അവർ ഉദ്ബുദ്ധരല്ല. പെൺകുട്ടികൾ എത്ര പഠിച്ചാലും അവർ വീട്ടുജോലിക്കുള്ളതല്ലേ എന്ന വിചാരം പെൺകുട്ടികളുടെ വിദ്യാഭ്യാ സത്തെ പിന്നോട്ടടിപ്പിക്കുന്നു.

വിദ്യാഭ്യാസ മേഖല കണ്ണെത്താ ദൂരത്തോളം അവസരങ്ങളുമായി തുറന്നുകിടക്കുമ്പോൾ അതിലൂടെ കടന്നുപോകാൻ ചി ലർ മാത്രമേ മുന്നിടുന്നുള്ളൂ. ഇന്ത്യയിൽ ഒട്ടാകെ 54 കേന്ദ്ര സർവകലാശാലകളും യു.ജി.സി അംഗീകരിച്ച 430 സർവകലാശാലകളും നിലവിലുണ്ട്.

വൈവിധ്യപൂർണമായ ഒട്ടനേകം കോഴ്സുകളും ഈ കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. AISHE 2020-2021 സർവേ അനുസരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ മുസ് ലിംകളുടെ ഉന്നത വിദ്യാഭ്യാസ നിലവാര നിരക്ക് 8 ശതമാനമായി കുറഞ്ഞു എന്നാണ്. ജനസംഖ്യയിൽ 20 ശതമാനമുള്ള ഉത്തർ പ്രദേശിൽ 36 ശതമാനം മുസ് ലിംകൾ മാത്രമാണ് ഉന്നത വിദ്യ അഭ്യസിക്കുന്നത്. ഐ.ഐ.ടി കളിൽ അവരുടെ പ്രാതിനിധ്യം വെ റും 1.3 % മാത്രമാണ്. കഴിഞ്ഞ 20-ലേറെ വർഷങ്ങളായി ഒരു മുസ് ലിം സാന്നിധ്യം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത മേഖലകൾ ഇന്ത്യയിലുണ്ട്. പലതും ഭാവി ഇന്ത്യയെ തീരുമാനിക്കുന്ന മേഖലകൾ.

ഇവിടെ ഒരു മാറ്റം അത്യാവശ്യമാണ്. ഇന്ത്യയുടെ നിലനിൽപ്പ് തീരുമാനിക്കുന്നത് ഈ മാറ്റമാ ണ്… മാറി ചിന്തിക്കാതെ ശങ്കിച്ചുനി ന്നാൽ ഇന്ത്യ തകർക്കപ്പെടും. നല്ല നാളെക്കായി നമുക്കും മാറി ചിന്തി ക്കാം…
ടി.ടി മുഹമ്മദ് ഇഖ്ബാൽ

സകാത്ത്
വിതരണത്തിന്റെ പുതിയ സാധ്യതകള്‍

ഞങ്ങളുടെ ചെറുപ്പകാലത്ത് 'മുതലിനടുത്ത സകാത്ത് കൊടുക്കുക' എന്നാണ് മദ്‌റസകളില്‍ പഠിച്ചിട്ടുള്ളത്. അത് ഒരു പക്ഷേ, അന്നത്തെ കൃഷിക്കാര്‍ ഏറക്കുറെ പാലിച്ചിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ഓരോ ഗ്രാമത്തിലും വിശാല വിസ്തൃതമായ വയലേലകളും അതില്‍ രണ്ടും മൂന്നും പൂവും കൃഷിയും നടന്നിരുന്നു. കൊയ്ത്തു കഴിഞ്ഞ് കളത്തില്‍ കൂമ്പാരമായി നെല്ല് കൂട്ടിയിട്ടിരുന്നു. മിക്കവാറും കര്‍ഷകര്‍ കൃത്യമായിട്ടല്ലെങ്കിലും ഈ നെല്‍ക്കൂനയില്‍നിന്ന് സകാത്ത് വിഹിതം നീക്കിയിടുന്നു. താമസിയാതെ പല പ്രദേശങ്ങളില്‍നിന്നും ബന്ധുക്കളും മറ്റു അവകാശികളും സകാത്ത് വാങ്ങാന്‍ വരുന്നു.
പിന്നെയാണ് മത സംഘടനകളുടെ വരവ്. ഇസ്്‌ലാമിന്റെ ആധാരശിലകളായ അഞ്ചു കാര്യങ്ങളോടും ഓരോ വ്യക്തിയും പ്രതിബദ്ധത പുലര്‍ത്തണമെന്ന അടിസ്ഥാന പാഠം സ്വന്തം അണികള്‍ക്ക് നല്‍കാനും പരിശീലിപ്പിക്കാനും മത സംഘടനകള്‍ മറന്നുപോയി. പകരം സംഘടനാ പക്ഷപാതിത്വവും വിഘടനവാദവുമാണ് കാണാനുണ്ടായിരുന്നത്.

ചില സംഘടനകള്‍ കാലാന്തരേണ സകാത്ത് കമ്മിറ്റികള്‍ രൂപവത്കരിച്ച് സംഘടിത സകാത്ത് എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വ്യക്തികളുടെ മുഴുവന്‍ സകാത്തും അവര്‍ക്ക് സംഘടിപ്പിക്കാനായില്ല. സകാത്ത് കമ്മിറ്റികളില്‍ സകാത്ത് കൊടുക്കുന്നവർ തന്നെ മുഴുവന്‍ സംഖ്യയും അടക്കാറില്ല. സംഭാവന കൊടുക്കുന്നപോലെ ഒരു സംഖ്യ കൊടുക്കും. സകാത്തിന്റെ ഒരു വിഹിതം സകാത്ത് കമ്മിറ്റിക്ക് കൊടുക്കും. അങ്ങനെ സകാത്ത് കമ്മിറ്റികള്‍ ഓരോ റമദാനിലും ചെറുതോ വലുതോ ആയ ഒരു സംഖ്യ ശേഖരിക്കുന്നു. തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്ന സകാത്ത് കമ്മിറ്റികളുമുണ്ട്. സംഭരണവും വിതരണവും ഇസ്്‌ലാമിക വിധിയനുസരിച്ചും ശാസ്ത്രീയമായ കാഴ്ചപ്പാടോടെയും നിര്‍വഹിക്കാന്‍ പ്രാപ്തരും ബദ്ധശ്രദ്ധരുമായ വ്യക്തികളുടെ അഭാവമാണ് ഇതിനു കാരണം. നമസ്‌കാരത്തിനു ശേഷം വളരെ നിര്‍ബന്ധമായ ഒരു കര്‍മമാണിതെന്ന അവബോധം കേരള മുസ്്‌ലിംകള്‍ക്കുണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ സകാത്ത് തുക കൊണ്ട് കേരളത്തിലെ മുസ്്‌ലിംകളുടെ ഒട്ടുമിക്ക സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായേനെ.
സംഘടനാ പക്ഷപാതിത്വമില്ലാത്ത ന്യൂ ജനറേഷന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അമേരിക്കയിലെയോ ബ്രിട്ടനിലെയോ പോലെ സകാത്ത് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് പലതും ചെയ്യാനാവും. സ്‌ട്രൈവ് ബ്രിട്ടന്‍ പോലുള്ള സംരംഭങ്ങള്‍ ബ്രിട്ടനിൽ നിലവിൽ വന്നിട്ടുള്ള ഇക്കാലത്ത് സകാത്തിനെക്കുറിച്ചും ഇത്തരത്തില്‍ പുതുതലമുറക്ക് ചിന്തിക്കാവുന്നതാണ്. അവരാണല്ലോ ഇനിയങ്ങോട്ട് ഇസ്്‌ലാമിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ടത്. പ്രബോധനം, ലക്കം 3331 വായിച്ചപ്പോള്‍ ഉടലെടുത്ത ചിന്താശകലങ്ങള്‍.
വി.എം ഹംസ മാരേക്കാട്
9746100562

ഗവേഷണ മേഖലയിലേക്ക് കടന്നുചെല്ലണം

ഡോ. അബ്ദുസ്സലാം അഹ്്മദ് എഴുതിയ ഫീച്ചറില്‍ (2023 ഡിസംബര്‍ 29) ശാന്തപുരം അല്‍ ജാമിഅയുടെ രണ്ട് ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു. അത് വായിച്ചപ്പോള്‍ അല്‍ ജാമിഅയുടെ പിറവിയും അതിന്റെ വളര്‍ച്ചയുമൊക്കെ ഓര്‍മയില്‍ തിരിച്ചെത്തി. മുസ്്‌ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്ന ഒരു കാലത്ത് ഇസ്്‌ലാമികാദര്‍ശം മുറുകെപ്പിടിച്ച് വേണ്ടത്ര മുന്നൊരുക്കത്തോടു കൂടി ഭാവിതലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ അല്‍ ജാമിഅയിലെ അന്നത്തെ അധ്യാപകരും പണ്ഡിതന്മാരും ഗുരുനാഥന്മാരും നടത്തിയ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണ് ഈ മഹദ് സ്ഥാപനത്തിന്റെ അടിത്തറ ഭദ്രമാക്കിയത്. അല്‍ ജാമിഅയുടെ സന്തതികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പഠനത്തിനും ജോലിക്കും വേണ്ടി എത്തിച്ചേരുന്നു എന്നുള്ളത് വലിയ നേട്ടം തന്നെയാണ്. അല്‍ ജാമിഅയെ മികച്ച ഗവേഷണ സ്ഥാപനമായി ഉയര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സിലബസുകളിലെ പാഠഭാഗങ്ങള്‍ മാത്രം പഠിച്ച് മുന്നോട്ടു പോകുന്നതിനുപരിയായി ഗവേഷണത്തിന്റെ വിശാലമായ ലോകത്തേക്ക് കടന്നുചെല്ലാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
കോഴിക്കോട്

മതവിശ്വാസികള്‍ രംഗത്തിറങ്ങണം

രാഷ്ട്ര പിതാവ് മഹാത്മജിയെ വെടിവെച്ചുകൊന്നവര്‍ തന്നെയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് ഇടിച്ചു തകര്‍ത്തതും എന്നത് അറിയാത്തവരില്ല. എന്നിട്ടിപ്പോള്‍, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഈ അവസരത്തില്‍ തന്നെ മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത് വര്‍ഗീയ വിദ്വേഷം വളര്‍ത്തി മതേതരത്വത്തെ തകര്‍ത്ത് നാടിനെ ഫാഷിസത്തിലേക്ക് നയിക്കാനുള്ള ഗൂഢ ശ്രമമാണെന്നറിയാത്തവരാരുമില്ല.
വസ്തുത ഇതായിരിക്കെ പ്രസ്തുത ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഒട്ടും ആലോചിക്കേണ്ടതില്ല. മതം ചൂഷണോപാധിയാക്കുന്നതിനെതിരെ മതവിശ്വാസികള്‍ രംഗത്ത് വരികയാണ് വേണ്ടത്.
കെ.സി ജലീല്‍ പുളിക്കല്‍