ഹസീനാ ഭരണകൂടം കള്ളക്കേസുകളുണ്ടാക്കി തൂക്കിലേറ്റിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി മുൻ അധ്യക്ഷൻ മുത്വീഉർറഹ്മാൻ നിസാമിയുടെ മകൻ നജീബുർറഹ്മാൻ നിസാമി ഇന്റർനെറ്റ് വഴി ഖത്തറിലെ അൽജസീറ ചാനലിനോട് സംസാരിക്കുന്നു.
നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഒരു ഇടക്കാല അഡ്വൈസറി കൗൺസിൽ ഭരണം നിലവിൽ വന്നിരിക്കുകയാണ്. വളരെ പെട്ടെന്നുണ്ടായ ഈ രാഷ്ട്രീയ മാറ്റങ്ങളോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
ഞങ്ങൾ ബംഗ്ലാദേശ് ജനതക്കൊപ്പമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ഈ വിമോചനപ്പോരാട്ടത്തിൽ ഞങ്ങളും അവരോടൊപ്പം ചേരുകയാണ് ചെയ്തത്. പ്രഫ. മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല ഭരണസംവിധാനത്തിന് ഞങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യത്തിനകത്തും പുറത്തും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ജനാധിപത്യ ഭരണ സംവിധാനവും നിഷ്പക്ഷ ജുഡീഷ്യറിയും പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അത് കളമൊരുക്കും. അതേ സമയം നിരവധി കടുത്ത വെല്ലുവിളികൾ മുന്നിലുണ്ടെന്ന കാര്യവും ഞങ്ങൾ അവഗണിക്കുന്നില്ല. പിഴുതെറിയപ്പെട്ട ഫാഷിസ്റ്റ് ഭരണകൂടം ജുഡീഷ്യറിയിലും പോലീസിലും മുഴുവൻ പൊതു മേഖലാ സ്ഥാപനങ്ങളിലും സ്വന്തം ആൾക്കാരെ കുത്തിനിറച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ മാത്രമേ ഭരണ സംവിധാനത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനാവൂ. ജൂഡീഷ്യറിയെ എത്രയും പെട്ടെന്ന് എല്ലാ പൗരൻമാരോടും നീതി ചെയ്യുന്ന സംവിധാനമാക്കി മാറ്റിയെടുക്കുകയാണ് ആദ്യമായി ചെയ്യാനുള്ളത്. പോലീസിലും വലിയ അഴിച്ചു പണി നടക്കേണ്ടതുണ്ട്. പുതിയ ഭരണകൂടം ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.
ഹസീന വാജിദിനെതിരെയുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ബംഗ്ലാ ജമാഅത്തെ ഇസ്ലാമി പൂർണമായി നിരോധിക്കപ്പെടുന്നത്. ഇതിനെ പാർട്ടി എങ്ങനെയാണ് നേരിടുക?
ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയാണ്. ഭരണഘടനയിൽ പൂർണ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങളുടെ പ്രവർത്തനം. ഹസീന ഭരണസംവിധാനങ്ങൾ പിടിച്ചടക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളിലും ഭാഗഭാക്കായിട്ടുണ്ട്. എല്ലാ പാർലമെന്റ് സഭകളിലും ഞങ്ങൾക്ക് പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, തീർത്തും നിയമവിരുദ്ധമായാണ് ഹസീന ജമാഅത്തിനെ നിരോധിക്കുകയും പാർലമെന്റിലേക്ക് മത്സരിക്കുന്നത് തടയുകയും ചെയ്തത്. പക്ഷേ, ഹസീനയുടെ അടിച്ചമർത്തൽ ഞങ്ങളുടെ പ്രസ്ഥാനത്തെ കൂടുതൽ ജനകീയമാക്കി. പുതിയ ഭരണ സംവിധാനത്തിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതുവരെ നടന്ന ചർച്ചകളിലൊക്കെ ഞങ്ങളുടെ പ്രതിനിധികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായങ്ങൾ അവർ മുഖവിലക്കെടുക്കുന്നുമുണ്ട്. സൈനിക വൃത്തങ്ങളുമായും ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഹസീനയുടെ മുൻ തീരുമാനങ്ങൾ ഒന്നിനും വിലങ്ങുതടിയാവില്ലെന്ന് ഞങ്ങൾ കരുതുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഈ നിരോധത്തെ അംഗീകരിക്കുന്നുമില്ല. നിയമാനുസൃത രീതിയിൽ തന്നെയാണ് സംഘടന ഇന്നേവരെയും പ്രവർത്തിച്ചുപോന്നിട്ടുള്ളത്. വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
ഭരണം നിയമാനുസൃതമാക്കാൻ താൽക്കാലിക ഭരണ സംവിധാനത്തിന് എന്തൊക്കെയാണ് ചെയ്യാനുള്ളത്?
ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ ജുഡീഷ്യറിയിലും പോലീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ ഇതുവരെ ഏകാധിപത്യ ഭരണം നടത്തിയവരുടെ ആളുകളാണുള്ളത്. നിയമ വിരുദ്ധമായും വേണ്ടത്ര യോഗ്യതകളില്ലാതെയും കയറിപ്പറ്റിയ ഇത്തരക്കാരെ ഇടക്കാല ഭരണകൂടം തൽസ്ഥാനങ്ങളിൽനിന്ന് നീക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. തീർത്തും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ജുഡീഷ്യറിയെ അതിൽനിന്ന് മുക്തമാക്കണം. നീതിന്യായ സ്ഥാപനങ്ങൾ നിഷ്പക്ഷത പാലിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാവണം. പോലീസ് സംവിധാനവും പരിഷ്കരിക്കണം. പിന്നെ എത്രയും പെട്ടെന്ന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നാണ് ഞാൻ കരുതുന്നത്.
നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ ഭാവി പരിപാടികൾ എങ്ങനെയായിരിക്കും?
ഭരണഘടനാനുസൃതമായ രാഷ്ട്രീയ പ്രവർത്തനത്തിലാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു പോന്നിട്ടുള്ളതും അങ്ങനെ തന്നെയാണ്. ഈ നിയമാനുസൃത രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് ജമാഅത്തിനെ തടയാനാണ് ഹസീന ശ്രമിച്ചത്. ഇപ്പോൾ രാഷ്ട്രത്തിന്റെ ചുമതല ഏൽപ്പിക്കപ്പെട്ടവരുമായി ഞങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. അവർ ഞങ്ങളോട് അഭിപ്രായമാരായുന്നുണ്ട്. നിയമ വിരുദ്ധമായി ജമാഅത്തിനെ നിരോധിച്ച നടപടി പുതിയ ഭരണകൂടം എടുത്തു കളയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ക്രമസമാധാനം ഉറപ്പ് വരുത്താൻ ഇടക്കാല ഭരണകൂടത്തിന് എന്തൊക്കെയാണ് ചെയ്യാനുള്ളത്?
എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നിൽക്കുകയാണ് ഈ ഘട്ടത്തിൽ ഏറെ പ്രധാനമായിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, സാമൂഹിക പ്രസ്ഥാനങ്ങൾക്കും ഇതിൽ വലിയ റോൾ നിർവഹിക്കാനുണ്ട്. കുറച്ചു ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരാജകത്വമായിരുന്നു. ചിലയിടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇങ്ങനെ അക്രമമഴിച്ചു വിട്ടവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഭരണത്തിന്റെ സർവ മേഖലകളിലും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. പുതിയ ഭരണകൂടത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നാണിത്. വിവിധ വീക്ഷണങ്ങൾ പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തുറന്ന സംവാദത്തിനും അവസരമുണ്ടാവണം.
ഹസീന വാജിദിനെ കുറ്റവിചാരണ ചെയ്യണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നുണ്ടോ?
തീർച്ചയായും. പ്രക്ഷോഭ നാളുകളിൽ കൂട്ടക്കൊലപാതകങ്ങൾ നടക്കുകയുണ്ടായി. ഹസീനാ ഭരണത്തിന്റെ അവസാനത്തെ മുപ്പത്തിയാറ് ദിവസങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പോലീസിന്റെയും പട്ടാളത്തിന്റെയും ലക്കും ലഗാനുമിലാത്ത വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ധാരാളം പേരെ കാണാതായി. യു.എൻ ഹെലികോപ്ടറുകൾ വരെ പ്രക്ഷോഭം അടിച്ചമർത്താനായി ദുരുപയോഗം ചെയ്തു. അതിനാൽ, വിചാരണക്കായി ഹസീനയെ വിട്ടുനൽകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം. അതിനാൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹസീനയെ വിചാരണ ചെയ്യണം. ബംഗ്ലാദേശിന് ഈ കോടതിയിൽ അംഗത്വമുണ്ട്. l