'സകാത്ത് മുതലുകള്‍ അതിന്റെ അവകാശികളുടെ ആവശ്യങ്ങള്‍ നിവർത്തിക്കുന്നതിന് വേണ്ടി ചെലവഴിക്കുക, സ്ഥാപനത്തിന്റെ ഭരണപരമായ ചെലവുകള്‍ക്ക് വേണ്ടിയും ഇതര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും വിനിയോഗിക്കുക' എന്ന വിഷയത്തെക്കുറിച്ചുള്ള ശര്‍ഈ വിധി (ഫത് വ) ചോദിച്ചുകൊണ്ടുള്ള ഒരന്വേഷണം കേരളത്തിലെ സകാത്ത് ഹൗസ് എന്ന സ്ഥാപനത്തില്‍നിന്ന് ലഭിക്കുകയുണ്ടായി. അതില്‍ പറയുന്നു:
'ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ഔദ്യോഗിക അംഗീകാരമുള്ളതും എന്നാല്‍ ഗവണ്‍മെന്റില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാത്തതുമായ പ്രൈവറ്റ് സ്ഥാപനമാണ് ഞങ്ങളുടേത്. ഭവന നിര്‍മാണം, ചികിത്സ, വിദ്യാഭ്യാസം, ഋണബാധിതര്‍ക്കുള്ള സഹായം, വയോവൃദ്ധര്‍ക്ക് നല്‍കുന്ന സഹായം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ സകാത്തിന്റെ അവകാശികളിലാണ് സകാത്ത് വിനിയോഗിക്കുന്നത്. വരുമാനത്തില്‍നിന്നുള്ള 5% ഓഫീസ് ചെലവുകള്‍, ഉദ്യോഗസ്ഥരുടെ ശമ്പളം, ലഘുലേഖ പ്രസിദ്ധീകരണം, പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ചെലവഴിക്കുന്നു. മേല്‍പറഞ്ഞ ആവശ്യങ്ങള്‍ക്ക് സകാത്ത് മുതല്‍ വിനിയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അങ്ങയുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്.'
മറുപടി:
1) സകാത്ത് ആര്‍ക്കെല്ലാമാണ് വിതരണം ചെയ്യുകയെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു ഇനങ്ങളിലാണ് അതിനെ പരിമിതപ്പെടുത്തിയിരിക്കുന്നത്.
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِۖ فَرِيضَةً مِّنَ اللَّهِۗ وَاللَّهُ عَلِيمٌ حَكِيمٌ
''സകാത്ത് മുതലുകള്‍ പാവങ്ങള്‍, അഗതികള്‍, സകാത്തു ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവര്‍ക്കും, അടിമത്ത മോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവിക മാര്‍ഗത്തിലും സഞ്ചാരികളെ സേവിക്കുന്നതിലും മാത്രമാണ് വിനിയോഗിക്കേണ്ടത്. ഇത് അല്ലാഹു നിര്‍ദേശിച്ച ഒരു നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹു സകലതും അറിയുന്നവനും യുക്തിമാനുമല്ലോ'' (അത്തൗബ 60).
ഈ സൂക്തത്തില്‍ പറഞ്ഞ അവകാശികളിൽ ഫഖീര്‍, മിസ്‌കീന്‍, കടക്കാര്‍, അടിമ മോചനം, വഴിയാത്രക്കാര്‍, ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവരെപ്പോലെ വ്യക്തിപരമായ ആവശ്യക്കാരും, فِي سَبِيلِ اللَّهِ എന്ന പ്രയോഗത്തില്‍ പെടുന്ന പൊതു താല്‍പര്യങ്ങളും ഉൾപ്പെടും. الْعَامِلِينَ عَلَيْهَا എന്ന വകുപ്പിലാണ് ഓഫീസ് ചെലവുകൾ പെടുക. പൂര്‍വികരും ആധുനികരുമായ നല്ലൊരു വിഭാഗം സൂക്ഷ്മ ദൃക്കുകളായ പണ്ഡിതന്മാര്‍ ഈ അഭിപ്രായക്കാരാണ്. ഖാദി ഇയാദില്‍നിന്ന് ഇമാം നവവി ഉദ്ധരിക്കുന്നു: ചില പണ്ഡിതന്മാര്‍ 'സകാത്ത് പൊതു താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും വിനിയോഗിക്കാം' (شرح مسلم) എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം കാസാനി ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
2) ഖുര്‍ആനിലെ ചില പ്രയോഗങ്ങള്‍ സ്ഥലകാല മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ഇജ്തിഹാദുകള്‍ക്കും സാധ്യത നല്‍കുന്നു എന്നത് അല്ലാഹു നല്‍കിയ അനുഗ്രഹമാണ്. ശരീഅത്തിന്റെ പൂര്‍ണതയും ശാശ്വതികതയും നൈരന്തര്യവും തന്മൂലം ഉറപ്പാകുന്നു. പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മികച്ചു നില്‍ക്കുന്നത്, സകാത്ത് മുതലുകള്‍ അനാഥകള്‍, വിധവകള്‍ എന്നിവര്‍ക്കും നല്‍കാമെന്നാണ്. അവര്‍ ദരിദ്രരും അഗതികളുമാകണമെന്ന് മാത്രം. അഥവാ, അവരുടെ കൈയിലുള്ള ധനം (അനന്തരാവകാശമായി ലഭിച്ചതും അല്ലാത്തതും) വിദ്യാഭ്യാസം, വീട്, വസ്ത്രം, അനുയോജ്യമായ ഭക്ഷണം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമല്ലെങ്കില്‍ അവരും ഖുര്‍ആന്‍ പ്രസ്താവിച്ച مصارف (ചെലവിനങ്ങൾ)ല്‍ ഉള്‍പ്പെടും. മാത്രമല്ല, ചിലപ്പോള്‍ അവര്‍ക്ക് നല്‍കുന്നതാകും മറ്റു സാധാരണ ദരിദ്രര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ പ്രതിഫലാര്‍ഹം. കാരണം, അവര്‍ പിഴച്ചു പോകാനും വഴിതെറ്റാനും കൂടുതല്‍ സാധ്യതയുണ്ട്.
3) വിശ്വാസ്യതയുള്ള ചാരിറ്റി സൊസൈറ്റികള്‍ മുഖേന സകാത്തിന്റെ ഒരു വിഹിതം നീക്കിവെക്കാവുന്നതാണ്. ഭവന നിര്‍മാണം, രോഗ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, കടം വീട്ടല്‍, വയോവൃദ്ധര്‍ക്കുള്ള സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അവ നീക്കിവെക്കാം. ഖുര്‍ആനില്‍ പറഞ്ഞ എട്ടു ഇനങ്ങളില്‍ ഇവര്‍ ഉള്‍പ്പെടും. അവര്‍ ഞെരുക്കക്കാരും കടക്കാരും രോഗികളും അധ്വാനിക്കാന്‍ കഴിയാത്തവരും തനിക്കാവശ്യമായത്ര വരുമാനമില്ലാത്തവരുമാണെങ്കില്‍, അവരുടെ ആവശ്യത്തിന്റെ തോതനുസരിച്ച് സകാത്തില്‍നിന്ന് കൊടുക്കാം. കാരണം, അവരുടെ ഇത്തരം ആവശ്യങ്ങള്‍ ഭക്ഷണം, വസ്ത്രം, പാനീയം പോലുള്ള ആവശ്യങ്ങളെക്കാള്‍ ഒട്ടും അപ്രധാനമല്ല.
സകാത്ത് നല്‍കപ്പെടുന്ന വ്യക്തികളെ സംബന്ധിച്ച് സൂക്ഷ്മമായി അന്വേഷിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. അത് എല്ലാതരം അവകാശികള്‍ക്കും ബാധകമാണ്. നബി(സ)യുടെ അടുത്ത് ഒരാള്‍ വന്ന് എനിക്ക് സകാത്ത് തരുമോ എന്ന് ചോദിച്ചു. അപ്പോള്‍ നബിതിരുമേനിയുടെ മറുപടി: 'സകാത്ത് വിഷയത്തില്‍ ഒരു പ്രവാചകന്റെയോ മറ്റാരുടെയോ തീരുമാനം അല്ലാഹു ഇഷ്ടപ്പെട്ടിട്ടില്ല. അവന്‍ തന്നെയാണത് തീരുമാനിച്ചത്. അങ്ങനെ, അവന്‍ അത് എട്ട് ഇനമാക്കി തിരിച്ചിരിക്കുകയാണ്. അതില്‍ നീ പെടുകയാണെങ്കില്‍ ഞാന്‍ നിനക്ക് തരാം.'
അതിനാല്‍ തന്നെ, സകാത്ത് ധനികര്‍ക്കും ജോലി ചെയ്യാന്‍ കഴിവുള്ളവര്‍ക്കും നല്‍കരുതെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ച് പറയുന്നുണ്ട്.
4) സകാത്ത് മുതലുകളിലെ ഒരു വിഹിതം വിശ്വസ്തതയുള്ള ചാരിറ്റി സൊസൈറ്റികള്‍ മുഖേന ദരിദ്രര്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിധം സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവെക്കാവുന്നതാണ്. കുടിവെള്ളത്തിനുവേണ്ടി കിണറുകള്‍ കുഴിക്കുക പോലുള്ള പ്രോജക്ടുകള്‍ ഉദാഹരണം. ഇത്തരം സേവനങ്ങള്‍ സകാത്തിന്റെ അവകാശികള്‍ക്ക് മാത്രമാകണം. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ പ്രയോജനം സകാത്തിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നതാകണം. അടിസ്ഥാന വസ്തു സകാത്തിന്റെ അവകാശികളുടെ ഉടമയില്‍ ബൈത്തുസ്സകാത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കേണ്ടതാണ്.
5) ദഅ് വാ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കും വേണ്ടി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക, പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക എന്നിവക്കെല്ലാം സകാത്തില്‍നിന്ന് ഒരു വിഹിതം നീക്കിവെക്കാവുന്നതാണ്. 'ഫീ സബീലില്ലാ' (ദൈവമാര്‍ഗത്തില്‍) എന്നു പറഞ്ഞ സകാത്തിന്റെ അവകാശികളില്‍ അവ ഉള്‍പ്പെടും. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങളെല്ലാം 'ദഅ്‌വ' ഉദ്ദേശ്യത്തോടെയായിരിക്കണം.
ഇമാം റാസി പറയുന്നു: 'ഫീ സബീലില്ലാ' എന്ന ദൈവവാക്യം യോദ്ധാക്കളില്‍ പരിമിതപ്പെടുത്തേണ്ടതില്ല. ഇമാം ഖഫ്ഫാല്‍ ചില കര്‍മശാസ്ത്ര പണ്ഡിതരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: ''എല്ലാ നല്ല കാര്യങ്ങള്‍ക്കും സകാത്തുകള്‍ ചെലവഴിക്കുന്നത് പണ്ഡിതന്മാര്‍ അനുവദിച്ചിരിക്കുന്നു. മയ്യിത്ത് കഫന്‍ ചെയ്യുക, പാലങ്ങള്‍ നിര്‍മിക്കുക, പള്ളി പരിപാലിക്കുക എന്നിവയെല്ലാം അതില്‍ പെടും. കാരണം, 'ഫീ സബീലില്ലാ' എന്ന അല്ലാഹുവിന്റെ വാക്യം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു.
ഇത്രയേറെ വിശാലമാക്കണമെന്ന് നമുക്കഭിപ്രായമില്ല. അതേസമയം, യോദ്ധാക്കളിൽ മാത്രം പരിമിതപ്പെടുത്തണമെന്നും നാം പറയുന്നില്ല. ഒരു മധ്യമ നിലപാടാണ് നാം സ്വീകരിക്കുന്നത്. അഥവാ, പ്രബോധനപരമായ എല്ലാ കാര്യങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. ലോക സകാത്ത് വേദി (الهيئة العالمية للزكاة) ചില സകാത്തുകള്‍ പള്ളികളുടെയും ഇസ് ലാമിക് സെന്ററുകളുടെയും നിര്‍മാണത്തിന് ഉപയോഗിക്കാം എന്ന് അനുവദിച്ചിട്ടുണ്ട്. ഇസ് ലാമിക് യൂനിവേഴ്‌സിറ്റികളുടെയും ദഅ്‌വാ പ്രോജക്ടുകളുടെയും ആവശ്യാര്‍ഥം ചില സകാത്തുകള്‍ ഉപയോഗപ്പെടുത്താമെന്നാണ് നമ്മുടെ അഭിപ്രായം.
എന്നാല്‍, എല്ലാ സന്ദര്‍ഭങ്ങളിലും വളരെ സൂക്ഷ്മത പാലിക്കേണ്ട ഒരു വിഷയമാണിത്. അത്യാവശ്യത്തിന് മാത്രമായിരിക്കണം, സകാത്ത് കൈകാര്യം ചെയ്യുന്നവര്‍ അതീവ സൂക്ഷ്മാലുക്കളാകണം, അവകാശികള്‍ക്കല്ലാതെ അത് വിനിയോഗിക്കരുത്.
6) ഓഫീസ് പ്രവര്‍ത്തനങ്ങള്‍, കെട്ടിട വാടക, ഉദ്യോഗസ്ഥരുടെ ശമ്പളം എന്നിവ സകാത്ത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാവുന്നതാണ്. കാരണം, الْعَامِلِينَ عَلَيْهَا (സകാത്തിന്റെ പ്രവര്‍ത്തകര്‍) എന്ന് പറഞ്ഞതില്‍ അവര്‍ തീര്‍ച്ചയായും ഉള്‍പ്പെടും. എന്നാല്‍, ആവശ്യത്തിന്റെ തോതനുസരിച്ച് മാത്രമാകണം അത്. എന്റെ അഭിപ്രായത്തില്‍, ഓഫീസ് ആവശ്യങ്ങള്‍ക്കും സകാത്ത് പിരിക്കുന്നതിനും ചെലവഴിക്കുന്നതിനും വേണ്ട ചെലവുകള്‍ 12 ശതമാനത്തെക്കാള്‍ ഒരിക്കലും അധികരിക്കരുത് എന്നാണ് (അഥവാ എട്ടില്‍ ഒന്ന്). ഇതിലധികം സകാത്ത് ഫണ്ടില്‍നിന്നെടുക്കുന്നത് ശരിയല്ല.
നമ്മുടെ ഈ ഫണ്ട് ഫത് വ ആധുനിക അക്കാദമികളുടെയും സകാത്ത് വിഷയങ്ങള്‍ക്കായുള്ള ലോക പണ്ഡിത വേദി (الهيئة العالمية لقضايا الزكاة المعاصرة) യുടെ വിവിധ ഫത് വകളുടെയും അടിസ്ഥാനത്തിലാണ് (അവ തയാറാക്കുന്നതിലും അവയുടെ പ്രമേയങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്നതിലും ഈയുള്ളവന്‍ പങ്കെടുത്തിട്ടുണ്ട്). l
വിവ: വി.കെ അലി
- (ഡോ. യൂസുഫുല്‍ ഖറദാവി ലോക ഇസ് ലാമിക പണ്ഡിത വേദിയുടെ അധ്യക്ഷനായിരുന്ന കാലത്ത് ഡോ. അലി മുഹ് യിദ്ദീന്‍ ഖറദാഗി അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഖറദാവിയുടെ വിയോഗാനന്തരം ഇപ്പോള്‍ ഡോ. അലി ഖറദാഗിയാണ് പണ്ഡിത വേദിയുടെ അമരക്കാരന്‍. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം മുസ് ലിം ലോകത്ത് പൊതുസ്വീകാര്യതയുള്ള പണ്ഡിതന്മാരിലൊരാളാണ്).