കര്‍ണാടകയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ തന്റെ പാണ്ഡിത്യം കൊണ്ടും സംഘാടക പാടവം കൊണ്ടും മുന്‍നിരയില്‍ എത്തിച്ച മൗലാനാ നജ്്മുദ്ദീന്‍ ഉമരി കഴിഞ്ഞ ആഗസ്റ്റ് 20-ന് നമ്മെ വിട്ടുപിരിഞ്ഞു. ഗുല്‍ബര്‍ഗ പട്ടണത്തില്‍നിന്ന് തന്റെ വീട്ടിലേക്കുള്ള യാത്രയിലുണ്ടായ റോഡപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രയില്‍ കൂടെയുണ്ടായിരുന്ന ഉമരിയുടെ സഹോദരന്‍ സംഭവ ദിവസം തന്നെ മരിച്ചു.
1969-ല്‍ ജനിച്ച നജ്മുദ്ദീന്‍ ഉമരി ഗുല്‍ബര്‍ഗ ഗവ. കന്നഡ മീഡിയം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം തമിഴ്്നാട്ടിലെ ഉമറാബാദിലാണ് പഠനം തുടര്‍ന്നത്. ആന്ധ്രയില്‍ മദ്റസാ അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കെ എസ്.ഐ.ഒ അംഗത്വമെടുത്തു. 1995-97 കാലയളവില്‍ എസ്.ഐ.ഒ ഷിമോഗ ജില്ലാ പ്രസിഡന്റ്, 97-99-ൽ സംസ്ഥാന സെക്രട്ടറി, 1999-2001-ല്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. എസ്.ഐ.ഒ കാലാവധി പൂര്‍ത്തിയായതോടെ ജമാഅത്ത് അംഗത്വം നേടി. 2003-2007-ല്‍ ബീദര്‍-ഗുല്‍ബര്‍ഗ ജില്ലാ നാസിമായിരുന്നു. 2007-2015 കാലത്ത് ജമാഅത്തെ ഇസ്്ലാമി സംസ്ഥാന സെക്രട്ടറിയായി. 2015 മുതല്‍ 2017 വരെ മേഖലാ നാസിമായും സേവനം ചെയ്തു.
മരിക്കുമ്പോള്‍ ഗുല്‍ബര്‍ഗ മേഖലാ നാസിമായിരുന്നു. കുറഞ്ഞ കാലം ഹാസനിലുള്ള ഇസ്്ലാമിയാ അറബിക് കോളേജ് മന്‍സൂറയില്‍ അതിന്റെ അഡ്മിനിസ്‌ട്രേറ്ററായും സേവനം ചെയ്തു.
ലളിത ജീവിതം നയിച്ച മൗലാനാ ഉമരി പ്രവര്‍ത്തകർക്ക് പ്രിയങ്കരനായിരുന്നു. ബാംഗ്ലൂരിലുള്ള ഹല്‍ഖാ ആസ്ഥാനത്ത് നടക്കുന്ന ഏത് പരിപാടിയിലും തന്റെ ശബ്ദഗാംഭീര്യംകൊണ്ടും ഉര്‍ദു ഭാഷയിലുള്ള നൈപുണ്യംകൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കുമായിരുന്നു. മൂത്ത സഹോദരന്‍ ഈയിടെയാണ് അനാരോഗ്യം കാരണം മരിച്ചത്. യാദ്ഗീര്‍ ജില്ലാ നാസിമായിരുന്ന മറ്റൊരു സഹോദരന്‍ നുസ്രത്ത് മുഹ്‌യുദ്ദീന്‍ കൊറോണ കാലത്തുണ്ടായ റോഡപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ഉമരി സാഹിബിന് അന്നും പരിക്ക് പറ്റിയിരുന്നു. മൗലാനയുടെ ഒരു സഹോദരന്‍ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. മൗലാനക്ക് മക്കളില്ല. ഗുല്‍ബര്‍ഗയിലെ ഹിദായത്ത് സെന്ററില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ ആയിരങ്ങൾ പങ്കെടുത്തു.
പി.കെ അബ്ദുർറഹ്്മാൻ വിരാജ്പേട്ട
വളപ്പിൽ മായിൻ
സാമൂഹിക, സാംസ്കാരിക, ദീനീ, ജീവ കാരുണ്യ രംഗങ്ങളിൽ പകരം വെക്കാനില്ലാത്ത വലിയ നന്മ മനസ്സിന്റെ ഉടമയായിരുന്നു ഞങ്ങൾ മായിൻക്ക എന്ന് വിളിച്ചിരുന്ന വളപ്പിൽ മായിൻ.
രോഗത്തിന് മുമ്പിൽ ഒട്ടും പതറാതെ തന്റെ പ്രസ്ഥാനത്തിനും മഹല്ലിനും ജീവിതം സമർപ്പിച്ച പച്ച മനുഷ്യൻ. കൂട്ടായി ഹൽഖാ നാസിം എന്ന നിലയിൽ പ്രദേശത്ത് പ്രസ്ഥാന വ്യാപനത്തിന് നിരന്തരം പണിയെടുത്തതിനോടൊപ്പം തന്നെ ഞങ്ങളുടെ ചൈതന്യ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ എപ്പോഴും സഹകരിക്കുകയും, പ്രയാസങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകളായും ഭക്ഷണ കിറ്റുകളായും അദ്ദേഹം സഹായങ്ങൾ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ലളിതമായ ഭക്ഷണവും വസ്ത്രവും. ഹൃദ്യമായ പെരുമാറ്റം. അദ്ദേഹത്തിന്റെ വിയോഗം നാട്ടിലെ ജീവകാരുണ്യ രംഗത്തും ദീനീ രംഗത്തുമുള്ള പ്രവർത്തനങ്ങളിൽ വല്ലാത്തൊരു വിടവ് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ദീനീ രംഗത്ത് വളരെ പ്രശസ്തമായ പൊന്നാനിയുമായി അടുത്ത ബന്ധമുണ്ടായതുകൊണ്ടു തന്നെ അദ്ദേഹം കല്യാണം കഴിച്ചത് അവിടെനിന്നാണ്; അഞ്ചു പെണ്മക്കളെ കല്യാണം കഴിച്ചയച്ചതും അങ്ങോട്ടേക്ക് തന്നെ.
ആസിയയാണ് ഭാര്യ. ഫൗസിയ, ഷമീമ, മുബീന, മുനീറ, സബീന എന്നിവർ മക്കൾ. സുബൈർ, പരേതനായ ശറഫുദ്ദീൻ, മുജീബ്, സിറാജ്, ജലീൽ എന്നിവർ മരുമക്കൾ.
ശരീഫ് കൂട്ടായി