പ്രഗത്ഭ അധ്യാപകനും സംഘാടകനുമായിരുന്ന, അറബി ഭാഷാ അധ്യയനത്തിൽ നൂതന മാതൃകകൾ കാഴ്ചവെച്ച കുരുവമ്പലം കൂരിത്തൊടി സൈനുദ്ദീൻ മാസ്റ്റർ (81) വിട പറഞ്ഞു. ഗാനങ്ങളും കവിതകളും കഥകളുമായി അധ്യാപനത്തിന് ഇമ്പം പകർന്ന സൈനുദ്ദീൻ മാസ്റ്റർ കുട്ടികൾക്ക് ഹരവും ഇഷ്ടവും ജനിപ്പിക്കുന്ന രീതിയിലായിരുന്നു ക്ലാസ് മുറികളിൽ ശോഭിച്ചത്. പാഠപുസ്തകത്തിലെ ഓരോ പദ്യഭാഗവും പ്രചുര പ്രചാരമായ ഹിറ്റ് പാട്ടുകളുടെ ഈണത്തിലും രാഗത്തിലും അവതരിപ്പിക്കുന്നതിൽ അസൂയാർഹമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്ന 'മാ അജ്മലഹാ' എന്ന പദ്യം നൂറിലധികം ഈണങ്ങളിൽ പാടി പഠിപ്പിച്ചത് കുട്ടികളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചു. ദേശീയ ഗാനത്തിന്റെ ഈണത്തിലും ഈ അറബിഗാനം അവതരിപ്പിച്ചിരുന്നു. വിവിധ ഭാഷകളിലെ ഗാനങ്ങൾ ഭാഷാ പഠനത്തിൽ എത്രത്തോളം ഉപയോഗപ്പെടുത്താം എന്നതിൽ അദ്ദേഹം കാഴ്ചവെച്ച മാതൃക അധ്യാപകലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ഉള്ളടക്കങ്ങൾ മാറുമ്പോഴും 'മാ അജ്മലഹാ' പദ്യം പാഠപുസ്തകത്തിൽ ദീർഘകാലം നിലനിർത്താൻ പാഠപുസ്തക നിർമാണ കമ്മിറ്റി പ്രത്യേകം താൽപര്യം കാണിക്കാൻ ഇതും ഒരു കാരണമായിരുന്നു.
പ്രമുഖ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ വളർച്ചയിൽ ശ്രദ്ധേയമായ സേവനങ്ങൾ നൽകിയ അദ്ദേഹം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എ.ടി.എഫിന്റെ സംസ്ഥാന നേതാക്കളായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി, മങ്കട അബ്ദുൽ അസീസ് മൗലവി, പി.കെ അഹമ്മദലി മദനി, കൊളത്തൂർ ടി. മുഹമ്മദ് മൗലവി, കക്കാട് അബ്ദുല്ല മൗലവി, പി കെ.എം അബ്ദുൽ മജീദ് മദനി, പ്രശസ്ത കവി എൻ.കെ അഹമ്മദ് മൗലവി എന്നിവരോടൊപ്പം നേതൃനിരയിൽ അദ്ദേഹം സജീവമായി നിലകൊണ്ടു. 1980-ൽ ഇ.കെ നായനാർ മന്ത്രിസഭയിൽ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, അറബി ഭാഷാ പഠനം നിർവഹിക്കുന്ന അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കൊണ്ടുവന്ന നീക്കങ്ങൾക്കെതിരെ നടന്ന ഭാഷാ സമരത്തിൽ ഊർജസ്വലനായി പങ്കെടുക്കുകയുണ്ടായി.
സാഹിത്യ കലാരംഗങ്ങളിൽ തല്പരനായിരുന്ന സൈനുദ്ദീൻ മാസ്റ്റർ അറബിയിലും മലയാളത്തിലും കവിതകളും കഥകളും രചിക്കുകയും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അൽ ബുഷ്റ അറബി മാസികയുടെ പത്രാധിപസമിതി അംഗവും കെ. എ.ടി.എഫ് പ്രസിദ്ധീകരണമായ സൗത്തുൽ ഇത്തിഹാദ് മാസികയുടെ എഡിറ്ററും ആയിരുന്നു. മത വിദ്യാഭ്യാസ രംഗത്ത് തൽപരനായിരുന്ന അദ്ദേഹം കുരുവമ്പലം മഹല്ല് പ്രസിഡന്റ്, മിലാക്കുദ്ദീൻ മദ്റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
കുരുവമ്പലത്ത് പരേതനായ കൂരിത്തൊടി കുഞ്ഞഹമ്മദിന്റെയും പരേതയായ താഴത്തേതിൽ ഇത്തീരു ഹജ്ജുമ്മയുടെയും മകനായി ജനിച്ച സൈനുദ്ദീൻ കുറുവ എ.യു.പി സ്കൂൾ, എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂൾ, ചെമ്മങ്കടവ് സ്കൂൾ, പാലക്കാട് സ്കൂൾ, പെരിന്തൽമണ്ണ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. 1999 -ൽ സർക്കാർ ജോലിയിൽനിന്ന് പിരിഞ്ഞ ശേഷം റിട്ടയർ ചെയ്ത അറബി അധ്യാപകർക്കായി രൂപവത്കരിച്ച റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ സ്ഥാപകരിൽ പ്രധാനിയും സീനിയർ വൈസ് പ്രസിഡന്റുമായിരുന്നു. പഠന മേഖലയിലും തൊഴിൽ മേഖലയിലും നിരവധി യുവാക്കൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. ഭാര്യ: കുളത്തിങ്ങൽ ഖദീജ പുലാമന്തോൾ. മക്കൾ : ഫസീല, അഹമ്മദ് ഫൈസൽ, അഫ്സൽ മുനീർ, ഡോ. ആലി നൗഫൽ, ഷമീല, അൻവർ സുഹൈൽ, സലീല, സലീൽ.
പി.എ.എം അബ്ദുൽ ഖാദർ തിരൂർക്കാട്
എം. സലീം - ഇച്ഛാ ശക്തിയുടെ ആൾരൂപം
ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാനായി ഏതറ്റം വരെ പോകാനും ആ പ്ലാനിംഗ് വിജയിപ്പിക്കാനുമുള്ള ഇച്ഛാശക്തിയുടെ പ്രതിരൂപമായിരുന്നു, ഈയിടെ അന്തരിച്ച തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി എം. സലീം സാഹിബ്.
അദ്ദേഹത്തോടൊപ്പം പ്രൈമറി തലത്തിൽ സ്‌കൂളിലും മദ്റസയിലും ഒന്നിച്ച് പഠിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഒരാളാണ് ഈയുള്ളവൻ. മദ്റസയിൽ ഞങ്ങൾ ഒന്നിച്ചാണ് 'ഇസ്ലാമിക ബാല ജനസഖ്യം' സംഘടിപ്പിച്ചത്. 1965 കാലഘട്ടത്തിൽ പാളയത്ത് സജീവമായിരുന്ന ഇസ്ലാമിക ബാലജനസഖ്യം പുറത്തിറക്കിയ കൈയെഴുത്തു മാസികയാണ് 'ഇസ്ലാമിക ധ്വനി'. കെ.എൻ അബ്ദുല്ല മൗലവി തിരുവനന്തപുരത്ത് വരുമ്പോൾ ബാലജനസഖ്യത്തിൽ ക്ലാസ്സെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ഫ്രൈഡേ ക്ലബ്ബ് നല്ല നിലയിൽ നടക്കുന്ന കാലം. അതിന്റെ സെക്രട്ടറിമാരിലൊരാൾ എന്റെ ജ്യേഷ്ഠ സഹോദരൻ മർഹൂം മുഹമ്മദ് അലി സാഹിബും മറ്റൊരാൾ സലീം സാഹിബുമായിരുന്നു. വിജ്ഞാന സദസ്സുകളാണ് കാര്യമായും സംഘടിപ്പിച്ചിരുന്നത്. ശൈഖ് മുഹമ്മദ് കാരകുന്ന്, ഒ. അബ്ദുർറഹ്‌മാൻ, ജി.കെ എടത്തനാട്ടുകര തുടങ്ങിയ പ്രമുഖരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ സലീം സാഹിബിന്റെ സംഘാടക മികവ് പ്രകടമായിരുന്നു.
പാളയം മസ്ജിദ് സകാത്ത് കമ്മിറ്റി കൺവീനർ എന്ന നിലയിൽ സകാത്ത് സംഭരണവും വിതരണവും വ്യവസ്ഥാപിതമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. മർഹൂം ഹംസ മൗലവി ഫാറൂഖിയോടൊപ്പം മഹല്ലിലെ സകാത്ത് ദായകരെ കണ്ടെത്തി സകാത്ത് സംഭരിക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. മഹല്ല് ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന കാലത്ത് തല്പര കക്ഷികൾ നടത്തിയ ദുഷ് പ്രചാരണങ്ങളെ അവഗണിച്ച് മസ്ജിദിന്റെയും മഹല്ലിന്റെയും അഭിവൃദ്ധിക്കായി പ്രവർത്തിച്ചു. കള്ളപ്രചാരണങ്ങൾ തള്ളി മഹല്ല് നിവാസികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെ തുടർച്ചയായി വിജയിപ്പിച്ചപ്പോൾ 'ഞങ്ങൾ തോറ്റുപോയി' എന്ന് പ്രതിയോഗികൾക്കു തന്നെ പറയേണ്ടി വന്നു.
റമദാനിലെ രാവുകളിൽ സ്ത്രീകൾക്ക് തറാവീഹ് നമസ്‌കാരം നിർവഹിക്കുന്നതിന് സൗകര്യമൊരുക്കിയപ്പോൾ മറ്റൊരു മഹല്ലിലെ ചിലയാളുകൾ സംഘടിച്ചു വന്ന് പാളയം പള്ളിയിൽ സത്യഗ്രഹം ഇരുന്നത് മറക്കാനാവുകയില്ല .സലീം സാഹിബിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർക്ക് പിന്തിരിയേണ്ടി വന്നു. സ്ത്രീകൾക്ക് പള്ളിക്കു പിറകിലുള്ള കമ്യൂണിറ്റി ഹാളിൽ ഒരുക്കിയിരുന്ന വെള്ളിയാഴ്ച നമസ്‌കാരം മുൻവശത്ത് വാടകക്ക് നൽകിയിരുന്ന കെട്ടിടത്തിലേക്ക് മാറ്റി ജുമുഅഃ പങ്കാളിത്തം കിട്ടുമാറ് സജ്ജീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട 'വ്യാജ ബോംബ് ഭീഷണി' അതിജീവിക്കുന്നതിലും, വ്യക്തമായ തെളിവുകൾ സമർപ്പിച്ച് പ്രശ്നങ്ങളെ നേരിടുന്നതിലും സലീം സാഹിബ് വഹിച്ച നേതൃപരമായ പങ്ക് വിലമതിക്കാനാവാത്തതാണ്.
റമദാനിൽ ളുഹ്റിനു ശേഷം പാളയം പള്ളിയിൽ മൂന്നു സ്ഥലങ്ങളിലായി മൂന്ന് ക്ലാസ്സുകൾ നടന്നു വന്നിരുന്നു. ആളുകൾ അവർക്കിഷ്ടമുള്ള സ്ഥലങ്ങളിൽ പോയി ഇരിക്കും. ഈ ക്ലാസ്സുകളെ മഹല്ലിന്റെ 'വിജ്ഞാന വേദി'ക്ക് കീഴിൽ ഒറ്റ ക്ലാസ്സാക്കി മാറ്റാൻ സലീം സാഹിബിന് സാധിച്ചു. ഇന്നും ഇത് തുടർന്നുവരുന്നു.
അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ആദ്യമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് ഗാഹ്, മൗലവി ജമാലുദ്ദീൻ മങ്കടയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. സഹോദര സമുദായത്തിലെ പ്രമുഖരെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈദ് ഗാഹും പള്ളിയിൽ ഒരുക്കുന്ന ഇഫ്ത്വാർ സംഗമങ്ങളും വിവാദങ്ങൾക്കിടനൽകിയിട്ടുണ്ടെങ്കിലും, പാളയം പള്ളിയുടെ യശസ്സിന് മാറ്റുകൂട്ടി ക്കൊണ്ട് അവ ഇന്നും തുടരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഖുർആൻ പഠനവേദി, കുട്ടികൾക്കായി കമ്പ്യൂട്ടർവൽക്കരിച്ച മദ്റസാ സംവിധാനം എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. കുറച്ചു കാലം തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ഇൻചാർജായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
പ്രസ്ഥാനത്തോടും നേതൃത്വത്തോടും അകമഴിഞ്ഞ ബന്ധുത്വവും സഹകരണവും പുലർത്തിയിരുന്ന ഒരു സമുദായ സേവകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഭാര്യ: നദീറ. മക്കൾ: ഷഹിൻ സലീം (ദുബായ്), ഷിഹാന സലീം. മരുമക്കൾ: സറീന അബ്ബാസ്, ജംഷീദ് മദാർ.
എ. അബ്ദുൽ ഗഫൂർ പാളയം
ടി. മറിയം ജമീല അയിരൂർ
പൊന്നാനി അയിരൂരിൽ 1983-ൽ ജമാഅത്തെ ഇസ് ലാമി ഘടകം രൂപീകരിച്ചതു മുതൽ അതിലെ സജീവ പ്രവർത്തകയും ജമാഅത്തെ ഇസ് ലാമി റുക്്നുമായിരുന്നു എന്റെ സഹധർമിണി മറിയം ജമീല. പതിവുപ്രകാരമുള്ള ഖുർആൻ പാരായണത്തിനും നമസ്കാരത്തിനും ശേഷം കിടന്നുറങ്ങിയ അവർ രാവിലെ വിളിച്ചുനോക്കിയപ്പോൾ ഉണർന്നില്ല.
അയിരൂരിൽ ഹൽഖ രൂപീകരിച്ചതു മുതൽ സ്ത്രീകളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതിലും സാധാരണക്കാരിലേക്ക് പ്രസ്ഥാന സന്ദേശമെത്തിക്കുന്നതിലും എപ്പോഴും കർമരംഗത്തുണ്ടായിരുന്നു. പ്രദേശത്തെ സ്ത്രീകളുടെ ആദർശ പരിവർത്തനത്തിൽ സ്തുത‍്യർഹമായ പങ്കാണ് ജമീല നിർവഹിച്ചത്. ജുമുഅ, തറാവീഹ്, ഇൗദ് ഗാഹ് എന്നിവക്കും പ്രസ്ഥാന പരിപാടികൾക്കും എല്ലാ തുറയിലുമുള്ള സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ അവരുടെ കഴിവ് വിസ്മയമുളവാക്കുന്നതായിരുന്നു. പ്രായമായവരെയും രോഗികളെയും സ്ഥിരമായി സന്ദർശിക്കുകയും കുളിപ്പിക്കലടക്കമുള്ള ശുശ്രൂഷകൾ ചെയ്തുകൊടുക്കുകയും നിർധനരായ രോഗികൾക്ക് ചികിത്സാ ഫണ്ട് സമാഹരിച്ചു നൽകുകയും ചെയ്തിരുന്നു. അയിരൂരിലെ സന്ന കുടുംബാംഗങ്ങളിൽനിന്നടക്കം രണ്ടു ബസ്സ് സ്ത്രീകൾ ഹിറാ സമ്മേളനത്തിൽ മൂന്നു ദിവസം പങ്കെടുത്തതിലും നാല് ബസ്സ് നിറയെ സ്ത്രീകളെ കുറ്റിപ്പുറം സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചതിലും ജമീലയുടെ വ‍്യക്തിബന്ധങ്ങൾ സഹായകമായിട്ടുണ്ട്.
എന്റെ ജോലിയുടെ ഭാഗമായി ഞങ്ങളുടെ കുടുംബം എട്ടു വർഷക്കാലം തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് അവിടെയും പ്രസ്ഥാനപ്രവർത്തനങ്ങളിലും മറ്റു സേവനമേഖലകളിലും സജീവമായിരുന്നു. മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടം കഴിഞ്ഞതടക്കമുള്ള മയ്യിത്തുകൾ കുളിപ്പിക്കാനും മറ്റും മുൻകൈയെടുത്തിരുന്നു. ഹിദായത്തിലേക്ക് വന്ന ലോ കോളേജിലെയും എഞ്ചിനീയറിംഗ് കോളേജിലെയും വിദ‍്യാർഥിനികൾക്ക് ഖുർആൻ പഠിപ്പിക്കുന്നതിലും നോുതുറ, പെരുന്നാളാഘോഷം പോലുള്ള കാര‍്യങ്ങളിൽ സൗകര‍്യം ചെയ്യുന്നതിലും ശ്രദ്ധാലുവായിരുന്നു.
കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഖുർആൻ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും, അതിലേക്ക് സ്ത്രീകളെ കൂട്ടുന്നതിലും പ്രസ്ഥാന പ്രവർത്തനങ്ങളിലും പാർട്ടിപരിപാടികളിലുമായിരുന്നു കുടുതൽ ശ്രദ്ധ. കുടുംബക്കാരെയും നാട്ടുകാരെയും ഖുർആൻ ഗ്രൂപ്പുകളിൽ ചേർക്കുന്നതിലും അതീവ തൽപരയായിരുന്നു. എത്ര വലിയ പ്രയാസങ്ങൾ വന്നാലും “ഞാൻ എന്റെ അല്ലാഹുവിന്റെ മടിയിൽ തലവെച്ചുറങ്ങുകയാണെ”ന്ന് പറഞ്ഞ് ആശ‍്വസിക്കുമായിരുന്നു. ഞാൻ പതറിയ പല സന്ദർഭങ്ങളിലും എന്നെ നയിച്ചത് അവരായിരുന്നു.
പുതിയ അറിവുകളും ശേഷികളും നേടുന്നതിൽ തൽപരയായിരുന്നു. അത് വയസ്സിനു ശേഷമാണ് ടൂ വീലർ, കാർ എന്നിവയുടെ ഡ്രൈവിംഗ് പഠിച്ചത്. അകലെയുള്ള രോഗികളെ ശുശ്രൂഷിക്കാനുള്ള യാത്രക്കു വേണ്ടിയാണത് ഉപയോഗപ്പെടുത്തിയിരുന്നത്.
അവസാന കാലത്ത്, കുടുംബത്തിലെ കുഞ്ഞു മക്കൾക്ക് സലാം പറയൽ തുടങ്ങിയ ചിട്ടകളും പ്രാർഥനകളും പഠിപ്പിക്കാനായി 'Ummammas Channel' എന്ന പേരിൽ യുട‍്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ കുഞ്ഞുങ്ങളെ ഇത്തരം ചിട്ടകൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു.
അയിരൂരിലെ പ്രായമായ സ്ത്രീകളധികവും തങ്ങളുടെ മയ്യിത്തു മറിയം കുളിപ്പിക്കണമെന്ന് വസ‍്വിയ്യത്തു ചെയ്യാറുണ്ടായിരുന്നു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആവശ‍്യങ്ങൾ കണ്ടറിഞ്ഞ് ആരുമറിയാതെ അവർക്കാവശ‍്യമായ സേവനങ്ങൾ നൽകുമായിരുന്നു.
മക്കൾ: കെ. ലബീബ് (ബി.ടെക്, എം.ബി.എ), ഡോ. കെ. ലമീസ് (ബി.എച്ച്.എം.എസ്), കെ. ഹബീബ്. (ബി.ടെക്, സി.എം.എ).
പ്രഫ. കെ. മുഹമ്മദ് അയിരൂർ
മുംതാസ് അബൂബക്കർ
എറണാകുളം സിറ്റിയിലെ സജീവ ഇസ്്ലാമിക പ്രവർത്തകയായിരുന്ന മുംതാസ് അബൂബക്കർ (75) അല്ലാഹുവിലേക്ക് യാത്രയായി.
ഫാത്തിമ റഹ്മാൻ സാഹിബയുടെയും ഇ.പി അബ്ദു റഹ്മാൻ സാഹിബിന്റെയും മകളായിരുന്നു. ഫാത്തിമ റഹ്മാൻ സാഹിബ ആദ്യകാല പ്രസ്ഥാന പ്രവർത്തകയും റുക്നും ആയിരുന്നു.
മഹാരാജാസിൽ പഠിച്ചുകൊണ്ടിരിക്കെയാണ് വടകര സ്വദേശിയും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന പുളിക്കൂൽ അബൂബക്കറുമായുള്ള മുംതാസിന്റെ വിവാഹം. അദ്ദേഹം ജസ്റ്റിഷ്യയുടെ സജീവ പ്രവർത്തകനായിരുന്നു. ഗാർഡനിങ്, തയ്യൽ, കുക്കിംഗ് ഒക്കെയായിരുന്നു അന്ന് മുംതാസിന്റെ ഇഷ്ടമേഖല. ജീവിതത്തെ ഗൗരവപൂർവം സമീപിക്കാതെ, സിനിമകളിലും വിനോദങ്ങളിലുമായി കടന്നുപോയ ആ നാളുകളെപ്പറ്റി സഹപ്രവർത്തകരായ ഞങ്ങളോട് വളരെ ഖേദത്തോടെ പറയുമായിരുന്നു മുംതാസ്.
ആയിടക്കാണ് 1997-ൽ ബശീർ മുഹ് യിദ്ദീൻ സാഹിബിന്റെ നേതൃത്വത്തിൽ ഖുർആൻ പഠനക്ലാസ് എറണാകുളം ഫ്രൈഡേ ക്ലബ്ബിൽ ആരംഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകയായ ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ക്ലാസ്സിൽ പങ്കെടുക്കാൻ മുംതാസ് തീരുമാനിച്ചു.
ആ ക്ലാസ്സിലൂടെയുള്ള മുംതാസിന്റെ യാത്ര എല്ലാവരെയും അതിശയിപ്പിച്ചു. നല്ലൊരു പഠിതാവായിരുന്ന മുംതാസ് പല വാർഷിക പരീക്ഷകളിലും സംസ്ഥാന തലത്തിൽ റാങ്കുകൾ കരസ്ഥമാക്കി. പഠിക്കുന്ന ഖുർആൻ സ്വന്തം ജീവിതത്തിൽ പകർത്തി മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു മുംതാസ്. ഒന്ന് രണ്ട് വർഷത്തിനകം അവർ ജമാഅത്തെ ഇസ് ലാമി അംഗമാവുകയും ചെയ്തു. എറണാകുളത്ത് പലയിടങ്ങളിൽ ഖുർആൻ സ്റ്റഡി സെന്ററുകൾ സംഘടിപ്പിച്ച് അധ്യാപികയുമായി. അവസാന കാലത്ത് ചെറിയ രീതിയിൽ മറവിരോഗം ബാധിച്ചിരുന്നെങ്കിലും ഖുർആനുമായുള്ള ആത്മബന്ധം തുടർന്നു. കഴിയുന്നത്ര സൂറകൾ മനപ്പാഠമാക്കുകയും വ്യക്തിജീവിതത്തിലും കുടുംബത്തിലും മാറ്റങ്ങൾ വരുത്താൻ നിരന്തരമായി ശ്രമിക്കുകയും ചെയ്തു. IRW അംഗമായിരുന്നു.
കുടുംബബന്ധം നിലനിർത്താനും ബന്ധങ്ങളിൽ വിള്ളൽ വരാതെ ശ്രദ്ധിക്കാനും മക്കളെ ഉപദേശിക്കുമായിരുന്നുവെന്ന് മകൾ ഷെറിൻ അബൂബക്കർ ഓർമിക്കുന്നു. മകൻ അഡ്വ. ഷഹരിയാർ സുഊദിയിലാണ്.
സീനത്ത് ബാനു കളമശ്ശേരി