ഹദീസ്‌

عَنْ أَبي هُريَرةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ قَالَ: تَعَوَّذُوا بِاللَّهِ مِنْ جَهْدِ الْبَلاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَماتَةِ الأَعْدَاءِ (متفقٌ عَلَيْهِ)

അബൂഹുറയ്റ(റ)യിൽനിന്ന്. നബി (സ) പറഞ്ഞു: "കടുത്ത പരീക്ഷണങ്ങളിൽനിന്നും, കനത്ത ദുരിതങ്ങളിൽനിന്നും, വിനാശകരമായ വിധികളിൽനിന്നും, പ്രതിയോഗികളുടെ ചിരിയിൽനിന്നും നിങ്ങൾ അല്ലാഹുവിനോട് അഭയം തേടുക " (ബുഖാരി, മുസ്്ലിം).

വളരെ പ്രധാനപ്പെട്ട നാല് ആവശ്യങ്ങളാണ് ഈ പ്രാർഥനയിലുള്ളത്. കടുത്ത പരീക്ഷണങ്ങളിൽനിന്ന് രക്ഷപ്പെടുത്തണമെന്നാണ് ഒന്നാമത്തേത്. സഹിക്കാനാവാത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബാധിക്കുന്നതിൽ നിന്ന് രക്ഷതേടുകയാണിവിടെ. മരണത്തെ പോലും കൊതിച്ചുപോവുന്ന വിപത്തുകൾ, ചികിത്സിച്ച് മടുത്ത മാറാവ്യാധികൾ, വീട്ടാനാവാത്ത കടബാധ്യതകൾ, മനസ്സിൽ ദുഃഖവും വ്യാധിയും നിറക്കുന്ന വാർത്തകൾ, കുടുംബ പ്രാരബ്ധങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ പെടും. വിശുദ്ധ ഖുർആൻ 2: 286-ൽ ഇപ്രകാരം ഒരു പ്രാർഥന പഠിപ്പിക്കുന്നുണ്ട്:
"ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ."

കനത്ത ദുരിതങ്ങളിൽനിന്ന് രക്ഷ നൽകാനാണ് രണ്ടാമതായി പ്രാർഥിക്കുന്നത്. الشَّقَاءِ എന്നാൽ ദുരിതം, ദൗർഭാഗ്യം എന്നെല്ലാമാണർഥം.
നാശം എന്നാണ് ഇവിടെ അർഥമെന്ന് ഇബ്്നു ഹജർ (റ) പറയുന്നുണ്ട്. ഐഹികവും പാരത്രികവുമായ എല്ലാതരം ദൗർഭാഗ്യങ്ങളും കഷ്ടപ്പാടുകളും ഇതിൽ പെടും.
ഇബ്്നുൽ ഖയ്യിം (റ) പറഞ്ഞു: "പ്രാർഥന ഏറെ ഉപകാരമുള്ള മരുന്നാണ്. അത് വിപത്തുകളുടെ ശത്രുവാണ്. അത് വിനാശങ്ങളെ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.

ആത്മാർഥമായ പ്രാർഥനകൾ വിപത്തുകൾ വരുന്നതിനെ തടയുന്നു. വന്നവയെ നീക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നു."
മൂന്നാമതായി, വിനാശകരമായ ദുർവിധികളിൽനിന്ന് മോചനം തേടുകയാണ്. വിഷമകരമായ വിധികളിൽനിന്ന് രക്ഷതേടൽ അല്ലാഹുവിന്റെ ഖദാ -ഖദ്റുകളിൽ തൃപ്തിപ്പെടുക എന്ന ശരീഅത്തിന്റെ ശാസനയോട് എതിരാവുന്നില്ല. കാരണം, രക്ഷതേടലും ഖദാഇന്റെ ഭാഗം തന്നെയാണ്. ദുആ, ശർഇന്റെ നിയമമാണ്. അല്ലാഹുവിന്റെ പ്രാപഞ്ചിക വിധികളിൽ തൃപ്തിപ്പെടുന്നതോടൊപ്പം, വിനാശകരമായ വിധികളിൽനിന്ന് അഭയം തേടാനും ശരീഅത്ത് കൽപിക്കുന്നു. എന്നാൽ, അനിഷ്ടങ്ങൾ സംഭവിക്കുന്നതിന് മുമ്പാണ് പ്രാർഥനയുണ്ടാവേണ്ടത്. സംഭവിച്ച ശേഷം വെപ്രാളപ്പെടുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്യാതെ സഹനമവലംബിക്കുകയാണ് വേണ്ടത്.

ശത്രുക്കളുടെ സന്തോഷത്തിൽനിന്നാണ് നാലാമതായി കാവൽ തേടുന്നത്. ഒരാൾക്ക് എന്തെങ്കിലും കഷ്ടപ്പാടുകളുണ്ടാവുമ്പോൾ അവന്റെ എതിരാളികൾ സന്തോഷിക്കും. എന്തെങ്കിലും അനുഗ്രഹങ്ങളുണ്ടാവുമ്പോൾ അവർ ദുഃഖിക്കും. ഇപ്രകാരം, പ്രതിയോഗികളെയും അസൂയാലുക്കളെയും ആനന്ദിപ്പിക്കുന്ന പരീക്ഷണങ്ങൾ നൽകരുതെന്നാണ് ഈ പ്രാർഥനയുടെ പൊരുൾ.

ഹാറൂൻ നബി (അ), മൂസാ നബി(അ)യോട് നടത്തിയ അഭ്യർഥന വിശുദ്ധ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്: فَلَا تُشْمِتْ بِىَ ٱلْأَعْدَآءَ (എതിരാളികള്‍ക്ക് എന്നെ നോക്കിച്ചിരിക്കാന്‍ ഇടവരുത്താതിരിക്കുക - 7: 150). നബി (സ) ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, ശത്രുവിനെയും അസൂയക്കാരനെയും ആഹ്ലാദിപ്പിക്കുന്ന രീതിയിൽ എന്നെ നീ പരീക്ഷിക്കരുതേ" (അൽ ഹാകിം).

കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയനായ അയ്യൂബ് നബി(അ)യോട്, ഏറെ പ്രയാസകരമായ ദുരനുഭവം ഏതായിരുന്നുവെന്ന് ചോദിച്ചപ്പോൾ പ റഞ്ഞു: "വിപത്തുകൾ സംഭവിച്ചപ്പോൾ എന്റെ ശത്രുക്കൾക്കുണ്ടായ നിര്‍വൃതി" (ഉയൂനുൽ അ ഖ്ബാർ).

തന്റെ സ ഹോദരനെ ബാധിക്കുന്ന ദുരിതങ്ങളിൽ സന്തോഷിക്കരുതെന്ന സന്ദേശവും ഈ പ്രാ ർഥനയിലുണ്ട്. നബി (സ) പറഞ്ഞു: "നിന്റെ സഹോദരനെ ബാധിച്ച വിപത്തിൽ സന്തോഷിക്കരുത്. അപ്പോൾ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ പരീക്ഷിക്കുകയും ചെയ്യും" (തിർമിദി).
ഫറസ്ദഖ് പാടി:
فَقُلْ لِلشَّامِتِينَ بِنَا أَفِيقُوا
سَيَلْقَى الشَّامِتُونَ كَمَا لَقِينَا
(ഞങ്ങളുടെ വിഷമങ്ങളിൽ ആഹ്ലാദിക്കുന്നവരോട് നീ പറയുക: ആനന്ദിക്കുന്ന നിങ്ങളും ഞങ്ങളനുഭവിച്ചത് നേരിടേണ്ടിവരും).
ഈ ഹദീസിന്റെ പ്രാർഥനാ രൂപം ഇങ്ങനെയാണ്:
اللّٰهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَماتَةِ الأَعْدَاءِ
(കടുത്ത പരീക്ഷണങ്ങളിൽനിന്നും, കനത്ത ദുരിതങ്ങളിൽനിന്നും, വിനാശകരമായ വിധികളിൽനിന്നും, പ്രതിയോഗികളുടെ ചിരിയിൽ നിന്നും അല്ലാഹുവേ, നിന്നോട് ഞാൻ അഭയം തേടുന്നു). l

حَدَّثَنَا مُعَاوِيَةُ بْنُ قُرَةٍ، عَنْ أَبِيهِ، أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ، إنِّي لَأَذْبَحُ الشَّاةَ، وَ أَنَا أَرْحَمُهَا
فَقَالَ : وَالشَّاةَ إنْ رَحِمْتَهَا، رَحِمَكَ اللهُ (احمد).

മുആവിയതുബ്്നു ഖുറത് തന്റെ പിതാവിൽനിന്ന് നിവേദനം ചെയ്യുന്നു. ഒരാൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ഞാൻ വളരെ ദയയോടെയാണ് ആടിനെ അറുക്കാറുള്ളത്." അപ്പോൾ റസൂൽ പറഞ്ഞു: "നീ ആടിനോട് ദയ കാണിച്ചാൽ അല്ലാഹു നിന്നോടും ദയ കാണിക്കും" (അഹ്്മദ്).

മറ്റുള്ളവരോടുള്ള അനുകമ്പ, ദയ, കാരുണ്യം, സ്നേഹം, കനിവ് തുടങ്ങിയവ വിശ്വാസികളുടെ സ്വഭാവ സവിശേഷതകളുടെ മുഖമുദ്രയാണ്. മനുഷ്യരോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും ഈ വികാരമാണവന് ഉണ്ടാവേണ്ടത്. ഇക്കാര്യമാണ് ഹദീസിൽ പഠിപ്പിക്കുന്നത്. ആടിനോട് ദയ കാണിക്കുന്നവന് അല്ലാഹുവിന്റെ കാരുണ്യമുണ്ടാവുമെന്ന് നബി (സ) ഉറപ്പ് നൽകുന്നു.

"ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും" എന്ന് റസൂൽ (സ) ഉണർത്തുന്നുണ്ട്.

ജീവികളോട് ദയ കാണിക്കുന്നതിന് വളരെ പ്രാധാന്യമാണ് തിരുദൂതർ നൽകിയത്. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ യാത്രയിലായിരിക്കെ തിരുമേനി (സ) എന്തോ ആവശ്യത്തിനായി പോയി. ഈ സമയം ഞങ്ങൾ ഒരു കിളിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. ഞങ്ങൾ കിളിക്കുഞ്ഞുങ്ങളെ കൈയിലെടുത്തു. അപ്പോളതിന്റെ തള്ളപ്പക്ഷി ഞങ്ങളുടെ തലക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാൻ തുടങ്ങി. ഇത് കണ്ടുകൊണ്ടാണ് നബി (സ) വന്നത്.
തിരുമേനി ചോദിച്ചു: "ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആ കിളിയെ വേദനിപ്പിച്ചതാരാണ്? അതിനെ തിരിച്ച് നൽകുക" (അബൂദാവൂദ്).

മറ്റൊരിക്കൽ, കരിച്ചുകളഞ്ഞ ഉറുമ്പിൻ പറ്റത്തെ കണ്ടപ്പോൾ റസൂൽ ചോദിച്ചു: "ആരാണിവയെ കരിച്ചത്?" ഞങ്ങളാണെന്ന് പറഞ്ഞവരോട് തിരുമേനി അരുളി: "തീയിന്റെ നാഥന്നല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ അർഹതയില്ല" (നവവി).
ഒട്ടകത്തോട് ദയ കാണിക്കാത്തയാളെ നബി ശാസിക്കുകയുണ്ടായി. ഒരിക്കൽ റസൂൽ അൻസ്വാരി യുവാവിന്റെ തോട്ടത്തിലെത്തി. അവിടെ അവശയായ ഒരൊട്ടകത്തെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അതിനെതടവി സമാധാനിപ്പിച്ചു.
"ആരുടേതാണീ ഒട്ടകം?"
"അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ് " അൻസ്വാരി പറഞ്ഞു.

"അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നീ അവനെ അനുസരിക്കാത്തതെന്ത്? നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട്‌ വേവലാതി പറയുന്നു" (അബൂദാവൂദ്).
അറുക്കാനുദ്ദേശിക്കുന്ന മൃഗത്തോട് പോലും അങ്ങേയറ്റം കരുണ കാണിക്കണമെന്നും നബി (സ) പഠിപ്പിച്ചു.

ഇബ്നു അബ്ബാസ് (റ) പറയുന്നു: "അറുക്കാനായി കിടത്തിയ ആടിന്റെ മേൽ കാലമർത്തി കത്തി മൂർച്ച കൂട്ടുന്ന ഒരാളെ അല്ലാഹുവിന്റെ റസൂൽ കാണാനിടയായി. ആട് അയാളെത്തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.
നബി (സ) ചോദിച്ചു: "അതിനെ രണ്ട് തവണ കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? അതിനെ കിടത്തുന്നതിന്റെ മുമ്പ് തന്നെ കത്തി മൂർച്ച കൂട്ടാമായിരുന്നില്ലേ..?" (ഹാകിം, ത്വബ്റാനി).

ഇപ്രകാരം, 'ലോകര്‍ക്കാകെ കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല' എന്ന ഖുർആൻ വാക്യത്തിന്റെ സാക്ഷ്യങ്ങൾ നബിജീവിതത്തിലുടനീളം കാണാനാവും. വിശ്വാസികളുടെ മനസ്സ് കനിവും കാരുണ്യവും നിറഞ്ഞതാവണം എന്നാണിത് അനുശാസിക്കുന്നത്. l