ക്ലാസ് മുറി

"എന്ത് കാണണമെന്ന് പറയുന്നവരല്ല, എവിടേക്ക് നോക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നവരാണ് ഏറ്റവും നല്ല അധ്യാപകർ "

  • അലക്സാണ്ട്ര കെ. ട്രെൻഫൊർ

കുട്ടികൾ ചെറുപ്പകാലത്ത് പ്രകടിപ്പിക്കുന്ന താൽപര്യമാണ് അവർ വളർന്നു വലുതാകുമ്പോഴും പ്രകടിപ്പിക്കാറ്. പിൽക്കാലത്ത് ചിത്രകാരനോ സംഗീതജ്ഞനോ എഴുത്തുകാരിയോ അത്്ലറ്റോ പത്രപ്രവർത്തകയോ ഒക്കെയായി മാറുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും, അവരൊക്കെ കുട്ടിക്കാലത്ത് അതത് മേഖലകളിൽ ഏതെങ്കിലും നിലക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടാകുമെന്ന്. നാം ചെയ്യേണ്ടത്, താൽപര്യമുള്ള മേഖലകളിൽ വളരാനാവശ്യവും അനുയോജ്യവുമായ പരിസരം കുട്ടികൾക്ക് നന്നേ ചെറുപ്പത്തിൽ ഒരുക്കിക്കൊടുക്കുക എന്നതാണ്. ശ്രദ്ധാപൂർവം കുട്ടികളെ നിരീക്ഷിക്കാനും പിന്തുടരാനും കഴിയുമ്പോഴേ അവർക്കാവശ്യമായതെന്താണെന്ന് നമുക്ക് ബോധ്യപ്പെടൂ.

അധ്യാപകർ കുട്ടികളിലെ വ്യക്തിത്വ വൈവിധ്യങ്ങൾ  ഉൾക്കൊള്ളുകയും  അംഗീകരിക്കുകയും ചെയ്യണം. ജ്ഞാനാന്വേഷണത്തിലേക്ക് പ്രചോദിപ്പിക്കാനും വസ്തുതാ നിരീക്ഷണം നടത്താനും സഹായകമായ വൈവിധ്യമാർന്ന പഠനസാമഗ്രികൾ കുട്ടികൾക്ക് നൽകണം. ചിന്തകളും വികാരങ്ങളും അപ്പപ്പോൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കണം. പരിമിതികളുണ്ടെങ്കിലും മെച്ചപ്പെടാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ഏതൊരു കുട്ടിയുടെയും ശ്രമങ്ങളെ അഭിനന്ദിക്കണം.
night scene showing young boy with a little moon in his hands sitting on meadow, digital art style, illustration painting

വിഷയവൈവിധ്യങ്ങളോട് താൽപര്യമുണർത്താനാകും എന്നതുകൊണ്ട് അധ്യാപനത്തിനിടയിൽ കഥാകഥനത്തിന് കിട്ടുന്ന അവസരങ്ങൾ സമർഥമായി ഉപയോഗപ്പെടുത്തണം. ഡയറിക്കുറിപ്പുകൾ വളരെ നല്ലൊരു ഭാഷാവ്യവഹാര രൂപമാണ്. പദസമ്പത്ത്, ആലേഖന ശേഷി, ആവിഷ്കാര വിരുത്, സർഗാത്മകത, വ്യക്ത്യാന്തര (inter personal) ബുദ്ധി, വാചിക ബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഡയറിക്കുറിപ്പുകൾ എഴുതുന്നതിലൂടെ സാധിക്കും.

ഡയറിക്കുറിപ്പുകൾ എഴുതുക എന്നത് പക്ഷേ, എല്ലാവർക്കും താൽപര്യമുള്ള കാര്യമല്ല. ഇന്നാകട്ടെ, ഡയറി എഴുത്തുകാരുടെ എണ്ണം കുറഞ്ഞുവരികയുമാണ്. ഡയറിക്കുറിപ്പുകളെഴുതിയ പ്രതിഭകൾ, പ്രശസ്തമായ ഡയറികളിലെ ഉള്ളടക്കം എന്നിവ പരിചയപ്പെടുത്തുന്നതിലൂടെ വിദ്യാർഥികളിൽ ഡയറിക്കുറിപ്പുകൾ എഴുതാനുള്ള താൽപര്യം വളർത്തിക്കൊണ്ടു വരാൻ സാധിക്കും. ആൻഫ്രാങ്കിന്റെ (1929- 1945) ഡയറിക്കുറിപ്പുകൾ പ്രസിദ്ധമാണല്ലോ. ആൻഫ്രാങ്കിനെക്കുറിച്ച് കുട്ടികൾ കേട്ടിട്ടുണ്ടാകും. ആൻഫ്രാങ്കിനെയും അവളുടെ ഡയറിക്കുറിപ്പുകളെയും കുറിച്ച് ഹൃദ്യമായൊരു വിവരണം കേട്ടാൽ കുട്ടികൾക്ക് ഡയറി എഴുതാനുള്ള പ്രചോദനം കിട്ടാനിടയുണ്ട്.

1929 ജൂൺ 12-നാണ് ഒട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ആൻഫ്രാങ്ക് ജനിച്ചത്. ഏക സഹോദരി മാർഗറ്റ് ഫ്രാങ്ക്. ഹിറ്റ്ലറുടെ നാസി ജർമനിയിൽ വേട്ടയാടപ്പെട്ട ഒരു കുടുംബമായിരുന്നു ആൻഫ്രാങ്കിന്റേത്. 1944 ആഗസ്റ്റ് 4-ന് നാസികളുടെ രഹസ്യപ്പോലീസായ ഗസ്റ്റപ്പോ ആൻഫ്രാങ്കിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും പിടിച്ചുകൊണ്ടുപോയി കോൺസൺട്രേഷൻ ക്യാമ്പിലടച്ചു. രണ്ടു വർഷക്കാലം ഒളിവിൽ കഴിയുമ്പോഴാണ് ആൻഫ്രാങ്ക് 'കിറ്റി' എന്ന് പേരിട്ട തന്റെ ഡയറി എഴുതിയത് എന്ന് പറയപ്പെടുന്നു.

1944 മെയ് 3-ന് ആൻഫ്രാങ്ക് എഴുതി:
"വൈദ്യശാസ്ത്രത്തിനോ കലാകാരന്മാർക്കോ ദരിദ്രർക്കോ ചെലവഴിക്കാൻ ചില്ലിക്കാശു പോലും ഇല്ലാതിരിക്കെ ദിനേനയെന്നോണം എന്തിനാണ് നാം യുദ്ധത്തിനു വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്നത്. മലകളോളം പോന്ന ഭക്ഷ്യവിഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ പാഴാക്കിക്കളയുമ്പോഴാണ് ജനങ്ങൾ പട്ടിണി കിടക്കുന്നത് എന്നോർക്കണം. മനുഷ്യർക്ക് എന്തൊരാർത്തിയാണ്! രാഷ്ട്രീയക്കാരുടെയും മുതലാളിത്തവാദികളുടെയും മാത്രം സൃഷ്ടിയാണ് യുദ്ധം എന്ന വിശ്വാസം എനിക്കില്ല. സാധാരണക്കാർക്കും ഈ കുറ്റത്തിൽ പങ്കുണ്ട്. കൊല്ലാനും കൊലവിളി നടത്താനും എന്തൊരു ത്വരയാണ് ജനങ്ങൾക്ക്…….
മനുഷ്യരാശി മുഴുവൻ ഒരു രൂപാന്തരീകരണത്തിന് വിധേയമാകുന്നതു വരെ യുദ്ധം തുടർന്നുകൊണ്ടിരിക്കും. ശ്രദ്ധാപൂർവം കെട്ടിയുണ്ടാക്കിയതും നട്ടുവളർത്തിയതുമെല്ലാം യുദ്ധം വെട്ടി വിഴുങ്ങും."

1944-ൽ ആൻഫ്രാങ്ക് എഴുതി:
" എന്നെ സംബന്ധിച്ചേടത്തോളം അരാജകത്വം, കഷ്ടപ്പാട്, മരണം ഇവയ്ക്കൊപ്പം ജീവിക്കുക എന്നത് തീർത്തും അസാധ്യമായ കാര്യമാണ്. ഒരു തരം വന്യതയിലേക്ക് ലോകം വഴിമാറുന്നതു പോലെ തോന്നുന്നു. ഒരു ദിവസം നമ്മെയൊന്നാകെ നശിപ്പിച്ചേക്കാവുന്ന ബീഭൽസമായ ഒരു ഇടിനാദം അടുത്തടുത്ത് വരുന്നതായി എനിക്ക് തോന്നുന്നു. ലക്ഷക്കണക്കിനാളുകളുടെ ദൈന്യതകൾ എനിക്കനുഭവപ്പെടുന്നു."

1945 മാർച്ച് മാസത്തിൽ 16 വയസ്സാകുന്നതിന് മൂന്നു മാസം മുമ്പ് ആൻഫ്രാങ്ക് ഹിറ്റ്ലറുടെ നാസി കോൺസൺട്രേഷൻ ക്യാമ്പിൽ വെച്ച് ജീവിതത്തോട് വിട പറഞ്ഞു.
പിൽക്കാലത്ത് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകം വായിച്ചു.
(ഹിറ്റ്ലറുടെ ഹിംസാത്മക നാസി വംശീയ വെറിക്കിരയായ ആൻഫ്രാങ്കിന്റെ പിൻഗാമികൾ ഹിറ്റ്ലറെപ്പോലും പിന്നിലാക്കി ഗസ്സയിലെ കുഞ്ഞുങ്ങളെ ഇതെഴുതുമ്പോഴും ബോംബിട്ട് കൊന്നുകൊണ്ടിരിക്കുകയാണ് ).

ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ അങ്ങനെ ലോകപ്രശസ്തമായി. ആൻഫ്രാങ്കും വിഖ്യാതയായി. 1959 ൽ ജോർജ് സ്റ്റീവൻസ് ഇറക്കിയ ചിത്രത്തിന്റെ പേര് Diary of Anfrank എന്നായിരുന്നു.
ബെൽജിയത്തിലെ ഒരു തരം പനിനീർ പൂവിന്റെ പേര് ആൻഫ്രാങ്ക് റോസ് എന്നാണ്. 1940 വരെ ആൻഫ്രാങ്ക് പഠിച്ച ആംസ്റ്റർഡാമിലെ സ്കൂളിന്റെ പേര് ഇന്ന് ആൻഫ്രാങ്ക് സ്കൂൾ എന്നാണ്.
നിരവധി റോഡുകൾക്കും വിദ്യാലയങ്ങൾക്കും ആൻഫ്രാങ്കിന്റെ പേരുണ്ട്.

ആൻഫ്രാങ്കിനെ പ്രസിദ്ധമാക്കിയത് ഡയറിക്കുറിപ്പുകളാണ് എന്നറിയുമ്പോൾ കുട്ടികളിൽ താൽപര്യമുണരും. ഈ താൽപര്യമാണ് പഠനത്തെ സക്രിയമാക്കുന്നത്. l

കുട്ടികളിൽ വായന കുറയുന്നു, അക്ഷരങ്ങളിൽ നിന്നകന്ന് അവർ ചിത്രങ്ങളിലേക്ക് ചുരുങ്ങുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങൾ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ പങ്കുവയ്ക്കുന്നുണ്ട്. പൂർണാർഥത്തിൽ ശരിയല്ലെങ്കിലും കുറച്ചൊക്കെ വസ്തുത ആ നിരീക്ഷണങ്ങളിലുണ്ട്. കുട്ടികളുടെ കാര്യം അവിടെയിരിക്കട്ടെ, അധ്യാപകരിലെത്ര പേർക്ക് വായനാശീലമുണ്ട്, പുസ്തകപ്രിയമുണ്ട് എന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്. "ഓരോ പുസ്തകത്തിനകത്തും നിറയെ അക്ഷയഖനികളുണ്ട്" എന്നു പറഞ്ഞത് വാൾട്ട് ഡിസ്നിയാണ്. നന്നായി വായിക്കുന്ന അധ്യാപകർ സമൃദ്ധജ്ഞാനത്തിന്റെ അക്ഷയഖനി വഹിക്കുന്ന അനുഗൃഹീതരായിരിക്കും. പാഠ്യവിഷയങ്ങളിൽ വർധിത ധാരണകളും ഉൾക്കാഴ്ചയും വ്യക്തതയും അവർക്കുണ്ടാകും. ആശയാവതരണത്തിൽ പ്രാഗത്ഭ്യവും ആത്മവിശ്വാസവുമുണ്ടാകും. കുട്ടികളുടെ ചിന്തയെ ഉദ്ദീപിപ്പിക്കാനും ജിജ്ഞാസയെ തൊട്ടുണർത്താനും ഭാവനയെ സക്രിയമാക്കാനും സർഗാത്മകത പരിപോഷിപ്പിക്കാനും അവർക്ക് സാധിക്കും.

വായിക്കുന്ന അധ്യാപകർക്ക് മുഷിപ്പും മരവിപ്പുമുണ്ടാകില്ല. ശേഷീശോഷണവും ആശയ മുരടിപ്പും സംഭവിക്കില്ല. അവരെ ആസ്വദിക്കാനും അനുഭവിക്കാനും കുട്ടികൾക്ക് കഴിയും. ആർനോൾഡ് ടോയിൻബി (Arnold Joseph Toynbee 1889- 1975) നിരന്തരം വായിച്ചുകൊണ്ടിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു.
വിഖ്യാത ചരിത്രകാരനും ദാർശനികനും അധ്യാപകനുമായിരുന്ന അദ്ദേഹത്തോട് ഒരിക്കൽ വിദ്യാർഥികൾ ചോദിച്ചു:
"അങ്ങെന്താണിങ്ങനെ കണ്ണെടുക്കാതെ വായിച്ചു കൊണ്ടിരിക്കുന്നത്?"
"ഒഴുകാത്ത പുഴയെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു?"
കുട്ടികളുടെ ചോദ്യത്തെ മറുചോദ്യം കൊണ്ടാണ് ടോയിൻബി നേരിട്ടത്.
"ഒഴുകാത്ത പുഴയിൽ വെള്ളം കെട്ടിനിൽക്കും. വെള്ളം ജീർണിക്കും. രോഗാണുക്കൾ പെരുകും, ദുർഗന്ധമുണ്ടാകും."
കുട്ടികളുടെ ഉത്തരം വളരെ കൃത്യമായിരുന്നു.
"വായിക്കാത്ത അധ്യാപകൻ ഒഴുകാത്ത പുഴ പോലെയാണ്. ഞാൻ ഒഴുകുന്ന പുഴയാകാൻ ആഗ്രഹിക്കുന്നു."

ടോയിൻബിയുടെ വാക്കുകൾ അധ്യാപകർ തങ്ങളുടെ മനസ്സുകളിൽ അടിവരയിട്ട് രേഖപ്പെടുത്തി വെക്കണം.
കുട്ടികളെ എങ്ങനെ നല്ല വായനക്കാരാക്കാം എന്ന് ആലോചിക്കണം.
വിനോദം പോലെയല്ല വായന. ആരെയും ആകർഷിക്കുന്ന ഒരു ജൈവ ഉള്ളടക്കം വിനോദത്തിനുണ്ട്. അതുകൊണ്ടാണ് പരപ്രേരണയോ നിർബന്ധമോ ഇല്ലാതെ വിനോദത്തിലേക്ക് എല്ലാവരും ആകൃഷ്ടരാവുന്നത്. പക്ഷേ, അവശ്യമാണ് എന്ന ബോധമുണ്ടെങ്കിലേ വായന നടക്കൂ, വായനയോട് ആഭിമുഖ്യമുണ്ടാവൂ, വായന ശീലമാവൂ.

വായനയോട് താൽപര്യമുണ്ടാക്കുന്ന പഠനപ്രവർത്തനങ്ങൾ ക്ലാസ് മുറികളിലാകാം. പ്രചോദനാത്മക പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച (book talk), പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരികൾ (book quiz), പുസ്തകങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പെഴുത്ത് മൽസരം (book review competition), ലോക പ്രശസ്തരായ വ്യക്തികളിലെ മഹാവായനക്കാരെക്കുറിച്ചുള്ള വിവരണം തുടങ്ങിയവ കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കും.

തങ്ങളുടെ ഇഷ്ടത്തിനും പ്രവണതക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ വായിക്കാനേ കുട്ടികൾ താൽപര്യമെടുക്കൂ. പലർക്കും പല ഇഷ്ടങ്ങളും പല പ്രവണതകളുമായിരിക്കും. നമ്മുടെ ലൈബ്രറികളിപ്പോഴും ശിശുസൗഹൃദപൂർണമല്ല എന്നത് ഒരു യാഥാർഥ്യമാണ്.
ഗാന്ധിജി തീവണ്ടിയാത്രയിൽ ഒറ്റയിരിപ്പിന് വായിച്ച പുസ്തകമാണ് ജോൺ റസ്കിന്റെ അൺടു ദിസ് ലാസ്റ്റ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും എബ്രഹാം ലിങ്കണും എ.പി.ജെ അബ്ദുൽ കലാമും ആൽബർട്ട് ഐൻസ്റ്റീനും വാറൺ ബഫേയും ജയ്ൻ ഓസ്റ്റണും തിയോഡാർ റൂസ് വെൽറ്റും വലിയ വായനക്കാരായിരുന്നു.
വായന അവരുടെയൊക്കെ ചിന്തയിലും മനോഭാവത്തിലും പ്രവൃത്തിയിലും അത്യഗാധമായ സ്വാധീനം ചെലുത്തി.

ലഹരി, കുറ്റവാസന, ആത്മഹത്യാ പ്രവണത, അധാർമികത എന്നിവയിലേക്ക് കുട്ടികൾ വ്യതിചലിച്ചു പോകുന്നു എന്ന് മുതിർന്നവർക്ക് അഭിപ്രായമുണ്ട്. വായനാഭിമുഖ്യം വളർത്തിയെടുത്താൽ ഒരു പരിധി വരെ കുട്ടികളെ ഇത്യാദി വിപത്തുകളിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയും. സഞ്ചരിക്കുന്ന ലൈബ്രറിയിലൂടെ ഒരു ഗ്രാമത്തിലെ വിദ്യാർഥികളിൽ നല്ലൊരു വിഭാഗത്തെ പുസ്തകപ്രിയരാക്കി മാറ്റാനും തദ്വാരാ അനാവശ്യവും നിഷേധാത്മകവുമായ പ്രവണതകളിൽ നിന്ന് അവരെ മോചിപ്പിക്കാനും ഒരു സാംസ്കാരിക സംഘത്തിന് സാധിച്ച കാര്യം ഒരു ദിനപത്രത്തിൽ വായിക്കാനിടയായി.

അറിവും ആവേശവും ആഹ്ലാദവും സംതൃപ്തിയും ആത്മവിശ്വാസവും ആസ്വാദ്യതയും അനുഭവവും സൗന്ദര്യബോധവുമെല്ലാം വായനയിലൂടെ ലഭിക്കും. പദസമ്പത്ത്, ഭാഷാവൈഭവം, നൂതന ശൈലികളും പ്രയോഗങ്ങളും അങ്ങനെ പലതും വായനയിലൂടെ ആർജിക്കാനാവും. ഇതുകൊണ്ടൊക്കെയാകാം മികച്ചൊരു വായനക്കാരൻ മരിക്കുന്നതിന് മുമ്പ് ആയിരം വട്ടം ജീവിക്കുന്നു എന്ന് ജോർജ് ആർ. മാർട്ടിൻ അഭിപ്രായപ്പെട്ടത്.
ഭാഷാധ്യാപകർക്ക് മാത്രമല്ല, മുഴുവൻ അധ്യാപകർക്കും കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാൻ കഴിയും, കഴിയണം. l

വിശുദ്ധ ഖുര്‍ആനിലെ സ്വര്‍ഗവര്‍ണന ചില സ്വതന്ത്ര ചിന്തകരെയും നവ യുക്തിവാദികളെയും വല്ലാതെ ചൊടിപ്പിക്കുന്നതായി അറിയുന്നു. സ്വര്‍ഗത്തിലെ 'ഹൂറികള്‍' ആണ് പ്രശ്‌നം. സ്വര്‍ഗത്തിലെത്തുന്ന ആണുങ്ങള്‍ക്കായി അല്ലാഹു ഹൂറികളെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്, മാദകറാണികളായ ഹൂറികളെ. അതിസുന്ദരികള്‍, യൗവനയുക്തകള്‍. സ്വര്‍ഗത്തിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് പക്ഷേ, 'ഹൂറന്മാര്‍' ഇല്ല. എന്തൊരു അനീതി! ലിംഗവിവേചനം! സ്ത്രീവിരുദ്ധത! ഇതാണോ ദൈവത്തിന്റെ നീതി ബോധം? ദൈവിക ഗ്രന്ഥത്തില്‍ ഇത്ര അസംബന്ധമോ? സര്‍വതന്ത്ര സ്വതന്ത്ര ചിന്തകര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. സ്വര്‍ഗവര്‍ണനയെന്ന പേരില്‍ ഖുര്‍ആന്‍ അശ്ലീലം പറയുന്നു എന്നാണ് ഇവരുടെ കണ്ടുപിടിത്തം.
ഇസ്ലാമിലേക്ക് മുഹമ്മദ് നബി തിരുമേനി ആളുകളെ കൂട്ടിയത് ഹൂറികള്‍ നിറഞ്ഞ സ്വര്‍ഗത്തിന്റെ കാമം ത്രസിപ്പിക്കുന്ന ഖുര്‍ആനിക വര്‍ണന കേള്‍പ്പിച്ചുകൊണ്ടാണത്രെ. ഇതൊക്കെ കേട്ടാല്‍ പിന്നെയാരാണ് കെണിയില്‍ വീഴാത്തത്? കേട്ടവരങ്ങനെ വീണുപോയി
ചുരുക്കത്തില്‍, ലോകത്തിന്റെ അഷ്ട ദിക്കുകളില്‍നിന്നും ജനങ്ങള്‍ ഇസ്ലാമിലേക്ക് കടന്നുവന്നത് സ്വര്‍ഗത്തിലെ ഹൂറികളെ കണ്ടുകൊണ്ടാണെന്നാണ് സര്‍വതന്ത്ര സ്വതന്ത്രരുടെ ഗവേഷണം. അപ്പോഴും ഒരു സംശയം! എങ്കില്‍ പെണ്ണുങ്ങളെങ്ങനെ ഇസ്ലാമിലേക്കൊഴുകിയെത്തി? സ്വര്‍ഗത്തില്‍ ഹൂറന്മാരെക്കുറിച്ച് യാതൊന്നും പറയുന്നില്ലല്ലോ. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇന്ന് ഇസ്‌ലാമാശ്ലേഷിച്ചുകൊണ്ടിരിക്കുന്നത്. പുരുഷന്മാര്‍ ഇസ്‌ലാം സ്വീകരിക്കുന്നത് മരണാനന്തരം സ്വര്‍ഗത്തില്‍ കിട്ടാനിരിക്കുന്ന ഹൂറികള്‍ക്കു വേണ്ടിയാണെങ്കില്‍, സ്ത്രീകള്‍ ഇസ്ലാം സ്വീകരിക്കുന്നത് മരണാനന്തരം എന്ത് കിട്ടുമെന്ന് മോഹിച്ചിട്ടാണെന്ന് സ്വതന്ത്ര ചിന്തകര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ഇവര്‍ ഭാഷയെക്കുറിച്ചും ഭാഷാ ധര്‍മങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സാഹിത്യത്തിന്റെ ഉള്ളടക്ക സവിശേഷതകളെക്കുറിച്ചും എന്ത് മനസ്സിലാക്കിയിട്ടാണ് വിശുദ്ധ ഖുര്‍ആനെതിരെ നിഴല്‍ യുദ്ധം നടത്തുന്നത്? അറബികളാണ് ഖുര്‍ആന്റെ ആദ്യത്തെ അഭിസംബോധിതര്‍. ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ജീവിതത്തിന്റെ പ്രത്യേകതകള്‍ എന്തായിരുന്നു എന്ന് ചരിത്രം വായിച്ചിട്ടുള്ളവര്‍ക്കറിയാം. അറബികളുടെ  പൊതു സ്വഭാവത്തെ  ആവിഷ്‌കരിക്കാന്‍ 3ണ ചിലര്‍ ഉദ്ധരിക്കാറുണ്ട്. War, Wine, Women (യുദ്ധം, മദ്യം, പെണ്ണ്) 
എന്നാണ് 3W-വിന്റെ വിവക്ഷ. ഒട്ടും അതിശയോക്തിയില്ല ഈയൊരു വിലയിരുത്തലില്‍. യുദ്ധവും മദ്യവും പോലെ സ്ത്രീയും അറബികളുടെ ദൗര്‍ബല്യമായിരുന്നു. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പുള്ള അറേബ്യന്‍ കവിതകള്‍ വായിച്ചു നോക്കിയാല്‍ സ്ത്രീവര്‍ണനകളുടെ മഹാ പ്രവാഹം തന്നെ കാണാം. പ്രേമഭാജനങ്ങളുടെ ശരീരവര്‍ണന മാത്രമല്ല, ശരീര ഭാഷകളുടെ പോലും വര്‍ണനകളാല്‍  സര്‍ഗസമൃദ്ധമായിരുന്നു ആദ്യകാല അറബിക്കവിതകള്‍.
അറബി ഭാഷയുടെയും അറബി സാഹിത്യത്തിന്റെയും കുലപതികളെ മുട്ടുകുത്തിച്ച അനുപമ സാഹിത്യത്തിന്റെ ദൈവികാവിഷ്‌കാരമായിയിരുന്നു വിശുദ്ധ ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനിലെ ഒരധ്യായത്തിന്റെ പേര് തന്നെ 'കവികള്‍' എന്നാണ്. ജീവിതമെന്നാല്‍ യുദ്ധവും മദ്യവും മദിരാക്ഷിയുമാണെന്ന് വിശ്വസിച്ചുപോന്ന ഒരു ജനത. അഭിരമിക്കുക, അനുഭവിക്കുക, ആസ്വദിക്കുക എന്നിവ ജീവിത മന്ത്രങ്ങളായി സങ്കല്‍പ്പിച്ച ഒരു സമൂഹം. അധമമായ ദേഹേഛകളുടെയും തന്നിഷ്ടങ്ങളുടെയും പിന്നാലെ അന്ധരായി പാഞ്ഞുനടന്ന ഒരു ജനവിഭാഗം. അവരോടായിരുന്നു ഖുര്‍ആന്‍ ആദ്യമായി സംസാരിച്ചത്, സംവദിച്ചത്, അവരുടെ മസ്തിഷ്‌കങ്ങളെയാണ് തട്ടിയുണര്‍ത്തിയത്, അവരുടെ യുക്തിയോടാണ് ചോദ്യങ്ങളുന്നയിച്ചത്.
ജീവിതമെന്നാല്‍, ഭൂമിയില്‍ ആസ്വദിച്ചുതീര്‍ക്കേണ്ടതാണ് എന്ന് തീരുമാനിച്ച് സമസ്ത മൂല്യങ്ങളെയും തിരസ്‌കരിച്ച് മൃഗതുല്യരായി ജീവിച്ചുവന്ന ഒരു ജനതയെ മരണാനന്തരമൊരു അനശ്വര ജീവിതമുണ്ട് എന്ന യാഥാര്‍ഥ്യമംഗീകരിപ്പിച്ച് നന്നാക്കിയെടുക്കാന്‍ അവര്‍ക്ക് ചില വാഗ്ദാനങ്ങള്‍ കൊടുക്കേണ്ടതുണ്ടായിരുന്നു, പാരിതോഷികങ്ങള്‍ കാണിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നു. കിട്ടാനിരിക്കുന്ന ലാഭങ്ങളും നേട്ടങ്ങളും മുന്‍കൂട്ടി പ്രവചിച്ച് പ്രത്യാശ ജനിപ്പിക്കേണ്ടതുണ്ടായിരുന്നു. സൗന്ദര്യ ബോധമുള്ള മനുഷ്യനോടാണ് ആശയവിനിമയം നടത്തുന്നത് എന്നതുകൊണ്ട് ആസ്വാദനജന്യമായ ഒരുയര്‍ന്ന സര്‍ഗാത്മകതലം വിശുദ്ധ ഖുര്‍ആനിലുടനീളം നമുക്ക് കാണാന്‍ കഴിയും.
സ്വര്‍ഗത്തിലെ ഹൂറിസാന്നിധ്യത്തെ  ഈയൊരു സര്‍ഗാത്മക പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ അശ്ലീലമായ കാമാനുഭൂതിയല്ല, ഉദാത്തമായ ഭക്തിപാരവശ്യമാണ് യഥാര്‍ഥത്തില്‍ അനുഭവിക്കാനാവുക.
സ്ത്രീ എക്കാലത്തും ലോക സാഹിത്യത്തിന്റെ ഒരഭിവാജ്യ ഭാഗമാണ്. സ്ത്രീയെ മാറ്റിനിര്‍ത്തിയുള്ള കവിതകളും കഥകളും തിരക്കഥകളും നോവലുകളും നാടകങ്ങളും ഏതു ഭാഷകളിലാണുള്ളത്? സ്ത്രീയെയല്ലാതെ പുരുഷനെ വര്‍ണിക്കുന്ന ഏത് സാഹിത്യ ശാഖയാണ് ലോകത്ത് ശ്രദ്ധേയമായിട്ടുള്ളത്? മലയാളികളുടെ സംഗീതപ്രിയത്തെ വാനോളമുയര്‍ത്തിയ വയലാര്‍ രാമവര്‍മയുടെ ഈരടികള്‍ മാത്രം പരിശോധിച്ചാല്‍ മതി സ്ത്രീയും സാഹിത്യവും തമ്മിലുള്ള ബന്ധം മനസ്സിലാവാന്‍.

നീലക്കൂവളപ്പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മദന്‍ കുലക്കും വില്ലുകളോ
................
മദനപ്പൊയ്കയോ നുണക്കുഴിയോ?
പകുതി തുറന്ന നിന്‍
പവിഴച്ചിപ്പിയില്‍ പ്രണയ
പരാഗമോ പുഞ്ചിരിയോ?
അധരത്തളിരോ ആതിരക്കുളിരോ
അമൃതോ മുത്തോ
പൂന്തേനോ?
...............
എന്നിങ്ങനെ പോകുന്ന വയലാറിന്റെ ഈരടികള്‍ കേട്ട് എത്ര മലയാളികളാണാവോ കാമവെറി പൂണ്ട് കയറു പൊട്ടിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചത്? സ്ത്രീയെക്കുറിച്ച് പറയുമ്പോഴേക്കും അതിനെ അശ്ലീലതയുമായും ലൈംഗികതയുമായും കൂട്ടിക്കെട്ടുന്ന അധമത്വമാണോ സ്വതന്ത്ര ചിന്ത?
സ്വര്‍ഗവിവരണവും ഹൂറിവര്‍ണനയും പെരുപ്പിച്ചുകാട്ടി പ്രലോഭിപ്പിക്കുകയാണത്രെ ഖുര്‍ആന്‍. തന്നെയുമല്ല, പുരുഷന്മാര്‍ക്ക് ഇഷ്ടം പോലെ ഹൂറികള്‍. സ്ത്രീകള്‍ക്ക് പേരിനു പോലും ഹൂറന്മാരില്ല. ഹൂറികളെ ചിയര്‍ ലേഡീസ് (Cheer Ladies) എന്ന ആംഗലേയ വാക്കുപയോഗിച്ച് ഇവര്‍ പരിഹസിക്കുന്നുമുണ്ട്. ഇവരുടെ വാചകമടി കേട്ടാല്‍ തോന്നും വിശുദ്ധ ഖുര്‍ആന്‍ മുഴുവനും സ്വര്‍ഗവിവരണവും ഹൂറിവര്‍ണനയുമാണെന്ന്.
വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. ആറായിരത്തിലധികം സൂക്തങ്ങളും. ഇതില്‍ നാല് അധ്യായങ്ങളിലായി പതിനഞ്ചിനടുത്ത സൂക്തങ്ങളിലാണ് സ്വര്‍ഗത്തിലെ സ്ത്രീവര്‍ണന കടന്നുവന്നിട്ടുള്ളത്. സ്ത്രീവര്‍ണന എന്ന് പറയാവുന്നത് ഇവയില്‍ പതിനൊന്നെണ്ണമാണ്. അതും നിര്‍വ്യാജമായ ഭക്തിയുടെ ഉണ്മ പുറത്തെടുക്കാന്‍ പാകത്തിലുള്ള ഉദാത്തമായ വര്‍ണന. നമുക്കാ വര്‍ണന എന്തെന്ന് നോക്കാം:
''മനുഷ്യന്റെയോ ജിന്നിന്റെയോ സ്പര്‍ശമേല്‍ക്കാത്ത സുന്ദരികളായ തരുണികള്‍ അവിടെയുണ്ടാവും. മാണിക്യവും പവിഴമുത്തും പോലുള്ള മനോഹാരികള്‍.
...................
അവിടെ മികച്ച സുന്ദരികളുണ്ടാകും. അന്തഃപുരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന വിശാലാക്ഷികളായ സുന്ദരികള്‍. മനുഷ്യന്റെയോ ജിന്നിന്റെയോ സ്പര്‍ശമേല്‍ക്കാത്തവര്‍'' (55: 5658, 7072).
''വലതു കൈകളില്‍ കര്‍മരേഖകള്‍ കിട്ടുന്നവര്‍ക്കു വേണ്ടി ആ സ്വര്‍ഗസുന്ദരികളെ തയാറാക്കിയത് നാമാണ്. വിശുദ്ധ കന്യകമാര്‍. പ്രേമഭാജനങ്ങള്‍. യുവത്വം തുളുമ്പുന്നവര്‍.
..................
... കാത്തുസൂക്ഷിച്ച പവിഴമുത്തു പോലെ മനോഹാരികളായ തരുണികള്‍  അവിടെയുണ്ടാവും'' (56: 2223, 3537).
''പട്ടുടയാടകളും കസവു വസ്ത്രങ്ങളുമണിഞ്ഞ് മുഖാമുഖം നോക്കി അവര്‍ ഇരിക്കും. വിശാലാക്ഷികളായ ഇണകളെ നാമവര്‍ക്ക് സഖികളാക്കി കൊടുക്കും. എല്ലാത്തരം  പഴങ്ങളും സന്തോഷത്തോടെ അവിടെ അവര്‍ക്ക് ലഭിക്കും'' (44: 5355).
''നിരത്തിയിട്ട ചാരുമഞ്ചങ്ങളില്‍ അവര്‍ ഉത്സാഹത്തോടെ ഇരിക്കും. വിശാലാക്ഷികളായ തരുണികളെ നാമവരുടെ സഖികളാക്കും'' (52: 20).
''സൂക്ഷ്മത പുലര്‍ത്തി ജീവിച്ചവര്‍ക്ക് അവിടെ വിജയമുണ്ട്. ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളുമുണ്ട്. യുവത്വം തികഞ്ഞ സമപ്രായക്കാരായ ഇണകളുണ്ട്. നിറഞ്ഞ ചഷകങ്ങളുണ്ട്'' (78: 31-34).
ഈ സൂക്തത്തില്‍ 'കവാഇബ അത്‌റാബ' എന്ന പ്രയോഗത്തെയാണ് 'യുവത്വം തികഞ്ഞ സമപ്രായക്കാരികള്‍' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മാറിടമുള്ള സമപ്രായക്കാരികള്‍ എന്ന് നേര്‍ക്കു നേരെയുള്ള അര്‍ഥം. സ്വതന്ത്ര ചിന്തകരെ ഈ വാക്കുകള്‍ ഇക്കിളിപ്പെടുത്തിയതു പോലെ വാക്കുകളുടെ ബാഹ്യാര്‍ഥം മാത്രമെടുത്താല്‍ പോരല്ലോ. തികഞ്ഞ യുവത്വത്തെയാണ് ആ വാക്കുകള്‍  ദ്യോതിപ്പിക്കുന്നതെന്ന് ഭാഷ തിരിയുന്നവര്‍ക്ക് ബോധ്യപ്പെടും.
ഇത്രയുമാണ് ഖുര്‍ആനിലെ സ്വര്‍ഗസുന്ദരികളെക്കുറിച്ച വര്‍ണന. യഥാര്‍ഥത്തില്‍ ഈ വര്‍ണനയെക്കുറിച്ച് വിമര്‍ശനാത്മകമായ അഭിപ്രായം പറയേണ്ടത് സാഹിത്യ നിരൂപകന്മാരാണ്. കേരളത്തിലെ തലയെടുപ്പുള്ള നിരവധി സാഹിത്യകാരന്മാരും സാഹിത്യ നിരൂപകന്മാരും വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്. സ്വതന്ത്ര ചിന്തകര്‍ ഖുര്‍ആന്‍ വായിച്ചതു പോലെയായിരുന്നില്ല അവര്‍ ഖുര്‍ആന്‍ വായിച്ചത്. കെ.ജി രാഘവന്‍ നായര്‍ തയാറാക്കിയ 'അമൃതവാണി' വായിച്ചിട്ടുള്ളവരാണ് മലയാളികളില്‍ പലരും. ഖുര്‍ആന്റെ കാവ്യാവിഷ്‌കാരമാണത്. ഖുര്‍ആനിലെ ഹൂറിവര്‍ണനക്ക് കാവ്യാവിഷ്‌കാരം  നല്‍കിയപ്പോള്‍ പ്രതിഭാധനനായ കെ.ജി രാഘവന്‍ നായര്‍ക്ക് ഒരു അസാധാരണത്വവും അനുഭവപ്പെട്ടില്ല. അവരാരും ഖുര്‍ആനിലെ സ്വര്‍ഗവിവരണവും സ്ത്രീവര്‍ണനയും 'അതിരുവിട്ടു' പോയി എന്ന് പറഞ്ഞതായി കേട്ടുകേള്‍വിയില്ല.
ഇനി നോക്കുക, മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ എവിടെയാണ് അശ്ലീലം? എവിടെയാണ് സഭ്യേതരത്വം? എവിടെയാണ് കാമഭ്രാന്ത് ഇളക്കി വിടുന്ന അതിവര്‍ണന? സുന്ദരികള്‍, തരുണികള്‍, കന്യകകള്‍, വിശാലാക്ഷികള്‍, മുത്ത്, പവിഴം, മാണിക്യം, പ്രേമഭാജനം തുടങ്ങിയ വാക്കുകളാണോ അശ്ലീലവും അസഭ്യവും? സ്ത്രീകളെ  മിതമായി വര്‍ണിക്കാന്‍ പറ്റുന്ന ഇതിനേക്കാള്‍ ഉദാത്തമായ വാക്കുകള്‍ സ്വതന്ത്ര ചിന്തകരുടെ നിഘണ്ടുവില്‍ വേറെയേതാണാവോ?
സ്വര്‍ഗത്തില്‍ പെണ്ണുങ്ങള്‍ക്ക് ഹൂറന്മാര്‍ ഇല്ലത്രെ! ഖുര്‍ആനെ സമഗ്രമായി വായിക്കാതിരിക്കുകയും സത്യാന്വേഷണ ബുദ്ധിയോടെ സമീപിക്കാതിരിക്കുകയും ചെയ്താല്‍ ഇതിലും വലിയ അസംബന്ധങ്ങള്‍ വിളിച്ചുപറയും.
ഖുര്‍ആനില്‍ 'ഇണ' എന്നതിന് 'സൗജ്' എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണിത്. സൗജിന്റെ ബഹുവചനമാണ് 'അസ്‌വാജ്.' ഇണകള്‍ എന്നര്‍ഥം. സ്വര്‍ഗത്തിലെത്തുന്നവര്‍ക്ക് കിട്ടുന്ന  വിശുദ്ധരായ ഇണകളെ കുറിച്ച് ഖുര്‍ആനില്‍  രണ്ടാം അധ്യായത്തിലും മൂന്നാം അധ്യായത്തിലും നാലാം അധ്യായത്തിലും മുപ്പത്തിയാറാം അധ്യായത്തിലും പരാമര്‍ശമുണ്ട്. ആണിന് കിട്ടുന്ന പെണ്ണിണയെക്കുറിച്ചും പെണ്ണിന് കിട്ടുന്ന ആണിണയെക്കുറിച്ചുമാണ് ഈ പരാമര്‍ശം.
ആണാകട്ടെ  പെണ്ണാകട്ടെ സ്വര്‍ഗത്തിലെത്തുന്നവര്‍ക്ക്  വിശുദ്ധരായ ഇണകളുണ്ട് എന്നതില്‍നിന്നു തന്നെ, അവിടെ ലിംഗവിവേചനമില്ലെന്ന് വ്യക്തമല്ലേ? ഇനി അതല്ല, സ്വര്‍ഗത്തിലെ പുരുഷന്മാരുടെ ഉടലും നെഞ്ചും മുടിയും താടിയും  കൈകാലുകളും പേശീബലവും ആകാര സൗഷ്ടവവും എല്ലാം  ഉന്മാദച്ചേരുവ കലര്‍ത്തി അവതരിപ്പിച്ചാലേ ദൈവത്തിന്റെ ലിംഗനീതി ഉറപ്പിക്കാനാവു എന്നാണോ? കഷ്ടം.