ജീവിതത്തിൽ അപൂർവമായി ലഭിക്കുന്നതാണ് ഹജ്ജ് നിർവഹിക്കാനുള്ള അവസരം. ആയതിനാൽ ഹജ്ജിനും ഉംറക്കും വേണ്ടി പുറപ്പെടുന്നതിന് മുമ്പായി അവ രണ്ടിനെ സംബന്ധിച്ചും നന്നായി പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യണം. അറിഞ്ഞ് ചെയ്യാത്ത കർമങ്ങൾ തഖ്‌വയില്ലാത്ത കർമങ്ങൾപോലെ നിഷ്്ഫലമാണ്. സാധാരണ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യാൻ അവസരം ലഭിക്കുന്ന ഹജ്ജ് കർമം ഇങ്ങനെ നിഷ്ഫലമാക്കുന്നത് നമ്മുടെ വമ്പിച്ച അധ്വാനവും സമ്പത്തും പാരത്രിക പ്രതിഫലവും എല്ലാം നഷ്ടമാക്കും. അതുകൊണ്ട് ഒരുക്കങ്ങളിൽ അതിപ്രധാനമാണ് വൈജ്ഞാനിക ഒരുക്കം. ഹജ്ജ് ക്ലാസ്സുകളിൽ പങ്കെടുത്തും, പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചും, വീഡിയോ കാസറ്റുകൾ കണ്ടും, പ്രഭാഷണങ്ങൾ ശ്രവിച്ചും ഹജ്ജിനെ കുറിച്ച് നാം അറിവുകൾ നേടണം. ഹജ്ജ് നിവഹിച്ചവർ അനുഭവങ്ങൾ പങ്കുവെക്കുന്നത് കേൾക്കുന്നതും ഏറെ സഹായകമാവും. ഹജ്ജിന്റെ വിധികൾ മാത്രം അറിഞ്ഞാൽ പോരാ, അതിന്റെ ആത്മാവും ഉദ്ദേശ്യവും, ഓരോ കർമങ്ങളും, ചിഹ്നങ്ങൾക്കും സ്ഥലങ്ങൾക്കും പിന്നിലുള്ള ചരിത്രവും അറിഞ്ഞുവെക്കുന്നത് ആത്മാർഥമായും മനസ്സറിഞ്ഞ് ഹജ്ജ് നിർവഹിക്കാൻ നമുക്ക് പ്രചോദനവും പ്രേരണയുമാവും.
ഹജ്ജിന്റെ റുക്നുകൾ അഞ്ചാകുന്നു
1) ഇഹ്റാം.
2) അറഫയിൽ നിൽക്കൽ.
3) ത്വവാഫുൽ ഇഫാദ.
4) സ്വഫാ-മർവക്കിടയിൽ സഅ്‌യ്.
5) മുടിവടിക്കുകയോ വെട്ടുകയോ ചെയ്യൽ.
ഹജ്ജിന്റെ റുക്്നുകളിൽ ഏതെങ്കിലും ഉപേക്ഷിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഹജ്ജ് സാധുവാകുകയില്ല. അവ നിർവഹിക്കുക മാത്രമേ പരിഹാരമുള്ളൂ. പ്രായശ്ചിത്തം മുഖേന പരിഹരിക്കാൻ കഴിയാത്തവയാണ് റുക്നുകൾ. ഉദാഹരണത്തിന്, ഇഹ്റാം ചെയ്തില്ലെങ്കിൽ ഹജ്ജ് നഷ്ടപ്പെടും. അറഫയിൽ നിൽക്കൽ നിശ്ചിത സമയത്ത് നടന്നില്ലെങ്കിൽ ഹജ്ജ് നഷ്ടപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ത്വവാഫ്, സഅ്‌യ്, മുടിനീക്കൽ എന്നിവ ചെയ്ത്, അതായത് ഉംറയുടെ കർമങ്ങൾ നിർവഹിച്ച് ഇഹ്റാമിൽനിന്ന് ഒഴിവാകാം. അടുത്ത വർഷം ഹജ്ജ് നിർവഹിച്ച് വീട്ടുകയും വേണം. അറഫ നഷ്ടപ്പെട്ടതിന് അറവ് നടത്തുകയും വേണം (ഹനഫീ മദ്ഹബിൽ അറവ് വേണ്ടതില്ല). ത്വവാഫുൽ ഇഫാദയും സഅ്‌യും നഷ്ടപ്പെട്ടാൽ അവ നിർവഹിച്ചുതന്നെ പരിഹരിക്കണം. ത്വഫാഫുൽ ഇഫാദയോ സഅ്‌യോ ചെയ്യാതെ മക്ക വിട്ടാൽ തിരിച്ചുവന്ന് അതു രണ്ടും നിർവഹിച്ചാൽ ഹജ്ജ് ശരിയാകുന്നതാണ്. അതിനിടയിൽ ഭാര്യാ-ഭർതൃബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് പ്രായശ്ചിത്തമായി ബലി നൽകിയാൽ മതി. മുടി നീക്കൽ സ്വദേശത്തുവെച്ചും ആകാവുന്നതാണ്.
ഹജ്ജിന്റെ വാജിബുകൾ
1) മീഖാത്തിൽനിന്ന് ഇഹ്റാം ചെയ്യുക.
2) ബലിയുടെ തലേ രാത്രി മുസ്ദലിഫയിൽ പാർക്കുക.
3) തശ്്രീഖിന്റെ ദിവസങ്ങളിൽ മിനയിൽ രാപ്പാർക്കുക.
4) ജംറകളിൽ കല്ലെറിയുക.
5) വിടവാങ്ങൾ ത്വവാഫ് നിർവഹിക്കുക.
മനഃപൂർവം ഇവയിലേതെങ്കിലും വാജിബ് ഉപേക്ഷിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഓരോന്നിനും പ്രതിവിധിയായി ഹറമിൽ വെച്ച് ഓരോ ആടിനെ ബലിയറുത്ത് സാധുക്കൾക്ക് വിതരണം ചെയ്യണം. അതിൽനിന്ന് ഒന്നും സ്വയം ഭക്ഷിക്കാൻ പാടില്ല. ബലി നൽകാൻ സാധിക്കാത്തവർ പശ്ചാത്തപിച്ചു മടങ്ങുകയും വേണം. മനഃപൂർവമല്ലാതെ വാജിബ് നഷ്ടപ്പെട്ടാൽ അവർ കുറ്റക്കാരല്ല. ഈ പ്രായശ്ചിത്തം ചെയ്യുന്നതോടു കൂടി ഹജ്ജ് സാധുവാകുന്നു. ബലിക്കു പകരം തമത്തുഇനെ പോലെ 10 നോമ്പനുഷ്ഠിച്ചാലും മതി.
ഹജ്ജിന്റെ സുന്നത്തുകൾ
സുന്നത്ത് ഉപേക്ഷിക്കുന്നതുകൊണ്ട് അത് ഹജ്ജിന്റെ സാധുതയെ ബാധിക്കുന്നില്ല.
1) ഇഹ്റാമിനു മുമ്പ് കുളിയും സുഗന്ധം പൂശലും.
2) പുരുഷന്മാർ വെള്ള നിറത്തിലുള്ള അരമുണ്ടും, ചുമലിൽ ഇടാനുള്ള തുണിയും ധരിച്ചുകൊണ്ട് ഇഹ്റാമിൽ പ്രവേശിക്കൽ.
3) തൽബിയത്ത് - അത് ഉച്ചത്തിൽ ചൊല്ലൽ.
4) അറഫാ ദിവസത്തിലെ തലേ രാത്രി (ദുൽ ഹജ്ജ് 8-ന് രാത്രി) മിനയിൽ രാപ്പാർക്കൽ.
5) ഹജറുൽ അസ്്വദിനെ ചുംബിക്കൽ.
6) ഉംറയുടെയോ ഖുദൂമിന്റെയോ ത്വവാഫിൽ 'ഇദ്ത്വിബാഅ് ' (മേൽമുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിലും രണ്ടറ്റങ്ങൾ ഇടതു ചുമലിലും ആകുന്ന വിധത്തിൽ ഇടുക).
7) ഉംറയുടെയോ ഖുദൂമിന്റെയോ ത്വവാഫിൽ (ആദ്യ മൂന്നു പ്രദക്ഷിണത്തിൽ മാത്രം) റമൽ /വേഗത്തിൽ നടത്തം.
8) മുഫ്്രിദിനും ഖാരിനിനും ഖുദൂമിന്റെ ത്വവാഫ്.
9) ത്വവാഫിനു ശേഷം മഖാമു ഇബ്‌റാഹീമിൽ രണ്ട് റക്അത്ത് നമസ്കരിക്കൽ.
ഇഹ്‌റാമിന്റെ മുന്നൊരുക്കങ്ങള്‍
ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യ ഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സുന്നത്താണ്. എന്നാല്‍ മീശ വെട്ടുക, ശരീരത്തില്‍ സുഗന്ധം പൂശുക എന്നിവ പുരുഷന്മാർക്ക് മാത്രം സുന്നത്താകുന്നു.
പിന്നീട് പുരുഷന്മാര്‍ സാധാരണ വസ്ത്രങ്ങള്‍ ഒഴിവാക്കി ഒരു തുണി ഉടുക്കുകയും ഒരു മേൽ മുണ്ട് കൊണ്ട് ഇരു ചുമലുകളും മൂടുന്ന തരത്തില്‍ പുതക്കുകയും ചെയ്യേണ്ടതാണ്. തുണിയും മേൽ മുണ്ടും വെള്ളയാവുന്നതാണ് ഉത്തമം. സ്ത്രീകൾക്ക് ഇഹ്‌റാമില്‍ പ്രത്യേക വസ്ത്രമോ വസ്ത്രങ്ങൾക്ക് പ്രത്യേക നിറമോ സുന്നത്തില്ല.
ഇഹ്‌റാം
ഹജ്ജിനോ ഉംറക്കോ വേണ്ടിയുള്ള നിയ്യത്തിനാണ് ഇഹ്‌റാം എന്നു പറയുന്നത്. നിഷിദ്ധമാക്കുക, നിരോധിക്കുക എന്നെല്ലാമാണ് ഇഹ്‌റാം എന്ന വാക്കിന്റെ അർഥം. ഹജ്ജിനും ഉംറക്കും നിയ്യത്ത് ചെയ്യുന്നതോടു കൂടി സാധാരണ അനുവദനീയമായ പലതും നിഷിദ്ധമാകുന്നതുകൊണ്ടാണ് ഇഹ്‌റാം എന്ന വാക്ക് ഉപയോഗിക്കുന്നത്.
ഇഹ്‌റാമില്‍ പ്രവേശിക്കല്‍ ഏതെങ്കിലും നമസ്‌കാരത്തിനു ശേഷം ആയിരിക്കല്‍ ഉത്തമമാണ്. ഇഹ്‌റാം ഉദ്ദേശിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ സുന്നത്താണെന്ന് ഭൂരിപക്ഷം ഇമാമുകളും അഭിപ്രായപ്പെടുന്നു. അതിനു ശേഷം ഉംറക്ക് ഇഹ്‌റാം ചെയ്യുന്നവര്‍ اللَّهُمَّ لَبَّيْكَ عُمْرَةً - 'അല്ലാഹുമ്മ ലബ്ബൈക്ക ഉംറത്തന്‍' (അല്ലാഹുവേ, ഉംറക്ക് ഇഹ്‌റാം ചെയ്തുകൊണ്ട് ഞാന്‍ നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്നും, ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നവര്‍ اللَّهُمَّ لَبَّيْكَ حَجًّا - 'അല്ലാഹുമ്മ ലബ്ബൈക്ക ഹജ്ജന്‍' (അല്ലാഹുവേ, ഹജ്ജിന് ഇഹ്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്നും, ഹജ്ജിനും ഉംറക്കും ഒന്നായി ഇഹ്‌റാം ചെയ്യുന്നവര്‍ اللَّهُمَّ لَبَّيْكَ حَجًّا وَعُمْرَةً - 'അല്ലാഹുമ്മ ലബ്ബൈക്ക ഹജ്ജന്‍ വ ഉംറത്തന്‍' (അല്ലാഹുവേ, ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്നും പറയല്‍ സുന്നത്താണ്.
ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ-പുരുഷന്മാർക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാകുന്നു:
- മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധ ദ്രവ്യം ഉപയോഗിക്കുക.
- കുങ്കുമച്ചായം മുക്കിയ വസ്ത്രം ഉപയോഗിക്കുക.
- സംഭോഗം, വിഷയാസക്തിയോടു കൂടിയ സംസാരവും സ്പർശനവും, വിവാഹം, വിവാഹാന്വേഷണം എന്നിവ.
- പക്ഷി-മൃഗാദികളെ വേട്ടയാടുകയോ വേട്ടയാടാന്‍ സഹായിക്കുകയോ ചെയ്യുക.
- നിഷിദ്ധമായ വാക്ക്, പ്രവൃത്തി, അനാവശ്യമായ തർക്ക വിതർക്കങ്ങള്‍ എന്നിവയില്‍ ഏർപ്പെടുക.
ഈ കാര്യങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്മാരും സമമാണ്. എന്നാല്‍, ഇഹ്‌റാമില്‍ പ്രവേശിച്ച പുരുഷന്മാർക്ക് മാത്രം നിഷിദ്ധമായ മറ്റു ചില കാര്യങ്ങളുണ്ട്: - ശരീരത്തിന്റെ ഒന്നായിട്ടുള്ള ആകൃതിയിലോ അവയവങ്ങളുടെ ആകൃതിയിലോ തുന്നിയ വസ്ത്രങ്ങള്‍ ധരിക്കല്‍ പുരുഷന്മാർക്ക് നിഷിദ്ധമാണ്. ഷർട്ട്, ബനിയന്‍, പൈജാമ, പാന്റ്‌സ്, അണ്ടർ വെയര്‍, മൂട്ടിയ തുണി, സോക്‌സ് എന്നിവ ഉദാഹരണം.
- തൊപ്പി, മുണ്ട്, തലപ്പാവ്, ടവ്വല്‍ മുതലായ തലയോട് ചേർന്നുനിൽക്കുന്ന വസ്ത്രങ്ങള്‍കൊണ്ട് തലമറയ്ക്കാന്‍ പാടില്ല. സ്ത്രീകൾക്ക് തുന്നിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാമെങ്കിലും കൈയുറയോ മുഖം മൂടുന്ന ബുർഖയോ ധരിക്കാന്‍ പാടില്ല.
ത്വവാഫ്
ഹാജിമാര്‍ മക്കയില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യമായി നിർവഹിക്കുന്ന കർമമാണ് ത്വവാഫ്. കഅ്ബയെ ഇടതുവശമാക്കി ഏഴു പ്രാവശ്യം ചുറ്റുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്തവര്‍ ആദ്യമായി നിർവഹിക്കുന്ന ത്വവാഫ് ഉംറയുടെ നിർബന്ധ ത്വവാഫാണ്. ഹജ്ജിനു മാത്രമോ ഹജ്ജിനും ഉംറക്കും ഒന്നിച്ചോ ഇഹ്‌റാം ചെയ്തവര്‍ നിർവഹിക്കുന്നത് ഹജ്ജിലെ സുന്നത്തായ 'ത്വവാഫുല്‍ ഖുദൂം' ആയിരിക്കും.
മക്കയില്‍ എത്തിയ ഉടനെ നിർവഹിക്കുന്ന ത്വവാഫിനു മുമ്പ് പുരുഷന്മാരുടെ മേൽമുണ്ട് വലത്തേ ചുമല്‍ പുറത്തു കാണുംവിധം വലത്തേ കക്ഷത്തിലൂടെ എടുത്ത് ഇടത്തേ ചുമലിനു മുകളില്‍ ഇടുന്നത് സുന്നത്താണ്. ആദ്യത്തെ മൂന്ന് ചുറ്റലില്‍ കാലടികള്‍ അടുത്തടുത്ത് വെച്ച് വേഗത്തില്‍ നടക്കലും സുന്നത്താണ്.
കഅ്ബയുടെ ഹജറുല്‍ അസ്‌വദ് സ്ഥിതി ചെയ്യുന്ന മൂലയില്‍നിന്നാണ് ത്വവാഫ് ആരംഭിക്കേണ്ടത്. സാധിക്കുമെങ്കില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. സാധ്യമായില്ലെങ്കില്‍ കൈകൊണ്ടോ മറ്റോ അതിനെ തൊട്ടു മുത്തുക. അതിനും സാധിച്ചില്ലെങ്കില്‍ അതിനു നേരെ കൈയുയർത്തി 'ബിസ്മില്ലാഹി അല്ലാഹു അക്ബര്‍' (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹു വലിയവനാണ്) എന്ന് പറഞ്ഞ് ത്വവാഫ് ആരംഭിച്ചാല്‍ മതി.
ത്വവാഫിനിടയില്‍ ഏത് ദിക്‌റും ദുആയും ഖുർആന്‍ പാരായണവും ആകാവുന്നതാണ്. ത്വവാഫിനു ശേഷം മഖാമു ഇബ്‌റാഹീമിനു പിന്നില്‍ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതാണ്. അതില്‍ ആദ്യ റക്അത്തില്‍ ഫാത്തിഹക്കു ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും ഓതല്‍ സുന്നത്താണ്. മഖാമു ഇബ്‌റാഹീമിനു പിന്നില്‍ സൗകര്യമില്ലെങ്കില്‍ ഹറമിന്റെ ഏതു ഭാഗത്തുവെച്ചും പ്രസ്തുത രണ്ട് റക്അത്ത് നമസ്‌കരിക്കാവുന്നതാണ്.
ത്വവാഫിനും നമസ്‌കാരത്തിനും ശേഷം സംസം വെള്ളം കുടിക്കല്‍ സുന്നത്താണ്.
സഅ്‌യ്
ഉംറക്ക് ഇഹ്‌റാം ചെയ്തവര്‍ പിന്നീട് സ്വഫാ-മർവക്കിടയില്‍ സഅ്‌യ് നടത്തുന്നു. ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ദുൽഹജ്ജ് പത്തിനോ ശേഷമോ ത്വവാഫുല്‍ ഇഫാദക്കു ശേഷമാണ് സഅ്‌യ് നടത്തുക.
സ്വഫായും മർവയും മക്കയിലെ രണ്ട് കുന്നുകളാകുന്നു. അത് രണ്ടിനുമിടയില്‍ വേഗത്തില്‍ നടക്കുന്നതിനാണ് സഅ്‌യ് എന്ന് പറയുന്നത്. സ്വഫായില്‍ നിന്നാണ് സഅ്‌യ് ആരംഭിക്കേണ്ടത്. സ്വഫായില്‍ കയറുമ്പോള്‍
إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ…-الْبَقَرَة: 158
(നിശ്ചയം സ്വഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്) എന്ന ആയത്ത് ഓതല്‍ സുന്നത്താണ്. പിന്നീട് ഖിബ്‌ലയുടെ നേരെ തിരിഞ്ഞ് اللهُ أكبَرُ، اللهُ أكبَرُ، اللهُ أكبَرُ എന്ന് മൂന്നു പ്രാവശ്യം തക്ബീര്‍ ചൊല്ലുകയും അല്ലാഹുവെ വാഴ്ത്തുകയും കൈയുയർത്തി പ്രാർഥിക്കുകയും ചെയ്യേണ്ടതാണ്.
ശേഷം മർവയിലേക്ക് നടക്കുക. പച്ച അടയാളങ്ങൾക്കിടയിൽ പുരുഷന്മാർ ഓടുക. മർവയിലേക്ക് കയറുമ്പോൾ സ്വഫായിലേക്ക് കയറിയപ്പോൾ ചെയ്തപോലെ ആയത്ത് ഓതുക. മുകളിലെത്തിയാൽ ഖിബ്്ലക്ക് അഭിമുഖമായി നിന്ന് കൈകൾ ഉയർത്തി ദിക്ർ- ദുആകൾ ചൊല്ലാം. സഅ്‌യിൽ ചൊല്ലാൻ പ്രത്യേകം ദുആകൾ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഓരോരുത്തരും സാധിക്കുന്ന ദിക്ർ - ദുആകൾ ചൊല്ലിയാൽ മതിയാകും.
മർവയിലേക്ക് കയറുമ്പോള്‍, സ്വഫായിലേക്ക് കയറുമ്പോള്‍ ചെയ്തതു പോലെ ആയത്ത് ഓതലും മുകളില്‍ എത്തിയാല്‍ കഅ്ബക്ക് നേരെ തിരിഞ്ഞ് ദിക്‌റും ദുആയും ചെയ്യലും സുന്നത്താണ്. പിന്നീട് സ്വഫായിലേക്കുതന്നെ മടങ്ങണം. അങ്ങനെ ഏഴു പ്രാവശ്യമാണ് സഅ്‌യ് നടത്തേണ്ടത്. സ്വഫായില്‍നിന്ന് മർവയിലേക്കുള്ള നടത്തം ഒരു സഅ്‌യ് ആയും മർവയില്‍നിന്ന് സ്വഫായിലേക്കുള്ള തിരിച്ചുപോക്ക് രണ്ടാമത്തെ സഅ്‌യ് ആയുമാണ് കണക്കാക്കപ്പെടുക.
അനന്തരം ഉംറക്ക് ഇഹ്‌റാം ചെയ്തവർക്ക് മുടി കളയുകയോ വെട്ടുകയോ ചെയ്ത് ഇഹ്‌റാമില്‍നിന്ന് ഒഴിവാകാം.
ദുൽഹജ്ജ് എട്ടിലെ കർമങ്ങള്‍
ദുൽഹജ്ജ് എട്ട് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലാണ് ഹജ്ജിലെ പ്രധാന കർമങ്ങള്‍ തുടർച്ചയായി നിർവഹിക്കപ്പെടുന്നത്. ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ദുൽഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുന്നു. ഉംറ കഴിഞ്ഞ് ഇഹ്‌റാമില്‍നിന്ന് ഒഴിവായവരും മക്കാ നിവാസികളും അന്നാണ് ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ താമസസ്ഥലത്തു നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. അന്ന് ളുഹ്്ർ, അസ്വ്്ർ, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌കാരങ്ങളും പിറ്റേന്ന് സ്വുബ്്ഹ് നമസ്‌കാരവും മിനായില്‍ വെച്ച് നിർവഹിക്കലും അന്ന് രാത്രി അവിടെ താമസിക്കലും സുന്നത്താണ്. ദുൽഹജ്ജ് എട്ടിനു തന്നെ മിനായിലേക്ക് പോവല്‍ ഹജ്ജിന്റെ നിർബന്ധ കർമമല്ല. ഒരാള്‍ ദുൽഹജ്ജ് ഒമ്പതിന് മക്കയിൽനിന്ന് ഇഹ്‌റാം ചെയ്ത് നേരെ അറഫയിലേക്ക് പുറപ്പെടുകയാണെങ്കില്‍ ഹജ്ജിന് ദോഷമൊന്നും സംഭവിക്കുന്നില്ല. സുന്നത്തുകള്‍ നഷ്ടപ്പെടുന്നു എന്നേയുള്ളൂ. മിനായില്‍ താമസിക്കുന്ന ദിവസങ്ങളിലെല്ലാം ഓരോ നമസ്‌കാരവും അതതിന്റെ സമയത്താണ് നിർവഹിക്കേണ്ടത്. എന്നാൽ ളുഹ്്ർ, അസ്വ്്ർ, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ ഖസ്വ്‌റാക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിക്കേണ്ടത്.
ദുൽഹജ്ജ് ഒമ്പതിലെ കർമങ്ങള്‍
ഹജ്ജിലെ സുപ്രധാന ദിനമാണ് ദുൽഹജ്ജ് ഒമ്പത് (അറഫാ ദിനം). അന്ന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായിൽനിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. 'ഹജ്ജ് അറഫയാണ്' എന്ന് നബി (സ) പറയുകയുണ്ടായി.
സൗകര്യപ്പെടുമെങ്കില്‍ ഉച്ച വരെ അറഫയുടെ അതിർത്തിയിലുള്ള നമിറയില്‍ കഴിച്ചുകൂട്ടലും ളുഹ്‌റും അസ്വ്്റും അവിടെ വെച്ച് നമസ്‌കരിക്കലും സുന്നത്താണ്. അതിനു സൗകര്യപ്പെടാത്തവര്‍ അറഫയില്‍ ഇറങ്ങുകയും അവിടെ വെച്ച് ളുഹ്‌റും അസ്വ്്റും നമസ്‌കരിക്കുകയും ചെയ്യുന്നതിന് വിരോധമില്ല. ളുഹ്‌റും അസ്വ്‌റും ളുഹ്‌റിന്റെ സമയത്ത് ഒരു ബാങ്കോടും രണ്ട് ഇഖാമത്തോടും കൂടി ജംഉം ഖസ്വ്‌റുമായി നമസ്‌കരിക്കുകയാണ് വേണ്ടത്. സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല.
ളുഹ്്ർ-അസ്വ്്ർ നമസ്‌കാരങ്ങൾക്ക് ശേഷമാണ് അറഫയിലെ നിറുത്തം ആരംഭിക്കുന്നത്. തദവസരത്തില്‍ ഖിബ്‌ലക്ക് നേരെ തിരിഞ്ഞുനിന്നുകൊണ്ട് കൈയുയർത്തി ധാരാളമായി ദിക്‌റും ദുആയും ചെയ്യല്‍ സുന്നത്താണ്. തൽബിയത്തും ഖുർആന്‍ പാരായണവും ഉത്തമമാകുന്നു.
സൂര്യാസ്തമയം വരെയാണ് അറഫയില്‍ നിൽക്കേണ്ടത്. അതിനു മുമ്പ് അറഫയുടെ അതിർത്തി വിടാന്‍ പാടില്ല. സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പോകുന്നു. മഗ്‌രിബും ഇശാഉം മുസ്ദലിഫയിലെത്തിയ ശേഷമാണ് നമസ്‌കരിക്കേണ്ടത്. മഗ്‌രിബ് മൂന്ന് റക്അത്തും ഇശാഅ് രണ്ട് റക്അത്തും ജംഉം ഖസ്വ്‌റുമായി ഒരു ബാങ്കും രണ്ട് ഇഖാമത്തും കൊടുത്തുകൊണ്ട് നിർവഹിക്കണം.
ഹാജിമാര്‍ മുസ്ദലിഫയിലാണ് അന്ന് രാത്രി കഴിച്ചുകൂട്ടേണ്ടത്. പക്ഷേ സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ മുതലായവർക്കും അവരുടെ കൂടെ പോകുന്നവർക്കും അർധരാത്രിക്കു ശേഷം മിനായിലേക്ക് പുറപ്പെടാവുന്നതാണ്. മറ്റുള്ളവര്‍ സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് നേരം വെളുത്ത ശേഷമാണ് മുസ്ദലിഫയില്‍നിന്ന് പുറപ്പെടേണ്ടത്. സ്വുബ്ഹ് നമസ്‌കാരാനന്തരം ഖിബ്‌ലക്ക് നേരെ നിന്ന് കൈയുയർത്തി ധാരാളം ദിക്‌റും ദുആയും ചെയ്യുന്നത് സുന്നത്താണ്.
ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴ് കല്ലുകള്‍ മുസ്ദലിഫയിൽനിന്ന് എടുക്കാവുന്നതാണ്; മിനായില്‍ നിന്നും എടുക്കാം.
ദുൽഹജ്ജ് പത്തിലെ കർമങ്ങള്‍
ഹജ്ജിലെ ഏറ്റവും തിരക്കുപിടിച്ച ദിവസമാണ് ദുൽഹജ്ജ് പത്ത്. അന്ന് താഴെ പറയുന്ന കർമങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നു:
- ജംറത്തുല്‍ അഖബയില്‍ കല്ലേറ്
ഹാജിമാര്‍ മുസ്ദലിഫയിൽനിന്ന് മിനായില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുന്ന കർമമാണ് ജംറത്തുല്‍ അഖബയിലെ കല്ലേറ്. ജംറയുടെ അടുത്തെത്തിയാല്‍ തൽബിയത്ത് നിർത്തുകയും ഏഴ് കല്ലുകള്‍ കൊണ്ട് ജംറയില്‍ എറിയുകയും വേണം. ഓരോ കല്ല് വീതമാണ് എറിയേണ്ടത്. ഓരോ കല്ല് എറിയുമ്പോഴും 'അല്ലാഹു അക്ബര്‍' എന്ന് പറയല്‍ സുന്നത്താണ്. - ബലിയറുക്കല്‍
ജംറത്തുല്‍ അഖബയിലെ കല്ലേറ് കഴിഞ്ഞാല്‍ ബലിയറുക്കാനുള്ളവര്‍ അത് നിർവഹിക്കുകയാണ് വേണ്ടത്. ഹജ്ജ് മാസങ്ങളില്‍ ഉംറ നിർവഹിച്ച് അതേ വർഷം ഹജ്ജ് ചെയ്യുന്നവർക്കും ഹജ്ജും ഉംറയും ഒന്നായി നിർവഹിക്കുന്നവർക്കും ബലി നിർബന്ധമാണ്. ഹജ്ജ് മാത്രം നിർവഹിക്കുന്നവർക്ക് ബലി നിർബന്ധമില്ല.
ആട്, മാട്, ഒട്ടകം എന്നിവയാണ് ബലി മൃഗങ്ങള്‍. ആടാണെങ്കില്‍ ഒരാൾക്ക് ഒന്ന് തന്നെ നിർബന്ധമാണ്. മാടോ ഒട്ടകമോ ആണെങ്കില്‍ ഒരു മൃഗത്തില്‍ ഏഴു പേര്‍ വരെ പങ്കുകാരാവാം. ബലി കർമം ദുൽഹജ്ജ് പത്തിനു തന്നെ നിർവഹിക്കണമെന്ന് നിർബന്ധമില്ല. ബലിയുടെ സമയം ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ ഉണ്ട്.
ബലി സ്വന്തമായി നിർവഹിക്കാന്‍ സാധിക്കാത്തവർക്ക്് വർഷങ്ങളായി സുഊദി ഗവൺമെന്റ് ഏർപ്പെടുത്തിയ കൂപ്പണ്‍ സംവിധാനം ഉപയോഗപ്പെടുത്താം.
ബലികർമത്തിന് ഒരാൾക്ക് സാധിക്കാതെ വരികയാണെങ്കില്‍ പത്തു ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. മൂന്ന് നോമ്പ് ഹജ്ജ് കാലത്തും ഏഴ് നോമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ്ഠിച്ചാല്‍ മതി. - മുടിയെടുക്കല്‍
പിന്നീട് ഹാജിമാര്‍ തലമുടി എടുക്കുന്നു. മുടി മുഴുവനായി കളയുകയോ വെട്ടുകയോ ആവാം. മുഴുവനായി കളയുന്നതാണ് ഉത്തമം. സ്ത്രീകള്‍ മുടിയുടെ അറ്റത്തു നിന്ന് ഒരു വിരല്‍ തുമ്പിന്റെ അത്ര വെട്ടുകയാണ് വേണ്ടത്. - ത്വവാഫുല്‍ ഇഫാദ
ഹജ്ജിന്റെ നിർബന്ധ ത്വവാഫായ ത്വവാഫുല്‍ ഇഫാദ അന്നു തന്നെ നിർവഹിക്കുകയാണ് നല്ലത്. അത് പിന്തിക്കുന്നതിനും വിരോധമില്ല. പക്ഷേ, അത് പ്രായശ്ചിത്തംകൊണ്ട് പരിഹരിക്കപ്പെടാത്ത, ഹജ്ജിന്റെ റുക്്ന് ആയതുകൊണ്ടും ഇഹ്‌റാമില്‍ നിന്ന് പൂർണമായി ഒഴിവാകാന്‍ അത് ഉപാധിയായതുകൊണ്ടും കഴിവതും നേരത്തെ തന്നെ നിർവഹിക്കുന്നതാണ് ഉത്തമം. - സഅ്‌യ്
ഹജ്ജിന്റെ മറ്റൊരു നിർബന്ധ കർമമാണ് സ്വഫാ-മർവക്കിടയിലെ സഅ്‌യ്. ത്വവാഫുല്‍ ഇഫാദക്കു ശേഷമാണ് അത് നിർവഹിക്കേണ്ടത്.
ജംറത്തുല്‍ അഖബയിലെ കല്ലേറും മുടിയെടുക്കലും കഴിഞ്ഞാല്‍ ഹാജിമാർക്ക് ഇഹ്റാമിൽനിന്ന് ഭാഗികമായി ഒഴിവാകാം. സ്ത്രീ-പുരുഷ സംസർഗം ഒഴികെ ഇഹ്‌റാംകൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവർക്ക്് അനുവദനീയമായിരിക്കും. ത്വവാഫുല്‍ ഇഫാദ കൂടി നിർവഹിച്ചു കഴിഞ്ഞാല്‍ സ്ത്രീ-പുരുഷ സംസർഗവും അനുവദനീയമാണ്.
അയ്യാമുത്തശ്്രീഖിൽ മിനായില്‍ താമസം
ഹാജിമാര്‍ പെരുന്നാള്‍ ദിവസം കൂടാതെ മൂന്ന് ദിവസമാണ് മിനായില്‍ താമസിക്കേണ്ടത്- ദുൽഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്. പ്രസ്തുത ദിനങ്ങളില്‍ മൂന്ന് ജംറകളില്‍ കല്ലെറിയേണ്ടതാണ്. ആദ്യം ജംറത്തുസ്സ്വുഗ്‌റായിലും പിന്നീട് ജംറത്തുല്‍ വുസ്ത്വായിലും അവസാനം ജംറത്തുല്‍ അഖബയിലും. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളില്‍ കല്ലേറ് കഴിഞ്ഞ ശേഷം ഖിബ്‌ലക്കു നേരെ തിരിഞ്ഞുനിന്ന് പ്രാർഥിക്കല്‍ സുന്നത്താണ്.
കല്ലെറിയാന്‍ ശാരീരിക ശേഷിയില്ലാത്തവർക്ക് എറിയുന്നതിന് മറ്റുള്ളവരെ വക്കാലത്ത് ഏൽപിക്കാം. ഏൽപിക്കപ്പെടുന്ന വ്യക്തി ആ വർഷം ഹജ്ജ് നിർവഹിക്കുന്ന ആളായിരിക്കണം. മറ്റുള്ളവർക്ക് വേണ്ടി എറിയുന്ന ആള്‍ ഓരോ ജംറയിലും ആദ്യം സ്വന്തത്തിനു വേണ്ടി എറിഞ്ഞ ശേഷം അവിടെ നിന്നുകൊണ്ട് തന്നെ ഏൽപിച്ച ആൾക്ക് എറിഞ്ഞാല്‍ മതി. ജംറകളില്‍ കല്ലെറിയാന്‍ മറ്റുള്ളവരെ ഏൽപിച്ചവരും നിശ്ചിത ദിവസങ്ങളില്‍ മിനായില്‍ താമസിക്കല്‍ നിർബന്ധമാണ്.
ദുൽഹജ്ജ് പന്ത്രണ്ടിന് ജംറകളിലെ കല്ലേറ് കഴിഞ്ഞ ശേഷം മിനാ വിടാന്‍ ഉദ്ദേശിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. പക്ഷേ, മിനാ വിടുന്നവര്‍ സൂര്യാസ്തമയത്തിനു മുമ്പ് മിനായില്‍നിന്ന് പുറപ്പെട്ടിരിക്കണം. ഇല്ലെങ്കില്‍ അന്നു രാത്രി കൂടി മിനായില്‍ താമസിക്കലും പിറ്റേ ദിവസം കല്ലെറിയലും നിർബന്ധമാണ്. ദുൽഹജ്ജ് പന്ത്രണ്ടിന് മിനാ വിടുന്നവര്‍ പതിമൂന്നിന് എറിയേണ്ട കല്ലുകള്‍ കൂടി മുൻകൂട്ടി എറിയേണ്ടതില്ല.
ജംറത്തുൽ അഖബയിലെ കല്ലേറും മുടിയെടുക്കലും കഴിഞ്ഞാൽ ഹാജിമാർക്ക് ഇഹ്റാമിൽനിന്ന് ഭാഗികമായി ഒഴിവാകാം. ഇതിന് ഒന്നാം തഹല്ലുൽ എന്ന് പറയുന്നു. സ്ത്രീ-പുരുഷ സംസർഗമൊഴികെ, ഇഹ്റാംകൊണ്ട് നിഷിദ്ധമായ മറ്റെല്ലാ കാര്യങ്ങളും അവർക്ക് അനുവദനീയമാകും. ത്വവാഫുൽ ഇഫാദ കൂടി നിർവഹിച്ചു കഴിഞ്ഞാൽ സ്ത്രീ-പുരുഷ സംസർഗവും അനുവദനീയമാണ്. ഇതിന് രണ്ടാം തഹല്ലുൽ എന്നും പറയുന്നു.
ജംറത്തുൽ അഖബയിൽ കല്ലേറ്, ബലി, തലമുണ്ഡനം അല്ലെങ്കിൽ മുടിമുറിക്കൽ, ത്വവാഫുൽ ഇഫാദ എന്നീ ക്രമം പാലിക്കുന്നതാണ് ഉത്തമം. എന്നാൽ, ഈ ക്രമം തെറ്റുന്നതുകൊണ്ട് വിരോധമില്ല.. കാരണം, ബലിദിവസത്തെ കർമങ്ങളിൽ മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്തതായി നബി(സ)യോടു ചോദിച്ച എല്ലാ കാര്യത്തിനും അവിടുത്തെ മറുപടി, അങ്ങനെ ചെയ്തുകൊള്ളുക; അതിൽ തെറ്റില്ല എന്നായിരുന്നു. പെരുന്നാൾ രാവിന്റെ അർധരാത്രി മുതൽ കല്ലേറിന്റെ സമയം ആരംഭിക്കുന്നു. അയ്യാമുത്തശ്്രീഖിന്റെ അസ്തമയം വരെ എറിയാനുള്ള സമയമാണ്. പെരുന്നാൾ ദിനം സൂര്യൻ ഉദിച്ചുയർന്നതു മുതൽ മധ്യത്തിൽനിന്ന് നീങ്ങുന്നതു വരെയുള്ള സമയമാണ് ഏറ്റവും ശ്രേഷ്ഠം.
ത്വവാഫുല്‍ വിദാഅ്
ഹജ്ജിലെ അവസാനത്തെ കർമമാണ് ത്വവാഫുല്‍ വിദാഅ്. ഹാജിമാര്‍ മക്ക വിടുമ്പോള്‍ നിർവഹിക്കുന്ന ത്വവാഫായതുകൊണ്ടാണ് അതിന് ത്വവാഫുല്‍ വിദാഅ് (വിടവാങ്ങുന്ന ത്വവാഫ്) എന്നു പറയുന്നത്. ആർത്തവം, പ്രസവം എന്നീ കാരണങ്ങളാല്‍ ശാരീരിക പ്രയാസമുള്ള സ്ത്രീകള്‍ ഒഴികെ എല്ലാ ഹാജിമാർക്കും അത് നിർബന്ധമാണ്. l