ജീവിതം അർഥവത്താകുന്നത് അതിന് ഒരു ദൗത്യം ഉണ്ടാകുമ്പോഴാണ്. അത്തരം ജീവിതങ്ങള്‍ കാണുന്നവര്‍ക്ക് അതൊരു സൗന്ദര്യമാണ്; ജീവിക്കുന്നവര്‍ക്ക് സംതൃപ്തിയും. അത്തരമൊരു ജീവിതമായിരുന്നു ഈയിടെ വിടവാങ്ങിയ മലപ്പുറം കോഡൂര്‍ സ്വദേശിയും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്ന എ.കെ ഹാരിസിന്റേത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തളിക്കുളം ഇസ്‌ലാമിയാ കോളേജിലാണ് ഹാരിസിന്റെ പ്രീഡിഗ്രി, ഡിഗ്രി പഠനങ്ങൾ ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം പൂര്‍ത്തീകരിച്ചത്. മജ്‌ലിസുത്തഅ്ലീമില്‍ ഇസ്്ലാമിയുടെ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ റാങ്ക് ജേതാവായിരുന്നു ഹാരിസ്. ഇക്കണോമിക്‌സിലായിരുന്നു ഹാരിസിന്റെ ബിരുദം. മമ്പാട് എം.ഇ.എസ് കോളേജില്‍നിന്ന് അതില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വളാഞ്ചേരി മര്‍കസ് ട്രെയ്‌നിംഗ് കോളേജില്‍നിന്ന് അധ്യാപന പരിശീലനത്തിലും ബിരുദം നേടി. സാമ്പത്തിക ശാസ്ത്രത്തില്‍ നെറ്റ് കോളിഫൈഡായിരുന്നു.
എസ്.ഐ.ഒ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ശൂറാ അംഗം, സംവേദന വേദി സംസ്ഥാന കണ്‍വീനര്‍, സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, ടീന്‍ ഇന്ത്യ-മലര്‍വാടി സംസ്ഥാന സമിതി അംഗം എന്നീ പ്രാസ്ഥാനിക ചുമതലകള്‍ വഹിച്ചിരുന്നു. നേതാവായിരിക്കുമ്പോഴും അല്ലാത്തപ്പോഴും പ്രതിബദ്ധതയുള്ള അനുയായി കൂടിയായിരുന്നു അദ്ദേഹം. മരണപ്പെടുമ്പോള്‍ കുറ്റ്യാടി പാറക്കടവ് ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു.
മഞ്ചേരി മുബാറക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, ഇര്‍ശാദിയ കോളേജ് പ്രിന്‍സിപ്പല്‍, രാമനാട്ടുകര നെസ്റ്റ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരിക്കേയാണ് ഹാരിസിന്റെ ആകസ്മിക നിര്യാണം. സഹപ്രവര്‍ത്തകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും അക്ഷരാർഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ മരണമായിരുന്നു അത്. സ്‌കൂള്‍ വാര്‍ഷിക പരിപാടിയിൽ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പവര്‍പോയിന്റ് പ്രസന്റേഷന്‍ സഹായത്തോടെ അതിഗംഭീരമായി വേദിയില്‍ അവതരിപ്പിച്ച് മഗ്്രിബ് നമസ്‌കാരത്തിന്റെ ഇടവേളക്ക് പരിപാടി പിരിഞ്ഞതിനിടയിലാണ് ഹാരിസിന്റെ വിയോഗം.
റിപ്പോര്‍ട്ട് അവതരണത്തില്‍ സ്‌കൂളിന്റെ പാഠ്യവും പാഠ്യേതരവുമായ മികവുകള്‍ എണ്ണിയെണ്ണി അവതരിപ്പിച്ച് ഓരോന്നിനു ശേഷവും രക്ഷിതാക്കളും വിദ്യാർഥികളും സ്ഥാപനാധികൃതരും ഉള്‍ക്കൊള്ളുന്ന സദസ്സിനോട് ഹാരിസ് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യമുണ്ടായിരുന്നു: 'ഐഡിയല്‍ എക്‌സലന്റ് അല്ലേ, do you agree?' ആ സദസ്സ് അതിന് ഹൃദയംകൊണ്ട് പറഞ്ഞ ഉത്തരം, അതെ എന്നായിരുന്നു. 'എന്നെ ഏല്‍പ്പിച്ച, ഞാനേറ്റെടുത്ത ദൗത്യം ഞാന്‍ പൂര്‍ത്തീകരിച്ചിട്ടില്ലേ, നിങ്ങള്‍ അതിന് സാക്ഷിയല്ലേ?' എന്ന ചോദ്യം കൂടിയായിരുന്നു അത്. ഒരു ദൗത്യത്തിനു വേണ്ടി ജീവിച്ചതിന്റെ കരുത്ത് ആ ചോദ്യത്തിനുണ്ടായിരുന്നു.
പുതുമകള്‍ തേടുന്ന മനസ്സ് അദ്ദേഹത്തെ എന്നും വ്യത്യസ്്തനാക്കി. പുതുമകളെ പ്രണയിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു ഹാരിസ്. 'ഇവിടെ അങ്ങനെയാണ് നടക്കാറ്' എന്ന ഉത്തരം ഹാരിസിനെ ഒരിക്കലും തൃപ്തിപ്പെടുത്തിയിരുന്നില്ല എന്ന് സഹപ്രവര്‍ത്തകരായ അധ്യാപകര്‍ ഹാരിസിനെ ഓര്‍ക്കുന്നുണ്ട്. Excellence is our habit എന്നത് ഐഡിയല്‍ സ്‌കൂളിന് ഹാരിസ് സംഭാവന ചെയ്ത മുദ്രാവാക്യമായിരുന്നു. ആ മുദ്രാവാക്യത്തിന് ജീവന്‍ നല്‍കാന്‍ സമര്‍പ്പിതനായി നേതൃത്വം നല്‍കിയ ലീഡറായിരുന്നു ഹാരിസ്.
അതുകൊണ്ടുതന്നെ വൈജ്ഞാനിക രംഗത്തെ പുതിയ പ്രവണതകളെ ഹാരിസ് നിരന്തരം അന്വേഷിക്കുകയും അവ തന്റെ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാർഥികള്‍ക്കും പകര്‍ന്നുനല്‍കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ വെക്കേഷനില്‍ നടക്കുന്ന അധ്യാപകരുടെ പരിശീലന പരിപാടികള്‍ക്ക് ഹാരിസ് തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ ദിവസവും ആവര്‍ത്തനങ്ങളില്ലാതെ പുത്തന്‍ ആശയങ്ങളുമായി ഹാരിസ് മികച്ച പരിശീലകനായത് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുകയുണ്ടായി. ഹാരിസ് സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗങ്ങള്‍ കേവല രക്ഷാകര്‍തൃ യോഗങ്ങളായിരുന്നില്ല. ഹാരിസിന്റെ പാരന്റിങ് ക്ലാസുകള്‍ അതിന്റെ വലിയ ആകര്‍ഷണീയതയായിരുന്നു. രക്ഷാകർതൃത്വ ശാസ്ത്രത്തിലെ പുതിയ വിവരങ്ങള്‍ കോര്‍ത്തുകെട്ടി പലപ്പോഴും ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കൂടി പിന്‍ബലത്തില്‍ നടത്തിപ്പോന്നിരുന്ന അവതരണങ്ങളായിരുന്നു അവ.
പുതിയ രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ് താൻ പഠിച്ച വാടാനപ്പള്ളി ഇസ്ലാമിയ കോളേജുള്‍പ്പെടുന്ന ട്രസ്റ്റിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുമായി ഒരു പൊതു പേരു വേണമെന്ന ആശയവും അത്തരമൊരു പേരും ഹാരിസ് നിർദേശിച്ചത്. വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന ആശയവും പേരും ഹാരിസിന്റേതായിരുന്നു എന്ന് വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഹനീഫ് മാസ്റ്റര്‍ അനുസ്മരിക്കുന്നുണ്ട്.
കായിക രംഗത്ത് ഹാരിസിന്റെ കാലത്ത് സ്‌കൂള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തുകയുണ്ടായി. കായികാധ്യാപകരുടെ മിടുക്കിനോടൊപ്പം അവരെ പ്രചോദിപ്പിക്കുന്നതില്‍ ടീം ലീഡര്‍ എന്ന നിലക്കുള്ള ഹാരിസിന്റെ വിജയം കൂടിയായിരുന്നു അത്. എന്തായിരുന്നു ഹാരിസ് മാഷുടെ സവിശേഷതകള്‍ എന്ന് സ്‌കൂളിലെ മുതിര്‍ന്ന വിദ്യാർഥികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ഒന്ന്, മാഷ് നല്ല കേള്‍വിക്കാരനായിരുന്നു എന്നതാണ്. ഇതേ കാര്യം അനുസ്മരണ സദസ്സില്‍ ചില രക്ഷിതാക്കളും പറയുകയുണ്ടായി. ക്ഷമയോടെ കേള്‍ക്കുക, അതിന്റെ അടിസ്ഥാനത്തില്‍ തിരുത്തണമെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുക. വിഷയം പറഞ്ഞവരെയാണ് തിരുത്തേണ്ടതെങ്കില്‍ അവര്‍ക്ക് ബോധ്യമാവുന്ന രീതിയില്‍ അവരെ അത് പറഞ്ഞു ബോധ്യപ്പെടുത്തുക- ഇതാണ് ഒരു സ്ഥാപനാധികാരി എന്ന നിലയില്‍ ഹാരിസ് ചെയ്തത്.
ബഹുവിധ കഴിവുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലെ പ്രാവീണ്യം അതില്‍ പ്രധാനമായിരുന്നു. നല്ല ഭാഷാബോധവും എഴുത്തില്‍ അഭിരുചിയുമുണ്ടായിരുന്നു. ഹാരിസ് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സമയത്ത് ജലീല്‍ മോങ്ങം എഡിറ്റ് ചെയ്ത മലബാര്‍ വികസനത്തിന്റെ ഭൂപടം എന്ന പുസ്തകത്തിന്റെ സഹായിയായി ഹാരിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റ്യാടി സ്‌കൂളിലെ നോട്ടീസ് വര്‍ക്കുകള്‍ ചെയ്തിരുന്ന ഗായകനും കവിയും മാപ്പിളപ്പാട്ട് രചയിതാവുമായ ശരീഫ് നരിപ്പറ്റ ഹാരിസിന്റെ ഭാഷാപരമായ നൈപുണ്യത്തെക്കുറിച്ച് അനുസ്മരണ കുറിപ്പില്‍ എഴുതുന്നുണ്ട്. ആ തിരുത്തലുകള്‍ എത്ര ഭംഗിയുള്ളതായിരുന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു.
ഹാരിസ് പ്രിന്‍സിപ്പല്‍ മാത്രമായിരുന്നില്ല, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഏകോപന സംവിധാനമായ ഐ.ഇ.സി.ഐ യുടെ സ്‌കൂള്‍ ഇസ്ലാമിക പാഠ്യ പദ്ധതിയുടെ തലവനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഐ.ഇ.സി.ഐയെ സംബന്ധിച്ചേടത്തോളം ഹാരിസിന്റെ വിയോഗം എളുപ്പത്തില്‍ നികത്തപ്പെടാത്ത നഷ്ടമായിരിക്കുമെന്ന് ഐ.ഇ.സി. ഐ പ്രതിനിധി അഡ്വ. മുബശ്ശിര്‍ അസ്ഹരി അനുസ്മരിക്കുന്നു
തികഞ്ഞ ആദര്‍ശ പ്രതിബദ്ധതയോടെയായിരുന്നു ഹാരിസ് സ്‌കൂള്‍ അക്കാദമിക ഭരണം നിര്‍വഹിച്ചിരുന്നത്.
'പുഞ്ചിരിക്കാനറിയാത്തവര്‍ കട തുറന്നുവെക്കരുത്' എന്ന ഒരു ചൈനീസ് പഴമൊഴിയുണ്ട്. വശ്യമായ പുഞ്ചിരി ഹാരിസിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. സ്ഥാപന മേധാവി എന്ന നിലക്ക് നിരവധി പ്രശ്‌നങ്ങളെ മഞ്ഞുരുക്കിക്കളയാന്‍ ഈ മുഖപ്രകാശത്തിനു കഴിഞ്ഞിരുന്നു. ഒരു ദൗത്യത്തിനായി ജീവിക്കുകയും ഒരു രക്തസാക്ഷിയെപ്പോലെ പ്രവര്‍ത്തന മുഖത്ത് മരിച്ചുവീഴുകയും ചെയ്ത കർമയോഗിയായിരുന്നു ഹാരിസ്. l