ഇസ്ലാമിക ചരിത്രത്തിലെ ഉലമാഅ് (പണ്ഡിതന്മാർ) എന്ന സംജ്ഞ, പുതിയ കാലത്തെ സാംസ്കാരിക നായകർ എന്ന സംജ്ഞയുമായി ഏറെ ചേർന്നുനിൽക്കുന്നുണ്ട്. എല്ലാ ജനവിഭാഗങ്ങളിലും സാമൂഹിക പുരോഗതിയുടെ ചാലക ശക്തിയായി വർത്തിക്കുക സാംസ്കാരിക നായകന്മാരായിരിക്കുമല്ലോ. കാലം വലിച്ചിടുന്ന സങ്കീർണ പ്രശ്നങ്ങൾക്ക് വ്യക്തതയുള്ള പരിഹാരം തേടി കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും അവർ. രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകും മുമ്പെ ഏതൊരു സമൂഹത്തിലും ബൗദ്ധികവും ആശയപരവുമായ മാറ്റങ്ങൾ നടന്നിരിക്കണം എന്നർഥം.
അധികാര കേന്ദ്രങ്ങൾ
മതപരമായതും (ആത്മീയം) രാഷ്ട്രീയമായതും (കാലബന്ധിതം) ആയ അധികാര കേന്ദ്രങ്ങളെ അവലംബിച്ചാണ് സമൂഹത്തിലും ഇസ്‌ലാമിന്റെ പ്രതിനിധാനം സാധ്യമാവുന്നത്. ഖുർആൻ മുന്നോട്ടുവെക്കുന്ന ആത്മീയാധികാരം എന്നത് നന്മയുടെ സ്ഥാപനവും തിന്മയുടെ വിപാടനവും ഉള്ളടങ്ങിയ വ്യവസ്ഥയാകുന്നു. പൊതു സമൂഹത്തെ പ്രതിനിധാനം ചെയ്ത് ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ചുമതലപ്പെട്ട വിഭാഗമാണത്. "മനുഷ്യവംശത്തിനു വേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു" (ആലു ഇംറാൻ 110). അപ്രകാരം ഖുർആൻ വിഭാവന ചെയ്യുന്ന രാഷ്ട്രീയ വ്യവസ്ഥ, പൊതു സമൂഹത്തെ പ്രതിനിധാനം ചെയ്ത് ജനങ്ങൾക്കു വേണ്ടി കാര്യനിർവഹണം നടത്തുന്നതിനായി ഉത്തരവാദപ്പെടുത്തപ്പെട്ട സംവിധാനവുമത്രെ. "അന്യോന്യമുള്ള കൂടിയാലോചനയിലൂടെയാണ് അവർ തങ്ങളുടെ കാര്യം തീരുമാനിക്കുക" (അശ്ശൂറാ 38).
അധികാര കേന്ദ്രങ്ങളെ കുറിച്ച ഈ വിവരണമനുസരിച്ച് ഇസ്‌ലാമിൽ ദീനീ പണ്ഡിതന്മാരുണ്ട്. എന്നാൽ, മതാചാര്യന്മാർ ഇല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒന്നാമത്തേത്, പഠനത്തിൽ വൈദഗ്ധ്യം നേടുന്നതിലൂടെ കരഗതമാകുന്നതാണ്. ദീനീ രംഗത്ത് ഗവേഷണം നടത്താനുള്ള മാനദണ്ഡങ്ങൾ ആർജിക്കാനാവുന്ന ആർക്കും ഇസ്‌ലാമിക പണ്ഡിതനാവാം. ഇസ്‌ലാമിലെ രാഷ്ട്രീയാധികാരമാവട്ടെ ജനങ്ങളുടെ ആവശ്യങ്ങൾ നോക്കിനടത്താൻ ഉത്തരവാദിത്വമേറ്റ വിഭാഗമാണ് നിർവഹിക്കുക. ഇവ രണ്ടും തമ്മിൽ ഒരിക്കലും എതിരാവേണ്ടതില്ല. "സന്മാർഗത്തിലേക്ക് ക്ഷണിക്കുകയും, നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍നിന്ന് ഉണ്ടായിവരട്ടെ" (ആലു ഇംറാൻ 104). എന്നാൽ രണ്ടാമത്തെ കൂട്ടർ, പൊതു സമൂഹത്തിനപ്പുറത്തുള്ള ഒരാളോ, ഒരു വിഭാഗം ആളുകളോ മതാധികാരമുള്ളവരായി വാഴുന്ന പൗരോഹിത്യ വ്യവസ്ഥിതിയാണ്. അത്തരം ഒരു സംവിധാനം ജനഹിതങ്ങളുടെ ഉത്തരവാദിത്വമുള്ള അധികാര കേന്ദ്രമായി മാറുക എന്നത് വിരോധാഭാസമാണ്. പൗരോഹിത്യമെന്നത് ഇസ്‌ലാമിൽ എല്ലാ തലത്തിലും തിരസ്കരിക്കപ്പെട്ട ആശയമാണ്. കാരണം, അതിന്റെ അർഥം ദൈവത്തിനും മനുഷ്യനുമിടയിൽ മധ്യവർത്തിയെ നിശ്ചയിക്കുക എന്നാണ്. ഇസ്്ലാമിൽ ഇത്തരം മധ്യവർത്തികളില്ല. "നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവരുടെ ചാരത്ത് തന്നെയുണ്ട്. പ്രാർഥിക്കുന്നവന്‍ എന്നെ വിളിച്ചാൽ ആ പ്രാർഥനയ്ക്ക് ഞാന്‍ ഉത്തരം നല്‍കുന്നതാണ് …." (അൽബഖറ 186). "അവർ തങ്ങളുടെ വേദ പണ്ഡിതരെയും പുരോഹിതന്‍മാരെയും അല്ലാഹുവിന് പുറമെ തങ്ങളുടെ റബ്ബുകളായി സ്വീകരിച്ചു…" (അത്തൗബ 31). ഭൂരിഭാഗം ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നത്, റബ്ബുകളാക്കി എന്നതിനർഥം അവരെ ഈ ആളുകൾ ദൈവങ്ങളാക്കി എന്നല്ല; മറിച്ച് കൽപിക്കാനും വിലക്കാനും അധികാരമുള്ളവരായിക്കണ്ട് അവരെ അനുസരിച്ചു എന്നാണ്.
ഇങ്ങനെ നോക്കുമ്പോൾ ഇസ്‌ലാമിക സമൂഹത്തിലെ മുന്നണിപ്പോരാളികളാണ് പണ്ഡിതന്മാർ. "നിങ്ങളിൽ വിശ്വാസികളായവരെയും പാണ്ഡിത്യം സിദ്ധിച്ചവരെയും അല്ലാഹു ഉന്നത പദവികളിലേക്ക് ഉയർത്തുന്നു …." (അൽ മുജാദില 11). ഇസ്‌ലാമിക സമൂഹത്തിൽ പണ്ഡിതന്മാർക്കു നിർവഹിക്കാനുള്ള സുപ്രധാന ദൗത്യം ശരിതെറ്റുകൾ ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കുക എന്നതാണ്. ശരിയെ ഉൾക്കൊണ്ട് സ്വീകരിപ്പാനും തെറ്റിനെ നിരാകരിച്ച് പുറം തള്ളാനും സമൂഹത്തെ അവർ സജ്ജമാക്കുന്നു. അധികാര കേന്ദ്രങ്ങളുടെ നടപടിക്രമങ്ങളിലെ ന്യൂനതകളും വൈകല്യങ്ങളും ചൂണ്ടിക്കാണിക്കേണ്ടതും പണ്ഡിതരാണ്. ഭരണാധികാരികളെ നിയമിക്കാനും നിരീക്ഷിക്കാനും നീക്കം ചെയ്യാനും അധികാരമുള്ള ജനസമൂഹത്തിന്റെ ഉത്തരവാദപ്പെട്ട ഏജന്റ് എന്ന നിലക്ക് അതും അവരുടെ ബാധ്യതയാണ്. ഇസ്ലാമിക രാഷ്ട്രമീമാംസയിൽ അത്തഖ്‌വീം (പുനഃസജ്ജീകരണം) എന്നാണ് ഈ വിമർശന ദൗത്യത്തിന്റെ സാങ്കേതിക നാമം. അബൂബക്ർ സ്വിദ്ദീഖിന്റെ വാക്കുകളിൽ: "നിങ്ങൾ അധികാരം എന്നെ ഏൽപിച്ചിരിക്കുന്നു. ഞാൻ നിങ്ങളിൽ ഉത്തമനല്ല. ഞാൻ നന്നായി പ്രവർത്തിച്ചാൽ, എന്നെ നിങ്ങൾ സഹായിക്കണം. ഞാൻ തെറ്റു ചെയ്താൽ നിങ്ങൾ എന്നെ നേരെയാക്കണം." തഖ്‌വീം എന്നത് സമൂലം തള്ളിക്കളയുന്നതിനും സകലതും സ്വീകരിക്കുന്നതിനും അപ്പുറത്ത്, നല്ലതിനെ കൊള്ളുകയും തിയ്യതിനെ തള്ളുകയും ചെയ്യാൻ സ്വാതന്ത്ര്യമുള്ള വിമർശനപരമായ ക്രിയാത്മക സമീപനമാണ്. ഇവിടെ വിമർശനം അധികാര കേന്ദ്രത്തെ തിരികെ നേർപഥത്തിലേക്കു കൊണ്ടുവരാൻ വേണ്ടിയാണ്. ദൗത്യനിർവഹണത്തിൽ വന്ന പോരായ്മകൾ അവർ അനാവരണം ചെയ്യണം. ഇസ്ലാമിലെ രാഷ്ട്രീയ കർമശാസ്‌ത്രം വിവരിക്കുന്ന ഗുണകാംക്ഷ(നസ്വീഹത്ത്)യുടെ നിർവഹണമാണത്. അവിടുന്ന് അരുളി: "ദീൻ ഗുണകാംക്ഷയാകുന്നു. ചോദ്യമുണ്ടായി: അല്ലാഹുവിന്റെ റസൂലേ, ആരോടൊക്കെയുള്ള? അവിടുന്ന് പറഞ്ഞു: അല്ലാഹുവോട്, അവന്റെ കിതാബിനോട്, അവന്റെ ദൂതനോട്, മുസ്‌ലിംകളുടെ നേതാക്കളോട്, അവരിലെ പൊതു സമൂഹത്തോട്" (നസാഈ). ശൈഖ് ബാഖില്ലാനി, ഭരണാധികാരി ചെയ്യാനിടയുള്ള അധർമവും അക്രമവും പരാമർശിച്ച് ശേഷം എഴുതുന്നു: "…. എന്നാൽ അദ്ദേഹത്തെ ഉപദേശിക്കുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടത് നിർബന്ധമാകുന്നു. എന്നല്ല, അദ്ദേഹം ആജ്ഞാപിക്കുന്ന കുറ്റകരമായ സകല കാര്യത്തിലും അദ്ദേഹത്തെ അനുസരിക്കാതിരിക്കലും അനിവാര്യമാകുന്നു'' (അത്തംഹീദ് 186).
ഈ പ്രസ്താവനയെ സാധൂകരിക്കും വിധം ഭരണകൂട വിമർശനം നടത്തിയ പണ്ഡിതന്മാരുടെ തുറന്ന നിലപാടുകൾ എത്രയെങ്കിലും ഇസ്‌ലാമിക ചരിത്രത്തിൽ നമുക്ക് കാണാനാവും. സുഫ്‌യാൻ അൽ സൗരി (റ) പറയുന്നു: "മിനായിൽ ഉണ്ടായിരുന്ന അബൂ ജഅ്ഫർ അൽ മൻസൂറിന്റെ അടുത്തേക്ക് എന്നെ ഒരിക്കൽ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹം പറഞ്ഞു: താങ്കൾക്കു വേണ്ടത് ആവശ്യപ്പെട്ടുകൊൾക! ഞാൻ അദ്ദേഹത്തോടു പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടുക. ഭൂമിയിൽ അക്രമവും അനീതിയും നിറഞ്ഞിരിക്കുന്നു. അപ്പോൾ അദ്ദേഹം തല താഴ്ത്തി. പിന്നെ തല ഉയർത്തി വീണ്ടും പറഞ്ഞു: താങ്കൾക്കു വേണ്ടത് ആവശ്യപ്പെട്ടുകൊൾക. അപ്പോൾ ഞാൻ പറഞ്ഞു: താങ്കൾ ഈ സ്ഥാനത്ത് അവരോധിക്കപ്പെടാൻ കാരണമായത് മുഹാജിറുകളുടെയും അൻസ്വാറുകളുടെയും വാളുകളാണ്. എന്നിട്ടോ, അവരുടെ സന്തതികൾ ഇന്ന് പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ, അല്ലാഹുവെ സൂക്ഷിക്കുക. അവരുടെ അവകാശം അവർക്ക് എത്തിച്ചുകൊടുക്കുക. അപ്പോഴും അദ്ദേഹം തല താഴ്ത്തി. പിന്നെ ഉയർത്തിയിട്ട് വീണ്ടും പറഞ്ഞു: താങ്കൾക്കു വേണ്ടത് ചോദിച്ചു കൊൾക. അന്നേരം ഞാൻ പറഞ്ഞു: ഉമർ (റ) ഒരിക്കൽ ഹജ്ജിന് വന്നു. പിന്നീട് യാത്രക്ക് എത്ര ചെലവായെന്ന് തന്റെ ഖജനാവ് സൂക്ഷിപ്പുകാരനോട് അദ്ദേഹം ആരാഞ്ഞു. അയാൾ പറഞ്ഞു: പത്തിൽ ചില്വാനം വെള്ളി നാണയങ്ങൾ! ഇവിടെ ഞാൻ കാണുന്നതോ, ഒട്ടകത്തിന് വഹിക്കാൻ കഴിയാത്തത്ര സമ്പത്തും. അതും പറഞ്ഞ് അദ്ദേഹം അവിടെനിന്ന് ഇറങ്ങിപ്പോന്നു."
ഭരണകൂടത്തോടുള്ള ഈ വിമർശനാത്മക നിലപാടിൽ തന്നെയാവണം പണ്ഡിതന്മാർ നിലകൊള്ളേണ്ടതെന്ന് മുൻഗാമികളും പിൻഗാമികളുമായ ധാരാളം മനീഷികൾ ഉപദേശിച്ചിട്ടുണ്ട്. ഭരണാധികാരികളുമായി രാഷ്ട്രീയമോ നിർവഹണപരമോ ജോലി സംബന്ധമോ സാമ്പത്തികമോ ആയ യാതൊരു ബാന്ധവവും പണ്ഡിതന്മാർ പുലർത്തരുതെന്നും അവർ നിഷ്കർഷിച്ചു. ഹുദൈഫ (റ) പറഞ്ഞു: ''നിങ്ങൾ വിനാശത്തിന്റെ ഇടങ്ങൾ കരുതിയിരിക്കുക. ആരോ ചോദിച്ചു: എന്താണത്? അദ്ദേഹം പറഞ്ഞു: ഭരണാധികാരിയുടെ അടുത്തേക്കുള്ള കവാടങ്ങൾ! നിങ്ങളിൽ ആരെങ്കിലും അധികാരിയുടെ അരികിലേക്ക് കടന്നുചെന്നാൽ, അയാൾ പറയുന്ന കള്ളങ്ങൾ കേട്ട് അത് സത്യമെന്ന് നിങ്ങൾക്ക് അംഗീകരിക്കേണ്ടി വരും. അയാളിൽ ഇല്ലാത്തത് പറയേണ്ടി വരികയും ചെയ്യും". ഇബ്നു മസ്ഊദ് (റ) പറയുന്നു: "ഒട്ടകം മുട്ടുകുത്തി വീഴുന്നതു പോലെയുള്ള കുഴപ്പങ്ങൾ ഭരണാധികാരിയുടെ പ്രവേശന കവാടത്തിലുണ്ട്. എന്റെ ആത്മാവുടയവൻ സത്യം! അവരുടെ ദുൻയാവിൽനിന്ന് നിങ്ങൾക്ക് യാതൊന്നും ലഭിക്കുകയില്ല; അതിന്റെ ഇരട്ടി ദീനിൽനിന്ന് നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടല്ലാതെ". ഫുദൈൽ ഇബ്നു ഇയാദിന്റെ വാക്കുകൾ ഇങ്ങനെയാണ്: "ഒരു വേള തന്റെ ദീനുമായിട്ടായിരിക്കാം പണ്ഡിതൻ ഭരണാധികാരിയുടെ അടുത്തേക്ക് ചെല്ലുന്നത്. എന്നാൽ, തിരിച്ചിറങ്ങുമ്പോൾ അതിൽ യാതൊന്നും തന്നെ അയാളോടൊപ്പം ഉണ്ടാവുകയില്ല! അത് എങ്ങനെയാണ് എന്ന് ആളുകൾ ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: അദ്ദേഹത്തിന് മുമ്പിൽ അയാൾ പ്രശംസ ചൊരിയും. അയാളുടെ കളവുകൾ സത്യപ്പെടുത്തും." അബുൽ ഫറജിബ്നുൽ ജൗസി പറയുന്നു: "സുൽത്താൻമാരോട് വിമുഖത പുലർത്തലും അവരുമായി കൂടിക്കഴിയേണ്ടി വരുന്നതിനെ കരുതിയിരിക്കലും പരലോക ഭയമുള്ള പണ്ഡിതന്മാരുടെ ഗുണങ്ങളിൽ പെട്ടതാണ്." അദ്ദേഹം തുടരുന്നു: "സുൽത്താന്മാരുമായുള്ള സഹവാസം നീ കരുതിയിരിക്കുക. അത് നിന്നെ നശിപ്പിക്കും. അല്ലെങ്കിൽ അവരെ ദുഷിപ്പിക്കും. നിന്നെ അനുധാവനം ചെയ്യുന്നവരെയും അത് തകർക്കും. അവരോട് സഹവസിച്ചുകൊണ്ട് രക്ഷപ്പെടാനുള്ള സാധ്യത കാപെല്ല നക്ഷത്രം കണക്കെ വിദൂരമാകുന്നു. നിന്റെ മനസ്സിന് ആകർഷണം തോന്നാവുന്ന അതിലെ ഏറ്റവും നിസ്സാരമായ അവസ്ഥയാകുന്നു ഭൗതികാസക്തി" (അസ്സിർറുൽ മസ്വൂൻ).
നുബുവ്വത്തിന്റെ നാളുകൾ മുതൽ ഖിലാഫത്തുർറാശിദയുടെ കാലമടക്കം ഇസ്‌ലാമിക ചരിത്രത്തിൽ ഉടനീളം, ഈ ദൗത്യം ഏറ്റെടുത്ത് നിർവഹിച്ച വലിയൊരു വിഭാഗം പണ്ഡിതന്മാർ തന്നെയുണ്ട്.
ഇസ്‌ലാമിക രാഷ്ട്രമീമാംസയിൽ, ഭരണാധികാരി ജനങ്ങളുടെ പകരക്കാരനും ഏജന്റുമാകുന്നു. അയാളെ നിയോഗിക്കാനും നിരീക്ഷിക്കാനും നീക്കം ചെയ്യാനും സമൂഹത്തിനാണ് അവകാശം. അൽ മാവർദി ബൈഅത്തിനെ (ഭരണാധികാരിക്കുള്ള അംഗീകാര പ്രതിജ്ഞ) നിർവചിക്കുന്നത് ഇപ്രകാരമാണ്: "സ്വാഭീഷ്ടം സംതൃപ്തിയോടെ ചെയ്യുന്ന ഉടമ്പടിയാണത്. നിർബന്ധമോ ബലാൽക്കാരമോ അതിൽ ഉണ്ടാകാവതല്ല" (അൽ അഹ്കാം അസ്സുൽത്വാനിയ്യ, പേജ് 7). അബൂ യഅ്ലയുടെ അഭിപ്രായത്തിൽ: "നിശ്ചയമായും ഖലീഫ മുസ്‌ലിംകളുടെ പ്രതിപുരുഷനാകുന്നു."
നുബുവ്വത്തിന്റെയും ഖിലാഫത്തുർറാശിദയുടെയും കാലങ്ങളിലെ ഇസ്‌ലാമിക രാഷ്ട്രവും അനുബന്ധ സംവിധാനങ്ങളും നടേ പറഞ്ഞ രാഷ്ട്രീയാധികാരത്തിന്റെ കൃത്യമായ ആവിഷ്കാരങ്ങളായിരുന്നു. കൂടിയാലോചനയുടെയും നീതിയുടെയും സമഭാവനയുടെയും അടിസ്ഥാനത്തിലായിരുന്നു അത് നിലനിന്നിരുന്നത്. ഖിലാഫത്തുർറാശിദക്ക് ശേഷം ക്രമേണ ഈ സങ്കൽപത്തിന് മങ്ങലേറ്റു. ഭരണം സാമൂഹിക പിന്തുണയില്ലാത്ത സ്വേഛാധികാരത്തിന് വഴിമാറി. വലിയൊരു വിഭാഗത്തെ അവഗണിച്ച് അധികാര വാഴ്ച ഒരു ചെറു വിഭാഗത്തിന്റെ കുത്തകയായി. ഇസ്‌ലാമിക ചരിത്രം മുന്നോട്ടു പോകുമ്പോൾ ഇങ്ങനെ വിവിധ രീതിയിൽ ഭരണകൂടങ്ങൾ ഗതിമാറുമെന്നും നബി (സ) പ്രവചിച്ചിട്ടുണ്ട്.
കൊട്ടാരം പണ്ഡിതർ
കാലാന്തരേണ വേറൊരു വിഭാഗം പണ്ഡിതരും ഇസ്‌ലാമിക സമൂഹത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതഃപര്യന്തമുള്ള ദീനീ പണ്ഡിതന്മാരുടെ നിലപാടായിരുന്നില്ല അവരുടേത്. നേരത്തെ വിവരിച്ച മുൻഗാമികളെപ്പോലെ സമൂഹത്തിലും ഭരണ തലത്തിലും വിമർശനാത്മക നിലപാടുകൾ വഴി തിരുത്തൽ ശക്തികളായി നിൽക്കുകയെന്ന കാഴ്ചപ്പാട് അവർക്ക് ഉണ്ടായിരുന്നില്ല. അവർ വളരെ വേഗം 'മതാചാര്യന്മാർ' ആയി മാറുകയാണുണ്ടായത്.
ഇസ്ലാമിക വിശ്വാസം, നിയമം, ഗവേഷണം തുടങ്ങി മതപരമായ സകലതിനെ പറ്റിയും സംസാരിക്കാനുള്ള കുത്തക ഈ വിഭാഗത്തിനു മാത്രമായി. ഭരണ വർഗത്തെ ഇവർ നിരുപാധികം വാഴ്ത്തി, പിന്തുണച്ചു. ഈ വിഭാഗം പണ്ഡിതന്മാർ 'കൊട്ടാരം പണ്ഡിതർ' എന്നോ 'കൊട്ടാരം ഫുഖഹാഅ്' എന്നോ വിളിക്കപ്പെട്ടു. തഖ്ലീദ്, ഭരണകൂട ഭീകരത, ബിദ്അത്ത് തുടങ്ങിയ ആന്തരിക ദൗർബല്യങ്ങളുടെയും, തദ്ഫലമായുണ്ടായ ആഭ്യന്തര യുദ്ധങ്ങൾ, മംഗോളിയൻ- കുരിശ് അധിനിവേശം, കോളണിവൽക്കരണം തുടങ്ങിയ ബാഹ്യ സമ്മർദങ്ങളുടെയും ഫലമായി മുസ്ലിം സമൂഹം നാഗരികവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയപ്പോൾ, അതിന്റെ മറവിൽ കൂടുതൽ ജീവിത സൗകര്യങ്ങൾ തരപ്പെടുത്തുന്നതിലായിരുന്നു ഇക്കൂട്ടരുടെ ശ്രദ്ധ.
ഇസ്‌ലാമിക ചരിത്ര സന്ധികളിൽ ഇങ്ങനെ ഒരു വിഭാഗം പണ്ഡിതന്മാർ രംഗത്ത് വരുമെന്ന കാര്യവും റസൂൽ (സ) നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കഅ്ബുബ്നു ഉജ്റ പറയുന്നു: ''ഞങ്ങളുടെ അടുത്തേക്ക് ഒരിക്കൽ റസൂൽ (സ) വന്നു. അഞ്ചും നാലുമായി, ഞങ്ങൾ ഒമ്പതു പേരുണ്ടായിരുന്നു. രണ്ടിലൊന്ന് അറബികൾ. മറ്റേത് അനറബികളും. അവിടുന്ന് പറഞ്ഞു: കേൾക്കുവിൻ, എനിക്കു ശേഷം ചില അധികാരികൾ ഉണ്ടാവുന്നതിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ആര് അവരുടെ അടുത്തേക്ക് ചെല്ലുന്നുവോ, അയാൾ അവർ പറയുന്ന കള്ളങ്ങളെ സത്യമെന്ന് പ്രഖ്യാപിക്കും. അവർ നടത്തുന്ന അക്രമങ്ങളിൽ അവരെ സഹായിക്കും. അവൻ എന്നിൽ പെടുന്നവനോ ഞാൻ അവനിൽ പെടുന്നവനോ അല്ല. എന്നെത്തേടി (ഹൗള്) തടാകത്തിന് അടുത്തേക്ക് അവൻ എത്തുകയുമില്ല. അവരുടെ അടുത്തേക്ക് കടന്നുചെന്നിട്ടില്ലാത്ത, അവരുടെ അക്രമങ്ങൾക്ക് അരു നിന്നിട്ടില്ലാത്ത, അവരുടെ കള്ളങ്ങൾ സത്യമെന്ന് അംഗീകരിച്ചിട്ടില്ലാത്ത ആളുകൾ ആരാണോ, അവൻ എന്നിൽ പെട്ടവനാകുന്നു. ഞാൻ അവനിൽ പെട്ടവനും! എന്നെത്തേടി (ഹൗള്) തടാകത്തിന് അടുത്തേക്ക് അവൻ എത്തിച്ചേരുകയും ചെയ്യും. (അന്നസാഈ 4207,4208, തിർമിദി 2259, അഹ്‌മദ് 18126). മറ്റൊരിക്കൽ നബി (സ) പറഞ്ഞു: ''നിങ്ങളുടെ മേൽ ഭരണാധികാരികൾ നിയമിതരാവും. അവർ നല്ലതും ചീത്തയും പ്രവൃത്തിക്കും. അവരുടെ തിന്മകളെ വെറുക്കുന്നവൻ കുറ്റ വിമുക്തനായി. അവരുടെ തെറ്റുകളെ എതിർക്കുന്നവൻ രക്ഷപ്പെട്ടു. എന്നാൽ, അവരുടെ തെറ്റുകൾ ഇഷ്ടപ്പെടുകയും അനുകരിക്കുകയും ചെയ്യുന്നവർ ശിക്ഷാർഹരായി'' (മുസ്‌ലിം 4907). ഈ വിഭാഗം പണ്ഡിതന്മാരെ മുൻഗാമികളും പിൻഗാമികളുമായ നിരവധി പണ്ഡിതന്മാർ നിശിതമായി വിമർശിച്ചിട്ടുണ്ട്.
നിയമ സാധുത, ഭരണ മാറ്റം എന്നിവയോടുള്ള ഇരു വിഭാഗം പണ്ഡിതന്മാരുടെയും നിലപാടുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും. അതിൽ ഏറ്റവും പ്രധാനം ഭരണകൂടങ്ങളുടെ നിയമ സാധുതയും ഭരണ മാറ്റവും സംബന്ധിച്ച സമസ്യകളാണ്. പുണ്യവാന്റെയും തെമ്മാടിയുടെയും പിന്നിൽ നമസ്കരിക്കൽ, അക്രമിയായ ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കൽ, ഭൂരിപക്ഷാധികാരം സംബന്ധിച്ച വിധികൾ എന്നിങ്ങനെയുള്ള ശീർഷകങ്ങൾക്കു താഴെയാണ് പരമ്പരാഗത ചർച്ചകളിൽ അവ കടന്നുവരുന്നത്.
ആദ്യ വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ബാഹ്യ സമ്മർദമില്ലാത്തതും സ്വാഭീഷ്ടമനുസരിച്ചുള്ളതുമായ ശരിയായ അനുസരണ പ്രതിജ്ഞ(ബൈഅത്ത്)യുടെ അഭാവത്തിൽ നിലവിൽ വന്ന ഭരണകൂടങ്ങളൊന്നും നിയമ സാധുതയുള്ള ഇസ്‌ലാമിക ഭരണകൂടങ്ങളല്ല. ജനങ്ങളുടെ പകരക്കാരനും ഏജന്റും എന്ന നിലക്ക് സാമൂഹികാംഗീകാരം ലഭിച്ചിട്ടില്ലാത്ത, ജനങ്ങൾക്ക് നിയമിക്കാനും നിരീക്ഷിക്കാനും നീക്കാനും അധികാരമില്ലാത്ത സ്വേഛാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾക്ക് ഇസ്‌ലാമികമായി നിയമ സാധുത അവകാശപ്പെടാനാവില്ല. അത്തരം ഭരണകൂടങ്ങൾ നിർബന്ധമായും മാറേണ്ടതുണ്ട്. എങ്കിലും എങ്ങനെ ഭരണകൂടത്തെ മാറ്റണം എന്ന കാര്യത്തിൽ ഈ വിഭാഗത്തിലും രണ്ടു ചേരിയുണ്ട്.
ഒന്നാം ചേരിയുടെ അഭിപ്രായമനുസരിച്ച് വിപ്ലവമാണ് പരിഹാരം. അക്രമിയായ സുൽത്താനെ, 'നീക്കം (ഖുൽഅ്) ചെയ്യുക' എന്ന കർമശാസ്ത വിശാരദന്മാരുടെ സാങ്കേതിക പ്രയോഗം ദ്യോതിപ്പിക്കുന്നത് അതാണ്. മാറ്റത്തെ 'പെട്ടെന്ന്', 'സമൂലം' എന്നൊക്കെ വിശേഷിപ്പിക്കുന്നതിന്റെ ആശയവും ഇതു തന്നെ. ഇമാം അൽ ജസ്സ്വാസ്വ്് പറയുന്നു: "അദ്ദേഹത്തിന്റെ (ഇമാം അബൂ ഹനീഫയുടെ), അക്രമകാരികളോടും മർദക ഭരണാധികാരികളോടും യുദ്ധം ചെയ്യണമെന്ന അഭിപ്രായം പ്രസിദ്ധമാണ്" (അഹ്കാമുൽ ഖുർആൻ, പേജ് 61). ഇവ്വിഷയകമായ മാലികീ പണ്ഡിതന്മാരുടെ നിരീക്ഷണങ്ങൾ ഇബ്നുൽ അറബി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: "നീതിമാനായ ഇമാമിനോടൊപ്പമാണ് യുദ്ധം ചെയ്യേണ്ടത്. അദ്ദേഹം ആദ്യമേ ഉള്ള ആളാണെങ്കിലും, ഒന്നാമനെതിരെ കലാപം നയിച്ചുവന്നവനാണെങ്കിലും ഇക്കാര്യത്തിൽ വ്യത്യാസമില്ല. ഇനി അവർ രണ്ടാളും നീതിമാൻമാരല്ലെങ്കിൽ രണ്ടാളിൽനിന്നും അകന്നുനിൽക്കുകയാണ് വേണ്ടത്. സ്വയം പ്രതിരോധത്തിനോ സമ്പത്ത് സംരക്ഷിക്കാനോ മുസ്‌ലിംകൾക്ക് നേരെയുള്ള അതിക്രമം തടയാനോ അല്ലാതെ അപ്പോൾ ആയുധമെടുക്കരുത്" (അഹ്കാമുൽ ഖുർആൻ).
രണ്ടാം ചേരിയുടെ വീക്ഷണ പ്രകാരം വിപ്ലവത്തെ മാറ്റത്തിനുള്ള മാർഗമായി അവർ അംഗീകരിക്കുന്നില്ല. ഇമാം ഇബ്നു തൈമിയ്യ പറയുന്നു: "ഭരണാധികാരികളുടെ അക്രമങ്ങളിൽ ക്ഷമ കൈക്കൊള്ളുക എന്നത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടിസ്ഥാനങ്ങളിൽ പെട്ട ഒന്നാകുന്നു" (മജ്മൂഉൽ ഫതാവാ 28). ഇമാം അൽ അശ്അരി പറയുന്നു: "മുസ്‌ലിം ഭരണകർത്താക്കൾക്ക് ന്യായബോധം ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണം. അവർക്കെതിരെ സായുധ കലാപം പാടില്ല" (മഖാലാതുൽ ഇസ്‌ലാമിയ്യീൻ 323). സംസ്കരണ പ്രവർത്തനങ്ങളാണ് മാറ്റത്തിനുള്ള മാർഗമായി അവർ കാണുന്നത്. സന്ദർഭാനുസൃതവും ക്രമാനുഗതവും സമാധാനപരവും ആയിരിക്കണം അതെന്നും അവർ പറയുന്നു. അതിന് പല രീതികളാവാം. ഏറ്റവും പ്രധാനം നടേ പറഞ്ഞതുപോലെ സദുപദേശവും നേർപഥത്തിലേക്ക് മടക്കിക്കൊണ്ടുവരലും തന്നെ. ഇമാമിന്റെ അധാർമികത, അക്രമം, അയാളെ സ്ഥാനഭ്രഷ്ടനാക്കുന്നതിന്റെ അനനുവദനീയത തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ച ശേഷം അൽ ബാഖില്ലാനി പറയുന്നു: "എന്നാൽ അദ്ദേഹത്തെ ഉപദേശിക്കുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടത് നിർബന്ധമാണ്. അദ്ദേഹം ആവശ്യപ്പെട്ടാലും അല്ലാഹുവിന്റെ അടുത്ത് കുറ്റകരമാവുന്ന ഒരു കാര്യത്തിലും അദ്ദേഹത്തെ അനുസരിക്കാനും പാടില്ല" (അത്തംഹീദ് 186).
ഒരു കാര്യം വ്യക്തമാണ്. മാറ്റം കൊണ്ടുവരാനുള്ള രണ്ടാലൊരു മാർഗം തെരഞ്ഞെടുക്കുക എന്നത്, രണ്ട് അഭിപ്രായ പ്രകാരവും നിർണിത നിയമവ്യവസ്ഥയുടെ ഉള്ളിൽ നിന്നുകൊണ്ട് മാറ്റം കൊണ്ടുവരാനുള്ള സാധ്യത എത്രത്തോളമുണ്ട് എന്നതു പരിഗണിച്ചാണ് നടപ്പാക്കുക. ഒന്നാമത്തെ വിഭാഗം പറയുന്നത്, നിലവിലുള്ള നിയമവ്യവസ്ഥകളിൽ നിന്നുകൊണ്ട് ഒരു മാറ്റം സാക്ഷാത്കരിക്കുക അസാധ്യമാണെന്നാണ്. രണ്ടാമത്തെ വിഭാഗം, അങ്ങനെയൊരു മാറ്റം ഉണ്ടാക്കിയെടുക്കുക സാധ്യമാണെന്ന് വിശ്വസിക്കുന്നു.
തെറ്റിലേക്കുള്ള വഴി അടക്കുക അല്ലെങ്കിൽ തുറക്കുക എന്ന പ്രമാണത്തിൽ നിന്നുകൊണ്ടാണ് രണ്ട് വിഭാഗവും തങ്ങളുടെ അഭിപ്രായം രൂപവത്കരിച്ചിരിക്കുന്നത്. ഒന്നാം ചേരി വഴികൾ തുറക്കുകയാണ് ചെയ്യുന്നത്. അക്രമിയായ ഭരണാധികാരിയെ മാറ്റുന്നതിലൂടെ അനിവാര്യമായും സംജാതമാകുന്ന കുഴപ്പത്തെക്കാൾ, അയാളെ പൊതു താൽപര്യപ്രകാരം മാറ്റുക വഴി ഉളവാകുന്ന സദ്ഫലങ്ങൾക്കാണ് അവർ മുഖ്യ പരിഗണന നൽകുന്നത്. എന്നാൽ, രണ്ടാം ചേരി വഴി അടക്കുകയാണ് ചെയ്യുന്നത്. അതായത്, അദ്ദേഹത്തെ മാറ്റുക വഴി അനിവാര്യമായും ഉളവായേക്കാവുന്ന വിനാശത്തിനാണ്, അതിലൂടെ ഉളവായേക്കാവുന്ന സദ്ഫലങ്ങളെക്കാൾ അവർ പ്രാമുഖ്യം കൽപ്പിക്കുന്നത്.
നേരത്തെ പറഞ്ഞ രണ്ട് ചേരികളുടേയും ആശയങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള അഭിപ്രായത്തിനാണ് നമ്മൾ പ്രാധാന്യം നൽകുന്നത്. അക്രമിയായ ഭരണാധികാരിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിധിയെ രണ്ടായി ഭാഗിച്ചുകൊണ്ടാണത്. ഒന്നാമതായി, പ്രയോജനത്തിന്റെ തോത് പരിഗണിക്കലാണ് അടിസ്ഥാന പ്രമാണം. ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിലൂടെ ഉളവാകുന്ന പ്രയോജനത്തിന്റെയും ഒഴിവാക്കാനാവാത്ത അപകടത്തിന്റെയും തോത് എത്ര എന്നതാണ് ഇവിടെ പരിഗണനീയം.
ഇനി, രണ്ടാം ഗണത്തിൽ പെട്ട കൊട്ടാരം പണ്ഡിതന്മാരുടെ നിലപാടുകൾ പരിശോധിക്കാം. ശരിയായ ബൈഅത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അധികാരത്തിലെത്തിയ ഭരണാധികാരികളും നിയമ സാധുതയുള്ളവരാണെന്നാണ് അവരുടെ അഭിപ്രായം. അത് നിർബന്ധിതമല്ലാതെ കൈക്കൊണ്ട കരാറാണെന്നും അവർ വാദിക്കുന്നു. സമൂഹത്തിന്റെ ഇടപെടലില്ലാതെ ഉണ്ടായിവന്ന ഏകാധിപത്യ സംവിധാനമാണത്. സമൂഹത്തിന് നിയമിക്കാനും നിരീക്ഷിക്കാനും നീക്കാനും അധികാരമുള്ള അവരുടെ ഏജന്റും പകരക്കാരനും എന്ന അവസ്ഥ ഇവിടെയില്ല. സംസ്കരണം, വിപ്ലവം തുടങ്ങി സാമ്പ്രദായികമായ ഏതു രീതിയിലുള്ള മാറ്റത്തിനും വിധേയമാകുന്നതിനെ അത് സ്വയം ചെറുക്കുന്നു. തങ്ങളുടെ വാദത്തിന് ഉപോൽബലകമായി ഈ വിഭാഗം പണ്ഡിതൻമാർ കൊണ്ടുവരുന്ന തെളിവുകളിൽ പ്രധാനം, കൈകാര്യകർത്താവിനെ അനുസരിക്കുന്നതുമായി ബന്ധപ്പെട്ട പ്രമാണങ്ങളാണ്. "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും അനുസരിക്കുക. നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും" (അന്നിസാഅ് 59) എന്നതു പോലെയുള്ള ഖുർആനിക സൂക്തങ്ങൾ.. എന്നാൽ, ഇതുപോലുള്ള ആയത്തുകളിൽ വന്ന 'കൈകാര്യ കർത്താക്കൾക്കുള്ള അനുസരണം', ഇവർ നിർബന്ധമാക്കാൻ ശ്രമിക്കും പോലെ ഒരിക്കലും നിരുപാധികമല്ല. മറിച്ച്, 'അല്ലാഹുവിന്റെ കൽപനകൾ ധിക്കരിക്കാതെ' എന്ന നിബന്ധനക്ക് വിധേയമാണത്. ഹദീസുകളിൽ നിന്നത് വ്യക്തവുമാണ്: "സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിക്കും അനുസരണം പാടില്ല." ഹമ്പലി മദ്ഹബുകാരനായ അൽ ത്വൗഫി തന്റെ 'അൽ ഇശാറാതുൽ ഇലാഹിയ്യ ഇലൽ മബാഹിസിൽ ഉസ്വൂലിയ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഈ ആയത്തിലെ കൽപന പൊതുവാകുന്നു. എന്നാൽ, ജനങ്ങളെ കുറ്റത്തിലേക്കോ ബിദ്അത്തിലേക്കോ ക്ഷണിക്കുമ്പോൾ അതിന്റെ ആശയം പരിമിതപ്പെടും. അത്തരം സന്ദർഭങ്ങളിൽ അവരെ അനുസരിക്കൽ അനുവദനീയമല്ല: "നന്മയിൽ മാത്രമാണ് അനുസരണം. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിക്കും അനുസരണമില്ല." ഖലീഫമാർ തിന്മകളിലേക്കും കുഴപ്പങ്ങളിലേക്കും ബിദ്അത്തുകളിലേക്കും ആഹ്വാനം നടത്തിയപ്പോൾ അതിനെ തടഞ്ഞ പൂർവഗാമികളായ ഇമാമുമാർ എമ്പാടുമുണ്ട്. ഇക്കാര്യത്തിൽ അവരാണ് മാതൃക. നടേ പറഞ്ഞ ആയത്ത് അവർക്കുള്ള തെളിവും."
ഭരണാധികാരിയെ നിരുപാധികം അനുസരിക്കണമെന്ന് പറയുന്നത് തൗഹീദിന്റെ ആശയത്തിന് തീർത്തും എതിരാണ്. കാരണം, നിയമനിർമാണാധികാരവും പരമമായ നേതൃത്വവും (നിരുപാധിക ആധിപത്യം) അല്ലാഹുവിനാകുന്നു. ഇമാം ഗസാലി പറയുന്നു: "വിധി നൽകുന്നവൻ തന്നെയാകുന്നു നിയമ ദാതാവും. അല്ലാഹുവിനല്ലാതെ നിയമം തീരുമാനിക്കാനുള്ള അവകാശമില്ല. അവനൊഴികെ ആർക്കും വിധി നൽകാൻ അധികാരമില്ല. നിയമം നടപ്പാക്കാനുള്ള അവകാശം സൃഷ്ടിപ്പിനും ശാസനക്കും അധികാരമുള്ളവന് മാത്രമാകുന്നു. ഉടമയുടെ നിയമം അടിമയുടെ മേൽ നടപ്പാക്കുന്നവൻ അവനാകുന്നു. സൃഷ്ടിച്ചവൻ ആരാണോ അവൻ മാത്രമാണ് ഉടമസ്ഥൻ. നിയമം നൽകാനും കൽപിക്കാനും അധികാരം ഉടമക്ക് മാത്രമാകുന്നു."
ആകയാൽ പ്രവാചകനോ സുൽത്താനോ നേതാവോ പിതാവോ ഭർത്താവോ ആരുമാവട്ടെ, അവർ കൽപിക്കുന്നതോ നിർബന്ധമാക്കുന്നതോ ആയ ഒന്നും തന്നെ അവരുടെ നിർബന്ധത്തിന്റെ പേരിൽ മാത്രം നിർബന്ധമാവുകയില്ല. മറിച്ച്, അവരെ അനുസരിക്കൽ നിർബന്ധമാവുന്നത് അല്ലാഹു അത് നിർബന്ധമാക്കിയതു കൊണ്ടാണ്. ഇവരുടെ ഈ വാദത്തിന് ഏറ്റവും അടുപ്പം തിയോക്രസിയോടാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രതിഭാസങ്ങൾ അവർ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന ദൈവിക പരിഗണനയും ദിവ്യാധിപത്യ നിയമവുമാണ്. അതാകട്ടെ തീർത്തും ഇസ്‌ലാം വിരുദ്ധമായ ആശയവും. നമ്മുടെ നോട്ടത്തിൽ കൊട്ടാരം പണ്ഡിതന്മാരുടെ ഈ നിലപാട് അഹ്‌ലുസ്സുന്നയിലെ ഇരു ചേരികളുടെയും വീക്ഷണങ്ങൾക്ക് കടകവിരുദ്ധമാണ്. l
(സുഡാനിലെ ഖുർത്വൂം യൂനിവേഴ്സിറ്റിയിൽ അധ്യാപകനാണ് ലേഖകൻ)
വിവ: അബ്ദുർറഹ്‌മാൻ ചെറുവാടി 974745 6118