അനുസ്മരണം

പാണ്ഡിത്യത്തിലും മതാധ്യാപനത്തിലും പ്രാഗത്ഭ്യം കാഴ്ചവെച്ച പട്ടിക്കാട് കാരാട്ട്‌തൊടി തറവാട്ടിലെ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകനും റിട്ട. അധ്യാപകനുമായ കെ.ടി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (77) വിടപറഞ്ഞു. അറബി ഭാഷാ പണ്ഡിതനും ദീനീ സംരംഭങ്ങളില്‍ വലിയ സഹകാരിയുമായിരുന്നു. ശാന്തപുരം ഇസ് ലാമിയാ കോളേജിലായിരുന്നു ദീനീ പഠനം. പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലും തേലക്കാട് സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട അദ്ദേഹം ശുദ്ധമായ ഭാഷാ ശൈലിയുടെയും സംസാര രീതിയുടെയും ഉടമയായിരുന്നു. കവിതാ രചനയിലും തല്‍പരനായിരുന്നു. തിരൂര്‍ക്കാട് ഇലാഹിയ്യഃ കോളേജിലും സുഊദി അറേബ്യയില്‍ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്.

കെ.ടി അബ്ദുൽ ഹമീദ് മാസ്റ്റർ

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഡി.പി.ഇ.പി, എസ്.എസ്.എ, ക്യു.ഐ.പി തുടങ്ങിയ സംവിധാനങ്ങളില്‍ സംഭാവനകളര്‍പ്പിച്ചു. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെക്കുറിച്ച് തന്റേതായ അഭിപ്രായങ്ങള്‍ ക്ലസ്റ്റര്‍ മീറ്റിംഗുകളിലും അധ്യാപക കൂട്ടായ്മകളിലും നിര്‍ഭയം തുറന്നു പറഞ്ഞിരുന്നു. പ്രവര്‍ത്തനാധിഷ്ഠിത അധ്യയന രീതികള്‍ ക്ലാസില്‍ അവതരിപ്പിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു. പെരിന്തല്‍മണ്ണയില്‍ ട്രാന്‍സലേഷന്‍ സെന്ററും നടത്തിയിരുന്നു. പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു.

ഭാര്യ: പട്ടിക്കാട് പാറക്കോട് മൊയ്തീന്‍ മാസ്റ്ററുടെ മകള്‍ സുബൈദ. മക്കള്‍: അസ് ലം അല്‍ ലബീബ് എന്ന ബാബു (യു.എ.ഇ), ഇബ്‌നുല്‍ വഫ (ഇലക്ട്രോ ഗ്രൂപ്പ്, തിരൂര്‍), അബിജ് അല്‍ഖമര്‍ (ഐ.എസ്.എ ഗ്രൂപ്പ്, പന്തല്ലൂര്‍), അബുറജ (ഇലക്ട്രോ, മണ്ണാര്‍ക്കാട്), ഫുആദ് അല്‍സാക്കി (യു.എ.ഇ), ബിന്‍തുല്‍ ഹുസ് ന്‍ (തിരൂര്‍ക്കാട്), ജുമാന ശാന്തപുരം, മാജിദ മലപ്പുറം.

പി.എ.എം അബ്ദുൽ ‍ഖാദര്‍ തിരൂര്‍ക്കാട്‌

ഫാത്തിമ പൂക്കോയ തങ്ങൾ


ഇസ്്ലാമിക പ്രസ്ഥാന മാർഗത്തിൽ ഏറെ ത്യാഗങ്ങൾ സഹിച്ച് വിടപറഞ്ഞുപോയ മർഹൂം ദേവതിയാൽ തങ്ങൾ എന്ന എൻ.കെ.എം പൂക്കോയ തങ്ങളുടെ പത്നി ഫാത്തിമ പൂക്കോയ തങ്ങൾ (പുത്തൂർ പള്ളിക്കൽ) അല്ലാഹുവിലേക്ക് യാത്രയായി. ദേവതിയാൽ തങ്ങളുടെ പ്രസ്ഥാന ജീവിതത്തിന് താങ്ങായി വർത്തിച്ച അവർ, അദ്ദേഹം അനുവർത്തിച്ചു പോന്ന പല മാതൃകകളും ജീവിതത്തിൽ പകർത്തിയാണ് കടന്നുപോയത്.

ഫാത്തിമ പൂക്കോയ തങ്ങൾ

പുത്തൂർ പള്ളിക്കലിൽ അവരുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം ആളുകളെക്കൊണ്ടുള്ള ബഹളമായിരിക്കും അവിടെ. അതിൽ ജാതി-മത ഭേദമന്യേ എല്ലാവരും ഉണ്ടാവും. ആർക്കും എപ്പോഴും കേറിവരാവുന്ന ഒരു വീട്… പലർക്കും അതൊരു അത്താണിയായിരുന്നു. നാട്ടുകാരുടെയെല്ലാം 'എളേമ്മ'യായിരുന്ന അവർ വരുന്നവർക്ക് വാരിക്കോരി കൊടുക്കുന്ന പ്രകൃതത്തിനുടമയായിരുന്നു.

വറുതിയുടെ നാളുകളിൽ, ഇല്ലായ്മയുടെ കാലത്ത് ഏവർക്കും ഒരു അത്താണി തന്നെയായിരുന്നു അവർ. ഏതു ആഘോഷവേളകളിലും, പ്രത്യേകിച്ച് പെരുന്നാൾ ദിനങ്ങളിൽ സഹോദര സമുദായത്തിൽ നിന്നുള്ളവരുടെ വർധിച്ച തോതിലുള്ള സാന്നിധ്യം ആ വീട്ടിൽ ഉണ്ടാവും. വസ്ത്രങ്ങൾ വാങ്ങുമ്പോഴും കൃഷി വിളവെടുക്കുമ്പോഴും അയൽവാസികൾക്ക്, പ്രത്യേകിച്ച് സഹോദര സമുദായാംഗങ്ങൾക്ക് ഒരു വിഹിതം എടുത്തുവെക്കുമായിരുന്നു. ദേവതിയാൽ തങ്ങളുടെ നാൾ മുതൽ തുടർന്നുവരുന്ന ഈ മാതൃക ഉമ്മ ഏറെ പ്രയാസപ്പെട്ട് കിടക്കുമ്പോഴും തുടർന്നു.

പഴയകാല പ്രസ്ഥാന നായകന്മാരുടെ യാത്രകളിൽ അവർക്കുള്ള വിശ്രമ കേന്ദ്രം കൂടിയായിരുന്നു തങ്ങൾ മാഷുടെ വീട്. ജമാഅത്ത് അംഗമായിരുന്ന ഉമ്മാക്ക് ജീവിതത്തിൽ വലിയ പരീക്ഷണങ്ങളാണ് പടച്ചതമ്പുരാൻ നൽകിയത്. ഒരു ബസ് ആക്സിഡന്റും ഹജ്ജ് ചെയ്തുകൊണ്ടിരിക്കെ വന്ന സ്ട്രോക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി ഉമ്മാക്ക്. സ്ട്രോക്ക് കാരണം ഒരു കാലിന് സ്വാധീനം കുറഞ്ഞിട്ടും വേച്ച് വേച്ച് നടന്ന് രോഗികളെ കാണാനും മറ്റും പുറത്തിറങ്ങാറുണ്ടായിരുന്നു. പലപ്പോഴും പരസഹായമില്ലാതെ ഒറ്റയ്ക്ക് തന്നെയാകും യാത്ര.

ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ മക്കളും മരുമക്കളും അടങ്ങുന്ന കുടുംബമാണ് ഉമ്മയുടേത്.
മക്കൾ: എൻ.കെ.എം അബ്ദുശ്ശുക്കൂർ, മർഹൂം എൻ.കെ.എം കോയ, ഷൗക്കത്ത്, ഇസ്മാഈൽ, അഫ്സൽ, ഉമ്മുസൽമ, ആയിഷ മറ്റത്തൂർ, ഹാജറ, ആയിഷാബി (ജമാഅത്തെ ഇസ്്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ), മഹബൂബ, സാജിത, ത്വയ്യിബ.

അബ്ദുൽ വഹാബ് കൂട്ടിലങ്ങാടി

ശ്രവണ മധുരമായ മാപ്പിളപ്പാട്ടുകളിലൂടെയും ആദര്‍ശ പ്രചോദിതമായ കഥാപ്രസംഗങ്ങളിലൂടെയും കരയും കടലും താണ്ടി പറന്ന ഗാനകോകിലം റംലാ ബീഗം എന്നന്നേക്കുമായി പറന്നകന്നു. ആറര പതിറ്റാണ്ട് ആലാപന മികവിന്റെ ഉത്തുംഗതയിലും ശബ്ദസൗകുമാര്യത്തിന്റെ മനോഹാരിതയിലും അസൂയാര്‍ഹമായ മുന്നേറ്റം കാഴ്ചവെച്ച അതുല്യ ഗായിക. മാപ്പിളപ്പാട്ടിന്റെ ആലാപനവും ആസ്വാദനവും ഒരു ഹരമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് അനേകമനേകമാളുകള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അനശ്വര ഗാനങ്ങള്‍ സംഭാവന ചെയ്ത ഉജ്ജ്വല പ്രതിഭ.

ആലപ്പുഴയില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ സക്കരിയാ ബസാറിലായിരുന്നു റംലാബീഗത്തിന്റെ ജനനം. ഹുസൈന്‍ യൂസുഫ് യമാനിയും മറിയം ബീവിയുമാണ് മാതാപിതാക്കള്‍. അറബ് വംശപരമ്പരയില്‍ പെട്ടയാളായിരുന്നു പിതാവ്; മാതാവ് കോഴിക്കോട് ഫാറൂഖ് സ്വദേശിനിയും. പ്രൈമറി വിദ്യാഭ്യാസം സക്കരിയാ ബസാറില്‍ വീടിനടുത്തുള്ള വൈ.എം.എം.എ.എല്‍.പി സ്‌കൂളിലും ഹൈസ്‌കൂള്‍ പഠനം ആലപ്പുഴയിലെ ഗവ. മുഹമ്മദന്‍ ഹൈസ്‌കൂളിലുമായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദിയില്‍ പാട്ടുപാടാന്‍ അവസരം ലഭിച്ച റംലാ ബീഗം പിന്നീടങ്ങോട്ട് ഗാനാലാപനത്തിന്റെയും കഥാപ്രസംഗത്തിന്റെയും വേദികളിലേക്ക് അടിവെച്ചടിവെച്ച് പറന്നുയരുകയായിരുന്നു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മത്സരവേദികളില്‍ സ്‌കൂളിനെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാനം നിലവില്‍വന്ന 1956 നവംബര്‍ ഒന്നിന് സ്‌കൂളില്‍ നടന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ റംലാ ബീഗം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ രക്ഷിതാക്കളെയും അതിഥികളെയും ആസ്വാദനത്തിന്റെ ഉത്തുംഗതയിലെത്തിച്ചു.

ഒരു ഭാഗവതരില്‍നിന്ന് കര്‍ണാടക സംഗീതം പഠിച്ചതൊഴിച്ചാല്‍ ഗാനരംഗത്ത് മറ്റു പഠനങ്ങളൊന്നും റംലാ ബീഗം നടത്തിയിട്ടില്ല. ആസാദ് മ്യൂസിക് ട്രൂപ്പില്‍നിന്ന് ലഭിച്ച പരിശീലനത്തോടൊപ്പം ഭര്‍ത്താവായ അബ്ദുസ്സലാം മാസ്റ്ററോടൊത്തുള്ള ജീവിതവും പുതിയൊരു വഴിത്തിരിവായി. ആലപ്പുഴയിലെ എം.എ റസാഖ് എഴുതിചിട്ടപ്പെടുത്തിയ ജമീല എന്ന കഥയാണ് ആദ്യമായി അരങ്ങേറിയ കഥാപ്രസംഗം. പിന്നീടങ്ങോട്ട് കഥാപ്രസംഗ വേദികൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ബദറുല്‍ മുനീര്‍ - ഹുസ്്നുല്‍ ജമാല്‍, കര്‍ബലയിലെ രക്തക്കളം, ബദര്‍, ഉഹ്ദ് തുടങ്ങി ഇരുപത്തി മൂന്നോളം കഥാപ്രസംഗങ്ങളാണ് റംല അവതരിപ്പിച്ചത്. കഥാപ്രസംഗത്തില്‍നിന്ന് മാപ്പിളപ്പാട്ടിലേക്ക് ചുവട് മാറ്റിയതോടെ നിരവധി ഹിറ്റ് സോംഗുകള്‍ ആസ്വാദക സഞ്ചയത്തെ ആനന്ദ നിര്‍വൃതിയിലാഴ്ത്തി. ഇരുലോകം ജയമണി നബിയുല്ല, വമ്പുറ്റ ഹംസ റളിയല്ലാ, അലിഫെന്ന മാണിക്യം, ബിസ്മില്ലാഹി എന്ന്, സ്വര്‍ഗത്തിന് അതൃപ്പത്തില്‍ തുടങ്ങിയവ ഒരിക്കലും മറക്കാനാവാത്ത മാപ്പിളപ്പാട്ടുകളായി ആയിരങ്ങളുടെ ശ്രവണപുടങ്ങളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഇസ് ലാമിക കഥാപ്രസംഗങ്ങള്‍ക്കു പുറമെ കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങിയവയും റംലാ ബീഗം അവതരിപ്പിച്ച കഥാപ്രസംഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതോടെ മുസ് ലിം വേദികളില്‍ ഒതുങ്ങിനിന്നിരുന്ന കാഥിക ക്ഷേത്രോത്സവ വേദികളിലും സാന്നിധ്യമറിയിച്ചു. റംലാ ബീഗം കാഥികയായി വിരാജിക്കാന്‍ തുടങ്ങിയതോടെ പല മുസ് ലിം സ്ത്രീകളും ഈ രംഗത്തേക്ക് കടന്നുവന്നു. ആലപ്പുഴയിലെ ആയിഷാ ബീഗം തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. വളര്‍ന്നുവരുന്ന യുവ കഥാകാരികളെ പങ്കെടുപ്പിച്ച് ആലപ്പുഴയില്‍ കഥാപ്രസംഗ മത്സരവും അരങ്ങേറിയിരുന്നു.

പ്രശസ്തിയില്‍നിന്ന് പ്രശസ്തിയിലേക്കുയര്‍ന്നതോടെ എതിര്‍പ്പുകളുടെ ആരവവും ഉയര്‍ന്നു. തട്ടമിട്ട മുസ് ലിം പെണ്‍കുട്ടി വേദിയില്‍ കയറി കഥാപ്രസംഗം അവതരിപ്പിക്കുന്നതിനെ യാഥാസ്ഥിതിക വിഭാഗം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. എതിര്‍പ്പുകള്‍ വധ ഭീഷണിവരെ എത്തി. പക്ഷേ, റംലയും ഭര്‍ത്താവും ഭീഷണിക്കു മുമ്പില്‍ തലകുനിച്ചില്ല. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടും സവിശേഷമായ സ്വരമാധുരി കൊണ്ടും ശ്രോതാക്കള്‍ക്ക് ആനന്ദം നല്‍കിയ റംലാ ബീഗത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളം അംഗീകാരത്തിന്റെ പരവതാനി വിരിക്കാന്‍ സമൂഹം മുന്നോട്ടു വന്നു. ഭര്‍ത്താവുമൊത്ത് നിരവധി സ്ഥലങ്ങളില്‍ കഥാപ്രസംഗം നടത്തി. പ്രശസ്തിയുടെ പടവുകള്‍ താണ്ടിക്കയറിയ റംലാ ബീഗം പിന്നീട് മലബാറിന്റെ ഹൃദയത്തിലും സ്ഥിരപ്രതിഷ്ഠ നേടി. 500-ല്‍പരം ഓഡിയോ കാസറ്റുകളും 35-ഓളം ഡിസ്‌കുകളും റംലയുടേതായിട്ടുണ്ട്.

ഭര്‍ത്താവ് അബ്ദുസ്സലാം മാസ്റ്ററുടെ മരണാനന്തരം രണ്ടു വര്‍ഷത്തോളം വേദികളില്‍നിന്ന് മാറിനിന്ന റംലാ ബീഗം വീണ്ടും മാപ്പിളപ്പാട്ട് രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു.

ഏക മകള്‍ റസിയ. ഈ അനുസ്മരണ കുറിപ്പെഴുതുന്ന എന്റെ നാട്ടുകാരിയും സഹപാഠിയുമായിരുന്ന റംലാ ബീഗത്തിന് അല്ലാഹു സ്വര്‍ഗീയാരാമത്തില്‍ എല്ലാ വിധ അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ!
പി.എ.എം അബ്ദുൽ ‍ഖാദര്‍ തിരൂര്‍ക്കാട്‌