ലേഖനം

ഒരു ജനത സാംസ്കാരികമായി എത്രത്തോളം ഉയർന്ന് നിൽക്കുന്നു എന്നതിന്റെ വ്യക്തവും കൃത്യവുമായ അടയാളമാണ് അവർ സ്ത്രീകൾക്ക് നൽകുന്ന ആദരവും ആ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവകാശങ്ങളും.

വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിന്റെ പേര് തന്നെ സ്ത്രീകൾ എന്നർഥം വരുന്ന 'അന്നിസാഅ്' ആണ്. ഈ അധ്യായത്തിൽ അല്ലാഹു പറഞ്ഞു: "സ്ത്രീകളോട് നിങ്ങൾ മാന്യമായ രീതിയിൽ പെരുമാറുക" (4:19). എന്നാൽ, മാന്യന്മാർക്കല്ലാതെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ സാധിക്കില്ല. നബി (സ) പറഞ്ഞു: "നിങ്ങളിൽ ഏറ്റവും നല്ലവർ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്. ഞാൻ നിങ്ങളിൽ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നയാളാണ്" (തിർമിദി).

മനുഷ്യാവകാശങ്ങളുടെ മാഗ്നാകാർട്ടയായി വിശേഷിപ്പിക്കാവുന്ന നബി(സ)യുടെ അറഫാ പ്രഭാഷണത്തിലും ഊന്നിപ്പറഞ്ഞ കാര്യങ്ങളിലൊന്ന് സ്ത്രീകളോടുള്ള ബാധ്യതാ നിർവഹണമാണ്. "സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സാക്ഷിയാക്കി സ്വീകരിച്ച അമാനത്താണ് സ്ത്രീകൾ. അല്ലാഹുവിന്റെ വചനം കൊണ്ടാണ് നിങ്ങളവരെ വിവാഹം ചെയ്തിരിക്കുന്നത്. നിങ്ങളുടെ വിരിപ്പ് മറ്റൊരാൾക്ക് അനുവദിക്കാതിരിക്കേണ്ടത് സ്ത്രീകളുടെ ബാധ്യതയാണ്. സ്ത്രീകൾക്ക് മാന്യമായ ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും നൽകേണ്ടത് നിങ്ങളുടെ നിർബന്ധ ബാധ്യതയാണ്." ഇപ്രകാരമാണ് സ്ത്രീ-പുരുഷ പാരസ്പര്യത്തെ റസൂൽ (സ) വിശദീകരിച്ചത്.

എല്ലാ നിയമ സംവിധാനങ്ങളും ഉണ്ടായിട്ടും സ്ത്രീകൾക്കെതിരിലുള്ള കൈയേറ്റങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സ്ത്രീധന ഗാർഹിക പീഡനത്തിന്റെ ഭാഗമായുള്ള ദുരന്തങ്ങളാണ്. സ്ത്രീധന നിരോധന നിയമം നിലവില്‍ വന്ന് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും ഇല്ലാതാകുന്നില്ല.

സ്ത്രീധന സമ്പ്രദായത്തെ ഒരു നിലക്കും അംഗീകരിക്കാത്ത ദർശനമാണ് ഇസ് ലാമിേന്റത്. ദമ്പതിമാർ തമ്മിലുള്ള നിയമാനുസൃത ബന്ധത്തിന്റെ തുടക്കമാണല്ലോ വിവാഹം. പുരുഷൻ അവന്റെ ധനം ചെലവഴിച്ച് വിവാഹം ചെയ്യണമെന്നതാണ് ഇസ് ലാമിന്റെ വിധി. അല്ലാഹു പറയുന്നു: "സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോടെ നിങ്ങൾ നൽകുക" (4: 4). ''അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യതയെന്ന നിലയിൽ തന്നെയാണ് നിങ്ങൾ നൽകേണ്ടത്'' (4:24). വിവാഹം ചെയ്യുമ്പോൾ വരൻ വധുവിന് നിർബന്ധമായും നൽകേണ്ട മൂല്യത്തിനാണ് മഹ്ർ എന്ന് പറയുന്നത്. വധുവിനോ വധുവിന് വേണ്ടി അവളുടെ രക്ഷാധികാരിക്കോ മഹ്ർ ആവശ്യപ്പെടാവുന്നതാണ്‌. അബൂ സലമ(റ)യിൽനിന്ന് നിവേദനം. ആഇശ(റ)യോട് ഞാൻ ചോദിച്ചു: "റസൂൽ വിവാഹമൂല്യം നൽകിയത് എത്രയായിരുന്നു?" അവർ പറഞ്ഞു: ''അവിടുന്ന് പത്നിമാർക്ക് നൽകിയത് പന്ത്രണ്ടര ഊഖിയയായിരുന്നു. അതായത് അഞ്ഞൂറ് ദിർഹം" (മുസ് ലിം). അനസ് (റ) നിവേദനം ചെയ്യുന്നു: ''അബ്ദുർറഹ്മാനിബ്നു ഔഫ് (റ) ഒരിക്കൽ നബി(സ)യുടെ അടുത്ത് വന്നപ്പോൾ സുഗന്ധം പുരട്ടിയതിന്റെ അടയാളങ്ങൾ ശരീരത്തിൽ കണ്ടു. നബി (സ) ചോദിച്ചു: എന്താണിത്? അദ്ദേഹം പറഞ്ഞു: ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തു. നബി (സ) ചോദിച്ചു: നീ എത്രയാണ് അവൾക്ക് മഹ്ർ നൽകിയത്? അദ്ദേഹം പറഞ്ഞു: ഒരു ധാന്യത്തിന്റെ തൂക്കം സ്വർണം. നബി (സ) പറഞ്ഞു: അല്ലാഹു നിനക്ക് നന്മ ചെയ്യട്ടെ'' (ബുഖാരി, മുസ് ലിം).

ചെറുതും വലുതുമായ എന്തും വിവാഹമൂല്യമായി നൽകാവുന്നതാണ്. എന്നാൽ വിവാഹത്തോടനുബന്ധിച്ച് പ്രതിശ്രുത വരനോ വരന്റെ ബന്ധുക്കളോ അവർക്കു വേണ്ടി മറ്റാരെങ്കിലുമോ വധുവിൽ നിന്നോ വധുവിന്റെ വീട്ടുകാരിൽ നിന്നോ പണമോ ആഭരണങ്ങളോ വസ്തുക്കളോ ആവശ്യപ്പെടുന്ന സ്ത്രീധന സമ്പ്രദായം, മഹ്ർ എന്ന ഇസ് ലാമിക മൂല്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. നിങ്ങൾ ഒരാൾക്ക് നൂറ് രൂപ കൊടുക്കുന്നു, ശേഷം അയാളോട് നിങ്ങൾ ഇരുനൂറ് ചോദിച്ചുവാങ്ങുന്നു; എങ്കിൽ നിങ്ങൾ അയാൾക്ക് നൂറ് രൂപ കൊടുക്കുകയല്ല, പ്രത്യുത അയാളിൽ നിന്ന് നൂറ് രൂപ വാങ്ങുകയാണ് ചെയ്യുന്നത്. നൂറും ഇരുനൂറുമല്ല, സ്ത്രീധനത്തിന്റെ പേരിൽ ലക്ഷങ്ങളുടെയും കോടിയുടെയും വിലപേശലാണ് നടന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീയെ ഏറെ ആദരിക്കുന്നതാണ് ഇസ് ലാമിക വിവാഹത്തിലെ മഹ്ർ. പുരുഷൻ സ്ത്രീക്ക് അങ്ങോട്ട് പണം കൊടുത്ത് വിവാഹം ചെയ്യുമ്പോൾ അവളുടെ നിലയും അന്തസ്സും ഉയരുകയാണ്. പുരുഷന്മാർക്ക് പണം കൊടുത്താലേ സ്ത്രീകളെ വിവാഹം ചെയ്യാൻ അവർ തയാറാവൂ എന്നു വന്നാൽ സ്ത്രീകൾ അവിടെ നിന്ദിക്കപ്പെടുകയാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഇടമായാണ് ഇസ് ലാം വിവാഹത്തെ കാണുന്നത്. അല്ലാഹു പറയുന്നു: "നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങൾക്ക് നിങ്ങളിൽനിന്ന് തന്നെ ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്" (30: 21).

സ്ത്രീധനത്തിന്റെ പേരിൽ വിലപേശുന്നവർ വിവാഹമല്ല, കച്ചവടമാണ് നടത്തുന്നത്. വിവാഹക്കച്ചവടങ്ങൾ നടന്ന കുടുംബങ്ങളിൽ വിവാഹത്തിലൂടെ സാധ്യമാവേണ്ട സ്നേഹവും സമാധാനവും ഉണ്ടാവുകയില്ല. സ്ത്രീധനമെന്ന ദുരാചാരം കൊണ്ട് വമ്പിച്ച സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ചോദിക്കുന്ന ധനം കൊടുക്കാൻ കഴിയാത്ത പാവങ്ങൾ അവിവാഹിതരായി കഴിയുന്നു. പെൺമക്കൾ കൂടുതലുള്ള കുടുംബങ്ങൾ കടക്കെണിയിലേക്കും, ചിലപ്പോഴെല്ലാം കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളപ്പെടുന്നു. അങ്ങനെ സ്ത്രീകളെ വിൽപനച്ചരക്കാക്കി മാറ്റുന്ന ദുരാചാരമായി സ്ത്രീധനം മാറുന്നു. പുരുഷനാകട്ടെ തന്റെ പണം നൽകി വിവാഹം ചെയ്യേണ്ടതിന് പകരം സ്ത്രീയുടെ പണം വാങ്ങുന്നതോടെ അപഹാസ്യനായിത്തീരുകയും ചെയ്യുന്നു.

ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പുറമേക്കെങ്കിലും എല്ലാവരും സ്ത്രീധന വിരുദ്ധ പ്രസ്താവനകളിറക്കുന്നു. സ്വാഗതാർഹം തന്നെ. പക്ഷേ, സ്ത്രീധന വിവാഹത്തെ ന്യായീകരിക്കുന്നവരിലും ഒരു കാലത്ത് പണ്ഡിതവേഷധാരികളുണ്ടായിരുന്നു എന്ന് ഓർക്കണം. ഉർഫ്, ആദത്ത് (നാട്ടാചാരങ്ങളെ സൂചിപ്പിക്കുന്ന പദങ്ങൾ) തുടങ്ങിയ സംജ്ഞകളിലൂടെ ഈ ദുരാചാരത്തെ വെള്ളപൂശാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെ അവളുടെ ധനവും സൗന്ദര്യവും തറവാടും മുൻനിർത്തി വിവാഹം ചെയ്യുന്ന നാട്ടാചാരം ഉപേക്ഷിച്ച് അവളുടെ മതബോധം പരിഗണിച്ച് വിവാഹം ചെയ്യുന്ന സമ്പ്രദായത്തെ പരിഗണിക്കണമെന്നാണ് റസൂൽ (സ) നിർദേശിച്ചത് (ബുഖാരി, മുസ് ലിം).

സ്വന്തം മക്കൾക്ക് പിതാവോ രക്ഷിതാവോ നൽകുന്ന സമ്മാനമായി സ്ത്രീധനത്തെ ലളിതവൽക്കരിക്കുന്നവരെയും, പ്രവാചകൻ ഫാത്വിമ ബീവിക്ക് ചില വസ്തുക്കൾ 'ജഹാസ്' ( സമ്മാനം) ആയി നൽകിയിരുന്നു എന്നു പറഞ്ഞ് സ്ത്രീധനത്തെ ന്യായീകരിക്കുന്നവരെയും കാണാം. സ്വന്തമായി തനിക്കൊന്നുമില്ലെന്ന് പറഞ്ഞപ്പോഴും ഫാത്വിമ(റ)ക്ക് മഹ്ർ നൽകാൻ എന്തെങ്കിലും സംഘടിപ്പിക്കാനായിരുന്നു തന്റെ പിതൃ സഹോദരന്റെ പുത്രൻ കൂടിയായ അലി(റ)യോട് നബി (സ) നിർദേശിച്ചത്.

ഇബ്നു അബ്ബാസി(റ)ൽനിന്ന് നിവേദനം: "അലി (റ) ഫാത്വിമ(റ)യെ വിവാഹം ചെയ്യുകയും അവരുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ നബി (സ) അദ്ദേഹത്തെ തടഞ്ഞു. എന്തെങ്കിലും മഹ്ർ നൽകാൻ നിർദേശിച്ചു. അലി (റ) പറഞ്ഞു: എന്റെ അടുത്ത് യാതൊന്നുമില്ല പ്രവാചകരേ! അപ്പോൾ നബി (സ) അദ്ദേഹത്തോട് തന്റെ പടയങ്കി മഹ്റായി നൽകാൻ നിർദേശിക്കുകയും അലി (റ) അത് ഫാത്വിമ(റ)ക്ക് മഹ്റായി നൽകുകയും ചെയ്തു. ശേഷം ഫാത്വിമയോടൊന്നിച്ച് ജീവിച്ചു" (അബൂദാവൂദ്).

അലി(റ)യിൽനിന്ന് നിവേദനം ചെയ്യുന്നു: ''നബി (സ) ഫാത്വിമ(റ)ക്ക് വിവാഹവേളയിൽ ഒരു പുതപ്പ്, തോൽപാത്രം, നാര് നിറച്ച ഒരു തലയണ മുതലായവ തയാറാക്കിക്കൊടുത്തു'' (അന്നസാഈ). എന്നാൽ, വരനോ വരന്റെ വീട്ടുകാരോ അവരുടെ അവകാശം എന്ന രൂപേണ ആവശ്യപ്പെടുന്ന, കിട്ടാത്തതിന്റെ പേരിൽ വധുവിനോടോ വധുവിന്റെ കുടുംബത്തോടോ ആവലാതിപ്പെടുന്ന സ്ത്രീധനവുമായി ഇതിനെ തുലനം ചെയ്യുന്നതിന് യാതൊരു ന്യായവുമില്ല.

"ലാ ദറ റ വലാ ദിറാറ" എന്ന പ്രവാചക മൊഴി തന്നെയാണ് സ്ത്രീധനം നിഷിദ്ധമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ്. ആളുകൾക്ക് പ്രയാസമുണ്ടാക്കുന്നതും പ്രയാസത്തിന് വഴിവെക്കുന്നതുമെല്ലാം പാടില്ലാത്തതാണെന്നാണ് മേൽപറഞ്ഞ ഹദീസിന്റെ അർഥം. സ്ത്രീധനം വധുവിനെയും അവരുടെ കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്യലാണ്. തന്റെ സമ്പത്തുകൊണ്ട് കുടുംബം പോറ്റാൻ ബാധ്യസ്ഥനായ പുരുഷന് സ്ത്രീയിൽനിന്നും അവളുടെ കുടുംബത്തിൽനിന്നും ധനം ആവശ്യപ്പെടാനുള്ള യാതൊരു അർഹതയുമില്ല. എന്നാൽ, പ്രവാചക മാതൃകകളും നിർദേശങ്ങളും പാലിക്കാൻ കൽപിക്കപ്പെട്ടിട്ടുള്ള മുസ് ലിം കുടുംബങ്ങളിൽനിന്നു പോലും ഇത്തരം സ്ത്രീധന പീഡന വാർത്തകൾ കേട്ടു കൊണ്ടിരിക്കുന്നു. വരന്റെ വീട്ടുകാരുടെ ഭീമമായ സ്ത്രീധനാവശ്യങ്ങള്‍ നിറവേറ്റാനാകാത്തിനാല്‍ പി.ജി വിദ്യാർഥിനി ജീവനൊടുക്കിയ വാർത്തയാണ് തലസ്ഥാന ജില്ലയിൽനിന്ന് നാം കേട്ടത്. 150 പവന്‍ സ്വർണവും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ കാറുമാണ് വിവാഹത്തിന് സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നാണ് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. 50 ലക്ഷം രൂപ വരെയുള്ള സ്ത്രീധനം നല്‍കാന്‍ കുടുംബം തയാറായെങ്കിലും വരന്റെ കുടുംബം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. യുവ വനിതാ ഡോക്ടറുടെ മരണം നടന്ന ആഴ്ചയിൽ തന്നെ കേരളത്തിൽ വേറെയും സ്ത്രീധന പീഡനമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

പരിഹാരം
എന്തു വന്നാലും സ്ത്രീധനം ചോദിക്കുന്നവർക്ക് തന്നെ വിവാഹം ചെയ്തുകൊടുക്കേണ്ടെന്ന് രക്ഷിതാക്കളോട് പറയുന്ന പെൺകുട്ടികൾ ഇന്ന് ധാരാളമാണ്. സ്ത്രീധനം ചോദിക്കുന്നവരോട് 'നോ' പറയുക മാത്രമല്ല, സ്ത്രീധന നിരോധന ഓഫീസറെ വിവരങ്ങൾ അറിയിക്കലടക്കം ആവശ്യമായ നിയമ നടപടികളും സ്വീകരിക്കേണ്ടതാണ്. ഓരോ ജില്ലയിലും ഇത്തരം പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ട് മാത്രമായില്ല, സ്ത്രീധനത്തിനെതിരെ നമ്മുടെ പണ്ഡിതന്മാരും മഹല്ല് സംവിധാനങ്ങളും ശക്തമായ ബോധവൽക്കരണം നടത്തണം. വിവാഹ നിശ്ചയത്തിനെത്തിനെത്തുന്ന കാരണവന്മാരും ബന്ധപ്പെട്ടവരും പണ്ഡിതന്മാരും ഈ തിന്മയുടെ പങ്ക് പറ്റാനും സാക്ഷിയാവാനും മുതിരാതെ ആർജവമുള്ള നിലപാടെടുക്കണം. എന്തു പ്രതിസന്ധിയുണ്ടായാലും ആത്മഹത്യ പോലുള്ള ദുരന്തങ്ങളിലേക്ക് സ്വജീവനെ തള്ളിവിടുന്നവരായി നമ്മുടെ പെൺമക്കൾ മാറുകയും ചെയ്യരുത്. അതാണ് അല്ലാഹു പറയുന്നത്: "സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടു കൂടി നടത്തുന്ന ഹലാലായ കച്ചവട ഇടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങളന്യോന്യം തിന്നരുത്, നിങ്ങൾ നിങ്ങളെ തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു" (4: 29).
സ്ത്രീധനം പോലുള്ള ദുരാചാരങ്ങൾക്കെതിരെ സാമൂഹികവും നിയമപരവുമായ പോരാട്ടങ്ങൾ ഇനിയും ശക്തിപ്പെടണം. പക്ഷേ, ഇരകൾ സ്വജീവൻ നശിപ്പിച്ചും പിഞ്ചോമനകളെ കിണറ്റിലെറിഞ്ഞും ജീവിതം അവസാനിപ്പിക്കുന്നത് സ്ത്രീധനം പോലെ തന്നെ മറ്റൊരു ക്രൂരതയാണ്. l