വായന

വായന ആരംഭിച്ച കാലം തൊട്ടേ 'പ്രബോധന'വുമായി ആത്മബന്ധവും തുടങ്ങി. പ്രതിപക്ഷ പത്രം എന്ന പേരില്‍, ഇന്നത്തെ വാരികയുടെ കെട്ടിലും മട്ടിലും ഇറങ്ങിയ കാലം. ബാപ്പക്ക് 'പ്രബോധന'ത്തിലെ ലേഖനങ്ങള്‍ വായിച്ചുകൊടുത്തുകൊണ്ടായിരുന്നു തുടക്കം. 'അല്‍ ഫാറൂഖ്, 'ന്യൂ അന്‍സാരി', 'ചിന്തകന്‍' എന്നീ പ്രസിദ്ധീകരണങ്ങളും വീട്ടില്‍ വരുമായിരുന്നു. അതിലെ ലേഖനങ്ങളും വായിച്ചുകേള്‍പ്പിക്കണം. അന്നത്തെ 'പ്രബോധന'ത്തിലെ പല ലേഖനങ്ങളുടെയും തലക്കെട്ട് ഇപ്പോഴും ഓര്‍മയില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്. 'താണ്ഡന്‍ജി താങ്കളും', 'ഖിലാഫത്തുര്‍റാശിദയിലെ അടിസ്ഥാനങ്ങള്‍', 'ലൈംഗിക ജീവിതത്തില്‍ മഹാ വിപ്ലവം', 'യുദ്ധം സാമ്രാജ്യത്വ ഭീകരതയുടെ മുഖം'… അങ്ങനെ പല തലക്കെട്ടുകളും. ടി. മുഹമ്മദ് കൊടിഞ്ഞി, പി. മുഹമ്മദ് കൊറ്റിയോട് (അബുല്‍ ജലാല്‍), വി.പി മുഹമ്മദലി, കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല, കെ.എം അബ്ദുര്‍റഹീം, വി.പി അബ്ദുല്ല തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാര്‍.

കാലം കടന്നുപോയി. ശാന്തപുരം കോളേജിലേക്ക് ജീവിതം പറിച്ചുനട്ട കൗമാര കാലം. 'പ്രബോധന'മെന്ന കൂട്ടുകാരനും കൂടെ പോന്നു. വായന തുടര്‍ന്നു. 'പ്രബോധന'ത്തില്‍ ലേഖനം പ്രസിദ്ധീകരിക്കുന്നത് ജീവിത സായൂജ്യമായി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കരുതിയ കാലം. കെ. അബ്ദുല്‍ ജബ്ബാര്‍, ടി.കെ ഇബ്‌റാഹീം എന്നിവരുടെ ലേഖനങ്ങള്‍, 'പ്രോ ത്സാഹനാര്‍ഥം' എന്നു ബ്രാക്കറ്റില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അവരും സുഹൃത്തുക്കളും അത് ആഘോഷിച്ചു. 'യുദ്ധം സാമ്രാജ്യത്വ ദുരയുടെ ദുര്‍ഭഗ സന്തതി' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ വി.കെ ഹംസ അപ്പോഴേക്കും എഴുതിത്തെളിഞ്ഞിരുന്നു. എറണാകുളത്ത് നടന്ന കേരള ഇസ്ലാമിക് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ വി.കെ ഹംസ ക്ഷണിക്കപ്പെട്ടതും 'പ്രബോധന' ലേഖനങ്ങളെ തുടര്‍ന്നാണ്.

കാലം കടന്നുപോയി. 'പ്രബോധനം' ടാബ്ലോയിഡിലേക്ക് മാറി. മൗലിക ലേഖനങ്ങള്‍ക്ക് പുറമെ വാര്‍ത്താവലോകനങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളും കൂടുതല്‍ ഇടം നേടി. നിരീക്ഷകന്‍, ബിഹോള്‍ഡര്‍, ഇന്‍സൈഡര്‍ തുടങ്ങിയ പേരുകളില്‍ ശ്രദ്ധേയമായ ലേഖനങ്ങളും വിശകലനങ്ങളും കൗതുകത്തോടെ വായിച്ചു. ആദ്യ പേജില്‍ വന്നുകൊണ്ടിരുന്ന നിരീക്ഷകന്റെ ലേഖനം സര്‍വരാലും ശ്രദ്ധിക്കപ്പെട്ടു. 'മാര്‍ക്‌സിസ്റ്റ് സര്‍പ്പം വിഷം ചീറ്റുന്നു' എന്ന എ.ആറിന്റെ ലേഖനം ഓര്‍ക്കുന്നു. 'പ്രബോധന'ത്തില്‍ വരുന്ന വിമര്‍ശന ലേഖനങ്ങള്‍ക്ക് ഇ.എം.എസിന്റെ മറുപടി 'ദേശാഭിമാനി'യില്‍ വന്നുകൊണ്ടിരുന്നു. ആയിടെ തന്നെയാണ് എ.ആര്‍ 'പ്രബോധന'ത്തിലും എ.എസ് 'ചന്ദ്രിക'യിലും 'അക്ഷര യുദ്ധം' നടത്തിയത്. 'കയ്‌റോയില്‍ ഒരു വൈറ്റ് ഹൗസ്', 'വിശക്കുന്ന വയറുകള്‍ക്ക് ബോംബുരുള' എന്നീ തലക്കെട്ടുകളില്‍ എന്റെ ലേഖനങ്ങളും ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചു. എൺപതുകളുടെ ആദ്യ പാദത്തിലായിരുന്നു അത്. അന്ന് കുവൈത്തിലെ പ്രവാസ ജീവിതം ആരംഭിച്ചിരുന്നു. 'ഓര്‍മകളില്‍ ജീവിക്കുന്ന ബനാന്‍', 'മിനാരങ്ങള്‍ക്ക് ഒരു സുവര്‍ണ രേഖ' തുടങ്ങി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ വല്ലാത്ത ആഹ്ലാദം.

സര്‍വ ജനങ്ങള്‍ക്കും 'പ്രബോധനം' മികച്ച വായനാനുഭവം സമ്മാനിച്ചു. അതിന്റെ വായനാ വൃത്തം പ്രസ്ഥാന മേഖലയില്‍ ഒതുങ്ങിനിന്നില്ല. സകല ദിക്കിലേക്കും ഒഴുകിപ്പരന്നു. 'ചന്ദ്രിക' പത്രാധിപ സമിതിയില്‍ ജോലി ചെയ്ത കാലത്ത് ഒരു കാര്യം മനസ്സിലായി. മുസ്ലിം ലീഗിലെ പല ഉന്നത നേതാക്കളും 'പ്രബോധനം' മുടങ്ങാതെ വായിക്കാറുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയ, പി. കുട്ടിയമ്മു, യു.എ ബീരാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, റഹീം മേച്ചേരി തുടങ്ങിയവര്‍ അക്കൂട്ടത്തിലെ പ്രമുഖരാണ്.

ഒരു കാലഘട്ടത്തില്‍ ജീവിച്ച തലമുറയുടെ ചിന്തകള്‍ രൂപപ്പെടുത്തുന്നതില്‍ 'പ്രബോധനം' വഹിച്ച പങ്ക് അനിഷേധ്യമാണ്. ഈ കാലഘട്ടത്തിലും ഈ നിരീക്ഷണം സത്യമാണ്. 'പ്രബോധനം' പ്രസ്ഥാന പ്രവര്‍ത്തകരുടെ ആവേശമാണ്, അന്നും ഇന്നും. ആലുവയില്‍ അധ്യാപകനായിരുന്ന കാലം. മാറമ്പിള്ളി-ചാലക്കല്‍ പ്രദേശത്തെ ഒരു 'ഇബ്റാഹീംക്ക'യെ ഞാന്‍ ഇന്നും ഓര്‍ക്കും. മധുര നാരങ്ങ നിറച്ച കൊട്ടയും തലയിലേറ്റി 'നാരങ്ങ, നാരങ്ങ' എന്ന് പറഞ്ഞ് നിരത്തിലൂടെ നീങ്ങുന്ന അദ്ദേഹത്തിന്റെ കൊട്ടയില്‍ 'പ്രബോധനം' വാരികയും ഉണ്ടാവും. 'പ്രബോധനം' ഏജന്റായ അദ്ദേഹത്തിന്റെ പ്രാസ്ഥാനിക ജീവിതത്തിലെ ദൗത്യ നിര്‍വഹണം കൂടിയായിരുന്നു 'പ്രബോധനം' വിതരണം. കൂട്ടത്തില്‍ മറ്റൊരു ഓര്‍മയും പങ്കുവെക്കട്ടെ. മര്‍ഹൂം കെ. മൊയ്തു മൗലവി സ്വകാര്യം പറഞ്ഞതാണ്. 'പ്രബോധന'ത്തെ ഹൃദയത്തില്‍ ഏറ്റിയ ഒരു നിഷ്‌കളങ്കന്റെ കഥ. 'അമ്പതുകളുടെ ആദ്യ ഘട്ടം. അന്ന് 'പ്രബോധന'ത്തില്‍ 'സുഹാഗ്' ഹെയര്‍ ഓയിലിന്റെ പരസ്യവും വന്നിരുന്നു. വായനക്കാരന്‍ കത്തിലൂടെ എഡിറ്ററോട് എഴുതി ചോദിക്കുന്നു: 'സാഹിത്യങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞപ്പോള്‍ പൈസയൊക്കെ തീര്‍ന്നുപോയി. സുഹാഗ് ഹെയര്‍ ഓയില്‍ അടുത്ത മാസം വാങ്ങിയാല്‍ മതിയാകുമോ?' l

മലയാളത്തിൽ എഴുപത്തിയഞ്ചിൽപരം ഖുർആൻ പരിഭാഷകളും വ്യാഖ്യാനങ്ങളുമുണ്ട്; സ്വതന്ത്ര കൃതികളായും ഇതര ഭാഷകളിലുള്ളവയുടെ വിവർത്തനങ്ങളായും. ഈ ഗണത്തിലേക്ക് പുതുതായി ചേരുന്ന പുസ്തകമാണ് ഹുസൈൻ കടന്നമണ്ണയുടെ 'ഖുർആൻ ഉൾസാരം.'

ഖുർആൻ ഉൾസാരം
(അമ്മ ജുസ്അ്)

ഹുസൈൻ കടന്നമണ്ണ
ഐ.പി.എച്ച്
കോഴിക്കോട്
പേജ്: 376, വില: 550

അറബി ഭാഷയിൽ, വിശിഷ്യാ ഖുർആന്റെ സവിശേഷ ഭാഷാശൈലിയിൽ പഠനതാൽപര്യവും ഗവേഷണ ത്വരയുമുള്ള പണ്ഡിതനാണ് ഗ്രന്ഥകാരൻ. ഖുർആന്റെ മുപ്പതാം ഭാഗത്തിന്റെ പരിഭാഷയും വ്യാഖ്യാനവുമാണ് തെളിമയുള്ള നല്ല മലയാളത്തിൽ തയാറാക്കിയ ഖുർആൻ ഉൾസാരം. ആദ്യം ആയത്തുകളുടെ പരിഭാഷ. പിന്നീട് പദങ്ങളുടെ അർഥം. വീണ്ടും ഓരോ പദത്തിന്റെയും വിശാല അർഥധ്വനികളിലേക്ക് പടർന്നുകയറുന്ന വിശദീകരണക്കുറിപ്പുകൾ. ഈ പരിഭാഷയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയും ഈ ഭാഷാവിശദീകരണം തന്നെ.
സാധാരണക്കാർക്കു മാത്രമല്ല, പണ്ഡിതന്മാർക്കും ഏറെ പ്രയോജനകരമാണ് ഈ വിശദീകരണം. പിന്നീട് ആ ആയത്തുകളുടെ മൊത്തത്തിലുള്ള ലളിതമായ വ്യാഖ്യാനവും കൊടുത്തിരിക്കുന്നു. ഗ്രന്ഥത്തിന്റെ ഒടുക്കം 'അനുബന്ധ'മായി പ്രാഥമിക അറബിഭാഷാ വ്യാകരണവും കൊടുത്തിട്ടുണ്ട്. ഇത് സെക്കന്ററി തലത്തിലും കോളേജ് തലത്തിലും ഖുർആൻ സ്റ്റഡി സെന്ററുകളിലുമുള്ള വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമാണ്. ആഗോള പണ്ഡിത സഭാംഗം കൂടിയാണ് ഗ്രന്ഥകാരനായ ഹുസൈൻ കടന്നമണ്ണ. ഗ്രന്ഥത്തിന്റെ കെട്ടും മട്ടും മനോഹരമായിരിക്കുന്നു. ഐ.പി.എച്ച് ആണ് പ്രസാധകർ. l

June 3, 2024
ഖുർആൻ ഉൾസാരം
by | 2 min read

വിവാഹരംഗത്ത് ഇസ്്‌ലാം വരുത്തിയ വിപ്ലവത്തെ വിലയിരുത്തേണ്ടത് ജാഹിലിയ്യാ കാലത്ത് നിലനിന്ന വിവാഹ സമ്പ്രദായങ്ങളെയും രീതികളെയും പഠിച്ചു വേണം. അക്ഷരാര്‍ഥത്തില്‍ ഇരുൾ മുറ്റിയ കാലഘട്ടം തന്നെയായിരുന്നു അത്. സ്ത്രീ-പുരുഷ ബന്ധവും വിവാഹവും അതിന് അപവാദമായിരുന്നില്ല. ഇസ്്‌ലാം പരിചയപ്പെടുത്തിയ സദാചാര മൂല്യങ്ങളും ധാര്‍മിക നിഷ്ഠകളും അറബ് സമൂഹത്തെ പുതിയ അടിത്തറയില്‍ മാറ്റിപ്പണിതു. സര്‍വതല സ്പര്‍ശിയായ മാറ്റം വിവാഹരംഗത്തും ദൃശ്യമായി. ഇസ്്‌ലാമിക വിവാഹരീതിയുടെ ലാളിത്യം, സൗന്ദര്യം എന്നിവ അനുഭവവേദ്യമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്ര വായനയില്‍ തെളിഞ്ഞുവരും. 'ജാഹിലിയ്യത്തിനെ അറിയാത്തവന്‍ ഇസ്്‌ലാമിനെ അറിഞ്ഞിട്ടില്ല' എന്ന ഉമറി(റ)ന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്. ജാഹിലിയ്യാ കാലത്തെ വിവാഹരീതികള്‍ വിചിത്രമായിരുന്നു. ഇസ്്‌ലാമിക രീതിയുടെ മഹിമ അറിയാന്‍ ജാഹിലിയ്യത്തിനെ തിരിച്ചറിയണം.

അക്കാലത്തെ വിവാഹ രീതികളില്‍ ചിലത്:
നികാഹുസ്സ്വദാഖ്, നികാഹുല്‍ ബഊലാ - വിവാഹാലോചന, മഹ്്ർ, ഈജാബ്, ഖബൂല്‍ എന്നീ ഘടകങ്ങള്‍ മേളിച്ച് ഇപ്പോള്‍ സുപരിചിതമായ വിവാഹരീതി. വിവാഹത്തിന്റെ സാധുതക്കും അംഗീകാരത്തിനും മഹ് ര്‍ നിര്‍ബന്ധോപാധിയായിരുന്നു.

നികാഹുല്‍ മഖ്ത്: പിതാവ് വിവാഹമോചനം ചെയ്ത സ്ത്രീ, പിതാവിന്റെ മരണത്തോടെ വിധവയായ സ്ത്രീ- ഇവരെ മൂത്ത പുത്രന്‍ വേള്‍ക്കുന്ന രീതിയുണ്ടായിരുന്നു. അതുപക്ഷേ, സമൂഹം അഭിലഷണീയമായി കണ്ടിരുന്നില്ല. മൂത്ത സഹോദരന്‍ മരിച്ചാലും അനന്തര സ്വത്തായി സ്ത്രീയെ സ്വന്തമാക്കാം.
നികാഹുല്‍ ബദല്‍, നികാഹുല്‍ മുബാദല: മഹ്‌റില്ലാതെ പുരുഷന്മാര്‍ പരസ്പരം സ്ത്രീകളെ സ്ഥിരമായി മാറ്റി വേള്‍ക്കുന്ന രീതി. മറുത്തു പറയാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അടിമസ്ത്രീകളെ പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടു.

നികാഹുശ്ശിഗാര്‍: ഒരാള്‍ മറ്റെയാള്‍ക്ക് തന്റെ മകളെയോ സംരക്ഷണത്തിലുള്ള സ്ത്രീയെയോ മഹ്‌റില്ലാതെ വിവാഹം ചെയ്തുകൊടുക്കും. തിരിച്ച് മറ്റെയാള്‍ തന്റെ മകളെയോ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയെയോ മഹ്‌റില്ലാതെ വിവാഹം ചെയ്തു കൊടുക്കും.

നികാഹു ളഈന: യുദ്ധത്തടവുകാരിയായ സ്ത്രീയെ, വിവാഹാലോചനയോ, മഹ്‌റോ കൂടാതെ കൈവശപ്പെടുത്തിയവന്‍ വിവാഹം കഴിക്കുന്ന രീതി.
നികാഹുല്‍ മുത്അ: നിശ്ചിത അവധി വെച്ചുള്ള വിവാഹം. മഹ് ര്‍ ഇതില്‍ ഉപാധിയല്ല. അവധി അവസാനിക്കുന്നതോടെ വിവാഹബന്ധം വേര്‍പെടുന്നു.
അല്‍ ഇസ്തിബ്ളാഅ്: പരപുരുഷനില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ ഭാര്യയെ ഭര്‍ത്താവ് പറഞ്ഞയക്കും. പണവും പദവിയുമുള്ള പുരുഷന്റെ അടുത്തേക്കാണ് സാധാരണ അയക്കുക.

അല്‍ മുളാമദ: ദരിദ്രകളായ വിവാഹിതകളെ ഭര്‍ത്താക്കന്മാര്‍ സമ്പന്നരുടെ അടുത്തേക്ക് വേഴ്ചക്ക് പറഞ്ഞുവിടും. സാമ്പത്തിക സുസ്ഥിതി കൈവരിച്ചാല്‍ യഥാര്‍ഥ ഭര്‍ത്താവിന്റെ അടുത്തേക്ക് സ്ത്രീ തിരിച്ചുവരും.
അല്‍ ബിഗാഅ്: പ്രതിഫലം വാങ്ങുന്ന വേശ്യാവൃത്തി.
അല്‍ മുഖാനദ (നികാഹുര്‍റഹ്ത്): ഒരു സ്ത്രീയെ സഹോദരങ്ങളോ, ഒരു കൂട്ടം ആളുകളോ വേള്‍ക്കുന്ന ബഹുഭര്‍തൃ രീതി.

വിചിത്രമായ ഇത്തരം വിവാഹ രീതികളെല്ലാം അവസാനിപ്പിച്ച്, പരിപാവനമായ ദാമ്പത്യ ജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് സമൂഹത്തെ ഉയര്‍ത്തുകയായിരുന്നു ഇസ്്‌ലാം. വിവാഹം, കുടുംബം, കുടുംബ സംരക്ഷണം, സന്താന പരിപാലനം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും കടമകള്‍, അവകാശങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം, വിവാഹമോചനം, അനന്തരാവകാശ നിയമങ്ങള്‍- ഇങ്ങനെ സമൂഹത്തിന്റെ ഭദ്രതക്കും സുരക്ഷിതത്വപൂര്‍ണമായ നിലനില്‍പിനും ആധാരമായ നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കി എന്നതാണ് ഇസ്്‌ലാമിന്റെ സവിശേഷത.

വിവാഹം ലളിതമാക്കാന്‍ നബി (സ) നിര്‍ദേശിച്ചു. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രാപ്യമായിരിക്കണം വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എന്ന നിഷ്‌കര്‍ഷ നബിക്കുണ്ടായിരുന്നു. നബി (സ) പറഞ്ഞു: 'മഹ്‌റില്‍ ഉത്തമം ഏറ്റവും എളുപ്പവും ലളിതവുമായതാണ്' (ബൈഹഖി). പുരുഷന് അനായാസം നല്‍കാവുന്ന മഹ് ര്‍ മാത്രമേ സ്ത്രീ ചോദിക്കാവൂ എന്ന് സാരം. ഭീമമായ മഹ്്ര്‍ ആവശ്യപ്പെടുന്നതിനാല്‍, പുരുഷന് വിവാഹം അസാധ്യമാവുകയും പെണ്‍കുട്ടികള്‍ വിവാഹിതരാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മഹ്്ര്‍ തുകക്ക് പരിധി നിശ്ചയിക്കേണ്ടിവന്നു ചില അറബ് രാജ്യങ്ങള്‍ക്ക്. മഹ്‌റിന് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങിയ അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)നെ ഒരു സ്ത്രീ ചോദ്യം ചെയ്ത് തിരുത്തിയത് ചരിത്രം. ഇസ്്‌ലാമില്‍ സ്ത്രീധനമല്ല, മഹ്‌റാണ് നിയമം. ഉമറിന്റെ ഉദ്ബോധനം ചരിത്രത്തില്‍ വായിക്കാം: ''നിങ്ങള്‍ സ്ത്രീകള്‍ക്കുള്ള മഹ്്ര്‍ തുക അധികം അധികമായി വര്‍ധിപ്പിക്കരുത്. അത് ഇഹലോകത്ത് ബഹുമതിയും തഖ് വയുടെ അടയാളവും ആയിരുന്നെങ്കില്‍ അല്ലാഹുവിന്റെ പ്രവാചകനായിരുന്നു അത് കൂടിയ തോതില്‍ കൊടുക്കേണ്ടിയിരുന്നത്. റസൂല്‍ വിവാഹം ചെയ്തതും പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുത്തതുമെല്ലാം പന്ത്രണ്ട് ഈഖിയക്കായിരുന്നു'' (തിര്‍മിദി).
വിവാഹം ആരും അറിയാത്ത സ്വകാര്യ ചടങ്ങായി നടത്തുക എന്നതായിരുന്നില്ല നബി(സ)യുടെ രീതി. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: 'നികാഹ് നിങ്ങള്‍ പരസ്യമായി നിര്‍വഹിക്കണം' (തിര്‍മിദി). വിവാഹത്തെ തുടര്‍ന്നുള്ള സല്‍ക്കാരവും വിരുന്നും നബി പ്രോത്സാഹിപ്പിച്ചു. അതൊരു സന്തോഷ പ്രകടനമാണ്, സന്തോഷം പങ്കുവെക്കലാണ്. അബ്ദുര്‍റഹ്മാനിബ്‌നു ഔഫുമായി ബന്ധപ്പെട്ട വിശ്രുതമായ സംഭവമുണ്ട്: ''അബ്ദുര്‍റഹ്്മാനിബ്‌നു ഔഫിനെ നബി വഴിയോരത്ത് കാണാനിടയായി. കുപ്പായത്തില്‍ കുങ്കുമ നിറം ശ്രദ്ധയില്‍ പെട്ട നബി: 'എന്താണിത്?'
അബ്ദുര്‍റഹ്മാന്‍: 'ഞാന്‍ വിവാഹിതനായി.'
നബി: 'അവള്‍ക്ക് നീ മഹ്‌റായി എന്ത് നല്‍കി?'
അബ്ദുര്‍റഹ്്മാന്‍: 'കാരക്കക്കുരു തൂക്കമുള്ള സ്വര്‍ണം.'
നബി: ഒരു ആടിനെ അറുത്തെങ്കിലും 'വലീമത്ത്' നല്‍കുക'' (ബുഖാരി, അബൂ ദാവൂദ്).
മദീനയില്‍ തങ്ങളുടെ നേതാവും അല്ലാഹുവിന്റെ ദൂതനുമായ നബിയെ അബ്ദുര്‍റഹ്മാനിബ്നു ഔഫ് നികാഹിന് ക്ഷണിച്ചിരുന്നില്ലെന്ന് വ്യക്തം. ക്ഷണിക്കണമെന്ന നിര്‍ബന്ധം അബ്ദുര്‍റഹ്മാനോ തന്നെ ക്ഷണിച്ചില്ല എന്ന പരിഭവം നബിക്കോ ഉണ്ടായിരുന്നില്ല. അത്രമേല്‍ ലളിതമായിരുന്നു വിവാഹകര്‍മം.
മറ്റൊരു സംഭവം സഹ്്ലുബ്‌നു സഅ്ദുസ്സാഇദി റിപ്പോര്‍ട്ട് ചെയ്തതാണ്: ഞങ്ങള്‍ നബിയുടെ സന്നിധിയില്‍ ഇരിക്കുകയാണ്. തന്നെ നബി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ അവിടെ സന്നിഹിതയായി. താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നബിയുടെ പെരുമാറ്റത്തില്‍നിന്ന് ബോധ്യമായി. അനുചരന്മാരില്‍ ഒരാള്‍ അന്നേരം: 'അവളെ എനിക്ക് വിവാഹം ചെയ്ത് തരൂ റസൂലേ?'
നബി: 'അവള്‍ക്ക് മഹ്്ര്‍ നല്‍കാന്‍ നിന്റെ വശം വല്ലതുമുണ്ടോ?'
അയാള്‍: 'എന്റെ പക്കല്‍ ഒന്നുമില്ല.'
നബി: 'ഒരു സ്വര്‍ണ മോതിരമെങ്കിലും?'
അയാള്‍: 'സ്വര്‍ണ മോതിരവും ഇല്ല. പക്ഷേ, ഒന്ന് ചെയ്യാം. എന്റെ ഈ പുതപ്പിന്റെ പകുതി ഞാന്‍ അവള്‍ക്ക് മഹ്്ര്‍ നല്‍കാം. മറ്റേ പാതി മതി എനിക്ക്.'
നബി: 'അങ്ങനെ വേണ്ട. നിനക്ക് ഖുര്‍ആന്‍ വല്ലതും അറിയുമോ?'
അയാള്‍: 'അറിയാം; ഇന്നയിന്ന സൂറത്തുകള്‍ മനഃപാഠമായുണ്ട്'.
നബി: 'പോകൂ. നിനക്കറിയാവുന്ന ഖുര്‍ആന്‍ മഹ് ര്‍ നിശ്ചയിച്ച് അവളെ നിനക്ക് ഞാന്‍ വിവാഹം ചെയ്തു തന്നിരിക്കുന്നു' (ബുഖാരി).

'വലീമത്ത്' നല്‍കാന്‍ നബി അബ്ദുര്‍റഹ്മാനിബ്‌നു ഔഫിന് നല്‍കിയ നിര്‍ദേശത്തിന് നിര്‍ബന്ധത്തിന്റെ സ്വരമുണ്ടെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. അലി (റ) ഫാത്വിമയെ വിവാഹാലോചന നടത്തിയപ്പോള്‍ നബി നിര്‍ദേശിച്ചു: 'വിവാഹത്തിന് വലീമത്ത് അനിവാര്യമാണ്' (അഹ്്മദ്).

സാധ്യമായ ഭക്ഷണ വിഭവങ്ങൾ ഒരുക്കി, വലീമത്ത് ലളിതമായി നടത്താം. ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കണം. ഓരോരുത്തരുടെയും സാമൂഹിക പദവിയാണ് ഇവിടെ പരിഗണിക്കേണ്ടത്. അപ്പോഴും മിതവ്യയ ശീലം മുറുകെ പിടിക്കണം.
അനസ് (റ) നബി നല്‍കിയ വലീമത്തിനെക്കുറിച്ചോര്‍ത്ത് പറയുന്നു: ''ഖൈബറിനും മദീനക്കുമിടയിലുള്ള ഒരിടത്ത് നബി മൂന്ന് നാള്‍ പത്‌നി സ്വഫിയ്യയോടൊപ്പം താമസിച്ചു. നബി നല്‍കിയ വലീമത്തിലേക്ക് ഞാനാണ് ജനങ്ങളെ ക്ഷണിച്ചത്. അതില്‍ റൊട്ടിയും ഇറച്ചിയും ഒന്നും ഉണ്ടായിരുന്നില്ല. ബിലാലിനോട് ഒരു വിരിപ്പ് വിരിക്കാന്‍ നബി പറഞ്ഞു. ബിലാല്‍ വിരിപ്പ് വിരിച്ചു. പാല്‍ക്കട്ടിയും നെയ്യും കാരക്കയും ജനങ്ങള്‍ അതില്‍ കൊണ്ടിട്ടു. അതെല്ലാവരും കഴിച്ചു. അതായിരുന്നു നബിയുടെ വലീമത്ത്'' (ബുഖാരി).

ദമ്പതികളെ അനുഗ്രഹിക്കുന്നതും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും സുന്നത്താണ്. അബൂഹുറയ്‌റ: ''ഒരാള്‍ വിവാഹിതനായാല്‍ നബി അയാളെ അനുമോദിക്കുകയും അനുഗ്രഹത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യും. 'ബാറകല്ലാഹു ലക, വബാറക അലൈക, വ ജമഅ ബൈനകുമാ ഫീ ഖൈരിന്‍.''

വിവാഹം ആന്ദവേള

വിവാഹം സന്തോഷവേളയാണ്.ആനന്ദം പങ്കുവെക്കുന്നതിന്റെ ഭാഗമായി വിനോദങ്ങളില്‍ ഏര്‍പ്പെടാം. മാനസികോല്ലാസം നല്‍കുന്ന ഗാനങ്ങളും കൈകൊട്ടിക്കളിയും ഒപ്പനയും ഒക്കെ ആവാം. നബി അവ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി അനുവദിച്ച കലാരൂപങ്ങള്‍ പോലും അനുവദിക്കാതെ വിവാഹ വീടിനെ മരണ വീടിന് തുല്യമാക്കി മസില്‍ പിടിക്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്. ഇസ്്‌ലാമിന്റെ വിശാലതയും, ഹിതകരമായതെന്തും ഉള്‍ക്കൊള്ളുന്ന ഉദാരതയും മനസ്സിലാക്കാത്ത വരണ്ട മനസ്സിന്റെ ഉടമകള്‍ക്ക് അങ്ങനെ പെരുമാറാനേ സാധിക്കുകയുള്ളൂ.
വിവാഹ സദസ്സില്‍ പാട്ടുപാടുന്നത് നബി പ്രോത്സാഹിപ്പിച്ചു. റുബയ്യിഅ് ബിന്‍ത് മുഅവ്വദ് ഓര്‍ക്കുന്നു: ഞാന്‍ വിവാഹിതയായ ദിവസം നബി എന്റെ അടുത്ത് കയറിവന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ എന്റെ കൂട്ടുകാരികള്‍ ദഫ് മുട്ടി ബദ്‌റില്‍ വധിക്കപ്പെട്ട എന്റെ പിതാക്കന്മാരെ അനുസ്മരിച്ചു പാട്ടുപാടുകയാണ്. നബിയെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ പാടിയ വരികള്‍: 'നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളില്‍ ആഗതനായിരിക്കുന്നു.' ഇതു കേട്ട നബി: 'ആ വിശേഷണം അരുതാത്തത്. അത് ഉപേക്ഷിക്കുക. അതിന് മുമ്പ് പാടിയത് പാടിക്കൊള്ളുക' (ബുഖാരി).

അന്‍സ്വാരിയായ പുരുഷന്റെ സന്നിധിയിലേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി ആഇശയോട് ചോദിച്ചു: ''ആഇശാ, വിനോദത്തിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്‍സ്വാരികള്‍ക്ക് വിനോദം ഇഷ്ടമാണ്'' (ബുഖാരി). 'ദഫ് മുട്ടി പാട്ടുപാടുന്ന പെണ്‍കുട്ടികളെ അയച്ചില്ലേ?' എന്ന് നബി അന്വേഷിച്ചതും ഹദീസില്‍ വായിക്കാം.

വിവാഹാഘോഷ വേളകളില്‍, ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും അതിര്‍ വരമ്പുകള്‍ പാലിച്ച് ഗാനങ്ങളും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് ആനന്ദങ്ങൾ ആവാം. അവ പക്ഷേ, ഇന്ന് സര്‍വത്ര കാണുന്ന ആഘോഷാഭാസങ്ങള്‍ക്കും ഗാന അട്ടഹാസങ്ങള്‍ക്കുമുള്ള സമ്മതപത്രമല്ല എന്ന് തിരിച്ചറിയണം. വിവാഹ സദസ്സുകളില്‍ സ്‌നേഹ ഭാഷണങ്ങളോ, പരസ്പരമുള്ള ക്ഷേമാന്വേഷണങ്ങളോ പോലും സാധ്യമാവാത്ത രൂപത്തില്‍, സംഗീതമേളാ ട്രൂപ്പുകള്‍ മത്സരിച്ച് അരങ്ങു തകര്‍ക്കുകയും വിവാഹവേദികള്‍ ബഹളമയമാക്കുകയും ചെയ്യുന്ന രീതികള്‍ അഭിലഷണീയമോ, അനുവദനീയമേ അല്ല. l

നല്ല വ്യക്തിയുടെ സൃഷ്ടിയാണ് ഇസ് ലാമിന്റെ ലക്ഷ്യം. ശാന്തവും ഭദ്രവുമായ സമൂഹ നിര്‍മാണത്തിനാവശ്യം നല്ല വ്യക്തികളാണ്. നല്ല കുടുംബത്തിന്റെ സൃഷ്ടിയും ഇസ് ലാമിന്റെ ലക്ഷ്യമാണ്. നല്ല സമൂഹ സംവിധാനത്തിന്റെ അനിവാര്യ ഘടകം നല്ല കുടുംബമാണ്. പുരുഷനെയും സ്ത്രീയെയും തമ്മില്‍ ബന്ധിക്കുന്ന സുവര്‍ണ പാശമാണ് വിവാഹം. ഒന്നും ഒന്നും ചേര്‍ന്ന് 'മ്മിണി ബല്യ ഒന്നായി'ത്തീരുന്ന വിവാഹത്തിന് ഇസ് ലാമിക ശരീഅത്ത് വലിയ പ്രാധാന്യമാണ് കല്‍പിച്ചിട്ടുള്ളത്. ലൈംഗിക തൃഷ്ണയുടെ ശമനത്തിന് ദൈവം നിശ്ചയിച്ചു നല്‍കിയ വിഹിത മാര്‍ഗമാണ് വിവാഹം. സന്യാസത്തെയും ബ്രഹ്മചര്യത്തെയും ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന സര്‍വതന്ത്ര സ്വതന്ത്ര ജീവിതത്തെയും ഇസ് ലാം വിലക്കുന്നു.

വിവാഹവും കുടുംബവും സൃഷ്ടിക്കുന്ന ബാധ്യതകളില്‍നിന്നും കടപ്പാടുകളില്‍നിന്നും ഒളിച്ചോടുന്ന യുവാക്കളും യുവതികളും ആധുനിക യുഗത്തിന്റെ അഭിശാപങ്ങളില്‍ ഒന്നാണ്. വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ പിറന്നുവീഴുന്ന സന്തതികള്‍ ഇന്ന് പാശ്ചാത്യ ലോകത്തിലെ തിക്ത യാഥാര്‍ഥ്യമാണ്. 11 യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാഹേതര ജനനങ്ങളാണ് ഭൂരിപക്ഷവും. 1960-കള്‍ക്ക് മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിവാഹേതര ജനന നിരക്ക് 6 ശതമാനമായിരുന്നു. എന്നാല്‍, ഇന്ന് ഫ്രാന്‍സിലും മറ്റു 10 യൂറോപ്യന്‍ രാജ്യങ്ങളിലും പെറ്റ് വീഴുന്ന കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും വിവാഹേതര ബന്ധത്തില്‍ പിറക്കുന്നതാണ്. ലോകാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 15 ശതമാനം കുട്ടികളും പിറന്നത് വിവാഹേതര ബന്ധത്തിലൂടെയാണ് (Strange Maps - March 14, 2023).

ദൗത്യങ്ങള്‍ തനിച്ച് നിറവേറ്റുന്ന രീതിയില്‍ അല്ല അല്ലാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചിട്ടുള്ളത്. പരസ്പരാശ്രിതവും പരസ്പര പൂരകവുമായാണ് പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കളും വര്‍ത്തിക്കുന്നത്. വിദ്യുത്പ്രവാഹത്തിന് പോസിറ്റീവും നെഗറ്റീവും വേണം. വെളിച്ചവും ചൂടും ചലനവും ഉണ്ടാക്കുന്നതാണല്ലോ വിദ്യുച്ഛക്തി. പ്രോട്ടോണും ന്യൂട്രോണും ചേര്‍ന്നാണല്ലോ ആറ്റം അഥവാ അണു പ്രപഞ്ചം. മരങ്ങളും സസ്യങ്ങളും ഉണ്ടാകുന്നത് ആണ്‍-പെണ്‍ പരാഗണത്തിലൂടെയാണ്. സസ്യലോകത്ത് ഈ പ്രക്രിയ നടക്കുന്നതിന്റെ ഫലമാണ് ചെടികളും വൃക്ഷങ്ങളുമെല്ലാം. ജന്തുലോകത്തും വംശപരമ്പര നിലനില്‍ക്കണമെങ്കില്‍ ആണും പെണ്ണും ചേരണം. ഇതാണ് പ്രകൃതിനിയമം; അല്ലാഹു നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥ. അതാണ് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്: "നാം സകല വസ്തുക്കളുടെയും ജോടികള്‍ സൃഷ്ടിച്ചു. നിങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍'' (അദ്ദാരിയാത്ത് 49). "ഭൂമിയില്‍ മുളയ്ക്കുന്ന സസ്യങ്ങളിലും ഇവരുടെ (മനുഷ്യരുടെ) തന്നെ വര്‍ഗത്തിലും ഇവര്‍ക്കറിഞ്ഞു കൂടാത്ത മറ്റെല്ലാ വര്‍ഗങ്ങളിലും ഇണകളെ സൃഷ്ടിച്ചവന്‍ എത്രയും പരിശുദ്ധൻ" (യാസീൻ 36).
ജന്തുലോകത്ത് ഉല്‍കൃഷ്ട പദവി അലങ്കരിക്കുന്ന മനുഷ്യവര്‍ഗത്തിന് ഏറ്റവും മാന്യവും അന്തസ്സുറ്റതുമായ മാര്‍ഗമാണ് അല്ലാഹു വംശവര്‍ധനവിന് വേണ്ടി നിശ്ചയിച്ചരുളിയിട്ടുള്ളത്; അതാണ് വിവാഹം. ഒരു പുരുഷനെ തേടുന്ന മനസ്സാണ് സ്ത്രീയുടേത്. സ്ത്രീയെ തേടുന്ന ഹൃദയം പുരുഷനുമുണ്ട്. പരസ്പരാകര്‍ഷണത്തിന്റെ ഈ ജന്മസിദ്ധ വാസന അല്ലാഹു സൃഷ്ടിച്ച പ്രകൃതിയാണ്. ആഹാരത്തിനും പാനീയത്തിനുമപ്പുറം, മനുഷ്യ മനസ്സിനനുഭവപ്പെടുന്ന ശൂന്യതാ ബോധം അകറ്റാനാണ് വിവാഹം. മനസ്സിനെയത് സ്വസ്ഥമാക്കും. അന്തഃസംഘര്‍ഷങ്ങള്‍ അകറ്റി ശാന്തി പകരും. മനഃശാന്തിയും സ്‌നേഹവും കാരുണ്യവും ഇരുവരിലും നിറയുന്ന ആനന്ദമുഹൂര്‍ത്തങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുള്ള കുടുംബം, ആരാമമായി മാറുന്ന അത്ഭുതമാണ് പിന്നെ സംഭവിക്കുക.

അല്ലാഹു വിവരിക്കുന്നതിങ്ങനെ: "അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നതും- അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തിനുകരാന്‍- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്" (അര്‍റൂം 21).

ഈ സൂക്തം നമ്മുടെ പരിചിന്തനം അര്‍ഹിക്കുന്നുണ്ട്. സൂക്തത്തില്‍ അല്ലാഹു ഉപയോഗിച്ച പദം 'മവദ്ദത്ത്, റഹ് മത്ത്' എന്നാണ്. എന്തുകൊണ്ടാണ് സ്‌നേഹത്തെ സൂചിപ്പിക്കാന്‍ 'ഹുബ്ബ്' എന്ന പദം ഉപയോഗിക്കാത്തത്? 'ഹുബ്ബ്' അഥവാ സ്‌നേഹം, ഇഷ്ടം എന്നിവ ഹൃദയത്തില്‍ മൊട്ടിടുന്ന ബോധവും വികാരവുമാണ്. എന്നാല്‍, 'മവദ്ദത്ത്' ഈ സ്‌നേഹത്തിന് കര്‍മാവിഷ്‌കാരം നല്‍കുന്ന വികാരമാണ്. സ്‌നേഹിക്കുന്ന വ്യക്തിയുടെയും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയുടെയും പ്രസക്തിയും പദവിയും 'മവദ്ദത്ത്' അടയാളപ്പെടുത്തുന്നു. ദാമ്പത്യജീവിതം ഒരു സ്വപ്‌നലോകമോ പ്രേമലീലയോ 'റൊമാന്‍സോ' അല്ല. അവയൊക്കെ അഭിലഷണീയമാണെങ്കില്‍ത്തന്നെ അവയല്ല എല്ലാം. അധ്വാനം, കഠിന പ്രയത്‌നം, വിട്ടുവീഴ്ച, കുറ്റങ്ങളുടെയും കുറവുകളുടെയും നേരെ കണ്ണടക്കല്‍, കാവലും കരുതലും ശ്രദ്ധയും പരിഗണനയും, സുഖ-ദുഃഖങ്ങള്‍ പങ്കിടല്‍, കൊടുക്കലും വാങ്ങലും ഇവയെല്ലാം ചേരുംപടി ചേര്‍ക്കുമ്പോള്‍ മാത്രമാണ് ദാമ്പത്യ ജീവിതം വിജയിക്കുന്നത്.

'മവദ്ദത്ത്' എന്ന സവിശേഷ സ്വഭാവത്തിന് 'ഹുബ്ബി'നെക്കാള്‍ ആഴവും പരപ്പുമുണ്ട്. ദമ്പതികളുടെ ഓരോ ജീവിത ചലനത്തിലും പ്രകടമാവുന്നതാണ് 'മവദ്ദത്ത്'. ഗൃഹകാര്യങ്ങളില്‍ പരസ്പര സഹായവും സഹകരണവും, സൗമ്യഭാഷണം, വികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള ഇടപെടലുകള്‍, പരസ്പരാദരവും അംഗീകാരവും- ഇങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ 'മവദ്ദ'ത്തില്‍നിന്ന് ഉണ്ടാവുന്നതാണ്. ഇങ്ങനെ ജീവിക്കുമ്പോള്‍ സ്വാഭാവികമായി സ്‌നേഹവും പ്രേമവും ഒക്കെയുണ്ടാവും. ദാമ്പത്യജീവിതത്തില്‍ 'മവദ്ദ'ത്തിന്റെ വിത്ത് വിതച്ച് പരസ്പര സഹകരണത്തിന്റെ വളം ചേര്‍ത്ത് നന്നായി പരിചരിച്ചാല്‍ നൂറ് മേനി സ്‌നേഹത്തിന്റെ വിളവെടുക്കാം.
ദാമ്പത്യ ജീവിതത്തിന്റെ ആദ്യഘട്ടം സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും പ്രണയത്തിന്റെയുമൊക്കെയാണെങ്കില്‍, രണ്ടാമത്തെ ഘട്ടം 'റഹ് മത്ത്' അഥവാ കരുണയും കരുതലും ആവശ്യമായ സന്ദര്‍ഭമാണ്. മധ്യവയസ്‌കരും വൃദ്ധരുമായിത്തീരുന്ന പഴയ 'സുന്ദരന്മാര്‍ക്കും സുന്ദരികള്‍ക്കും' ഇനിയാവശ്യം കാരുണ്യവും ആര്‍ദ്രതയുമാണ്. അതാണ് ഖുര്‍ആനിന്റെ പദവിന്യാസം സൂചിപ്പിക്കുന്ന സത്യം. താബിഈ പണ്ഡിതനായ സുഫ്്യാനുസ്സൗരിയോട് ഒരു പിതാവിന്റെ ചോദ്യം: "ഞാന്‍ ആര്‍ക്കാണ് എന്റെ മകളെ വിവാഹം ചെയ്തുകൊടുക്കേണ്ടത്?'' സുഫ് യാന്‍: "ഒരു സത്യവിശ്വാസിക്കാണ് താങ്കൾ മകളെ നല്‍കേണ്ടത്. അവന്‍ അവളെ ഇഷ്ടപ്പെട്ടാല്‍ മവദ്ദത്തോടെ പെരുമാറും. ഇഷ്ടപ്പെട്ടില്ലെങ്കിലോ അവളോട് കരുണയോടെ വര്‍ത്തിക്കും, അവളെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ഇല്ല.'' സന്തുഷ്ട കുടുംബത്തിന്റെയും ആനന്ദ ഭവനത്തിന്റെയും അടിത്തറയായി ഇസ് ലാം സിദ്ധാന്തിക്കുന്നത് - മവദ്ദത്ത്, റഹ്്മത്ത്, സകീനത്ത് എന്നീ മൂന്നെണ്ണമാണ്.

ഭദ്രമായ സാമൂഹികാടിത്തറ

ശക്തവും ഭദ്രവുമായ സമൂഹത്തിന്റെ അടിത്തറയാണ് വിവാഹത്തിലൂടെയുണ്ടാകുന്ന കുടുംബം എന്ന സ്ഥാപനം. പിതാവ്, മാതാവ്, മക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍- എല്ലാം നിറഞ്ഞ കുടുംബ സംവിധാനത്തില്‍ സ്‌നേഹവും വാത്സല്യവും അലിവും ദയയും ആര്‍ദ്രതയും അനുഭവിച്ചറിയാം. അന്തിമ വിശകലനത്തില്‍ സമൂഹത്തിനാണ് ആ നന്മകളൊക്കെയും കൂടുതൽ പ്രയോജനപ്പെടുന്നത്.

വിവാഹത്തിലൂടെ സാമൂഹിക ബന്ധങ്ങള്‍ വളരുന്നു, പുഷ്ടിപ്പെടുന്നു. നിരവധി കുടുംബങ്ങള്‍ രൂപപ്പെടുന്നു. കുടുംബ വൃക്ഷം നിരവധി ശാഖകളായും ചില്ലകളായും പടരുന്നു. ഈ വസ്തുത ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു: "ജലത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവന്‍ തന്നെയാകുന്നു. എന്നിട്ട് അവനില്‍ വംശപാരമ്പര്യത്തിന്റെയും വിവാഹത്തിന്റെയും രണ്ട് വ്യത്യസ്ത ബന്ധങ്ങളും ഉണ്ടാക്കി. നിന്റെ നാഥന്‍ വമ്പിച്ച കഴിവുള്ളവനാകുന്നു'' (അല്‍ ഫുര്‍ഖാന്‍ 54).

വീട് നോക്കാനും കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാനും മക്കളെ വളര്‍ത്താനും തന്റെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കാനും ഒരാളുണ്ടെന്ന ബോധം വ്യക്തിയില്‍ സുരക്ഷിതത്വബോധം ഉളവാക്കും. ഇതിന്റെയൊക്കെ അന്തിമ ഗുണഫലങ്ങൾ ലഭിക്കുക സമൂഹത്തിനും രാജ്യത്തിനുമായിരിക്കും.

വിവാഹാഭാസങ്ങളുടെ കാലം

വിവാഹം ലളിതമാവണമെന്നാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. വിവാഹാഘോഷങ്ങള്‍ ആഭാസമായിത്തീരുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിവാഹത്തോടെ സാമ്പത്തികമായി തകരുന്ന പല കുടുംബങ്ങളുമുണ്ട്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും ആര്‍ഭാടങ്ങളുടെയും പൊങ്ങച്ചത്തിന്റെയും വിലാസ വേദിയാണ് ഇന്നത്തെ പല വിവാഹങ്ങളും. വൈവാഹിക ജീവിത വിജയം സമ്പത്തിനെ ആശ്രയിച്ചല്ല, ദൈവബോധത്തെ ആശ്രയിച്ചാണ്. ലളിത വിവാഹത്തിലാണ് അല്ലാഹുവിന്റെ തിരുനോട്ടം പതിയുന്നത്. നബി പറഞ്ഞു: "മഹത്തായ, ബറകത്തുള്ള വിവാഹം ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ്'' (അഹ്്മദ്).

ഇസ് ലാമിക പ്രമാണങ്ങളില്‍ പരതിയാല്‍ ആധാരം കാണാത്ത നാട്ടാചാരങ്ങളും സമ്പ്രദായങ്ങളുമാണ് ഇന്ന് വിവാഹ ചടങ്ങുകളിൽ കാണാനാവുക. ദിനംപ്രതി പുതിയ രീതികളും പതിവുകളും രംഗം കൈയടക്കുന്നു. മഞ്ഞള്‍ കല്യാണം, മെഹന്തി, ജല്‍സ, ഇങ്ങനെ പല പല പേരുകളില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിവാഹ മാമാങ്കങ്ങളാണ് ഇന്നത്തെ ദുരന്തം. പണക്കാര്‍ സൃഷ്ടിച്ചുവിടുന്ന നാട്ടുനടപ്പുകളും ആചാരങ്ങളും സമ്പ്രദായങ്ങളും പാവപ്പെട്ടവരും അനുകരിക്കാൻ തുടങ്ങുമ്പോൾ സ്ഥിതി കൂടുതല്‍ വഷളാവുന്നു.

പ്രകടന വാഞ്ഛയും പൊങ്ങച്ചവും കൊടികുത്തിവാഴുന്ന ഇക്കാലത്ത് മിതവ്യയ സംസ്‌കാരം വളര്‍ത്തി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. വിവാഹകര്‍മങ്ങള്‍ ഏറെ ലളിതവും സരളവും ആവണം എന്നതാണ് ഇസ് ലാമിന്റെ കാഴ്ചപ്പാട്. പക്ഷേ, ഇന്നത് ഏറെ സങ്കീര്‍ണമായിരിക്കുന്നു. മാമൂലുകൾ അഴിഞ്ഞാടുകയാണ്. വിവാഹാലോചനകള്‍ മുതൽ തന്നെ തുടങ്ങും മാമൂലുകള്‍. ഭക്ഷണ വൈവിധ്യങ്ങളുടെ ഘോഷയാത്രയായ പെണ്ണ് കാണല്‍ ചടങ്ങ്, ഇഷ്ടപ്പെട്ടാല്‍ മിഠായിക്കൂമ്പാരങ്ങളുമായി പുരുഷന്റെ വീട്ടില്‍നിന്നുള്ള നടവരവും എഴുന്നള്ളത്തും വരവേല്‍പും, മോതിരം ഇടല്‍, സമ്മാനം കൈമാറല്‍, കല്യാണ വസ്ത്രമെടുക്കാനുള്ള വൻ യാത്ര, സേവ് ദ ഡേറ്റ് വീഡിയോ, പ്രമോ വീഡിയോ, നിശ്ചയം, നികാഹ്, കല്യാണം തുടങ്ങി പല ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകള്‍, പരിപാടികള്‍, മാമാങ്കങ്ങള്‍, ജെ.സി.ബിയിലും മയ്യിത്ത് കട്ടിലിലും കാളവണ്ടിയിലും വധുവിനെയും വരനെയും ഇരുത്തി വേദിയിലേക്ക് ആനയിക്കല്‍, കാതടപ്പിക്കുന്ന ഗാനമേള, ആഭാസങ്ങള്‍ അരങ്ങേറുന്ന പുത്യാപ്‌ള വരവ്, കുതിരപ്പുറത്തും ആനപ്പുറത്തും എഴുന്നള്ളി തെരുവോരങ്ങളില്‍ ഗതാഗതക്കുരുക്ക് വരെ സൃഷ്ടിച്ചു ഇതര മതസ്ഥരുടെ കണ്ണില്‍ പരിഹാസ്യരാകുന്ന ദയനീയാവസ്ഥ- ഇതൊക്കെ ഇന്നത്തെ മുസ് ലിം വിവാഹത്തിലെ കളങ്കങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇസ് ലാമിലെ വിവാഹരീതി എത്ര ലളിതമാണ്! സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വിവാഹത്തിന് വേദിയൊരുങ്ങുന്നു. ഞാന്‍ നിങ്ങള്‍ക്ക് എന്റെ മകളെ/പെണ്‍കുട്ടിയെ നികാഹ് ചെയ്തുതരുന്നു' എന്ന് രക്ഷിതാവും 'ഞാന്‍ അത് സ്വീകരിച്ചു' എന്ന് പുരുഷനും പറയുന്നതോടെ വിവാഹം പൂര്‍ണമായി. രണ്ട് സാക്ഷികള്‍ വേണം. മഹ്‌റും നല്‍കുന്നു. വിവാഹത്തോടനുബന്ധിച്ച് സല്‍ക്കാരം -'വലീമത്ത്'- പുണ്യകര്‍മമാണ്. സന്തോഷസന്ദര്‍ഭമാണത്. ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം നല്‍കാം. ആനന്ദത്തിന്റെ അടയാളമെന്ന നിലക്ക് വിനോദങ്ങൾ ആവാം. പാട്ടും ദഫ്മുട്ടും ഒപ്പനയും ഒക്കെയായി ആനന്ദവേളകള്‍ എന്നും ഓര്‍മിക്കാവുന്ന അനുഭവങ്ങളാക്കി മാറ്റാം. ഇതെല്ലാം ഇസ് ലാം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളുമാണ്. l

ഇസ്്‌ലാമിക ശരീഅത്തില്‍ അവഗാഹം നേടിയ പണ്ഡിതന്മാര്‍ ഖുര്‍ആനിലെയും സുന്നത്തിലെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന മതവിധിയാകുന്നു ഫത് വ. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും മതപരവുമായ വിഷയങ്ങളില്‍ കൃത്യമായ മറുപടിയോ സര്‍വാംഗീകൃതമായ അഭിപ്രായമോ ഇല്ലാതെ വരുമ്പോഴാണ് ഫത് വകളുടെ ആവശ്യം നേരിടുന്നത്. ഫത് വ പുറപ്പെടുവിക്കുക എന്നത് ഉത്തരവാദിത്വ ബോധത്തോടെ ചെയ്യേണ്ട ഗൗരവാവഹമായ കര്‍ത്തവ്യമായാണ് മുസ്്‌ലിം ലോകം കാണുന്നത്. പാശ്ചാത്യ ലോകം 'ഫത് വ' എന്ന പദം മാധ്യമങ്ങളില്‍ ഉപയോഗിച്ചുതുടങ്ങിയതും വമ്പിച്ച പ്രചാരം ആ പദത്തിന് കിട്ടിയതും രണ്ട് ഫത് വകളെ തുടര്‍ന്നാണ്. ഒന്ന്, 1989-ല്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ് സല്‍മാന്‍ റുശ്ദിക്കെതിരെ ഖുമൈനി പുറപ്പെടുവിച്ച ഫത് വ. രണ്ട്, 1998-ല്‍ അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഉസാമാ ബിന്‍ ലാദിന്‍ പുറപ്പെടുവിച്ച ഫത് വ. ലോകമെങ്ങും 'ഫത് വ'യെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും തീ പടര്‍ത്താനും ഈ രണ്ട് സംഭവങ്ങള്‍ ഹേതുവായി.

ഖുര്‍ആനില്‍ 'ഫത് വ' എന്ന പദം 'വ്യാഖ്യാനിക്കുക, വെളിപ്പെടുത്തുക' എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിച്ചതായി കാണാം. യൂസുഫ് നബിയുടെ കഥയില്‍, രാജാവ് പറഞ്ഞു: 'അല്ലയോ കൊട്ടാര വിദ്വാന്മാരേ, ഈ സ്വപ്‌നം വ്യാഖ്യാനിച്ചു തരുവിന്‍' (യൂസുഫ് 43). അവൻ ചെന്നറിയിച്ചു: യൂസുഫേ, തികഞ്ഞ സത്യസന്ധനായവനേ, എനിക്ക് ഈ സ്വപ്‌നത്തിന്റെ വ്യാഖ്യാനം പറഞ്ഞുതരിക' (യൂസുഫ് 46). രണ്ടിടങ്ങളിലും 'ഫത് വ' എന്ന പദമാണ് ഉപയോഗിച്ചത്. സൂറത്തുന്നിസാഇല്‍: ''പ്രവാചകരേ, ജനം നിന്നോട് 'കലാല'യെ സംബന്ധിച്ച വിധി ചോദിക്കുന്നുണ്ടല്ലോ. പറയുക: അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു'' (അന്നിസാഅ് 176). ഈ സൂക്തത്തില്‍ 'ഫത് വ' കൊണ്ട് വിവക്ഷ 'സ്വഹാബിമാരില്‍ പെട്ട ചിലരുടെ ചോദ്യവും അന്വേഷണവും അല്ലാഹു അതില്‍ നല്‍കുന്ന വിധിയും'' ആണെന്ന് തഫ്‌സീര്‍ ഖുര്‍ത്വുബിയില്‍ കാണാം. സൂറത്തുന്നംലില്‍ സബഇലെ രാജ്ഞി പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''അല്ലയോ നാട്ടു മുഖ്യന്മാരേ, ഈ പ്രശ്‌നത്തില്‍ എന്നെ ഉപദേശിക്കുവിന്‍. ഞാന്‍ നിങ്ങളുടെ ഉപദേശം കൂടാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ'' (അന്നംല് 34). ഈ സൂക്തത്തില്‍ 'ഫത് വ' എന്ന പദത്തിന് ഉപദേശം നല്‍കുക എന്നാണ് വിവക്ഷയെന്ന് ഇബ്‌നു ജരീറുത്ത്വബരി രേഖപ്പെടുത്തുന്നു.

അന്വേഷണത്തിന് മറുപടിയായാലും ഉപദേശമായാലും തീരുമാനമായാലും വിധിയായാലും 'ഫത് വ' അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും നടത്തേണ്ട കാര്യമാണ്. അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ നിവേദനം: നബി (സ) പറഞ്ഞു: ''നിങ്ങളില്‍ ഫത് വ നല്‍കാനായി മുന്നിട്ടിറങ്ങുന്നവര്‍ നരകത്തിലേക്കാണ് മുന്നിട്ടിറങ്ങുന്നത്'' (സുനനുദ്ദാരിമി). സൂക്ഷ്മതയും കരുതലും ജാഗ്രതയും വേണ്ട രംഗമാണെന്ന് സാരം. ബറാഉബ്‌നു ആസിബ് പറയുകയാണ്: ''നബി(സ)യുടെ സ്വഹാബികളില്‍ നൂറ്റി ഇരുപതു പേരെ ഞാന്‍ കണ്ടു. അവരില്‍ ആരോടെങ്കിലും ഒരു പ്രശ്‌നത്തില്‍ മറുപടി ആവശ്യപ്പെട്ടാല്‍ ഓരോരുത്തരും അപരനിലേക്ക് വിരല്‍ ചൂണ്ടും, മറ്റേ ആളുടെ അടുത്തേക്ക് പോകാന്‍ പറയും. അങ്ങനെ അന്വേഷണം ഒടുവില്‍ ആദ്യം സമീപിച്ച ആളിലേക്കെത്തും'' (ഇബ്‌നു അബ്ദില്‍ ബര്‍റ്: ജാമിഉ ബയാനില്‍ ഇല്‍മ്). ഫത് വയുടെ ഗൗരവം ഓര്‍ത്ത് ഒഴിഞ്ഞുമാറുകയായിരുന്നു അവരുടെ രീതിയെന്ന് സാരം.

ശൈഖ് ആയത്ത് അജലത്ത്

ഇസ്്‌ലാമിക ചരിത്രത്തിലെ പണ്ഡിതന്മാരും ഇമാമുമാരും അത്യന്തം കരുതലോടും സൂക്ഷ്മതയോടുമാണ് ഫത് വ നല്‍കിപ്പോന്നത്. തങ്ങള്‍ ഈ കാലഘട്ടത്തിലെ 'മുജ്തഹിദു'കളും 'മുഫ്തി'കളും ആണെന്ന് അവകാശപ്പെട്ട് തങ്ങളുടെ മനോവിലാസങ്ങള്‍ക്കനുസരിച്ച് നിര്‍ബാധം ഫത് വകള്‍ പുറപ്പെടുവിക്കാന്‍ മടിയില്ലാത്തവരാണ് ചിലര്‍. അങ്ങനെയാണ് സമുദായത്തിലെ ഒരു വിഭാഗം 'മുശ് രിക്കും കാഫിറും' ഒക്കെയായി ചാപ്പ കുത്തപ്പെടുന്നത്. 'മതവിധി'കളുടെ ഇത്തരത്തിലുള്ള ദുരുപയോഗത്തിനിരയായി തീ തിന്നവര്‍ മുന്‍കാലങ്ങളില്‍ ഏറെയുണ്ടായിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്.

ശൈഖ് ഹസനൈൻ മഖ്ലൂഫ്

നിരവധി ചരിത്ര ഘട്ടങ്ങള്‍ താണ്ടിയാണ് ഇസ്്‌ലാമിക ഫിഖ്ഹ് വികാസം പ്രാപിച്ചത്. കേവല കര്‍മശാസ്ത്ര കാഴ്ചപ്പാടില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന വരണ്ട, ശുഷ്‌കമായ രീതിയായിരുന്നു ഫത് വകളിൽ സ്വീകരിക്കപ്പെട്ടുപോന്നത്. ആത്മീയമോ തര്‍ബിയത്ത് പരമോ ആയ ഉള്ളടക്കം അവക്കില്ലായിരുന്നു. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍, പക്ഷേ ഈ രംഗത്ത് പ്രസ്താവ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. തങ്ങള്‍ നല്‍കുന്ന ഫത് വകള്‍ ഫിഖ്ഹ് വശത്തെ മാത്രമല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും തര്‍ബിയത്ത്-ആത്മീയ ചോദനകളെയും അഭിസംബോധന ചെയ്യണമെന്ന നിര്‍ബന്ധം ചില ഫുഖഹാക്കള്‍ക്കും മുഫ്തിമാര്‍ക്കും ഉണ്ടായെന്നത് സന്തോഷകരം തന്നെ. ഫത് വകളെ തര്‍ബിയത്തിനുള്ള മാര്‍ഗവും മാധ്യമവുമായി ഉപയോഗപ്പെടുത്തണം എന്നാഗ്രഹിച്ച്, തദനുസൃതമായ യത്‌നത്തിലേര്‍പ്പെട്ട പണ്ഡിത വ്യക്തിത്വമാണ് ഈജിപ്തിലെ മുന്‍ മുഫ്തിയായിരുന്ന ശൈഖ് ഹസനൈന്‍ മഖ്‌ലൂഫ്. താന്‍ നല്‍കിയ ഫത് വകളുടെ ശേഖരം തന്നെയുണ്ട് രണ്ട് വാള്യങ്ങളിലായി അദ്ദേഹത്തിന്.

ശൈഖ് മൂസാ ഇസ്മാഈൽ

രണ്ട് സമീപനങ്ങള്‍

ശൈഖ് ഹസനൈന്‍ മഖ്‌ലൂഫിനോട് ഒരാളുടെ ചോദ്യം: ''നിഷിദ്ധമായതൊന്നും കാണാന്‍ കഴിയാത്ത ഒരു അന്ധന്‍, നല്ല ഭക്തനാണ് അദ്ദേഹം. തഖ് വയുടെ നിറവിലാണ് ജീവിതം. മറ്റൊരാള്‍ കാഴ്ചയുള്ള വ്യക്തിയാണ്. തന്റെ ഇഛകളെ നിയന്ത്രിച്ചു മനസ്സിനെ മെരുക്കിയും കാമനകളോട് പടവെട്ടിയും നിഷിദ്ധ കാര്യങ്ങളിലേക്കൊന്നും ദൃഷ്ടി പായിക്കാതെ, കരുതലോടും ജാഗ്രതയോടും ജീവിക്കുന്ന മുത്തഖിയാണയാള്‍. ഈ രണ്ട് വ്യക്തികളില്‍ ആരായിരിക്കും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും ശ്രേഷ്ഠൻ?'' തന്റെ സൃഷ്ടികളില്‍ ചിലരെ അന്ധരായും ചിലരെ കാഴ്ചയുള്ളവരായും അല്ലാഹു പടച്ചതിന് പിന്നിലെ യുക്തി വിശദീകരിച്ച ശേഷം ശൈഖ് മഖ്‌ലൂഫ് തുടര്‍ന്നു: കണ്ണുകള്‍ രണ്ടും നഷ്ടപ്പെട്ട അന്ധന്‍ സഹനം അവലംബിക്കുകയും ക്ഷമിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് വമ്പിച്ച പ്രതിഫലം നല്‍കും. പകരമായി സ്വര്‍ഗം സമ്മാനിക്കുകയും ചെയ്യും. അനസ് റിപ്പോര്‍ട്ട് ചെയ്ത ഹദീസുണ്ടല്ലോ. നബി (സ) പറഞ്ഞു: അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ രെു ദാസനെ രണ്ട് കണ്ണുകള്‍ എടുത്തുകൊണ്ട് ഞാന്‍ പരീക്ഷിച്ചുവെന്ന് വെക്കുക. അയാള്‍ അതില്‍ ക്ഷമിച്ചാല്‍ ഞാന്‍ അവക്ക് പകരമായി സ്വര്‍ഗം നല്‍കും (ബുഖാരി). ഈ നിലക്ക് അന്ധൻ കാഴ്ചയുള്ളവനെക്കാള്‍ വമ്പിച്ച പ്രതിഫലത്തിന് അര്‍ഹനായിത്തീരുന്നുണ്ട്. എന്നാല്‍, കാഴ്ചയുള്ള വ്യക്തിയും അന്ധനും ഇഛകളോടുള്ള സമരത്തില്‍ രണ്ട് പേരും തുല്യ പ്രതിഫലം പങ്കിടുന്നുണ്ട്. അന്ധന് കാഴ്ചയൊഴികെ കേള്‍വി ഉള്‍പ്പെടെ മറ്റെല്ലാ കഴിവുകളും ഉണ്ടല്ലോ. കാഴ്ചയുള്ള വ്യക്തിയാവട്ടെ, കാഴ്ചയുണ്ടായിട്ടും അവയിലേക്കൊന്നും നോക്കാതെ തന്റെ ഇഛകളോടും ജഡിക മോഹങ്ങളോടും സമരം ചെയ്തുകൊണ്ടാണല്ലോ ഓരോ നിമിഷവും ജീവിക്കുന്നത്. അതൊരു നിസ്സാര കാര്യമായി തള്ളിക്കളയേണ്ടതല്ല. മനസ്സിനെ മോഹവലയില്‍ അകപ്പെടുത്തുന്ന ദൃശ്യങ്ങളിലേക്കൊന്നും നോക്കാതെ കരുതലോടും സൂക്ഷ്മതയോടും ജീവിക്കുന്ന കാഴ്ചയുള്ള വ്യക്തിക്കായിരിക്കും അന്ധനായ വ്യക്തിയെക്കാള്‍ വലിയ പ്രതിഫലം അല്ലാഹുവിങ്കല്‍ ലഭിക്കുക. ഇരുവര്‍ക്കുമുണ്ട് മഹത്വവും ശ്രേഷ്ഠതയും വിശിഷ്ട സ്വഭാവവും. ഒരേ കാര്യം ഒരു നിലക്ക് ശ്രേഷ്ഠവും മറ്റൊരു നിലക്ക് അതിശ്രേഷ്ഠവും ആയിത്തീരുമെന്ന് സാരം.

അന്ധനും കാഴ്ചയുള്ളവനും തമ്മിലെ വ്യത്യാസങ്ങളുടെ വിശദാംശങ്ങളല്ല ശൈഖ് മഖ്‌ലൂഫ് ഇവിടെ പരിഗണിച്ചത്. ഇഛകളോട് സമരം ചെയ്ത് വിജയിക്കുക എന്ന കഠിന യത്‌നമാണ് കാഴ്ചയുള്ളവന് നടത്താനുണ്ടായിരുന്നത്. അല്ലാഹുവിനോടുള്ള ഭയവും ആത്മസംയമനവുമാണ് അയാള്‍ക്ക് തുണയായത്. അതേ സന്ദര്‍ഭത്തില്‍ അന്ധനും പ്രതിഫലാര്‍ഹനാണ്. തനിക്കുണ്ടായ വിപത്തിലും പരീക്ഷണത്തിലും അയാള്‍ ക്ഷമിച്ചു. കാഴ്ചയല്ലാത്തതെല്ലാം അയാള്‍ക്ക് സാധിക്കുമായിരുന്നല്ലോ. സ്പര്‍ശനം, ആസ്വാദനം തുടങ്ങി എല്ലാം. എന്നിട്ടും അയാള്‍ ഹറാമില്‍ പതിക്കാതെ വിട്ടുനിന്നു. അതുകൊണ്ടു കൂടിയാണ് അയാള്‍ക്ക് ഉറപ്പായും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടത്.

ശൈഖ് മഖ്‌ലൂഫ്, ശൈഖുല്‍ ഇസ്് ലാം ഇബ്‌നു തൈമിയ്യയുടെയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമിന്റെയും പാഠശാലയില്‍നിന്ന് പഠിച്ചിറങ്ങിയ സമകാലിക അസ്ഹര്‍ പണ്ഡിതന്മാരുടെ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെട്ട പണ്ഡിത പ്രതിഭയാണ്. ഇതേപോലെ നിരവധി അര്‍ഥതലങ്ങളുള്ള ഫത് വകളില്‍ പെട്ട മറ്റൊന്നു കൂടി സൂചിപ്പിക്കാം. അള്‍ജീരിയക്കാരായ രണ്ട് പണ്ഡിത പ്രതിഭകള്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നം: ശൈഖ് മൂസാ ഇസ്മാഈലും ശൈഖ് ത്വാഹിര്‍ ആയത്ത് അജലത്തുമാണ് പണ്ഡിതന്മാര്‍. അല്‍ഷിമേഴ്‌സ് ബാധിച്ച് സ്മൃതിനാശം സംഭവിച്ച പിതാവിന്റെ വിഷയത്തില്‍ മക്കളാണ് ചോദ്യവുമായെത്തിയത്. അവര്‍ ശൈഖ് ഇസ്മാഈലിനോട്: ''അല്‍ഷിമേഴ്‌സ് ബാധിച്ച ഞങ്ങളുടെ വന്ദ്യപിതാവ്, റമദാനില്‍ പകല്‍ മറന്ന് ആഹാരം കഴിച്ചുപോകും. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്?''

അദ്ദേഹം നല്‍കിയ മറുപടി: ''നിങ്ങളുടെ പിതാവിന് ബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. മതശാസനകള്‍ക്ക് ബുദ്ധി ഉപാധിയാണ്. അതിനാല്‍, അദ്ദേഹത്തിന് നോമ്പ് എന്ന മതശാസന ബാധകമല്ല. നിങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ ബാധ്യസ്ഥരല്ല.''
ഇതേ ചോദ്യം മക്കള്‍ ശൈഖ് ആയത്ത് അജലത്തിനോടും ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മറുപടി വളരെ ശ്രദ്ധേയമായിരുന്നു: ''നിങ്ങള്‍, മക്കള്‍ പിതാവിനു വേണ്ടി ദിവസവും ഒരു സാധുവിന് ആഹാരം നല്‍കുക. നിങ്ങള്‍ നിങ്ങളുടെ പിതാവിനോട് ഒരു രോഗി എന്ന നിലക്ക് പെരുമാറുകയാണ്, പിതാവ് ചിത്തഭ്രമം പിടിപെട്ട ഭ്രാന്തന്‍ എന്ന നിലക്ക് പെരുമാറുന്നതിനെക്കാള്‍ ഉത്തമം.'' ഈ ഫത് വ കേട്ട ശൈഖ് ഇസ്മാഈലിന്റെ പ്രതികരണം: ''ശൈഖ് ത്വാഹിര്‍ ആയത്ത് അജലത്തിനെ അല്ലാഹു കാത്തു സംരക്ഷിക്കട്ടെ. 'ഫത് വ ' കേവലം ഒരു ഫത് വയാകുന്നതിന് മുമ്പ് അത് 'തഖ് വ'യാവണം എന്ന് അദ്ദേഹം സ്ഥാപിച്ചുവല്ലോ.''

ആയത്ത് അജലത്തിന്റെ ഫത് വ, തഖ് വയും മാതാപിതാക്കളോടുള്ള 'ബിര്‍റും' മുന്‍നിര്‍ത്തിയാണ്. ഒരു പിതാവിനോടുള്ള എല്ലാ മര്യാദയും അതില്‍ അടങ്ങിയിട്ടുണ്ട്. ഒന്നുകില്‍ പിതാവിന് വേണ്ടി നോമ്പു നോല്‍ക്കുക, അല്ലെങ്കില്‍ സാധുവിന് ആഹാരം നല്‍കുക-ഇത് രോഗിയോടുള്ള സമീപനമാണ്. ഇനി ബുദ്ധിയില്ലാത്ത വ്യക്തിയായി പരിഗണിച്ചാല്‍ അത് ഭ്രാന്തനോടുള്ള നിലപാടായിത്തീരും. അതും ഒരു രോഗം തന്നെ. ഭ്രാന്ത് എന്നതിന്റെ ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങളുണ്ട്, പ്രതിഫലനങ്ങളുണ്ട്. മാതാപിതാക്കളോട് ഭ്രാന്തരോടെന്ന പോലെ പെരുമാറുകയെന്നാല്‍ മക്കള്‍ക്ക് അചിന്ത്യമാണത്. മാതാപിതാക്കളോട് ഭ്രാന്തരോടെന്ന പോലെ പെരുമാറുന്നത് മക്കളെ സംബന്ധിച്ചേടത്തോളം മാതാപിതാക്കളെ വെറുപ്പിക്കുക- ഉഖൂഖുല്‍ വാലിദൈന്‍- എന്ന ഗണത്തില്‍ പെടുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിനാല്‍, ഒരു രോഗിയോടെന്ന പോലെ പെരുമാറാന്‍ അദ്ദേഹം ഫത് വ നല്‍കി. മാനവികവും മനഃശാസ്ത്രപരവുമായ സമീപനമായിരുന്നു ശൈഖ് ത്വാഹിര്‍ ആയത്ത് അജലത്ത് ഇവിടെ സ്വീകരിച്ചത്.

ഡോ. യൂസുഫുല്‍ ഖറദാവി ഈ രീതി സ്വീകരിച്ച്, ഫത് വകള്‍ക്ക് തര്‍ബിയത്തിന്റെയും ദഅ്‌വത്തിന്റെയും മാനവികതയുടെയും മാനം നല്‍കിയ മഹാരഥനായിരുന്നു. അദ്ദേഹത്തിന്റെ ഫത് വകള്‍ക്കെല്ലാം മഖാസ്വിദുശ്ശരീഅ- ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍- സാക്ഷാത്കരിക്കുക എന്ന മുഖ്യ മുഖമുണ്ടായിരുന്നു. l

പഴയതും പുതിയതുമായ മിക്ക ഫത്്വാ ഗ്രന്ഥങ്ങളും, കര്‍മശാസ്ത്ര വിധികളും ഓരോ പ്രശ്‌നത്തിലും മദ്ഹബിന്റെ ഇമാമുമാര്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങളും രേഖപ്പെടുത്തി വെക്കുകയാണ് ചെയ്യുന്നത്. മുഫ്തിയുടെ അഭിപ്രായത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിരീക്ഷണങ്ങളും പ്രതിപാദിച്ചെന്നിരിക്കും. ഇസ് ലാമിക ശരീഅത്തിന്റെ മര്‍മസ്പര്‍ശിയായ തര്‍ബിയത്ത് വശം അവിടെ അവഗണിക്കപ്പെടാറാണ് പതിവ് രീതി.

എന്നാല്‍, നിയമങ്ങളെ കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുമ്പോള്‍ ഊന്നുന്ന മുഖ്യതലം തര്‍ബിയത്താണെന്ന് കാണാം. തഖ്്വക്ക് വേണ്ടി പ്രേരണ, അല്ലാഹുവിന്റെ നിരീക്ഷണം, ഇസ് ലാമിക മനഃസാക്ഷിയെ തൊട്ടുണര്‍ത്തല്‍, അന്തഃചോദനയുടെ നിര്‍മിതി, പ്രചോദനാത്മക ഉല്‍ബോധനം- ഇങ്ങനെ ഹൃദയങ്ങളെ സ്‌നേഹപൂര്‍വം തലോടി നിയമങ്ങളിലേക്ക് മനുഷ്യ മനസ്സിനെ സ്വമേധയാ ആനയിക്കുന്ന രീതിയാണ് ഖുര്‍ആന്‍ ഫത് വാ രംഗത്ത് സ്വീകരിച്ചതെന്ന് ബോധ്യപ്പെടും. കേവലം നിയമങ്ങള്‍ പ്രതിപാദിച്ചു പോവുകയല്ല, അവ എന്തിനു വേണ്ടി അനുശാസിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കും എന്ന് സാരം. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാ കര്‍മങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും വിവാഹം, വിവാഹമോചനം, അനന്തരാവകാശ നിയമം, യുദ്ധ-സമാധാന പ്രശ്‌നങ്ങള്‍ എന്നിവയെ പറ്റിയും വിധിതീര്‍പ്പുകള്‍ നല്‍കുമ്പോള്‍ ഖുര്‍ആന്‍ അവലംബിക്കുന്ന രീതിയാണ്, ഫത് വയില്‍ തര്‍ബിയത്തിന് ലഭിക്കേണ്ട സ്ഥാനത്തെക്കുറിച്ച് നമ്മെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്.

മതവിധി നല്‍കുമ്പോള്‍ പ്രചോദനാത്മക സമീപനത്തിനാണ് നബി (സ) മുന്‍തൂക്കം നല്‍കിയത്. ചോദ്യകര്‍ത്താവിന്റെ അന്തരംഗത്തുള്ള ഇസ് ലാമിക വികാരത്തെയും ജ്ഞാനാന്വേഷണ ത്വരയെയും ഉജ്ജീവിപ്പിച്ചു കൊണ്ടായിരിക്കും നബി(സ)യുടെ മറുപടി. ഒരു ഉദാഹരണം: പള്ളിയിലേക്ക് വരുന്ന ഒരു സ്വഹാബി, തനിക്ക് നബിയോടൊപ്പമുള്ള നമസ്‌കാരത്തിലെ റക്അത്ത് നഷ്ടപ്പെട്ടു പോയേക്കുമോ എന്ന ഭീതിയാല്‍ റുകൂഇല്‍ പ്രവേശിച്ചു കൊണ്ടാണ് കടന്നുവരുന്നത്. അതേ നിലയില്‍ അയാള്‍ റുകൂഅ് ചെയ്തുകൊണ്ടാണ് റക്അത്ത് പൂര്‍ത്തിയാക്കിയതെന്ന് നബി ശ്രദ്ധിച്ചു. നമസ്‌കാര ശേഷം നബി അയാളെ വിളിച്ച് പറഞ്ഞു: ''നിങ്ങളുടെ ഈ ഉത്സാഹവും താല്‍പര്യവും അല്ലാഹു വര്‍ധിപ്പിച്ചു തരട്ടെ. പക്ഷേ, ഇനി മേലില്‍ ഇങ്ങനെ ചെയ്യരുത്.''
ഇനി ഖുര്‍ആനിലേക്ക് വരാം. 'അവര്‍ താങ്കളോട് ഫത്്വ ചോദിക്കുന്നു' (യസ്തഫ്തൂനക), 'അവര്‍ താങ്കളോട് ചോദിക്കുന്നു' (യസ്അലൂനക) എന്നിങ്ങനെ തുടങ്ങുന്ന സൂക്തങ്ങളില്‍, ഒടുവില്‍ കാണുക തര്‍ബിയത്തിന്റെയും സ്വഭാവ നിര്‍മിതിയുടെയും വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായാണ്. പ്രശ്‌നങ്ങള്‍ എന്തുമാവാം. 'യസ്തഫ്തൂനക' (അവര്‍ താങ്കളോട് ഫത് വ ചോദിക്കുന്നു) എന്ന വാക്ക് രണ്ടിടത്താണ് ഖുര്‍ആനിലുള്ളത്. സൂറത്തുന്നിസാഇലെ 127-ാം സൂക്തം: ''സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ താങ്കളോട് ഫത് വ തേടുന്നു.'' ആ സൂക്തം വിശദമായ വിധി ഉള്‍ക്കൊള്ളുന്നതാണ്. അവസാനിക്കുന്നത് ഇങ്ങനെ: ''നിങ്ങള്‍ ചെയ്യുന്ന ഏത് നന്മയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.''

സൂറത്തുന്നിസാഇലെ 176-ാം സൂക്തം: ''പ്രവാചകരേ, അവര്‍ താങ്കളോട് 'കലാല'യെ സംബന്ധിച്ച് വിധി തേടുന്നുവല്ലോ.'' വിശദമായ വിധിപ്രസ്താവത്തിന് ശേഷം സൂക്തം ഇങ്ങനെ അവസാനിക്കുന്നു: ''അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചു തരുന്നു- നിങ്ങള്‍ പിഴച്ചുപോവാതിരിക്കേണ്ടതിന്. അല്ലാഹു സകല സംഗതികളിലും അഭിജ്ഞനാകുന്നു.''
ഇനി 'അവര്‍ താങ്കളോട് ചോദിക്കുന്നു' (യസ്അലൂനക) എന്ന പ്രയോഗം ഖുര്‍ആനില്‍ പലയിടങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്- നിയമ വിധികള്‍ വിശദീകരിച്ച ശേഷം തര്‍ബിയത്തിലും സ്വഭാവ-സംസ്‌കാര നിര്‍മിതിയിലും ഊന്നിയാണ് സൂക്തം അവസാനിക്കുന്നതെന്ന് കാണാം. സൂറത്തുല്‍ ബഖറയിലെ 189-ാം സൂക്തം: ''ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു.'' ആ ചോദ്യത്തിന് വിശദമായ മറുപടി നല്‍കി സൂക്തം അവസാനിക്കുന്നത് ഇങ്ങനെ: ''അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ വിജയം വരിച്ചേക്കാം.''
സൂറത്തുല്‍ ബഖറയിലെ 215-ാം സൂക്തം: ''ജനം നിന്നോട് ചോദിക്കുന്നു. അവര്‍ എന്താണ് ചെലവഴിക്കേണ്ടതെന്ന്'' - ചോദ്യത്തിന് മറുപടി പറഞ്ഞ് സൂക്തത്തിന് വിരാമമിടുന്നത് ഇങ്ങനെ: ''നിങ്ങള്‍ എന്ത് ധര്‍മം ചെയ്താലും അല്ലാഹു അത് സൂക്ഷ്മമായി അറിയുന്നുണ്ട്.''
സൂറത്തുല്‍ അന്‍ഫാലിലെ ആദ്യ സൂക്തം: ''യുദ്ധ മുതലുകളെക്കുറിച്ച് നിന്നോട് അവര്‍ ചോദിക്കുന്നു.'' വിധിപ്രസ്താവം അവസാനിക്കുന്നതിങ്ങനെ: ''നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. പരസ്പര ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍.''
ആഹാര പാനീയങ്ങളിലെ ഹലാല്‍-ഹറാമിനെക്കുറിച്ചും മദ്യപാനം, ചൂതാട്ടം എന്നിവയെ സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവസാനിക്കുന്നതും ധര്‍മബോധ നിര്‍മിതിക്ക് പ്രാമുഖ്യം നല്‍കിയാണ്. സൂറത്തുല്‍ ബഖറയിലെ 219-ാം സൂക്തം: ''മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും അവര്‍ താങ്കളോട് ചോദിക്കുന്നു. അവ രണ്ടിലും വലുതായ തിന്മകളാണുള്ളത് -ആളുകള്‍ക്ക് അല്‍പം പ്രയോജനം ഉണ്ടെങ്കിലും. എന്നാല്‍, പ്രയോജനത്തെക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ.'' അല്‍ബഖറ 220-ാം സൂക്തം: ''തങ്ങള്‍ ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കേണ്ടതെന്തെന്ന് അവര്‍ താങ്കളോട് ചോദിക്കുന്നു'' വിധി വിവരിച്ച് സൂക്തം ഇങ്ങനെ അവസാനിക്കുന്നു: ''ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വ്യക്തമായി വിവരിച്ചു തരുന്നു. നിങ്ങള്‍ ഇഹത്തെക്കുറിച്ചും പരത്തെക്കുറിച്ചും വിചാരമുള്ളവരാകേണ്ടതിന്.''
സൂറത്തുല്‍ മാഇദ 4-ാം സൂക്തം: ''തങ്ങള്‍ക്ക് അനുവദനീയം എന്തെന്ന് ജനങ്ങള്‍ നിന്നോട് ചോദിക്കുന്നുവല്ലോ.'' വിശദമായ നിയമ വിധികള്‍ നല്‍കി സൂക്തം അവസാനിക്കുന്നു: ''അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനെ ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.''

ചുരുക്കത്തില്‍, ഖുര്‍ആന്‍ ഫത് വ നൽകുമ്പോള്‍ തര്‍ബിയത്ത് വശത്തില്‍ ഊന്നിയാണ് അവസാനിപ്പിക്കുക എന്ന് കാണാം. സൂറത്തുത്ത്വലാഖില്‍ വിവാഹ മോചനത്തെക്കുറിച്ച വിധികളില്‍ അല്ലാഹു നല്‍കുന്ന സമാശ്വാസത്തെക്കുറിച്ച സൂചനകളും തഖ് വയെക്കുറിച്ച ഉല്‍ബോധനവുമാണല്ലോ മികച്ചു നില്‍ക്കുന്നത്.
നബിയുടെ സമീപനങ്ങളിലും തര്‍ബിയത്ത്- മാനവിക വശങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ചോദ്യങ്ങള്‍ക്ക് മറുപടിയായാലും കേവല പ്രസ്താവനകളായാലും ഫത് വയായാലും ഹദീസില്‍ വായിക്കാന്‍ കഴിയുക റസൂലിന്റെ കാഴ്ചപ്പാടില്‍ അന്തര്‍ഭവിച്ച ശരീഅത്തിന്റെ സമുന്നത ലക്ഷ്യമാണ്. പള്ളിയിലേക്ക് ഓടിയണഞ്ഞ് നമസ്‌കാരത്തിന് ധൃതി കൂട്ടേണ്ടതില്ലെന്നും സാവധാനത്തില്‍ വന്നാല്‍ മതിയെന്നും നഷ്ടപ്പെട്ടത് പിന്നീട് പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും നല്‍കപ്പെട്ട നിര്‍ദേശം മറന്നായിരിക്കുമല്ലോ സ്വഹാബി ഓടിക്കിതച്ച് റുകൂഅ് ചെയ്ത് സ്വഫ്ഫില്‍ അണിചേര്‍ന്നിരിക്കുക. തിരുത്തിയപ്പോള്‍ ആ സ്വഹാബിയുടെ അന്തര്‍ഹിതത്തെ നബി മാനിച്ചു. ശേഷമാണ് തിരുത്തിയത്. ഇതാണ് സമീപനത്തിലെ മനഃശാസ്ത്രവശം.
ഇതേ സമീപനം ബലിപെരുന്നാള്‍ ദിനത്തില്‍, ബലിമാംസം മൂന്ന് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചു വെക്കരുതെന്ന കല്‍പനയിലും തെളിഞ്ഞുകാണാം. കുറച്ചു കാലം പിന്നിട്ടപ്പോള്‍ നിരോധം നീക്കി റസൂൽ (സ) പറഞ്ഞു: ''ബലിമാംസം മൂന്ന് ദിവസത്തില്‍ കൂടുതല്‍ തിന്നാനായി സൂക്ഷിച്ചുവെക്കരുതെന്ന് പറഞ്ഞത്, അത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിക്കാനാണ്. ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഭിക്ഷമായി കഴിക്കാന്‍ മാംസം വേണ്ടുവോളമുണ്ട്. തിന്നുകൊള്ളൂ. സൂക്ഷിച്ചുവെച്ചുകൊള്ളൂ. വ്യാപാരവും നടത്തിക്കൊള്ളൂ. ഈ ദിനങ്ങള്‍ തിന്നാനും കുടിക്കാനും അല്ലാഹുവിനെ ഓര്‍ക്കാനും ഉള്ളതാണ്.'' നിരോധത്തിന്റെ കാരണം വ്യക്തമാക്കിയപ്പോള്‍ സര്‍വ സമഭാവനയുടെയും ഏകയോഗ ക്ഷേമത്തിന്റെയും ഉദാത്ത മൂല്യങ്ങളാണ് എടുത്തുകാട്ടിയത്.

യുദ്ധരംഗത്ത് കരഛേദത്തിന് അര്‍ഹമാകുന്ന കുറ്റം ചെയ്താല്‍ കൈമുറിക്കുന്നത് നബി നിരോധിച്ചതായി കാണാം. ശിക്ഷ പിന്നീട് നടപ്പാക്കുന്ന 'സസ്‌പെന്റ് പണിഷ്‌മെന്റ്.' രീതിയാണത് -ശിക്ഷാവിധിയില്‍ ഇളവ് നല്‍കാന്‍ ഭരണാധികാരിക്ക് അവകാശമില്ലെന്ന് വ്യക്തമാക്കിയ നബി, യുദ്ധസാഹചര്യം മുന്‍നിര്‍ത്തി കരഛേദം നിര്‍ത്തിവെപ്പിച്ചതിന് പിന്നില്‍ ഒരു വലിയ തര്‍ബിയത്ത് തത്ത്വം ഉള്ളടങ്ങിയിട്ടുണ്ട്. ശിക്ഷ നടപ്പാക്കാന്‍ കുറ്റവാളിയെ തേടിപ്പിടിക്കേണ്ടി വന്നാല്‍ അയാള്‍ ശത്രുപാളയത്തില്‍ അഭയം തേടാന്‍ ഇടയാകും. ഒരുവേള യുദ്ധത്തില്‍ സജീവ പങ്കാളിത്തം വഹിച്ച് അയാള്‍ക്ക് ശഹാദത്ത് പദവി നേടുകയും ആവാമല്ലോ. അപ്പോള്‍ പിന്നെ ശിക്ഷാ നടപടിയുടെ പ്രശ്‌നമുദിക്കുന്നില്ല. ഇനി ശഹീദായില്ലെങ്കില്‍ ശിഷ്ട ജീവിതം തൗബ ചെയ്ത് നന്നാക്കുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കൂടാ.
വ്യഭിചാരത്തിന് അനുവാദം ചോദിച്ച യുവാവിനെയും അരികിലിരുത്തി കുറ്റത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അയാളുടെ മനസ്സ് നബി മാറ്റിയെടുക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ. ഒടുവില്‍ യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് നബി പ്രാര്‍ഥിച്ചുവല്ലോ: ''അല്ലാഹുവേ, ഈ യുവാവിന്റെ പാപം നീ പൊറുക്കേണമേ, അയാളുടെ ഹൃദയം നീ വിമലീകരിേക്കണമേ, അയാള്‍ക്ക് ജീവിത വിശുദ്ധി നല്‍കേണമേ''. വ്യഭിചാരത്തിന് സമ്മതം ചോദിച്ച വ്യക്തിയോട് ഒറ്റവാക്കില്‍ നബിക്ക് പറയാമായിരുന്നല്ലോ ''അത് ഹറാമാണ്.'' അല്ലെങ്കില്‍ 'നിങ്ങള്‍ വ്യഭിചാരത്തോടടുക്കുക പോലും അരുത്' എന്ന ഖുര്‍ആന്‍ വചനം ഓതിക്കൊടുക്കാമായിരുന്നു. നബി ഈ വിഷയം കേവല കര്‍മശാസ്ത്ര ദൃഷ്ടിയിലൂടെയല്ല നോക്കിക്കണ്ടതെന്ന് വ്യക്തം. ലൈംഗിക സദാചാരത്തിന്റെയും ജീവിത വിശുദ്ധിയുടെയും പാഠങ്ങള്‍ നല്‍കി ഉദാത്തമായ ധാര്‍മിക ബോധം അയാളുടെ ഹൃദയത്തില്‍ അങ്കുരിപ്പിക്കുകയായിരുന്നു നബി. നല്‍കുന്ന ഫത് വകള്‍ക്ക് ഒരുക്കേണ്ട മാനസിക പശ്ചാത്തലത്തിലേക്കാണ് നബി വിരല്‍ ചൂണ്ടുന്നത്. കേവല വിധി പ്രസ്താവത്തില്‍ പരിമിതമാകരുത് 'ഇഫ്താഅ്' പ്രക്രിയ എന്ന് സാരം.

സ്വഹാബത്തും ഖുലഫാഉര്‍റാശിദുകളും താബിഉകളും ഫത് വകള്‍ക്ക് ഉണ്ടാവേണ്ട തര്‍ബിയത്ത് മാനങ്ങളെക്കുറിച്ചും മാനവിക കാഴ്ചപ്പാടിനെ കുറിച്ചും ബോധവാന്മാരായിരുന്നു എന്ന് അവര്‍ പുറപ്പെടുവിച്ച ഫത് വകളും തീരുമാനങ്ങളും പരിശോധിച്ചാല്‍ ബോധ്യപ്പെടും. l

'ഹറകത്തുല്‍ മുഖാവമത്തില്‍ ഇസ് ലാമിയ്യ'(ഹമാസ്)യുടെ സൈനിക വിഭാഗമായ 'കതാഇബുല്‍ ഖസ്സാം' (ഖസ്സാം ബ്രിഗേഡ്) ആണ് ഫലസ്ത്വീന്‍ സ്വാതന്ത്ര്യ സമരം നയിക്കുന്നത്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഗസ്സയില്‍നിന്ന് ഇന്ന് ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന 'ഖസ്സാം ബ്രിഗേഡ്' പണ്ഡിതനും ധീര യോദ്ധാവുമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ വീരചരിതവുമായി ബന്ധപ്പെട്ടതാണ്. സിറിയയില്‍ ജനിച്ച ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം 1935-ല്‍ ബ്രിട്ടീഷ് -ഫ്രഞ്ച് സേനയുടെ കരങ്ങളാല്‍ രക്തസാക്ഷിയായി.

ബ്രിട്ടീഷ്-ഫ്രഞ്ച് -സയണിസ്റ്റ് കോളനിവാഴ്ചക്കെതിരെ ഫലസ്ത്വീനില്‍ ചെറുത്തുനില്‍പിന്റെയും പ്രതിരോധത്തിന്റെയും സമരത്തിന്റെയും ഇതിഹാസങ്ങള്‍ രചിച്ച് ചരിത്രത്തിന്റെ സ്രഷ്ടാവായിത്തീര്‍ന്നു ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം. പണ്ഡിതന്‍, പ്രബോധകന്‍, സേനാ നായകന്‍, തന്ത്രജ്ഞന്‍ എന്നീ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഖസ്സാം, കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ പാദങ്ങളില്‍ നടന്ന ജൂത കുടിയേറ്റത്തിനും പാശ്ചാത്യ ശക്തികളുടെ ഉപജാപങ്ങള്‍ക്കുമെതിരെ ഫലസ്ത്വീന്‍ ജനതയുടെ ശബ്ദമായി നിലകൊണ്ടു. ഫലസ്ത്വീന്‍ സ്വാതന്ത്ര്യ സമരത്തെയും ഖസ്സാമിന്റെ ജീവിതത്തെയും വേർപ്പെടുത്തി കാണാന്‍ കഴിയാത്ത വിധത്തില്‍ ഫലസ്ത്വീന്റെ മണ്ണിലും മനസ്സിലും ആ നാമം ഇഴുകിച്ചേര്‍ന്നു. നിരവധി വേട്ടയാടലുകള്‍ക്കും വധശ്രമങ്ങള്‍ക്കും വധശിക്ഷാ വിധികള്‍ക്കും വിധേയനായി ആയുഷ്‌കാലം ചെലവിട്ട ഖസ്സാം യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ പൊതു ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ ജന്മദേശമായ സിറിയയില്‍ ഫ്രഞ്ച് കോളനിവാഴ്ചക്കെതിരെ പടനയിച്ചു. സൈനിക ബറ്റാലിയനുകളും ബ്രിഗേഡുകളും രൂപവത്കരിച്ചു. ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ പൊരുതാന്‍ ലിബിയന്‍ സ്വാതന്ത്ര്യ സമരത്തിന് ധനശേഖരണം നടത്തി. ബ്രിട്ടീഷ് - സയണിസ്റ്റ് കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള തുറന്ന യുദ്ധമായിരുന്നു ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ ജീവിതം. ഇത്രയേറെ വധശിക്ഷാ വിധികള്‍ ഏറ്റുവാങ്ങേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനികള്‍ ലോകത്ത് ഖസ്സാമിനെപ്പോലെ ഏറെയുണ്ടാവില്ല. സഫലമായ തന്റെ ജീവിത യാത്രക്ക് ലഭിച്ച പുരസ്‌കാരങ്ങളായിരുന്നു അവയെല്ലാം. വര്‍ത്തമാനകാല സമരങ്ങളെ ഭൂതകാല പോരാട്ടങ്ങളുമായി കണ്ണി ചേര്‍ത്ത് പഠിച്ചാല്‍ മാത്രമേ പ്രതിരോധം, പരീക്ഷണങ്ങള്‍, വിജയം, അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ തുടങ്ങി മുസ്്‌ലിം സമൂഹത്തിന്റെ ചരിത്രപഥത്തിലൂടെയുള്ള പ്രയാണത്തിലെ നാഴികക്കല്ലുകള്‍ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ഫലസ്ത്വീന്‍ ചരിത്രപഠനത്തിലെ മുഖ്യ ഘടകമാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ജീവിതത്തെക്കുറിച്ച പാഠങ്ങള്‍.

1882-ല്‍ സിറിയയിലെ ജിബില്ല നഗരത്തിലാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ജനനം. പാണ്ഡിത്യത്തില്‍ പുകള്‍പെറ്റ കുടുംബം. ദരിദ്ര സാഹചര്യത്തിലായിരുന്നു ജീവിച്ചത്. പിതാവ് അബ്ദുല്‍ ഖാദിര്‍ മുസ്ത്വഫാ അല്‍ ഖസ്സാം അറബി ഭാഷ, സാഹിത്യം, ശരീഅത്ത് എന്നിവയില്‍ പ്രാവീണ്യം നേടിയ പണ്ഡിത വ്യക്തിത്വമായിരുന്നു. ഉമ്മയുടെ പേര് ഹലീമ. ഫഖ്‌റുദ്ദീന്‍, നബീഹ എന്നീ കൂടപ്പിറപ്പുകള്‍. തന്റെ മക്കള്‍ മുസ്്‌ലിം സമൂഹത്തിന് പ്രൗഢിയും പ്രതാപവും നല്‍കുന്നവരാവണം എന്ന ആ പിതാവിന്റെ സ്വപ്‌നവും ദൃഢനിശ്ചയവുമായിരുന്നു രണ്ടാണ്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ തെരഞ്ഞെടുക്കാന്‍ കാരണം. പിതാവായിരുന്നു ഗ്രാമത്തിലെ ഗുരുവര്യന്‍. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, അറബി ഭാഷ എന്നിവയില്‍ ഇസ്സുദ്ദീന്‍ കൗമാരപ്രായത്തില്‍ പ്രവിജ്ഞനായി. പതിനാലാം വയസ്സില്‍ സഹോദരന്‍ ഫഖ്‌റുദ്ദീനോടൊപ്പം ഉപരിപഠനാര്‍ഥം ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് തിരിച്ചു. ആ കാലഘട്ടത്തിലെ വിശ്രുത പണ്ഡിതന്മാരായ മുഹമ്മദ് അബ്ദു, മുഹമ്മദ് റശീദ് രിദാ, സ്വാതന്ത്ര്യ സമര സേനാനികളായ മുസ്ത്വഫാ കാമില്‍, സഅദ് സഗ് ലൂല്‍ എന്നിവരുടെ ശിഷ്യത്വവും സഹവാസവും ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഹൃദയത്തില്‍ സ്വാതന്ത്ര്യ സമര വാഞ്ഛയും പോരാട്ട മനസ്സും കൊത്തിവെച്ചു. പില്‍ക്കാല ജീവിത യാത്രയില്‍ വൈജ്ഞാനിക-കര്‍മമേഖലകളില്‍ അധ്യയന കാലത്തെ സ്വാധീനത്തിന്റെ നിഴലാട്ടങ്ങള്‍ കാണാം.

കഴിഞ്ഞ നൂറ്റാണ്ടിലെ മുപ്പതുകളിൽ ഫലസ്ത്വീൻ പോരാളികൾ

സിറിയയില്‍ വിവിധ ജ്ഞാന ശാസ്ത്ര മേഖലകളില്‍ അവഗാഹം നേടിയ പണ്ഡിതനായാണ് തിരിച്ചെത്തിയത്. ജനങ്ങളില്‍ സമത്വബോധം സൃഷ്ടിക്കാനും ഭൂ പ്രഭുക്കള്‍ അന്യായമായി കൈയടക്കിവെച്ച ഭൂമി പാവപ്പെട്ട കര്‍ഷകര്‍ക്ക് തിരിച്ചു കൊടുപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ് പിന്നീട് ഖസ്സാം മുഴുകിയത്. നിര്‍ധന കര്‍ഷക ജനത അനുഭവിക്കുന്ന കൊടിയ ചൂഷണങ്ങളൾക്കെതിരെയായിരുന്നു ഇസ്സുദ്ദീന്റെ ആദ്യ പടയോട്ടം. ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൊല്ലിക്കൊടുത്ത് ബോധവത്കരിച്ച ആ യുവ പണ്ഡിതന്‍, അവര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാന്‍ 1912-ല്‍ ജിബില്ലയില്‍ ഒരു പ്രാഥമിക വിദ്യാലയം തുറന്നു. പള്ളികളില്‍ ഖുര്‍ആന്‍-ഹദീസ് പഠന സൗകര്യമൊരുക്കി. ഫ്യൂഡല്‍ പ്രഭുക്കള്‍ അടങ്ങിയിരുന്നില്ല. അക്ഷരാഭ്യാസം കിട്ടിയ ജനത തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ധൃഷ്ടരാവുമെന്ന് മനസ്സിലാക്കിയ അവരുടെ കണ്ണിലെ കരടായി ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം. ഗൂഢാലോചനകളും ഉപജാപങ്ങളും മുറക്ക് നടന്നു. ഇസ്മീറിലേക്ക് നാടുകടത്താനായിരുന്നു അവരുടെ പ്ലാന്‍. ഉസ്മാനീ ഭരണകേന്ദ്രമായ തുര്‍ക്കിയയിലേക്ക് പോകാനായിരുന്നു ഖസ്സാമിന്റെ ആഗ്രഹവും പദ്ധതിയും. തുര്‍ക്കിയയില്‍ എത്തിയ അല്‍ ഖസ്സാം അവിടെ കൊടികുത്തിവാണ അജ്ഞതയും നിരക്ഷരതയും അന്ധവിശ്വാസങ്ങളും നേരില്‍ കണ്ട് അങ്ങേയറ്റം ദുഃഖിതനായി. ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രസംഗങ്ങള്‍ നടത്തി. പക്ഷേ, തുര്‍ക്കിയയിലെ ജനങ്ങള്‍ക്ക് അറബി അറിയില്ലായിരുന്നു. ഖസ്സാമിന് ടര്‍ക്കിഷും അറിഞ്ഞുകൂടാ. വീണ്ടും ജിബില്ലയിലേക്ക് തന്നെ തിരിച്ചുപോയി തന്റെ ജന്മനാട്ടിലെ കുട്ടികളെ പഠിപ്പിക്കുകയാണ് അഭികാമ്യമെന്ന് അദ്ദേഹം കരുതി.

ഫലസ്ത്വീനിലേക്ക് പ്രയാണം

1920-ല്‍ ഫലസ്ത്വീനിലേക്ക് കുടിയേറിയ ഖസ്സാം അവിടെ വിമന്‍സ് ഇസ്്‌ലാമിക് സ്‌കൂളില്‍ സേവനമാരംഭിച്ചു. തുടര്‍ന്ന് അല്‍ ബുര്‍ജ് സ്‌കൂളിലേക്കും സേവനം വ്യാപിപ്പിച്ചു. ഫലസ്ത്വീനിലെ ഹൈഫയില്‍ അല്‍ ജംഇയ്യത്തുല്‍ ഇസ്്‌ലാമിയ്യ നടത്തിവന്ന സ്ഥാപനങ്ങളാണ് ഇവ രണ്ടും. തങ്ങളുടെ ഭാവി ഭദ്രമാക്കാന്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതിന് ഫലവുമുണ്ടായി. തന്റെ ശിഷ്യന്മാർ വിവിധ തൊഴില്‍ തുറകളില്‍ മിടുക്കരായി മാറിയതില്‍ ഖസ്സാം അഭിമാനം കൊണ്ടു. ഹൈഫയിലെ പള്ളിയിലെ ഇമാമത്തും ഖുത്വ്്ബയും അധ്യാപനവും ഖസ്സാം ഏറ്റെടുത്തതോടെ ഹൈഫയും പരിസര പ്രദേശങ്ങളും വിജ്ഞാന പ്രഭയില്‍ മുങ്ങി. ലക്ഷ്യബോധമുള്ള ഒരു തലമുറ ജന്മമെടുക്കുകയായിരുന്നു. ഇംഗ്ലീഷ് അധിനിവേശകരും ജൂത കുടിയേറ്റക്കാരും തങ്ങളുടെ ജന്മദേശത്തെ നശിപ്പിക്കുകയാണെന്നും അവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നുമുള്ള ചിന്ത വിദ്യാര്‍ഥികളുടെ വിപ്ലവ മനസ്സിനെ തീ പിടിപ്പിച്ചു.

അൽ ഖസ്സാം വക്താവ് അബൂ ഉബൈദ

ഫലസ്ത്വീനിന് പുറത്തേക്കും ഖസ്സാം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇറ്റാലിയന്‍ കോളനിവാഴ്ചയില്‍ അമര്‍ന്ന് ഞെരിഞ്ഞിരുന്ന ലിബിയയുടെ മോചനത്തിന് സമര രംഗത്തുണ്ടായിരുന്ന യോദ്ധാക്കള്‍ ആസുര പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട കാലമായിരുന്നു അത്. സിറിയന്‍ അതിര്‍ത്തിയില്‍ 250 അംഗങ്ങളുള്ള സന്നദ്ധ സൈനികരെ ഖസ്സാം പരിശീലിപ്പിച്ചു നിര്‍ത്തി. ഇതാണ് തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ ഖസ്സാം രൂപം നല്‍കിയ അര്‍ധ സൈനിക സേനാ വിഭാഗ നിര്‍മിതിയിലെ ആദ്യ കാല്‍വെപ്പ്. ഈ സൈനികരെ ഇസ്‌കന്ദറോണ വഴി കപ്പലില്‍ ലിബിയയില്‍ എത്തിക്കാന്‍ അദ്ദേഹം തുര്‍ക്കിയയിലെ ഉസ്മാനീ ഭരണകൂടവുമായി ധാരണയിലെത്തി. പക്ഷേ, ആ ശ്രമം വിജയിച്ചില്ല. 1914-ല്‍ ഒന്നാം ലോക യുദ്ധം ആരംഭിച്ചതോടെ അദ്ദേഹം തുര്‍ക്കിയ സൈന്യത്തില്‍ സന്നദ്ധ സേവകനായി ചേര്‍ന്നു. 1918-ല്‍ ഫ്രഞ്ച് അധിനിവേശകര്‍ സിറിയയില്‍ കാല്‍കുത്തിയതോടെ ഖസ്സാം, യുവാക്കളെ തെരഞ്ഞെടുത്ത് യുദ്ധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു തുടങ്ങി. യുവാക്കളില്‍ കറകളഞ്ഞ ഇസ് ലാമിക ആദര്‍ശ ബോധം സൃഷ്ടിക്കുകയാണ് ശത്രുവിനെ തോല്‍പിക്കാന്‍ പറ്റിയ മൂര്‍ച്ചയുള്ള ആയുധമെന്ന് ഖസ്സാം വിശ്വസിച്ചു. ഫ്രഞ്ചുകാരോട് യുദ്ധത്തില്‍ ഏര്‍പ്പെട്ട ശൈഖ് സ്വാലിഹുല്‍ അലിയുമായി സഹകരിച്ച് നിരന്തര പോരാട്ടത്തിലേര്‍പ്പെട്ട ഖസ്സാമിനെ പ്രീണിപ്പിച്ച് വശത്താക്കാന്‍ ഫ്രാന്‍സ് പല ശ്രമങ്ങളും നടത്തി. തന്നെ സമീപിച്ച ദൂതന്മാരോട് അദ്ദേഹം പറഞ്ഞു: 'രക്തസാക്ഷിയായി അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഞാന്‍ ആയുധം താഴെ വെക്കില്ല.' ഫ്രഞ്ചുകാര്‍ പിന്നീട് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഉമറുല്‍ ബൈതാറിനോടൊപ്പം സിറിയയില്‍ സമരം നയിച്ച് ഖസ്സാം പിന്നീട് പല സമര മുഖങ്ങളിലും സാന്നിധ്യമറിയിച്ച് നിരന്തര സഞ്ചാരത്തിലായിരുന്നു. ഒടുവില്‍ ഫലസ്ത്വീനിലെ ഹൈഫയില്‍ താമസം ഉറപ്പിച്ചു. ഹൈഫയില്‍ എത്തിയ ആദ്യ ദിവസം തന്നെ അവിടത്തെ പള്ളിയില്‍ മഗ്്രിബ് നമസ്‌കാരാനന്തരം നടത്തിയ പ്രഭാഷണത്തില്‍ ആകൃഷ്ടരായവര്‍, ഖസ്സാമില്‍ തങ്ങളുടെ നായകനെ കണ്ടെത്തി. സയണിസ്റ്റുകൾ ഭാവിയില്‍ തങ്ങളുടെ നാടിന് വരുത്തിവെക്കുന്ന വന്‍ വിപത്തിനെ കുറിച്ച് അദ്ദേഹം യുവാക്കളെ ബോധവത്കരിച്ചു. സ്വാതന്ത്ര്യ സമര വാഞ്ഛ അവരില്‍ അങ്കുരിപ്പിച്ചു. ഇംഗ്ലീഷുകാര്‍ക്കെതിരില്‍ പട നയിക്കാന്‍ ആയുധസംഭരണത്തിന്റെ പ്രാധാന്യം അവരെ ധരിപ്പിച്ച ഖസ്സാം, ധനം ധൂര്‍ത്തടിച്ചു കളയേണ്ടതല്ലെന്നും പള്ളികള്‍ അലങ്കരിക്കുന്നതിന് പകരം സമ്പത്ത് ജിഹാദിന് ചെലവിടണമെന്നും ഉദ്ബോധിപ്പിച്ചു. ഒരു വര്‍ഷം ഹജ്ജ് കര്‍മം മാറ്റിവെച്ച് അതിന് സ്വരൂപിച്ച പണം ആയുധം വാങ്ങാന്‍ വിനിയോഗിക്കണമെന്ന് വരെ അവരെ ഉണര്‍ത്തി.

യുവാക്കള്‍ക്ക് ആശയും ആവേശവുമായി

ഖസ്സാമിന്റെ ഖുത്വ്്ബകളും പ്രഭാഷണങ്ങളുമെല്ലാം ഫലസ്ത്വീന്‍ ജനതയില്‍ സമരാവേശം ജ്വലിപ്പിച്ചു. അധിനിവേശക്കാര്‍ ഇംഗ്ലീഷുകാരായാലും ഫ്രഞ്ചുകാരായാലും ചെറുത്തുതോല്‍പിച്ചേ പറ്റൂ എന്നായിരുന്നു ഖസ്സാം അവരോട് പറഞ്ഞുകൊണ്ടിരുന്നത്. അതോടൊപ്പം സമൂഹത്തില്‍ നിലനിന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ബ്രിട്ടീഷുകാര്‍ പലതവണ അറസ്റ്റ് ചെയ്‌തെങ്കിലും ജനരോഷത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അദ്ദേഹത്തെ വിട്ടയക്കേണ്ടിവന്നു. 1926-ല്‍ ജംഇയ്യത്തു ശുബ്ബാനില്‍ മുസ്്‌ലിമീന് രൂപം നല്‍കി. ബ്രിട്ടീഷ് പോലീസിന്റെ കണ്ണില്‍ പെടാതെ വേറെയും ചെറിയ സൈനിക വ്യൂഹങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരുന്നു. ഖസ്സാം രൂപം നല്കിയ സൈനിക വ്യൂഹങ്ങള്‍, അനുസരണത്തിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ നബി (സ) രൂപം നല്‍കിയ സൈനിക വ്യൂഹത്തിന്റെ മാതൃക സ്വീകരിച്ചാണ് മുന്നേറിയത്. അഞ്ച് പേരില്‍ കവിയാത്ത ആളുകളുണ്ടാവും ഓരോ യൂനിറ്റിലും. കര്‍ശനമായ അച്ചടക്ക വ്യവസ്ഥകളായിരുന്നു. രാഷ്ട്രീയ കക്ഷി നേതാക്കളുടെയോ നിക്ഷിപ്ത താല്‍പര്യക്കാരായ വ്യാപാരികളുടെയോ ഒരു സഹായവും സ്വീകരിക്കരുത് എന്നതായിരുന്നു ചട്ടം. അംഗങ്ങളുടെ സംഭാവന, വരിസംഖ്യ, ഉദാരമതികളുടെ സഹായം, സംഘടന നേതൃത്വം നല്‍കുന്ന കാര്‍ഷിക വിളകളില്‍നിന്നുള്ള വരുമാനം-ഇതൊക്കെയായിരുന്നു സാമ്പത്തിക സ്രോതസ്സ്. 1931 മുതല്‍ ഖസ്സാം രൂപവത്കരിച്ച സേനാ വിഭാഗം അധിനിവേശ ശക്തികള്‍ക്കെതിരെ സമരം തുടങ്ങി. 1935 മുതൽ ജൂത കുടിയേറ്റം വര്‍ധിച്ചതോടെ ഖസ്സാം പരസ്യമായിത്തന്നെ ഇംഗ്ലീഷുകാര്‍ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി. 1935-ല്‍ കുടിയേറ്റ ജൂതന്മാരുടെ എണ്ണം 62,000 ആയിക്കഴിഞ്ഞിരുന്നു. ജൂത കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സഹായത്തോടെ ഭൂമിയും സ്വന്തമാക്കാന്‍ തുടങ്ങിയതോടെ ഖസ്സാമും അനുയായികളും ചെറുത്തുനില്‍പ് ശക്തമാക്കി. ഖസ്സാം അറസ്റ്റ് ചെയ്യപ്പെട്ടു. 1935 നവംബര്‍ 15-ഓടെ ഖസ്സാം ഫലസ്ത്വീന്‍ വിപ്ലവത്തിന്റെ ആദ്യ ജ്വാല തെളിയിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് തുടരെത്തുടരെ തോല്‍വി സമ്മാനിച്ച് മുന്നേറിയ ഖസ്സാമിനെ തെരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു ഉന്നം. അപകടം മണത്തറിഞ്ഞ അദ്ദേഹം ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ ആര്‍ക്കും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വൃക്ഷനിബിഡമായ യഅ്ബദ് ഗ്രാമത്തില്‍ താമസമുറപ്പിച്ചു. ബ്രിട്ടീഷ് സേനയെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഗറില്ലാ യുദ്ധമുറകള്‍കൊണ്ട് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. കീഴടങ്ങാനുള്ള അന്തിമാജ്ഞ ബ്രിട്ടീഷ് സൈന്യം പുറപ്പെടുവിച്ചു. ഖസ്സാം പ്രഖ്യാപിച്ചു: 'ഞങ്ങള്‍ കീഴടങ്ങില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദാണിത്. സഖാക്കളേ, ശഹാദത്ത് വരിച്ചുകൊള്ളുക.' തന്റെ യൂനിറ്റിലെ സൈനികര്‍ ഒരേ ശബ്ദത്തില്‍ 'അല്ലാഹു അക്ബര്‍' മുഴക്കി ശത്രുവിന് നേരെ നിറയൊഴിച്ചുകൊണ്ടിരുന്നു. പക്ഷേ, ഇരമ്പിവന്ന ഇംഗ്ലീഷ് സൈന്യം ഇസ്സുദ്ദീന്‍ ഖസ്സാമിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും വെടിവെച്ചു വീഴ്ത്തി. 1935 നവംബർ 15-ന് അവര്‍ ശഹാദത്ത് വരിച്ചു.

അനുഗൃഹീത വ്യക്തിത്വം

നിരവധി സിദ്ധികളും സവിശേഷതകളും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ഖസ്സാം. സംഘാടനം, ശിക്ഷണം, പരിശീലനം, പ്രയോഗവത്കരണം എന്നീ രംഗങ്ങളില്‍ തന്റേതായ രീതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. പരീക്ഷിച്ചു ബോധ്യപ്പെട്ടവരെ മാത്രം ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചു. സഹായികളായി ആരെ കൂട്ടണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. രഹസ്യമായി നടത്തേണ്ട സൈനിക നീക്കങ്ങള്‍ ആ സ്വഭാവത്തിലും പരസ്യമായി നടത്തേണ്ട ബോധവത്കരണ- സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലുമാണ് വേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചു. ദീര്‍ഘ വീക്ഷണമുള്ള രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു. അനുയായികള്‍ അധികവും സാധാരണക്കാര്‍.

ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനത്തിന്റെ പ്രതീകമാണ് ശൈഖ് ഇസ്സുദ്ദീന്‍ അൽ ഖസ്സാം. സമരമായിരുന്നു അദ്ദേഹത്തിന് ജീവിതം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയെന്നത് മനുഷ്യന്റെ ജന്മാവകാശമാണെന്ന ഉറച്ച വിശ്വാസമാണ് ഖസ്സാമിനെ നയിച്ചത്. ഫലസ്ത്വീന്റെ സമ്പൂര്‍ണ വിമോചനമാണ് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന അല്‍ ഖസ്സാം ബ്രിഗേഡിന്റെ പ്രഖ്യാപിത ലക്ഷ്യം. അറബ്-മുസ്്‌ലിം രാജ്യങ്ങളെ ഫലസ്ത്വീന്‍ വിമോചനത്തിന് തയാറെടുപ്പിക്കുകയും സമരത്തെ മുന്നില്‍നിന്ന് നയിക്കുകയുമാണ് ബ്രിഗേഡ് ചെയ്യുന്നത്. 27,000 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ള, ഖുദ്‌സ് തലസ്ഥാനമായ വിശാല ഫലസ്ത്വീനാണ് ഖസ്സാം ബ്രിഗേഡിന്റെ അന്തിമ ലക്ഷ്യം. പ്രവര്‍ത്തന മേഖല ഫലസ്ത്വീനില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഹമാസ് ഔദ്യോഗിക രംഗപ്രവേശം നടത്തിയ 1984 മുതൽക്കേ വിവിധ പേരുകളില്‍ അത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 'അല്‍ മുജാഹിദൂനല്‍ ഫിലസ്ത്വീനിയ്യൂന്‍' ആയിരുന്നു 1987-ല്‍ അതിന്റെ പേര്. 1991-ലാണ് ഖസ്സാം ബ്രിഗേഡ് എന്ന് പുനര്‍നാമകരണം ചെയ്തത്. l