ചരിത്രം

ഉസ്മാനി ഖിലാഫത്ത് ഫലസ്ത്വീനെ സംരക്ഷിച്ചത് എങ്ങനെ? - 2

തിയഡോർ ഹെർസൽ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ഫലസ്ത്വീന്റെ കാര്യത്തിൽ ഉസ്മാനികളുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. ചിലപ്പോൾ രഹസ്യമായും പലപ്പോഴും പരസ്യമായും പ്രസ്തുത സംഘർഷം തുടർന്നുകൊണ്ടേയിരുന്നു. സയണിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും ബ്രിട്ടീഷുകാരും അമേരിക്കക്കാരും യൂറോപ്യന്മാരുമായ, ഉസ്മാനി സാമ്രാജ്യത്തിനുള്ളിലെ അവരുടെ സഹായികളായ ഫ്രീമേസൺമാരും അതിൽ തരാതരം പോലെ പങ്കുചേർന്നു.

ഉസ്മാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമീനിയയിലെ ക്രിസ്ത്യാനികൾ സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്ത് കലാപത്തിന് ശ്രമിച്ചപ്പോൾ ഹെർസൽ പെട്ടെന്ന് തന്നെ അതിൽ ഇടപെട്ടു. അതുവഴി സുൽത്വാനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അർമേനിയൻ നേതാക്കളുമായി ബന്ധപ്പെട്ട് കലാപം നിർത്താനുള്ള തന്റെ ശ്രമങ്ങൾ, തുർക്കി രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള പോളിഷ് വംശജനായ ആസ്ട്രിയൻ ജൂതൻ ഫിലിപ്പ് മൈക്കൽ ന്യൂലിൻസ്കി മുഖേന സുൽത്താനെ അറിയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അർമേനിയൻ കലാപം അവസാനിപ്പിക്കുന്നതിൽ തന്റെ പങ്കിനെക്കുറിച്ച് സുൽത്താൻ സംപ്രീതനാണെന്ന് ന്യൂലിൻസ്കി ഹെർസലിനെ അറിയിച്ചുകൊണ്ടുമിരുന്നു. തദ്വാരാ അബ്ദുൽ ഹമീദ്, ജൂതന്മാരുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് ഹെർസൽ കണക്കുകൂട്ടിയത്. അതിനാൽ, അദ്ദേഹം ന്യൂലിൻസ്‌കിയെ ഇടനിലക്കാരനാക്കി ഒരു പദ്ധതി അവതരിപ്പിക്കാൻ ശ്രമിച്ചു. ഫലസ്ത്വീനിലേക്ക് ജൂത കുടിയേറ്റം അനുവദിക്കുന്നതിന് പകരമായി ഉസ്മാനി സാമ്രാജ്യ ട്രഷറിയിലേക്ക് 20 മില്യൺ ടർക്കിഷ് ലീറ നൽകാനുള്ള ജൂതന്മാരുടെ സന്നദ്ധതയായിരുന്നു അത്. എന്നാൽ, പ്രസ്തുത ഓഫറുമായി തന്നെ സമീപിച്ച ന്യൂലിൻസ്കിയെ സുൽത്താൻ അപ്പോൾ തന്നെ തന്റെ കൗൺസിലിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്. വിവരമറിഞ്ഞ ഹെർസൽ കടുത്ത നിരാശയിലായി. യഹൂദരുടെ പണം ഉപയോഗിച്ച് ഉസ്മാനി സാമ്രാജ്യത്തെ പിന്തുണക്കുക വഴി സുൽത്താൻ അബ്ദുൽ ഹമീദിനെ വശീകരിക്കാനുള്ള ഹെർസലിന്റെ ശ്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. സുൽത്താന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതിൽ ഹെർസലിന്റെ ഇടനിലക്കാർ നിരവധിയായിരുന്നു. അവരിൽ പ്രത്യക്ഷത്തിൽ മുസ്ലിംകളും പരോക്ഷമായി യഹൂദനുമായ (ദോനുമ) ജാവിദ് ബേ, സുൽത്താന്റെ ഏതൻസിലെ അംബാസഡർ മഹ്മൂദ് നദീം പാഷ, ജൂത പത്രപ്രവർത്തകനും ദോൻമയുമായ അഹ്്മദ് മിദ്ഹത് പാഷ, ബെർലിനിലെ സുൽത്താന്റെ അംബാസഡർ അഹമദ് തൗഫീഖ് പാഷ തുടങ്ങിയവർ ഉൾപ്പെടുന്നു.

കൈക്കൂലിയും മറ്റു പ്രലോഭന രീതികളും പരാജയപ്പെട്ടപ്പോൾ, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിനായി മറ്റു വഴികൾ തേടാൻ ഹെർസൽ നിർബന്ധിതനായി. പ്രസ്തുത വിഷയത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നിലപാട് പാറപോലെ ഉറച്ചതാണെന്ന് അയാൾക്ക് ബോധ്യമായി. തുടർന്നാണ് ഹെർസൽ തന്ത്രം മാറ്റിയത്. ഒരു ദ്വിമുഖ തന്ത്രം അയാൾ ആവിഷ്കരിച്ചു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഫലസ്ത്വീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന ആശയത്തെ മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടി അംഗീകരിക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതായിരുന്നു ഒന്നാമത്തെ വഴി. രണ്ടാമത്തേത്, ഫലസ്ത്വീനിലേക്കുള്ള ജൂതന്മാരുടെ രഹസ്യ കുടിയേറ്റത്തെ ചുറ്റിപ്പറ്റിയാണ്. ഫലസ്ത്വീൻ, ബൈറൂത്ത്, ജറൂസലം, ഹൈഫ എന്നിവിടങ്ങളിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ കോൺസൽമാരുടെ പരോക്ഷ പിന്തുണയുടെ മറവിൽ അനധികൃതമായി ഭൂമി സമ്പാദിക്കാൻ ജൂതൻമാരെ പ്രാപ്തരാക്കുന്നതായിരുന്നു അത്.

സുൽത്താൻ അബ്ദുൽ ഹമീദ്, ഹെർസലിന്റെ പുതിയ തന്ത്രത്തോട് കൂടുതൽ തീവ്രമായാണ് പ്രതികരിച്ചത്. 1898 ജൂണിൽ അദ്ദേഹം പുറപ്പെടുവിച്ച നിയമത്തിൽ ഉസ്മാനി പൗരൻമാരല്ലാത്ത ഒരു വിദേശ യഹൂദനും മതപരമായ ആവശ്യങ്ങൾക്കല്ലാതെ ഫലസ്ത്വീൻ സന്ദർശിക്കാൻ അനുവാദമില്ല എന്ന് വ്യവസ്ഥ ചെയ്തു. അവിടത്തെ അവരുടെ താമസം 30 ദിവസത്തിൽ കവിയാനും പാടില്ല. കാലാവധി അവസാനിച്ചതിന് ശേഷം അവിടെ തങ്ങുന്നവരെ ബലം പ്രയോഗിച്ച്‌ പുറത്താക്കും. ഈ നിയമത്തിന് എതിരായി ഉസ്മാനി സാമ്രാജ്യത്തിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളിലെ അംബാസഡർമാരുടെയും കോൺസൽമാരുടെയും പ്രതിഷേധം സുൽത്താൻ കാര്യമാക്കിയില്ല. പകരം, അവരും അവരുടെ രാജ്യങ്ങളും നിയമം പാലിക്കുന്നുണ്ടോയെന്ന് കൂടുതൽ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നിയമം ലംഘിച്ച് ഫലസ്ത്വീനിൽ പ്രവേശിക്കാൻ ശ്രമിച്ച അന്ത്യോക്യയിലെ ജൂതനായ ബ്രിട്ടീഷ് കോൺസലിനെതിരെ അദ്ദേഹം നടപടിയെടുത്തു. ഹൈഫയിലെ ഉസ്മാനി ഗവർണർ, പുതിയ നിയമം ലംഘിച്ചതിന് ഒമ്പത് ബ്രിട്ടീഷ് ജൂതന്മാരെ ഫലസ്ത്വീനിൽനിന്ന് പുറത്താക്കുകയും ചെയ്തു. ജറൂസലമിലെ ബ്രിട്ടീഷ് കോൺസൽ, ഉസ്മാനി സാമ്രാജ്യത്തിന് ഇതു സംബന്ധമായ പ്രതിഷേധ കുറിപ്പ് നൽകിയപ്പോൾ സുൽത്താന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഉസ്മാനി സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർ നിയമപ്രകാരമുള്ള തങ്ങളുടെ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്.''

തിയഡോർ ഹെർസൽ

കുടിയേറ്റത്തിന്റെ വാതിൽ തുറക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതിൽ പയറ്റിയ തന്ത്രങ്ങൾ പരാജയപ്പെട്ടെങ്കിലും ഹെർസൽ പിൻവാങ്ങിയില്ല. അയാൾ തന്ത്രം വീണ്ടും മാറ്റി. 1899 ആഗസ്റ്റ് 15-ന് ബാസലിൽ മൂന്നാം സയണിസ്റ്റ് കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ സുൽത്താന് ഒരു ടെലിഗ്രാം അയച്ചുകൊണ്ടാണ് ഹെർസൽ തന്റെ പുതിയ തന്ത്രം പ്രയോഗിച്ചത്. കാപട്യവും ചതിയും തുളുമ്പിനിന്ന അതിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്: “മൂന്നാം ബാസൽ കോൺഫറൻസിൽ ഒത്തുകൂടിയ സയണിസ്റ്റുകൾ, നിങ്ങളുടെ മഹത്തായ സിംഹാസനത്തിന്റെ വാതിൽപ്പടിയിൽ കൊണ്ടുവരുന്നത് എന്തെന്നാൽ, യഹൂദ പ്രജകളോടുള്ള നിങ്ങളുടെ ദയയും പരിഗണനയും നിങ്ങളുടെ മഹത്വത്തിന്റെ നിദർശനമായി അവർ കണക്കാക്കുന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ ഉയർച്ചക്കും സമൃദ്ധിക്കുമായി സംഭാവനകൾ അർപ്പിക്കാനുള്ള അവരുടെ ആത്മാർഥമായ ആഗ്രഹം വിശ്വസ്തതയോടെ പ്രകടിപ്പിക്കുന്നത് ഒരു കടമായി അവർ കാണുന്നു”. സുൽത്താൻ അബ്ദുൽ ഹമീദ് ഇതിനോട് കൂടുതൽ തീവ്രതയോടെ പ്രതികരിക്കുകയും 1900-കളുടെ അവസാനത്തിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ചെയ്തു. അതനുസരിച്ച് ഫലസ്ത്വീൻ, സിറിയ, ലബ്നാൻ, സീനായ് എന്നിവിടങ്ങളിലെ ജൂതന്മാർക്ക് ഭൂമി വിൽക്കുന്നത് അദ്ദേഹം നിരോധിച്ചു. ഈ നിയമം ഉസ്മാനി പൗരത്വമുള്ള ജൂതന്മാർക്കും ബാധകമാണ്.

എങ്കിലും ഹെർസൽ നിരാശനായില്ല. തന്റെ സുഹൃത്ത് ഹംഗേറിയൻ ജൂത ഓറിയന്റലിസ്റ്റ് ആർമിനിയസ് ഫാബ്രിയുടെ സഹായത്തോടെ സുൽത്താൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അയാൾ അതിൽ വിജയിക്കുകയും ചെയ്തു. ഹെർസൽ തന്റെ ഡയറിയിൽ എഴുതി: “തന്റെ കോപം ഉണർത്തുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് സുൽത്താന്റെ സമക്ഷത്തിൽ സംസാരിക്കരുതെന്ന് ഫാബ്രി എന്നെ ഉപദേശിക്കുകയുണ്ടായി: ഒന്ന്, സയണിസത്തിന്റെ പ്രശ്നം. രണ്ട്, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ പ്രശ്നം.''

1901 മെയ് 18-ന് സുൽത്താൻ ഹെർസലിന് കൂടിക്കാഴ്ചക്ക് അനുവാദം നൽകി. ഹെർസലിനെയും കൂട്ടാളികളെയും കൊട്ടാരത്തിൽനിന്ന് പുറത്താക്കുന്നതിലാണ് ആ അഭിമുഖം കലാശിച്ചത്. ഫലസ്ത്വീനിലേക്ക് കുടിയേറാൻ ജൂതന്മാരെ അനുവദിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. സുൽത്താൻ അബ്ദുൽ ഹമീദിന്റെയും ഉസ്മാനി സാമ്രാജ്യത്തിന്റെയും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടതാണ് അവ. അത് ഇപ്രകാരമാണ്: “ഫലസ്ത്വീനിലെ ഓരോ ഇഞ്ച് മണ്ണും ഞങ്ങളുടെ പൂർവികർ രക്തം ചിന്തി നേടിയെടുത്തതാണ്. അന്ന് അവർ ചിന്തിയതിനെക്കാൾ കൂടുതൽ ചോര ചിന്താതെ അതിലെ ഒരു ഇഞ്ച് ഭൂമി പോലും വഞ്ചകരായ തൽപരകക്ഷികൾക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറല്ല.”

ഹെർസൽ, ഇസ്തംബൂളിലെ തന്റെ താമസസ്ഥലത്ത് മടങ്ങിയെത്തിയ ശേഷം സുൽത്താനുമായുള്ള അഭിമുഖം തന്നിലുണ്ടാക്കിയ എല്ലാ രോഷവും നിരാശയും ഡയറിയിൽ (1901 മെയ് 18) ഇങ്ങനെ രേഖപ്പെടുത്തി: “അബ്ദുൽ ഹമീദ് എന്നത് ഒരുകൂട്ടം നികൃഷ്ട വ്യക്തികളുടെ പേരാണ്.” പിന്നീട് അയാൾ സുൽത്താൻ അബ്ദുൽ ഹമീദിനോട് തനിക്കുള്ള പകയും വിദ്വേഷവും തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ഏർപ്പെട്ടത്. ഉസ്മാനി സാമ്രാജ്യത്തിനെതിരായി സയണിസ്റ്റ് പ്രസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച രഹസ്യ റിപ്പോർട്ടിൽ അയാൾ പറഞ്ഞു: “സുൽത്താൻ അബ്ദുൽ ഹമീദുമായി ബന്ധപ്പെട്ട് എന്റെ ഇതുവരെയുള്ള നീക്കങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം ഞാൻ തീർത്തു പറയാം: ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ കാര്യത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നയം മാറ്റാത്തിടത്തോളം കാലം നമുക്ക് ഒരടി പോലും മുമ്പോട്ട് പോകാനാവില്ല. അതിനാൽ, ഒന്നുകിൽ നാം തുർക്കികളെ അവർ പരാജയപ്പെടുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളിൽ തളച്ചിടുകയോ അല്ലെങ്കിൽ അന്തർദേശീയ പ്രശ്‌നങ്ങളിൽ കുരുക്കിയിടുകയോ ചെയ്യണം. അല്ലെങ്കിൽ ഒരേസമയം രണ്ട് വഴികളിലൂടെയും നീങ്ങണം”.

സയണിസ്റ്റുകൾ രണ്ട് വഴിയും സ്വീകരിച്ചുവെന്നതാണ് പിന്നീട് നാം കാണുന്നത്. ഉസ്മാനി ഭരണ പ്രദേശങ്ങളിൽ ഉടനീളം വിവിധ വംശീയ വിഭാഗങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതോടൊപ്പം ഒന്നാം ലോക യുദ്ധത്തിലേക്ക് ഖിലാഫത്തിനെ വലിച്ചിഴക്കുകയും ചെയ്തു; സുഹൃദ് രാജ്യമായ ജർമനിയുടെ സഖ്യകക്ഷിയെന്ന നിലയിൽ. ഒടുവിൽ ഫലസ്ത്വീൻ ജനതയുടെ കാര്യത്തിൽ സവിശേഷമായും, മുസ്്ലിം ലോകത്തെ സംബന്ധിച്ച് പൊതുവിലും നിർഭാഗ്യകരമായ ആ ദുരന്തം സംഭവിക്കുക തന്നെ ചെയ്തു. സയണിസ്റ്റ് പ്രസ്ഥാനത്തിലെ ഹെർസലിന്റെ പിൻഗാമികൾ അവരുടെ മുഖ്യ എതിരാളിയായ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനെ അധികാര ഭ്രഷ്ടനാക്കുന്നതിൽ (1909) വിജയിച്ചു. അതോടെ ഫലസ്ത്വീനിൽ ഒരു ജൂത രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലും അതിന് തടസ്സമായി നിന്ന ഉസ്മാനി സാമ്രാജ്യത്തെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിലും സയണിസ്റ്റുകൾക്ക് ഏറെ മുന്നോട്ട് പോകാനായി.

ഖിലാഫത്തിന്റെ തകർച്ചയോടെ മുസ്്ലിം ലോകത്തിന് നഷ്ടപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയാൻ അറബികൾക്കും സാധിച്ചില്ല. മഹ്മൂദ് അബൂ ഗനീമ എഴുതുന്നു: “ഉസ്മാനി രാഷ്ട്രത്തെ ഉന്മൂലനംചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ അറബികൾ അന്താരാഷ്ട്ര സയണിസത്തെ അറിഞ്ഞോ അറിയാതെയോ സഹായിച്ചു എന്നത് ഖേദകരമാണ്. ഫലസ്ത്വീനിലെ സയണിസ്റ്റ് അഭിലാഷങ്ങൾക്ക് പ്രതിരോധ നിര തീർക്കാൻ അവസാന നിമിഷം വരെ പോരാടിയ ഉസ്മാനികളെ പിന്തുണക്കാൻ അവർക്ക് സാധിച്ചില്ല. അങ്ങനെയാണ് അറബ്-മുസ്്ലിം ഹൃദയഭൂമിയിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ജൂതന്മാരുടെ സ്വപ്നം സാക്ഷാത്കൃതമായത്.” l
(അവസാനിച്ചു)

ഖിലാഫത്തുർറാശിദയുടെ യുഗം അവസാനിച്ചതോടെ ഇസ് ലാമിക ലോകത്തിന്റെ ആധിപത്യം വിവിധ വംശങ്ങളുടെ നിയന്ത്രണത്തിലായി. ഉമവികൾ, അബ്ബാസികൾ, സൽജൂഖികൾ, ഫാത്വിമികൾ, ഉസ്മാനികൾ തുടങ്ങിയ പ്രമുഖ താവഴികളാണ് പിന്നീട് ഭരണം കൈയാളിയത്. അവരിൽ അബ്ബാസികൾക്ക് ശേഷം ഏറ്റവും സുശക്തമായ സാമ്രാജ്യം പടുത്തുയർത്തിയത് തുർക്കിയയിലെ ഉസ്മാനി ഭരണകൂട (687/1288) മാണ്. ഉസ്മാൻ ഖാനാണ് പ്രസ്തുത ഭരണകൂടത്തിന് അടിത്തറ പാകിയത്. മുസ്്ലിം ലോകത്തിന്റെ കേന്ദ്രമെന്ന നിലയിൽ ദീർഘമായ ആറ് നൂറ്റാണ്ടിലധികം കാലം നിലനില്ക്കാൻ അതിനു കഴിഞ്ഞു.

മുസ്‌ലിം ലോകത്ത് നിലവിൽവന്ന വ്യത്യസ്ത ഭരണവംശങ്ങളിൽ ഖിലാഫത്തുർറാശിദയുടെ പല സവിശേഷതകളും നിലനിർത്തിയിരുന്നവരാണ് ഉസ്മാനികൾ. നീതിനിഷ്ഠ, അതിക്രമങ്ങളെ വെച്ചുപൊറുപ്പിക്കാതിരിക്കൽ, കൂടിയാലോചന, വിട്ടുവീഴ്ച, സത്യസന്ധത, പ്രജാക്ഷേമ തൽപരത, നിയമവാഴ്ചയോടും ജുഡീഷ്യറിയോടുമുള്ള ആദരവ്, വിജ്ഞാനത്തോടും പണ്ഡിതന്മാരോടുമുള്ള ബഹുമാനം, ഇസ്്ലാമിക ശരീഅത്തിനോടുള്ള പ്രതിബദ്ധത, ഭൗതികതയുടെയും നാഗരികതയുടെയും വർണപ്പകിട്ടുകളോടും സുഖലോലുപതയോടുമുള്ള വിരക്തി, ജീവിത ലാളിത്യം തുടങ്ങിയ മൂല്യങ്ങൾ ഉസ്മാനികളിൽ മിക്കവരും കാത്തുസൂക്ഷിച്ചിരുന്നു. മറ്റു ഭരണ കൂടങ്ങളെക്കാൾ സുദീർഘമായ കാലം നിലനിൽക്കാൻ ഉസ്മാനികളെ സഹായിച്ചതും ഈ സവിശേഷതകളാണ്.

ഉസ്്മാനി സാമ്രാജ്യ സ്ഥാപകനായ ഉസ്്മാൻ ഒന്നാമൻ (657/1257- 726/1326), പുത്രൻ ഊർഖാന്ന് (687/1288- 761/1360) നല്കിയ അന്ത്യോപദേശത്തിൽ തന്റെയും താൻ സ്ഥാപിച്ച ഭരണകൂടത്തിന്റെയും വിശിഷ്ട സ്വഭാവങ്ങൾ തെളിഞ്ഞു കാണാം. ഉസ്്മാനി ചരിത്രകാരനായ ആശിഖ് ചെലബി അത് ഇങ്ങനെ രേഖപ്പെടുത്തുന്നു: "പ്രിയപ്പെട്ട മകനേ, അനുസരിക്കുന്നവരെ എമ്പാടും സഹായിക്കുക. ഭടന്മാരോട് ഔദാര്യം കാണിക്കുക. ശക്തിയാലും സമ്പത്തിനാലും പിശാച് നിന്നെ ചതിക്കാതിരിക്കട്ടെ. ശരീഅത്തിന്റെ ആളുകളിൽനിന്ന് അകന്നുപോകുന്നത് സൂക്ഷിക്കുക. മകനേ, അധികാരത്തിന്റെ ആനന്ദത്തിനു വേണ്ടിയോ ആർക്കെങ്കിലും ആധിപത്യം ലഭിക്കാനോ യുദ്ധം ചെയ്യുന്നവരല്ല നമ്മൾ. ഇസ്്ലാം കൊണ്ട് നാം ജീവിക്കുന്നു. ഇസ്്ലാമിനു വേണ്ടി നാം മരിക്കും. അതിന്റെ മാത്രം ആളാണു നീ. മോനേ, ലോക നാഥന്റെ പ്രീതിയാണ് നമ്മുടെ ലക്ഷ്യമെന്ന് നിനക്കറിയാമല്ലോ. ജിഹാദുകൊണ്ട് എല്ലായിടത്തും നമ്മുടെ ദീനിന്റെ പ്രഭ പരക്കുന്നുണ്ട്. അതിനാൽ, പ്രതാപവാനും മഹാനുമായ അല്ലാഹുവിന് തൃപ്തിയുള്ളതു മാത്രം നീ പറയുക."1

ബഗ്ദാദിന്റെ തകർച്ചക്ക് ശേഷം ഉയർന്നുവന്ന ഏറ്റവും ശക്തവും ഇസ്്ലാമിക ലോകത്തിന്റെ ഏതാണ്ട് പൂർണ പ്രാതിനിധ്യം അവകാശപ്പെടാൻ അർഹതയുള്ളതുമായ ഭരണകൂടം എന്ന നിലയിൽ ഉസ്്മാനി സാമ്രാജ്യം, മാനവ ചരിത്രത്തിലെ തന്നെ ഒരു വിസ്മയമാണ്. ഉസ്്മാനി സൽത്തനത്തിന് അതിന്റെ ഉത്ഥാന കാലത്ത് അറബികളുടെ സാമ്രാജ്യത്തോളം വിസ്തൃതി ഉണ്ടായിരുന്നു. ഭദ്രതയുടെ കാര്യത്തിലാകട്ടെ ഏറ്റവും സുശക്തമായ ഭരണകൂടമായിരുന്നു അത്. ഇസ്്ലാമിക ചരിത്രത്തിലെ ഏറ്റവും ദീർഘായുസ്സുള്ള ഭരണകൂടവും ഉസ്്മാനി സൽത്തനത്തായിരുന്നു. 1288 മുതൽ 1700 വരെ പ്രതാപൈശ്വര്യങ്ങളോടു കൂടിയും 1700 മുതൽ 1800-കൾ വരെ സാമാന്യം ശക്തമായ നിലയിലും 1800-ന് ശേഷം 1924 വരെ ക്ഷയോന്മുഖമായ അവസ്ഥയിലും ഈ ഭരണം നിലനിന്നു.

ഉസ്മാൻ ഒന്നാമൻ

ഇസ്്ലാമിക ചരിത്രത്തിലെ പല നിർണായക ഘട്ടങ്ങൾക്കും ചുക്കാൻ പിടിച്ചത് ഉസ്്മാനി സാമ്രാജ്യമാണ്. 857/1453-ലെ ഐതിഹാസികമായ കോൺസ്റ്റാന്റിനോപ്പിൾ വിജയം അവയിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഈ പട്ടണം കീഴടക്കാൻ മുസ് ലിംകൾ ഉമവി ഖിലാഫത്തിന്റെ സ്ഥാപകൻ അമീർ മുആവിയയുടെ കാലം മുതലേ ശ്രമം തുടങ്ങിയിരുന്നു. പിന്നീട് അറബികളും തുർക്കികളുമായ പലരും നിരവധി തവണ അതിന് ശ്രമിച്ചുവെങ്കിലും റോമക്കാരുടെ യുദ്ധമികവോ മുസ്്ലിംകളുടെ അനൈക്യമോ കാരണമായി വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ, ഉസ്്മാനി സുൽത്താൻ മുഹമ്മദുൽ ഫാതിഹാണ് ആ നിർണായക വിജയം കൈവരിച്ചത്. 54 ദിവസത്തെ ഉപരോധത്തിന് ശേഷം 857/1453 മെയ് 29-ന് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. അങ്ങനെ, പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ 1100 വർഷം പഴക്കമുള്ള ആസ്ഥാനം എന്നന്നേക്കുമായി നിലംപതിച്ചു. 'ദൈവം എനിക്ക് ഖൈസ്വറിന്റെയും കിസ്റായുടെയും താക്കോലുകൾ തന്നിരിക്കുന്നു' എന്ന നബി(സ)യുടെ പ്രവചനം സാക്ഷാത്കൃതമായി. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഉസ്മാനി ഭരണകൂടത്തിന്റെ മുഖഛായ തന്നെ മാറി. ശക്തമായൊരു സാമ്രാജ്യമായി അത് വികസിച്ചു. വ്യാപാര മേഖലയിലും രാഷ്ട്രീയ മേഖലയിലും വൻനേട്ടങ്ങൾ വാരിക്കൂട്ടാൻ ഉസ്മാനികൾക്കു കഴിഞ്ഞു. യൂറോപ്പിലെയും പരിസര പ്രദേശങ്ങളിലെയും അനവധി നാടുകൾ അവർ കീഴടക്കുകയുമുണ്ടായി.

സമർഥരും ഭരണ വിദഗ്ധരുമായ അനവധി ഖലീഫമാർ ഉസ്മാനി ഭരണകൂടത്തിലുണ്ടായിരുന്നു. മുഹമ്മദ് രണ്ടാമൻ (അൽഫാതിഹ് : 1451-1481), ബായസീദ് രണ്ടാമൻ (1481-1512), പുത്രൻ സലീം ഒന്നാമൻ (1512-1520), സുലൈമാൻ അൽഖാനൂനി (1520-1566), സലീം രണ്ടാമൻ (1566-1574), മുറാദ് മൂന്നാമൻ (1574-1595), മുഹമ്മദ് മൂന്നാമൻ (1595-1603), അഹ്മദ് ഒന്നാമൻ (1603-1617) തുടങ്ങിയവർ അവരിൽ ചിലരാണ്. കിഴക്കൻ യൂറോപ്പിന്റെ ഭാഗമായ ബോസ്നിയ, കൊസോവോ, അൽബേനിയ മുതലായ പ്രദേശങ്ങളിൽ ഇസ്ലാം പ്രചരിച്ചതും തുർക്കികളുടെ വാഴ്ചക്കാലത്താണ്.

ഫലസ്ത്വീൻ
ഉസ്മാനികൾക്ക് കീഴിൽ

ഇസ്്ലാമിന്റെ പ്രഥമ ഖിബ് ലയായ ബൈത്തുൽ മഖ്ദിസ് ഉൾപ്പെടുന്ന ഫലസ്ത്വീൻ പ്രദേശം ഉസ്മാനി ഖിലാഫത്തിന്റെ ആധിപത്യത്തിൽ വരുന്നത് സുൽത്താൻ സലീം ഒന്നാമന്റെ (875/1470- 926/1520) കാലത്താണ്. 922 റജബ് 25/1516 ആഗസ്ത് 24-ന് മര്‍ജ് ദാബിഖില്‍ നടന്ന യുദ്ധത്തില്‍ ഉസ്്മാനി സൈന്യം മംലൂക്കുകളെ പരാജയപ്പെടുത്തി സിറിയ, ഈജിപ്ത്, ഫലസ്ത്വീന്‍ എന്നീ പ്രദേശങ്ങള്‍ ജയിച്ചടക്കി. കയ്റോയില്‍വെച്ച് മക്കയിലെ ശരീഫ് കഅ്ബയുടെ താക്കോല്‍ സുൽത്താന്‍ സലീമിന് സമര്‍പ്പിച്ചു. ഖാദിമുല്‍ ഹറമൈന്‍ എന്ന സ്ഥാനപ്പേരില്‍ സുൽത്താന്‍ സലീം അറിയപ്പെട്ടു. ഈജിപ്തിൽ ഉണ്ടായിരുന്ന അവസാനത്തെ അബ്ബാസി ഖലീഫ അല്‍മുതവക്കില്‍ അലല്ലാ, സുൽത്താന്‍ സലീമിനെ ഖിലാഫത്ത് ഏല്‍പ്പിച്ചു. ഇതോടെ അദ്ദേഹം ആഗോള മുസ്‌ലിംകളുടെ ഖലീഫയും ഇസ്‌ലാമിക ലോകത്തിന്റെ നേതാവുമായി അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ വരെയും യൂഫ്രട്ടീസ് നദി മുതല്‍ മാവറാഅന്നഹ്്ർ വരെയും വ്യാപിച്ചുകിടന്നിരുന്നു. 1516 മുതൽ സുദീർഘമായ നാല് നൂറ്റാണ്ട് ആ വിശുദ്ധ ഭൂമി അവർ കാത്തുസൂക്ഷിച്ചുപോന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ പരിധിയിൽ അറബ് രാജ്യങ്ങൾ പ്രവേശിച്ചതോടെയാണ് ഫലസ്ത്വീൻ പ്രശ്നവുമായുള്ള അവരുടെ ബന്ധം ആരംഭിച്ചതെന്ന് പറയാം. ഫലസ്തീൻ വിഷയത്തിൽ ഉസ്മാനി തുർക്കികൾ വഹിച്ച പങ്ക് ഒരിക്കലും അതർഹിക്കുന്ന പരിഗണനയോടെ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.

ഉസ്മാനി ചരിത്രത്തിൽ സവിശേഷ പഠനം നടത്തിയ ഇസ്തംബൂളിലെ സ്വബാഹുദ്ദീൻ സഈം സർവകലാശാലയിലെ പ്രഫ. ഡോ. മുഹമ്മദ് ഹർബ് (ജനനം 1941- പ്രസ്തുത വിഷയത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ അറബി ഗവേഷകനും അറബ് ലോകത്ത് ഉസ്മാനികളെ സംബന്ധിച്ച പഠനത്തിന്റെ തുടക്കക്കാരനുമായി അറിയപ്പെടുന്ന ആളുമാണ് ഈജിപ്തുകാരനായ അദ്ദേഹം), ജോർദാനിയൻ ചിന്തകനും ഗ്രന്ഥകാരനും പ്രസ്ഥാന നേതാവും പത്രപ്രവർത്തകനുമായ സിയാദ് മഹ്മൂദ് അബൂ ഗനീമ (1937- 2015) തുടങ്ങിയവർ ഈ വിഷയത്തിൽ വിലപ്പെട്ട പല വിവരങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അബൂ ഗനീമ എഴുതുന്നു: “അറബ്-മുസ്്ലിം ചരിത്രകാരന്മാരോ പാശ്ചാത്യ ചരിത്രകാരന്മാരോ ഒരിക്കലും ഫലസ്ത്വീൻ പ്രശ്നത്തിലെ ഉസ്മാനികളുടെ പങ്കിനെക്കുറിച്ച് വസ്തുനിഷ്ഠമായും പക്ഷാന്തരമില്ലാതെയും പരാമർശിച്ചിട്ടില്ല. പ്രത്യേകിച്ച്, ജൂതന്മാരിൽനിന്നോ ജൂതന്മാരാൽ സ്വാധീനിക്കപ്പെട്ടവരിൽനിന്നോ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല; പാശ്ചാത്യ ചരിത്രകാരന്മാരിൽ ഏറെയും തുർക്കികളുടെ പങ്കിനെക്കുറിച്ച് കരിനിഴൽ വീഴ്ത്താനാണ് ശ്രമിച്ചത്. അറബ് ജനതയുമായി സഹവർത്തിത്വത്തിൽ കഴിയാൻ ശ്രമിച്ച തുർക്കികളുടെ ക്രിയാത്മക നിലപാടുകൾ, ജൂതന്മാരെയും അവരുടെ സംരക്ഷകരെയും ഏറെ വിറളി പിടിപ്പിച്ചിരുന്നു. ഇരു കൂട്ടരെയും തമ്മിൽ അകറ്റാൻ ശ്രമിച്ചവർ തുർക്കികളും അറബികളും തമ്മിലുള്ള അടുപ്പം മറച്ചുവെക്കാനാണ് ശ്രമിച്ചത്.

ജൂതൻമാരുടെ കാര്യം നമുക്ക് വിടാം; എന്നാൽ ഫലസ്ത്വീൻ വിഷയത്തിൽ തുർക്കികളുടെ പങ്ക് രേഖപ്പെടുത്തുന്നതിൽ അറബ്- മുസ്്ലിം ചരിത്രകാരൻമാർ മാപ്പർഹിക്കാത്ത അപരാധമാണ് കാണിച്ചത്. ഫലസ്ത്വീൻ കൊള്ളയടിക്കാനുള്ള തങ്ങളുടെ പദ്ധതികൾക്ക് തടസ്സമായി ജൂതന്മാരും അവരുടെ സഹായികളും കണക്കാക്കിയിരുന്നത് ഉസ്മാനി ഖിലാഫത്തിനെയാണ്. അതിനാൽ, ഖിലാഫത്തിനെ തകർക്കാനുള്ള പദ്ധതിയിൽ അറബികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും അവരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിലും അവർ ബദ്ധശ്രദ്ധരായി എന്നതാണ് യാഥാർഥ്യം. ചുരുക്കിപ്പറഞ്ഞാൽ, അവർ (ഉസ്മാനികൾ), നാല് നൂറ്റാണ്ട് കാലം ഫലസ്ത്വീനെ സംരക്ഷിച്ചു പോന്നു; പക്ഷേ, നാം -അറബികൾ- ആകട്ടെ, മൂന്ന് പതിറ്റാണ്ട് കൊണ്ട് അതിനെ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.''2

ഫലസ്ത്വീനിലെ ജൂത താൽപര്യങ്ങളുടെ അപകടം ആദ്യം തിരിച്ചറിഞ്ഞത്, ആ പ്രദേശം സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ സുൽത്താൻ സലീം ഒന്നാമൻ തന്നെയാണ്. അവരുടെ ഗൂഢ നീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നേരത്തെതന്നെ അറിവുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഫലസ്ത്വീൻ പ്രശ്നത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു നിലപാട് അദ്ദേഹം കൈക്കൊണ്ടു. ജൂതന്മാർ ഫലസ്ത്വീനിലും സീനായിലും വസിക്കുന്നത് വിലക്കുന്ന ആദ്യത്തെ നിയമം അദ്ദേഹം പുറപ്പെടുവിച്ചത് അതിനാലാണ്. ഫലസ്ത്വീനിലും സീനായിലും ജൂതന്മാർ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുൽത്താൻ സലീമിന്റെ ഉത്തരവ്, നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന അറബികളെ ആട്ടിയോടിച്ച് ഫലസ്ത്വീനിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. അതിനാൽ, അവർ തങ്ങളുടെ എല്ലാ കഴിവുകളും സമാഹരിച്ച് ഈ കൽപ്പന റദ്ദാക്കാൻ യത്നിച്ചു.

1492-ലെ ഗ്രാനഡയുടെ പതനത്തെ തുടർന്ന് സംജാതമായ സാഹചര്യവും അതിനായി അവർ പ്രയോജനപ്പെടുത്തി. സ്‌പെയിനിലെ മുസ്ലിം ഭരണകാലത്ത് ജൂതൻമാർ സർവ സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടാണ് അവിടെ കഴിഞ്ഞുകൂടിയിരുന്നത്. മുസ്ലിംകളോട് പ്രതികാരബുദ്ധ്യാ പെരുമാറിയ ക്രിസ്ത്യൻ ഭരണാധികാരികൾ ജൂതന്മാരെയും വേട്ടയാടി. യൂറോപ്പിലെ ക്രിസ്ത്യൻ രാജ്യങ്ങൾ ജൂതന്മാർക്ക് മുമ്പിൽ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടപ്പോൾ, പീഡനത്തിന് വിധേയരായ ജനതയെന്ന നിലയിൽ അവരെ പുനരധിവസിപ്പിക്കാൻ തയാറായത് സഹിഷ്ണുതക്ക് പേരുകേട്ട ഉസ്മാനി സാമ്രാജ്യമാണ്. എന്നാൽ, അതുപോലും സുൽത്താൻ സലീമിന്റെ ഉത്തരവ് റദ്ദാക്കാനുള്ള ആദ്യ അവസരമായാണ് ജൂതന്മാർ ഉപയോഗിക്കാൻ ശ്രമിച്ചത്. അന്ന് ഉസ്മാനി സാമ്രാജ്യമല്ലാത്ത മറ്റൊരിടവും അവരെ സ്വീകരിക്കാൻ സന്നദ്ധമായി ഉണ്ടായിരുന്നില്ല എന്നോർക്കണം. മറ്റെവിടെയും ഒരഭയസ്ഥാനം അവർ കണ്ടെത്തിയതുമില്ല. ജൂതൻമാരുടെ കെണിയിൽ പക്ഷേ, തന്ത്രജ്ഞരും ബുദ്ധിമാൻമാരുമായ ഉസ്മാനി സുൽത്താൻമാർ വീണില്ല. തന്റെ പിതാവ് പുറപ്പെടുവിച്ച കൽപ്പന നടപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ് എന്നാണ് സുൽത്താൻ സലീമിന്റെ പിൻഗാമിയായി അധികാരം ഏറ്റെടുത്ത സുൽത്താൻ സുലൈമാൻ പ്രഖ്യാപിച്ചത്. ഫലസ്ത്വീനും സീനായും ഒഴികെ ഉസ്മാനി സാമ്രാജ്യത്തിന്റെ ഏത് ഭാഗത്തും താമസിക്കാൻ സ്പെയിനിൽനിന്ന് പുറത്താക്കപ്പെട്ട ജൂതന്മാർക്ക് അവസരം നൽകിയത് അദ്ദേഹമായിരുന്നു. എന്നിട്ടും ഫലസ്ത്വീന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് സുൽത്താനെ പ്രേരിപ്പിക്കാൻ അവർ നിരന്തരം ശ്രമിച്ചുപോന്നു. ഫലസ്ത്വീനിലേക്ക് ജൂതന്മാരുടെ നുഴഞ്ഞുകയറ്റം തടയാനുള്ള നടപടികൾ പൂർവാധികം ശക്തിയോടെ നടപ്പാക്കാൻ ഇത് സുൽത്താനെ പ്രേരിപ്പിച്ചു.

ഫലസ്ത്വീനിലും സീനായിലും താമസിക്കുന്നതിൽനിന്ന് തങ്ങളെ തടഞ്ഞ സുൽത്താൻ സലീമിന്റെ ഉത്തരവ് റദ്ദാക്കിക്കിട്ടുന്നതിന് ഉസ്മാനി സാമ്രാജ്യത്തെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ജൂതന്മാർ ഒരിക്കലും പിന്തിരിഞ്ഞില്ല. നാനാ മാർഗങ്ങളിലൂടെ അവരത് ആവർത്തിച്ചുകൊണ്ടേയിരുന്നു. അതിനായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പാമർസ്റ്റണിന്റെ പേരിൽ ഔദ്യോഗിക അഭ്യർഥന സമർപ്പിക്കാൻ ബ്രിട്ടീഷ് ജൂത രാഷ്ട്രീയക്കാരനായ എർലെ ഷാഫ്റ്റെസ്ട്രിയോട് അവർ നിർദേശിച്ചു. ജൂതന്മാരുടെ സമ്മർദത്തിന് വഴങ്ങിയ പാമർസ്റ്റൺ അവരാവശ്യപ്പെട്ടത് ചെയ്തു. സുൽത്താൻ അബ്ദുൽ മജീദിനോട് (1839-1861), ഫലസ്ത്വീനിലേക്കും സീനായിലേക്കും ജൂത കുടിയേറ്റം തടയുന്ന നിയമം നിർത്തലാക്കാൻ ഔദ്യോഗികമായി അഭ്യർഥിക്കുന്ന രേഖയുമായി പ്രതിനിധിയെ അയച്ചു. എന്നാൽ, സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ പിതാവായ സുൽത്താൻ അബ്ദുൽ മജീദ്, പ്രസ്തുത അഭ്യർഥനയുമായി ഇസ്തംബൂളിലേക്ക് വന്ന പ്രത്യേക ബ്രിട്ടീഷ് പ്രതിനിധിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയും അഭ്യർഥന നിരസിക്കുകയുമാണ് ചെയ്തത്.

അബ്ദുൽ ഹമീദ് രണ്ടാമനും
ഫലസ്ത്വീൻ പ്രശ്നവും

ഫലസ്ത്വീന്റെ കാര്യത്തിലുള്ള യഹൂദ ദുർമോഹങ്ങൾക്ക് മുന്നിൽ ഉസ്മാനി സാമ്രാജ്യം നടത്തിയ പോരാട്ടത്തിലെ ഏറ്റവും സങ്കീർണവും അപകടകരവുമായ ഘട്ടത്തിന് സാക്ഷ്യം വഹിച്ചത് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണ കാലമാണ്. ജൂത താൽപര്യങ്ങളുടെ സംരക്ഷകരും സയണിസ്റ്റ് ലോബിയും, ലോകത്തിലെ മിക്ക രാജ്യങ്ങളിലും -പ്രത്യേകിച്ച് അമേരിക്കയിലും ബ്രിട്ടനിലും- പടർന്നുകയറിയ അതിന്റെ നീരാളിക്കൈകളും തീരുമാനമെടുക്കുന്ന സകല കേന്ദ്രങ്ങളിലും പിടിമുറുക്കി. ഒപ്പം ഉസ്മാനികളെ പാട്ടിലാക്കാനുള്ള നീക്കങ്ങളും ശക്തമാക്കി. സുൽത്താൻ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഉസ്മാനികൾ അതിനെ നേരിടുന്നതിന് പ്രസ്തുത ഘട്ടത്തിൽ സ്വീകരിച്ച നടപടികളിൽ ചിലത് പ്രത്യേകം പരാമർശമർഹിക്കുന്നു.

e
സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ

1881-ൽ, ഇസ്തംബൂളിലെ അമേരിക്കൻ-ബ്രിട്ടീഷ് അംബാസഡർമാർ ചേർന്ന് ഒരു സംയുക്ത സമ്മർദ പ്രചാരണത്തിന് നേതൃത്വം നൽകി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അംബാസഡർമാരും കോൺസൽമാരും അതിൽ പങ്കുചേർന്നു. റഷ്യൻ ചക്രവർത്തി സാർ അലക്സാണ്ടർ രണ്ടാമന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെട്ട് ഓടിപ്പോകുന്ന റഷ്യൻ ജൂതന്മാരെ ഫലസ്ത്വീനിലേക്ക് കുടിയേറാൻ അനുവദിക്കുന്നതിന് സുൽത്താൻ അബ്ദുൽ ഹമീദിനെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനാലാണ് ജൂതൻമാർക്ക് എതിരെ അലക്സാണ്ടർ നടപടിയെടുത്തത്. എന്നാൽ, തന്നെ വന്നുകണ്ട് വിഷയം അവതരിപ്പിക്കാൻ ശ്രമിച്ച അംബാസഡർമാരുടെ സംഘത്തിന് സുൽത്താൻ അബ്ദുൽ ഹമീദിന്റെ ഉറച്ചതും ധീരവുമായ മറുപടി ഇതായിരുന്നു: "ഉസ്മാനി സാമ്രാജ്യം നിലനിൽക്കുന്നിടത്തോളം ജൂതന്മാരെ ഫലസ്ത്വീനിൽ സ്ഥിരതാമസമാക്കാൻ ഞാൻ അനുവദിക്കില്ല”.3

1882-ൽ യഹൂദർ തങ്ങളുടെ ശ്രമം ആവർത്തിച്ചു. സൊസൈറ്റി ഓഫ് ലവേഴ്‌സ് ഓഫ് സീയോൻ, ഒഡെസയിലെ തന്റെ സ്ഥാനപതി മുഖേന സുൽത്താൻ അബ്ദുൽ ഹമീദിന് അയച്ച നിവേദനത്തിന്, മുൻ ശ്രമങ്ങളെ നേരിട്ട അതേ ദൃഢതയോടെയായിരുന്നു സുൽത്താന്റെ പ്രതികരണം. “ഉസ്മാനി ഭൂപ്രദേശങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ജൂതന്മാരിൽ ആരെയും ഫലസ്ത്വീനിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കില്ലെന്ന് ഉസ്മാനി സർക്കാർ അറിയിക്കുന്നു.”4

സുൽത്താൻ അബ്ദുൽ ഹമീദിന്റെ ഫലസ്ത്വീൻ പ്രശ്നത്തെക്കുറിച്ചുള്ള ഫയലിൽ, ഫലസ്ത്വീന്റെ പ്രാന്തപ്രദേശത്ത് കുടിയേറ്റ കേന്ദ്രം സ്ഥാപിക്കാനുള്ള ആദ്യ ജൂതശ്രമം പ്രായോഗികമായി പരാജയപ്പെടുത്തിയ ആദ്യത്തെ മുസ്ലിം ഭരണാധികാരി അദ്ദേഹമാണെന്ന് പറയുന്നു. 1892-ൽ ഫ്രീഡ്്മാൻ എന്നൊരാൾ ജർമൻ ജൂതന്മാരുടെ ഒരു സംഘത്തെ നയിച്ചുകൊണ്ട്, ശറമുശ്ശൈഖിന് അഭിമുഖമായി സ്ഥിതിചെയ്യുന്നതും അഖബ ഉൾക്കടലിന്റെ കിഴക്കൻ തീരപ്രദേശങ്ങളുമായ അൽമൂലിഹ്, അൽവജ, അദ്ദബ എന്നിവിടങ്ങളിലെത്തി, ഒരു അർധ സൈനിക സെറ്റിൽമെന്റ് സ്ഥാപിച്ചു. തദവസരത്തിൽ സുൽത്താൻ അബ്ദുൽ ഹമീദ് ഈജിപ്ഷ്യൻ ഗവൺമെന്റിനോട് അയാളെ പുറത്താക്കാനും സെറ്റിൽമെന്റ് പൊളിക്കാനും ഉത്തരവിട്ടു. കൈറോയിലെ ജർമൻ അംബാസഡറുടെ സമ്മർദത്തിന് വഴങ്ങിയിട്ടാവാം, തന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ ഈജിപ്ഷ്യൻ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് സുൽത്താന് തോന്നി. അതേ തുടർന്ന് പ്രസ്തുത പ്രദേശത്തിന്റെ മേൽനോട്ടം വഹിക്കാൻ ഈജിപ്ഷ്യൻ ഗവൺമെന്റിന് ഉസ്മാനികൾ നൽകിയ അധികാരം റദ്ദാക്കുന്നതായി സുൽത്താൻ പ്രഖ്യാപിച്ചു. ഒടുവിൽ, (1892 ഫെബ്രുവരി 16-ന്) അഖബയിലും പരിസരങ്ങളിലും ഉസ്മാനി നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനം പുറപ്പെടുവിക്കാൻ ഖിദൈവി അബ്ബാസ് ഹിൽമി നിർബന്ധിതനായി. ഉടനെ തന്നെ സുൽത്താൻ സൈനിക സംഘത്തെ നിയോഗിച്ച്, ഫ്രീഡ്മാനെയും കൂട്ടരെയും പുറത്താക്കുകയും അവർ വന്ന അതേ കപ്പലിൽ തന്നെ അവരെ ജർമനിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
(അടുത്ത ലക്കത്തിൽ
അവസാനിക്കും)
ഗ്രന്ഥസൂചി:
മുഹമ്മദ് ഫരീദ് ബക്- താരീഖുദ്ദൗലതിൽ അലിയ്യതിൽ ഉസ്്മാനിയ്യ; ഡോ. അലി ഹസ്സൂൻ- താരീഖുദ്ദൗലതിൽ ഉസ്്മാനിയ്യ; ഡോ. മുഹമ്മദ് ഹർബ്- അൽഉസ്്മാനിയ്യൂന ഫിത്താരീഖി വൽഹദാറ; മൗസൂഅതു സഫീർ ലിത്താരീഖിൽ ഇസ്ലാമി; അബ്ദുൽ അസീസ് മുഹമ്മദ് ശനാവി- അദ്ദൗലതുൽ ഉസ്്മാനിയ്യ; ഹസ്സാൻ ആലാഖ്- മൗഖിഫുദ്ദൗലതിൽ ഉസ്മാനിയ്യ മിനൽ ഹർകതിസ്സ്വിഹ് യൂനിയ്യ-1897-1909.

അടിക്കുറിപ്പുകൾ

  1. ഇസ്്ലാമിക വിജ്ഞാനകോശം, വാള്യം 6; 2-11.
    2-4. സിയാദ് മഹ്മൂദ് അബൂ ഗനീമ- ദൗറുൽ അത്റാകിൽ ഉസ്മാനിയ്യീന ഫിൽ ഖദിയ്യതിൽ ഫലസ്ത്വീനിയ്യ (ലേഖനം), അൽമുജ്തമഅ് അറബി വാരിക, 1999 മാർച്ച് 16.

ബഹുമാന്യ പണ്ഡിതന്‍ എം.സി അബ്ദുല്ല മൗലവി അല്ലാഹുവിലേക്ക് യാത്രയായി. ഹദീസിലും കര്‍മശാസ്ത്രത്തിലും സവിശേഷ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ശാന്തപുരം കോളേജില്‍നിന്ന് പഠിച്ച് പുറത്ത് വന്ന പണ്ഡിത നിരയിലെ പ്രധാന കണ്ണികളില്‍ ഒരാളായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകനും അധ്യാപകനുമെന്ന നിലയില്‍ കേരളത്തിലെ മിക്കയിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1990-കളില്‍ കോഴിക്കോട് ദഅ്‌വ കോളേജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. കേരള ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള പണ്ഡിതവേദിയായ മജ്‌ലിസുന്നുഖബായുടെ യോഗത്തില്‍ അദ്ദേഹം കൃത്യമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. അക്കാലത്ത് അദ്ദേഹം നബിദിനാഘോഷത്തെ വിമര്‍ശിച്ച് കൊണ്ട് പ്രബോധനം വാരികയില്‍ ലേഖനം എഴുതുകയുണ്ടായി. അതിന് പ്രഫ. ഓമാനൂര്‍ മുഹമ്മദ് എഴുതിയ ഖണ്ഡന ലേഖനത്തിന് എം.സിയുടെ പക്ഷം ചേര്‍ന്ന് ഞാന്‍ എഴുതിയ മറുകുറിപ്പ് വാരികയില്‍ അച്ചടിച്ചുവന്നതിന് തൊട്ടുടനെയാണ് അദ്ദേഹവുമായി സന്ധിക്കുന്നത്. തദവസരത്തില്‍ സ്വതഃസിദ്ധമായ തുറന്ന ചിരിയോടെ എന്നെ ആശ്ലേഷിക്കുകയും നന്ദി പറയുകയും ചെയ്തത് ഓര്‍ക്കുന്നു.     
1947 ആഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പിലാണ് എം.സി അബ്ദുല്ല ജനിച്ചത്. പിതാവ് കുഞ്ഞാലി. മാതാവ് സൈനബ. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ ചേര്‍ന്നു. ശാന്തപുരത്തെ വിദ്യാര്‍ഥി പാര്‍ലമെന്റില്‍ നന്നായി തിളങ്ങിയിരുന്ന എം.സിയെ സഹപാഠികള്‍ അനുസ്മരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. വിജ്ഞാനപ്രദമായ ചര്‍ച്ച കൊണ്ടും വാദപ്രതിവാദങ്ങള്‍ കൊണ്ടും അതിനെ സജീവമാക്കിയവരില്‍ കെ. അബ്ദുല്ലാ ഹസന്‍ സാഹിബിനോടൊപ്പം എം.സിയുമുണ്ടായിരുന്നു. ചര്‍ച്ചാ വേളയില്‍ വിദ്യാര്‍ഥി പാര്‍ലമെന്റിലെ മന്ത്രിമാര്‍ തെളിവുകളായി ഉദ്ധരിക്കുന്ന ഹദീസുകള്‍ ദുര്‍ബലമാണെങ്കില്‍, ആധികാരിക പ്രമാണങ്ങള്‍ നിരത്തിയുള്ള  എം.സിയുടെ സമര്‍ഥനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അധികമാര്‍ക്കും കഴിയാറില്ല.
1967-ല്‍ ശാന്തപുരത്തുനിന്ന് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങള്‍ നേടി പുറത്തിറങ്ങിയ ശേഷം കോഴിക്കോട് ജില്ലയിലെ ചേളന്നൂരില്‍ വളരെക്കാലം മുഴുസമയ പ്രവര്‍ത്തകനും മദ്‌റസാ അധ്യാപകനുമായി പ്രവര്‍ത്തിച്ചു. അവിടെ നിന്നാണ് അദ്ദേഹം മണ്ണാര്‍ക്കാട്ടേക്ക് കുടിയേറിയത്. പിന്നീട് 13 വര്‍ഷം ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ശാന്തപുരം ഇസ്ലാമിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ്, ആലുവ അസ്ഹറുല്‍ ഉലൂം, കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആലുവയില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍  തിരുവനന്തപുരം ജില്ലയില്‍ അടക്കം ദക്ഷിണ കേരളത്തില്‍ പലയിടത്തും സ്റ്റഡി ക്ലാസുകള്‍ നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സമിതി അംഗമായും മങ്കട മഹല്ല് ഖാദിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
13 വര്‍ഷം മേലാറ്റൂര്‍ മസ്ജിദുല്‍ ഇര്‍ശാദ് ഖത്വീബായിരുന്നു. മലപ്പുറം, മൊറയൂര്‍, വണ്ടൂര്‍, കീഴുപറമ്പ്, തിരൂര്‍ക്കാട്, കുറ്റ്യാടി, ആലത്തൂര്‍, പാലക്കാട്, പുതുനഗരം, കരിങ്കല്ലത്താണി, വടക്കാഞ്ചേരി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേറെയും നിരവധി പള്ളികളില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. ചേന്ദമംഗല്ലൂര്‍ കെ.സി ഫൗണ്ടേഷനു കീഴില്‍ നടന്നിരുന്ന ഖുര്‍ആന്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയ എം.സി അബ്ദുല്ല, ഏഴു വര്‍ഷം ഖുര്‍ആന്‍ പഠന കോഴ്‌സായ ഫഹ്മുല്‍ ഖുര്‍ആന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. വിവിധ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തുകയും പണ്ഡിതവേദി ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തു. 
പ്രബോധനം വാരിക, ബോധനം ദ്വൈമാസിക, ആരാമം മാസിക, ഇസ്‌ലാമിക വിജ്ഞാനകോശം എന്നിവയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബ്ദുല്ല മന്‍ഹാമുമായി സഹകരിച്ച് ഖുര്‍ആന്‍ ശബ്ദകോശം പുറത്തിറക്കുന്നതില്‍ ഭാഗഭാക്കായി. സുഊദി കിരീടാവകാശി നാഇഫ് രാജകുമാരന്റെ കീഴില്‍ നടന്ന അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ അത്തആമുലു മഅ ഗൈരില്‍ മുസ്ലിമീന്‍, അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്നീ ശീര്‍ഷകങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഖത്തര്‍, സുഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 
എം.സി.യുടെ നിര്യാണത്തോടെ ഹദീസിലും ഫിഖ്ഹിലും മികച്ച പ്രാവീണ്യമുള്ള പണ്ഡിതനെയാണ്  നഷ്ടമായത്. കേരളത്തിലെ ഉന്നത ഇസ്‌ലാമിക കലാലയങ്ങളില്‍ മിക്കതിലും അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന എം.സി അബ്ദുല്ല മൗലവിക്ക് വലിയ ഒരു ശിഷ്യ സമ്പത്ത് തന്നെയുണ്ട്. വ്യത്യസ്ത ഇസ്‌ലാമിക മേഖലകളില്‍ സേവന നിരതരായി അറിയപ്പെടുന്ന പല പണ്ഡിതന്മാരുടെയും ഗുരുനാഥനാണ്  അദ്ദേഹം. ഭാര്യ പരേതയായ മെഹ്‌റുന്നിസ. മക്കള്‍: തന്‍സീല്‍ റഹ്മാന്‍, ഇന്‍ആമുര്‍റഹ്മാന്‍ (മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്), നിസാമുദ്ദീന്‍, സുനൈറ, സൈനബ്.

പ്രഫ. കെ.പി അബ്ദുല്‍ഖാദര്‍

നേതൃത്വത്തെ കേട്ടും പണ്ഡിതന്മാരെയും എഴുത്തുകാരെയും വിട്ടുപോകാതെ വായിച്ചും മരണത്തോളം ഇസ്‌ലാമിക പ്രസ്ഥാനത്തെ കമ്പോടുകമ്പ് പിന്തുടര്‍ന്ന ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു 2021 സെപ്റ്റംബര്‍ 20-ന് വിടപറഞ്ഞ കോഴിക്കോട് ഫാറൂഖ് കോളേജിലെ റിട്ട. പ്രഫ. കെ.പി അബ്ദുല്‍ ഖാദിര്‍ സാഹിബ്. വാരാന്തയോഗങ്ങള്‍ അവസാനത്തോടടുക്കുമ്പോള്‍ ഖാദര്‍ മാഷ് എഴുന്നേറ്റു നില്‍ക്കും. കൈയില്‍ പ്രബോധനം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ്, റേഡിയന്‍സ് തുടങ്ങിയ ആനുകാലികങ്ങളോ, ജലാലുദ്ദീന്‍ ഉമരിയുടെയോ മര്‍യം ജമീലയുടെയോ കൊച്ചുകൃതികളോ ഉണ്ടാകും. അതുയര്‍ത്തിപ്പിടിച്ചൊരു ചോദ്യമുണ്ട്-ഈ ലേഖനം/പുസ്തകം വായിച്ചിട്ടുണ്ടോ? പിന്നെ അതിലെ പ്രതിപാദ്യത്തെക്കുറിച്ചാവും സംസാരം.
ഫാറൂഖ്‌കോളജിലെയും സ്വദേശമായ കൊയിലാണ്ടി കൊല്ലത്തെയും സംഘടനപ്രവര്‍ത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും സജീവമായി ഇടപെടുമ്പോഴും ദിനചര്യയുടെ ഒഴിവാക്കാനാവാത്ത ഭാഗമായി അദ്ദേഹം വായനയെ കൂടെ കൊണ്ടുനടന്നു. സുബ്ഹി നമസ്‌കാരത്തിനു ശേഷം തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ബോധനം എന്നിവയുടെ പാരായണത്തില്‍ തുടങ്ങുന്ന ഒരു നാള്‍ അവസാനിക്കുന്നത് മലയാളം/ഇംഗ്ലീഷ് കൃതികള്‍ വായിച്ചായിരിക്കും. 'മാധ്യമം', 'ഹിന്ദു' ദിനപത്രങ്ങള്‍, 'മാധ്യമം' ആഴ്ചപ്പതിപ്പ്, 'പ്രബോധനം' വാരിക, ഫ്രണ്ട്‌ലൈന്‍, റേഡിയന്‍സ്-ഓരോന്നും മുടക്കമില്ലാതെ അരിച്ചുപെറുക്കി വായിക്കും, ആവശ്യമുള്ളത് സന്ദര്‍ഭാനുസൃതം ഓര്‍ത്തെടുക്കാനായി മുറിച്ചെടുത്ത് സൂക്ഷിക്കും. ഒരു പുസ്തകത്തെക്കുറിച്ചു കേട്ടാല്‍ പിന്നെ അതു കിട്ടാനുള്ള ധിറുതിയായി. ഐ.പി.എച്ചിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദിവസം തന്നെ രണ്ടോ മൂന്നോ കോപ്പികള്‍ വാങ്ങിയാണ് വീട്ടിലെത്തുക. മറ്റുള്ളവര്‍ക്ക് സൗജന്യമായി വായിക്കാന്‍ കൊടുക്കാന്‍. പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കുകയല്ല. വായിച്ച ശേഷം മറ്റുള്ളവര്‍ക്കു വായിക്കാന്‍ നല്‍കുക. ഇതായിരുന്നു മാഷിന്റെ ശീലം. 'പ്രബോധനം' വാരിക മൂന്നും നാലും കോപ്പികള്‍ വാങ്ങി വായിക്കാന്‍ നല്‍കുന്നത് ഹരമായിരുന്നു.
എണ്‍പത്തിമൂന്നാം വയസ്സില്‍ മരിക്കുവോളം ആ വായനാപ്രേമം നിലനിര്‍ത്തി. റാണാ അയ്യൂബ്, അരുന്ധതി റോയ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ഇംഗ്ലീഷ് കൃതികള്‍ രണ്ടു കോപ്പികള്‍ വാങ്ങും. സത്യം വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്ന ഇത്തരക്കാരെ നമ്മള്‍ കൃതികള്‍ വാങ്ങി പ്രോത്സാഹിപ്പിക്കണമെന്ന വാശിയായിരുന്നു അതിനു പിന്നില്‍.
1982 ഫെബ്രുവരിയില്‍ ഫാറൂഖ്‌കോളജ് ഭാഗത്ത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍  അബ്ദുല്‍ഖാദിര്‍ മാഷ് അതിന്റെ ഭാഗമായി. ദീര്‍ഘകാലം ജമാഅത്ത് നാസിമും പ്രാദേശിക അമീറുമായിരുന്നു. കേരളത്തിലെ ഭൗതിക കലാലയങ്ങളുടെ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമികശിക്ഷണം നല്‍കാനുതകുന്ന ഹോസ്റ്റല്‍ എന്ന ആശയം സാക്ഷാല്‍ക്കരിക്കാനായി, ഫാറൂഖ്‌കോളജു കാമ്പസിനു തൊട്ടടുത്ത് ഒരു ഏക്കറോളം സ്ഥലം വാങ്ങിയിരുന്നു. ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് സ്വന്തമാക്കിയ സ്ഥലത്ത് പിന്നീട് ഹോസ്റ്റല്‍ ആരംഭിച്ചു. അതു ഇപ്പോള്‍ ജുമുഅ നടക്കുന്ന പ്രയര്‍ഹാളും മദ്‌റസയുമായി സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന സമുച്ചയമായി വളര്‍ത്തിയെടുത്തത് ഖാദിര്‍ മാഷിന്റെ മുന്‍കൈയിലായിരുന്നു. 
ജന്മദേശമായ കൊയിലാണ്ടി കൊല്ലത്തുനിന്നു ഫാറൂഖ് കോളജിലേക്കു ജീവിതം പറിച്ചു നട്ടതുതന്നെ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. അതില്‍ അദ്ദേഹം വിജയിച്ചു. പഠിക്കാനും ഉദ്യോഗപരിശീലനത്തിനുമൊക്കെ ഒറ്റക്കും കൂട്ടായും നിരവധി പേരെ അദ്ദേഹം കൈമറന്നു സഹായിച്ചു. ഗുരുവായൂരപ്പന്‍ കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഫാറൂഖ്‌കോളജ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും അധ്യാപനപരിശീലനവും നേടിയ ശേഷം പാലക്കാട് ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസറായി ഉദ്യോഗം ആരംഭിച്ചതു തൊട്ടേ സാമൂഹികപ്രവര്‍ത്തനരംഗങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. അല്‍പകാലം കോഴിക്കോട് ജെ.ഡി.ടിയില്‍ അധ്യാപകനായിരുന്ന അദ്ദേഹം തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കില്‍ നിന്നാണ് വിരമിച്ചത്.
ജീവിതസൗഭാഗ്യങ്ങള്‍ കൈയൊഴിഞ്ഞ് വായിക്കാനും എഴുതാനും ഒരു മേശയും കിടക്കാന്‍ ഒരു കട്ടിലുമായാല്‍ എല്ലാമായി എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതപാഠം. ഇത് മാഷ് പിന്മുറക്കാരെ എന്നും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. കൈയിലുള്ളതെന്തും വിവിധ ആവശ്യങ്ങളുമായി വന്നെത്തുന്നവര്‍ക്ക് ലോപമില്ലാതെ നല്‍കി. പ്രസ്ഥാനത്തിന്റെ സംരംഭങ്ങളെ സാമ്പത്തികമായും ശാരീരികമായും സഹായിക്കുന്നതില്‍ മത്സരബുദ്ധി പുലര്‍ത്തി. ബഹുസ്വര ചുറ്റുപാടിലെ സഹവര്‍ത്തിത്വവും ഹൃദയവിശാലതയും സമീപനങ്ങളിലെ സന്തുലിതത്വവും പ്രതിപക്ഷ ബഹുമാനവുമൊക്കെ ജമാഅത്ത് വഴി അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹമാണെന്നും അതു നഷ്ടപ്പെടാതിരിക്കാന്‍ മുമ്പേ നടന്നവരെയും നിലവില്‍ നയിക്കുന്നവരെയും വായിക്കുകയും പഠിക്കുകയുമാണ് മാര്‍ഗമെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. 
ഭാര്യ: കൊയിലാണ്ടി റഹ്മത്ത് മന്‍സിലില്‍ ആര്‍.എം നഫീസ. മക്കള്‍: ഡോ. ആര്‍.എം ജുവൈരിയ (അസി. പ്രഫ. ഫാറൂഖ് കോളേജ്), ആര്‍.എം സാകിയ (ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ നരിക്കുനി), ആസിഫ് അബ്ദുല്‍ ഖാദിര്‍ (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുവണ്ണൂര്‍), എ.കെ ഹാജറ. മരുമക്കള്‍: ഡോ. എം.എ സുബൈര്‍ (മുന്‍ പ്രിന്‍സിപ്പല്‍, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി), എം.ടി അബ്ദുര്‍റഹീം (റിട്ട. ഹെഡ്മാസ്റ്റര്‍, ജി.വി.എച്ച്.എസ്.എസ് മുരിക്കുംവയല്‍, കോട്ടയം), ഇ. ശബാന (ഗവ. ഗണപത് ഹൈസ്‌കൂള്‍, ഫറോക്ക്), വി.എം ഇബ്‌റാഹീം (എഡിറ്റര്‍, മാധ്യമം).


പാലാഴി മുഹമ്മദ് കോയ

പി. ശാദുലി സാഹിബ്

ഉന്നത ശീര്‍ഷനായ രാഷ്ട്രീയ നേതാവ്, അനുഗൃഹീത ഗ്രന്ഥകാരന്‍, ഉജ്ജ്വല വാഗ്മി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ഫെബ്രുവരി 2-ന് നാദാപുരത്ത് നിര്യാതനായ പി. ശാദുലി സാഹിബ്. ഏറെക്കാലം നാദാപുരം ഗ്രാമപഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 1989 മുതല്‍ രണ്ടുവതണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്നു. മരിക്കുമ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്ന നിലക്ക് നേതൃനിരയില്‍ എത്തിയ അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഡയറക്ടര്‍, കേരള സ്റ്റേറ്റ് വേര്‍ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ എ.സി കലന്തന്‍ മുസ്‌ലിയാരുടെയും, സൂഫി വര്യന്‍ ശൈഖ് മുഹമ്മദ് ഹഫീദുശ്ശാദുലിയുടെ മകള്‍ കുഞ്ഞിപാത്തുഹജ്ജുമ്മയുടെയും മകനായി 1950-ല്‍ ജനനം. എം.എ ബിരുദമെടുത്തതോടൊപ്പം പിതാവിന്റെ കൂടെ നാദാപുരം പള്ളി ദര്‍സില്‍ മതപഠനവും നേടി. വിദ്യാര്‍ഥി കാലം മുതല്‍ക്കേ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. ബിരുദ വിദ്യാര്‍ഥിയായിരിക്കെ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയായ അദ്ദേഹം പോലീസ് സംരക്ഷണത്തില്‍ പരീക്ഷ എഴുതിയത് അക്കാലത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ആദര്‍ശ വിശുദ്ധിയും മതചിട്ടയും ജീവിതത്തില്‍ പുലര്‍ത്തിയ ജനകീയ നേതാവായിരുന്നു ശാദുലി സാഹിബ്. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടവും നയ-നിലപാടുകളില്‍ സ്വീകരിച്ചിരുന്ന വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും അധികാര കേന്ദ്രങ്ങളുടെ ഉന്നത തലങ്ങളില്‍ എത്തുന്നതിന് അദ്ദേഹത്തിന് തടസ്സമായി. 1991-ല്‍ സത്യന്‍ മൊകേരിക്കെതിരെ നാദാപുരം മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മത-രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളുമായും ഊഷ്മള വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
രാഷ്ട്രീയ രംഗത്ത് ഉന്നത നേതാക്കളുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം നാദാപുരം പ്രദേശത്തിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹൈസ്‌കൂള്‍, എം.വൈ.എം യതീംഖാന, എം.ഇ.ടി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. നാദാപുരം മേഖലയില്‍ അടിക്കടിയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയ നിറം പൂണ്ടപ്പോള്‍ പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു.
ആധുനിക യുവത ഭൗതികതയില്‍ ഭ്രമിക്കുന്നതില്‍ വളരെ അസ്വസ്ഥമായിരുന്നു ആ മനസ്സ്. ഭൗതിക പ്രമത്തതയില്‍ മുഴുകി ജീവിക്കുന്ന സമൂഹത്തിനു ആധ്യാത്മിക സത്യങ്ങളുടെ വേരുകള്‍ അന്വേഷിച്ച് കത്തെി കാണിച്ച് കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. 'സ്റ്റീഫന്‍ ഹോക്കിംഗ് - പ്രളയം - രതിരവം' എന്ന അദ്ദേഹത്തിന്റെ കൃതി ഹോക്കിംഗിന്റെ വീക്ഷണ ഗതികളെയും നിഗമനങ്ങളെയും ഖുര്‍ആനിന്റെ അധ്യാപനങ്ങളുമായി താരതമ്യപ്പെടുത്താനുള്ള ശ്രമമാണ്. പ്രപഞ്ച സൃഷ്ടി, ലോകാവസാനം തുടങ്ങിയ കാര്യങ്ങളിലുള്ള ഹോക്കിംഗിന്റെ അഭിപ്രായങ്ങളെ ഖുര്‍ആനിക സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. 'ആത്മാവിന്റെ ഉള്ളറകളിലൂടെ ഒരു ആത്മീയ സഞ്ചാരം,' 'ഇരുലോകവിജയം ഉള്ളറിവിലൂടെ' എന്നീ കൃതികളും ആത്മീയതക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
രാഷ്ട്രീയ വേദികളിലെന്നപോലെ മത-സാംസ്‌കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു ശാദുലി സാഹിബ്. അനര്‍ഗളമായ ആ വാഗ്‌ധോരണിയില്‍ ഖുര്‍ആന്‍-ഹദീസ് വാക്യങ്ങള്‍ അനവരതം പ്രവഹിക്കുമായിരുന്നു. എഴുത്തും വായനയും ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ശാദുലി സാഹിബ്.
ഭാര്യ: സഫിയ (നാദാപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അഷ്‌റഫ്, സാബിറ, സാജിദ, സൗദ, സഫീറ.

എം.എ വാണിമേല്‍