ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ത്വൂഫാനുല്‍ അഖ്‌സ്വാക്ക് തുടക്കമിട്ട ശേഷം അല്‍ജസീറ അറബി ചാനലില്‍ ഗസ്സയും ഫലസ്ത്വീനുമല്ലാതെ മറ്റു വാര്‍ത്തകൾ അധികമൊന്നും സംപ്രേഷണം ചെയ്തുകാണാറില്ല. ഇടതടവില്ലാതെ ഇരുപത്തിനാല് മണിക്കൂറും അതിന്റെ സംപ്രേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അധിനിവേശ സേന ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും വിഛേദിച്ച് ഗസ്സക്കുമേല്‍ കടന്നാക്രമണം കടുപ്പിച്ച ആ ഇരുട്ടുമുറ്റിയ ഭീകര രാത്രിയിലും ഗസ്സയുടെ അതിര്‍ത്തിയിലെവിടെയോ വീഡിയോ കാമറ ഘടിപ്പിച്ച് ഗസ്സ മുബാശിര്‍ (Gaza Live) എന്ന് സ്‌ക്രീനിന്റെ ഒരു മൂലയിലെഴുതി ഗസ്സയുടെ നേര്‍ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ആ ചാനല്‍ ബദ്ധശ്രദ്ധമായിരുന്നു. പാതിരാക്ക് ഉണരുമ്പോഴെല്ലാം മൊബൈലില്‍ അല്‍ജസീറ തുറന്നു നോക്കും. ശക്തമായ ഇടിമിന്നലുള്ള നേരത്ത് ആകാശത്ത് തെളിയുന്ന വെള്ളിക്കീറുപോലെ, അന്നു രാത്രി ഗസ്സയിലുടനീളം ടണ്‍ കണക്കിന് ബോംബ് വന്നുവീഴുന്നതിന്റെ തീജ്വാലപ്പകര്‍ച്ചകള്‍ സ്‌ക്രീനില്‍ കണ്ടുനടുങ്ങി ഉറക്കം നഷ്ടപ്പെട്ടുപോയി. അന്നേരം, അബൂ ഉബൈദയുടെ ട്വിറ്റര്‍/എക്‌സ് ഹാന്‍ഡിലില്‍ ഗസ്സക്കു വേണ്ടിയുള്ള പ്രാര്‍ഥനയും രോദനവും മാത്രം.
വെടിനിര്‍ത്തൽ വേളയിലും ബോംബുകള്‍ വന്നുപതിക്കാത്ത യുദ്ധസമയത്തും ഗസ്സക്കാര്‍ കുടുംബസമേതം തെരുവുകളിലുണ്ടായിരുന്നു. അന്നേരം, ഷോപ്പിംഗിനും മറ്റുമായി ഇറങ്ങിയ നാട്ടുകാരെ ഇന്റര്‍വ്യൂ ചെയ്യാന്‍ അല്‍ജസീറ ചാനല്‍ മുമ്പിലുണ്ടാവും. അത്തരം കാഴ്ചകള്‍ ലൈവായി കണ്ടുകൊണ്ടിരിക്കുമ്പോള്‍, ഗസ്സക്കാരുടെ മനക്കരുത്തില്‍ നമ്മള്‍ അതിശയപ്പെട്ടു പോകും. അവരുടെ വാക്കുകളില്‍ തുടിക്കുന്ന ആത്മവിശ്വാസവും, കുട്ടികൾ പോലും പ്രകടിപ്പിക്കുന്ന രാഷ്ട്രീയബോധവും സ്ഥൈര്യവും നമ്മെ അത്ഭുതപ്പെടുത്തും.
ആ സംസാരങ്ങളില്‍ ഗസ്സക്കാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നതും പൊതുവെ മുസ്‌ലിംകള്‍ ഗൗനിക്കാതെ വിട്ടതുമായ ഒരു വാക്യം ഒരുപാടു പാശ്ചാത്യരെ ഇസ്‌ലാമിലേക്ക് മാടിവിളിച്ചിരിക്കുന്നു എന്ന് നാമിപ്പോൾ അറിയുന്നു. ചാനല്‍ കറസ്‌പോണ്ടന്റ് യുദ്ധത്തിന്റെ കൊടും ഭീകരവാഴ്ചയെപ്പറ്റി അഭിപ്രായം ചോദിച്ചു തീര്‍ന്നാലുടന്‍, ഗസ്സക്കാര്‍ 'അല്‍ഹംദു ലില്ലാഹ്' (അല്ലാഹുവിന് സ്തുതി) പറഞ്ഞു സംസാരം തുടങ്ങുന്നു. ഇത് പാശ്ചാത്യരിലെ ന്യൂജെനിനെ (New Gen) ഒട്ടൊന്നുമല്ല ഞെട്ടിക്കുന്നത്. ബോംബുകളും മിസൈലുകളും തലക്കു മീതെ തലങ്ങും വിലങ്ങും ചീറിപ്പായുമ്പോള്‍, കിടപ്പാടം ചിതറിത്തെറിക്കുമ്പോള്‍, ഉറ്റ ബന്ധുക്കള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽപെട്ട് ശ്വാസം മുട്ടുമ്പോള്‍, ഭക്ഷണവും കുടിവെള്ളവും കിട്ടാതെ തളരുമ്പോള്‍, കൊടും തണുപ്പില്‍ കരിമ്പടമോ ആവശ്യത്തിന് വസ്ത്രമോ ഇല്ലാതെ തണുത്തുറയുമ്പോള്‍, ആശുപത്രികളില്‍ അവശ്യം വേണ്ട മരുന്നുകളോ ഡോക്ടര്‍മാരോ ഇല്ലാതെ പ്രിയപ്പെട്ടവര്‍ കണ്‍മുമ്പില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുന്നതുകണ്ട് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുമ്പോള്‍, ആശുപത്രികളെങ്കിലും സുരക്ഷിത മേഖലയായിരിക്കുമെന്ന് നിനച്ച് അതിന്റെ ചാരത്ത് കുടുംബത്തെയും കൂട്ടി ചുരുണ്ടുകൂടിയിരിക്കെ അവിടെയും മനുഷ്യക്കോലത്തിലുള്ള പിശാചുക്കള്‍ ബോംബുവര്‍ഷം നടത്തി കൂട്ടക്കുരുതി തുടരുമ്പോള്‍ എങ്ങനെ കഴിയുന്നു അല്ലാഹുവിന് സ്തുതി പറയാന്‍? ഈ ദിശയിലാണ് അവരുടെ ചിന്ത.
വേറിട്ടൊരു ഇസ്‌ലാം
ഈജിപ്ഷ്യന്‍ വംശജനായ അമേരിക്കന്‍ ഗ്രന്ഥകാരനും രാഷ്ട്രമീമാംസകനും ദ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രാധിപസമിതി അംഗവുമായ ഡോ. ശാദി ഹാമിദ് 2016-ല്‍ പ്രസിദ്ധീകരിച്ച Islamic Exceptionalism: How the Struggle Over Islam is Reshaping the World (ഇസ്‌ലാമിന്റെ വേറിട്ടുനില്‍പ്പ്: ഇസ്‌ലാമിന്റെ പേരിലുള്ള പോരാട്ടം ലോകത്തെ പുനർ രൂപകൽപന ചെയ്യുന്നതെങ്ങനെ?) എന്ന കൃതി ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു. അറബ് വസന്ത വിപ്ലവങ്ങള്‍ ഉയര്‍ത്തിയ ജനാധിപത്യ പ്രതീക്ഷയും, ഏകാധിപത്യത്തിലേക്ക് അവ കൂപ്പുകുത്തിയതും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മേലുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അനിഷേധ്യമായ സ്വാധീനവുമെല്ലാം ആ കൃതിയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. അതിന്റെ ഒന്നാം അധ്യായത്തില്‍ ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്ന ഒരു കാര്യമാണ് ആ പുസ്തകത്തിന്റെ പേരായി രൂപപ്പെട്ടുവന്നത്.
ഇഹ-പര ലോകങ്ങളെ ഒരു സാകല്യമായി കാണുന്ന ഇസ്‌ലാമിന്റെ ജീവിതസങ്കല്‍പ്പം ഉള്‍ക്കൊള്ളുന്നതില്‍ ബാഹ്യനിരീക്ഷകന് സംഭവിക്കുന്ന വീഴ്ച, മുസ്‌ലിമിന്റെ ഓരോ വ്യവഹാരത്തെയും യഥാവിധി ഗ്രഹിക്കുന്നതില്‍നിന്ന് അയാളെ തടയുന്നു. സാമ്പ്രദായിക മതങ്ങളെ അളക്കുന്ന ഏത് മാപിനി ഉപയോഗിച്ച് ഇസ്‌ലാമിനെ അളന്നാലും ആ കണക്കുകൂട്ടലുകള്‍ പിഴക്കും. വേറിട്ടുനില്‍ക്കുന്ന ഇസ്‌ലാമിന്റെ ഈ പ്രത്യയശാസ്ത്ര ലോകത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു സത്യാന്വേഷിയും ഒന്നാമതായി വേണ്ടത്, പാരത്രിക ജീവിതത്തെപ്പറ്റിയുള്ള ഇസ്‌ലാമിന്റെ അത്യന്തം സ്പഷ്ടമായ അധ്യാപനങ്ങളെ വേണ്ടവിധം മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. അതില്‍ പരാജയപ്പെട്ടാല്‍, എന്തുകൊണ്ട് ഇസ്‌ലാം ഒരു സദാചാരവ്യവസ്ഥ മുന്നോട്ടുവെക്കുന്നുവെന്നോ, അത് നടപ്പാക്കുന്നതില്‍ ഇസ്‌ലാം സ്വീകരിച്ച സ്ട്രാറ്റജി ഫലപ്രദമാകുന്നതെങ്ങനെയെന്നോ അയാൾക്ക് മനസ്സിലാകില്ല.
ഒരു ഉദാത്ത ലക്ഷ്യത്തിനായി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷ്യം(ശഹാദത്ത്) ആ നിരീക്ഷകനെ സംബന്ധിച്ചേടത്തോളം നിരര്‍ഥകമായിരിക്കും. സിവില്‍-ക്രിമിനല്‍-രാഷ്ട്രീയ- സാമ്പത്തിക നിയമങ്ങളെല്ലാം ഇസ്‌ലാം എന്തിന് മുന്നോട്ടുവെക്കുന്നുവെന്ന ആശങ്ക അവനെ വിട്ടുപോവുകയില്ല. അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരം, സമ്പത്തിന്റെ ഉടമസ്ഥാവകാശം, ഓരോ മനുഷ്യന്റെയും ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ പവിത്രവും ആദരണീയവുമാണെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന പാഠം, എല്ലാ മനുഷ്യരും പാരത്രിക ജീവിതത്തിലെ വിധിതീര്‍പ്പുനാളില്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടുമെന്ന മൗലിക വിശ്വാസം …. ഈ കാര്യങ്ങളിലൊന്നും വ്യക്തത വരാതെ അയാളുടെ ആശയക്കുഴപ്പം നീങ്ങുകയില്ല. അയാൾ പരിചയിച്ചിട്ടുള്ള മതങ്ങളൊന്നും അവയില്‍ വിശ്വസിക്കുന്നവരുടെ ദൈനംദിന വ്യവഹാരങ്ങളെ സ്വാധീനിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. തീര്‍ത്തും ഭൗതികമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള കുറേ പൂജകളും ഉപാസനകളും കുമ്പസാരങ്ങളും ആധ്യാത്മിക യാത്രകളും മാത്രം. ഇതര മതവിശ്വാസ സംഹിതകളില്‍നിന്നുള്ള ഇസ്‌ലാമിന്റെ ഈ വേറിട്ടുനില്‍പ്പാണ് Islamic Exceptionalism എന്ന പുതിയ പദനിര്‍മിതിയിലൂടെ ഗ്രന്ഥകാരന്‍ ആവിഷ്‌കരിക്കുന്നത്.
വെറും മനുഷ്യര്‍ കണ്ട ഇസ്‌ലാം
ഇതെല്ലാം ഇസ്‌ലാമിനെ പഠിക്കാനും നിരീക്ഷിക്കാനും സ്വയംസന്നദ്ധനായി മുന്നോട്ടുവരുന്ന ഒരു അന്വേഷിയുടെ കാര്യം. എന്നാല്‍, ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ ഗൗരവമായി നിരീക്ഷിക്കാതെ, ടിക്ടോക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ലോകത്ത് സമയം പോക്കുന്ന പുതു തലമുറയുടെ കണ്ണുതുറപ്പിക്കാന്‍ ഇതു മതിയായിരുന്നില്ല. അവിടെയാണ്, ത്വൂഫാനുല്‍ അഖ്‌സ്വാ ഇസ്‌ലാമിനെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടി ലോകത്തിനു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയത്. അതോടെ, അന്നുവരെ ഇസ്‌ലാമിനെ അറിയുകയോ പരിചയപ്പെടുകയോ മുസ്‌ലിംകളുമായി ഇടപഴകുകയോ മുസ്‌ലിം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയോ ഒന്നും ചെയ്തിട്ടില്ലാത്ത, വെറും മനുഷ്യരുടെ മുമ്പില്‍ ഇസ്‌ലാം പൗര്‍ണമിനാളിലെ ചന്ദ്രിക പോലെ തെളിഞ്ഞുവന്നു. ആ നിലാവില്‍ അവര്‍ കണ്ടത്: ദശകങ്ങളായി നാലുപാടുനിന്നും വളഞ്ഞുവെക്കപ്പെട്ട ഒരു ജനതയുടെ വിശ്വാസദാര്‍ഢ്യവും ക്ഷമയും മനക്കരുത്തും, തന്റെ മരണശേഷം ഉടുപ്പും ചെരിപ്പും ആര്‍ക്കൊക്കെ കൊടുക്കണമെന്ന് വസ്വിയ്യത്ത് എഴുതിവെച്ച് മരണത്തെ സ്വീകരിക്കാന്‍ മനസാ തയാറാകുന്ന ഗസ്സയിലെ ബാലിക ഹയ, റൂഹിന്റെ റൂഹായ കുഞ്ഞുമോളുടെ കണ്ണുകളില്‍ ഉമ്മ വെച്ച് വിടചൊല്ലുന്ന ഗസ്സയിലെ ഉപ്പ, ലോകചരിത്രത്തിലാദ്യമായി മോചിപ്പിക്കപ്പെടുന്ന സമയത്ത് അതുവരെയും തടഞ്ഞുവെച്ച 'കൊടും ഭീകരന്മാര്‍'ക്ക് റ്റാറ്റാ കൊടുത്ത് വിടപറയുന്ന ബന്ദികളായ ജൂതസ്ത്രീകള്‍, ആപത്ഘട്ടത്തില്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അയല്‍ക്കാരെല്ലാം കൈയൊഴിഞ്ഞിട്ടും മാനവരാശി ഇതുവരെ കണ്ടിട്ടില്ലാത്ത യുദ്ധതന്ത്രങ്ങളുമായി എതിരാളിയുടെ നട്ടെല്ലൊടിക്കുന്ന പോരാളികൾ, ഏറ്റവും സത്യസന്ധമായ പ്രസ്താവനകളുമായി ലോകത്തെ അഭിസംബോധന ചെയ്യുന്ന അവരുടെ വക്താവ് അബൂ ഉബൈദ …..
മറുവശത്ത്, സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു സിവിലിയന്മാരെ അറുകൊല ചെയ്യുന്ന സയണിസ്റ്റ് സേന, നുണപ്രചാരണങ്ങള്‍കൊണ്ട് സൈനികര്‍ക്ക് ധൈര്യം പകരാന്‍ ശ്രമിക്കുന്ന സയണിസ്റ്റ് അധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അഭയാര്‍ഥി ക്യാമ്പുകള്‍ പോലും ബോംബിട്ട് തകര്‍ക്കുകയും ഒരു പിശാചിന്റെ ഭാവനയില്‍ മാത്രം വിരിയുന്ന കൊടും ക്രൂരതകളെന്തും കാട്ടാന്‍ ഒരുമ്പെട്ടിറങ്ങുകയും ചെയ്ത ആയുധ ധാരികളായ കൊടും ഭീകരര്‍…… ഇതെല്ലാം ആ വെറും മനുഷ്യര്‍ മറയില്ലാതെ കണ്ടു.
ഹിസ്ബുല്ലയുടെയും ഹമാസിന്റെയും മിസൈല്‍വര്‍ഷത്തില്‍നിന്ന് രക്ഷപ്പെടാനായി ലബനോണ്‍ അതിര്‍ത്തിയിലെയും അഷ്ഖലോണ്‍ മേഖലയിലെയും ലക്ഷക്കണക്കിന് ജൂതകുടിയേറ്റക്കാരെ ഒഴിപ്പിച്ചിരുന്നു. അവരെല്ലാം മാസങ്ങളായി അഭയാര്‍ഥി ക്യാമ്പുകളിലാണ്. അവിടെ പാര്‍ക്കുന്ന ചെറുപ്പക്കാരികളും അല്ലാത്തവരുമായ സ്ത്രീകള്‍ പീഡനങ്ങൾ കൊണ്ട് പൊറുതിമുട്ടിയ വാര്‍ത്തകളും അന്തരീക്ഷത്തിലുണ്ട്. ഹൃദയശൂന്യരായ ശത്രുക്കളിലെ സ്ത്രീജനങ്ങളോട് ഹമാസ് അനുവര്‍ത്തിച്ച മാന്യമായ രീതിയും (തന്റെ മോള്‍ ഹമാസിന്റെ പട്ടാളക്കാര്‍ക്കിടയില്‍ രാജകുമാരിയായിരുന്നെന്നും യുദ്ധം അവസാനിച്ചാല്‍ ഇനിയും ഗസ്സയില്‍ വരുമെന്നുമാണ് മോചിതയായ ഒരു ഇസ്രായേലി വനിത പറഞ്ഞത്), സ്വന്തക്കാരായ സ്ത്രീകളോട് ജൂതസമൂഹം കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങളും ഒരേസമയം പുറത്തുവന്നത്, രണ്ടു നിലപാടുകളും തമ്മില്‍ താരതമ്യം ചെയ്തു വിലയിരുത്താന്‍ ആ സാധാരണക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാകും.
യുദ്ധ-സന്ധിവേളകളിലും ബന്ദികളോടുള്ള പെരുമാറ്റത്തിലുമൊക്കെ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച ഖുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും നിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് ഖസ്സാം ബ്രിഗേഡ്സും സറായല്‍ ഖുദ്‌സും മുന്നോട്ടുപോയത്. ആധുനിക ലോകത്തിന് ഇസ് ലാമിന്റെ യുദ്ധ നിയമങ്ങള്‍ പകല്‍വെളിച്ചംപോലെ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പ് പോരാളികള്‍ക്ക് അവകാശപ്പെട്ടതായിരിക്കും. ലോകത്തെ വിസ്മയിപ്പിക്കുന്ന ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പ്പിനെയും യുദ്ധതന്ത്രങ്ങളെയും പറ്റി പറയുമ്പോള്‍, അവര്‍ നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കങ്ങളാണ് അവരുെട മാസ്റ്റര്‍പീസ് എന്നു കാണാം. അവയുടെ ആഴം, അതിനകത്ത് ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍, ദേശാതിര്‍ത്തികളെല്ലാം അപ്രസക്തമാകുമാറുള്ള അതിന്റെ നെറ്റ്‌വര്‍ക്ക് വ്യാപ്തി, അതുപയോഗിച്ച് അവര്‍ അധിനിവേശ സൈന്യത്തെ പലതവണ കെണിയിൽ പെടുത്തിയ രീതി, ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 7-നു വേണ്ടി മാത്രമായി തങ്ങളുണ്ടാക്കിയതും ലക്ഷ്യം നേടിയശേഷം ഉപേക്ഷിച്ചതുമായ തുരങ്കം ശത്രുവിന് കാണിച്ചുകൊടുത്ത് ഞെട്ടിച്ചത്- ഇവയെല്ലാം ഖസ്സാം ബ്രിഗേഡ്സും സറായല്‍ ഖുദ്‌സും, ബുദ്ധിയും ടാക്ടിക്കുകളും കൊണ്ടാണ് യുദ്ധം ചെയ്തതെന്ന് കാണിച്ചുതരുന്നു.
യുദ്ധമെന്നാല്‍ ടാക്ടിക്കുകളാണെന്ന് (الحرب خدعة) നബി (സ) പറഞ്ഞിട്ടുണ്ടല്ലോ. മക്കയില്‍നിന്ന് സഖ്യസേന പ്രവാചകന്റെ മദീനയെ വിഴുങ്ങാന്‍ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍, അനുചരൻമാരോട് യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വേണ്ടി നബി (സ) കൂടിയാലോചന നടത്തിയപ്പോഴാണല്ലോ പേര്‍ഷ്യക്കാരനായ സല്‍മാന്‍ (റ) കിടങ്ങ് കുഴിക്കുകയെന്ന തന്ത്രം പങ്കുവെച്ചത്.
അങ്ങനെ, സഖ്യസേന മദീനയെ ആക്രമിക്കാനായി പാഞ്ഞടുത്തപ്പോള്‍ മാര്‍ഗതടസ്സമായ കിടങ്ങ് കണ്ട് അന്തംവിട്ടു നിന്ന അതേ നില്‍പ്പാണ്, സയണിസ്റ്റ് സേന ഖസ്സാം ബ്രിഗേഡ്സിന്റെ തുരങ്കങ്ങള്‍ കണ്ടുപിടിക്കാനാവാതെ നിന്നുപോയത്. ലോകത്തിലെ ബുദ്ധിരാക്ഷസന്മാര്‍ എന്ന് പ്രചരിപ്പിക്കപ്പെട്ടവര്‍ ഹമാസിന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുന്നത് എല്ലാവരും കണ്‍നിറയെ കണ്ടു. അത്തരം ആഗോളവാര്‍ത്തകളിലേക്ക് കണ്ണുതുറന്നുവെച്ച ആയിരങ്ങള്‍ ഇസ്‌ലാമിന്റെ വഴി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന്റെ വാര്‍ത്തകള്‍ പാശ്ചാത്യ ലോകത്തുനിന്നും വിദൂര പൗരസ്ത്യ നാടുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നു; അവരില്‍തന്നെ ഭൂരിഭാഗവും സ്ത്രീജനങ്ങള്‍. ഇസ്‌ലാം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന പാശ്ചാത്യ മീഡിയയുടെ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങൾ കത്തിനിൽക്കെയാണ് ഇത് സംഭവിക്കുന്നത്. l
ജാമി റൊസാരിയോ (Jamie Rosario)
(30 വയസ്സ്, ഫ്ളോറിഡ)
ജ്യോതിഷത്തിലും ആധ്യാത്മിക വാദത്തിലുമൊക്കെ വിശ്വസിച്ചുപോന്നിരുന്ന ജാമി റൊസാരിയോ ഫലസ്ത്വീന്‍ വീഡിയോകളും മെഗാന്‍.ബി.റൈസിന്റെ ഖുര്‍ആന്‍ പാരായണ ആസ്വാദന സംസാരങ്ങളും കണ്ട് ഖുര്‍ആന്‍ വായന തുടങ്ങി. അത് തന്നെ ഇസ്‌ലാമിലേക്ക് എത്തിച്ചുവെന്ന് അവര്‍ പറയുന്നു. 'സെപ്റ്റംബര്‍ 11-ന് ശേഷം ന്യൂയോര്‍ക്കില്‍ വളര്‍ന്നുവന്ന കുട്ടിയായ എനിക്ക് ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ച നന്നായറിയാം. അതിനിഗൂഢമായ ഒന്നായിരുന്നു എനിക്ക് ഖുര്‍ആന്‍. പാശ്ചാത്യ മീഡിയ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെത്തന്നെ വിശ്വസിക്കുകയായിരുന്നു ഞാന്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ പ്രൊപഗണ്ടയോട് പൊരുതാന്‍വേണ്ടി ഖുര്‍ആന്‍ വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വിവാഹമോചനത്തിന്റെ പശ്ചാത്തലം കൂടിയുണ്ടായിരുന്ന ആ സന്ദര്‍ഭത്തില്‍ എനിക്ക് തണലും കുളിരുമായത് ഖുര്‍ആനും ഇസ്‌ലാമും അഞ്ചു നേരത്തെ പ്രാര്‍ഥനയുമായിരുന്നു.' l
മെഗാന്‍.ബി.റൈസ് (Megan.B.Rice)
(ടിക്ടോക്കിലെ ഉള്ളടക്ക നിര്‍മാതാവ്, അമേരിക്ക)
ഒക്ടോബര്‍ 20-ന് അവര്‍ ടിക്ടോക്കില്‍ ഒരു വൈകാരിക വീഡിയോ പോസ്റ്റ് ചെയ്തു. അവര്‍ പറഞ്ഞു: 'നമുക്ക് ഫലസ്ത്വീനികളുടെ വിശ്വാസത്തെപ്പറ്റി സംസാരിച്ചാലോ? കാരണം, അസാധാരണ കാഴ്ചകളാണ് അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട അവര്‍, മരിച്ചുപോയ മക്കളെ കൈയിലെടുത്ത് അല്ലാഹുവിന് സ്തുതി പറയുന്നു. ബാക്കിയുള്ള മക്കളെ കാക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു'. അവരുടെ വീഡിയോക്ക് പതിനൊന്നു ലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായി. അതിനു കീഴെ, മുസ്‌ലിമല്ലാത്തവരും വന്നു കമന്റിട്ടു: സത്യമായും, ഞാന്‍ മുസ്‌ലിമൊന്നുമല്ല. എന്നാലും അല്ലാഹുവിലുള്ള വിശ്വാസം മനോഹരമായി അനുഭവപ്പെടുന്നു. ഒരു നാള്‍ ഞാനും അതിലെ ഒരു തുള്ളി സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
ഒക്ടോബര്‍ 21-ന് അവര്‍ വിശുദ്ധ ഖുര്‍ആന്റെ ഒരു ഓഡിയോ ബുക്ക് സ്വന്തമാക്കി അത് കേള്‍ക്കാനാരംഭിച്ചു. അതിനെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ ടിക്ടോക്കില്‍ വന്നുപറയാനും തുടങ്ങി. രണ്ടു ദിവസത്തിനുശേഷം, വേദഗ്രന്ഥങ്ങളുടെ വായനക്കും ചര്‍ച്ചക്കുമായി ഓണ്‍ലൈനില്‍ വേള്‍ഡ് റിലീജ്യന്‍ ബുക്ക് ക്ലബ്ബ് തുടങ്ങുന്നതായി അറിയിച്ചു. മൂന്നാഴ്ചത്തെ ചര്‍ച്ചകള്‍ക്കുശേഷം, നവംബര്‍ 11-ന് ടിക്ടോക്ക് ലൈവില്‍ വന്ന് 8000 പേരെ സാക്ഷിയാക്കി അവര്‍ ആദർശ വാക്യം ഏറ്റുചൊല്ലി മുസ്‌ലിമായതായി പ്രഖ്യാപിച്ചു. മതരഹിതയായിരുന്ന അവര്‍ വിശ്വാസിനിയായതോടെ ടിക്ടോക്കില്‍ അവരെ പിന്തുടരുന്നവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തില്‍നിന്ന് ഒമ്പതേകാല്‍ ലക്ഷമായി വര്‍ധിച്ചു. വേള്‍ഡ് റിലീജ്യന്‍ ബുക്ക് ക്ലബ്ബ് ഇപ്പോള്‍ ഇസ്‌ലാമോഫോബിയ, മുന്‍വിധി, വിവേചനം, പരമതവിദ്വേഷം, വംശീയത, ദേശീയവാദം എന്നിവക്കെതിരെ പോരാടുന്ന വേദിയായി രൂപാന്തരപ്പെട്ടുവരുന്നു. l
നഫര്‍തരി മൂണ്‍ (Nefertari Moonn)
(35 വയസ്സ്, ഇന്റര്‍നെറ്റ് ഹാസ്യകലാകാരി, ഫ്ളോറിഡ)
ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങള്‍ക്കു മുന്നില്‍ പതറാതെ ഉറച്ചുനില്‍ക്കുന്ന ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പ്പാണ് നഫർതരി മൂണിന്റെ ഇസ്‌ലാം ആശ്ലേഷത്തിന് നിദാനം. ''എന്റെ ഇസ്‌ലാമാശ്ലേഷത്തിന് ഇസ്രായേലുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ പറയില്ല. ഫലസ്ത്വീനികളുടെ ധീരതയും വിശ്വാസവും മാത്രമാണ് എന്നെ ഇസ്‌ലാമിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ചത്. ഇത്രയൊക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും ഫലസ്ത്വീനികള്‍ അല്ലാഹുവിനെ വിളിക്കുന്നത് കാണാന്‍ വല്ലാത്തൊരു മാരക സൗന്ദര്യമുണ്ട്. മഹാ ദുരിതങ്ങള്‍ക്കു മുന്നില്‍ അടിയുറച്ചുനില്‍ക്കാനുള്ള അവരുടെ ശേഷി, കാലങ്ങളായി ദുരിതങ്ങള്‍ അഭിമുഖീകരിച്ചതിലൂടെ മാത്രം നേടിയെടുത്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; ഇസ്‌ലാമിന് അതില്‍ വലിയ പങ്കുണ്ട്.'
ആസ്‌ത്രേലിയന്‍ നഗരമായ മെല്‍ബണിലെ മെഡോ ഹൈറ്റ്‌സ് മസ്ജിദില്‍ വെച്ച് മുപ്പതിലധികം വരുന്ന സ്ത്രീകളുടെ സംഘം ഒന്നിച്ച് ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അവരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് ഫലസ്ത്വീനികളുടെ അപാരമായ സ്ഥൈര്യത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ്. തുര്‍ക്കിയ ദിനപത്രമായ യെനി ശഫക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആ വീഡിയോയില്‍ ഇസ്‌ലാമിലെ നവാഗതയായ ജാക്വിലിന്‍ റെറ്റ്്‌സാക് പറയുന്നു: 'ഫലസ്ത്വീനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷമാണ് എന്നെ ഇസ്‌ലാമിലെത്തിച്ചത്. ഇസ്‌ലാമിനോടും ഗസ്സയോടും അടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.' അവരിലൊരാളായ ക്രിസ്റ്റൈന്‍ ക്രോണോഗൊനാക്, ഇസ്‌ലാമിലെ ഏകദൈവ വിശ്വാസം തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും ഫലസ്ത്വീനിലെ പോരാട്ടത്തിന് പ്രചോദനമാകുന്നത് അതാണെന്നും പ്രതികരിച്ചു. l