ഇസ്ലാമിന്റെ ആശയാദർശങ്ങൾ കൈവിടാതെ ഒരു മഹല്ലിനെ മാതൃകാ മഹല്ലാക്കുക, ഏഴു പതിറ്റാണ്ട് അതിനെ അന്യൂനം നയിക്കുക, വിടവാങ്ങാൻ സമയമായെന്ന് സ്വയം ബോധ്യമായപ്പോൾ മഹല്ല് വാസികളെ മുഴുവൻ വിളിച്ചുകൂട്ടി ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്യുക, എല്ലാവരെയും കൺകുളിർക്കെ കണ്ട സന്തോഷത്തിൽ അഞ്ചാംനാൾ അല്ലാഹുവിലേക്ക് യാത്രയാവുക - അതാണ് അടുത്തിടെ നിര്യാതനായ പാലേരി പാറക്കടവ് മഹല്ല് ജമാഅത്ത് മുതവല്ലി കാവിൽ ഇബ്രാഹീം ഹാജി. ഒരു വടവൃക്ഷം പോലെ മഹല്ലിന് തണലും സാന്ത്വനവുമായി അദ്ദേഹം നൂറ് വയസ്സുവരെ ജീവിച്ചു. പിതൃതുല്യനായി പരിഗണിച്ച നാട്ടുകാർ, ജാതി-മത ഭേദമന്യേ അദ്ദേഹത്തെ എളാപ്പ എന്നു വിളിച്ചു.
രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ പാറക്കടവ് മഹല്ല് മസ്ജിദിൽ മലയാളം ഖുത്വ്്ബ, സ്ത്രീ പള്ളിപ്രവേശം, യാചനയില്ലാത്ത മഹല്ല് സംവിധാനം എന്നിവ നടപ്പാക്കി. ഫിത്വ്്ർ സകാത്ത്, സകാത്ത്, ഉദുഹിയ്യത്ത് എന്നിവ സംഘടിതമായി സംഭരിച്ച് വിതരണം ചെയ്തു. താൻ മുതവല്ലി സ്ഥാനത്ത് ഉണ്ടായിരിക്കെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്ത് കമ്മിറ്റിയെ അദ്ദേഹം മഹല്ല് ഭരണം ഏൽപ്പിച്ചു. മകൻ എ.കെ അഹ്മദ് പ്രസിഡന്റായുള്ള കമ്മിറ്റി കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും പിന്തുണ നൽകി. മരണം വരെ ഭിന്നിപ്പില്ലാതെ മഹല്ലിനെ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അനാചാരങ്ങൾക്കോ അന്ധവിശ്വാസങ്ങൾക്കോ അത്യാചാരങ്ങൾക്കോ മഹല്ലിൽ കടന്നുവരാൻ അവസരം നൽകിയില്ല. പരിസരത്തെ മറ്റു മഹല്ലുകളുമായി ഐക്യവും സഹവർത്തിത്വവും നിലനിർത്തി. കേന്ദ്ര മഹല്ല് എന്ന നിലയിൽ പരിസര മഹല്ലുകളെ ഒന്നിപ്പിച്ചു നിർത്തി. ക്ഷേത്രോൽസവങ്ങളിൽ മഹല്ലിന്റെ പ്രാതിനിധ്യം അറിയിച്ചും പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സഹോദര സമുദായക്കാരെ പള്ളിയിലേക്ക് ക്ഷണിച്ചും മഹല്ല് പരിധിയിൽ മതസൗഹാർദം നിലനിർത്തി. പൊതു പ്രശ്നങ്ങളിൽ സഹോദര സമുദായക്കാരെയും മഹല്ലിനൊപ്പം നിർത്താൻ കഴിഞ്ഞു. പൗരത്വ നിയമ പ്രക്ഷോഭ കാലത്തും, ഫലസ്ത്വീൻ പ്രശ്നത്തിലും അത് തുടർന്നു. വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ നീതിക്കും ന്യായത്തിനും മുൻതൂക്കം നൽകി പരിഹരിച്ചു. വിവാഹ മോചനത്തിന്റെ വക്കോളമെത്തിയ എത്രയോ ദാമ്പത്യപ്രശ്നങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിച്ചു. പരിസര മഹല്ലുകളിൽ പോലും പോയി പ്രശ്നങ്ങൾ പറഞ്ഞുതീർത്തു.
ആളുകളുടെ ആവലാതികളും പ്രാരബ്ധങ്ങളും കേൾക്കാനായി മലർക്കെ തുറന്നിട്ടതായിരുന്നു അദ്ദേഹത്തിന്റെ ആശാരിക്കണ്ടി വീട്. ആവശ്യക്കാർക്കു വേണ്ടി നിറച്ചുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ അരപ്പട്ട. മരിക്കുന്നതിന്റെ തലേന്നാൾ വരെ ആവശ്യക്കാരെ കൈയയച്ച് സഹായിച്ചു. ഉത്തമനായ പ്രസ്ഥാന പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിച്ചു. പ്രസ്ഥാന പരിപാടികളിലും ഹൽഖാ യോഗങ്ങളിലും മുടങ്ങാതെ പങ്കെടുക്കുക മാത്രമല്ല സുഹൃത്തുക്കളെയും യുവാക്കളെയും ക്ഷണിച്ച് ഒപ്പംകൂട്ടുകയും ചെയ്യുമായിരുന്നു. പ്രമുഖ കർഷകനും വ്യാപാരിയുമായിരുന്നു.
ജ്യേഷ്ഠൻ വാര്യംമഠത്തിൽ മൊയ്തീനായിരുന്നു ഇബ്രാഹീം ഹാജിക്ക് മുമ്പ് മുതവല്ലി സ്ഥാനത്തുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം മറ്റൊരു ജ്യേഷ്ഠൻ കാവിൽ മമ്മി മുതവല്ലിയായി. എന്നാൽ, അസുഖവും മറ്റു കാരണങ്ങളാലും മുതവല്ലി സ്ഥാനം അനുജൻ ഇബ്രാഹീമിനെ ഏൽപ്പിച്ചു. തുടർന്നാണ് മഹല്ലിൽ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇളയ സഹോദരൻ കാവിൽ സൂപ്പി ഹാജി പിന്തുണയും സഹകരണവുമായി കൂട്ടുനിന്നു. നോമ്പ്, ജുമുഅ, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിലല്ലാതെ അന്ന് ആളുകൾ അധികവും പളളിയിൽ നമസ്കാരത്തിന് വരുമായിരുന്നില്ല. ഇബ്രാഹീം ഹാജി, തന്റെ വലംകൈയായ എം. അമ്മദ് മാസ്റ്ററുമൊത്ത് വീടുകൾ കയറി ആളുകളെ പള്ളിയിലേക്ക് ക്ഷണിച്ചു. തുടർന്ന് വിപ്ലവകരമായ മാറ്റമുണ്ടായി. പള്ളിയുടെ പ്രവർത്തനങ്ങൾക്കുള്ള വരിസംഖ്യ പിരിക്കാനും ഇബ്രാഹീം ഹാജിയുടെയും അമ്മദ് മാഷുടെയും നേതൃത്വത്തിൽ വീടുകൾ കയറി. മഹല്ലിൽ നവോത്ഥാന സംരംഭങ്ങൾക്ക് പിന്തുണയുമായി പലരും രംഗത്തുവന്നു.
ചെറിയ കുമ്പളം, തോട്ടത്താട്ടണ്ടി എന്നീ പ്രദേശങ്ങൾ കൂടി ചേർന്നതായിരുന്നു ആദ്യകാലത്ത് പാറക്കടവ് മഹല്ല്. ടി.കെ അബ്ദുല്ല സാഹിബ്, കെ.എൻ അബ്ദുല്ല മൗലവി, ഇ.ജെ കുഞ്ഞബ്ദുല്ല ഹാജി, സാഹിത്യകാരൻ ഇ.വി അബ്ദു തുടങ്ങിയവരുടെ വരവോടെ മഹല്ലിനെ മാതൃകാ മഹല്ലാക്കാനുള്ള യജ്ഞങ്ങൾക്ക് ഗതിവേഗം ലഭിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ സാരഥി ഹാജി വി.പി മുഹമ്മദലി, കെ.സി അബ്ദുല്ല മൗലവി, കെ.മൊയ്തു മൗലവി, എം. അബ്ദുല്ലക്കുട്ടി മൗലവി, പ്രഫ. കെ.എ സിദ്ദീഖ് ഹസൻ തുടങ്ങിയവർ ഇബ്രാഹീം ഹാജിയുടെ മാർഗ ദർശികളായിരുന്നു. കുറ്റ്യാടി മണപ്പുറത്ത് ആദ്യമായി സംഘടിപ്പിച്ച ഈദ് ഗാഹ് ചരിത്രസംഭവമായിരുന്നെന്ന് പഴയ തലമുറക്കാർ ഒാർക്കുന്നു. കുറ്റ്യാടി, അടുക്കത്ത് പ്രദേശത്തുകാരും അതിൽ അണിനിരന്നു.
മനുഷ്യരുടെ ജീവൽ പ്രശ്നങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തുന്ന ഒരു മഹല്ലിനെ രൂപപ്പെടുത്തിയെടുത്തു എന്ന ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം വിടപറഞ്ഞത്.
പി. അബ്ദുർറസാഖ് പാലേരി
സി.കെ യൂസുഫ്
മൂവാറ്റുപുഴ ഏരിയയിലെ പെരുമറ്റം ഹല്‍ഖ നാസിമായിരുന്ന സി.കെ യൂസുഫ് സാഹിബ് (77) ഒക്ടോബര്‍ 3-ന് അല്ലാഹുവിലേക്ക് യാത്രയായി. പ്രസ്ഥാനത്തെ പൂര്‍ണാര്‍ഥത്തില്‍ നെഞ്ചേറ്റിയ ഒരു സാദാ പ്രവര്‍ത്തകന്‍. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും ചേര്‍ത്തുനിര്‍ത്തുകയും, തെറ്റു കണ്ടാല്‍ ശാസിക്കുകയും, മുഖത്തു നോക്കി പറയുകയും ചെയ്യുമായിരുന്നു. 2001-ല്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ വന്നതിനു ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും അടുത്തറിയുന്നതും. അദ്ദേഹത്തിന്റെ വീടിനടുത്തേക്ക് താമസം മാറിയതോടുകൂടി പിന്നീടങ്ങോട്ട് കുടുംബബന്ധം പോലെ അഗാധമായി.
ഹല്‍ഖ - സ്റ്റഡിസെന്റർ യോഗങ്ങളിൽ നേരത്തെ എത്തുകയും, വരാത്തവരെ ഫോണില്‍ വിളിക്കുകയും ചെയ്യുമായിരുന്നു. ഒരു വിധവക്കുള്ള ഭവന നിർമാണസഹായം ഒരു ലക്ഷം രൂപ പലരില്‍നിന്നും ശേഖരിച്ച് ഞങ്ങളെ ഏല്പിച്ചിട്ടാണ് അദ്ദേഹം യാത്രയായത്.
1997-ല്‍ എം.ഐ.ഇ ട്രസ്റ്റില്‍ അംഗമായ യൂസുഫ് സാഹിബ് മരണം വരെ സ്ഥാപനത്തിന്റെ സഹകാരിയായും ഗുണാംക്ഷിയായും പ്രവര്‍ത്തിച്ചു. തന്റെ വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി സ്ഥാപനത്തിലേക്ക് സഹായങ്ങള്‍ ചെയ്യിച്ചു. കല്യാണ വീടുകളിൽ എത്തുമ്പോള്‍ കല്യാണത്തിന്റെ വകയായി സ്ഥാപനത്തിലെ കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന് വീട്ടുകാരോട് പറയുമായിരുന്നു. പ്രബോധനം ഏജന്റ് കൂടിയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയിലെ പ്രശസ്തമായ വീനസ് ഗ്രൂപ്പ് അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരന്റേതാണ്. ഭാര്യ മറിയം ബീവി മൂവാറ്റുപുഴയിലെ പി.എം.ടി കുടുംബാംഗമാണ്. മകന്‍ ഇബ്രാഹീം കുട്ടി, മരുമകള്‍ ശിബിന.
സുധീര്‍ പെരുമറ്റം
ജി. മുഹമ്മദ് ഷരീഫ്
തിരുവനന്തപുരം നെടുമങ്ങാട് ഏരിയയിലെ കാച്ചാണി കാര്‍കുന്‍ ഹല്‍ഖയിലെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു നമ്മോട് വിടപറഞ്ഞ വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സ്വദേശി ജി. മുഹമ്മദ് ഷരീഫ് സാഹിബ്. മലര്‍വാടി ബാലസംഘത്തിന്റെ ഏരിയാ കോര്‍ഡിനേറ്ററായിരുന്നു. ഏല്‍പ്പിക്കുന്ന ഏത് ജോലിയും വളരെ ഉത്തരവാദിത്വത്തോടെയും ആത്മാർഥതയോടെയും നിര്‍വഹിച്ചിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ചിട്ടും പകരക്കാരന്‍ ജോലിക്ക് ഹാജരാകുന്നതു വരെ അദ്ദേഹം കരാര്‍ അടിസ്ഥാനത്തില്‍ അതേ ഓഫീസില്‍ സേവനമനുഷ്ഠിച്ച് മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിച്ചു.
തിരുവനന്തപുരം റൂറല്‍ ഡെവലപ്പ്‌മെന്റ് വകുപ്പില്‍ ജീവനക്കാരനായി ജോലിയിലിരിക്കുമ്പോള്‍, പാളയം പള്ളിയുമായി ബന്ധപ്പെട്ട് നന്തന്‍കോട് രണ്ടാം വാര്‍ഡിനെ പ്രതിനിധീകരിച്ച് പല തവണ പരിപാലന കമ്മിറ്റിയില്‍ അംഗമായും വിവിധ സബ് കമ്മിറ്റികളില്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. മഹല്ല് വാര്‍ഡിലെ അംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നതിനാല്‍ പാളയം പള്ളി പരിപാലന കമ്മിറ്റിയിലെ അംഗങ്ങളില്‍ പലപ്പോഴും കൂടുതല്‍ ഭൂരിപക്ഷം നേടുക ഷരീഫ് സാഹിബ് ആയിരിക്കും.
തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ വട്ടിയൂര്‍ക്കാവില്‍ ഒരു ഹല്‍ഖ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്വന്തം വീട്ടില്‍ തന്നെ അതിന് അദ്ദേഹം സൗകര്യമൊരുക്കി. മകനെയും മകളെയും പ്രസ്ഥാനത്തിലടുപ്പിക്കാന്‍ ഷരീഫ് സാഹിബ് തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു.
പാര്‍ക്കിന്‍സന്‍സ് ബാധിതയായ ഭാര്യക്ക് സ്ഥിര പരിചരണം ആവശ്യമായി വന്നപ്പോള്‍ തൊട്ടടുത്തുള്ള കാച്ചാണി ഹല്‍ഖയിലേക്ക് മാറി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്.
ഡോ. എസ്. സുലൈമാന്‍ നെടുമങ്ങാട്
കെ.പി മുഹമ്മദ് മാസ്റ്റര്‍
പരപ്പന്‍പൊയില്‍ പ്രാദേശിക ജമാഅത്തിലെ കെ.പി മുഹമ്മദ് മാസ്റ്റര്‍ മര്‍ഹബ (71) അല്ലാഹുവിലേക്ക് യാത്രയായി. അരീക്കോട് സുല്ലമുസ്സലാമില്‍നിന്ന് ബിരുദം നേടിയ ശേഷം പല സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
പരപ്പന്‍പൊയില്‍ മസ്ജിദുല്‍ ഹുദായുടെ പരിപാലനത്തില്‍ പ്രധാന പങ്ക് വഹിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് നേരത്തെ പള്ളിയിലെത്തി ആരാധനകളിലും പ്രാര്‍ഥനകളിലും മുഴുകും. റമദാനില്‍ മിക്കവാറും പള്ളിയില്‍ തന്നെ താമസിക്കും. ഇഅ്തികാഫ്, നോമ്പുതുറ, ഫിത്വ് ര്‍ സകാത്ത് സംയുക്തമായി ശേഖരിക്കല്‍, അര്‍ഹര്‍ക്ക് എത്തിച്ചു നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും.
ചെറിയ സംരംഭങ്ങളിലൂടെ പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കിയിരുന്നു. പ്രളയകാലത്ത് പീപ്പ്ള്‍സ് ഫൗണ്ടേഷന് രണ്ട് വീട് വെക്കാന്‍ സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.
ഭാര്യ: സൈനബ (റിട്ട. അധ്യാപിക). മക്കള്‍: നജ്മൽ ഹഖ്, ഫസ് ലുര്‍റഹ് മാന്‍, ഫസീല. മരുമക്കള്‍: അന്‍സാര്‍ പിലാതോട്ടം, ജിഷാന കരുമല.
അബ്ദുര്‍റഹ് മാന്‍ കുന്നുമ്മല്‍
സൽമ ഉമ്മ ആലത്തൂർ
ആലത്തൂർ കോർട്ട് റോഡിൽ ജമാഅത്തെ ഇസ്്ലാമി ആദ്യകാല പ്രവർത്തകൻ പരേതനായ ഹൈദർ സാഹിബിന്റെ ഭാര്യ സൽമ ഉമ്മ (87) അല്ലാഹുവിലേക്ക് യാത്രയായി. 'ജമാഅത്തെ ഇസ്്ലാമി പ്രതിനിധാനത്തിന്റെ ഏഴര പതിറ്റാണ്ട്' പരിപാടി സംഘടിപ്പിച്ചപ്പോൾ വനിതകളുടെ കൂട്ടത്തിൽ ഉമ്മയെയും ജമാഅത്ത് വനിതാ വിഭാഗം ആദരിക്കുകയുണ്ടായി.
ബീഡി തിരപ്പിനിടയിൽ പ്രസ്ഥാന പ്രവർത്തനവുമായി ഹൈദർ സാഹിബ് ഓടിനടന്നപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഉമ്മ നന്നേ പാടുപെടേണ്ടിവന്നു. മക്കളെ ഇസ്്ലാമിക ചിട്ടയോടെ വളർത്തണമെന്ന അദ്ദേഹത്തിന്റെ വസ്വിയ്യത്ത് ഉമ്മ മുറുകെപിടിച്ചു. 10 മക്കളും 37 പേരക്കിടാങ്ങളും അവരുടെ പാപമോചനത്തിനും സ്വർഗപ്രാപ്തിക്കായും സദാ ദുആ ചെയ്യുന്നു.
മക്കൾ: അബ്ദുൽ കരീം, (കാഷ്യർ, കോർട്ട് റോഡ് ഹൽഖ & ഫായിസ് അക്കാദമി ), നൂർജഹാൻ, ആസിയ, അബ്ദുർറഹ്്മാൻ (ടൗൺ പി.ജെ സെക്രട്ടറി, ആലത്തൂർ), ജമീല, സഹീദ് റംസാൻ (കാഷ്യർ സവാബ് നഗർ), അബ്ദുൽ അസീസ് (വൊക്കേഷണൽ ഹയർ സെക്കന്ററി, അലനല്ലൂർ), അഷ്റഫ് (ഖത്തർ), സഫിയ, അബ്ദുൽ ഹകീം (അമേരിക്കൻ ഹോസ്പിറ്റൽ, ദോഹ).
അബ്ദുർറഹ്്മാൻ ഹൈദർ