കുറിപ്പ്

പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിലും ലോകരാഷ്ട്രങ്ങളുടെ നിലപാടുകളെ സ്വാധീനിക്കുന്നതിലും നമ്മുടെ കാലത്തെ മീഡിയ വഹിക്കുന്ന വലിയ പങ്ക് ഇന്നാര്‍ക്കും അജ്ഞാതമല്ല; ചില വിഷയങ്ങളില്‍ പ്രത്യേകിച്ചും. അതിലൊന്നാണ് ഫലസ്ത്വീന്‍. സയണിസ്റ്റ് അധിനിവേശകരുടെ അതേ ഭാഷ കടമെടുക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പ്പ് നടത്തുന്ന ഫലസ്ത്വീനികളെ പാശ്ചാത്യ മീഡിയ 'അതിക്രമികള്‍' എന്നേ വിളിക്കൂ. അധിക്ഷേപ പ്രയോഗങ്ങള്‍ ഇതുപോലെ വേറെയുമുണ്ട്. വായനക്കാരെയും പ്രേക്ഷകരെയും ഇത് സ്വാധീനിക്കും. അങ്ങനെ, ചെറുക്കുന്നവൻ 'ഭീകരനും' അധിനിവേശകന്‍ 'ഇര'യും ആയിത്തീരുന്നു.

ഇതുമായി ബന്ധപ്പെട്ട ചില വശങ്ങള്‍ പരിശോധിക്കാം:
1) ഏത് ഫ്രെയ്മില്‍ വാര്‍ത്ത അവതരിപ്പിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഒരു പ്രശ്‌നത്തെ ജനം എങ്ങനെ കാണുന്നു എന്നത് കാര്യമായും ഈ ഫ്രെയ്മിങ്ങിനെ ആശ്രയിച്ചുനില്‍ക്കുന്നു. മിക്ക സന്ദര്‍ഭങ്ങളിലും മീഡിയ ഫലസ്ത്വീന്‍ വിമോചനപ്പോരാളികളെ ഭീകരര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മീഡിയക്ക് അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നവരല്ല. മീഡിയയുടെ വാര്‍ത്താ അവതരണം ഒരു പക്ഷത്ത് ചേര്‍ന്നുകൊണ്ടായിരിക്കും. ത്വൂഫാനുല്‍ അഖ്‌സ്വ പാശ്ചാത്യ മീഡിയ റിപ്പോര്‍ട്ട് ചെയ്തത് നാം കണ്ടതാണ്. കുട്ടികളെ കൊന്നൊടുക്കുന്നവര്‍, സിവിലിയന്‍മാരെ തട്ടിക്കൊണ്ടു പോകുന്ന ഭീകരര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ധാരാളമുണ്ടായിരുന്നു ഫലസ്ത്വീനികളെക്കുറിച്ച ആ റിപ്പോര്‍ട്ടിംഗില്‍.

2) പ്രയോഗിക്കുന്ന ഭാഷയും വളരെ പ്രധാനമാണ്. മാധ്യമ റിപ്പോര്‍ട്ടിംഗില്‍ ചിലരെ മനുഷ്യത്വം മുറിച്ചു നീക്കപ്പെട്ടവരായാണ് ചിത്രീകരിക്കുക. തരംപോലെ അവരുടെ മേല്‍ 'തീവ്രവാദികള്‍', 'ആയുധധാരികള്‍' എന്നൊക്കെ മുദ്ര ചാര്‍ത്തും. ഇസ്രായേലികളെക്കുറിച്ചാണെങ്കില്‍ അവര്‍ 'സൈനികര്‍' അല്ലെങ്കില്‍ 'സുരക്ഷാ സേന' ആണ്. സംഘര്‍ഷത്തെക്കുറിച്ച വളരെ തെറ്റായ ചിത്രമാണ് ഇത് ഉൽപാദിപ്പിക്കുക.

3) വിവരണത്തില്‍ ഉടനീളം അസന്തുലിതത്വമായിരിക്കും. ഇസ്രായേലിനകത്ത് സംഭവിച്ചതേ കാണാനും കേള്‍ക്കാനുമുണ്ടാകൂ. ഫലസ്ത്വീനികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് മീഡിയ അവഗണിക്കും. ഇതു കൊണ്ടാണ് റിപ്പോര്‍ട്ട് അസന്തുലിതമായിത്തീരുന്നത്. അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താന്‍ ഇത്തരം റിപ്പോര്‍ട്ടിംഗ് ഉപകരിക്കില്ല.

4) പശ്ചാത്തലം ഒഴിവാക്കുന്നു. ഫലസ്ത്വീന്‍ പ്രശ്‌നത്തിന് ഒരു സാമൂഹിക, രാഷ്ട്രീയ, ചരിത്ര പശ്ചാത്തലമുണ്ട്. അത് പറഞ്ഞാലേ ഫലസ്ത്വീനികളുടെ പോരാട്ടത്തെ മനസ്സിലാക്കാനാവൂ. ആ പശ്ചാത്തലം മാറ്റിനിര്‍ത്തിയാല്‍, ഫലസ്ത്വീനികളെ എളുപ്പത്തില്‍ വിവേകശൂന്യര്‍ എന്ന് മുദ്രകുത്താം.

5) പിശാച്്വല്‍ക്കരിക്കലാണ് മറ്റൊരു രീതി. ഫലസ്ത്വീന്‍ പോരാളികളെ ഒട്ടും മനുഷ്യത്വമില്ലാത്ത പിശാചുക്കളായി ചിത്രീകരിക്കുന്നു. അവതരണത്തിലെ പക്ഷപാതം മാത്രമല്ല ഇവിടെ വിഷയം. ഫലസ്ത്വീനികളോട് പാശ്ചാത്യസമൂഹങ്ങള്‍ക്ക് യാതൊരു അനുഭാവവും തോന്നാതിരിക്കാനും കാരണമതാണ്.

ഇങ്ങനെ എല്ലാ അര്‍ഥത്തിലും മുഖ്യധാരാ മീഡിയ ഫലസ്ത്വീനികളെ പിശാചുവല്‍ക്കരിക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പ്രശ്‌നത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തെത്തുന്നുണ്ട്. ഈ സമാന്തര മീഡിയ നല്‍കുന്ന വിവരങ്ങളും വിശകലനങ്ങളും വെച്ച് കൂടുതല്‍ സമഗ്രവും സൂക്ഷ്മവുമായ ഒരു നിലപാടിലെത്താന്‍ ഇന്ന് ജനങ്ങള്‍ക്ക് സാധ്യവുമാണ്. l