ഇക്കഴിഞ്ഞ ജനുവരി 4-ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഒരു പള്ളി ഇമാം വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. പള്ളിക്ക് പുറത്ത് കാറിലേക്ക് കയറുകയായിരുന്ന ഇമാമിന് നേരെ അക്രമി തുരാതുരാ നിറയൊഴിച്ചു. ഇസ്രയേല്‍ ഗസ്സക്കു മേല്‍ നരനായാട്ട് തുടങ്ങിയ ആദ്യനാളുകളില്‍, ചികാഗോയില്‍ 6 വയസ്സുള്ള ഒരു ഫലസ്ത്വീന്‍ ബാലനും കൊല്ലപ്പെട്ടിരുന്നു. മുസ്‌ലിമാണെന്ന കാരണത്താല്‍ ആ കുഞ്ഞിനെയും അതിന്റെ മാതാവിനെയും അമേരിക്കക്കാരനായ വീട്ടുടമ ആക്രമിക്കുകയായിരുന്നു. മാതാവ് മരണത്തെ അതിജീവിച്ചുവെങ്കിലും 26 കുത്തുകള്‍ ഏറ്റ ആ ബാലന്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇസ്രയേല്‍-ഗസ്സ സംഘര്‍ഷ പശ്ചാത്തലത്തില്‍, അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പൊതുവെയും, ഫലസ്ത്വീന്‍ വംശജര്‍ക്കു നേരെ പ്രത്യേകമായും കുറെയേറെ അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയുണ്ടായി.
ഇസ്രയേല്‍ - ഗസ്സ സംഘര്‍ഷത്തെ തുടര്‍ന്ന്, മുസ്‌ലിംകള്‍ക്കെതിരിലുള്ള അതിക്രമങ്ങളുടെ 2173 പരാതികള്‍ ഇതുവരെ ലഭിച്ചുവെന്ന് CAIR ( Council on American- Islamic Relations) അതിന്റെ വെബ്‌സൈറ്റില്‍ ജനുവരി 12-ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ അക്രമങ്ങളെ മുന്‍നിര്‍ത്തി, അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ വളരുന്നുവെന്ന് വേണമെങ്കില്‍ വിലയിരുത്താം. പക്ഷേ, അമേരിക്കയിലെ സ്ഥിതിഗതികൾ കൂടുതല്‍ ആഴത്തില്‍ വിലയിരുത്തുന്നപക്ഷം, നേരെ മറിച്ചാണ് കാര്യങ്ങളുടെ പോക്കെന്നാണ് ബോധ്യപ്പെടുക.
ശക്തിപ്പെടുന്ന സയണിസ്റ്റ് വിരുദ്ധ വികാരം
ത്വൂഫാനുല്‍ അഖ്‌സ്വായെ തുടര്‍ന്ന് തീവ്ര വംശീയവാദികളും സയണിസ്റ്റുകളും അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടെ തോത് വര്‍ധിച്ചിട്ടുണ്ടെന്നത് നേരാണ്. എന്നാല്‍, അതിനെക്കാള്‍ കൂടുതൽ ഇസ്രയേല്‍ വിരുദ്ധ വികാരം അമേരിക്കയിലെ പുതുതലമുറയില്‍ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം ഹോളോകോസ്റ്റിനെ കുറിച്ച് നിരന്തരം കേള്‍ക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്ത മുതിര്‍ന്ന പൗരന്‍മാരുടെ ഒരു തലമുറയാണ് അമേരിക്കയെ രാഷ്ട്രീയമായും സാമ്പത്തികമായും ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ തലമുറ മാറ്റത്തിനു ശേഷം വരുന്ന പുതുതലമുറ ഇസ്രയേലിനോട് അത്ര മമതയുള്ളവരായിരിക്കില്ല എന്ന് നിരീക്ഷിക്കുന്നവരുണ്ട്. കാരണം, ഇപ്പോള്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് ഇസ്രയേലിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രോ സയണിസ്റ്റ് ഭരണകൂടവും അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളും ആരെയാണോ ഭീകരവാദികളായി ചാപ്പ കുത്താന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത് അവര്‍ക്കനുകൂലമായ പൊതുബോധമാണ് അമേരിക്കയില്‍ രൂപപ്പെട്ടുവരുന്നത്. ഹമാസിന്റെ ത്വൂഫാനുല്‍ അഖ്‌സ്വായെ തുടര്‍ന്നുള്ള ആദ്യനാളുകളില്‍ ഫലസ്ത്വീന്‍ വിരുദ്ധ വികാരമായിരുന്നു അമേരിക്കയില്‍ അലയടിച്ചത്. എന്നാല്‍, ഇപ്പോള്‍ ഫലസ്ത്വീന്‍ അനുകൂല പൊതുവികാരമാണ് രൂപപ്പെടുന്നത്.
ഫലസ്ത്വീന് ഐക്യദാര്‍ഢ്യപ്പെട്ടും സയണിസ്റ്റ് ഭീകരതയെ തുറന്നു കാണിച്ചുമുള്ള ഏറ്റവും വലിയ ബഹുജന പ്രക്ഷോഭങ്ങള്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ഏതെങ്കിലും അറബ്-മുസ്‌ലിം രാജ്യങ്ങളിലല്ല. അത്തരം പ്രതിഷേധങ്ങളുടെ മുന്നില്‍ നടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് യു.എസ്. എ. വന്‍ നഗരങ്ങളിലെ തെരുവുകളിലെല്ലാം യുദ്ധം അവസാനിപ്പിക്കാനും ഫലസ്ത്വീനെ സ്വതന്ത്രമാക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ പലവുരു നടന്നു കഴിഞ്ഞു. ഇപ്പോഴും ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 13-ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന യുദ്ധവിരുദ്ധ റാലിയില്‍ 4 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ഈ പ്രതിഷേധം അമേരിക്കന്‍ ഭരണകൂടത്തെ വിറപ്പിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് വൈറ്റ് ഹൗസില്‍നിന്ന് പ്രസിഡന്റടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഒഴിപ്പിച്ചത്. യു. എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇസ്രയേല്‍ വിരുദ്ധ റാലികളില്‍ ഒന്നായും ഇതിനെ കാണാം. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കിയ യു.എസിലെ ഏറ്റവും വലിയ നഗരമായി മാറിയിരിക്കുകയാണ് സാന്‍ഫ്രാന്‍സിസ്‌കോ. മൂന്നിനെതിരെ 8 കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷത്തിലാണ് സാന്‍ഫ്രാന്‍സിസ്‌കോ നഗരസഭ ജനുവരി 9-ന് പ്രമേയം പാസ്സാക്കിയത്. യു.എസ് ജനത മാത്രമല്ല, നേതാക്കളും രാഷ്ട്രീയ നേതൃത്വവും മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഫലസ്ത്വീന് വേണ്ടി ശബ്ദിക്കാൻ ജൂതരും
യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുന്നവര്‍ അമേരിക്കയിലെ ഫലസ്ത്വീന്‍ വംശജരോ മുസ്‌ലിംകളോ മാത്രമല്ല. വെള്ളക്കാരുടെയും ആഫ്രോ അമേരിക്കക്കാരുടെയും വമ്പിച്ച പ്രാതിനിധ്യം ഈ പ്രക്ഷോഭങ്ങളില്‍ കാണാനുണ്ട്. സയണിസ്റ്റുകളല്ലാത്ത സമാധാന പ്രിയരായ ജൂതരും, ലിബറലുകളും ഡെമോക്രാറ്റുകളും കമ്യൂണിസ്റ്റുകാരും എല്‍.ജി.ബി.ടി കമ്യൂണിറ്റിയും ലൈംഗിക തൊഴിലാളികളും ഈ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുന്നിലുണ്ട്. ഈ സമരങ്ങളിലെ ജൂതപങ്കാളിത്തം അതിശയിപ്പിക്കുന്നതാണ്. അമേരിക്കയിലെ ജൂതസമൂഹത്തില്‍നിന്ന് ഉയരുന്ന ശക്തമായ എതിര്‍പ്പ് ജൂതരാഷ്ട്രത്തിനും അമേരിക്കന്‍ ഭരണകൂടത്തിനും വലിയ തലവേദന സൃഷ്ടിക്കുന്നു. ഫലസ്ത്വീന് ഐക്യദാര്‍ഢ്യപ്പെട്ട്, പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പല ജൂത പ്രതിഷേധങ്ങളുടെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജ്യത്തെ 140 ജൂതസംഘടനകളിലെ 500-ലധികം വരുന്ന അംഗങ്ങള്‍ ഒപ്പുവെച്ച, യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന തുറന്ന കത്ത് ജോ ബൈഡന് സമര്‍പ്പിച്ചത് NBC News ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തലിനും ഫലസ്ത്വീന്‍ മോചനത്തിനും ശബ്ദമുയര്‍ത്തുന്ന സംഘടനയാണ് Jewish Voice for Peace.
മുസ്‌ലിംകളുടേതടക്കമുള്ള മറ്റു പല സംഘടനകള്‍ക്കും ഈ സംഘത്തോടൊപ്പം യുദ്ധവിരുദ്ധ റാലിയില്‍ അണിചേരുകയേ വേണ്ടതുള്ളൂ. Jewish Voice for Peace-ന്റെ പ്രവര്‍ത്തകര്‍, കൊളറാഡോയിലെ ഡെന്‍വറില്‍ നടന്ന Jewish National Fund Conference ല്‍ പ്രതിഷേധിക്കുകയും 12 പേര്‍ അറസ്റ്റ് വരിക്കുകയും ചെയ്തത് കഴിഞ്ഞ നവംബറിലാണ്. ഇസ്രയേലില്‍ ഭൂമി വാങ്ങുന്നതിനു വേണ്ടി ഫണ്ട് ശേഖരണം നടത്തുന്ന സയണിസ്റ്റ് സംഘടനയാണ് 1901-ൽ സ്ഥാപിക്കപ്പെട്ട Jewish National Fund. രാജ്യത്തെ ഏറ്റവും കൂടുതല്‍ സയണിസ്റ്റുകള്‍ പങ്കെടുത്ത ഈ സമ്മേളന വേദിക്കരികിലാണ് ഫലസ്ത്വീന് വേണ്ടി Jewish Voice for Peace പ്രതിഷേധം തീര്‍ത്തത്. സയണിസ്റ്റുകള്‍ക്കെതിരെ സമാധാനവും നീതിയും കൊതിക്കുന്ന ജൂതരുടെ പ്രതിഷേധം. ഏഴു മാസങ്ങള്‍ക്കു മുമ്പ് ഒരു കോണ്‍ഫറന്‍സിനു വേണ്ടി ജൂതര്‍ കൂടുതലായുള്ള റോചസ്റ്റര്‍ സിറ്റി സന്ദര്‍ശിച്ചപ്പോഴുള്ള എന്റെ അനുഭവം പക്ഷേ, മറിച്ചായിരുന്നു. നിരവധി ജൂത പ്രഫസര്‍മാരും ഗവേഷകരും പങ്കെടുത്ത ആ കോണ്‍ഫറന്‍സില്‍ ഫലസ്ത്വീന്‍ വിഷയം അറിയാതെ പോലും സംസാരിക്കരുതെന്നായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കന്‍ മുസ്‌ലിം സുഹൃത്തുക്കളുടെ ഉപദേശം. 'ജൂതരെ സംബന്ധിച്ചേടത്തോളം, മറ്റേതൊരു കാര്യത്തിലും അവര്‍ സഹകരിച്ചെന്നു വരാം. പക്ഷേ, ഫലസ്ത്വീന്‍ അവര്‍ക്ക് സെന്‍സിറ്റീവായ വിഷയമാണ്; അക്കാര്യത്തില്‍ അവര്‍ എന്നും ഇസ്രയേല്‍പക്ഷത്തായിരിക്കും. അതിനാല്‍, ഫലസ്ത്വീന്‍ വിഷയം അവരോട് സംസാരിക്കരുത്' എന്നാണ് അന്നവര്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോഴത്തെ ഇസ്രയേല്‍-ഗസ്സ സംഘര്‍ഷം ഫലസ്ത്വീനികളോടുള്ള ജൂതമനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫംഗങ്ങളില്‍ നിന്നു തന്നെ 36 പേര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വൈറ്റ് ഹൗസിനു മുമ്പില്‍ മുഖം മൂടി പ്രതിഷേധിച്ചിരുന്നു. ബൈഡന്റെ ഇസ്രയേല്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗം രാജിവെച്ചയാളാണ് ജോഷ് പോള്‍. ബൈഡന്റെ ഇപ്പോഴത്തെ ഇസ്രയേല്‍ അനുകൂല നിലപാട്, ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മോശം പ്രസിഡന്റായി ബൈഡനെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ രൂപപ്പെട്ടുവരുന്ന ഈ മാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ഡെന്‍വറില്‍ ഇക്‌നയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സമീര്‍ ബിന്‍ ഖാലിദിന്റെ അഭിപ്രായം. l