ഇസ്ലാമിക പ്രവർത്തകർക്ക് ഊർജം പകരുന്ന മാതൃകാ ജീവിതമായിരുന്നു മലപ്പുറം തിരൂർ ചേന്നര സ്വദേശി കെ.വി അബൂബക്കർ എന്ന മാനുവിന്റേത്. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇസ്‍ലാമിക പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിച്ച പഴയ തലമുറയിലെ കണ്ണികളിലൊരാൾ കൂടിയാണ് അബൂബക്കർ സാഹിബിന്റെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ജൂലൈ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമമായ കൂട്ടായിയാണ് എന്റെ വന്ദ്യപിതാവുകൂടിയായ അബൂബക്കർ സാഹിബിന്റെ ജന്മദേശം. 1950-കളിൽ, സമീപപ്രദേശമായ ചേന്നരയിലെ പ്രസ്ഥാന പ്രവർത്തകരിൽനിന്നാണ് ജമാഅത്തെ ഇസ്‍ലാമിയെ അടുത്തറിയുന്നത്. തുടർന്ന് കൂട്ടായി പ്രദേശത്ത് പ്രസ്ഥാനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്, കൂട്ടായി നോർത്ത് എൽ.പി സ്കൂളിൽ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഒരു ക്ലാസ് സംഘടിപ്പിച്ചു. നാലഞ്ചു പേർ ആ യോഗത്തിൽ പങ്കെടുത്തു. ഉപ്പയെ കൂടാതെ ടി.സി ഇബ്റാഹീം കുട്ടി, പി. മൊയ്തീൻ, കെ.പി ബാവ എന്നിവർ ചേർന്ന് ആ യോഗത്തിൽ വെച്ച് ഒരു അനുഭാവിവൃത്തത്തിന് രൂപം നൽകി. അടിയന്തരാവസ്ഥക്കാലത്ത് ബോംബെയിൽ അറസ്റ്റ് വരിച്ച ജമാഅത്ത് അംഗമായ അബ്ദുൽ അസീസ് സാഹിബ് നാട്ടിലെത്തിയതോടെ പ്രവർത്തനങ്ങൾ സജീവമായി. പിന്നീട് ഉപ്പയും കുറച്ച് സുഹൃത്തുക്കളും ചേർന്ന് ഇസ്‍ലാമിക് കൾച്ചറൽ സൊസൈറ്റി എന്ന സാംസ്കാരിക സംഘത്തിന് രൂപം നൽകി. പിൽക്കാലത്ത് കൂട്ടായി ഖാദിയായി മാറിയ അബ്ദുല്ല കുട്ടി ഹാജി ഉൾപ്പെടെയുള്ള കുറേ പേർ അതുമായി സഹകരിച്ചിരുന്നു.
കച്ചവടാവശ്യാർഥം പലയിടത്തും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒടുവിൽ ബോംബെയിലാണ് വേരുറച്ചത്. ബോംബെ മലയാളി ഹൽഖാ നാസിമായിരുന്നിട്ടുണ്ട്.കേരളത്തിൽനിന്നുള്ള ജമാഅത്ത് നേതാക്കളും പ്രവർത്തകരും വിദേശ യാത്രക്കും ഹജ്ജ് യാത്രയ്ക്കും മറ്റുമായി ബോംബെയിലെത്തുമ്പോൾ ഇടത്താവളമായി ഉപയോഗിച്ചിരുന്നത് ബോംബെ മലയാളി ഹൽഖ ഓഫീസായിരുന്നു. അങ്ങനെ പ്രസ്ഥാന നേതാക്കളുമായും പ്രവർത്തകരുമായും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാനായി. അക്കാലത്ത് ബോംബെയിൽ ജോലി ചെയ്തിരുന്ന പലരും ഉപ്പയുടെ ശ്രമഫലമായി ഇസ്‍ലാമിക പ്രവർത്തകരായി മാറിയിട്ടുണ്ട്. അവരുമായുള്ള സ്നേഹബന്ധങ്ങൾ മരണം വരെ തുടർന്നുപോന്നു. ബാബരി മസ്ജിദ് തകർച്ചയെത്തുടർന്ന് ബോംബെയിൽ നടന്ന വർഗീയ കലാപം ജീവിതം പ്രയാസകരമാക്കിയപ്പോൾ തിരിച്ചുപോന്ന ആയിരക്കണക്കിന് മലയാളികളിലൊരാളായി ഉപ്പയും നാടണഞ്ഞു.
നാട്ടിൽ ചെറിയ കച്ചവടം തുടങ്ങിയ ഉപ്പക്ക് കച്ചവടത്തെക്കാൾ ശ്രദ്ധ പ്രാസ്ഥാനിക പ്രവർത്തനങ്ങളിലായിരുന്നു. പ്രാസ്ഥാനിക പരിപാടികളുള്ളപ്പോൾ കട അടഞ്ഞുകിടക്കും. നാട്ടിലെ മദ്റസാ അധ്യാപകനായും പള്ളിയിലെ ഇമാമായും കുറച്ചു കാലം സേവനമനുഷ്ഠിച്ചു. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ദഅ് വാ സ്ഥാപനമായ അഡൾട്ട് എജുക്കേഷൻ സെന്റർ മാനേജറായും സേവനം ചെയ്തു.
1999-ൽ മന്നം ഇസ്‍ലാമിയാ കോളേജിന്റെ ഓഫീസ് മാനേജറായി ഉപ്പ ചുമതലയേൽക്കുമ്പോൾ 68 വയസ്സുണ്ടായിരുന്നെങ്കിലും യുവാവിന്റെ പ്രസരിപ്പോടെയാണ് ആ ജോലികൾ ചെയ്തിരുന്നത്. കേരളത്തിന്റെ വിവിധ കോണുകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നെത്തി ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തിയിരുന്ന അനാഥകളും അഗതികളും ആയ പെൺകുട്ടികളായിരുന്നു ആ കലാലയത്തിലെ പഠിതാക്കൾ. പിതൃനിർവിശേഷമായ വാത്സല്യത്തോടെ ആ കുട്ടികളെ കരുതിപ്പോന്ന വാർഡൻ കൂടിയായിരുന്ന ഉപ്പയെ അവർ ‘മാനേജർ’ എന്നതിനെ ചുരുക്കി ‘മാനു’ എന്ന് സ്നേഹത്തോടെ വിളിച്ചു. ഒന്നര പതിറ്റാണ്ടിലേറെ മന്ദം വനിതാ ഇസ്‍ലാമിയാ കോളേജിന് രാവും പകലും കണ്ണും കരുതലുമായി.
ഏതാനും വർഷം മുമ്പ് വിശ്രമത്തിനായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും കർമനിരതമായിരുന്നു പിന്നീടും ആ ജീവിതം. ഉപ്പുവെള്ളം കയറിയ വയലോരത്ത് കൊത്തിക്കിളച്ച് പച്ചക്കറിയുണ്ടാക്കി. പ്രായത്തിന്റെ അവശതകൾ വകവെക്കാതെ മണ്ണിൽ പണിയെടുക്കുന്നതായിരുന്നു അവസാന കാലങ്ങളിൽ ഉപ്പക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി.
ഭാര്യ: സി.പി ഖദീജ. മക്കൾ: നൂറുദ്ദീൻ, ബാവ ചേന്നര, ഇഖ്ബാൽ ചേന്നര, സ്വാലിഹ് കെ.വി.
നൂറുദ്ദീൻ ചേന്നര
ആർ.പി അഹ്മദ് കുട്ടി ഹാജി
മനുഷ്യർക്ക് ചെറു നന്മയെങ്കിലും ചെയ്യാൻ ലഭിക്കുന്ന ഒരവസരവും വിട്ടുകളയരുതെന്ന് സ്വജീവിതംകൊണ്ട് എഴുതിവെച്ച് പൂനൂർ ആർ.പി അഹ്മദ് കുട്ടി ഹാജി വിടവാങ്ങി. പ്ലാന്ററും വ്യവസായിയും, ഒപ്പം നാട്ടിലെ ഇസ്ലാമിക ഉണർവുകളിൽ ഭാഗഭാക്കാവുകയും ചെയ്ത ദീനീ ബന്ധുകൂടിയായിരുന്നു 97-ാം വയസ്സിൽ വിടവാങ്ങിയ ആർ.പി.
മലബാറിലെ പ്രമുഖ പ്ലാന്റർമാരിലെരാളായ കോഴിക്കോട് പൂനൂരിലെ ആർ. മരക്കാർ ഹാജിയുെട മൂന്നാമത്തെ മകനായി, വലിയ തറവാട്ടിൽ ജനിച്ച ആർ.പി അഹ്മദ് കുട്ടി ഹാജി നന്മയുടെ വഴിയിൽ നാട്ടിലെ ഇസ്ലാമിക കൂട്ടായ്മകളുടെയെല്ലാം ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെ നിരവധി ഇസ്ലാമിക സ്ഥാപനങ്ങളുടെയും പള്ളികളുടെയും നേതൃത്വം വഹിച്ചിരുന്ന ആർ.പി, ഒരേസമയം സമസ്ത, മുജാഹിദ് പ്രസ്ഥാനങ്ങൾക്കു കീഴിലെ സ്ഥാപനങ്ങളുടെ രക്ഷാകർതൃ പദവി ഏറ്റെടുത്ത അപൂർവ മാതൃക കൂടി ആയിരുന്നു.
സംഘടനകളുടെ കള്ളികളിലല്ലാതെ, മുസ്ലിം സമുദായത്തെ ഒന്നായി കണ്ട അദ്ദേഹം ജീർണതകളെ ശക്തിയായി എതിർക്കാൻ മടിച്ചില്ല. മുസ്ലിം സംഘടനാ നേതാക്കളുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. പോരായ്മകൾ വെട്ടിത്തുറന്ന് പറയും. പ്രസ്ഥാന സംരംഭങ്ങളെ പല അടിയന്തര ഘട്ടങ്ങളിലും സാമ്പത്തികമായി അദ്ദേഹം പിന്തുണച്ചു. മറക്കാൻ പറ്റാത്ത പല അനുഭവങ്ങളും പഴയ കാല പ്രവർത്തകരിൽനിന്ന് ഈയുള്ളവൻ കേൾക്കാൻ ഇടയായിട്ടുണ്ട്. പ്രകൃതി ദുരന്തത്തിനും കലാപങ്ങൾക്കും ഇരയായവർക്ക് സഹായം നൽകാൻ പ്രസ്ഥാന നേതൃത്വം പത്ര മാധ്യമങ്ങളിൽ അഭ്യർഥന പ്രസിദ്ധീകരിച്ചാൽ, ഇങ്ങോട്ടു വിളിച്ച് തന്റെ വിഹിതം ഏൽപ്പിക്കുന്നത് ആർ.പിയുടെ പതിവായിരുന്നു.
മുജാഹിദ് ആശയക്കാരനായിരുന്നു ആർ.പി. എന്നാൽ, ഒരു ഇസ്ലാമിക കൂട്ടായ്മയോടും അദ്ദേഹം അകലം പുലർത്തിയില്ല. നല്ലൊരു വായനക്കാരനായിരുന്ന അദ്ദേഹത്തെ വീട്ടിൽ കാണാൻ പോയാൽ പലപ്പോഴും പുതിയ ലക്കം ‘പ്രബോധന’ത്തിലെ ലേഖനങ്ങളെ കുറിച്ചായിരിക്കും ആദ്യ സംസാരം. നമ്മളത് വായിച്ചിട്ടില്ലെങ്കിൽ ‘നിങ്ങളെന്ത് പ്രസ്ഥാനക്കാരാണ്, നിങ്ങളല്ലേ ആദ്യം വായിക്കേണ്ടത്’ എന്നു ചോദിക്കും. അടുത്ത കാലത്ത് കേരള മുസ്ലിംകളിലുണ്ടായ സാമൂഹിക, വിദ്യാഭ്യാസ ഉണർവിൽ അതീവ സന്തുഷ്ടനായിരുന്നു.
നാട്ടിലുള്ള എല്ലാ റിലീഫ് പ്രസ്ഥാനങ്ങളെയും അകമഴിഞ്ഞ് സഹായിച്ചു. തന്റേതായ സ്വകാര്യ നെറ്റ് വർക്കിലൂടെ അന്വേഷണം നടത്തി അർഹരായവരെ കണ്ടെത്തി അവർ പോലും അറിയാതെ അവരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം എത്തിക്കുന്ന ഉദാത്തമായ ശൈലിയും സ്വീകരിച്ചിരുന്നു. എം.ഇ.എസ്, എം.എസ്.എസ് ലൈഫ് മെമ്പറായിരുന്ന ആർ.പി, ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന തന്റെ കുടുംബത്തിെന്റ നേതൃത്വത്തിലുള്ള ജെ.ടി.ഐ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായിരുന്നു. ദീർഘ കാലം ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
പ്രശ്നങ്ങൾക്ക് പരിഹാരം തേടി അദ്ദേഹത്തിന്റെ വീട്ടിൽ വരുന്നവർ ധാരാളമുണ്ടാകും. അദ്ദേഹത്തിന്റെ പിതാവ് ആർ. മരക്കാർ ഹാജിയും പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്നു. തന്റെ അടുത്ത് വരുന്ന ആവലാതികളിൽ വിഷമകരവും കുഴപ്പം പിടിച്ചതുമായുള്ള വിഷയങ്ങൾ പരിഹരിക്കാൻ മൂന്നാമത്തെ പുത്രനായ അഹ്മദ് കുട്ടിയെയാണ് അദ്ദേഹം ഏൽപിക്കുക. ദാനധർമം മുടക്കരുതെന്നും കഴിയാവുന്നത്ര അത് ആളുകൾ അറിയാതെ ചെയ്യണമെന്നും അദ്ദേഹം മക്കളോട് പറയുമായിരുന്നു. കഴിഞ്ഞ റമദാൻ മാസത്തിൽ പതിവായി നൽകിവരാറുള്ള റിലീഫ് സംഖ്യ കവറിലാക്കി ലിസ്റ്റ് മക്കളെ ഏൽപിച്ചിരുന്നു. ഞങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിക്ക് ആർ.പി നൽകാറുള്ള വിഹിതവും ഇത്തവണ അദ്ദേഹത്തിന്റെ മക്കൾ വഴിയാണ് എത്തിയത്. സുബൈദ, സഹറ, സഈദ, സാറ, സോഫിയ എന്നിങ്ങനെ അഞ്ച് പെൺമക്കളാണ്. ഭാര്യ: കുഞ്ഞുകദീജ.
എം.എ യൂസുഫ് താമരശ്ശേരി