2023 - കേരളീയ ഇസ് ലാമോഫോബിയ ഒരു വിശകലനം-2
നീതി നിഷേധം സംഘ് പരിവാര്‍ നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ പ്രതികരിക്കുന്ന രീതി കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സംഘ് പരിവാർ മോഡല്‍ ഇസ് ലാമോഫോബിയയുടെ സ്വീകാര്യത 'പൊതു ഇസ്്ലാമോഫോബിയ' പോലെ സ്വീകാര്യമല്ല. കക്ഷി രാഷ്ട്രീയത്തിന്റെ കീഴ്‌വഴക്കങ്ങള്‍ അതിനെ തടഞ്ഞുനിർത്തുന്നു.
2023 മെയ് മാസമായതോടുകൂടി കേന്ദ്ര സർക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ കേരളത്തില്‍ വലിയ ചർച്ചകള്‍ ഉണ്ടായി. മുസ് ലിം വ്യക്തി നിയമം, മുസ് ലിം വ്യക്തി നിയമ പരിഷ്‌കരണം തുടങ്ങിയവയെ കുറിച്ച ചർച്ചകളിലേക്കത് വികസിച്ചു. ഏക സിവില്‍ കോഡിനെ എതിർക്കുമ്പോള്‍ മറ്റുപാധികളില്ലാതെ കേരളം സംസാരിച്ചത് തികച്ചും ആശാവഹമായ ഒരു മാറ്റവും, സംഘ് പരിവാറിന്റെ ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍, ഈ വിഷയത്തിലും നല്ല മുസ് ലിം/ മോശം മുസ് ലിം എന്ന തരംതിരിവു നിർമിക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ ശ്രമം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
- വ്യക്തി അവകാശം
വ്യക്തിക്ക് സ്വന്തം അഭിപ്രായങ്ങളും അഭിരുചികളും പ്രവർത്തനങ്ങളും ആകാമെന്നുള്ളത് ഒരു ഭരണഘടനാ അവകാശമായി എല്ലാവരും കരുതുന്നു. എന്നാല്‍, ഈ തെരഞ്ഞെടുപ്പിനുള്ള അവകാശം എല്ലാ വ്യക്തികൾക്കും നല്കാന്‍ ഇസ് ലാമോഫോബിയ എന്ന വംശീയ പ്രയോഗം വിസമ്മതിക്കുകയാണ്. വ്യക്തി ആഗ്രഹിക്കാഞ്ഞിട്ടും മുസ് ലിം സൂചനകള്‍ ഒരു വ്യക്തിക്ക് ആരോപിച്ചു നല്കുന്ന രീതി ഇതിന്റെ ഭാഗമാണ്. മതരഹിത വ്യക്തികൾ മുസ്‌ലിമായി ജനിച്ചതിന്റെ പേരില്‍ മാത്രം ഈ വിഷമസന്ധിയില്‍ പെടാറുണ്ട്. ഇസ് ലാമോഫോബിയ മുസ് ലിംകളുടെ വ്യത്യസ്തമായ പ്രവർത്തനം കൊണ്ടല്ല, മറിച്ച് വംശീയ ഘടനയുടെ പ്രവർത്തനമാണെന്ന സമീപനം ആവശ്യമാകുന്നത് ഇതിനാലാണ്.
7.1. ശാസ്ത്രീയ അഭിപ്രായവും
കമ്യൂണിസ്റ്റ് വ്യക്തിയും
ജൂലൈ 21-ന് കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കവേ നിയമസഭാ സ്പീക്കറായ എന്‍.എം ഷംസീര്‍ 'മിത്തും ശാസ്ത്രവും' എന്ന വിഷയത്തില്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായി. 'പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്‌സ് ആണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പകവിമാനമാണെന്നും ഇപ്പോള്‍ പറയുന്നു. ശാസ്ത്ര- സാങ്കേതിക രംഗം വികസിക്കുമ്പോള്‍ സയൻസിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാര്‍ എന്നെഴുതിയാല്‍ തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകാത്തവര്‍ ഐ.വി.എഫ് ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. ട്രീറ്റ്‌മെന്റില്‍ ചിലർക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐ.വി.എഫ് ട്രീറ്റ്‌മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവര്‍ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സർജറി മെഡിക്കല്‍ സയൻസിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സർജറിയും പുരാണ കാലത്തേ ഉള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാന്‍ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു.'
പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികളും സംഘ പരിവാരവും രംഗത്തുവന്നു. മിത്തും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി ചർച്ചകള്‍ മുൻകാലത്തും നടന്നിട്ടുണ്ട്. ആർക്കും ഷംസീറിന്റെ അഭിപ്രായത്തോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യാം. എന്നാല്‍, ഷംസീറിന്റെ മുസ്്ലിം സ്വത്വത്തെയാണ് സംഘ് പരിവാര്‍ ലക്ഷ്യമിട്ടത് എന്നതായിരുന്നു ഇത്തവണത്തെ മാറ്റം. പൊതു സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയുടെ നിലപാടില്‍ സാമാന്യവല്ക്കരണമുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടാവുന്നതാണ്. ഇവിടെയാണെങ്കില്‍ ഷംസീര്‍ അഭിപ്രായം പറയുന്നത് ഒരു മുസ് ലിം വ്യക്തിയെന്ന നിലയിലല്ല, ഉത്തരവാദപ്പെട്ട ഒരു പൊതു പദവിയുടെ ഭാഗമായാണ്. സ്പീക്കറെന്ന നിലയില്‍ വിമർശിക്കാമായിരുന്നിട്ടും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽനിന്ന് മുസ് ലിം സൂചനകള്‍ മാത്രം കണ്ടെടുക്കുന്നത് ഇസ് ലാമോഫോബിയയുടെ വേറിട്ട പ്രവർത്തന ശൈലിയുടെ ഭാഗമാണ്. മിത്ത് വിവാദത്തില്‍ ഷംസീറിനെ എതിർത്ത എൻ.എസ്.എസിനെ 'വർഗീയതക്കെതിരായ അതിശക്തമായ നിലപാടെടുത്ത സാമുദായിക പ്രസ്ഥാനമായി' ചിത്രീകരിച്ചത് ഷംസീറിന്റെതന്നെ പാർട്ടിയുടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ജെയക്ക് എം. തോമസായിരുന്നുവെന്ന് (13 ആഗസ്റ്റ് 2023 ഡ്യൂള്‍ ന്യൂസ്) കൂട്ടിവായിക്കാം.
7.2. മുസ് ലിം ഒരു മന്ത്രിയാവുമ്പോള്‍
ഇസ് ലാംമത പ്രചാരണത്തിനായി ടൂറിസം വകുപ്പ് ധനസഹായം നല്‍കുന്നുവെന്നാണ് ഒക്ടോബര്‍ മാസത്തില്‍ ഉയർന്നുവന്ന ഒരു ആരോപണം. ജനനം കൊണ്ട് മുസ്ലിമായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ആരോപണവിധേയനായത്. ഇസ് ലാം ഇന്‍ കേരള എന്ന മൈക്രോ സൈറ്റിനുവേണ്ടി സർക്കാര്‍ 93 ലക്ഷം അനുവദിച്ചെന്നും അത് ഇസ് ലാംമത പ്രീണനമാണെന്നും ആരോപിക്കുന്ന ഒരു വീഡിയോയാണ് ആദ്യം പുറത്തുവന്നത്. 'കേരളം ഒരു മതത്തിന്റേത് മാത്രമല്ലെന്ന് റിയാസും പിണറായി വിജയനും മനസ്സിലാക്കണം. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ലെ'ന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ആരോപിച്ചു (ന്യൂസ് 18, ഒക്ടോബര്‍, 26, 2023).
കേരളത്തിലെ ഇസ് ലാമിന്റെ തുടക്കം മുതലുള്ള ചരിത്രവും മുസ് ലിംകളുടെ സംസ്‌കാരവും ജീവിതരീതിയും അടയാളപ്പെടുത്തുന്ന മൈക്രോ സൈറ്റിനുവേണ്ടി പണം അനുവദിച്ചെന്നത് വസ്തുതയാണ്. എന്നാല്‍, അത് പാതി സത്യമേ ആകുന്നുള്ളൂ. ഒക്ടോബര്‍ 16-നാണ് ഇതു സംബന്ധിച്ച ഉത്തരവ് ടൂറിസം വകുപ്പ് പുറപ്പെടുവിച്ചത്. കേരളത്തിന്റെ സംസ്‌കാര പൈതൃകം ലോകത്തെ അറിയിക്കുകയും അതിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കുകയുമായിരുന്നു ലക്ഷ്യം. ഇസ് ലാംമതത്തെ മാത്രമല്ല, ശബരിമലയെയും പത്മനാഭസ്വാമി ക്ഷേത്രത്തെയും മലബാറിലെ തെയ്യങ്ങളെയും കാവുകളെയും പരിചയപ്പെടുത്തുന്ന സൈറ്റുകൾക്കും പണം അനുവദിച്ചിരുന്നു. ക്രിസ്തുമതത്തെ മാത്രമല്ല, ജൂതമതത്തെ പരിചയപ്പെടുത്തുന്ന സൈറ്റുകൾക്ക് പോലും പണം നൽകിയിട്ടുണ്ട്. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടായിരുന്നു ആരോപണം ഉയർന്നത്. മന്ത്രി മുസ്‌ലിമായതാണ് പ്രചാരണത്തിന്റെ കാരണം. ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വകുപ്പിനു പോലും അദ്ദേഹത്തിന്റെ പേര് 'ഭാര'മായി മാറുന്നു.
- അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍
സാർവദേശീയ പ്രശ്‌നങ്ങള്‍ കേരളത്തില്‍ എമ്പാടും ചർച്ച ചെയ്യാറുണ്ട്. പക്ഷേ, ശീതയുദ്ധാനന്തരം മുസ് ലിം ഉള്ളടക്കമുള്ള സാർവദേശീയ പ്രശ്‌നങ്ങള്‍ ആഗോള ഇസ് ലാമോഫോബിയയുടെ വളർച്ചയുടെ കൂടി ഭാഗമായി മാറി. മുസ് ലിം എന്ന ആഗോള ശത്രുവിനെ നിർമിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ രൂപപ്പെടുത്തിയ പ്രചാരണ യുദ്ധം കേരളത്തെ സ്വാധീനിക്കാന്‍ തുടങ്ങിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.
8.1. ഫലസ്ത്വീനും ഇസ് ലാമോ
ഫോബിയയും
ഫലസ്ത്വീന്‍ ഒരു കാലത്തും ഇന്ത്യയില്‍ ഒരു തർക്ക വിഷയമായിരുന്നില്ല. ഇസ്രായേല്‍ രൂപവത്കരണത്തിനു മുമ്പു പോലും ഫലസ്ത്വീനെ ഞെരുക്കുന്ന ബ്രിട്ടീഷ് നിലപാടിനെതിരെ കോൺഗ്രസ് ആഞ്ഞടിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചേടത്തോളം ഇസ്രായേല്‍ രൂപവത്കരണം വ്യക്തമായ അനീതിയായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു കാലമായി ഈ സമീപനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കേന്ദ്രം ഭരിച്ചിരുന്ന വിവിധ കോൺഗ്രസ് സർക്കാരുകള്‍ ഇസ്രായേല്‍ പ്രശ്നത്തില്‍ നേരത്തെത്തന്നെ വെള്ളം ചേർക്കാന്‍ തുടങ്ങിയിരുന്നു. മുഖ്യധാരാ കമ്യൂണിസ്റ്റുകളുടെ നിലപാടുകളിലുണ്ടായ മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സർക്കാരായ പിണറായിയുടെ സർക്കാര്‍ ഭരണപരമായിത്തന്നെ ഇസ്രായേലുമായി സഹകരണം പ്രഖ്യാപിക്കുകയുണ്ടായി. കൃഷി വികസനം പഠിക്കാൻ കേരള സർക്കാര്‍ ഇസ്രായേലുമായി സഹകരിച്ചിരുന്നു (14 ഡിസംബർ 2022, ഔട്ട്‌ലുക് വാരിക). ഇസ്രായേലിന് ലഭിച്ച ഈ സ്വീകാര്യത അത്ര യാദൃഛികമല്ല. ഇസ് ലാമോഫോബിയയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കണം.
എം.എ ബേബി ഉൾപ്പെട്ട സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം വ്യക്തമായ നിലപാടാണ് ഇത്തവണയും ഫലസ്ത്വീന്‍-ഹമാസ് വിഷയത്തില്‍ എടുത്തതെങ്കിലും താഴെ തലത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ഗസ്സയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഹമാസിനെ ഭീകരതയായി വിശേഷിപ്പിച്ച ശൈലജ ടീച്ചറുടെ പ്രസ്താവന ഇതിന്റെ സൂചനയാണ്. എന്നാല്‍, ഹമാസ് നടത്തുന്ന ഫലസ്ത്വീന്‍ പ്രതിരോധത്തെ പിന്തുണച്ച സി.പി.എം നേതാവ് സ്വരാജിന്റെ എഫ്.ബി പോസ്റ്റ് വന്നതോടെയാണ് പൊതുവെ ഒരു മാറ്റം ദൃശ്യമായത്. കോൺഗ്രസ് നേതാവായ വി.ടി ബൽറാമാകട്ടെ അപ്പോഴും ഹമാസിനെ നിരായുധീകരിക്കണമെന്ന നിലപാടെടുത്തു.
ഫലസ്ത്വീന്‍ വിഷയം ചർച്ച ചെയ്യുന്ന ചിലരെങ്കിലും ഇസ് ലാമോഫോബിയയുടെ വീക്ഷണകോണുകളാണ് ഉപയോഗിക്കുന്നത്. ഹമാസിനെ വിലയിരുത്തുമ്പോള്‍ മതപരമായ സൂചകങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇസ്രായേലിന്റേത് രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കുന്നു. ഇത് മതത്തെ മനസ്സിലാക്കാനുള്ള ശ്രമമല്ല, മറിച്ച് മതം വിശിഷ്യാ ഇസ് ലാം തിന്മകളുടെ കേന്ദ്രമാണെന്ന എസ്സൻഷ്യലിസ്റ്റ് കാഴ്ചപ്പാടിനെ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ്. ഇസ് ലാമിന് ജൂതരോടുള്ള കാലുഷ്യമായും ഇതിനെ ചരിത്രരഹിതമായി അവതരിപ്പിക്കുന്നവരുണ്ട്.
ചെറുത്തുനില്പ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഏത് ജനതയ്ക്കുമുണ്ട്; ഫലസ്ത്വീനിലെ അറബ് മുസ് ലിംകൾക്കുമുണ്ട്. പ്രതിരോധത്തിന് പല രീതിശാസ്ത്രങ്ങള്‍ അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാവോവാദികളും ലിബറലുകളും ഇസ് ലാമിസ്റ്റുകളും ഒക്കെ അതതിടങ്ങളിലെ പ്രതിരോധ ചരിത്രത്തിന്റെ ഭാഗമാണ്. ചെറുത്തുനിൽപില്‍ മുന്നില്‍നില്ക്കുന്ന ജനകീയ സംഘടന ഇപ്പോള്‍ ഹമാസാണ്. ജനങ്ങള്‍ വോട്ട് നല്കി വിജയിപ്പിച്ചവരുമാണ് അവര്‍. അവരുടെ പ്രതിരോധത്തെയാണ് ഭീകരതയായി ചിത്രീകരിക്കുന്നത്. സ്വയം നിർവചിക്കാനും സ്വയം നിർണയിക്കാനുമുള്ള അവകാശം മുസ് ലിം സമൂഹത്തിൽനിന്ന് എടുത്തു മാറ്റുന്നത് ഇസ് ലാമോഫോബിയയുടെ ഭാഗമാണ്.
- കുറ്റത്തിന്റെ രാഷ്ട്രീയം
കുറ്റകൃത്യങ്ങള്‍ നടത്തുന്ന വ്യക്തികള്‍ അതു മുസ് ലിംകള്‍ നടത്തിയതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന സവിശേഷമായ ഒരു സാമൂഹിക കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. യഥാർഥ പ്രതികള്‍ സ്വയം രക്ഷപ്പെടാനുള്ള വഴിയായി ഇസ് ലാമോഫോബിയ എന്ന സാമൂഹിക ബോധത്തെ ഒരു പഴുതായി ഉപയോഗിക്കുന്നു. ഒരു കുറ്റകൃത്യം നടന്നാല്‍ അതിനു പിന്നില്‍ മുസ് ലിംകളായിരിക്കും എന്ന പൊതുബോധത്തെ ഉപകരണമാക്കുന്ന മാതൃകയാണിത്. കുറ്റവാളികള്‍ വരെ ഇസ് ലാമോഫോബിയയുടെ മാതൃകകള്‍ സ്വീകരിക്കുന്നു. മറ്റൊരു മാതൃക മാധ്യമങ്ങളുടേതാണ്. ഒരു കുറ്റം നടന്നാല്‍ അതിനു പിന്നിൽ ഒരു മുസ് ലിം പ്രതിയെ തേടുന്ന മാധ്യമ രീതിയുമുണ്ട്. ഈ രണ്ടു മാതൃകകളും കഴിഞ്ഞ വർഷത്തെ കേരളത്തില്‍ കാണാം.
9.1. പി.എഫ്.ഐ ചാപ്പ
2023 സെപ്റ്റംബറില്‍ കൊല്ലം കടക്കലില്‍ സൈനികന്റെ മുതുകില്‍ പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന വ്യാജ പരാതി നല്കിയത് പ്രശസ്തനാകാന്‍ വേണ്ടിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൈനികന്റെ സുഹൃത്തായ ജോഷിയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. സൈനികനായ ഷൈന്‍ കുമാറായിരുന്നു ചാപ്പ കുത്തി എന്ന പരാതി നല്കിയത്. പരാതിയിലും മൊഴിയിലും പൊരുത്തക്കേടുകള്‍ തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്തുവന്നത്. പക്ഷേ, ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജ പ്രചാരണവുമായി കാതങ്ങള്‍ താണ്ടിയിരുന്നു.
'പ്രശസ്തനാകാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. എനിക്ക് ഒരുപകാരം ചെയ്യണം, എനിക്ക് ഫേമസാകണം എന്നാണ് അവന്‍ പറഞ്ഞത്. ടി ഷർട്ട് ബ്ലേഡ് കൊണ്ട് കീറാനും പറഞ്ഞു. ഡി.എഫ്.ഐ എന്നാണ് താന്‍ ആദ്യം എഴുതിയത്. എന്നാല്‍ അങ്ങനെയല്ല, പി.എഫ്.ഐ എന്നെഴുതണമെന്നും ഷൈന്‍ കുമാര്‍ പറഞ്ഞു. പിന്നെ രണ്ടാമതാണ് പി.എഫ്.ഐ എന്ന് എഴുതിയത്. തന്നെ ഇടിക്കണമെന്നും ഷൈന്‍ കുമാര്‍ പറഞ്ഞു. പക്ഷേ, താന്‍ മദ്യപിച്ച അവസ്ഥയിലായിരുന്നതിനാല്‍ അതിന് മുതിർന്നില്ല' - സുഹൃത്ത് ജോഷി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു (26 സെപ്റ്റംബര്‍ 2023 മീഡിയാ വണ്‍).
9.2. കളമശ്ശേരി സ്‌ഫോടനവും
മാധ്യമങ്ങള്‍ സൃഷ്ടിച്ച
ഭീകരതയും
ഒക്ടോബര്‍ 29-ാം തീയതി കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടയിലുണ്ടായ സ്‌ഫോടനത്തിനുശേഷം കേരളത്തില്‍ അരങ്ങേറിയത് മാധ്യമവത്കൃത ഇസ് ലാമോഫോബിയയുടെ ടെക്സ്റ്റ് ബുക്ക് ശൈലിയായിരുന്നു. മുസ് ലിംകളെ ആദ്യം കുറ്റവാളികളാക്കി സൂചനകള്‍ നിർമിക്കുക, പിന്നീട് തെളിവുകള്‍ സമാഹരിക്കുക എന്നതാണ് മാധ്യമവത്കൃത ഇസ് ലാമോഫോബിയയുടെ ആഖ്യാന മാതൃക. ആദ്യം തെളിവ്, പിന്നീട് കുറ്റവാളിയെ പ്രഖ്യാപിക്കുക എന്ന സാമാന്യ നീതിയുടെ ലംഘനം മുസ് ലിംകളെ വംശീയമായി തരംതിരിക്കുന്നതിന്റെ ഭാഗമായിരുന്നു.
വാർത്തകൾ വന്നു ഏറെ താമസിയാതെ ഡൊമനിക് മാർട്ടിന്‍ എന്നയാള്‍ കൊടകര സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. 16 വർഷം യഹോവ സാക്ഷികളുടെ പ്രവർത്തകനായിരുന്നു ഇയാള്‍. പ്രതിയെ പിടികൂടുന്നതിനു മുമ്പ് മൂന്നു മണിക്കൂര്‍ ഇടവേളയില്‍ റിപ്പോർട്ടര്‍ ടി.വി, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങള്‍ പോലീസ് സ്ഥിരീകരണമില്ലാതിരുന്നിട്ടും ഒരു മുസ് ലിം പ്രതിയെ തെരഞ്ഞുപിടിക്കുന്ന തിരക്കിലായിരുന്നു. സ്ഫോടനത്തെ ആദ്യം ഭീകരത എന്ന് അടയാളപ്പെടുത്തിയ മാധ്യമങ്ങള്‍ പിന്നീടതിനെ വെറും സ്‌ഫോടനമാക്കി ചിത്രീകരിച്ചത് ഞങ്ങള്‍ തന്നെ വിശദമായി വിശകലനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു (കളമശ്ശേരിയും മാധ്യമങ്ങളും, സുപ്രഭാതം ദിനപത്രം 23 നവംബര്‍ 2023). ആ സ്ഫോടനത്തില്‍ ഇതുവരെ എട്ടു പേരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനം നടന്ന ഉടന്‍ രണ്ട് മുസ് ലിംകളെ അറസ്റ്റ് ചെയ്തതും, അത് റിപ്പോർട്ട് ചെയ്ത മക്തൂബ് മീഡിയയിലെ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതും, നമ്മുടെ ഭരണസംവിധാനങ്ങള്‍ എത്രമാത്രം ഇസ് ലാമോഫോബിക്കായി മാറിയെന്നതിന്റെ സൂചനകളാണ്.
- മൂലധന ഭീതി
കുത്തക മൂലധനം സമൂഹശരീരത്തെ തകർക്കുന്നുവെന്ന ധാരണ കേരളത്തില്‍ ശക്തമാണ്. കുത്തക മൂലധന സംരംഭങ്ങൾക്കെതിരെ നിശിതമായ സാമൂഹിക /രാഷ്ട്രീയ വിമർശനവും രൂപപ്പെടാറുണ്ട്. എന്നാല്‍, മൂലധനവിരുദ്ധതയുടെ മറവില്‍ ന്യൂനപക്ഷ വിരുദ്ധതയാണ് പലപ്പോഴും കാണുന്നത്. ന്യൂനപക്ഷ ഉടമസ്ഥതയില്‍ രൂപപ്പെടുന്ന സംരംഭങ്ങൾക്ക് പിറകില്‍ അമൂർത്തമായ (അബ്‌സ്ട്രാക്ട്) മൂലധനം ഉണ്ടെന്ന് ആരോപിക്കുക എന്നത് മൂലധന ഭീതിയുടെ രൂപമുള്ള ഇസ് ലാമോഫോബിയയാണ്.
10.1. മീഡിയാ വണിന്റെ അനുഭവം
മുസ് ലിം ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏക പൊതു വാർത്താ ചാനലെന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമ സ്ഥാപനമാണ് മീഡിയാ വണ്‍. പിഴവുകള്‍ വരാന്‍ ധാരാളം സാധ്യതയുള്ള മാധ്യമ മേഖലയാണ് ദൃശ്യമാധ്യമ പ്രവർത്തനം. അത്തരം സംഭവങ്ങളും ഉണ്ട്. വിമർശനങ്ങളും സ്വാഭാവികമാണ്. എന്നാല്‍, മീഡിയാ വണ്‍ പിഴവ് വരുത്തിയാല്‍ വാർത്തയുടെ ഉള്ളടക്കമല്ല, മറിച്ച് അതിന്റെ ഉടമസ്ഥത വിമർശനവിധേയമാവുകയാണ് പതിവ്.
കഴിഞ്ഞ സെപ്റ്റംബറിൽ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് കലാശക്കൊട്ട് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ സി.പി.എം പ്രവർത്തകര്‍ പാട്ടുപാടുന്ന ദൃശ്യം മീഡിയാ വണ്‍ ചിത്രീകരിച്ചിരുന്നു. അത് പിന്നീട് ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും പ്രസിദ്ധീകരിച്ചു. എന്നാല്‍, ഫേസ് ബുക്കില്‍ അതിന്റെ തലക്കെട്ട് ആർ.എസ്.എസ് ഗണഗീതത്തിന്റെ താളത്തില്‍ പാട്ടുപാടി എന്നായിരുന്നു. ഇങ്ങനെ ഒരു പാട്ടുപാടിയിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തില്‍ മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഖേദം പ്രകടിപ്പിക്കുകയും തെറ്റ് തിരുത്തുകയും ചെയ്തു (6 സെപ്റ്റംബർ 2023).
എന്നാല്‍, മീഡിയാ വണ്‍ വരുത്തിയ തെറ്റുകളോടുള്ള ഇടത് സാമൂഹ്യ മാധ്യമ ആക്ടിവിസ്റ്റുകളുടെ പ്രതികരണം ഒട്ടും സ്വാഭാവികമായിരുന്നില്ല. മാത്രമല്ല, പലതും ഹിന്ദുത്വ-വംശീയ സ്വഭാവത്തിലുള്ളതുമായിരുന്നു. മീഡിയാ വണിനെ ഫാഷിസ്റ്റുകള്‍ ലക്ഷ്യമിട്ട സമയത്ത് രക്തസാക്ഷിത്വ പരിവേഷമാണ് പൊതുവെ ഇടത് പ്രവർത്തകര്‍ മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് നല്കിയത്. എന്നാല്‍, വീഴ്ചയുടെ സമയത്ത് എല്ലാ ഉത്തരവാദിത്വത്തില്‍നിന്നും അവര്‍ അദ്ദേഹത്തെ 'ഔദാര്യപൂർവം' ഒഴിവാക്കുക മാത്രമല്ല, ഇത് അവസരമാക്കി 'രക്ഷപ്പെടാനുള്ള ഉപദേശവും' നല്കി. മുസ് ലിംകളോടൊപ്പം നിൽക്കുന്ന ശക്തരായ ഇതര വ്യക്തികളെ മുസ് ലിംകളിൽനിന്ന് അടർത്തിമാറ്റുന്ന ഈ തന്ത്രം മുമ്പും പ്രയോഗിച്ചിട്ടുണ്ട്. ശക്തരല്ലെങ്കില്‍ ഈ ഔദാര്യം ലഭിക്കണമെന്നുമില്ല. എന്നാല്‍, ഈ കുരുക്കില്‍ പ്രമോദ് രാമന്‍ വീണില്ല. ഇത് ചൂണ്ടിക്കാട്ടുന്നത് പ്രമോദ് രാമനെതിരെ ആരോപണമെന്ന നിലയിലല്ല, മറിച്ച് ഏത് സന്ദർഭത്തെയും തങ്ങൾക്കനുകൂലമാക്കി മാറ്റുന്ന ഇസ് ലാമോഫോബിയാ വീക്ഷണത്തെ എടുത്തുകാട്ടുന്നതിനുവേണ്ടി മാത്രമാണ്.
- ലിംഗ രാഷ്ട്രീയം
മുസ് ലിം ന്യൂനപക്ഷാവകാശങ്ങളെ നിഷേധിക്കാന്‍ ലിംഗനീതിയുടെ രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന രീതിയെ ഫെമിനിസ്റ്റുകള്‍ തന്നെ വിമർശിച്ചിട്ടുണ്ട്. ഭൂരിപക്ഷ ദേശീയതയുടെ താല്പര്യത്തിനുവേണ്ടി ലിംഗരാഷ്ട്രീയത്തെ ഉപയോഗിക്കുന്നതിലൂടെ എങ്ങനെ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മുത്ത്വലാഖ് നിരോധനം അടക്കമുള്ള പ്രശ്‌നങ്ങളെ ഇന്ത്യന്‍ ഫെമിനിസ്റ്റുകള്‍ മനസ്സിലാക്കുന്നതും അങ്ങനെയാണ്. 'ലിംഗവത്കരിക്കപ്പെട്ട ഇസ് ലാമോഫോബിയ' എന്ന സംജ്ഞ വികസിച്ചുവന്നതിന്റെ പശ്ചാത്തലം ഇതാണ്. - 1. അനന്തരാവകാശ
ചർച്ചകളിലെ
രാഷ്ട്രീയ നിഷേധം
അഡ്വ. ശുക്കൂറും ഡോ. സീനയും 1994-ല്‍ നിക്കാഹിന്റെ ചടങ്ങുകളോടെ വിവാഹം കഴിച്ചവരായിരുന്നു. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം തങ്ങള്‍ വീണ്ടും വിവാഹം കഴിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അഡ്വ. ശുക്കൂറിന് മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. 1937-ലെ മുസ് ലിം പേഴ്സനൽ ലോ ആപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നില്‍ രണ്ടുഭാഗം മാത്രമേ, ഈ പെൺകുട്ടികൾക്ക് കിട്ടുകയുള്ളു. ശുക്കൂറിനും ഷീനക്കും ആണ്മക്കള്‍ ഇല്ലാത്തതിനാല്‍ ബാക്കി സ്വത്തുക്കൾ പോവുക ശുക്കൂറിന്റെ സഹോദരങ്ങൾക്കാണ്. വിൽപത്രം എഴുതിവെച്ചാലും അത് നിയമവിധേയമാവുകയില്ല. എന്നാല്‍, സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവർക്ക് ഈ വിവേചനത്തിൽനിന്ന് രക്ഷപ്പെടാം. അതുകൊണ്ട് വനിതാദിനത്തില്‍, അതായത് 2023 മാർച്ച് 8-ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം താനും ഭാര്യയും വിവാഹിതരാവുകയാണെന്ന് ശുക്കൂര്‍ വക്കീല്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. - ഈ വിഷയത്തില്‍ ഇസ് ലാമിക നിയമത്തിന്റെ സങ്കീർണതകള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതിനെക്കാള്‍ മുസ് ലിംകളെ അച്ചടക്കം പഠിപ്പിക്കാനാണ് വിമർശകര്‍ ശ്രമിച്ചത്. ശരീഅഃ എന്ന വാക്കിന്റെ പേരില്‍ തന്നെ മുൻവിധികള്‍ ഉൽപാദിപ്പിക്കപ്പെട്ടു. സ്ത്രീകൾക്ക് വ്യത്യസ്തമായ രീതിയില്‍ സ്വത്തുടമസ്ഥത, സാമ്പത്തിക ഉത്തരവാദിത്വം ഒക്കെ നല്കിയ ശരീഅഃയുടെ തത്ത്വങ്ങൾക്ക് ആധുനിക നിയമവ്യവസ്ഥയില്‍ സംഭവിച്ച പരിണാമങ്ങള്‍ ഏറെ പഠിക്കേണ്ട മേഖലയാണ്. ഇത്തരമൊരു ചർച്ചയ്ക്കു പകരം മുസ് ലിം സമുദായത്തിന്റെ ചരിത്രപരമായ അനുഭവങ്ങളും അറിവുകളും നിഷേധിക്കുന്ന രീതിയില്‍ ലിംഗരാഷ്ട്രീയത്തെ ഉപയോഗിച്ചതിനാൽ ത്തന്നെ ആ ഇടപെടല്‍ ഇസ് ലാമോഫോബിയയുടെ ആവനാഴിയിലേക്ക് വരവുവെക്കപ്പെട്ടു. സ്വയം നിർണയാവകാശമുള്ള ഒരു സാമൂഹിക വിഭാഗം എന്ന നിലയില്‍ മുസ് ലിംകളെ പരിഗണിക്കാതെയുള്ള ലിംഗ അവകാശ ചർച്ചകള്‍ ഇസ് ലാമോഫോബിയയുടെ യുക്തിയെ ശക്തിപ്പെടുത്തുകയേയുള്ളൂ.
- 2. കണ്ണൂരിലെ മുസ് ലിം കല്യാണവും
സ്ത്രീ വിരുദ്ധതയുടെ നിർമിതിയും
'കണ്ണൂരിലൊക്കെ മുസ് ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നല്കുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ': നിഖില വിമല്‍ '(മലയാളം ന്യൂസ് ). ഏപ്രില്‍ 18-നു പുറത്തിറങ്ങിയ അയൽവാശി എന്ന സിനിമയുടെ പ്രമോഷനിടെയാണ് നടി നിഖിലാ വിമല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ദീർഘമായ ഒരു ചർച്ചക്കിടയില്‍ നടന്ന ഒരു പരാമർശമായിരുന്നെങ്കിലും എല്ലാ മാധ്യമങ്ങളിലും അതു മുഖ്യ തലക്കെട്ടായി മാറി. നിരവധി പേര്‍ ഇതിനെതിരെ രംഗത്തുവന്നു. പോത്തും എരുമയും കഴിക്കും എന്ന് നിഖിലാ വിമല്‍ പറഞ്ഞപ്പോള്‍ സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ അവരുടെ അഭിപ്രായത്തെ തള്ളിക്കളയുന്നു എന്ന എതിർ പ്രപചാരണവും നടന്നു. സ്വന്തം ഭക്ഷണം തെരഞ്ഞെടുക്കുന്നതിനെപ്പറ്റി ഒരു വ്യക്തി നടത്തിയ പ്രസ്താവന പോലെയല്ല സ്വന്തം വ്യക്തി അനുഭവങ്ങളെ മുൻനിർത്തി ഒരു പ്രദേശത്തെയോ സാമൂഹിക വിഭാഗത്തെയോ ഒരു വിഭാഗം സ്ത്രീകളുടെ സാമൂഹിക അനുഭവത്തെയോ സാമാന്യവല്ക്കരിച്ച് സംസാരിക്കുന്നത്. ഇത് കേവല അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. അഭിപ്രായങ്ങളുടെ ഉള്ളടക്ക പ്രശ്‌നമാണ്. രാഷ്ട്രീയ ജാഗ്രതയുള്ള ഒരു കലാകാരിക്കു പോലും മുസ് ലിം/ സ്ത്രീ അനുഭവങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ കേവല അനുഭവങ്ങളുപയോഗിച്ചുള്ള സാമാന്യവത്കരണമെന്ന ചട്ടക്കൂടിനപ്പുറത്തേക്ക് വികസിക്കാനാവാത്തത് ഭാഷയിലെയും വ്യവഹാരങ്ങളിലെയും ഇസ് ലാമോഫോബിയ കൊണ്ടാണ്. ലിംഗരാഷ്ട്രീയം, പ്രാദേശിക അനുഭവം തുടങ്ങിയ അനേകം മാതൃകകളിലൂടെ ഇസ് ലാമോഫോബിയ പ്രവർത്തനക്ഷമമാവുന്നതിന്റെ ഉദാഹരണമാണിത്. - പുതിയ പ്രതിരോധം
ഇസ് ലാമോഫോബിയ പ്രതിരോധം പുതിയ വഴികള്‍ സ്വീകരിക്കുന്ന കാഴ്ചയും ലോകത്തുണ്ട്. ഇസ് ലാമോഫോബിയയുടെ വിവിധ രീതികള്‍ പഠിക്കാനും പഠിപ്പിക്കാനും ഇന്ന് നിരവധി ഗവേഷണ, പഠന വേദികള്‍ നിലവില്‍വന്നിരിക്കുന്നു. 2023 മാർച്ച് 15 ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഇസ് ലാമോഫോബിയാ വിരുദ്ധ ദിനമായിരുന്നു. ഇത് കേരളത്തില്‍ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. കേരളത്തിലെ ചുരുക്കം ചില മാധ്യമങ്ങളെങ്കിലും അന്താരാഷ്ട്ര ഇസ് ലാമോഫോബിയാ ദിനത്തെ ഗൗരവത്തിലെടുത്തു. ഇസ് ലാമോഫോബിയ ഒരു സാമൂഹിക യാഥാർഥ്യമാണെന്നും അതിനെ അഭിമുഖീകരിക്കേണ്ടത് അത്യാവശ്യമാണെന്നുമുള്ള ചർച്ചയിലേക്കത് വികസിച്ചു. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടം ഏതെങ്കിലും പ്രത്യേക വിവേചനത്തോടുള്ള പ്രതികരണം എന്നതില്‍നിന്നു മാറി, ഒരു സാമൂഹിക പ്രശ്നം എന്ന നിലയില്‍ ചർച്ചചെയ്യാന്‍ ഈ ദിനാചരണത്തിലൂടെ സാധിക്കുകയുണ്ടായി. കാരണം, മുസ് ലികളോടുള്ള വിവേചനവും പ്രത്യക്ഷമായ വിദ്വേഷവും 'പകർച്ചവ്യാധി പോലെ' പടരുന്നതായി മതസ്വാതന്ത്ര്യത്തെക്കുറിച്ച യു.എന്നിന്റെ പ്രത്യേക റിപ്പോർട്ട് കണ്ടെത്തിയിരുന്നു. തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ വിഭവങ്ങളുടെ ലഭ്യതയിലും തൊഴില്‍ കണ്ടെത്തുന്നതിലും വിദ്യാഭ്യാസത്തിലും മുസ് ലിംകള്‍ വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളീയ സാഹചര്യത്തില്‍ ഇസ് ലാമോഫോബിയയുടെ വിവിധ രീതികള്‍ അന്വേഷിക്കാനും വിശകലനം ചെയ്യാനും തയാറാകുന്ന ഒരു സാമൂഹിക- രാഷ്ട്രീയ സമീപനം തന്നെ വികസിച്ചു വരേണ്ടതുണ്ട്. l
(അവസാനിച്ചു)