തർബിയത്ത്

"നന്മ ഉദ്ദേശിക്കുന്ന മനുഷ്യാ നീ മുന്നോട്ട് വരൂ, തിന്മ ഉദ്ദേശിക്കുന്ന മനുഷ്യാ നീ വിട്ടുനിൽക്കൂ എന്ന് റമദാൻ സമാഗതമായാൽ രണ്ട് മലക്കുകൾ ആകാശത്തുനിന്ന് വിളിച്ചുപറയും'' (ഹാകിം). റമദാനിൽ വിശ്വാസി വ്യക്തിപരമായി അല്ലാഹുവിലേക്ക് കൂടുതൽ ചേർന്നുനിൽക്കും, സാമൂഹികമായി മസ്ജിദുകളിലേക്ക് ആരാധനകൾ നിർവഹിക്കുന്നതിന് കൂടുതൽ ഉത്സുകരായി ഒഴുകിയെത്തും. മസ്ജിദുകളോട് ബന്ധിതമായ ഹൃദയങ്ങൾക്ക് വിചാരണാ നാളിൽ രാജ സിംഹാസനത്തിന്റെ നിഴൽ ലഭിക്കുമെന്നാണ് പ്രവാചകൻ (സ) വ്യക്തമാക്കിയിട്ടുള്ളത് (ബുഖാരി). മസ്ജിദുമായി ബന്ധപ്പെട്ട് ജീവിക്കുകയെന്ന് പറഞ്ഞാല്‍, സാധ്യമാവുന്നിടത്തോളം പള്ളിയില്‍ വെച്ചുള്ള എല്ലാ സുകൃതങ്ങളിലും ആരാധനാനുഷ്ഠാനങ്ങളിലും പങ്കെടുക്കുകയാണ്, പള്ളികൾ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും ശുഷ്കാന്തി പുലർത്തുകയാണ്. റമദാനിൽ മസ്ജിദുകളോടുള്ള വിശ്വാസിയുടെ ആഭിമുഖ്യം കണ്ണുകൾക്ക് ആനന്ദവും ഹൃദയങ്ങൾക്ക് കുളിരും നൽകുന്നതാണ്. ഇമാമും ഖത്വീബും എന്ന നിലക്ക് കഴിഞ്ഞ കുറേ വർഷങ്ങളിൽ ഇതിന്റെ സൗന്ദര്യം കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടാകുന്നുണ്ട്.

മാസപ്പിറവി ദൃശ്യമാവുകയോ, ശഅ്ബാൻ മുപ്പത് പൂർത്തിയാവുകയോ ചെയ്ത രാവിൽ നടക്കുന്ന ഇശാ നമസ്കാരം മുതൽ തന്നെ വിശ്വാസികൾ മസ്ജിദുകളിൽ തടിച്ചു കൂടുന്ന സന്തോഷാനുഭവങ്ങളാണുള്ളത്. അവിടെ നടക്കുന്ന നമസ്കാരത്തിൽ പങ്ക് കൊള്ളുക മാത്രമല്ല, ഖുർആൻ, ഹദീസ് ക്ലാസ്സുകൾ ശ്രവിക്കാൻ അവർ കണ്ണും കാതും കൂർപ്പിച്ചിരിക്കും. ഖുത്വ്്ബ നിർവഹിക്കുമ്പോൾ കണ്ണിമവെട്ടാതെ മിമ്പറിലേക്ക് നോക്കിയിരിക്കുന്നവരെ ശ്രദ്ധിക്കാറുണ്ട്. വിജ്ഞാന സമ്പാദനത്തിന്റെ ഇടങ്ങളാണവർക്ക് മസ്ജിദ്, അറിവ് നേടാനുള്ള നാളുകൾ കൂടിയാണവർക്ക് റമദാൻ. തെക്കൻ കേരളത്തിലെ മഹല്ലുകളിലേക്ക് വരുമ്പോൾ മിക്കയിടങ്ങളിലും നോമ്പ് തുറക്കുള്ള വിഭവങ്ങളെല്ലാം മസ്ജിദുകളിൽ തന്നെ സജ്ജീകരിക്കാറുണ്ട്. ഇടയത്താഴവും പാളയം ജുമാ മസ്ജിദ് അടക്കമുള്ള ചില പള്ളികളിൽ ഉണ്ടാവാറുണ്ട്. ആളുകൾക്ക് ഇബാദത്തുകളിൽ മുഴുകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഒരു ഗുണം. അകലങ്ങളിൽനിന്ന് പാളയം ജുമാ മസ്ജിദിൽ വന്ന് റമദാന്റെ അവസാന പത്തിൽ ഇഅ്തികാഫ് ഇരുന്നിരുന്ന ചില സഹോദരങ്ങളെ കോവിഡ് കാലത്തിന് മുമ്പ് ശ്രദ്ധിച്ചിരുന്നു. മസ്ജിദിൽ ളുഹ്റിന് ശേഷം നടക്കുന്ന പ്രഭാഷണങ്ങളും ഇശാഇന് ശേഷം ഇമാം നടത്തുന്ന ഹദീസ് ക്ലാസ്സും തറാവീഹിന് ശേഷം ഏതെങ്കിലും ദീർഘമായ ഖുർആൻ അധ്യായത്തെ മുൻനിർത്തി നിർവഹിക്കുന്ന ക്ലാസ്സുമെല്ലാം നന്നായി പ്രയോജനപ്പെടുത്തുന്നവരും അവരാണ്. ശവ്വാൽ മാസം ഉറപ്പിച്ചതിന് ശേഷമായിരുന്നു അവർ സ്വന്തം നാട്ടിലേക്ക് തിരിച്ചിരുന്നത്. ഈദാശംസകൾ നേർന്നുള്ള അവരുടെ തിരിച്ചുപോക്ക് ഏവർക്കും ആത്മനിർവൃതിയും സന്തോഷവും നൽകുന്ന അനുഭവമാണ്.

പള്ളിയിൽ എടുക്കാറുള്ള ക്ലാസ്സുകളുടെ ഉള്ളടക്കം മുൻനിർത്തി അവസാന നോമ്പ് ദിനങ്ങളിൽ പരീക്ഷയുണ്ടാവുമെന്ന് ശ്രോതാക്കളോട് എല്ലാ വർഷവും പറയാറുണ്ടെങ്കിലും റമദാനിലെ അവസാന ദിവസങ്ങളിലുള്ള തിരക്കു കാരണം ഇതുവരെ അങ്ങനെയൊന്ന് നടത്താൻ അവസരം ലഭിച്ചിട്ടില്ല. ഖിയാമുല്ലൈലിന് മുമ്പ് നിർവഹിക്കുന്ന ഖുർആൻ ദർസ് സുദീർഘമായ പ്രാർഥനയോടു കൂടിയാണ് അവസാനിക്കാറുള്ളത്. ഉമ്മത്തിന് വേണ്ടിയും രാജ്യത്ത് സൗഹാർദം നിലനിൽക്കാനുമെല്ലാം പ്രാർഥിക്കും. ഫലസ്ത്വീനും റോഹിങ്ക്യൻ അഭയാർഥികളും പ്രാർഥനയിൽ കടന്നുവരും, അവസാന പത്തിലെ ഇരട്ടയായ ചില രാവുകളിൽ ക്ഷീണം കൊണ്ടോ, മറ്റ് സുകൃതങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയോ പ്രാർഥന അൽപം ചുരുങ്ങിപ്പോയാൽ ചിലർ പരാതിയും പറയാറുണ്ട്. അടുത്ത ഒറ്റ രാവിൽ പ്രാർഥനയുടെ ദൈർഘ്യം വർധിപ്പിച്ചാണ് ആ സുമനസ്സുകളെ സന്തോഷിപ്പിക്കാറുള്ളത്. വ്യക്തിഗതമായും കൂട്ടമായും നടത്തുന്ന പ്രാർഥനകൾ തന്നെയാണല്ലോ വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. നിർബന്ധ നമസ്കാരങ്ങൾക്ക് പുറമെ തറാവീഹ് നമസ്കാരം അടക്കമുള്ള ഐഛിക നമസ്കാരം കൂടി നിർവഹിക്കാനായതിലെ സന്തോഷം എല്ലാ ദിവസവും ഇമാമിനോട് പങ്ക് വെക്കാറുള്ള മുതിർന്ന പൗരന്മാരുമുണ്ട്. അല്ലാഹു അവർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ എന്നാണ് പ്രാർഥന. ഈ പ്രായത്തിലും സ്വർഗത്തിന് വേണ്ടി സുകൃതങ്ങളാൽ മത്സരിക്കുന്ന അവർ ഭാഗ്യവാന്മാർ..

നോമ്പുകാർക്കു വേണ്ടി പ്രത്യേക ചേരുവകളാൽ തയാറാക്കുന്ന നോമ്പ്കഞ്ഞിയാണ് പാളയം ജുമാ മസ്ജിദ് അടക്കമുള്ള തെക്കൻ ജില്ലകളിലെ പള്ളികളിലെ പ്രത്യേക ആകർഷണം. നോമ്പ് തുറക്കാൻ പള്ളിയിൽ വന്ന് ഒരു പാത്രം നോമ്പ്കഞ്ഞി കുടിച്ചാൽ എല്ലാ ക്ഷീണവും പമ്പ കടക്കും. ഇബാദത്തുകൾക്ക് കൂടുതൽ ഉന്മേഷം ലഭിക്കും. റമദാൻ മാസമായാൽ ഈ നോമ്പ്കഞ്ഞി കഴിച്ച് വിശ്വാസികൾ നോമ്പെടുക്കുന്നതു പോലെ പ്രഭാതം മുതൽ പ്രദോഷം വരെ ഒന്നും കഴിക്കാതെ കഴിഞ്ഞു കൂടുന്ന സഹോദര സമുദായാംഗങ്ങളുമുണ്ട്. റമദാൻ മാസം പാളയം പള്ളിയിൽനിന്ന് നോമ്പ് തുറന്നു ഞാനും നിങ്ങളോടൊപ്പം നോമ്പെടുക്കാറുണ്ട് എന്ന് എന്നോട് തുറന്നു പറഞ്ഞ ചില സഹോദര സമുദായാംഗങ്ങളുണ്ട്. പേര് പറഞ്ഞാൽ അവർക്കിഷ്ടമാവുമോ എന്നറിയില്ല. ഏതായാലും അവരും റമദാനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. റമദാനിലെ ചില ഇഫ്ത്വാർ പാർട്ടികൾ അമിതമാണ്, ധൂർത്താണ് എന്ന് ചിലർ പരാതി പറയാറുണ്ടെങ്കിലും ഇങ്ങനെയുള്ള വേദികളെ സ്നേഹക്കൈമാറ്റത്തിന്റെ ഇടങ്ങളായി കാണുന്ന പൊതു വ്യക്തിത്വങ്ങൾ ധാരാളമുണ്ട് എന്നും നാം അറിയാതെ പോകരുത്. അമിത വ്യയമില്ലാതെ തന്നെയാവണം ഇഫ്ത്വാർ വിരുന്നുകൾ സംഘടിപ്പിക്കപ്പെടുന്നത്.
നമസ്കരിക്കണം എന്നു മാത്രമല്ല, നിർബന്ധ നമസ്കാരങ്ങൾ കഴിവിന്റെ പരമാവധി മസ്ജിദുകളിൽ വെച്ച് നിർവഹിക്കണമെന്നാണ് സത്യവിശ്വാസിയെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മസ്ജിദുകൾ ഈ രീതിയിൽ ആധ്യാത്മിക സുകൃതങ്ങൾ കൊണ്ട് ജനസാന്ദ്രമാകുന്നത്. രാവും പകലും വിശ്വാസികളാൽ ദൈവഗേഹങ്ങൾ പുളകിതമാവുന്നു. തറാവീഹും ഖിയാമുല്ലൈലും ഖുർആൻ പാരായണവും ദിക്ർ, ദുആകളും പഠന പരിപാടികളും സാരോപദേശങ്ങളും പള്ളികളെ സജീവമാക്കുന്നു. അല്ലാഹുവിന് സമർപ്പിക്കാൻ തയാറായി വരുന്ന വിശ്വാസികളെ സ്വീകരിക്കാൻ റമദാന് മുമ്പേ തന്നെ മസ്ജിദുകൾ സജ്ജമായിരിക്കും. പള്ളികൾ അല്ലാഹുവിന്റെ ഭവനങ്ങൾ മാത്രമല്ല, അല്ലാഹുവോടുള്ള സംഭാഷണത്തിന്റെ ഇടങ്ങൾ കൂടിയാണ്. ശരീര ശുദ്ധിയും അംഗ സ്നാനവും മനഃശുദ്ധിയും വരുത്തിയാണ് വിശ്വാസികൾ മസ്ജിദിലേക്ക് പോകുന്നത്. കഴിയുമെങ്കിൽ നടന്നു വേണം പള്ളികളിലേക്ക് പോകാൻ. കാരണം, ഓരോ കാലടിക്കും അല്ലാഹു പുണ്യം രേഖപ്പെടുത്തുന്നുണ്ട്, അതു വഴി ഓരോ പാപം പൊറുക്കപ്പെടുകയും ഒരു പദവി ഉയർത്തപ്പെടുകയും ചെയ്യുന്നു. സ്ജിദിലേക്കുള്ള ഓരോ പോക്കുവരവിനും അല്ലാഹു സ്വർഗത്തിൽ ഓരോ വിരുന്ന് ഒരുക്കിവെക്കുന്നു. 'നാഥാ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ തുറന്ന് തരേണമേ' എന്ന് പ്രാർഥിച്ചാണ് വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നത്. രണ്ട് റക്അത്ത് അഭിവാദ്യ നമസ്കാരം (തഹിയ്യത്തുൽ മസ്ജിദ്) നിർവഹിച്ചാണ് പള്ളിയിൽ ഇരിക്കേണ്ടത്.

ജമാഅത്തായി (സംഘം ചേർന്ന്) നമസ്കരിക്കുന്നതിന്റെ പ്രാധാന്യം ഖുർആൻ തന്നെ വ്യക്തമാക്കുന്നതാണ്. അല്ലാഹു പറയുന്നു: "നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും (അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍ "(ഖുർആന്‍ 2:43). ഇവിടെ നിങ്ങള്‍ നമസ്കാരം നിർവഹിക്കുക എന്നു പറഞ്ഞതിന് ശേഷം ‘റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക’ എന്ന് വീണ്ടും പറഞ്ഞതില്‍നിന്ന് നമസ്കാരം ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടതെന്ന് മനസ്സിലാക്കാം. നബി(സ)യുടെ അടുത്തു വന്ന് ഒരു അന്ധൻ പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ, എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴികാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവഹിക്കാൻ ഇളവ് അനുവദിക്കുമോ..?'' അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിച്ചു. എന്നാൽ, അദ്ദേഹം പിരിഞ്ഞുപോകാനൊരുങ്ങിയപ്പോൾ തിരികെ വിളിച്ച് പ്രവാചകൻ (സ) ചോദിച്ചു: താങ്കൾ ബാങ്ക് കേൾക്കാറുണ്ടോ..? ആഗതൻ “അതെ” എന്ന് പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു. “എങ്കിൽ താങ്കൾ അതിന് ഉത്തരം ചെയ്യണം" (നസാഈ).
ഒറ്റയായി നിസ്‌കരിക്കുന്നതിനെക്കാള്‍ ഒറ്റക്കെട്ടായി നിസ്‌കരിക്കുന്നതിനാണ് കൂടുതല്‍ മഹത്വം എന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നതിനു പിന്നിൽ ധാരാളം യുക്തികളുണ്ട്. ആരാധനകളാണെങ്കിലും സംഘബോധം നിലനിർത്തണം എന്നത് തന്നെയാണ് ഒന്നാമത്തെ സന്ദേശം. വൈയക്തികതയുടെ വേലിക്കെട്ടുകള്‍ക്കുള്ളിൽ വിഹരിക്കുന്നതിനെക്കാള്‍ സാമൂഹികതയുടെ പ്രവിശാലതയിലേക്ക് ഇറങ്ങിവരുന്നതിലാണ് ഇസ്‌ലാം മേന്മ കാണുന്നത്. തനിക്ക് താന്‍ നിര്‍ണയിച്ച ലോകം എന്ന സ്വാർഥ വീക്ഷണത്തോട് അതിന് ഒട്ടും യോജിപ്പില്ല. കാരണം, ഒന്ന് സംഘബോധമാണെങ്കില്‍ മറ്റേത് താനെന്ന ബോധമാണ്. താനെന്ന ബോധം സ്വാർഥതയെ പ്രതിനിധീകരിക്കുമ്പോള്‍, സംഘബോധം നിസ്വാർഥതയെ പ്രതിനിധീകരിക്കുന്നു. സ്വാർഥത ഏകാധിപത്യമാണ്, ഉള്‍വലിയലാണ്, നിഷ്‌ക്രിയത്വമാണ്, താന്തോന്നിത്തവും വിദ്വേഷവുമാണ്. നിസ്വാർഥത നേര്‍വിപരീതമായാണ് നിലകൊള്ളുന്നത്. അത് ജനാധിപത്യമാണ്, രംഗപ്രവേശമാണ്, സക്രിയതയാണ്, സേവനവും സ്‌നേഹവും അനുകമ്പയുമാണ്. ഒറ്റയായി നിസ്‌കരിക്കുന്നതിനെക്കാള്‍ ഒറ്റക്കെട്ടായി നിസ്കരിക്കുന്നതിന് ഇരുപത്തിയേഴ് ഇരട്ടി മഹത്വമാണുള്ളത്.

സംഘനമസ്കാരം തുടങ്ങുന്നതിന് മുമ്പ് സ്വഫുകൾക്കിടയിൽ വിടവില്ലെന്ന് ഉറപ്പ് വരുത്തണം. അല്ലാഹുവിന്റെ അടിമകൾ എന്ന നിലയിൽ മനുഷ്യരെല്ലാവരും തുല്യരും സമന്മാരുമാണെന്ന കാഴ്ചപ്പാടാണ് സംഘനമസ്കാരത്തിലൂടെ ഇസ്ലാം പ്രകാശിപ്പിക്കുന്നത്. തൊട്ട് പിറകിലെ സ്വഫിൽ നമസ്കരിക്കുന്ന മുതലാളിയുടെ ശിരസ്സ് അയാളുടെ തൊഴിലാളിയുടെ കാൽചുവട്ടിൽ വരുന്ന രൂപത്തിൽ സാമൂഹിക വിവേചനത്തെ തൂത്തെറിയുന്ന എത്രയെത്ര കാഴ്ചകളാണ് സംഘ നമസ്കാരത്തിലെ സുജൂദിൽ നാം കാണുന്നത്. അതാണ് ഇസ്ലാമിന്റെ തൗഹീദ് ഉദ്ഘോഷിക്കുന്ന മാനവികത.
ആരും പരസ്പരം പെരുമ പ്രകടിപ്പിക്കേണ്ടതില്ല. നബി (സ) പറഞ്ഞു: ''മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവ് ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. അറിയുക: അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ചുവന്നവന് കറുത്തവനെക്കാളോ കറുത്തവന് ചുവന്നവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ ബോധമുള്ളവനാണ്.”
ഒരു പ്രത്യേക കാര്യം കൂടി ഉണർത്തുകയാണ്: നമസ്കാരത്തിൽ ഇമാമായി നിൽക്കുന്നയാൾക്കും മറവികൊണ്ടോ മറ്റോ ആകസ്മികമായി ചില പിഴവുകൾ സംഭവിച്ചേക്കാം. എന്തു സംഭവിച്ചാലും നമസ്കാരം അലങ്കോലപ്പെടാൻ പാടില്ല. ബുദ്ധിയും തന്റേടവും വിവേകവും ഇഛാശക്തിയും കൂടുതലുള്ളവർ ഇമാമിനടുത്ത് ഒന്നാം നിരയിൽ തന്നെ നിൽക്കാൻ ശ്രമിക്കുക എന്നതാണ് പരിഹാരം. നബി (സ) പറഞ്ഞു: "നിങ്ങളിൽ കൂടുതൽ ബുദ്ധിയും വിവേകവുമുള്ളവർ എന്നോടടുത്ത് നിൽക്കട്ടെ! പിന്നെ ഇക്കാര്യത്തിൽ അവരോടടുത്തവർ, പിന്നെ അവരോടടുത്തവർ ''(മുസ്ലിം). അങ്ങനെയെങ്കിൽ ഖുർആൻ വചനങ്ങൾ മറന്നുപോവുക, ക്രമം തെറ്റിപ്പോവുക തുടങ്ങിയ വീഴ്ചകൾ സംഭവിച്ചാൽ പിന്നിൽ നിൽക്കുന്ന ആളുകൾക്ക് ഇമാമിന്റെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കും. ഈ പാഠങ്ങളൊന്നും റമദാനിലേക്ക് മാത്രം ബാധകമല്ലെങ്കിലും റമദാനിലാണല്ലോ ആത്മ സംസ്കരണത്തിന് വേണ്ടിയുള്ള തീവ്ര പരിശീലനം നടക്കുന്നത്.