അന്താരാഷ്ട്രീയം

ദമസ്കസിലെ ഇറാനിയൻ കോൺസുലേറ്റിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഇസ്രയേൽ വധിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് ഇറാൻ തിരിച്ചടിക്കുമെന്ന്. അതിന് പല കാരണങ്ങളുണ്ട്. ഇരു രാജ്യങ്ങളും ചുവന്ന വരകൾ മറികടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് അതിൽ പ്രധാനം. ഇറാന്റെ ഒരു നയതന്ത്ര കാര്യാലയത്തെ ഉന്നംവെച്ചുകൊണ്ട് ചുവന്ന വര മുറിച്ചുകടക്കുകയാണ് ഇത്തവണ ഇസ്രയേൽ ചെയ്തത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ചരിത്രം പരിശോധിച്ചാൽ നിയന്ത്രിത ആക്രമണങ്ങളേ ഇരുപക്ഷവും ഇതു വരെ നടത്തിയിട്ടുള്ളൂ എന്നു കാണാം. ആ കീഴ്്വഴക്കം ഇസ്രയേൽ ലംഘിച്ചപ്പോൾ ഇറാന്റെ തിരിച്ചടിയും സമാനസ്വഭാവത്തിലുള്ളതായി. ആക്രമണ പ്രത്യാക്രമണങ്ങളുടെ ബാലൻസ് നിലനിർത്തുന്നതിന് വേണ്ടിയാണിത്. ഇറാൻ സ്വന്തം മണ്ണിൽനിന്ന് ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ലബനാൻ, സിറിയ, ഇറാഖ്, യമൻ എന്നീ അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇതു വരെ ഇറാൻ തിരിച്ചടികൾ നൽകിക്കൊണ്ടിരുന്നത്. ഇതു വരെ നടന്നുവന്നിരുന്ന ബിനാമികളെ വെച്ചുള്ള പോരാട്ടം നേർക്കു നേരെയുള്ള പോരാട്ടമായി പരിണമിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം.

നെതന്യാഹു ഇസ്രയേലിനകത്ത് ദുർബലനായിത്തീർന്നതും, അമേരിക്കയുമായി അയാൾ ഉരസിക്കൊണ്ടിരിക്കുന്നതും, ഗസ്സ യുദ്ധത്തിൽ അയാൾ തളർന്നതുമൊക്കെയാവാം നേരിട്ടുള്ള ആക്രമണത്തിന് ഇറാനെ ധൈര്യപ്പെടുത്തിയിട്ടുണ്ടാവുക. ഈ സന്ദർഭത്തിൽ ഇറാനുമായി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ടാവില്ല. തെക്കൻ ലബനാനിൽനിന്നും ജൂലാനിൽനിന്നുമൊക്കെ അപ്പോൾ കടന്നാക്രമണം പ്രതീക്ഷിക്കണം. നേരിട്ടുള്ള ആക്രമണം രാഷ്ട്രീയമായും ഇറാന് വിജയമാണ്. ഫലസ്ത്വീനികളുടെ പ്രതിരോധത്തിന്റെ മുഖ്യ പിൻബലം തങ്ങളാണെന്ന് വിശ്വസിപ്പിക്കാൻ ഇതു വഴി ഇറാന് സാധിക്കുന്നുണ്ട്. ഇനി പ്രതികാരമായി ഇസ്രയേൽ ഇറാനിയൻ ഭൂമി ആക്രമിച്ചാൽ ഇരുപക്ഷവും തമ്മിലുള്ള നിയന്ത്രിത ആക്രമണ പ്രത്യാക്രമണ പതിവ് രീതികൾ തെറ്റും. നില വഷളായാൽ അത് വീണ്ടും സാധാരണ നിലയിലെത്തിക്കാൻ വളരെ പ്രയാസപ്പെടേണ്ടിവരും.

ഇറാനിലെ ഇസ്രയേൽവിരുദ്ധ പ്രകടനത്തിൽനിന്ന്

ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെ പല നിലയിൽ നോക്കിക്കാണാം. ഗസ്സ യുദ്ധത്തിൽ ഇത് എന്തു മാറ്റമുണ്ടാക്കും എന്നതാണ് ഒന്നാമത്തത്. ഫലസ്ത്വീൻ പ്രശ്നത്തെ മൊത്തത്തിൽ ഇത് എങ്ങനെ ബാധിക്കും? അറബ് ലോകത്ത് അത് എന്തൊക്കെ അനുരണനങ്ങൾ ഉണ്ടാക്കും? പല യുദ്ധമുഖങ്ങൾ തുറക്കപ്പെടാൻ സാധ്യതയുള്ള ഒരു ഏറ്റുമുട്ടലിന്റെ തുടക്കമാവുമോ ഇത്? അല്ലെങ്കിൽ പണ്ടത്തെപ്പോലെ നിയന്ത്രിത ആക്രമണ പ്രത്യാക്രമണത്തിലേക്ക് ഇരു കക്ഷികളും തിരിച്ചുപോകുമോ?

ഗസ്സ യുദ്ധത്തിന്റെ കാര്യത്തിലാണെങ്കിൽ, ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണവും, കേവലം പ്രതീകാത്മകം മാത്രമായിരുന്നാൽ പോലും അത് ഗസ്സക്കാർക്ക് അനുകൂലമായാണ് ഭവിക്കുക. ഇസ്രയേൽ അടിച്ചേൽപ്പിക്കുന്ന യുദ്ധ ഭാരത്തെ അത് ഏതെങ്കിലും തരത്തിൽ ലഘൂകരിക്കുന്നുണ്ട്. ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ ഒന്നാം ദിവസം തന്നെ ആ ലഘൂകരണം ഗസ്സക്കാർക്ക് അനുഭവിക്കാനായി. ദമസ്കസിലെ ഇറാനിയൻ കോൺസുലേറ്റിൽ ആക്രമണം നടത്തിയ ഉടനെത്തന്നെ വലിയൊരു വിഭാഗം സൈന്യത്തെ ഇസ്രയേൽ ഗസ്സയിൽനിന്ന് പിൻവലിക്കുകയുണ്ടായി. ലബനാനുമായും സിറിയയുമായും അതിർത്തി പങ്കിടുന്ന വടക്കൻ മേഖലയിലേക്കാണ് മുൻകരുതൽ എന്ന നിലക്ക് ആ സൈനികരെ കൊണ്ടുവന്നത്. ഇറാനുമായി നേരിട്ട് ഏറ്റുമുട്ടലുണ്ടായാൽ ഗസ്സയിലെ യുദ്ധം നിർത്തിവെക്കാൻ ഇസ്രയേൽ നിർബന്ധിതമായേക്കും. തെക്ക് ഗസ്സയിലും വടക്ക് ലബനാനിലും ജൂലാനിലും ഒരേസമയം യുദ്ധം ചെയ്യുന്നത് ഒഴിവാക്കാൻ അതേ മാർഗമുണ്ടാവൂ. ആ യുദ്ധം തുടങ്ങിയാൽ അത് നിർത്താൻ അമേരിക്കൻ സമ്മർദവുമുണ്ടാവും. കാരണം, ആർക്കും ഒരു നിയന്ത്രണവുമില്ലാത്ത സ്ഫോടനാത്മകമായ നിലയിലേക്ക് അത് മേഖലയെ എത്തിക്കുമെന്ന് അമേരിക്കക്ക് അറിയാം. ഗസ്സ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം പങ്കാളിയായ അമേരിക്കയുടെ റേറ്റിംഗ് ഇപ്പോൾ തന്നെ ഏറ്റവും താഴെയാണ്. ഇസ്രയേൽ യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ ഫലസ്ത്വീനിയൻ പ്രതിരോധ പ്രസ്ഥാനങ്ങളെ ഇറാൻ ആയുധങ്ങളും സാങ്കേതികവിദ്യകളും നൽകി സഹായിക്കും. ഇസ്രയേലിനെ അടിക്കാനുള്ള വടിയായി അത് ഉപയോഗിക്കും. പ്രതിരോധ പ്രസ്ഥാനങ്ങൾ പതിൻമടങ്ങ് ശക്തിപ്പെടും എന്നതായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം.

മൊത്തം ഫലസ്ത്വീൻ പ്രശ്നത്തിലും ഇറാൻ - ഇസ്രയേൽ യുദ്ധം അനുകൂല ഘടകമായിരിക്കും. ഇസ്രയേൽ എന്ന കൊളോണിയൽ കുടിയേറ്റ സമൂഹത്തിനെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും മൂർച്ചയേറിയ ആയുധം, ആ സമൂഹത്തിൽ ഭീതിയും ഉത്കണ്ഠയും പരത്തുക എന്നതാണ്. ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തോടെ കടുത്ത ഭീതിയിലകപ്പെട്ടിരിക്കുന്നു ആ കുടിയേറ്റ സമൂഹം. ഇറാന്റെ ആക്രമണത്തെ വില കുറച്ചു കാണുന്നവർ മനശ്ശാസ്ത്ര യുദ്ധത്തെക്കുറിച്ച് പിടിപാടില്ലാത്തവരാണ്. ഇസ്രയേലി സമൂഹം എത്തിപ്പെട്ട ശൈഥില്യത്തെക്കുറിച്ചും അവർക്ക് ധാരണ കാണില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നുചേർന്നവരാണ് ഇസ്രയേലി സമൂഹം എന്നു പറയുന്നത്. ഇവരിൽ അധിക പേർക്കും ഇരട്ട പൗരത്വമുണ്ട്. ഇസ്രയേലിൽ സമാധാനവും സുരക്ഷിതത്വവും ഇല്ലെന്ന് വന്നാൽ തങ്ങൾക്ക് പൗരത്വമുള്ള പഴയ നാട്ടിലേക്ക് അവർ തിരിച്ചുപോകും. സയണിസ്റ്റ് പ്രോജക്ടിന്റെ അന്ത്യമായിരിക്കും അതോടെ സംഭവിക്കുക. ഇറാനിയൻ കോൺസുലേറ്റ് ആക്രമിച്ചതു മുതൽ ഇസ്രയേലി സമൂഹം കടുത്ത ഭീതിയിലാണെന്ന് ഇസ്രയേലി പത്രമായ ജറൂസലം പോസ്റ്റ് എഴുതുന്നു. ഇസ്രയേൽ പൗരൻമാർ പണം ബാങ്കിൽനിന്ന് പിൻവലിക്കുന്നതായും വെള്ളം ധാരാളമായി സംഭരിച്ചുവെക്കുന്നതായും എല്ലാ തരത്തിലുമുള്ള വൈദ്യുതി ജനറേറ്ററുകൾ വാങ്ങിക്കൂട്ടുന്നതായും പത്രം തുടർന്നെഴുതുന്നു. ഇത് ഭീതിയും ഉത്കണ്ഠയും പടരുന്നതിന്റെ ലക്ഷണമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് തെൽ അവീവ് യൂനിവേഴ്സിറ്റി ഇറാനിയൻ പഠന വിഭാഗം ഒരു അഭിപ്രായ സർവെ നടത്തിയിരുന്നു. ഹാരെറ്റ്സ് പത്രം സർവെ ഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇറാൻ അണുവായുധം നിർമിച്ചുകഴിഞ്ഞാൽ തങ്ങൾ ഇസ്രയേൽ വിടുമെന്നാണ് സർവെയിൽ പങ്കെടുത്ത നാലിലൊന്ന് പേരും പറഞ്ഞത്.

തെഹ്റാനിലെ ഒരു ഇസ്രയേൽ
വിരുദ്ധ ബോർഡ്

ഇനി അറബ് മേഖലക്ക്, പ്രത്യേകിച്ച് ചെങ്കടലിന്റെയും മധ്യധരണ്യാഴിയുടെയും കിഴക്കുള്ള അറബ് രാജ്യങ്ങൾക്ക് അവർ എന്തു നിലപാടെടുത്താലും ഇറാൻ - ഇസ്രയേൽ യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. രണ്ടു തരം രാജ്യങ്ങളാണ് ഇവിടെയുള്ളത്. ഇറാനുമായി സഖ്യത്തിലുള്ള, ഫലസ്ത്വീനികൾക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളാണ് ആദ്യ വിഭാഗം. ഇസ്രയേലുമായി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നവയാണ് രണ്ടാം വിഭാഗം രാജ്യങ്ങൾ. ഇറാന്റെയും സഖ്യകക്ഷികളുടെയും പ്രതികാര നടപടികളിൽനിന്ന് രണ്ടാം ഇനത്തിൽ പെട്ട രാജ്യങ്ങൾ സുരക്ഷിതമായിരിക്കില്ല. അതിലൊരു രാജ്യത്തിന് ഇറാൻ ഈയിടെ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങൾ തങ്ങളുടെ മണ്ണിലും യുദ്ധമുഖം തുറക്കപ്പെടുമോ എന്ന് ന്യായമായും ആശങ്കിക്കുന്നുണ്ട്. ഇറാനോട് ചേർന്നുകിടക്കുന്ന, എന്നാൽ ഇസ്രയേലിനോട് വിധേയത്വം പുലർത്തുന്ന രാജ്യങ്ങൾക്കായിരിക്കും യുദ്ധച്ചൂട് കൂടുതൽ സഹിക്കേണ്ടി വരിക.

ഇസ്രയേലുമായി നേരിട്ടുള്ള യുദ്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ പ്രസ്താവനകളിൽനിന്ന് മനസ്സിലാവുന്നത്. ഇസ്രയേലിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചാണ് ഇനിയുള്ള കാര്യങ്ങൾ രൂപപ്പെടുക. ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. 2023 ഒക്ടോബർ 7 പോലെ 2024 ഏപ്രിൽ 13-ഉം ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ഇസ്രയേലിന് കനത്ത തിരിച്ചടിയേറ്റ ദിവസങ്ങളായി ചരിത്രം അവയെ രേഖപ്പെടുത്തും. ഇസ്രയേലിന് ഈ ആക്രമണങ്ങൾ എത്ര നഷ്ടമുണ്ടാക്കി എന്ന് നോക്കിയല്ല ആ ദിവസങ്ങളെ വിലയിരുത്തേണ്ടത്. സയണിസ്റ്റുകളുടെ ആത്മവിശ്വാസത്തെയും അവരുടെ പ്രോജക്ടിനെയും അത്രയധികം കുലുക്കിക്കളഞ്ഞിട്ടുണ്ട് ഈ രണ്ട് സംഭവങ്ങളും. കുടിയേറ്റ ജനതയിൽ ഭയവും അങ്കലാപ്പും അവ വല്ലാതെ കൂട്ടിക്കളഞ്ഞിട്ടുണ്ട്. യുദ്ധം അവസാന വിശകലനത്തിൽ മനോബലങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണല്ലോ. l

(ഖത്തർ യൂനിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ അധ്യാപകനാണ് ലേഖകൻ)

ക്രൈസ്തവ സയണിസത്തിന്റെ നാള്‍വഴികള്‍ - 2

കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകള്‍ മുതല്‍ ഇന്നുവരെ അമേരിക്കന്‍ മത, സാംസ്‌കാരിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളാണ് അമേരിക്കന്‍ ക്രൈസ്തവത ഈ വിധത്തില്‍ ജൂതവത്കരിക്കപ്പെടാനുള്ള കാരണം. അതോടെ സമൂഹത്തിന്റെ ഓരം പറ്റി നിന്നിരുന്ന ചര്‍ച്ചുകള്‍ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നു. വിവര സാങ്കേതിക വിപ്ലവം അതിന് നിമിത്തമായി. Televangelism (television + evangelist) എന്ന പേരിലറിയപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ വ്യാപകമാകുന്നത് ഈ ഘട്ടത്തിലാണ്. മതമൗലിക വാദികളായ ബാപ്റ്റിസ്റ്റ്-മെത്തേഡിസ്റ്റ് പോലുള്ള വിഭാഗങ്ങള്‍ കൂടുതൽ സ്വാധീനവും ജനസ്വീകാര്യതയും നേടി; എല്ലാം ക്രിസ്തുമതത്തിന്റെ പേരില്‍. വളരെയേറെ പ്രചാരം നേടിയ മറ്റൊരു വിഭാഗമാണ് 'പുതുജന്മം കൊണ്ട ക്രിസ്ത്യാനികള്‍' (Born Again Christians). ജൂതായിസവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ചിന്താധാരയായിരുന്നു ഇത്. 'പിഴവുകള്‍ പറ്റാത്ത വിശുദ്ധ ജൂത രാഷ്ട്രം' എന്ന സങ്കല്‍പ്പം അമേരിക്കന്‍ സമൂഹത്തില്‍ വേരുറക്കുന്നത് അങ്ങനെയാണ്.

ഗ്രേസ് ഹൽസെല്‍

താന്‍ ഈ ചിന്താധാരയുടെ വക്താവാണ് എന്ന് അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ഒരാള്‍ 1974-ല്‍ അമേരിക്കയുടെ പ്രസിഡന്റായി -ജിമ്മി കാര്‍ട്ടര്‍. 1979-ല്‍ ജിമ്മി കാര്‍ട്ടര്‍ ഇസ്രായേലി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തില്‍ ജൂതന്മാരും അമേരിക്കന്‍ ക്രൈസ്തവതയും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു: ''അമേരിക്കയും ഇസ്രായേലും തമ്മിലുള്ളത് പ്രത്യേക ബന്ധം എന്നതിനും അപ്പുറമുള്ള ഒരു ബന്ധമാണ്. അന്യാദൃശ ബന്ധം എന്നുതന്നെ ഞാന്‍ പറയട്ടെ, ആ ബന്ധം ഒരിക്കലും തകർക്കാനാവുകയില്ല. കാരണം, അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയിലും മതവിശ്വാസത്തിലും ധാര്‍മികതയിലും ആഴത്തില്‍ ഇറങ്ങിനില്‍ക്കുന്ന ഒരു ബന്ധമാണത്'' (രിദാ ഹിലാല്‍, പേജ് 166, 167). റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബുഷ് ഒന്നാമനും മകനായ ബുഷ് രണ്ടാമനും പ്രസിഡന്റ് സ്ഥാനത്ത് എത്തിയപ്പോള്‍ ഈ ബന്ധം കൂടുതല്‍ രൂഢമൂലമായി.

പ്രസിഡന്റായിരുന്ന ബുഷ് ജൂനിയറിന്റെ എല്ലാ പ്രസംഗങ്ങളും പഠനവിധേയമാക്കിയ ശേഷം ഒരു അമേരിക്കന്‍ ഗവേഷകന്‍ എത്തിച്ചേരുന്ന നിഗമനം ഇതാണ്: ''വെസ്റ്റ് ബാങ്കും ഗസ്സയും ജൂതന്മാര്‍ക്ക് ദൈവത്തില്‍നിന്ന് വരദാനമായി ലഭിച്ചതാണെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും വിശ്വസിച്ച ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റാണ് ബുഷ്.'' പാറ്റ് റോബേട്‌സണിന്റെ നേതൃത്വത്തിലുള്ള 'ക്രിസ്ത്യന്‍ സഖ്യം' കൊണ്ടുനടക്കുന്ന അതേ വിശ്വാസം തന്നെയാണിത്. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടത്തിയ ഒരു റാലിയില്‍, വെസ്റ്റ് ബാങ്കും ഗസ്സയും വിട്ടുകൊടുക്കരുതെന്ന് റോബേട്‌സണ്‍ ഇസ്രായേലി നേതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. കാരണം, 'അങ്ങനെ ചെയ്യുന്നത് ദൈവേഛക്ക് വിരുദ്ധം' ആയിത്തീരും.

പ്രഫ. ജോണ്‍ എൽ. എസ്‌പോസിറ്റോ

എല്ലാ മതങ്ങളോടും തുല്യ സമീപനം എന്ന സെക്യുലര്‍ കാഴ്ചപ്പാട് പുലര്‍ത്തുന്ന രാഷ്ട്രമാണ് അമേരിക്കയെങ്കിലും, മതപഠനത്തിനായി ബജറ്റില്‍നിന്ന് ഫണ്ട് അനുവദിച്ച ആദ്യ പ്രസിഡന്റാണ് ബുഷ് എന്നത് അദ്ദേഹത്തിന്റെ മതമൗലികവാദത്തിന് തെളിവാണ്. ജോര്‍ജ് ബുഷും അല്‍ഗോറും തമ്മിലുള്ള ടെലിവിഷന്‍ സംവാദത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജിം ലെറര്‍, ബുഷിനോട് അദ്ദേഹത്തിന്റെ ദിനചര്യയെപ്പറ്റി ചോദിക്കുന്നുണ്ട്. ബൈബിള്‍ വായിച്ചും നായക്ക് തീറ്റ കൊടുത്തും ഭാര്യക്ക് കോഫി ഉണ്ടാക്കി നല്‍കിയും തന്റെ ഒരു ദിവസം തുടങ്ങും എന്നാണ് ബുഷ് പറയുന്നത്. രാഷ്ട്രീയത്തില്‍ തന്റെ മാതൃക യേശുവാണെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ജോണ്‍ എൽ. എസ്‌പോസിറ്റോ തന്റെ 'അവിശുദ്ധ യുദ്ധം' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നതു പോലെ ഇത് അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിലെ പുതിയ പ്രവണതയാണ്. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഏക ജനത ഭൂമുഖത്ത് ജൂതന്മാര്‍ മാത്രമാണ്' എന്ന് ബുഷ് പറയുന്നത് താന്‍ നേരില്‍ കേട്ടിട്ടുണ്ടെന്നും എസ്‌പോസിറ്റോ എഴുതുന്നു.

ജൂതന്മാരില്‍ മതാഭിമുഖ്യമുള്ളവരും ലിബറലുകളുമൊക്കെയുണ്ട് എന്നതിനാല്‍ അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടിയിലും അവരുടെ സാന്നിധ്യമുണ്ട് (എല്ലാ മുട്ടകളും ഒരേ കുട്ടയില്‍ വെക്കേണ്ട എന്ന തന്ത്രവുമാവാം); പക്ഷേ, അടുത്ത കാലത്തായി ജൂത ഗ്രൂപ്പുകള്‍ കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടാണ്. കാരണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജൂതാഭിമുഖ്യം ഉറച്ച മതബോധ്യത്തില്‍നിന്ന് ഉണ്ടായിത്തീര്‍ന്നിട്ടുള്ളതാണ്. അതേസമയം ഡമോക്രാറ്റ് പാര്‍ട്ടി പൊതുവെ ലിബറല്‍ ആഭിമുഖ്യമുള്ളതുകൊണ്ട് അത് ഒരു പരിധിവരെ ഇസ്രായേലിനെ കാണുന്നത് ഒരു 'ഭൗതിക രാഷ്ട്ര'മായിട്ടാണ്.

പുതിയ ക്രൈസ്തവതയുടെ
അമേരിക്കന്‍ മുഖം

'ഫലസ്്ത്വീനില്‍ ജൂതന്മാര്‍ക്കൊരു ദേശരാഷ്ട്രം' എന്ന വിശ്വാസം ജൂതസമൂഹം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ക്രൈസ്തവ പ്രൊട്ടസ്റ്റന്റ് വിഭാഗം അത് ഏറ്റെടുത്തിട്ടുണ്ട്. ജൂതന്മാര്‍ അത്തരമൊരു രാഷ്ട്രത്തിന് ശ്രമിക്കുന്നതിന് മുമ്പേ പ്രൊട്ടസ്റ്റന്റുകാര്‍ ആ ശ്രമം തുടങ്ങിയിട്ടുണ്ട്. 1983-ൽ അമേരിക്കന്‍ എഴുത്തുകാരി ഗ്രേസ് ഹൽസെല്‍ (Grace Halsell) നൂറ് കണക്കിന് അമേരിക്കന്‍ ക്രിസ്ത്യാനികളോടൊപ്പം ജറൂസലം സന്ദര്‍ശിച്ചിരുന്നു. അതിന്റെ ചെലവ് വഹിച്ചത് പാസ്റ്റര്‍ ജെറി ഫാല്‍വെല്‍ ആണ്. ഈ അമേരിക്കന്‍ എഴുത്തുകാരി പ്രത്യേകം എടുത്തുപറയുന്ന ഒരു കാര്യമുണ്ട്: ''ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഫാല്‍വെല്‍ വിതരണം ചെയ്തിരുന്ന ലഘുലേഖകളില്‍, ക്രിസ്തുവിന്റെ ജന്മനാട്ടിലേക്കാണ് പോകുന്നത്, അവിടെയാണ് അദ്ദേഹം ആശയപ്രചാരണത്തിന് ഇറങ്ങിത്തിരിച്ചത്… തുടങ്ങിയ കാര്യങ്ങളൊന്നുമല്ല ഉണ്ടായിരുന്നത്. എല്ലാ വിവരണവും ഇസ്രായേലിനെ കേന്ദ്രീകരിച്ചായിരുന്നു.'' പുസ്തകത്തിലെ മറ്റൊരു പരാമര്‍ശം ഇങ്ങനെയാണ്: ''ഞങ്ങള്‍ പോയേടത്തെല്ലാം (ഫലസ്ത്വീനിൽ) ക്രിസ്ത്യാനികളുണ്ട്. പക്ഷേ, അവരുമായി സംസാരിക്കാനുള്ള ഒരു അവസരവും ഫാല്‍വെല്‍ ഒരുക്കിയിരുന്നില്ല'' (ഗ്രേസ് ഹല്‍സെല്‍, പേജ് 59). യേശു ജനിച്ചെന്ന് കരുതപ്പെടുന്ന തിരുപ്പിറവി ദേവാലയം (Church of Nativity) വരെ ഇസ്രായേലി സൈന്യം ഉപരോധിക്കുന്നത് ഗ്രേസ് ഹല്‍സെല്‍ കണ്ടിരുന്നെങ്കില്‍, താന്‍ വിശ്വസിച്ച ക്രിസ്തുമതമല്ല ഇപ്പോഴുള്ളത് എന്നവര്‍ മനസ്സിലാക്കുമായിരുന്നു.
അമേരിക്കന്‍ ക്രൈസ്തവ നേതാക്കളുടെ കണ്ണില്‍, ഫലസ്ത്വീനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റു ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ജൂതന്മാര്‍ എന്തുകൊണ്ട് കൂടുതല്‍ പ്രാധാന്യമുള്ളവരും അടുപ്പമുള്ളവരുമായി മാറുന്നു എന്ന് ഹല്‍സെല്‍ അത്ഭുതപ്പെടുന്നുണ്ട്. ജൂത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍, ജൂതന്മാരെക്കാളും ആവേശത്തോടെ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ചുവപ്പ് വരകള്‍ മുറിച്ചുകടക്കുന്നു എന്നും എഴുത്തുകാരി ചോദിക്കുന്നു. 1999-ല്‍ മസ്ജിദുല്‍ അഖ്‌സ്വാ സ്‌ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ക്കാന്‍ പരിപാടിയിട്ട ഒരു അമേരിക്കന്‍ സംഘത്തെ ഇസ്രായേല്‍ പോലീസ് അറസ്റ്റു ചെയ്തത് ഗ്രന്ഥകാരി തെളിവായി ഉദ്ധരിക്കുന്നു (ഹല്‍സെല്‍, പേജ് 89).

ജിമ്മി കാര്‍ട്ടര്‍

ഈ തീവ്ര ക്രൈസ്തവ ധാരയില്‍ പെടുന്നവരാണ്, അവരുടെ കൂട്ടുകക്ഷികളായ ജൂത വിഭാഗങ്ങളെക്കാള്‍ ഇസ്്‌ലാമിനെ ഭര്‍ത്സിക്കുന്നതിലും മുസ്്‌ലിംകളുടെ വികാരങ്ങള്‍ മുറിപ്പെടുത്തുന്നതിലും മുന്‍പന്തിയിലുള്ളത് എന്നും കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തിനകം (ലേഖനമെഴുതിയത് 2004-ല്‍, വിവ:) ഫ്രാങ്ക് ഗ്രഹാം, പാറ്റ് റോബേട്സണ്‍, ജെറി ഫാല്‍വെല്‍ തുടങ്ങിയവര്‍ ഇസ്്‌ലാമിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും ഇത് വ്യക്തമാകാന്‍.

ഈ ക്രിസ്ത്യന്‍ അമേരിക്കന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് 'ഫ്രാന്‍സിനെയോ ഇംഗ്ലണ്ടിനെയോ ജര്‍മനിയെയോ ഇറ്റലിയെയോ അമേരിക്കയെയോ ലോകത്തെ മറ്റേതൊരു രാഷ്ട്രത്തെയോ ആര് വിമര്‍ശിക്കുന്നതിലും പ്രശ്‌നമൊന്നുമില്ല. കാരണം, അതൊരു രാഷ്ട്രീയ വിഷയമാണ്. പക്ഷേ, അവരെ സംബന്ധിച്ചേടത്തോളം ഇസ്രായേലിനെ വിമര്‍ശിക്കുക എന്നത് ദൈവത്തെ തന്നെ വിമര്‍ശിക്കുന്നതിന് തുല്യമാണ്' എന്നും ഗ്രന്ഥകാരി (ഹല്‍സെല്‍, പേജ് 80) ചൂണ്ടിക്കാണിക്കുന്നു.
എന്റെ കാഴ്ചയില്‍, പ്രൊട്ടസ്റ്റന്റ് മതത്തിന്റെ ജൂതവത്കരണത്തെ ചരിത്ര പിന്‍ബലത്തോടെ മനസ്സിലാക്കുക എന്നതാണ്, ഫലസ്ത്വീന്‍ വിഷയത്തിലും മറ്റു മുസ്്‌ലിം ലോക പ്രശ്‌നങ്ങളിലുമുള്ള അമേരിക്കന്‍ നിലപാടിനെ വിശകലനം ചെയ്യാനുള്ള ശരിയായ വഴി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള അമേരിക്കന്‍ ജൂത സമൂഹത്തിന്റെ 'പ്രാഗത്ഭ്യ'മാണ് അമേരിക്കയുടെ ഇസ്രായേല്‍ അനുകൂല നിലപാടിന് കാരണമെന്ന വിശദീകരണം ഉപരിപ്ലവമാണ്; അതൊട്ടും മതിയാവില്ല. മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടർ സൂചിപ്പിച്ചതു പോലെ, അതിന്റെ വേരുകള്‍ അമേരിക്കയുടെ മത, ധാര്‍മിക ബോധ്യങ്ങളിലേക്ക് ആഴത്തില്‍ ആണ്ടിറങ്ങിയിട്ടുണ്ട്.

നാം പൊതുവെ, കൊളോണിയലിസത്തിന്റെയും അപ്പാർത്തീഡിന്റെയും അവസാന ഔട്ട്പോസ്റ്റ് എന്ന് കരുതുന്ന ഇസ്രായേല്‍ എന്തുകൊണ്ട് മിക്ക അമേരിക്കക്കാര്‍ക്കും വിമര്‍ശനാതീതമായ ഒരു 'ദൈവിക പദ്ധതി'യായി മാറി എന്ന തിക്ത സത്യം ഈ ചരിത്ര വിശകലനത്തിലൂടെ മാത്രമേ വ്യക്തമാവൂ. ഈ മതസ്വാധീനം ഓരോ ദിനം ചെല്ലുംതോറും അമേരിക്കയില്‍ വര്‍ധിച്ചുവരികയാണെന്നും നാം മനസ്സിലാക്കണം. l
(അവസാനിച്ചു)

എന്തുകൊണ്ടാണ് അമേരിക്ക എപ്പോഴും ഇസ്രായേല്‍പക്ഷ നിലപാട് സ്വീകരിക്കുന്നത്? അറബ്-ഇസ് ലാമിക ലോകത്തുള്ളവര്‍ അതിന് പറയുന്ന കാരണങ്ങള്‍ സംഗ്രഹിച്ചാല്‍ അതിങ്ങനെയായിരിക്കും: അമേരിക്കന്‍ നിലപാട് ഇസ്രായേലിന് അനുകൂലമാവുന്നത് രാഷ്ട്രീയ സ്ട്രാറ്റജി മുന്നില്‍ കണ്ടുകൊണ്ടാണ്. അതിലൊന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വരുതിയില്‍ നിര്‍ത്തുന്ന ജൂതപ്പണമാണ്. അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതും ജൂത മീഡിയയാണ്. പോരെങ്കില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ ജൂതകൂട്ടായ്മകള്‍ക്കൊക്കെ ഒറ്റ ശബ്ദമേ കാണൂ. പിന്നെ, അറബ് ലോകത്തിന്റെ നടുക്ക് കുന്തമുന പോലെയുള്ള ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര കിടപ്പും… ഒട്ടൊന്ന് ആലോചിച്ചാല്‍ ഈ വിശകലനങ്ങളൊന്നും സൂക്ഷ്മമല്ലെന്നും കേവലം ഉപരിപ്ലവമാണെന്നും ബോധ്യമാവും. ഇവയൊക്കെ, ആഴത്തില്‍ കിടക്കുന്ന യഥാര്‍ഥ കാരണങ്ങളുടെ ചില പ്രതിഫലനങ്ങള്‍ മാത്രമാണ് എന്നേ പറയാനാവൂ.

ജൂതന്മാര്‍ തങ്ങളുടെ പണമിറക്കി അമേരിക്കന്‍ സമൂഹത്തില്‍ തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സമവായം രൂപപ്പെടുത്തുന്നു എന്നു പറയുന്നതില്‍ ശരികേടുകളുണ്ട്. പലതരം ശക്തികള്‍ മാറ്റുരക്കുന്ന വേദിയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. ജൂതന്മാരുടെതിന് തുല്യമോ അതില്‍ കൂടുതലോ പണമുള്ള ജൂതരല്ലാത്തവരും അതില്‍ ഇറങ്ങിക്കളിക്കാറുണ്ട്. അമേരിക്കയില്‍ കാണുന്ന, വിശ്വാസത്തോളമെത്തുന്ന ഇസ്രായേലീ പക്ഷപാതിത്വത്തിന് ജൂതന്മാരുടെ മീഡിയാ മിടുക്കും ന്യായമായ വിശദീകരണമാവുന്നില്ല. കാരണം, മാധ്യമ ബഹുസ്വരതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പേരുകേട്ട നാടാണ് അമേരിക്ക. ഇതിന് വിരുദ്ധമായൊരു പൊതുജനാഭിപ്രായ രൂപവത്കരണവും അവിടെ സാധ്യമാണ്; അക്കാര്യത്തിന് വേണ്ടത്ര സഹായികളെ കിട്ടുമെങ്കില്‍.

പിന്നെയുള്ളത് ഇസ്രായേലിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. അത് അമേരിക്ക ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നതിന് മതിയായ കാരണമാവുന്നില്ല. ഒരു നിലക്ക് നോക്കിയാല്‍, അമേരിക്കക്ക് അറബ് മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായിക്കുകയല്ല, മറിച്ച് അതിന് എപ്പോഴും തടസ്സമായി നില്‍ക്കുകയാണ് ഇസ്രായേല്‍ ചെയ്തത്. ഇക്കാര്യത്തില്‍ അമേരിക്കക്ക് കൂടുതല്‍ പ്രയോജനപ്പെട്ടിട്ടുള്ളത് ഇസ്രായേലിനെക്കാള്‍ ചില അറബ് ഭരണാധികാരികളാണെന്നും കാണാം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതന്മാര്‍ക്ക് ഒറ്റ ശബ്ദമാണ് എന്നതും മിഥ്യാധാരണയാണ്. വൈവിധ്യമുള്ളതും ഭിന്ന വിരുദ്ധവുമായ അഭിപ്രായങ്ങള്‍ അവര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ജൂതന്മാര്‍ തീരെ ഇല്ല എന്നു പറയാവുന്ന ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ പോലും, ജൂതന്മാര്‍ക്കു വേണ്ടിയുള്ള പക്ഷംപിടിക്കല്‍ വളരെ ആഴത്തില്‍ വേരിറങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കണം.

ഗ്രേസ് ഹാൽസെൽ

ഇസ്രായേലി ദിനപത്രം 'ജറൂസലം പോസ്റ്റ്' അഭിമാനത്തോടെ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്; 1978 മുതല്‍ മിനസോട്ട സംസ്ഥാനത്തെ അമേരിക്കന്‍ സെനറ്റില്‍ പ്രതിനിധീകരിച്ചു പോന്നത് ഒരു ജൂതനാണ് എന്ന്. എന്നാല്‍, ആ സംസ്ഥാനത്തെ ജൂത ജനസംഖ്യ ഒരു ശതമാനത്തില്‍ കവിയില്ല! ഈ സ്ഥാനത്തേക്ക് രണ്ട് ജൂതന്മാരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്; നോം കോള്‍മാനും പോള്‍ ഡി വെല്‍സ്‌റ്റോണും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിമാനം തകര്‍ന്ന് മരണപ്പെടുകയായിരുന്നു വെല്‍സ്റ്റോണ്‍ (ജറൂസലം പോസ്റ്റ് 27-10-2002). അമേരിക്കയില്‍ ജൂത ജനസംഖ്യ മൂന്ന് ശതമാനത്തില്‍ താഴെയാണ്. സെനറ്റില്‍ അവരുടെ പ്രാതിനിധ്യം പത്ത് ശതമാനത്തോളമുണ്ടെങ്കിലും അത് വിധിനിര്‍ണായക ഘടകമാണെന്ന് പറയാനാവില്ല.
അപ്പോള്‍ അമേരിക്ക-ഇസ്രായേല്‍ ബന്ധത്തിന്റെ യഥാര്‍ഥ വിശദീകരണം കണ്ടെത്താന്‍ നമുക്ക് അല്‍പം ചരിത്രത്തിലൂടെ സഞ്ചരിക്കേണ്ടിവരും; ചില മതപശ്ചാത്തലങ്ങള്‍ അന്വേഷിക്കേണ്ടിവരും. ഈജിപ്ഷ്യന്‍ എഴുത്തുകാരനായ റിദാ ഹിലാലിന്റെ ജൂത മസീഹ് (അല്‍ മസീഹുല്‍ യഹൂദി), അമേരിക്കന്‍ എഴുത്തുകാരി ഗ്രേസ് ഹാല്‍സെലി(Grace Halsell)ന്റെ Forcing God's Hand എന്നീ രണ്ട് പുസ്തകങ്ങള്‍ അവലംബിച്ചാണ് ഈ പഠനം തയാറാക്കിയിരിക്കുന്നത്.

'ദൗഷ്ട്യ'ത്തില്‍നിന്ന് 'പരിപാവനത'യിലേക്ക്
പതിനഞ്ച് നൂറ്റാണ്ടുകാലം മുഴു ക്രൈസ്തവ ലോകത്തിന്റെയും കണ്ണില്‍ ജൂതന്മാര്‍ 'ശപിക്കപ്പെട്ട ജനത' ആയിരുന്നു. കാരണം, ക്രൈസ്തവ വിശ്വാസ പ്രകാരം, അവര്‍ യേശു ക്രിസ്തുവിന്റെ ഘാതകരായിരുന്നു. ക്രൈസ്തവ ബോധത്തില്‍ വേരുറച്ചുപോയ ഈ ധാരണ നിമിത്തമാണ് യഹൂദര്‍ പലതരം പീഡനങ്ങള്‍ക്കിരയായതും നിരന്തരം അപമാനിക്കപ്പെട്ടതും. ഇസ് ലാമിക ദൃഷ്ടിയില്‍ ഈ കാഴ്ചപ്പാട് അബദ്ധമാണെന്ന് മാത്രമല്ല, അതിക്രമങ്ങള്‍ക്ക് വഴിവെക്കുന്നതുമാണ്. പക്ഷേ, വലിയൊരു വിഭാഗം ആളുകളില്‍ നിലനിന്നത് ഈ മനോഭാവമായിരുന്നു. ബൈബിളില്‍നിന്നുള്ള ധാരാളം ഉദ്ധരണികളും അതിന് കൂട്ടായി. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും അതിന് അനുകൂലമായിരുന്നു.

രിദാ ഹിലാൽ

പതിനഞ്ചാം നൂറ്റാണ്ടോടെ ക്രൈസ്തവ മതബോധത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. പാശ്ചാത്യ നാടുകളില്‍ മതനവീകരണ പ്രസ്ഥാന(Reformation Movement)ത്തിന്റെ ആവിര്‍ഭാവമായിരുന്നു അതിന് കാരണം. ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുവിലും, പാശ്ചാത്യ കത്തോലിക്കാ മതത്തില്‍ പ്രത്യേകിച്ചും അത് മതകീയവും രാഷ്ട്രീയവുമായ പിളര്‍പ്പുകളുണ്ടാക്കി. ക്രൈസ്തവതയില്‍ പ്രൊട്ടസ്റ്റന്റ് എന്നൊരു മതവിഭാഗം പുതുതായി ജന്മംകൊണ്ടു എന്നതായിരുന്നു ഈ മാറ്റങ്ങളുടെ ഒരു ഫലം. ജൂതമതത്തിന്റെ താവഴിയാണ് പ്രൊട്ടസ്റ്റന്റ് വിഭാഗം തെരഞ്ഞെടുത്തത്. അവര്‍ക്ക് പുതിയ നിയമ(New Testament)ത്തെക്കാള്‍ പ്രധാനം തോറ, അഥവാ പഴയ നിയമം (Old Testament) ആയിരുന്നു. ഈ പുതുമുറ ക്രിസ്ത്യാനികളില്‍ ജൂത സമുദായത്തെക്കുറിച്ച കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ വന്നു.

ചര്‍ച്ചിലെ പിളര്‍പ്പ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തമ്മിലെ അധികാര വടംവലികള്‍ക്കും വഴിവെച്ചു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാഷ്ട്രങ്ങള്‍ തമ്മിലായിരുന്നു പ്രധാന മത്സരം. കത്തോലിക്ക ചര്‍ച്ച് ഫ്രാന്‍സിനോടൊപ്പം നിന്നു. അതോടെ ഇംഗ്ലീഷ്-ജര്‍മന്‍ ജനതകൾ, ചര്‍ച്ച് മേധാവിത്വത്തില്‍നിന്ന് മോചനം വേണമെന്ന് വാദിക്കുന്ന പ്രൊട്ടസ്റ്റന്റ് മതത്തോട് ആഭിമുഖ്യമുള്ളവരായി.

ക്രിസ്ത്യന്‍ ധാരയില്‍ ജൂതമതത്തോടുള്ള ഈ ചായ് വ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ മുഖ്യ ശില്‍പിയും അതിന്റെ താത്ത്വികനുമായ മാര്‍ട്ടിന്‍ ലൂഥറിന്റെ കൃതികളില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. 1532-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ ഒരു പ്രബന്ധമെഴുതി, 'യേശു ജനിച്ചത് ഒരു ജൂതനായി' (Christ was Born a Jew) എന്ന പേരില്‍. ജൂത-ക്രൈസ്തവ ബന്ധങ്ങളില്‍ കാതലായ മാറ്റം തന്നെയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്; അതേവരെയുള്ള ക്രൈസ്തവ സമൂഹത്തിന് പരിചയമില്ലാതിരുന്ന ഒരു വീക്ഷണം. അദ്ദേഹം എഴുതി: ''എല്ലാ ബൈബിള്‍ പുസ്തകങ്ങളും ജൂതന്മാര്‍ വഴി മാത്രം അവതരിപ്പിക്കണമെന്നാണ് പരിശുദ്ധാത്മാവ് ഉദ്ദേശിച്ചത്. ജൂതന്മാര്‍ ദൈവത്തിന്റെ മക്കളാണ്; നാം വിചിത്രരായ അതിഥികളും. നായകളെപ്പോലെ യജമാനന്മാരുടെ എച്ചിലുകള്‍ കഴിച്ച് നാം തൃപ്തിപ്പെടേണ്ടിയിരിക്കുന്നു'' (രിദാ ഹിലാലിന്റെ പുസ്തകം, പേജ് 63).

വില്യം ബ്ലാക് സ്റ്റോൺ

എന്നാല്‍, ജൂത വിഷയത്തില്‍ കൃത്യമായ നിലപാടിലെത്താനും മാര്‍ട്ടിന്‍ ലൂഥറിന് കഴിഞ്ഞില്ല. ഭൂതകാലത്തിന്റെ ഭാരം അദ്ദേഹത്തെ അനിശ്ചിതത്വത്തിലാക്കി. തൂക്കമൊപ്പിക്കാനായി അദ്ദേഹം ജൂതന്മാരെ അധിക്ഷേപിക്കുന്ന ഒരു പ്രബന്ധം കൂടി എഴുതി; 'ജൂതന്മാരെയും അവരുടെ കള്ളങ്ങളെയും സംബന്ധിച്ച്' (On the Jews and Their Lies) എന്ന പേരില്‍. അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് ഇതെഴുതിയത്. പക്ഷേ, ക്രിസ്ത്യന്‍ ചരിത്രത്തിനകത്ത് ജൂതന്മാര്‍ക്ക് കടന്നുവരാനുള്ള വാതില്‍ തുറക്കുകയാണ് മാര്‍ട്ടിന്‍ ലൂഥര്‍ ചെയ്തത്. ഒരാള്‍ തന്നെ എഴുതിയ രണ്ട് കൃതികള്‍ തമ്മിലെ ആശയപ്പോരാട്ടം ('ജൂതനായി ജനിച്ച ക്രിസ്തു' v/s 'ജൂതന്മാരെയും അവരുടെ കള്ളങ്ങളെയും സംബന്ധിച്ച്') പിന്നീടുള്ള നാല് നൂറ്റാണ്ട് കാലം ക്രൈസ്തവ ലോകത്ത് തുടര്‍ന്നു. ആ പോരാട്ടത്തില്‍ ജയിച്ചത് ആദ്യം പറഞ്ഞ ആശയ('ജൂതനായി ജനിച്ച ക്രിസ്തു')മാണ്.

പിന്നെ, നീതിയോ മിതത്വമോ പാലിക്കാത്ത വഴിയിലൂടെയായിരുന്നു ചരിത്രത്തിന്റെ സഞ്ചാരം. അങ്ങനെ ജൂതന്മാര്‍ 'ശപിക്കപ്പെട്ട സമുദായ'ത്തില്‍നിന്ന് 'ദൈവത്തിന്റെ സന്താനങ്ങള്‍' ആയി മാറി. 'ഗെറ്റോ'യില്‍നിന്ന് അവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തി. ക്രൈസ്തവര്‍ ധാരാളമായി പീഡിപ്പിച്ചിരുന്ന 'മലിന സമൂഹം' ഒടുവില്‍ 'പവിത്ര സമൂഹ'മായി രൂപം മാറി. ഇവര്‍ക്കു വേണ്ടി, ഈ മലിനമാക്കുന്നതിലും പവിത്രമാക്കുന്നതിലും ഒരു പങ്കുമില്ലാത്ത ഇതര സമൂഹങ്ങളെക്കൂടി പീഡിപ്പിക്കാന്‍ ക്രൈസ്തവ സമൂഹങ്ങള്‍ തയാറായി.

ഈ രൂപപ്പകര്‍ച്ചയും സംക്രമണവും ഒരേ അളവിലല്ല വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍ക്കൊണ്ടത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഏറ്റവും ആഴത്തില്‍ സ്വാധീനിച്ചത് അമേരിക്കന്‍- ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെയാണ്. അങ്ങനെ ജൂതായിസം എന്നത് ഈ വിഭാഗങ്ങളുടെ രക്തമാംസങ്ങളുടെ ഭാഗമായി. അപ്പോഴും കത്തോലിക്കാ വിഭാഗം (ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍) ഒരു പരിധിവരെ ഈ സ്വാധീനത്തിന് അടിപ്പെടാതെ യാഥാസ്ഥിതികമായി നിലനിന്നു. അതുകൊണ്ടാണ്, യേശുവിന്റെ രക്തത്തില്‍ ജൂതന്മാര്‍ക്ക് പങ്കില്ല എന്ന് പറയാന്‍ വത്തിക്കാന്‍ 1966 വരെ കാത്തുനിന്നത്. എന്നാല്‍, കിഴക്കന്‍ യൂറോപ്പിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവത, ജൂതരെയും ജൂതായിസത്തെയും സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാടില്‍ ഉറച്ചുനിന്നു. ഇതു കാരണമാണ് ഈ വിഷയത്തിലുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ വലിയ അന്തരം കാണുന്നത്. അമേരിക്കയിലെയും ബ്രിട്ടനിലെയും (ഇപ്പോൾ ജര്‍മനിയിലെയും) ക്രൈസ്തവര്‍ ജൂത രാഷ്ട്രവുമായി തങ്ങളുടേതെന്ന മട്ടില്‍ താദാത്മ്യപ്പെടുമ്പോള്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ കത്തോലിക്ക രാജ്യങ്ങളില്‍ പൊതുവെ ഒരു കരുതല്‍ മാറിനിൽപ്പ് കാണാം. റഷ്യ പോലുള്ള കിഴക്കന്‍ യൂറോപ്പാകട്ടെ ഒരുതരം സംശയദൃഷ്ടിയോടെയാവും വിഷയത്തെ കാണുക. ഈ ലേഖനത്തില്‍ അതൊന്നുമല്ല പ്രധാനം. അമേരിക്ക എങ്ങനെ ജൂത രാഷ്ട്രവുമായി താദാത്മ്യപ്പെട്ടു എന്നാണ് നാം ഇവിടെ അന്വേഷിക്കുന്നത്.

ആദ്യം ക്രൈസ്തവ സയണിസം,
പിന്നെ ജൂത സയണിസം

എന്തുകൊണ്ട് അമേരിക്ക ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നു എന്ന് പഠിക്കുന്നവര്‍ വിട്ടുകളയുന്ന പ്രധാനപ്പെട്ട ഒരു ചരിത്ര യാഥാര്‍ഥ്യമുണ്ട്. ജൂതസയണിസത്തിന് മുമ്പ് ക്രൈസ്തവ സയണിസം രൂപപ്പെട്ടിട്ടുണ്ട് എന്നതാണത്.

1844-ല്‍ ആദ്യ അമേരിക്കന്‍ സ്ഥാനപതി വാര്‍ഡര്‍ ക്രിസ്റ്റന്‍ ജറൂസലമിലെത്തുന്നു. തന്റെ നിയോഗ ലക്ഷ്യം അദ്ദേഹം തന്നെ നിര്‍ണയിച്ചത് ഇങ്ങനെ: ''ദൈവ പ്രവൃത്തികള്‍ ചെയ്യുക. വാഗ്ദത്ത ഭൂമിയില്‍ ജൂത സമൂഹത്തിന് ഒരു ദേശരാഷ്ട്രമുണ്ടാക്കാന്‍ സഹായിക്കുക'' (രിദാ ഹിലാലിന്റെ പുസ്തകം, പേജ് 95). ഇതിനു വേണ്ടി ക്രിസ്റ്റന്‍ അമേരിക്കന്‍ നേതാക്കളുടെ മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. ഉസ്മാനി നേതാക്കളോടും ഇക്കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു; ഫലമൊന്നും ഉണ്ടായില്ലെങ്കിലും. ക്രിസ്റ്റന്റെ പാത പ ിന്‍പറ്റിക്കൊണ്ടാണ് സഞ്ചാരിയായ അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ പ്രഘോഷകന്‍ വില്യം ബ്ലാക്‌സ്‌റ്റോണ്‍ 1878-ല്‍ 'ക്രിസ്തു വരുന്നു' (Jesus is Coming) എന്ന പുസ്തകമെഴുതുന്നത്. ഇതിന്റെ ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയി. അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് മതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ പുസ്തകത്തിന് കഴിഞ്ഞു. ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന 'ക്രിസ്തുവിന്റെ രണ്ടാം വരവ്', ജൂതന്മാര്‍ വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചെത്തിയിട്ടല്ലാതെ സംഭവിക്കില്ലെന്നാണ് ഈ പുസ്തകം സമര്‍ഥിക്കുന്ന കേന്ദ്ര ആശയം. ജൂതന്മാരെ ഫലസ്ത്വീനിലേക്ക് കൊണ്ടുവരാന്‍ ഇടപെടണമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഹാരിസണിന് 1891-ല്‍ അദ്ദേഹം ഒരു മെമോറാണ്ടം സമര്‍പ്പിക്കുന്നുമുണ്ട്. അമേരിക്കയിലെ മുതിര്‍ന്ന 413 ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിനിധി സഭാ സ്പീക്കര്‍, ധാരാളം സെനറ്റര്‍മാര്‍, നിരവധി പ്രമുഖ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ എന്നിവരെല്ലാം ഇതില്‍ ഒപ്പുവെച്ചിരുന്നു (രിദാ, പേജ് 97).

അതായത്, 'ഫലസ്ത്വീനില്‍ ജൂതന്മാര്‍ക്കൊരു ദേശ രാഷ്ട്രം' എന്ന ആശയത്തില്‍ ആദ്യം വിശ്വസിച്ചതും അതിന്റെ പ്രചാരകരായതും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളാണ്. പിന്നെയാണ് ജൂത വിഭാഗങ്ങള്‍ ഈ ആശയത്തിലേക്ക് വരുന്നതും അതിനു വേണ്ടി രംഗത്തിറങ്ങുന്നതും. ബ്രിട്ടീഷ് -അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ആദര്‍ശപരവും വിശ്വാസപരവുമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ ആശയത്തിന്റെ പ്രയോഗവത്കരണ സാധ്യതക്ക് അത്ര പ്രാധാന്യമൊന്നും ജൂതവിഭാഗങ്ങള്‍ കൊടുക്കുമായിരുന്നില്ല എന്നര്‍ഥം.

സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് 'ജൂതരാഷ്ട്രം' എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍, അത് അടിസ്ഥാനപരമായി മതകീയ പ്രേരണകള്‍ ഉള്ളടങ്ങിയതായിരുന്നില്ല. അദ്ദേഹം ഒരു സെക്യുലര്‍ ദേശീയവാദി ആയിരുന്നു. താന്‍ വിഭാവനം ചെയ്യുന്ന രാജ്യത്തിനായി ജൂതന്മാര്‍ ഉഗാണ്ടയിലേക്കോ ഇറാഖിലേക്കോ കാനഡയിലേക്കോ അര്‍ജന്റീനയിലേക്കോ കുടിയേറുന്നതിന് അദ്ദേഹത്തിന് വിരോധമില്ലായിരുന്നു. പക്ഷേ, അമേരിക്കയിലെ ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ ആദ്യ ദിവസം തൊട്ടേ, ജൂതന്മാരുടെ ദേശരാഷ്ട്രം ഫലസ്ത്വീനിലേ ആകാവൂ എന്ന് ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു. കാരണം, അവരെ സംബന്ധിച്ചേടത്തോളം 'ക്രിസ്തുവിന്റെ രണ്ടാം വരവി'ന് അതൊരു ഉപാധിയാണ്. അങ്ങനെയവര്‍ 'ജൂതപ്രശ്‌ന'ത്തെ രാഷ്ട്രീയ തലത്തില്‍നിന്ന് വിശ്വാസത്തിന്റെ തലത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അതിനാല്‍, 1897-ല്‍ ബേസലില്‍ ചേര്‍ന്ന ഒന്നാം സയണിസ്റ്റ് കോണ്‍ഫറന്‍സില്‍, 'ഹെര്‍സല്‍ സ്വീകരിക്കുന്ന അയഞ്ഞ നിലപാടി'നെ ബ്ലാക്‌സ്റ്റോണ്‍ വിമര്‍ശിക്കുന്നുണ്ട്. ഹെര്‍സലിന് ബൈബിള്‍ പഴയ നിയമത്തിന്റെ ഒരു കോപ്പി വരെ ബ്ലാക്‌സ്റ്റോണ്‍ അയച്ചുകൊടുത്തു.

പ്രവാചകന്മാര്‍ 'തെരഞ്ഞെടുക്കപ്പെട്ട ജനതക്കായി നിശ്ചയിച്ച ഭൂമി'യെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അതില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു (രിദാ, പേജ് 99).
ഇങ്ങനെ ജൂതഗേഹത്തെ സംബന്ധിച്ച ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ബാല്‍ഫര്‍ പ്രഖ്യാപനം ആ ആശയത്തിന് അനുകൂലമായി വരുന്നത്. മിക്ക അമേരിക്കന്‍ നേതാക്കളുടെ മനസ്സിലും ഈ ആശയം ഉറച്ച മതവിശ്വാസമായി രൂപപ്പെടാന്‍ ബാല്‍ഫര്‍ പ്രഖ്യാപനം വഴിയൊരുക്കി. അമേരിക്കന്‍ പ്രതിനിധിസഭയിലെ വിദേശകാര്യബന്ധ സമിതി ചെയര്‍മാന്‍ ഹെന്‍ റി കാബൊട്ട് ലോഡ്ജ് 1922-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞു: ''ജറൂസലമിന്റെയും ഖുദ്‌സിന്റെയും നിയന്ത്രണം മുഹമ്മദീയര്‍ കൈവശം
വെക്കുന്നത് എനിക്ക് സഹിക്കാനാവില്ല. ജറൂസലമും ഫലസ്ത്വീനും ജൂതന്മാര്‍ക്ക് പുണ്യ സ്ഥലമാണ്; പടിഞ്ഞാറുള്ള പ്രധാന ക്രിസ്ത്യന്‍ ജനതകള്‍ക്കും അത് പുണ്യ സ്ഥലമാണ്. അങ്ങനെയുള്ള ഒരു പ്രദേശം തുര്‍ക്കികളുടെ കൈകളിലാണെന്നത്, കുറെ കാലങ്ങളായി നാഗരികതയുടെ നെറ്റിത്തടത്തില്‍ വീണ ഒരു കളങ്കമാണ്. അതിനെ നീക്കിയേ പറ്റൂ'' (രിദാ, പേജ് 102).l

(തുടരും)