കവര്‍സ്‌റ്റോറി

ദൽഹിയിൽനിന്ന് മേവാത്തിലേക്കെത്താൻ അധിക ദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല. രാവിലെ പോയി കാര്യങ്ങളെല്ലാം അറിഞ്ഞ് രാത്രിയോടെ തിരിച്ചെത്താവുന്നത്ര അടുത്താണ് മേവാത്ത്; മുസ്്ലിംകളുടെ കേന്ദ്രമായ നൂഹ്. പക്ഷേ സംഘ് പരിവാർ ബുദ്ധിയിൽ ആസൂത്രണം ചെയ്യപ്പെട്ട ആ സംഘർഷ ഭൂമിയിലേക്ക് പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരിൽ അധികമാരും എത്തിയിട്ടില്ല. കേരളത്തിൽനിന്നുള്ള ഇടതു എം.പിമാരും മുസ്്ലിം ലീഗ്, വെൽഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ നേതൃത്വങ്ങളും അവിടെ സന്ദർശിച്ചത് വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, തലസ്ഥാന നഗരിയുടെ ചാരത്ത് സംഘ് പരിവാർ സംഘടനകളും ഹരിയാനാ സർക്കാരും ചേർന്നൊരുക്കിയ വംശീയാക്രമണം എന്തുകൊണ്ട് രണ്ട് സമുദായങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷം എന്ന പരികൽപനയിലേക്ക് ചുരുക്കിക്കളയുന്നു എന്ന ചോദ്യമാണ് ഞങ്ങളെ അവിടേക്കെത്തിച്ചത്. അതിന്റെ ഉത്തരം കൂടിയാണ് നൂഹിന് പരിസരത്ത് താമസിക്കുന്ന ഗ്രാമീണ മുസ്്ലിംകളും, പട്ടണത്തിൽ കടകൾ തകർക്കപ്പെട്ടവരും കലങ്ങിയ കണ്ണുകളോടെയും ഇടറിയ ശബ്ദത്തോടെയും ഞങ്ങളോട് പങ്കുവെച്ചത്.

നൂഹിൽ കർഫ്യൂ ഇളവുണ്ടായിട്ടുണ്ട് എന്നറിഞ്ഞതോടെ വിഷൻ 2026-ന്റെ ഓഫീസിൽനിന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീർ പി. മുജീബുർറഹ്്മാൻ സാഹിബിന്റെ നേതൃത്വത്തിൽ ഒരു ചെറു സംഘം കാര്യങ്ങൾ നേരിട്ടറിയാൻ അവിടേക്ക് പുറപ്പെടുകയായിരുന്നു. ബഹുമാന്യനായ ഇ.ടി മുഹമ്മദ് ബഷീർ സാഹിബ് എം.പി കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ താനുമുണ്ട് എന്ന് അറിയിച്ചതോടെ യാത്രക്ക് കൂടുതൽ പ്രാധാന്യം കൈവന്നു. നൂഹിലേക്ക് എത്തും മുമ്പേ ഞങ്ങളുടെ മൊബൈൽ ഫോണിന്റെ ഇന്റർനെറ്റ് കണക്്ഷൻ വിഛേദിക്കപ്പെട്ടിരുന്നു. നൂഹ് പട്ടണത്തിലേക്കുള്ള പ്രവേശന കവാടം സെക്യൂരിറ്റി ഉദ്യോഗസ്ഥരാൽ നിബിഡമായിരുന്നു. മൂന്ന് റൗണ്ട് പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് കർഫ്യൂ ഇളവുണ്ടായിട്ടും നൂഹിലേക്ക് ഞങ്ങൾക്ക് കടക്കാനായത്. മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെ പുറത്തുനിന്നുള്ള ഒരു എം.പിയെ അവിടെ പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് ഇ.ടി ബഷീർ സാഹിബിനെ തിരിച്ചയക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ, നിശ്ചയദാർഢ്യത്തോടെ ആ തടസ്സങ്ങളെ വകഞ്ഞുമാറ്റി അദ്ദേഹം നൂഹിലേക്ക് വരിക തന്നെ ചെയ്തു. എന്ത് വില കൊടുത്തും അവിടെ വരാനും വംശീയാക്രമണങ്ങളുടെ നേർചിത്രങ്ങൾ കൃത്യമായി മനസ്സിലാക്കാനും ജനങ്ങളുമായി സംവദിക്കാനുമുള്ള ആ ആർജവം ശരിക്കും ആവേശദായകമായിരുന്നു.

വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് ഞങ്ങൾ അവിടെ എത്തിയത്. 90 ശതമാനം മുസ്്ലിംകൾ താമസിക്കുന്ന ആ പട്ടണം ആ സമയത്തും ശൂന്യമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. നമസ്കരിക്കാൻ കയറിയ പള്ളിയിലെ ഇമാം സങ്കടത്തോടെ പറഞ്ഞു: 'സംഘർഷങ്ങൾക്ക് ശേഷം പേടിച്ചിട്ട് അധികമാരും പള്ളിയിലേക്ക് വരാറില്ല.' പള്ളിയിലും തെരുവിലും മാത്രമല്ല, ഗ്രാമങ്ങളിലെ വീടുകളിലും പുരുഷന്മാരും യുവാക്കളും ഇല്ല എന്ന നടുക്കുന്ന സത്യം തിരിച്ചറിയാൻ അവരുടെ വീടുകളിലേക്ക് എത്തേണ്ട സമയമേ വേണ്ടിവന്നുള്ളൂ.

മേവാത്തുകാരനും ഹരിയാന ജമാഅത്തെ ഇസ്്ലാമി സംസ്ഥാന സമിതിയംഗവുമായ ആഖിൽ അഹ്്മദ് സാഹിബ് ആയിരുന്നു ഞങ്ങളുടെ ആതിഥേയൻ. റിട്ടയേഡ് ഹിന്ദി അധ്യാപകനായ അദ്ദേഹം അവിടത്തെ മുസ്്ലിംകളുടെ സവിശേഷ ചരിത്രം വിവരിച്ചതോടൊപ്പം, വളരെ ആസൂത്രിതമായി സംഘ് പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രോപഗണ്ടയെക്കുറിച്ചും സംസാരിച്ചു.

സഹവർത്തിത്വത്തിന്റെ മികവാർന്ന ഈടുവെപ്പുകളുള്ള നൂഹ് ജില്ല ഹരിയാനയിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാണ്. വികസനത്തിന്റെ വണ്ടി എത്താത്ത ഉൾപ്രദേശങ്ങൾ ഇപ്പോഴുമുണ്ടവിടെ. എന്നിട്ടും എന്തുകൊണ്ടാണ് അവിടെ നിരന്തരം കലാപാന്തരീക്ഷം ഉണ്ടാക്കാൻ മനോഹർ ലാൽ ഖട്ടറിന്റെ സർക്കാരും സംഘ് പരിവാറും ആഗ്രഹിക്കുന്നത്? ഒറ്റക്കാരണമേ അതിനുള്ളൂ: അവിടെ താമസിക്കുന്നവർ മഹാഭൂരിപക്ഷവും മുസ്്ലിംകളാണ് എന്നത് മാത്രം. മുസ്്ലിം വെറുപ്പ് വോട്ട് നേടാനുള്ള നല്ല ചരക്കായി ഹരിയാനയിൽ മാറി എന്നതും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെ ആസൂത്രിതമായി ബജ്റംഗ് ദൾ ശാഖകൾ ഹരിയാനയിലുടനീളം രൂപവത്കരിക്കപ്പെടുന്നുണ്ട്. മുസ്്ലിം വിദ്വേഷത്തിന്റെ വ്യാജ കഥകൾ പറഞ്ഞ് ഹിന്ദു യുവാക്കളെ സംഘടിപ്പിക്കുകയും ചെയ്യുന്നു. ലൗ ജിഹാദ് പ്രചാരണം ശരിക്കും വിദ്വേഷ ഇന്ധനമാകുന്നത് നമുക്കവിടെ കാണാനാകും. ഗോവധ നിരോധത്തിന്റെ മറവിൽ നടക്കുന്ന ആൾ കൂട്ടക്കൊലകൾ ഉപജീവന മാർഗങ്ങളെ തകിടം മറിച്ചത് എങ്ങനെയെന്നും നമുക്കവിടെനിന്ന് അറിയാനാകും. മഹാഭൂരിപക്ഷം കർഷകരായിരുന്നിട്ടും ചാണകം മണക്കുന്ന ഗ്രാമീണ ഇടവഴികളിലും വീടുകളിലെ തൊഴുത്തുകളിലും പശുക്കൾ അപൂർവമായിരിക്കുന്നു. എല്ലായിടത്തുമുള്ളത് എരുമകളും പോത്തുകളും മാത്രം.

ഒരു കാര്യം തീർത്ത് പറയാനാകും: നൂഹിനെ തകർത്തത് പുറത്തുനിന്നുള്ള ആളുകളെ ആയുധങ്ങളണിയിച്ച് നടത്തിയ ബജ്റംഗ്ദളിന്റെ ആക്രോശറാലിയോ കടകൾ തകർക്കാനുള്ള ശ്രമങ്ങളോ, ഗല്ലികളിലേക്ക് കടന്നുകയറി ആക്രമണങ്ങൾ അഴിച്ചുവിട്ടതോ ഒന്നുമായിരുന്നില്ല. മറിച്ച്, കലാപത്തെ തടയാൻ എന്നപേരിൽ ഹരിയാനാ സർക്കാർ നടത്തിയ അന്യായവും മനുഷ്യത്വ ഹീനവുമായ ബുൾഡോസർ രാജായിരുന്നു. സാമ്പത്തികമായും സാമൂഹികമായും മുസ്്ലിംകളെ തകർക്കാനുള്ള സ്റ്റേറ്റ് സ്പോൺസേഡ് ഭീകരതയാണവിടെ അരങ്ങേറിയത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും അതിൽ നിറമനസ്സോടെ പങ്കുചേരുകയും ചെയ്തു.

ശഹീദ് ഹസൻ ഖാൻ മേവാത്തി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആരംഭിച്ചിട്ട് ഏകദേശം പത്തു വർഷമേ ആയിട്ടുള്ളൂ. രോഗികളും കൂട്ടിരിപ്പുകാരും വന്നതോടെ ആശുപത്രിയുടെ പരിസരത്ത് ചെറിയ ചെറിയ കടകളും മെഡിക്കൽ ഷോപ്പുകളും ലബോറട്ടറികളും ഉയർന്നുവന്നു. അവയൊന്നും വലിയ നിലകളുള്ള കെട്ടിടങ്ങളേ ആയിരുന്നില്ല. ആസ്ബറ്റോസ് കൊണ്ട് മേൽക്കൂരകൾ തീർത്ത, തേക്കാത്ത ചുമരുകളുള്ള, പനമ്പുകൾ കൊണ്ടോ മുളം തണ്ടുകൾ കൊണ്ടോ കെട്ടിമറച്ച 60-ലധികം കടകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തകർത്തുകളഞ്ഞത്. 10 വർഷമായി പ്രവർത്തിക്കുന്നതു മുതൽ 30 ലക്ഷം രൂപ മുതൽ മുടക്കി ഒരാഴ്ചയ്ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത മെഡിക്കൽ ഡയഗ്്നോസിസ് ക്ലിനിക്ക് വരെ ഉണ്ടായിരുന്നു തകർക്കപ്പെട്ടവയിൽ. അവിടെ ജോലി ചെയ്യുന്നവരോട് ഓടി രക്ഷപ്പെടാൻ പറഞ്ഞു. അല്ലെങ്കിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പാത്രങ്ങൾ, ഫർണിച്ചറുകൾ, മെഷിനുകൾ ഇതൊന്നും എടുത്തുമാറ്റാൻ പോലും പലർക്കും സമയം ലഭിച്ചില്ല. നിമിഷാർധംകൊണ്ട് സർക്കാരിന്റെ ഭീകര വാഴ്ചയിൽ ആയുസ്സിലെ അധ്വാനവും ജീവിതത്തിലെ സ്വപ്നങ്ങളും തകർക്കപ്പെടാത്ത ആരും അവിടെ ഉണ്ടായിരുന്നില്ല. തൗറാ ഗ്രാമത്തിൽ താമസിച്ചിരുന്ന റോഹിംഗ്യകളുടെ വീടുകളും തകർക്കപ്പെട്ടു. ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് അവർ എവിടെപ്പോയി എന്ന് ആർക്കും അറിയില്ല.

നിയമപരമായി എല്ലാ രേഖകളുമുള്ള പല കെട്ടിടങ്ങളും തകർക്കപ്പെട്ടവയിലുണ്ട്. നാല് നിലയുള്ള സഹാറാ റസ്റ്റോറന്റ്, സലീം എന്നയാൾ ഉടമസ്ഥനായ കടുകെണ്ണ ഉണ്ടാക്കുന്ന ഫാക്ടറി, ലിയാഖത്തലിയുടെ ടൈൽ ഷോറൂം എന്നിവ ഉദാഹരണങ്ങൾ. തകർന്ന കടയുടെ മുന്നിലിരുന്ന ലിയാഖത്ത് വേദനയോടെ പറഞ്ഞു: 'സ്ഥിരമായി നികുതിയടക്കുന്ന സ്ഥാപനമാണ്. ഇത് തകർക്കാൻ ബുൾഡോസർ വന്നു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഗ്രാമത്തിൽനിന്ന് കടയിലെത്തിയപ്പോഴേക്കും പൊളി തുടങ്ങിയിരുന്നു. നിയമപരമായി ഒരു മുന്നറിയിപ്പും തന്നില്ല. ഞങ്ങളുടെ കൈയിലുള്ള നിയമപരമായ രേഖകളൊന്നും അവർ പരിഗണിച്ചുമില്ല.' തകർക്കപ്പെട്ട ഈ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമെങ്കിൽ എല്ലാം അങ്ങനെയാകണമായിരുന്നു. ഇത് ഭരണകൂടം നേതൃത്വം നൽകിയ വംശീയാതിക്രമമാണെന്ന് തിരിച്ചറിയാൻ പൊളിക്കലിന്റെ ഈ സെലക്ടീവ് സ്വഭാവം മാത്രം മതിയാകും.

മുറാദ് ബാസ് ഗ്രാമത്തിൽ ഞങ്ങളെ കാത്തിരുന്നത് വൃദ്ധരായിരുന്നു. അവരുടെ തൂവെള്ള താടി പോലെ മനോഹരവും വൃത്തിയുള്ളതുമായിരുന്നു അവർ ധരിച്ചിരുന്ന വെളുത്ത കുർത്തകളും. വീടുകളിലേക്കുള്ള വഴികളും പരിസരങ്ങളും ശുചിത്വമുള്ളതായിരുന്നു. ചെറുപ്പക്കാരാരെയും ഞങ്ങൾക്കവിടെ കാണാനായില്ല. അമീറിനും ഇ.ടി ബഷീർ സാഹിബിനും മുന്നിൽ അവരുടെ സങ്കടങ്ങൾ അണപൊട്ടിയൊഴുകി. ബജ്റംഗ് ദൾ യാത്രക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച്, ആഗസ്റ്റ് ഒന്നിന് പുലർച്ചെ നാലുമണിക്ക് പോലീസ് ഗ്രാമങ്ങളിൽനിന്ന് ചെറുപ്പക്കാരെ വേട്ടയാടാൻ തുടങ്ങി. അറസ്റ്റ് വാറണ്ടില്ലാതെ, വനിതാ പോലീസുകാരില്ലാതെ എത്തിയ പോലീസ് സംഘം സ്ത്രീകളെ വീടിന് പുറത്തേക്ക് തള്ളിമാറ്റി കൗമാരക്കാരെയും ചെറുപ്പക്കാരെയും കൊണ്ടുപോയി. മുറാദ് ബാസിൽ നിന്ന് മാത്രം 40-ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരിൽ 15 വയസ്സിന് താഴെയുള്ള കൗമാരക്കാരും ഹജ്ജ് കഴിഞ്ഞെത്തിയ സലീമും മാനസിക അസ്വസ്ഥതയുള്ള സഹോദരനും 65 കഴിഞ്ഞ ഷുഗർ രോഗിയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന ചെറുപ്പക്കാരുമൊക്കെ പെടും. നിരപരാധികളായ മക്കളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച റുബീന എന്ന ഉമ്മയുടെ വസ്ത്രങ്ങൾ കീറി ഷോൾഡർ ഞെരിച്ച് റോഡുവരെ വലിച്ചിഴച്ചത് മേവു ഗ്രാമ്യഭാഷയിൽ അവർ വിവരിച്ചപ്പോൾ, അത് വേണ്ടപോലെ മനസ്സിലായില്ലെങ്കിലും ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.

രാവിലെ പോലീസ് സ്റ്റേഷനിൽ അന്വേഷിക്കാൻ പോയവരെയും കരുതൽ തടങ്കലിന്റെ പേരിൽ കസ്റ്റഡിയിൽ വെക്കാൻ തുടങ്ങിയതോടെ ഗ്രാമീണർ ഭയവിഹ്വലരായി. അവർ പോലീസ് സ്റ്റേഷനിൽ പോകുന്നത് നിർത്തി. പല ചെറുപ്പക്കാരും പോലീസ് വേട്ട പേടിച്ച് തൊട്ടടുത്ത കാടുകളിൽ രക്ഷതേടി. നൂഹിലെ വിവിധ ഗ്രാമങ്ങളിലുള്ള 500-ലധികം ചെറുപ്പക്കാരെ കുറിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു വിവരവുമില്ലെന്ന് ഗ്രാമീണർ പറയുന്നു. അറസ്റ്റ് ചെയ്തവരുടെ എണ്ണവും ആർക്കുമറിയില്ല. എം.പി അടക്കമുള്ളവരോട് കൂപ്പുകൈയോടെ അവർ അഭ്യർഥിച്ചു: 'പോലീസ് കസ്റ്റഡിയിലുള്ളവരുടെ വിവരമെങ്കിലും കിട്ടിയാൽ വലിയ ആശ്വാസമാകുമായിരുന്നു.' നിയമപരമായി എല്ലാ സഹായവും അദ്ദേഹമവർക്ക് വാഗ്ദാനം നൽകി. എല്ലാ അർഥത്തിലുമുള്ള പിന്തുണയും സഹായവും അമീറും അവർക്ക് ഉറപ്പുകൊടുത്തു.

ചെറുപ്പക്കാർ ഗ്രാമം വിട്ടതോടെ അന്നന്നത്തെ വരുമാനംകൊണ്ട് ജീവിച്ചിരുന്ന വീടുകൾ പട്ടിണിയായതിന്റെ കദന കഥകളും അവർ വിവരിച്ചു. ഭരണകൂടത്തിന്റെ തന്നെ ആസൂത്രിത പദ്ധതിയായതിനാൽ സർക്കാർ സഹായമൊന്നും അവർക്ക് ലഭ്യമല്ല. എ.പി.സി.ആർ ഇടപെടലാണ് കുറച്ച് പേർക്കെങ്കിലും ആശ്വാസമാകുന്നത്.

മേവാത്ത് വിട്ട് ഏറെ ദൂരം കഴിഞ്ഞാണ് പുറം ലോകത്തേക്കുള്ള കണക്റ്റിവിറ്റി മൊബൈലുകളിൽ പുനഃസ്ഥാപിക്കപ്പെട്ടത്. കൂടെയുണ്ടായിരുന്ന മീഡിയാ വൺ ചീഫ് റിപ്പോർട്ടർ ധനു സുമേദും വിഷൻ 2026 പ്രവർത്തകരായ അയ്യൂബ് തിരൂരും ഇല്യാസ് ഹമദാനിയും ഇ.ടി ബഷീർ സാഹിബിന്റെ പി.എ അഫ്നാനും വളരെയേറെ ഹൃദയ ഭാരത്തോടെയാണ് യാത്ര പറഞ്ഞ് പിരിഞ്ഞത്.