മണ്ണില്‍ അധ്വാനിച്ച് നെറ്റിത്തടത്തില്‍ വിയര്‍പ്പുമായി നാഥനെ കണ്ടുമുട്ടാനുള്ള സൗഭാഗ്യം സിദ്ധിച്ച അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കഴിഞ്ഞ മെയ് 28-ന് എരുമേലിക്കടുത്ത് വാഹനാപകടത്തില്‍ അല്ലാഹുവിലേക്ക് യാത്രയായ എ. ബഷീറുദ്ദീന്‍ സാഹിബ് (പാലോട് ബഷീര്‍ സാര്‍). തന്റെ 74-ാമത്തെ വയസ്സിലും വാഴയും കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും മറ്റും സ്വന്തമായി കൃഷിചെയ്തിരുന്ന നല്ലൊരു കര്‍ഷകനായിരുന്നു അദ്ദേഹം. അപകടം നടന്നതിന്റെ തലേന്നാളും നാലഞ്ച് ചേനക്കുഴികള്‍ കുത്തിയിട്ടാണ് പള്ളിയിലേക്ക് വന്നതെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നു. പിറ്റേ ദിവസം സ്വുബ്ഹ് ജമാഅത്തില്‍ പങ്കെടുത്ത ശേഷം തന്റെ ഹരമായ ബൈക്കോടിച്ചാണ് അഴിക്കോട് നിന്ന് പത്തനാപുരത്ത് മകളുടെ വീട്ടിലെത്തിയ ശേഷം, അവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് ഹജ്ജിന് പോകുന്ന ഭാര്യാസഹോദരിയെയും അളിയനെയും യാത്രയയക്കാനായി പുറപ്പെട്ടത്. അവരെ യാത്രയാക്കാൻ കഴിയാതെയാണ് അല്ലാഹുവിലേക്ക് അദ്ദേഹം യാത്രയായത്.
ചെറുപ്പകാലത്ത് ദാരിദ്ര്യത്തിന്റെ നോവറിഞ്ഞ് പിന്നീട് കമ്യൂണിസത്തിലും നക്‌സലിസത്തിലും പ്രവര്‍ത്തിച്ച് 19-ാമത്തെ വയസ്സില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരികയായിരുന്നു. പ്രസ്ഥാന മാര്‍ഗത്തില്‍ ഏറെ പ്രയാസങ്ങള്‍ സഹിച്ചു. കഠിന പരിശ്രമത്തിലൂടെ വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസറായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സഹകരണ വകുപ്പിലേക്ക് ജോലിമാറ്റം ലഭിച്ച് അസിസ്റ്റന്റ് രജിസ്ട്രാറായാണ് വിരമിച്ചത്. സര്‍ക്കാര്‍ ജോലിയുള്ളപ്പോള്‍ ജോലിസമയം കഴിഞ്ഞാല്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു അദ്ദേഹം.
ജനിച്ചതും വളര്‍ന്നതും നെടുമങ്ങാട് താലൂക്കിലെ പാലോടായിരുന്നു. അവിടെയും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനം നട്ടുപിടിപ്പിക്കുന്നതിന് കെ.ടി അബ്ദുർറഹീം സാഹിബ്, കെ.എന്‍ അബ്ദുല്ല മൗലവി, മാള അബ്ദുസ്സലാം മൗലവി, കൊല്ലം അബ്ദുല്ല മൗലവി, പ്രഫ. പി.എ സഹീദ്, ബി.ഡി.ഒ അബ്ദുസ്സലാം, ഡോ. നിസാറുദ്ദീന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മാധ്യമം പത്രം പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ പാലോട് ഭാഗത്തുണ്ടായിരുന്ന ഏജന്റ് ഏജന്‍സി ഒഴിഞ്ഞ ഉടന്‍ സ്വയം ഏജന്‍സിയെടുത്ത് സൈക്കിളില്‍ ദീര്‍ഘദൂരം സഞ്ചരിച്ച് പത്രം കൃത്യമായി വിതരണം ചെയ്ത ശേഷമാണ് സര്‍ക്കാര്‍ ജോലിക്ക് പോയിരുന്നത്.
ഔപചാരിക മദ്‌റസാ വിദ്യാഭ്യാസമില്ലാതിരുന്ന അദ്ദേഹം രാത്രികാലങ്ങളില്‍ പള്ളിയില്‍ തങ്ങി ഉസ്താദുമാരില്‍നിന്ന് അറബി അക്ഷരങ്ങള്‍ മുതല്‍ പഠിച്ച് ഖുര്‍ആന്‍ പാരായണം പഠിച്ച ആളായിരുന്നു. സൂറത്തുകളും ആയത്തുകളും ഹൃദിസ്ഥമാക്കുന്നതിലും അതീവ താത്പര്യം പ്രകടിപ്പിച്ചു. പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുമ്പോള്‍ ദീര്‍ഘമായി പാരായണം ചെയ്യാൻ മാത്രം ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്നു. തഫ്‌സീറുകള്‍ റഫര്‍ ചെയ്ത് പ്രാദേശിക യൂനിറ്റില്‍ ഖുര്‍ആന്‍ ദര്‍സും എടുക്കും. സ്‌ക്വാഡുകള്‍ പോകുമ്പോള്‍ ഇതര സമുദായാംഗങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും വലിയ ഉത്സാഹമായിരുന്നു.
പാലോട് നിന്ന് അഴിക്കോട്ട് താമസം മാറ്റിയ ശേഷം നെടുമങ്ങാട് ഏരിയയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ബഷീര്‍ സാഹിബ്. ജമാഅത്ത് റുക്‌നായ അദ്ദേഹം അഴിക്കോട് പ്രാദേശിക ജമാഅത്ത് സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി നെടുമങ്ങാട് ഏരിയാ സെക്രട്ടറി, ഇസ്‌ലാമിക് എജുക്കേഷണല്‍ കോംപ്ലക്‌സ് ജോയിന്റ് സെക്രട്ടറി, സംഗമം വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി, ഐ.ആര്‍.ഡബ്ല്യൂ അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ഏത് സേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുൻനിരയിൽ ഉണ്ടാവും. പൊതു ആവശ്യങ്ങള്‍ക്ക് നിര്‍ലോഭം സംഭാവന നൽകും. കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. തന്റെ രണ്ട് ആണ്‍മക്കളും ജമാഅത്ത് റുക്‌നുകളാണ്. സഹധര്‍മിണി കാര്‍കുനും, രണ്ട് പെണ്‍മക്കൾ പ്രസ്ഥാന പ്രവര്‍ത്തകരുമാണ്. തനിമ അഖില സുഊദി കൂടിയോലോചനാ സമിതി, സെന്‍ട്രല്‍ പ്രോവിന്‍സ് അഡ്വൈസറി കമ്മിറ്റി, പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി, സെന്‍ട്രല്‍ പ്രോവിന്‍സ് കമ്മിറ്റി എന്നിവയിലെ അംഗമാണ് മൂത്ത മകന്‍ ഖലീലുര്‍ റഹ്മാന്‍. തനിമ സുഊദി വെസ്റ്റേണ്‍ പ്രോവിന്‍സ് അഡ്വൈസറി കൗണ്‍സില്‍, ജിദ്ദ നോര്‍ത്ത് സോണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, പ്രവാസി വെല്‍ഫെയര്‍ സുഊദി നാഷണല്‍ കമ്മിറ്റി എന്നിവയിൽ അംഗവും വെസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി പ്രസിഡന്റുമാണ് ഇളയ മകന്‍ ഉമറുല്‍ ഫാറൂഖ്. ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രിയ സഹപ്രവര്‍ത്തകന്‍ യാത്രയായത്.
ഡോ. എസ്. സുലൈമാന്‍ അഴിക്കോട്
എം.കെ അഹമ്മദ് കുട്ടി
എടവണ്ണപ്പാറയിലെ, മധുരക്കുഴി കോഴിപറമ്പത്ത് അഹമ്മദ് കുട്ടി (ബാവുട്ട്യാക്ക-78) നാഥനിലേക്ക് യാത്രയായി. വാഴക്കാട്, കീഴുപറമ്പ് പ്രദേശങ്ങളില്‍ വില്ലേജ് ഓഫീസറായും ഏറനാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക സര്‍വീസ് കാലത്ത് അഴിമതിക്ക് അശേഷം പ്രവേശനമില്ലാത്തവിധം, കറകളഞ്ഞ കൃത്യനിര്‍വഹണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ലളിത ജീവിതവും സൗമ്യമായ പെരുമാറ്റവും ബാവുട്ട്യാക്കയുടെ സവിശേഷതകളായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അതീവ തല്‍പരനായിരുന്നു.
ഔദ്യോഗിക ജീവിതകാലത്തും റിട്ടയര്‍മെന്റ് ജീവിതത്തിലും ഒരുപോലെ, ഭൂമി സംബന്ധമായ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം യാതൊരു പ്രതിഫലവും സ്വീകരിക്കാതെ മാര്‍ഗദര്‍ശനം നല്‍കാന്‍ സദാ സന്നദ്ധനായിരുന്നു.
സര്‍ക്കാര്‍ ഭൂമിയിലെ ഒരിഞ്ചു സ്ഥലവും സ്വന്തമാക്കുന്നത് വന്‍ പാപമാണെന്ന് കരുതിയ ബാപ്പ മകന്റെ വീട് പണിയാനായി സ്ഥലം കൃത്യമായി അളന്ന് പുറംപോക്ക് സ്ഥലം തിട്ടപ്പെടുത്തി അത് മാറ്റിനിര്‍ത്തി അതിര് നിര്‍ണയിച്ച് മതില്‍ കെട്ടിത്തന്നത് ബാപ്പിച്ചിയായിരുന്നുവെന്ന് മകന്‍ അഭീഷ് പറയുന്നു.
ജീവിത വിശുദ്ധിയും ജനസേവന തല്‍പരതയും ഹൃദ്യമായ പെരുമാറ്റവും ജനഹൃദയങ്ങളെ കീഴടക്കിയതിന്റെ പ്രതിഫലനമാവാം, മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ മയ്യിത്ത് സംസ്‌കരണത്തിന് കൊണ്ടുപോകുന്നത് വരെയും പരേതന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയ ജനങ്ങളുടെ ആധിക്യം.
ഭാര്യ: ആയിഷുമ്മ. മക്കൾ: അനീഷ, അനീസ്, അഭീഷ്, ആശ്ന, അനസ്.
റഹ് മാന്‍ മധുരക്കുഴി
നീർക്കുന്നം ചെമ്പകപ്പള്ളിയിൽ അബ്ദുസ്സലാം
മനുഷ്യരിൽ ചിലരുണ്ട് - അവരുടെ ജീവിതം ബഹളമയമായിരിക്കില്ല; പക്ഷേ, സൂക്ഷ്മതയുള്ളതായിരിക്കും. ഇങ്ങനെയുള്ള വ്യക്തിത്വമായിരുന്നു 2024 ജൂൺ 9-ന് 58-ാം വയസ്സിൽ അല്ലാഹുവിലേക്ക് യാത്രയായ നീർക്കുന്നം ചെമ്പകപ്പള്ളി അബ്ദുസ്സലാം (അച്ചാം) സാഹിബ്.
നിറഞ്ഞ പുഞ്ചിരി, സൗമ്യമായ വർത്തമാനം, എല്ലാറ്റിലും കൃത്യനിഷ്ഠ- ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു; എന്നാലും നമസ്കാരത്തിന് പള്ളിയിൽ മുൻനിരയിൽ തന്നെ കാണും.
എസ്.ഐ.ഒയിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. സോളിഡാരിറ്റിയിലേക്ക് വന്നപ്പോൾ സോളിഡാരിറ്റി നടത്തിയ വ്യത്യസ്ത സമര സേവന മുഖങ്ങളിൽ നിറസാന്നിധ്യമായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് കരിമണൽ ഖനനത്തിനെതിരെ സോളിഡാരിറ്റി തോട്ടപ്പള്ളിയിൽനിന്ന് ആറാട്ടുപുഴയിലേക്ക് നടത്തിയ പദയാത്രയിൽ ബാനറും പിടിച്ച് മുൻനിരയിൽനിന്നത് അബ്ദുസ്സലാം സാഹിബ് ആയിരുന്നു.
യൂനിറ്റ് യോഗങ്ങളിലാണെങ്കിലും മറ്റു പരിപാടികളിലാണെങ്കിലും അദ്ദേഹത്തിന്റെ സമയനിഷ്ഠ മറ്റുള്ളവർക്ക് മാതൃകയാണ്. മലർവാടി ബാലസംഘം കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ
ആദ്യകാല പ്രവർത്തകനും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായിരുന്ന മർഹൂം അബ്ദുൽ അസീസ് സാഹിബിന്റെ മകനാണ്.
സഹധർമിണി : ഖദീജ. മക്കൾ: സഫ്ന, മിസ്‌ന, ഹസ്ന.
സജീദ് മക്കാരുപറമ്പ്