വിശകലനം

ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയില്‍ അഭയം തേടിയ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടത്തിന്റെ വീഴ്ചക്കു പിന്നാലെ അവിടെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ശമനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹസീനയുടെ അവാമി ലീഗിനോടുള്ള അടങ്ങാത്ത ജനരോഷമാണ് അക്രമങ്ങളില്‍ കലാശിച്ചത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. പരമ്പരാഗതമായി അവാമി ലീഗിനെയാണ് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും പിന്തുണച്ചിരുന്നത്. അതിനാല്‍, അവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഒട്ടുമുക്കാലും രാഷ്ട്രീയപ്രേരിതമായിരുന്നു. അവാമി ലീഗ് നേതാക്കള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ മുസ്‌ലിംകള്‍ എന്നതു പോലെ ഹിന്ദുക്കളും ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. ഹസീന രാജിവെച്ച ആഗസ്റ്റ് അഞ്ചിനു ശേഷം മാത്രം 232 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ബംഗ്ലാ ദിനപത്രം പ്രോതോം ആലോ റിപ്പോര്‍ട്ട് ചെയ്തത്. അവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിം സമുദായക്കാരായിരുന്നു.
സര്‍ക്കാര്‍ നിലംപതിച്ച ശേഷം രാജ്യത്തെ 64 ജില്ലകളില്‍ 52 ഇടങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ 205 വ്യത്യസ്ത ആക്രമണ സംഭവങ്ങളുണ്ടായതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂനിറ്റി കൗണ്‍സിലും ബംഗ്ലാദേശ് പൂജ ഉഡ്ജാപന്‍ പരിഷത്തും ഇടയ്ക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് ആഗസ്റ്റ് 9-ന് അയച്ച തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടിയതായി ദി ഡെയ്‌ലി സ്റ്റാര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍, എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് മാത്രം ഈ സംഘടനകള്‍ വെളിപ്പെടുത്തിയില്ല. ഔദ്യോഗിക റിപ്പോര്‍ട്ടുകളനുസരിച്ച് ആഗസ്റ്റ് അഞ്ചിനു ശേഷം നടന്ന കലാപങ്ങളില്‍ രണ്ട് ഹിന്ദുക്കള്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസുകാരനും മറ്റെയാള്‍ അവാമി ലീഗ് നേതാവും രംഗ്പൂര്‍ സിറ്റിയിലെ മുനിസിപ്പല്‍ കൗണ്‍സിലറുമായ ഹരാധന്‍ റോയിയുമാണ്. 20 ജില്ലകളിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതെന്ന് പ്രാദേശിക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വംശഹത്യക്ക് ഇരയാവുകയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സംഘ് പരിവാര്‍ അത് പ്രചാരണ കാമ്പയിനായി ഏറ്റെടുത്തു. കേരളത്തില്‍ ആര്‍.എസ്.എസ് ചാനലും ഹിന്ദു ഐക്യവേദിയും പരമാവധി വിഷം തുപ്പി. സംഘ് പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ദേശീയ ചാനലുകള്‍ മുതല്‍ ദിവസം നാലു നേരം കൊടും വിഷം പ്രസരിപ്പിക്കുന്ന എ.ബി.സി, മറുനാടന്‍, കര്‍മ ന്യൂസ് വരെയുള്ള കേരളത്തിലെ ഡസണ്‍ കണക്കിന് യൂറ്റ്യൂബ് ചാനലുകളും സംഘി നിരീക്ഷകരും അവസരം പരമാവധി മുതലെടുത്തു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‌ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയാണ് ഹിന്ദുവേട്ടക്ക് പിന്നിലെന്നു വരെ ഇവര്‍ പ്രചരിപ്പിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഒരു റിപ്പോർട്ടിലും ജമാഅത്തെ ഇസ്്‌ലാമിയുടെ പേരു പോലും പരാമര്‍ശിച്ചിട്ടില്ലെന്നിരിക്കെ തെളിവുകളൊന്നുമില്ലാതെയാണ് ഇവര്‍ ജമാഅത്ത് വേട്ട തുടങ്ങിയത്. ഇവര്‍ക്കൊപ്പമായിരുന്നു കേരളത്തിലെ സി.പി.എം സൈബര്‍ സഖാക്കളും. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുമായി ഔദ്യോ ഗികമായി ബന്ധമില്ലാത്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെയും പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നണിയായാണ് പ്രവര്‍ത്തിച്ചത്.
കടുത്ത ഇസ്‌ലാമോഫോബിക്കും ഗോദി മീഡിയയുടെ മുന്നണിപ്പോരാളിയുമായ അര്‍ണബ് ഗോസ്വാമിയാണ് പതിവു പോലെ സമുദായ സ്പര്‍ധയുണ്ടാക്കുന്നതില്‍ ദേശീയ തലത്തില്‍ നേതൃത്വം കൊടുത്തത്. വിരുദ്ധ ചേരികളിലുള്ള യു.എസും ചൈനയും പാകിസ്താനിലെ ഐ.എസ്.ഐയും ഇസ്‌ലാമിസ്റ്റുകളായ ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢപദ്ധതിയാണ് ഹസീനാ സര്‍ക്കാറിനെ അട്ടിമറിച്ചതെന്നായിരുന്നു ഗോസ്വാമിയുടെ കണ്ടെത്തല്‍.

പ്രഭവ കേന്ദ്രം ഇന്ത്യ
ഗോസ്വാമിയുടെ തീവ്ര വലതുപക്ഷ റിപ്പബ്ലിക്ക് ടി.വിയുടെ ബംഗാളി ഭാഷയിലുള്ള റിപ്പബ്ലിക്ക് ബംഗ്ല ചാനലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇവര്‍ സംപ്രേഷണം ചെയ്ത 50 മിനിറ്റ് ഡോക്യുമെന്ററി ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്. ഹിന്ദു വീടുകള്‍ ആക്രമിക്കപ്പെടുന്നു എന്ന പേരില്‍ ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ പലതും മുസ്‌ലിം വീടുകളായിരുന്നു. അവാമി ലീഗ് അനുകൂലികളുടെ വീടുകളാണ് ഇങ്ങനെ ആക്രമിക്കപ്പെട്ടത്. ഹിന്ദു സമുദായത്തില്‍ പെട്ടവരുടെ മാത്രമല്ല, അവാമി ലീഗുകാരായ മുസ്‌ലിംകളുടെ വീടുകളും അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട്.
ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിറര്‍ ന്യൂസിന്റെ യൂറ്റ്യൂബ് ചാനലിന്റെ തലക്കെട്ട് 'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം, കൂട്ടക്കൊലകള്‍' എന്നായിരുന്നു. നാലു ഹിന്ദു വീടുകള്‍ക്കെതിരെ ആക്രമണം എന്ന ഫൂട്ടേജില്‍ പറഞ്ഞ രണ്ടു വീടുകളും മുസ്‌ലിംകളുടേതായിരുന്നു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും അതിലുണ്ടായിരുന്നില്ല. 24 പേരെ ജനക്കൂട്ടം ചുട്ടുകൊന്നതായും ഒരു തെളിവുമില്ലാതെ ചാനല്‍ പ്രചരിപ്പിച്ചു.

ഡെയ്‌ലി ലേറ്റസ്റ്റ് അപ്‌ഡേറ്റ്‌സ് എന്ന X എക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത, ചത്രോഗാമിലെ നോബോഗ്രോഹോ ക്ഷേത്രം തീവെച്ചു നശിപ്പിച്ചെന്ന വ്യാജ വീഡിയോയും അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയുടെ ഔദ്യോഗിക യുറ്റ്യൂബ് ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ചത്രോഗാം സൗത്ത് ജില്ലയിലെ മറ്റൊരു ക്ഷേത്രത്തിനു സമീപത്തെ അവാമി ലീഗ് ഓഫീസിനു നേരെയുണ്ടായ ആക്രമണമാണ് ഇവ്വിധം പ്രചരിപ്പിക്കപ്പെട്ടതെന്ന് ക്ഷേത്രക്കമ്മിറ്റിയുടെ ഉപദേശകന്‍ റോണി ബിശ്വാസിനെ ഉദ്ധരിച്ച് പ്രോതോം ആലോ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ക്ഷേത്രത്തിനു പിന്നിലെ അവാമി ലീഗ് ഓഫീസാണ് നശിപ്പിക്കപ്പെട്ടതെന്ന് ക്ഷേത്രത്തിന്റെ മറ്റൊരു ഭാരവാഹി സ്വപന്‍ ദാസും ബി.ബി.സിയോട് പറഞ്ഞു. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരാധനാലയത്തിന് കാവല്‍ നില്‍ക്കുന്നുണ്ടെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഒരു തരത്തിലുള്ള പരിശോധനയും നടത്താതെ ചില ടെലിവിഷന്‍ ചാനലുകളും പോര്‍ട്ടലുകളും അപ്പടി സംപ്രേഷണം ചെയ്യുകയാണെന്ന് ദൈനിക് ആജ്കര്‍ പത്രികയുടെ ഫാക്ട്ചെക്കര്‍ രിദ്‌വാനുല്‍ ഇസ്‌ലാം ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് നാലിനു ശേഷം മാത്രം ഹാഷ് ടാഗ് ഉപയോഗിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ഏഴു ലക്ഷത്തിലേറെ തവണ പ്രചരിപ്പിക്കപ്പെട്ടെന്നും മിക്കവാറും എല്ലാ വ്യാജ പോസ്റ്റുകളുടെയും പ്രഭവ കേന്ദ്രം ഇന്ത്യയാണെന്നും സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ബ്രാന്റ്‌വാച്ച് എന്ന ആപ്പ് കണ്ടെത്തി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതായ വാര്‍ത്തകള്‍ വ്യാജമാണെന്ന് ബി.ബി.സിയുടെ വസ്തുതാന്വേഷണ വിഭാഗമായ ബി.ബി.സി വെരിഫൈ നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകള്‍ ഇന്ത്യയില്‍നിന്നുള്ള സാമൂഹ്യ മാധ്യമങ്ങളുടെ എക്കൗണ്ട് വഴിയാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്നതാണ് അന്വേഷണത്തില്‍ വെളിവായ പ്രധാന കാര്യം.

#AllEyesOnBangladeshiHindus എന്ന ഹാഷ് ടാഗില്‍ x ല്‍ പ്രചരിച്ച വാര്‍ത്തകളില്‍ ബഹുഭൂരിഭാഗവും പച്ചക്കള്ളമായിരുന്നു. അതിലൊന്നാണ് ആഗസ്റ്റ് 7-ന് പോസ്റ്റ് ചെയ്ത വീഡിയോ. ഹിന്ദു സമുദായാംഗത്തിന്റെ കട അഗ്നിക്കിരയാവുന്നതും ആളുകള്‍ കടയില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നതുമായിരുന്നു വീഡിയോ. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണമെന്ന് പറഞ്ഞ് സംഘ് പരിവാറിന്റെ സുദര്‍ശന്‍ ന്യൂസ് വാര്‍ത്ത കത്തിച്ചു. എന്നാല്‍, ഈ വീഡിയോ ജൂലൈയിലെതാണെന്ന് ബംഗ്ലാദേശിലെ സ്വതന്ത്ര വസ്തുതാന്വേഷണ വിഭാഗമായ ഡിസ്മിസ്‌ലാബ് (DismissLab) കണ്ടെത്തി. മജു ചൗധരി ഹാത് ഗ്രാമത്തില്‍ തീപ്പിടിത്തത്തില്‍ 15 കടകള്‍ കത്തിയ സംഭവമുണ്ടായിരുന്നു. അതില്‍ ഉള്‍പ്പെട്ടതാണ് ഈ കടയും. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഹസീനയുടെ രാജിക്ക് വളരെ മുമ്പു നടന്ന ഈ സംഭവത്തിന് യാതൊരു വര്‍ഗീയ മാനങ്ങളുമുണ്ടായിരുന്നില്ല.

ദേശീയ ക്രിക്കറ്റ് ടീമിലെ ഹിന്ദു താരം ലിറ്റന്‍ ദാസിന്റെ വീട് അഗ്നിക്കിരയാക്കിയെന്നായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. 'തെളിവാ'യി ക്ഷേത്രത്തിനു സമീപം ഒരാള്‍ ഇരിക്കുന്നതും കത്തിയെരിയുന്ന വീടിന്റെ ചിത്രവും നല്‍കിയിരുന്നു. തീവ്രവാദികളായ ഇസ്‌ലാമിസ്റ്റുകളാണ് പിന്നിലെന്ന പ്രചാരണവും സമൂഹ മാധ്യമങ്ങളിലുടെ സംഘ് പരിവാരം നടത്തി. പത്തു ലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്. നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടു. ചിത്രത്തിലുള്ളയാള്‍ ലിറ്റന്‍ ദാസ് തന്നെയായിരുന്നു. എന്നാല്‍, അഗ്നിക്കിരയാക്കപ്പെട്ട വീട് അദ്ദേഹത്തിന്റെതല്ലെന്ന് ജര്‍മന്‍ ചാനല്‍ ഡി.ഡബ്ലിയു (Deutsche Welle) വിന്റെ ഫാക്ട് ചെക്കിംഗ് ടീം കണ്ടെത്തി. ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും അവാമി ലീഗ് എം.പിയുമായിരുന്ന മശ്‌റഫ് ബിന്‍ മുര്‍തസയുടേതായിരുന്നു വീട്. ഇസ്‌ലാമിക തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഹിന്ദു കുളത്തില്‍ ചാടുന്ന വീഡിയോയാണ് മറ്റൊന്ന്. കുളത്തില്‍ ചാടിയയാള്‍ മുസ്‌ലിമാണെന്നും ആക്രമണവുമായി ബന്ധപ്പെട്ടതല്ല പ്രസ്തുത സംഭവമെന്നും ഇന്ത്യന്‍ ഫാക്ട്ചെക്കര്‍മാരാണ് കണ്ടെത്തിയത്.

ധാക്കയിലും നൊവഖാലിയിലും വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് (ഹിന്ദു) സ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണവും പച്ചക്കള്ളമായിരുന്നു. ധാക്കയിലെ 'ഇര' ഹസീനക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയായിരുന്നു. ഹസീന രാജ്യംവിട്ട ശേഷം നഗരം ശാന്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ട്രാഫിക്ക് നിയന്ത്രിച്ചിരുന്നു. ദീര്‍ഘനേരം റോഡില്‍ സേവനമനുഷ്ഠിച്ച മകളെ മാതാപിതാക്കള്‍ നിര്‍ബന്ധപൂർവം വീട്ടിലേക്ക് കൊണ്ടുപോയതാണ് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോകലായി മാറിയത്. നൊവഖാലിയില്‍ ഹിന്ദു യുവതിയെ പിടിച്ചുകൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നായിരുന്നു പ്രചാരണം. 'തട്ടിക്കൊണ്ടു പോകുന്നതിന്റെ' വീഡിയോയും കിട്ടിയതോടെ സോളിഡ് പ്രൂഫുമായി. എന്നാല്‍, സംഭവം ഇങ്ങനെ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവ് ചില സുഹൃത്തുക്കള്‍ക്കൊപ്പമെത്തി വീട്ടില്‍നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി. ബംഗ്ലാദേശ് കത്തിയെരിയുന്ന സമയത്തുണ്ടായ സംഭവം പോലുമായിരുന്നില്ല അത്. എന്നാല്‍, ഇന്ത്യയില്‍ സാമുദായിക ധ്രുവീകരണത്തിനായി പാടുപെടുന്ന സംഘ് പരിവാറും അവയുടെ മീഡിയകളും അതും മുതലെടുത്തു.

ഇന്ത്യയിലും ബംഗ്ലാദേശിലും മാത്രമല്ല, ബ്രിട്ടനിലെ വലതുപക്ഷ തീവ്രവാദിയും ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ സ്ഥാപകനുമായ ടോമ്മി റോബിന്‍സനും ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 'ബംഗ്ലാദേശില്‍ ഹിന്ദു വംശഹത്യ' എന്ന തലക്കെട്ടിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം. ബ്രിട്ടനില്‍ ഈയിടെ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കുള്ളയാളാണ് പല തവണ ശിക്ഷിക്കപ്പെട്ട റോബിന്‍സണ്‍.
അവാമി ലീഗുമായി ബന്ധമില്ലാത്ത ഒരു ഹിന്ദു വീടും ആക്രമിക്കപ്പെട്ടില്ലെന്നാണ് ബംഗ്ലാദേശ് നാഷ്നല്‍ ഹിന്ദു ഗ്രാന്റ് അലയന്‍സ് പ്രസിഡന്റ് ഗോബിന്ദ പ്രമാണിക് തുര്‍ക്കിയ വാര്‍ത്താ ഏജന്‍സി അനദോലുയോട് പറഞ്ഞത്. രാഷ്ട്രീയ ആക്രമണങ്ങളെ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഹസീന അധികാരത്തിലിരുന്ന കാലത്ത് ജനങ്ങളോട് ക്രൂരമായി പെരുമാറിയ അവാമി ലീഗിന്റെ രണ്ടു പ്രാദേശിക നേതാക്കളുടെ വീടുകള്‍ തന്റെ ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ കൈയേറിയതായി റെന്റ് എ കാര്‍ ഡ്രൈവര്‍ റഹ്‌മാന്‍ ഹീരു അല്‍ ജസീറയോട് പറയുകയുണ്ടായി. ഹിന്ദുക്കളായതുകൊണ്ടല്ല, അവാമി ലീഗുകാര്‍ ആയതുകൊണ്ടാണ് അവര്‍ കൈയേറ്റം ചെയ്യപ്പെട്ടത്.

വേട്ടക്കാരുടെ
ന്യൂനപക്ഷ പ്രേമം
നരേന്ദ്ര മോദി ഭരണത്തില്‍ ഒരു പതിറ്റാണ്ടിലേറെയായി മുസ്‌ലിം വേട്ടക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തവര്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നതാണ് കണ്ടത്. അവിടത്തെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് ബി.എസ്.എഫ് ഈസ്റ്റ് കമാന്റിന്റെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ രവി ഗാന്ധിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു കമ്മിറ്റിയെ തന്നെ നിയമിച്ചു. ഏതു രാജ്യത്തെയും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഒരിക്കലും അനുവദിച്ചുകൂടാത്തതാണ്. ബംഗ്ലാദേശില്‍ മാത്രമല്ല, ബ്രിട്ടനിലോ പാകിസ്താനിലോ മ്യാന്‍മറിലോ ശ്രീലങ്കയിലോ ആയാലും ഇതായിരിക്കണം നിലപാട്. എന്നാല്‍, സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നവരാണ് അയല്‍ രാജ്യത്ത് സജീവമായി ഇടപെടുന്നത് എന്നതാണ് ഏറ്റവും പരിഹാസ്യം. ന്യൂനപക്ഷ വിഭാഗത്തിലെ ആര്‍ക്കെങ്കിലുമെതിരെ ആക്രമണങ്ങള്‍ നടക്കുന്നത് കണ്ടാല്‍ ഹോട്ട്‌ലൈന്‍ വഴി വിവരമറിയിക്കണമെന്നും, ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടത്തിയതു പോലെയുള്ള പ്രഖ്യാപനങ്ങള്‍ ഒരിക്കല്‍ പോലും ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാറില്‍നിന്ന് ഉണ്ടായിട്ടില്ലെന്നതും ഓര്‍ക്കുക.

ഇന്ത്യയിലെ വ്യാജ വാര്‍ത്താ പ്രചാരകര്‍ പ്രശ്‌നം ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ബംഗ്ലാദേശിലെ സാധാരണ ഹിന്ദുക്കള്‍ ഐക്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിറ്റഗോംഗിലെ ശ്രീ ശ്രീ സിതാ കാളി മാതാ ക്ഷേത്രത്തിനു പുറത്ത് മുസ്‌ലിം, ഹിന്ദു വിദ്യാര്‍ഥികള്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്. വര്‍ഗീയവാദികള്‍ ഒരുക്കുന്ന കെണിയില്‍ നമ്മള്‍ വീണുപോകരുതെന്ന് മൊയിനുല്‍ എന്ന വിദ്യാര്‍ഥി ഓര്‍മിപ്പിക്കുന്നു. മുസ്‌ലിം അയല്‍വാസികള്‍ നല്‍കുന്ന പിന്തുണക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഇനിയങ്ങോട്ടും നമ്മള്‍ ഒരുമയോടെ ബംഗ്ലാദേശില്‍ ജീവിക്കുമെന്നും സ്ഥിരം ക്ഷേത്ര സന്ദര്‍ശകനായ ചോതോന്‍ പറഞ്ഞു.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ രാഷ്ട്രീയ, ഭരണ, സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. പിരിച്ചുവിടപ്പെട്ട ഹസീനാ മന്ത്രിസഭയില്‍ നാലു പേര്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഭക്ഷ്യ മന്ത്രി സധന്‍ ചന്ദ്ര മജൂംദാര്‍, ആരോഗ്യ മന്ത്രി ഡോ. സാമന്ത ലാല്‍ സെന്‍, ലാന്റ് മിനിസ്റ്റര്‍ നാരായണ്‍ ചന്ദ്ര ചന്ദ, ചിറ്റഗോംഗ് മലയോര വികസന മന്ത്രി കുജേന്ദ്ര ലാല്‍ ത്രിപുര എന്നിവര്‍. 2024-ലെ തെരഞ്ഞെടുപ്പില്‍ 12 ഹിന്ദു എം.പിമാരാണ് പാര്‍ലമെന്റിലെത്തിയത്. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എന്‍.പി) ഉള്‍പ്പെടെയുള്ളവ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ പ്രസ്തുത പാര്‍ട്ടികളിലെ ഹിന്ദു സമുദായക്കാര്‍ മല്‍സരിച്ചിരുന്നില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസായിരുന്ന സുരേന്ദ്ര കുമാര്‍ സിന്‍ഹയെ (2015-2017) അവാമി ലീഗിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതിന് ഹസീന പുകച്ചു പുറത്തുചാടിക്കുകയായിരുന്നു. രാജ്യത്തുനിന്ന് പലായനം ചെയ്ത അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു.

ഹിന്ദുക്കള്‍ക്കെതിരെ ചിലയിടങ്ങളില്‍ ആക്രമണങ്ങളുണ്ടായി എന്നത് ശരിയാണെങ്കിലും അത് പെരുപ്പിച്ചു കാട്ടുകയും ഇസ്‌ലാമിസ്റ്റുകള്‍ ബംഗ്ലാദേശിനെ വിഴുങ്ങാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പടക്കുകയുമാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ബംഗ്ലാദേശ് ആക്ടിവിസ്്റ്റും എഴുത്തുകാരനുമായ അനുപം ദേബാശീഷ് റോയ് പറയുന്നു. ബി.ജെ.പി സര്‍ക്കാറിനും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കും ഇതാവശ്യമാണെന്ന് അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു. 'ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ ജനകീയ വിപ്ലവം യഥാർഥത്തില്‍ ബി.ജെ.പി സര്‍ക്കാറിനെയാണ് വെട്ടിലാക്കിയത്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും വേണ്ടി പണിയെടുക്കുന്ന ചില മാധ്യമങ്ങള്‍ അവസരം മുതലെടുത്ത് മുസ്‌ലിം വിദ്വേഷം കത്തിക്കുകയാണ്' - പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി വയര്‍ എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍ ചൂണ്ടിക്കാട്ടുന്നു. l

ഏകാധിപതികള്‍ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞാലും ജനരോഷത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവരുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയല്‍രാജ്യമായ ബംഗ്ലാദേശില്‍ കണ്ടത്. ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് രാഷ്ട്രീയാഭയം തേടിയുള്ള നെട്ടോട്ടത്തിലാണ്. ബ്രിട്ടനിലേക്ക് പോകാനുള്ള അവരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നു. അമേരിക്ക അവരുടെ വിസയും റദ്ദാക്കിയിരിക്കുന്നു. നാല്‍പത്തഞ്ച് മിനിറ്റിനകം രാജ്യം വിടാന്‍ അവസരമൊരുക്കി സൈന്യമാണ് ഹസീനയുടെ ജീവന്‍ രക്ഷിച്ചത്.

സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസിലും പൊതു മേഖലാ സ്ഥാപനങ്ങളിലും 30 ശതമാനം സംവരണം ശൈഖ് ഹസീനയുടെ പിതാവും പ്രഥമ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർറഹ്‌മാന്‍ 1972-ല്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഇത് ഫലത്തില്‍ അദ്ദേഹത്തിന്റെ അവാമി ലീഗിനെ പിന്തുണക്കുന്നവര്‍ക്കുള്ള പ്രത്യേക ആനുകൂല്യമായാണ് പരിണമിച്ചത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് 2018-ല്‍ ഹസീന ഇത് നിര്‍ത്തലാക്കി. എന്നാല്‍, സൈനികരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ച് ഹൈക്കോടതി ഇക്കഴിഞ്ഞ ജൂണില്‍ ക്വാട്ട സമ്പ്രദായം പുനഃസ്ഥാപിക്കുക മാത്രമല്ല, മൊത്തം സംവരണം 56 ശതമാനമായി ഉയര്‍ത്തുകയുമാണുണ്ടായത്. മൂന്നാം തലമുറയിൽ പെട്ട സൈനികരുടെ മക്കള്‍ക്ക് ഉള്‍പ്പെടെ സംവരണം നല്‍കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും തെരുവിലിറങ്ങി. ഇതോടെ സുപ്രീം കോടതി ഇടപെടുകയും സര്‍ക്കാര്‍ ജോലികളില്‍ 93 ശതമാനവും മെരിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും, 1971-ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്ന സംവരണം ഏഴു ശതമാനത്തില്‍ നിജപ്പെടുത്തണമെന്നും വിധിച്ചു.

എന്നാല്‍, ക്വാട്ട സമ്പ്രദായത്തിനെതിരെ സമരം ചെയ്യുന്നവരെ പരിഹസിച്ച് ശൈഖ് ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധം രൂക്ഷമാക്കി. 'ബംഗ്ലാദേശിനു വേണ്ടി പോരാടിയവരുടെ മക്കള്‍ക്കല്ലാതെ രാജ്യദ്രോഹികള്‍ക്കാണോ സംവരണം നല്‍കേണ്ടത്' എന്നായിരുന്നു അവരുടെ ചോദ്യം. 1971-ലെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇത്ര കലുഷിതമായ പ്രക്ഷോഭം ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നാലു ലക്ഷത്തിലേറെ പേരാണ് തെരുവിലിറങ്ങിയത്. യഥാർഥത്തില്‍, സംവരണ വിരുദ്ധ പ്രക്ഷോഭം ഒരു നിമിത്തം മാത്രമായിരുന്നു. പതിനഞ്ചു വര്‍ഷമായി ഹസീനയുടെ നേതൃത്വത്തില്‍ അവാമി ലീഗ് നടത്തിവരുന്ന കൊടിയ ജനാധിപത്യ ധ്വംസനത്തിനെതിരെ അടക്കിപ്പിടിച്ച രോഷം ജനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. മുന്നൂറിലേറെപ്പേരെ - അവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍- ജീവന്‍ നല്‍കിയാണ് ജനകീയ പ്രക്ഷോഭം വിജയിപ്പിച്ചത്.

ഹസീന നാടു വിട്ടതിനുശേഷം സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ നീക്കങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ജനരോഷത്തിന് ഇരയായ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബെയ്ല്‍ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടയ്ക്കാല സര്‍ക്കാറിനെ അധികാരമേല്‍പിക്കാനും സൈനിക മേധാവി വാഖിറുസ്സമാന്‍ സമ്മതമരുളിയിട്ടുണ്ട്.

ബംഗ്ലാദേശിലെ ധാക്കയിൽ, പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി വാർത്ത ആഘോഷിക്കുന്നതിനിടയിൽ പ്രതിഷേധക്കാർ ഒരു പൊതു സ്മാരകത്തിൽ കയറുന്നു

ലക്ഷണമൊത്ത ഏകാധിപതിയായാണ് ഇക്കാലമത്രയും ഹസീന പ്രവര്‍ത്തിച്ചത്. എതിരാളികളെ തെരഞ്ഞുപിടിച്ച് രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയായിരുന്നു അവര്‍. ഹസീനയുടെ ഭ്രാന്തമായ രാഷ്ട്രീയ വേട്ടക്ക് കനത്ത വില നല്‍കേണ്ടി വന്ന പ്രസ്ഥാനം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയാണ്. 1971-ലെ സ്വാതന്ത്ര്യ സമരത്തില്‍ പാകിസ്താന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ അവര്‍ തിരിഞ്ഞത്. പാകിസ്താന്റെ ഭാഗമായിരുന്ന കിഴക്കന്‍ പാകിസ്താന്‍ വിഘടിച്ചു പോകുന്നത് ഒഴിവാക്കണമെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായിരുന്നത്. എന്നാല്‍, ബംഗ്ലാദേശ് യാഥാര്‍ഥ്യമായതോടെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പ്രവര്‍ത്തകരും പുതിയ രാജ്യത്തെ അംഗീകരിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്തു. എണ്‍പതുകളില്‍ ജമാഅത്തെ ഇസ്ലാമിയോടൊപ്പം ചേര്‍ന്ന് സൈനിക ഭരണത്തിനെതിരെ പോരാട്ടം നയിക്കുകയും 1991-ലെ പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നപ്പോള്‍ 18 സീറ്റുകള്‍ വിജയിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടുകയും ചെയ്ത (ബി.എന്‍.പിയെയാണ് ജമാഅത്ത് പിന്തുണച്ചത്) ഹസീനക്ക് 2009-ലാണ് ജമാഅത്ത് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയത്. ഇന്റർ നാഷ്നല്‍ ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ തട്ടിക്കൂട്ട് സംവിധാനമുണ്ടാക്കി ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാക്കള്‍ക്ക് അവര്‍ വധശിക്ഷ വിധിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി 2013-നു ശേഷം മാത്രം 23 പേരെയാണ് അവാമി ലീഗ് ഭരണകൂടം തൂക്കിലേറ്റിയത്. ഇപ്പോഴും 1750-ലേറെ പേര്‍ വധശിക്ഷ കാത്തുകഴിയുന്നു.

സൈന്യവും പോലീസും അവാമി ലീഗിന്റെ ക്രിമിനല്‍ സംഘവുമാണ് ബംഗ്ലാദേശിന്റെ നിയമവാഴ്ചയുടെ നിയന്ത്രണം ഏറ്റെടുത്തത്. 2009-ല്‍ ഹസീന അധികാരത്തിലേറിയതു മുതല്‍ 600-ലേറെ പേര്‍ 'അപ്രത്യക്ഷരായെ'ന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ലിയു) ചൂണ്ടിക്കാട്ടുന്നു. 2015 ജനുവരിക്കും 2020 ഡിസംബറിനുമിടയില്‍ 143 വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭീകരരെന്ന് മുദ്രകുത്തി 755 പേരെയാണ് വധിച്ചതെന്ന് എച്ച്.ആര്‍.ഡബ്ലിയുവിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ഹസീന ചൊല്‍പടിയില്‍ നിര്‍ത്തി. പരമോന്നത കോടതിയും അതില്‍നിന്ന് ഒഴിവായില്ല. ഹസീനയുടെ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബംഗ്ലാദേശിലെ പ്രഥമ ഹിന്ദു ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹക്ക് 2017-ല്‍ വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അഴിമതിക്കുറ്റം ചുമത്തി പിന്നീട് ഇദ്ദേഹത്തിന് 11 വര്‍ഷത്തെ ജയിൽ ശിക്ഷ വിധിക്കുകയുണ്ടായി. 'തകര്‍ന്ന സ്വപ്നം: നിയമവാഴ്ച, മനുഷ്യാവകാശം, ജനാധിപത്യം' (Broken Dream: Rule of Law, Human Rights and Democracy) എന്ന പേരില്‍ സിന്‍ഹ പിന്നീട് പുസ്തകമെഴുതി.

ജനാധിപത്യത്തോട് അക്ഷരാര്‍ഥത്തില്‍ കൊഞ്ഞനം കാട്ടുന്നതായിരുന്നു 2024 ജനുവരി ഏഴിലെ പൊതു തെരഞ്ഞെടുപ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ 300-ല്‍ 223 സീറ്റുകളുമായി ഹസീനയുടെ പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണ അധികാരം നിലനിര്‍ത്തി. സൈന്യത്തെയും ബ്യൂറോക്രസിയെയും ജുഡീഷ്യറിയെയും വ്യവസായ ഭീമന്മാരെയും വരുതിയിലാക്കിയാണ് 2014-ലും 2019-ലും അവാമി ലീഗ് വിജയിച്ചതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. 2009-ലെ തെരഞ്ഞെടുപ്പ് മുതല്‍ അവാമി ലീഗിന്റെ തികഞ്ഞ ഏകാധിപത്യമാണ് രാജ്യം കണ്ടത്.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമീഷനെ ബിജെ.പി വരുതിയിലാക്കിയതിന്റെ മറ്റൊരു രൂപമാണ് ബംഗ്ലാദേശിലും സംഭവിച്ചത്. വ്യാപകമായ കൃത്രിമം നടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ കെയര്‍ ടേക്കര്‍ സര്‍ക്കാറിനു കീഴില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇലക്്ഷന്‍ പ്രഖ്യാപനത്തിന് മുമ്പു തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ ഭരണകക്ഷിയോ അവരുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഇലക്്ഷന്‍ കമീഷനോ കോടതികളോ തയാറായില്ല. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരെ വ്യാപകമായി ജയിലിലടച്ചുമാണ് അവാമി ലീഗ് തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത്. ഇരുപതിനായിരത്തോളം പേരെ ജയിലിലടച്ചു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയെ ഭീകര സംഘടനയെന്നാണ് ഹസീന വിശേഷിപ്പിച്ചത്. ബി.എന്‍.പി നേതാവ് ഖാലിദ സിയക്കും മകനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവുമായ താരിഖ് റഹ്‌മാനും നിരോധമേര്‍പ്പെടുത്തി. കടുത്ത രോഗബാധിതയായ ഖാലിദയെ അഴിമതിക്കേസില്‍ തടവിലാക്കി. ലണ്ടനില്‍ പ്രവാസിയായ താരിഖിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

തെരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കെടുക്കുകയും 2001 മുതല്‍ 2006 വരെ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബി.എന്‍.പി മുന്നണി സര്‍ക്കാറിന്റെ ഭാഗമാവുകയും ചെയ്ത രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 2013 മുതല്‍ വിലക്കേര്‍പ്പെടുത്തി. ഇതിനെതിരെ സംഘടന സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. ഇലക്്ഷന്‍ കമീഷനില്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനും 2013-ലെ വിധിയിലൂടെ കോടതി റദ്ദാക്കിയിരുന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം തടഞ്ഞില്ല. ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ ഹസീനാ ഭരണകൂടം അടിച്ചമര്‍ത്തിയതോടെ 2013-നുശേഷം പൊതു പരിപാടികള്‍ നടത്താന്‍ സംഘടനക്ക് കഴിഞ്ഞിരുന്നില്ല. വിലക്ക് നീങ്ങിയതോടെ 2024-ലെ പൊതു തെരഞ്ഞെടുപ്പ് കെയര്‍ ടേക്കര്‍ സര്‍ക്കാറിനു കീഴില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് 2023 ജൂണില്‍ ജമാഅത്ത് നടത്തിയ റാലിയില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെയും കാമ്പസുകളില്‍ ഏറെ സ്വാധീനമുള്ള അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമി ഛാത്ര ശിബിറിനെയും ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് നിരോധിക്കുകയുണ്ടായി ഹസീനാ ഭരണകൂടം. എന്നാല്‍, ഒരാഴ്ച തികയുന്നതിനു മുമ്പ് ഹസീന രാജ്യം വിട്ടോടുന്നതും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതുമാണ് കണ്ടത്. 2011-ല്‍ ഭരണകൂടം അടച്ചുപൂട്ടിയ ധാക്ക മോഗ്ബസാറിലെ പാര്‍ട്ടി ഓഫീസ് 13 വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം തുറന്നു.

രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് ഹസീനയുടെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബംഗ്ലാദേശ് ജനത പറയുന്നത്. അത്രമേല്‍ ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങിയിരിക്കുകയാണ് ഹസീനയും അവാമി ലീഗും. രാഷ്ട്രപിതാവിന്റെ സ്മാരകങ്ങള്‍ക്കെതിരെ പോലും രോഷം അണപൊട്ടിയൊഴുകി. ജന്മനാട്ടിലേക്ക് മടങ്ങിവരാന്‍ ഇനി അവര്‍ക്ക് സാധിക്കണമെന്നില്ല. എന്നാല്‍, മനുഷ്യഹത്യയുടെ പേരില്‍ ഹസീനയും കൂട്ടരും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. രാഷ്ട്രാന്തരീയ തലത്തില്‍ അതിനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. l

''ഫലസ്ത്വീനികള്‍ക്ക് പോരാടാന്‍ അപാച്ചെ ഹെലികോപ്റ്ററുകളോ എഫ്-16 വിമാനങ്ങളോ ടാങ്കുകളോ മിസൈലുകളോ ഇല്ല, രക്തസാക്ഷികളാവാനുള്ള ധീരതയാണ് അവരുടെ കൈമുതല്‍. പിറന്ന മണ്ണിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു നേതാവ് കൊല്ലപ്പെട്ടാല്‍ നൂറു നേതാക്കള്‍ ഉയര്‍ന്നുവരും.'' ഫലസ്ത്വീനിലെ ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന്റെ സ്ഥാപകന്‍ ശൈഖ് അഹ്‌മദ് യാസീന്റെ വാക്കുകളാണിത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ സയണിസ്റ്റ് ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച വാര്‍ത്ത കേട്ടപ്പോള്‍ മേല്‍ വാചകങ്ങളാണ് ഓര്‍മയിലെത്തിയത്. ഫലസ്ത്വീന്‍ വിമോചന പോരാളികള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് ഹനിയ്യ കൈവരിച്ചിരിക്കുന്നത്.

ഹമാസിന്റെ പിറവിക്കു രണ്ടു വര്‍ഷത്തിനുശേഷം 1989-ല്‍ ആരംഭിച്ച ഒന്നാം ഇന്‍തിഫാദ കാലത്ത് മൂന്നു വര്‍ഷം ഇസ്രയേലി തടവില്‍ കഴിഞ്ഞിരുന്നു ഹനിയ്യ. 1992 ഡിസംബറില്‍ 415 ഫലസ്ത്വീന്‍ പോരാളികളെ ലബനാന്‍ അതിര്‍ത്തിയിലെ മരുഭൂമിയിലേക്ക് സയണിസ്റ്റ് ഭരണകൂടം നാടുകടത്തിയവരുടെ കൂട്ടത്തിലും അദ്ദേഹം ഉണ്ടായിരുന്നു. അഹ്‌മദ് യാസീന്‍, ഹനിയ്യ, മുഹമ്മദ് ദൈഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വധിക്കാന്‍ 2003 സെപ്റ്റംബറില്‍ ഇസ്രയേല്‍ ശ്രമിച്ചിരുന്നു. ഗസ്സയില്‍ യോഗം ചേരുന്ന കെട്ടിടത്തില്‍ അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം ബോംബ് വര്‍ഷിച്ചെങ്കിലും തലനാരിഴക്ക് മൂവരും രക്ഷപ്പെട്ടു. 2006-ലെ ഫലസ്ത്വീന്‍ അതോറിറ്റി തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചപ്പോള്‍ ഹനിയ്യ പ്രധാനമന്ത്രിയായി. തന്റെ ജനതയെ ഉപരോധത്തിലാക്കിയവരോട് പോരാടാന്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

2017-ല്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇസ്രയേലിന്റെ വധഭീഷണി അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ഒക്ടോബര്‍ ഏഴിലെ ത്വൂഫാനുല്‍ അഖ്‌സ്വാ ഓപറേഷനു ശേഷം ഹനിയ്യയെ വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു സയണിസ്റ്റ് ഭരണകൂടം. തുര്‍ക്കിയയിലും ഖത്തറിലും കഴിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്മാഈല്‍ ഹനിയ്യ നേതൃത്വം നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ ഈദുല്‍ ഫിത്വ്്ര്‍ ദിനത്തില്‍ ഗസ്സയില്‍ കുടുംബ സന്ദര്‍ശനത്തിനിടെയാണ് ഹനിയ്യയുടെ മൂന്ന് ആണ്‍മക്കളെയും നാല് പൗത്രന്മാരെയും വധിച്ചത്. 'എന്റെ മക്കളുടെ രക്തം ഫലസ്ത്വീന്‍ ജനതയുടെ രക്തത്തെക്കാള്‍ പ്രിയപ്പെട്ടതൊന്നുമല്ല' എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനകം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ അറുപതോളം പേര്‍ രക്തസാക്ഷികളായി. ഇസ്രയേലി പൗരത്വമുള്ള സഹോദരിയെ ഭീകരവാദക്കുറ്റം ചുമത്തി ജയിലിലടച്ചു. ഹനിയ്യക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചതായിരുന്നു 'ഭീകര പ്രവൃത്തി' .

ലബനാനില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാണ്ടറും സയ്യിദ് ഹസന്‍ നസ്വ്്റുല്ലയുടെ വലംകൈയുമായ ഫുആദ് ശുക്കൂറിനെ ഉന്നമിട്ട് ആക്രമണം നടന്ന രാത്രിയാണ് ഹനിയ്യക്കെതിരെ തെഹ്‌റാനിലും മിസൈല്‍ തൊടുത്തുവിട്ടത്. ജനുവരി ആദ്യ വാരം ബൈറൂത്തിലെ ദാഹിയയില്‍ ഹമാസ് സീനിയര്‍ നേതാവ് സ്വാലിഹ് അല്‍ ആറൂറിയെ വധിച്ച ശേഷം സയണിസ്റ്റുകള്‍ നടത്തിയ മറ്റൊരു വലിയ ഓപറേഷനാണ് ഹനിയ്യക്കെതിരെ ഉണ്ടായത്. ഹമാസ് രാഷ്ട്രീയകാര്യ സമിതിയുടെ ഉപ മേധാവിയും സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്‌സിന്റെ സ്ഥാപകരിലൊരാളുമായിരുന്നു അമ്പത്തേഴുകാരനായ ആറൂറി. ഇരുവരെയും വധിക്കാന്‍ തെരഞ്ഞെടുത്തത് സമാന രീതികളാണെന്ന് പറയപ്പെടുന്നു.

രക്തസാക്ഷികള്‍ക്കൊപ്പം
ഹമാസ് സ്ഥാപക നേതാക്കളായ ശൈഖ് അഹ്‌മദ് യാസീന്‍, ഡോ. അബ്ദുല്‍ അസീസ് റന്‍തീസി തുടങ്ങിയ രക്തസാക്ഷികള്‍ക്കൊപ്പമാണ് ഇസ്മാഈല്‍ ഹനിയ്യയും നടന്നുകയറിയത്. അധിനിവേശ ഭീകരരില്‍നിന്ന് ജന്മനാട്ടിന്റെ സമ്പൂര്‍ണ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ രാഷ്ട്രീയ, സൈനിക വിഭാഗങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന നിരവധി പേരെ ഇസ്രയേല്‍ വധിക്കുകയുണ്ടായി. നിരവധി നേതാക്കള്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇതൊന്നും ഇസ്രയേല്‍ ഭീകരതക്കെതിരായ പോരാട്ടത്തില്‍നിന്ന് ഹമാസിനെ പിന്തിരിപ്പിച്ചിട്ടില്ല. ഹനിയ്യയുടെ രക്തസാക്ഷിത്വ വാര്‍ത്തയോട് ഹമാസ് നേതൃത്വം പ്രതികരിച്ചതും അങ്ങനെ തന്നെ.

1993 നവംബര്‍ 24-നാണ് ഹമാസിന്റെ കമാണ്ടറെ ഇസ്രയേല്‍ സൈന്യം വധിക്കുന്നത്. ഇമാദ് അഖിലാണ് ആ അര്‍ഥത്തില്‍ പ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി. ഇരുപത്തിരണ്ടു വയസ്സായിരുന്നു ഇമാദിന്. ചെറു പ്രായത്തില്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ കമാണ്ടര്‍ പദവിയിലെത്താന്‍ മാത്രം അപാരമായ ധൈര്യവും നേതൃപാടവവുമുണ്ടായിരുന്നു ഇമാദിന്. വേഷം മാറി പ്രത്യക്ഷപ്പെടുന്നതില്‍ മിടുക്കനായിരുന്നു. ജൂത കുടിയേറ്റക്കാരന്റെ വേഷത്തിലും ഇസ്രയേലി സൈനികരെ അദ്ദേഹം കബളിപ്പിക്കുകയുണ്ടായി. 'സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ് താനുള്ളത്' എന്ന് 1991-ല്‍ എഴുതിയ ഡയറിക്കുറിപ്പില്‍ ഇമാദ് സൂചിപ്പിച്ചിരുന്നു.

ഇമാദ് അഖിലിന്റെ മരണ ശേഷം യഹ്‌യ അബ്ദുല്ലത്വീഫ് അയ്യാശ് ഖസ്സാമിന്റെ കമാണ്ടര്‍ പദവി ഏറ്റെടുത്തു. ഖസ്സാമിന്റെ ബോംബുകളുടെയും റോക്കറ്റുകളുടെയും ശില്‍പി എന്നറിയപ്പെടുന്ന അയ്യാശിനെ ഇല്ലാതാക്കാനുള്ള ചുമതല നല്‍കപ്പെട്ടത് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ബെറ്റിനായിരുന്നു. 1996 ജനുവരി അഞ്ചിന് പിതാവുമായി സംസാരിക്കവെയാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹം കൊല്ലപ്പെടുന്നത്. ഹമാസ് അണികള്‍ക്കിടയില്‍ 'എഞ്ചിനീയര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അയ്യാശിനോടുള്ള ആദരവായാണ് 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോക്കറ്റുകള്‍ക്ക് 'അയ്യാശ് 250' എന്ന പേര് ഖസ്സാം നല്‍കിയത്.

അയ്യാശിനു ശേഷം ചുമതലയേറ്റ സ്വലാഹ് മുസ്തഫ മുഹമ്മദ് ശഹാദയെ 2002 ജൂലൈ 22-നാണ് സയണിസ്റ്റ് സൈന്യം വധിച്ചത്. ശഹാദയോടൊപ്പം ഭാര്യയും മകളും രക്തസാക്ഷികളായി. ശഹാദയുടെ കാലത്താണ് ഇസ്രയേലിനകത്തേക്ക് ഖസ്സാം റോക്കറ്റുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. സ്ഥാപക നേതാക്കളില്‍ ഒരാളായ ഇസ്മാഈല്‍ അബൂ ശനബിനെ 2003 ആഗസ്റ്റ് 21-ന് ഗസ്സയിലെ റിമാലില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിസൈലാക്രമണത്തിലൂടെയാണ് വധിച്ചത്. ഗസ്സയിലെ ഹമാസിന്റെ മുതിര്‍ന്ന മൂന്നു നേതാക്കളിലൊരാളായ അബൂ ശനബിന്റെ ഖബറടക്കച്ചടങ്ങില്‍ ഒരു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗസ്സ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന ഇസ്മാഈൽ ഹനിയ്യയെ, ശൈഖ് അഹ്‌മദ് യാസീനുമായുള്ള അടുത്ത ബന്ധമാണ് ഹമാസിലെത്തിച്ചത്.

ഹമാസ് നേതൃത്വത്തിലുള്ള ശൈഖ് അഹ്‌മദ് യാസീനെയും ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയെയും ഇരുപത്തഞ്ചു ദിവസത്തിനിടയിലാണ് വധിച്ചത്. 2004 മാര്‍ച്ച് 22 തിങ്കളാഴ്ച പുലര്‍ച്ച 4.30-ന് ഗസ്സയിലെ അല്‍ മുജമ്മഅ് പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിന് വീല്‍ ചെയറില്‍ പുറപ്പെട്ട ശൈഖ് യാസീന്റെ നീക്കങ്ങള്‍ പൈലറ്റില്ലാത്ത ചെറുവിമാനം സൈനിക കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിക്കൊണ്ടിരുന്നു. പള്ളിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ അപാച്ചെ കോപ്റ്ററില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ ശൈഖിന്റെ നേരെ തൊടുത്തുവിട്ടു. യാസീനും മകള്‍ ഖദീജയുടെ ഭര്‍ത്താവും അംഗരക്ഷകനും ഉള്‍പ്പെടെ എട്ടു പേര്‍ രക്തസാക്ഷികളായി. ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആകാശത്ത് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പെട്ടതായി മകന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍ 'നാം രക്തസാക്ഷിത്വം കൊതിക്കുന്നുവെന്നും അല്ലാഹുവിലേക്കാണ് നമ്മുടെ മടക്കമെ'ന്നുമായിരുന്നു ശൈഖ് യാസീന്റെ പ്രതികരണം. പള്ളിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു മകന്‍ അബ്ദുല്‍ ഗനിയും പിതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ശൈഖ് അത് അവഗണിച്ച് രക്തസാക്ഷിത്വത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

ഡോ. റന്‍തീസിയെ വധിക്കാന്‍ 2003 ജൂണില്‍ ഇസ്രയേല്‍ രണ്ട് മിസൈലുകള്‍ അയച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍, അടുത്ത വര്‍ഷം കൃത്യം നടപ്പാക്കുന്നതില്‍ ശത്രു വിജയിച്ചു. 2004 ഏപ്രില്‍ 17-ന് ഗസ്സക്കു വടക്ക് അല്‍ ജലാല സ്ട്രീറ്റില്‍ റന്‍തീസിയുടെ വാഹനത്തില്‍ രണ്ട് റോക്കറ്റുകള്‍ കൃത്യമായി പതിക്കുകയായിരുന്നു. മൊസാദ് റന്‍തീസിയുടെ പിന്നാലെയുണ്ടെന്ന് പാരീസ് സന്ദര്‍ശനത്തിനിടയില്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വൃത്തങ്ങളില്‍നിന്ന് ഗസ്സയിലെ സുരക്ഷാ മേധാവിയും ഫത്ഹ് നേതാവുമായ മുഹമ്മദ് ദഹ്‌ലാന് വിവരം ലഭിക്കുകയും അദ്ദേഹം അത് ഹമാസ് നേതാവിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, റന്‍തീസി കാര്യമാക്കിയില്ല. രണ്ടാഴ്ചക്കു ശേഷമാണ് അദ്ദേഹം രക്തസാക്ഷിയാകുന്നത്. ഇസ്രയേലി ചാര സംഘടനയായ മൊസാദ് വിദേശ രാജ്യങ്ങളില്‍ നടത്തിവരുന്ന കൊലപാതക പരമ്പരകളില്‍ ഉള്‍പ്പെട്ടതാണ് 2010 ജനുവരി 19-ന് ദുബൈയിലെ അല്‍ ബുസ്താന്‍ റോട്ടാന ഹോട്ടലില്‍ നടന്നത്. ഖസ്സാമിന്റെ സ്ഥാപകരിലൊരാളായ മഹ്‌മൂദ് അല്‍ മബ്ഹൂഹിനെ ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടിച്ചും വൈദ്യുതാഘാതമേല്‍പിച്ചുമാണ് വധിച്ചത്.

ഇസ്മാഈല്‍ ഹനിയ്യ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനൊപ്പം

ഹമാസിന്റെ പഴയ കാല നേതാക്കളില്‍ ഇസ്രയേലിന്റെ വധശ്രമങ്ങളെ അതിജീവിച്ച് ഇന്നും സജീവമായി രംഗത്തുള്ളവരാണ് ഖാലിദ് മിശ്അലും ഡോ. മഹ്‌മൂദ് സഹറും. മിശ്അലിനെ അമ്മാനില്‍ വിഷവാതകം സ്പ്രേ ചെയ്ത് വധിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഹമാസ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മഹ്‌മൂദ് സഹറിനു നേരെയും ഒന്നിലേറെ തവണ വധശ്രമം നടന്നു. 2003-ല്‍ ഗസ്സയിലെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹറിന്റെ മൂത്ത മകന്‍ ഖാലിദ് കൊല്ലപ്പെട്ടു. രണ്ടാമത്തെ മകനും ഖസ്സാം ബ്രിഗേഡ്സില്‍ അംഗവുമായിരുന്ന ഹുസ്സാം 2008-ല്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായി. സ്വലാഹ് ശഹാദയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ മുഹമ്മദ് ദൈഫിനെ വധിക്കാന്‍ ഒന്നിലേറെ തവണയാണ് സയണിസ്റ്റ് ഭീകരര്‍ ശ്രമിച്ചത്. എല്ലാം അതിജീവിച്ച ദൈഫ് കടുത്ത ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും സൈനിക വിഭാഗത്തെ നിയന്ത്രിക്കുന്നു. ഗസ്സയിലെ നേതാവ് യഹ്‌യാ സിന്‍വാര്‍, ദൈഫിന്റെ വലംകൈയും ഖസ്സാം ബ്രിഗേഡ്‌സിന്റെ ഡെപ്യൂട്ടി കമാണ്ടര്‍ ഇന്‍ ചീഫുമായ മര്‍വാന്‍ ഈസ എന്നിവരെല്ലാം ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവരാണ്.

ഇറാനും സുരക്ഷിതമല്ല?
ഹനിയ്യയുടെ വധം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഏറ്റവും പ്രധാനം പരമാധികാരത്തെ വെല്ലുന്ന തരത്തില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ ഫലപ്രദമായി തിരിച്ചടിക്കാന്‍ തെഹ്‌റാന് കഴിയുന്നില്ല എന്നതാണ്. ഹനിയ്യ മിക്കവാറും ക്യാമ്പ് ചെയ്യാറുള്ള ഖത്തറിലും തുര്‍ക്കിയയിലും ഇത്തരത്തിലുള്ള ഓപറേഷന് ഇസ്രയേല്‍ മുതിര്‍ന്നിട്ടില്ല. അതിന് ഇറാനെ തെരഞ്ഞെടുക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തതിലൂടെ തെഹ്‌റാന്റെ സുരക്ഷാ വലയത്തില്‍ വലിയ വിള്ളലാണ് സയണിസ്റ്റ് രാജ്യം ഉണ്ടാക്കിയത്. 2024 മെയ് 19-ന് പ്രസിഡന്റ് ഇബ്റാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് രണ്ടു മാസം തികഞ്ഞതിനു പിന്നാലെയാണ് ഹനിയ്യയുടെ വധം. പ്രസിഡന്റിന്റെ മരണത്തിനു പിന്നില്‍ മൊസാദിന്റെ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ഏപ്രില്‍ ഒന്നിന് ദമസ്‌കസിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തിനു നേരെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റെവല്യൂഷന്‍ ഗാര്‍ഡിലെ എട്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ തിരിച്ചടിച്ചെങ്കിലും സയണിസ്റ്റ് രാജ്യത്തിന് കാര്യമായ നാശമേല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തെഹ്‌റാന്റെ അണുവായുധ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നാലു ശാസ്ത്രജ്ഞര്‍ 2010-നും 2012-നുമിടയില്‍ കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ വധത്തിനു പിന്നില്‍ ഇസ്രയേല്‍-അമേരിക്ക കൂട്ടുകെട്ടാണെന്ന ആരോപണമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, 2020 നവംബറില്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്രിസാദെ മഹാബാദിയെ വധിച്ചതിനു പിന്നിലും മൊസാദിന്റെ കരങ്ങളാണ് ഇറാന്‍ സംശയിക്കുന്നത്. ഫഖ്രിസാദെയുടെ പേര് ഓര്‍ത്തുവെക്കണമെന്ന് 2018-ല്‍ ഒരു യോഗത്തില്‍ നെതന്യാഹു ആവര്‍ത്തിച്ചത് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാണ്ടറും ഖുദ്‌സ് ഫോഴ്‌സിന്റെ തലവനുമായ ഖാസിം സുലൈമാനിയെ 2020-ല്‍ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കു പിന്നിലും ഇസ്രയേലിനു പങ്കുണ്ടെന്നാണ് സൂചന.

രാജ്യത്തിന്റെ അതിഥിയായി എത്തിയയാളെ വധിക്കുകയെന്ന കാടത്തം ചെയ്ത ഇസ്രയേലിനെതിരെ തിരിച്ചടിക്കാനുള്ള പൂര്‍ണ അവകാശം ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടര്‍ 51 പ്രകാരവും മറ്റു അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചും ഇറാനുണ്ട്. അതിന് അവര്‍ മുതിരുമോയെന്ന് കണ്ടറിയണം. കടുത്ത ഉപരോധം ഒരു കാരണമാണ്. പരമോന്നത നേതാവിനെ വധിച്ച സയണിസ്റ്റ് ഭീകരര്‍ക്കെതിരെ മിണ്ടാതിരിക്കാന്‍ ഹമാസിനും കഴിയില്ല. ഫലസ്ത്വീന്‍ പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തിയെന്നാണ് ഹനിയ്യയുടെ മാധ്യമ ഉപദേഷ്ടാവ് താഹിര്‍ അല്‍ നൗനു അല്‍ ജസീറയോട് പറഞ്ഞത്. ശത്രുവിനെതിരായ പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്ന്് ഖസ്സാം ബ്രിഗേഡ്‌സും മുന്നറിയിപ്പ് നല്‍കുന്നു. അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍പറത്തി പരമാധികാര രാജ്യങ്ങളില്‍ സൈനിക ഓപറേഷന്‍ നടത്തുന്ന ഇസ്രയേലിനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ മിഡിലീസ്റ്റ് യുദ്ധക്കളമാകും. l

മുസ്‌ലിം വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റമാണ് യൂറോപ്യന്‍ യൂനിയനിലേക്കും ഫ്രഞ്ച് പാര്‍ലമെന്റിലേക്കും ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. എന്നാല്‍, വലതുപക്ഷ വിരുദ്ധ പാര്‍ട്ടികളുടെ സമയോചിത ഇടപെടല്‍ കാരണം അവര്‍ അധികാരം പിടിക്കുന്നതു തടയാന്‍ കഴിഞ്ഞു. ഇരു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സോഷ്യലിസ്റ്റുകളും സെൻട്രിസ്റ്റ് പാര്‍ട്ടികളും അവസരത്തിനൊത്ത് ഐക്യപ്പെട്ടതാണ് കാരണം.

ഫ്രാന്‍സില്‍ സംഭവിക്കുമെന്ന് കരുതിയതോ അടുത്ത വര്‍ഷം ഒക്‌ടോബറില്‍ ജര്‍മനിയില്‍ ആശങ്കിക്കുന്നതു പോലെയോ ഉള്ള ഭീഷണി ഉണ്ടായില്ലെങ്കിലും ബ്രിട്ടനിലും വലതുപക്ഷ തീവ്ര നിലപാടുകാര്‍ക്ക് അനുകൂലമായി ചില തരംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജൂലൈ നാലിലെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തറപറ്റിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയെങ്കിലും നൈജല്‍ ഫറാജിന്റെ വലതുപക്ഷ യു.കെ റിഫോം പാര്‍ട്ടി അഞ്ചു സീറ്റുമായി മോശമല്ലാത്ത പ്രകടനം നടത്തി. കുടിയേറ്റ വിരുദ്ധ ആശയവുമായി രംഗത്തുവന്ന പാര്‍ട്ടി നാല്‍പതു ലക്ഷം (14.3 ശതമാനം) വോട്ടുകള്‍ നേടുകയുണ്ടായി. നിരവധി തവണ പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു പരാജയപ്പെട്ട ഫറാജ് ഇതാദ്യമായി ക്ലാക്റ്റന്‍ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

ജൂണില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലത് സെൻട്രിസ്റ്റ് യൂറോപ്യന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (ഇ.പി.പി) 188 സീറ്റുകളും ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 136 സീറ്റുകളും നേടി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയെങ്കിലും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ മുന്നേറ്റം ലളിതമായി കാണാനാവില്ല. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് ജോര്‍ദാന്‍ ബാര്‍ദല്ല (മുസ്‌ലിംകള്‍ക്കെതിരെ പരസ്യമായി രംഗത്തുള്ള മെറിന്‍ ലി പെന്നിന്റെ നാഷ്നല്‍ റാലി പാര്‍ട്ടിയുടെ പ്രസിഡന്റ് ) നയിക്കുന്ന പെയ്ട്രിയറ്റ് ഫോര്‍ യൂറോപ്പ് (പി.എഫ്.ഇ) സഖ്യം 12 രാജ്യങ്ങളില്‍ നിന്നായി 84 സീറ്റുകളും, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി നേതൃത്വം നല്‍കുന്ന യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്‌സ് ആന്റ് റിഫോര്‍മിസ്റ്റ്‌സ (ഇ.സി.ആര്‍) 78 സീറ്റുകളും, ജര്‍മനിയിലെ വലതുപക്ഷ എ.എഫ്.ഡി പാര്‍ട്ടി എട്ടു രാജ്യങ്ങളില്‍നിന്നായി 25 സീറ്റുകളും വിജയിക്കുകയുണ്ടായി. മൂന്നു സഖ്യങ്ങളും ചേര്‍ന്നാല്‍ വലതുപക്ഷ തീവ്ര ദേശീയവാദികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ നാലിലൊന്ന് (187) സീറ്റുകളായി. ഫ്രാന്‍സില്‍, നാഷ്നല്‍ റാലി 32 ശതമാനം വോട്ടുകള്‍ നേടി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഞെട്ടിച്ചു. മക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ജര്‍മനിയില്‍ 2019-ലേതിനെക്കാള്‍ 4.9 ശതമാനം വോട്ടുകള്‍ അധികം നേടി (15.9) എ.എഫ്.ഡിയും വെല്ലുവിളി ഉയര്‍ത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സഖ്യത്തിലെ മൂന്നു പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അവര്‍ക്ക് കിട്ടി.

ഫ്രാന്‍സില്‍ സംഭവിച്ചത്
യൂറോപ്യന്‍ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റമുണ്ടാക്കിയ അപകടകരമായ സാഹചര്യം മുന്നില്‍ കണ്ടാണ് 2027 വരെ കാലാവധിയുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 30-ലെ ആദ്യ റൗണ്ട് ഫലങ്ങള്‍ ജനാധിപത്യവാദികളെ ഞെട്ടിച്ചു. ഇസ്‌ലാമിനെതിരെ സാംസ്‌കാരിക യുദ്ധം പ്രഖ്യാപിച്ച മെറിന്‍ ലി പെന്നിന്റെ നാഷനല്‍ റാലി 34 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തിയതോടെ രണ്ടാം റൗണ്ടില്‍ പാര്‍ട്ടി ഗംഭീര കുതിച്ചുകയറ്റം നടത്തുമെന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍, ഒന്നാം റൗണ്ട് വോട്ടെടുപ്പിന് 20 ദിവസം മുമ്പ് മാത്രം രൂപപ്പെട്ട ഇടതുപക്ഷ, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍.എഫ്.പി) സഖ്യം വലിയ മുന്നേറ്റം നടത്തുന്നതാണ് കണ്ടത്. 577 സീറ്റുകളുള്ള പാര്‍ലമെന്റില്‍ സഖ്യം 182 സീറ്റുകള്‍ ജയിച്ചടക്കിയപ്പോള്‍ നാഷ്നല്‍ റാലി 143 സീറ്റുകളുമായി മൂന്നാം സ്ഥാനത്തായി. 168 സീറ്റുകളുമായി മക്രോണിന്റെ സെൻട്രിസ്റ്റ് സഖ്യം എന്‍സംബ്ള്‍ രണ്ടാം സ്ഥാനത്തെത്തി. 2022-ലെ 89 സീറ്റുകളില്‍ നിന്നാണ് നാഷനല്‍ റാലി 143 സീറ്റുകളിലെത്തിയത് എന്നത് തീര്‍ച്ചയായും ഗൗരവമുള്ളതാണ്. മാത്രമല്ല, മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ കിട്ടിയതും പാര്‍ട്ടിക്കാണ്.

ലിയോണിലെ ഗ്രാന്റ് മോസ്‌ക് റെക്ടര്‍ കാമില്‍ കബ്താന്‍

1936-ല്‍ ഫ്രാന്‍സില്‍ ഫാഷിസത്തിന്റെ വളര്‍ച്ച തടയാന്‍ ഉണ്ടാക്കിയ പോപ്പുലര്‍ സഖ്യത്തിന് സമാനമായാണ് ചെറുതും വലുതുമായ പാര്‍ട്ടികള്‍ ചേര്‍ന്ന് ന്യൂ പോപ്പുലര്‍ ഫ്രണ്ട് രൂപവത്കരിച്ചത്. സന്ദര്‍ഭത്തിനൊത്തുള്ള ഈ നീക്കത്തിൽ ഫ്രഞ്ച് മുസ്‌ലിം സമൂഹവും അവരോടൊപ്പം ചേരുകയുണ്ടായി. രാജ്യത്തിന്റെയും മുസ്‌ലിംകളുടെയും നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തിയ നാഷ്നല്‍ റാലിക്കെതിരായ ഒരു വോട്ടും നഷ്ടപ്പെടാതെ പെട്ടിയിലാക്കാന്‍ ജൂലൈ 3-ന് പാരിസിലെ ഗ്രാന്റ് മോസ്‌കില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫ്രഞ്ച് മുസ്‌ലിം നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയില്‍ ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ സംഘ് പരിവാര്‍ ഭീഷണി ചെറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യത്തിന് അനുകൂലമായി മുസ്‌ലിം വോട്ടുകള്‍ സമാഹരിക്കാന്‍ നേതാക്കള്‍ നടത്തിയ ശ്രമങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഇത്.

ഫ്രാന്‍സ് അണ്‍ബൗഡ് പാര്‍ട്ടി നേതാവ് മിലേന്‍ഷന്‍.

ഫ്രഞ്ച് മാധ്യമങ്ങളും അപകടം തിരിച്ചറിഞ്ഞു. രണ്ടാം റൗണ്ട് നിര്‍ണായകമാണെന്നും രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇതാദ്യമായി രാജ്യം തീവ്ര വലതുപക്ഷത്തിന് അടിപ്പെടുന്നത് തടയണമെന്നും ലെ മോണ്ടെ മുന്നറിയിപ്പ് നല്‍കി. അധികാരത്തിലേക്കുള്ള നാഷ്നല്‍ റാലി പാര്‍ട്ടിയുടെ പോക്ക് തടയാന്‍ വോട്ടര്‍മാര്‍ ഒന്നിക്കണമെന്ന് ഡെയ്‌ലി ലിബറേഷന്‍ ആഹ്വാനം ചെയ്തു. വല്ലാത്തൊരു ആശ്വാസമെന്നാണ് പാരിസിലെ യോഗത്തില്‍ പങ്കെടുത്ത ലിയോണിലെ ഗ്രാന്റ് മോസ്‌ക് റെക്ടര്‍ കാമില്‍ കബ്താന്‍ വോട്ടിംഗ് ഫലത്തോട് പ്രതികരിച്ചത്. 'നാഷ്നല്‍ റാലി' സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് ഫ്രഞ്ച് ജനത മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയും വോട്ടുകള്‍ സ്വരൂപിക്കുകയും ചെയ്തുവെന്നും കാമില്‍ പറഞ്ഞു.

മുസ്‌ലിംകള്‍ ഇടതുപക്ഷ സഖ്യത്തിന് വോട്ടു ചെയ്തപ്പോള്‍ തിരിച്ച് മുസ്‌ലിം സ്ഥാനാര്‍ഥികളെ ജയിപ്പിക്കുന്നതില്‍ ഇടതുപക്ഷവും പങ്കുവഹിച്ചു. പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ 19 മുസ്‌ലിംകളാണ് ഫ്രഞ്ച് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ രണ്ടു പേര്‍ നാഷ്നല്‍ റാലി സ്ഥാനാര്‍ഥികളായിരുന്നു എന്നതാണ് കൗതുകകരം. ജനസംഖ്യയില്‍ പത്തു ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് ഇതോടെ പാര്‍ലമെന്റില്‍ 3.29 ശതമാനത്തിന്റെ പ്രാതിനിധ്യം ലഭിച്ചു. 25 മുസ്‌ലിംകളെ (3.84 ശതമാനം) തെരഞ്ഞെടുത്ത ബ്രിട്ടനെ അപേക്ഷിച്ച് പ്രാതിനിധ്യം കുറവാണെങ്കിലും ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ മുന്നേറ്റത്തിനിടയില്‍ ഇത് നിസ്സാരമല്ല. ഇടതുപക്ഷ സോഷ്യലിസ്റ്റ് സഖ്യത്തിന് തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും അധികാരത്തിലേറിയാല്‍ ഫലസ്ത്വീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഉള്‍പ്പെടെയുള്ള വിപ്ലവകരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

5 ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും (ഇടത്ത്), ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും

അതേസമയം, ഇടതുപക്ഷ സഖ്യത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ മക്രോണ്‍ വിമുഖത കാട്ടുന്നത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. മുന്‍ പ്രധാനമന്ത്രിയോട് കാവല്‍ സര്‍ക്കാറിന്റെ തലവനായി തുടരാന്‍ ആവശ്യപ്പെട്ട മക്രോണ്‍, സഖ്യത്തിലെ തീവ്ര ഇടതുകക്ഷിയായ ഫ്രാന്‍സ് അണ്‍ബൗഡ് (France Unbowed) പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ധാരണക്കുമില്ലെന്ന നിലപാടിലാണ്. സോഷ്യലിസ്റ്റുകളുമായും ഗ്രീന്‍ പാര്‍ട്ടിയുമായും സഹകരിക്കാന്‍ അദ്ദേഹം ഒരുക്കമാണ്. ഇസ്‌ലാമോഫോബിയയെ പരസ്യമായി അപലപിച്ച് രംഗത്തുവന്ന ഏക രാഷ്ട്രീയ നേതാവാണ് അണ്‍ബൗഡ് പാര്‍ട്ടി നേതാവ് മിലേന്‍ഷന്‍. 2019-ല്‍ ഇസ്‌ലാമോഫോബിയക്ക് എതിരെ നടന്ന മാര്‍ച്ചിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അതുതന്നെയാണ് അദ്ദേഹത്തില്‍ മക്രോണ്‍ കാണുന്ന 'അയോഗ്യത.'

തീവ്ര വലതുപക്ഷ ഗവണ്‍മെന്റിന്റെ വരവ് തടയാന്‍ കഴിഞ്ഞതില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്വാസം കൊള്ളുന്നുണ്ടെങ്കിലും ഇസ്‌ലാം വിരുദ്ധ പാര്‍ട്ടിക്ക് ഒരു കോടി ആളുകള്‍ വോട്ടു ചെയ്തുവെന്നത് ആശങ്കയുളവാക്കുന്നതാണ്. 2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 'നാഷ്നല്‍ റാലി' യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ലി പെന്‍, പൊതു രംഗത്തെ ഹിജാബ് നിരോധം, ഹലാല്‍ വസ്തുക്കളുടെ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തല്‍, വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സഹായം നിര്‍ത്തല്‍ തുടങ്ങിയവയാണ് പ്രധാന അജണ്ടയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണ മക്രോണിനോട് പരാജയപ്പെടുകയായിരുന്നു ലി പെന്‍.

ഒക്ടോബര്‍ ഏഴിനു ശേഷം ഫ്രാന്‍സില്‍ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളും വിദ്വേഷ കുറ്റങ്ങളും വലിയ തോതില്‍ കൂടിയിട്ടുണ്ടെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷ്നലിന്റെ 'വേള്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് 2024' വ്യക്തമാക്കുന്നത്. 'ഞങ്ങള്‍ നാസികളാണ്, ഇസ്‌ലാമിനെ യൂറോപ്പില്‍നിന്ന് പുറത്താക്കും' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ലിയോണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നത്. മതത്തിന്റെ പേരിലുള്ള വിവേചനങ്ങളെ തുടര്‍ന്ന് ആയിരത്തിലേറെ മുസ്‌ലിംകള്‍ രാജ്യം വിട്ടുപോയതായി തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ് ഏപ്രിലില്‍ ലില്ലി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സര്‍വേ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ കുടിയേറ്റ നയങ്ങളിലെ ഇരട്ടത്താപ്പ് വലതുപക്ഷ പാര്‍ട്ടികളുടെ അജണ്ടകളെ സഹായിക്കുകയാണ്.

ഇസ്‌ലാം വിദ്വേഷം
യൂറോപ്പിലെ മുസ്‌ലിം ജനസംഖ്യ 4.4 കോടിയാണെന്നാണ് കണക്കാക്കപ്പെടുന്നത് - മൊത്തം ജനതയുടെ ആറു ശതമാനം. 1950-ല്‍ 55 കോടിയുണ്ടായിരുന്ന യൂറോപ്പിലെ ജനസംഖ്യ 2020-ല്‍ 74 കോടിയിലെത്തിയപ്പോള്‍ മുസ്‌ലിം ജനസംഖ്യ രണ്ടു ശതമാനത്തില്‍നിന്ന് ആറു ശതമാനമായി ഉയര്‍ന്നു. മുസ്‌ലിം ജനസംഖ്യയെക്കുറിച്ച് പെരുപ്പിച്ച കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഇസ്‌ലാം വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന പണിയാണ് കുറച്ചുകാലമായി യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കുക, മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ തീവ്ര വലതുപക്ഷ ആവശ്യങ്ങള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. വിദ്യാലയങ്ങളിലെ ഹിജാബ് നിരോധം ഉദാഹരണം.

തീവ്ര വലതുപക്ഷ നാഷനല്‍ റാലി നേതാക്കളായ മെറിന്‍ ലി പെന്നും (വലത്ത്്), ജോര്‍ദാന്‍ ബാര്‍ദല്ലയും

മക്രോണിന്റെ പല നടപടികളും മുസ്‌ലിംകള്‍ ആശങ്കയോടെയാണ് കണ്ടത്. പ്രസിഡന്റിനു കീഴില്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാമോഫോബിയയാണ് ഫ്രാന്‍സില്‍ അരങ്ങേറുന്നതെന്നത് കേവലം ആരോപണമല്ല. ഒന്നാം റൗണ്ട് വോട്ടെടുപ്പിന് നാലു ദിവസം മുമ്പ് നിരവധി മുസ്‌ലിം സംഘടനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തീവ്ര വലതുപക്ഷത്തേക്ക് പോകുന്ന വോട്ടുകള്‍ പിടിക്കാനുള്ള മക്രോണിന്റെ തന്ത്രമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച കാര്‍ട്ടൂണുകളോട് പ്രതികരിച്ച രീതി മുതല്‍ പള്ളികള്‍ വ്യാപകമായി അടച്ചു പൂട്ടിയ നടപടികളില്‍ വരെ ഇത് കാണാം. മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്ക് എതിരായ അന്താരാഷ്ട്ര ദിനമായി ആചരിക്കാനുള്ള യു.എന്‍ ജനറല്‍ അസംബ്ലി തീരുമാനത്തിന് എതിരെയാണ് മക്രോണിന്റെ ഫ്രാന്‍സ് നിലയുറപ്പിച്ചത്. 2022-ലെ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍, പൊതു ഇടങ്ങളില്‍ ഹിജാബ് നിരോധിക്കണമെന്ന ലി പെന്നിന്റെ വാദത്തെ അനുകൂലിക്കുന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഹിജാബ് മുസ്‌ലിം വനിതയുടെ അവകാശമാണെന്നല്ല, നിരോധനം ആഭ്യന്തര കലാപത്തിലേക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടത്-ഇസ്‌ലാമിസ്റ്റ് കൂട്ടുകെട്ട് ഫ്രഞ്ച് സമൂഹത്തില്‍ പിടിമുറുക്കിയെന്ന ആരോപണമുയര്‍ത്തിയാണ് കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മക്രോണ്‍ സംവാദത്തിന് തുടക്കമിട്ടതു തന്നെ. അതിതീവ്ര നിലപാടുകാരനായ അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി ജറാള്‍ഡ് ദാര്‍മനിന്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. ഫലസ്ത്വീന്‍ വിഷയത്തില്‍ ഇസ്രയേലിന്റെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന നിലപാടായിരുന്നു മക്രോണ്‍ സ്വീകരിച്ചത്. പല യൂറോപ്യന്‍ ഗവണ്‍മെന്റുകളും സയണിസ്റ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ ഇസ്‌ലാമോഫോബിക് മുഖം വെളിവാക്കിയിരുന്നു.

ഹംഗറി, നെതര്‍ലാന്റ്‌സ് തുടങ്ങിയ തീവ്ര വലതുപക്ഷ ഗവണ്‍മെന്റുകള്‍ അധികാരത്തിലുള്ള രാജ്യങ്ങളില്‍ ആളുകൾ ഇസ്‌ലാമിലേക്കു വരുന്നത് തടയാന്‍ ഭരണകൂടം പല പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട്. മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ക്ക് അവസരം നല്‍കുകയാണ് സ്വീഡന്‍ പോലുള്ള രാജ്യങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 59 ശതമാനം മുസ്‌ലിംകളും വോട്ടു ചെയ്തില്ലെന്നാണ് ഐഫോപ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ നിലനില്‍പ് പോലും തീവ്ര വലതുപക്ഷം ചോദ്യം ചെയ്യുമ്പോള്‍ ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാത്തതാണ് വൈമുഖ്യത്തിന് കാരണമായി പറയപ്പെടുന്നത്.

Paris, June 15, 2024. REUTERS/Benoit Tessier

ഫ്രാന്‍സിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ പലതും അഞ്ചു വര്‍ഷം മുമ്പു വരെ സെക്യുലറിസത്തിന്റെ പേരുപറഞ്ഞ് ഇസ്‌ലാമോഫോബിയ പരത്തുകയായിരുന്നു. എന്നാല്‍, തീവ്ര ദേശീയതക്കും വംശീയതക്കും ഫാഷിസത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ മുസ്ലിംകളില്‍ വലിയൊരു വിഭാഗം ഇടതു പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്തിരുന്നത്. ബ്രിട്ടനില്‍ ഇടതു ചേരിയിലുള്ള ലേബര്‍ പാര്‍ട്ടി 412 സീറ്റുകള്‍ നേടി അധികാരത്തില്‍ മടങ്ങിയെത്തിയിട്ടും മുസ്‌ലിം സമൂഹം വലുതായി ആഘോഷിക്കാത്തത് പാര്‍ട്ടി നേതൃത്വം ഈയിടെയായി സ്വീകരിച്ച സയണിസ്റ്റ് അനുകൂല-ഇസ്‌ലാമോഫോബിക് നിലപാടുകള്‍ കാരണമാണ്. ജെറമി കോര്‍ബിന്റെ മുസ്‌ലിം-ഫ്രണ്ട്‌ലി ലേബര്‍ പാര്‍ട്ടിയല്ല ബ്രിട്ടനിലുള്ളത്. പുതിയ പ്രധാനമന്ത്രിയും പാര്‍ട്ടി നേതാവുമായ കെര്‍ സ്റ്റാമര്‍ ഗസ്സ വംശഹത്യയെപ്പോലും ന്യായീകരിച്ചയാളാണ്. ലേബര്‍ പാര്‍ട്ടിക്കെതിരെ മല്‍സരിച്ച് നാലു മുസ്‌ലിം സ്വതന്ത്രര്‍ വിജയിക്കുകയും ചെയ്തു. യഥാർഥത്തിൽ കണ്‍സര്‍വേറ്റീവുകളോടുള്ള ജനങ്ങളുടെ രോഷമൊന്ന് മാത്രമാണ് ലേബറിനെ അധികാരത്തിലെത്തിച്ചത്. l

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ മായ്ക്കപ്പെടാനാവാത്ത കറയാണ് അടിയന്തരാവസ്ഥ. തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും മല്‍സരിക്കുന്നതില്‍നിന്ന് ആറു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത അലഹബാദ് ഹൈക്കോടതി വിധി മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടനക്കെതിരെ നടത്തിയ കടന്നാക്രമണത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് രാജ്യം. പ്രധാനമന്ത്രി പദവിയിലിരിക്കെ ഇന്ദിരാ ഗാന്ധി നടത്തിയ 21 മാസം നീണ്ട തുല്യതയില്ലാത്ത പൗരാവകാശ ധ്വംസനങ്ങള്‍, നൂറ്റാണ്ട് പിന്നിട്ട കോണ്‍ഗ്രസിന്റെ ചരിത്രത്തിലും കറുത്ത അധ്യായമായി നിലനില്‍ക്കും. എന്നാല്‍, അടിയന്തരാവസ്ഥയെ ശക്തിയായി അപലപിച്ച് പാര്‍ലമെന്റിലും പുറത്തും രംഗത്തുവന്നിരിക്കുന്നത് ബി.ജെ.പിയാണ് എന്നതാണ് വലിയ തമാശ. ഇന്ദിരാ ഗാന്ധിയുടേത് മാസങ്ങള്‍ നീണ്ട പ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നെങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷം നരേന്ദ്ര മോദിയുടെ കീഴില്‍ ഭീകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇന്ത്യയില്‍ നടമാടിയത്. അതിനാല്‍, അടിയന്തരാവസ്ഥക്കെതിരെ ശബ്ദിക്കാന്‍ ധാര്‍മികാവകാശമുള്ള പാര്‍ട്ടിയാണോ ബി.ജെ.പി എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണിത്.
1975 ജൂണ്‍ 25-നാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നാലെ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലുകളില്‍ അടക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്തു. 1977 മാര്‍ച്ച് 21-ന് അടിയന്തരാവസ്ഥ പിന്‍വലിക്കുകയും രാഷ്ട്രീയ എതിരാളികളെ മോചിപ്പിച്ച് പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്തതും ഇന്ദിരാ ഗാന്ധി തന്നെ. ഇലക് ഷന്‍ പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ പാര്‍ട്ടികളിലെ ഒരാളെപ്പോലും ഇന്ദിര അറസ്റ്റ് ചെയ്തിരുന്നില്ല.

മോദി ഭരണത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ രാജ്യം സാക്ഷ്യം വഹിച്ചത് മറിച്ചായിരുന്നു. 2024 മാര്‍ച്ച് 21-ന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും വരെ അറസ്റ്റ് ചെയ്ത് ജയിലുകളിലടച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിത എന്നിവര്‍ അഴിമതിക്കുറ്റം ചുമത്തപ്പെട്ട് ജയിലുകളിലായി. കെജ്്രിവാള്‍ അറസ്റ്റിലാവുന്നതിന് മുമ്പ് തന്നെ പുതിയ എക്‌സൈസ് നിയമത്തില്‍ അഴിമതി ആരോപിച്ച് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗ് എന്നിവരെ തടവിലാക്കിയിരുന്നു. കെജ്്രിവാള്‍ കുറച്ചു ദിവസം ജാമ്യം കിട്ടി പുറത്തുവന്നെങ്കിലും വീണ്ടും ജയിലിലായി. ഹേമന്ത് സോറന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം ലഭിച്ചത്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളിലെ റെയ്ഡുകളും മോദി ഭരണത്തില്‍ നിത്യ സംഭവമായി. ഏപ്രില്‍ അഞ്ചിന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് 1995-97-ലെ കേസുമായി ബന്ധപ്പെട്ടായിരുന്നു. ഇലക്്ഷനു മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മണിക്കൂറുകളോളം മരവിപ്പിച്ചു. അതിനു മുമ്പ് ആദായ നികുതി വകുപ്പിന്റെ വക നിരവധി നോട്ടീസുകളും പാര്‍ട്ടിക്ക് ലഭിച്ചു. 135 കോടി രൂപ പാര്‍ട്ടിയുടെ എക്കൗണ്ടില്‍നിന്ന് പിടിച്ചെടുത്തു. എന്നാല്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളില്‍ ഒന്നായ ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് വമ്പന്‍ കൊള്ളയായിരുന്നു. ജനാധിപത്യ ശക്തികള്‍ക്ക് മിണ്ടാന്‍ പോലും കഴിയാതിരുന്ന ഈ കള്ളപ്പണ ഇടപാടിനെതിരെ ഒടുവില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നു. 385 കമ്പനികള്‍ വഴി 5363 കോടി രൂപയാണ് ബി.ജെ.പിയുടെ എക്കൗണ്ടില്‍ അനധികൃതമായി എത്തിയത്.

പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം തടയുകയെന്ന ഫാഷിസ്റ്റ് നിലപാടാണ് പത്തു വര്‍ഷം മോദിയും കൂട്ടരും സ്വീകരിച്ചത്. രണ്ടാം മോദി കാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ 140 പ്രതിപക്ഷ അംഗങ്ങളെ ഇരു സഭകളില്‍നിന്നും സസ്‌പെന്റ് ചെയ്തതായിരുന്നു ഒടുവിലത്തെ സംഭവം. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചതും ചോദ്യങ്ങള്‍ ഉന്നയിച്ചതുമായിരുന്നു, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നടപടിയുടെ പ്രകോപനം. പാര്‍ലമെന്റ് പ്രതിപക്ഷത്തിന്റേത് കൂടിയാണെന്നും ഗവണ്‍മെന്റിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കലാണ് അവരുടെ ജോലിയെന്നും പറഞ്ഞത് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറാണ്. എന്നാല്‍, മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് മോദിയും സംഘവും ശ്രമിച്ചത്. പതിനേഴാം ലോക്‌സഭയില്‍ മൂന്നിലൊന്ന് ബില്ലുകള്‍ ഒരു മണിക്കൂര്‍ സമയം പോലും ചര്‍ച്ചയില്ലാതെയാണ് പാസ്സാക്കിയത്. 34 ബില്ലുകള്‍ (20 ശതമാനം) രണ്ടു മുതല്‍ മൂന്നു മണിക്കൂറിനകവും 28 ബില്ലുകള്‍ (16 ശതമാനം) മൂന്നു മുതല്‍ നാലു മണിക്കൂറിനകവും പാസ്സാക്കി. ഗുരുതരമായ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്ന സമയത്താണ് പല ബില്ലുകളും പാസ്സാക്കിയത്.

താരതമ്യമില്ലാത്ത ഏകാധിപത്യം

ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പണക്കൊഴുപ്പിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുട്ടുമടക്കേണ്ടി വരുമെന്ന് അന്ന് ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന ബിജു പട്‌നായിക്ക് ആശങ്കപ്പെട്ടിരുന്നത് സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖര്‍ ജയില്‍ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആശങ്ക അസ്ഥാനത്തായിരുന്നു. ഇന്ദിരയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഉണ്ടായില്ല. ഇന്ദിരയുമായി താരതമ്യത്തിനു പോലും പറ്റാത്ത വിധത്തിലായിരുന്നു ഇക്കാര്യത്തില്‍ മോദിയുടെ ഏകാധിപത്യം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചടക്കി. ഒടുവിലത്തെ ഉദാഹരണമായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ പുനഃസംഘടന. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇലക്്ഷന്‍ കമീഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു കമ്മിറ്റി. ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയെ അവിടെ പ്രതിഷ്ഠിച്ചു. അതോടെ സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ള കമ്മിറ്റിക്ക് എളുപ്പത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പിടിച്ചടക്കാനുള്ള വഴിയുമൊരുങ്ങി.

അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കണ്ടു. മോദിയുടെ ഫാഷിസത്തിനും കൊടിയ വര്‍ഗീയ ഭ്രാന്തിനും കുഴലൂത്ത് നടത്തുന്ന പണി ഇലക്്ഷന്‍ കമീഷനും അതിന്റെ തലപ്പത്തുള്ള രാജീവ് കുമാറും ഭംഗിയായി നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍ മോദിയെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കാവുന്ന മുഴുവന്‍ ചേരുവകളും അടങ്ങിയതായിരുന്നിട്ടും കമീഷന്‍ കണ്ട ഭാവം നടിച്ചില്ല. 1975-ല്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാ ഗാന്ധിക്കെതിരെ സ്വീകരിച്ചതിനെക്കാള്‍ കടുത്ത നടപടിക്ക് അര്‍ഹനായിരുന്നു മോദി. അതുപോലെ, 1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നില്ല ടി. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഇലക്്ഷന്‍ കമീഷന്‍. അതുകൊണ്ടായിരുന്നു സ്വതന്ത്രവും നീതിപൂര്‍വകവുമായ വോട്ടെടുപ്പിലൂടെ ഏകാധിപത്യത്തിന് ചുട്ട മറുപടി നല്‍കാന്‍ ജനതക്ക് കഴിഞ്ഞത്. ഇത്തവണ മോദിയുടെ വര്‍ഗീയതക്കെതിരെ ജനം തന്നെ ആഞ്ഞടിച്ചുവെന്നത് മറ്റൊരു കാര്യം.

മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യാ ഭീഷണി, പശുവിന്റെ പേരിലുള്ള നിഷ്ഠുര കൊലകള്‍, പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കല്‍, ദലിതുകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെറുപ്പ്, ഹിന്ദുത്വ വംശീയതയെ വിമര്‍ശിക്കുന്ന ലിബറല്‍ ബുദ്ധി ജീവികളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള കൊലകള്‍, ചരിത്രത്തിലെ മുസ്‌ലിം ശേഷിപ്പുകള്‍ തുടച്ചുനീക്കല്‍, പാഠ പുസ്തകങ്ങള്‍ ഹിന്ദുത്വത്തിന് അനുകൂലമായി മാറ്റിയെഴുതല്‍ തുടങ്ങിയവയൊക്കെ മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മാത്രം സംഭാവനകളാണ്.

അരവിന്ദ് കെജ് രിവാൾ

ഇന്ദിരയുടെ അടിയന്തരാവസ്ഥക്കെതിരെ രോഷം കൊള്ളുമ്പോഴും അതിന് കൂട്ടുനിന്നവരെ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ബി.ജെ.പിക്ക് മടിയുണ്ടായില്ല. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നയാളാണ് ഐ.എ.എസ് ഉദ്യാഗസ്ഥനായിരുന്ന ജഗ്‌മോഹന്‍. തലസ്ഥാന നഗരിയുടെ സൗന്ദര്യവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പാവപ്പെട്ടവരുടെ കെട്ടിടങ്ങളും വീടുകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിരപ്പാക്കി ഏഴു ലക്ഷത്തോളം പേരെയാണ് ഇയാള്‍ വഴിയാധാരമാക്കിയത്. അടിയന്തരാവസ്ഥയുടെ സകല ദുഷിപ്പുകളും പേറിയ ജഗ്‌മോഹന്‍ 1995-ല്‍ ബി.ജെ.പിയില്‍ അംഗമാവുകയും വാജ്‌പേയി മന്ത്രിസഭയില്‍ ടൂറിസം, വാര്‍ത്താ വിനിമയം തുടങ്ങിയ വകുപ്പുകളുടെ ചുമതലകള്‍ വഹിക്കുകയുമുണ്ടായി. കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 370, 35-എ അനുഛേദങ്ങള്‍ റദ്ദാക്കുന്നതിന് മുന്നോടിയായി 2019-ല്‍ ബി.ജെ.പി നടത്തിയ പ്രചാരണങ്ങളില്‍ ജഗ്‌മോഹന്‍ ഭാഗഭാക്കായിരുന്നു.

നരേന്ദ്ര ദാഭോൽക്കർ

അടിയന്തരാവസ്ഥയുടെ നിയന്ത്രണം സഞ്ജയ് ഗാന്ധിയുടെ കൈയില്‍ ആയിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് പി.എം.ഒയില്‍ (Prime Minister's Office) നിന്നല്ല, പി.എം.എച്ചില്‍ (Prime Minister's House) നിന്നാണെന്ന പരിഹാസം പോലും അന്ന് നിലനിന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിക്കൊപ്പം നിഴല്‍ പോലെ പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാള്‍ ഭാര്യ മേനകാ ഗാന്ധിയായിരുന്നു. 1977-ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൂര്യ എന്ന വാര്‍ത്താ മാഗസിന്‍ ആരംഭിച്ചതും അടിയന്തരാവസ്ഥയെ ന്യായീകരിക്കുകയും ചെയ്തയാളാണ് മേനക. ഏഴു തവണ എം.പിയായിരുന്ന അവര്‍ ബി.ജെ.പി ടിക്കറ്റില്‍ മാത്രം തുടര്‍ച്ചയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ യു.പിയിലെ സുൽത്താന്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ റാം ഭുവല്‍ നിഷാദിനോട് പരാജയപ്പെട്ടു. ബി.ജെ.പി നേതാവായിരുന്നിട്ടും കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ മേനകയോ പുത്രനും മുന്‍ എം.പിയുമായ വരുണ്‍ ഗാന്ധിയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഭയപ്പെടുത്തി വരുതിയിലാക്കുന്നു

മോദിയെപ്പോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് റെയ്ഡ് നടത്തിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്ന വൃത്തികെട്ട നടപടികളാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് നടത്തിപ്പോന്നത്. അതിലൂടെ പാര്‍ട്ടികള്‍ പിളര്‍ത്തി തെരഞ്ഞെടുപ്പുകള്‍ ജയിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് 2019-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍ 2024 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേരുന്നതാണ് കണ്ടത്. തനിക്കെതിരെയും അന്വേഷണം നീളുമെന്നും അത് ജയില്‍വാസത്തിലാണ് കലാശിക്കുകയെന്നും ബോധ്യപ്പെട്ടതോടെയാണ് ചവാന്റെ കൂറുമാറ്റം.

ഫാദർ സ്റ്റാൻ സ്വാമി

ബി.ജെ.പിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളെ സംബന്ധിച്ച് 2024 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2014-നുശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന 25 പ്രതിപക്ഷ നേതാക്കളുടെ അഴിമതിക്കേസുകളില്‍ മൂന്നെണ്ണം റദ്ദാക്കുകയും 20 കേസുകളില്‍ അന്വേഷണം മരവിപ്പിക്കുകയുമുണ്ടായി. കോണ്‍ഗ്രസില്‍നിന്ന് പത്തും എന്‍.സി.പി, ശിവസേന പാര്‍ട്ടികളില്‍നിന്ന് നാലു വീതവും ടി.എം.സിയില്‍നിന്ന് മൂന്നും ടി.ഡി.പിയില്‍നിന്ന് രണ്ടും എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവയില്‍നിന്ന് ഓരോരുത്തരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവരില്‍ ആറു പേര്‍ ഈ വര്‍ഷമാണ് ഇ.ഡിപ്പേടിയില്‍ സംഘ് പരിവാരത്തിന്റെ ഭാഗമായത്. 2022-ല്‍ ശിവസേനയില്‍ കലാപമുണ്ടാക്കി പാര്‍ട്ടി പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കി. ഒരു വര്‍ഷം പിന്നിടുമ്പോഴേക്ക് എന്‍.സി.പി നേതാക്കളായ അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരും ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കി എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെ ഇവരുടെ പേരിലുള്ള അഴിമതികള്‍ ആവിയായി. വാഷിംഗ് മെഷിനില്‍ അലക്കുന്നതു പോലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അഴിമതിക്കറകള്‍ മാഞ്ഞുപോകുന്നതെന്ന് കോണ്‍ഗ്രസ് ഇതിനെ പരിഹസിക്കുകയും ചെയ്തു.

മിണ്ടിയാല്‍ യു.എ.പി.എയും ജയിലും

ആറ് മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ ഭരണഘടന പൗരന് അനുവദിച്ചിരിക്കുന്നത്. സമത്വം (അനുഛേദം 14-18), വ്യക്തി സ്വാതന്ത്ര്യം (19-22) ചൂഷണത്തിന് എതിരായ അവകാശം (23-24), മത സ്വാതന്ത്ര്യം (25-28), സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29-30), ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം (29-30) എന്നിവ. മേല്‍പറഞ്ഞ മൗലികാവകാശങ്ങള്‍ പച്ചയായി ഹനിക്കപ്പെട്ടതും കഴിഞ്ഞ പത്തു വര്‍ഷത്തെ മോദി ഭരണത്തിലാണ്. മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭീകര മുഖമാണ് യു.എ.പി.എ എന്ന കരിനിയമത്തിന്റെ പ്രയോഗം. കോണ്‍ഗ്രസാണ് നിയമം ചുട്ടെടുത്തതെങ്കിലും, തന്നെയും ഭരണകൂടത്തെയും വിമര്‍ശിക്കുന്നവര്‍ക്കുള്ള ചാട്ടവാറായി അതിനെ മാറ്റിയത് മോദിയാണ്. 2016-നും 2020-നുമിടയില്‍ ചാര്‍ജ് ചെയ്യപ്പെട്ട 97.5 ശതമാനം യു.എ.പി.എ കേസുകളിലും വിചാരണ നടത്താതെ ആരോപിതരെ ജയിലുകളില്‍ പീഡിപ്പിക്കുകയായിരുന്നു. 2022-ല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. 5027 കേസുകളില്‍ ജയിലുകളില്‍ അടക്കപ്പെട്ട 24,134 തടവുകാരില്‍ 212 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 386 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കെട്ടിച്ചമച്ച കേസുകളിലൂടെ ഭരണകൂടം വേട്ടയാടുന്നത് തുടരുകയാണ്. പൗരത്വ സമരത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ദേശദ്രോഹം, യു.എ.പി.എ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് മുസ്‌ലിം യുവാക്കളെ ജയിലില്‍ തള്ളിയത്. അക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടവരാണ് ശര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും.

ആനന്ദ് തെൽതുംബ്ദെ

രാജ്യത്തെ ഏറ്റവും പ്രായമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനെ നിഷ്ഠുരമായി പീഡിപ്പിച്ച് കൊന്നുതള്ളിയ മോശമായ റെക്കോര്‍ഡും മോദിക്കുണ്ട്. കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി ഭീകരമായ മനുഷ്യാവകാശ വേട്ടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീമ കൊറേഗാവ് സംഭവത്തില്‍ 2020 ഒക്ടോബറില്‍ യു.എ.പി.എ ചുമത്തപ്പെട്ട പാര്‍ക്കിന്‍സന്‍ രോഗിയായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ നിരവധി തവണ കോടതി തള്ളി. 2021 ജൂലൈയില്‍ അദ്ദേഹം മരണപ്പെട്ടു. ഭീമ കൊറേഗാവ് കേസില്‍ രാജ്യദ്രോ ഹ കുറ്റം ചുമത്തി നിരവധി പൗരാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചിട്ടുണ്ട്. പ്രഫ. ജി.എന്‍ സായിബാബ, വരവര റാവു, അസമിലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഹിരെന്‍ ഗോഹയിന്‍, ദലിത് ബുദ്ധിജീവി ആനന്ദ് തെൽതുംബ്ദെ എന്നിവര്‍ അവരില്‍ ചിലരാണ്. മുംബൈ ഹൈക്കോടതി കേസ് തള്ളിയെങ്കിലും കേന്ദ്രം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് വരവര റാവുവിനു മേല്‍ ചുമത്തിയത്!

ഹേമന്ത് സോറൻ

ഭരണഘടനയുടെ 14, 21 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പി ഭരണകൂടം തടവിലാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകരെയും പണ്ഡിതരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ റൊമീള ഥാപ്പര്‍, ദേവകി ജെയിന്‍, സതീശ് ദേശ്പാണ്ഡെ, പ്രഭാത് പട്‌നായിക്, മജ ദാറുവാല എന്നിവര്‍ 2018 ആഗസ്റ്റില്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. പരാതി കോടതി അംഗീകരിച്ചില്ല. നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള തലോടല്‍ കൂടുതല്‍ മനുഷ്യാവകാശ പോരാളികളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടക്കാന്‍ സംഘ് പരിവാര്‍ ഭരണകൂടത്തിന് പ്രചോദനമായി. 2020 ജൂലൈയില്‍ ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ ഹാനി ബാബുവിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയുണ്ടായി. ജി.എന്‍ സായിബാബയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയിലെ അംഗമായിരുന്ന ഹാനി ബാബു നയിച്ചത്.

മാധ്യമ സ്വാതന്ത്ര്യമെന്ന തമാശ

'പ്രതികരണശേഷിയുള്ള ഒരു സമൂഹമുള്ളതു കൊണ്ടാണ് ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തില്‍ രാജ്യത്തെ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന പ്രചാരണം കെട്ടിച്ചമച്ചതും ദുരൂഹവുമാണ്…' പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഏപ്രിലില്‍ അമേരിക്കയിലെ ന്യൂസ് വീക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞതാണിത്. പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ മാധ്യമങ്ങളില്‍നിന്ന് ഓടിയൊളിച്ച പാരമ്പര്യമുള്ള മോദി അവസാന ഘട്ടത്തില്‍ തന്റെ ഇഷ്ട മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്‌റ്റേജ്ഡ് ഇന്റര്‍വ്യൂവിന്റെ വിദേശ പതിപ്പ് മാത്രമായിരുന്നു ന്യൂസ് വീക്ക് അഭിമുഖം. പ്രധാന മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പത്രക്കുറിപ്പെന്നതിലപ്പുറം മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍, പശുവിന്റെ പേരിലുള്ള കൊലകള്‍, മണിപ്പൂരിലെ ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ സുപ്രധാന പ്രശ്‌നങ്ങളൊന്നും പരാമര്‍ശിച്ചിരുന്നില്ല. തന്റെ കീഴിലുള്ള 'പുരോഗമന ഇന്ത്യ'യില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന മോദിയുടെ പച്ച നുണ അപ്പടി വിഴുങ്ങുക കൂടിയായിരുന്നു ന്യൂസ് വീക്ക്.
2007-ല്‍ മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പര്‍ സി.എന്‍.എന്‍-ഐ.ബി.എന്നിനു വേണ്ടി മോദിയെ നിര്‍ത്തിപ്പൊരിച്ച ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമാനമായത് അതിനുശേഷം ആര്‍ക്കും ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഥാപ്പറുടെ അഭിമുഖം നാലു മിനിറ്റ് പോലും തികയ്ക്കാതെ ഇറങ്ങിപ്പോയ മോദിക്ക് അതിനുശേഷം ഇന്നോളം റിയല്‍ ജേര്‍ണലിസ്റ്റുകളെ നേരിടാനുള്ള ത്രാണിയുണ്ടായിട്ടില്ല. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദീഖി ഉന്നയിച്ച ചോദ്യത്തിന് നേര്‍ക്കുനേര്‍ മറുപടി നല്‍കാതെ രാജ്യത്തിന്റെ ജനാധിപത്യ പൈതൃകത്തെക്കുറിച്ച് ലക്ചറടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോദിയെ നമ്മള്‍ മറന്നിട്ടില്ല.
2002-ലെ ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി (India: The Modi Question) നിരോധിച്ചവരാണ് അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധി പത്രങ്ങളുടെ വായ മൂടിക്കെട്ടിയതിനെ അപലപിക്കുന്നത്. ഇതിന്റെ പേരില്‍ 2023 ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയുണ്ടായി.
2018-ഓടെ ഇന്ത്യ ഇലക്ടറല്‍ ഓട്ടോക്രസി (തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യം) യിലേക്ക് വീണെന്നും പത്ത് ഏകാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ് മോദിയുടെ കീഴില്‍ ഇന്ത്യയുടെ സ്ഥാനമെന്നും സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. മോദി ഭരണത്തില്‍ സംഘ് പരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ 500 ശതമാനം വര്‍ധനവുണ്ടായെന്ന് 2018 ഏപ്രിലില്‍ കണക്കുകള്‍ ഉദ്ധരിച്ച് എൻ.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാര, കന്നഡ ബുദ്ധിജീവി എം.എം കല്‍ബുര്‍ഗി, എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദാഭോല്‍ക്കര്‍, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ വധിച്ചത് ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഓടുന്ന ട്രെയിനില്‍ ക്രൂരമായി കൊല്ലപ്പെട്ട പതിനാറുകാരന്‍ ഹാഫിസ് ജുനൈദ് മുതല്‍ ബീഫിന്റെ പേരില്‍ രക്തസാക്ഷികളാവേണ്ടി വന്ന ഡസന്‍ കണക്കിന് മുസ്‌ലിംകളും ഹിന്ദുത്വ ഏകാധിപത്യ ഭരണത്തിന്റെ ഇരകളായിരുന്നു. l

പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംകളുടെ എണ്ണം 24 ആണ്. പതിനേഴാം ലോക്‌സഭയില്‍ 26 എം.പിമാരുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് അത്യാവശ്യം സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് പതിനാലു പേരും ഇത്തവണ ജയിച്ചത് എന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ എവ്വിധം പരിഗണിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. ജനസംഖ്യയില്‍ പതിനാലു ശതമാനം വരുന്ന രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം എല്ലാ മേഖലകളിലും പിന്തള്ളപ്പെടുമ്പോഴാണ് നിയമ നിര്‍മാണ സഭകളിലും അവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നത്.
മുസ്‌ലിംകളെ ഭരണ രംഗത്തുനിന്ന് പരമാവധി അകറ്റുകയെന്ന അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഘടക കക്ഷികളുടെ പിന്തുണയോടെയാണ് തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലേറിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരൊറ്റ മുസ്‌ലിമും ഇല്ലാത്ത 72 അംഗ മന്ത്രിസഭ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഒ.ബി.സി വിഭാഗത്തില്‍നിന്ന് 27 പേരെയും ദലിത് വിഭാഗത്തില്‍നിന്ന് പത്തു പേരെയും മുന്നാക്ക ജാതിക്കാരായ 21 പേരെയും ഗോത്ര വര്‍ഗ, മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് പത്തു പേരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോൾ മുസ്‌ലിംകളെ പൂര്‍ണമായും അവഗണിച്ചു. കേരളത്തില്‍നിന്നുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനെ, അദ്ദേഹം മല്‍സരിച്ചിരുന്നില്ലെങ്കിലും ക്രിസ്ത്യന്‍ പ്രാതിനിധ്യത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോഴും മുസ്‌ലിംകളുടെ കാര്യത്തില്‍ അതുണ്ടായില്ല. പേരിനൊരു മുസ്‌ലിം സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പി ഇത്തവണ മല്‍സരിപ്പിച്ചത് - അതും മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത്! 2019-ല്‍ മുസ്‌ലിം സമുദായാംഗങ്ങളായ മൂന്നു പേരെ പാര്‍ട്ടി മല്‍സരിപ്പിച്ചിരുന്നു.

ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍.ഡി.എ) 293 എം.പിമാരില്‍ ഒരൊറ്റ മുസ്‌ലിമുമില്ല. അതിനാല്‍ സഖ്യത്തിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കും ക്യാബിനറ്റില്‍ മുസ്‌ലിം അംഗങ്ങളെ സംഭാവന ചെയ്യാനായില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍, നാലു മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രമാണ് എന്‍.ഡി.എയുടെ പേരില്‍ മല്‍സരിച്ചത് എന്നറിയുമ്പോഴാണ് ബി.ജെ.പി സഖ്യത്തിലെ 'മതേതര പാര്‍ട്ടികളും' ഇക്കാര്യത്തില്‍ മോശക്കാരല്ലെന്ന് ബോധ്യമാവുക. നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യുനൈറ്റഡ്) പതിനാറു സീറ്റുകളില്‍ മല്‍സരിച്ചപ്പോള്‍ കിഷന്‍ഗഞ്ചില്‍ മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. അവരുടെ പ്രതിനിധി മുജാഹിദ് ആലം കോണ്‍ഗ്രസിലെ മുഹമ്മദ് ജാവീദിനോട് പരാജയപ്പെടുകയും ചെയ്തു. എന്‍.ഡി.എയിലെ മറ്റൊരു പ്രമുഖ കക്ഷിയായ ടി.ഡി.പിയാവട്ടെ, ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെയും മല്‍സരിപ്പിച്ചില്ല. അസമിലെ ധുബ്രിയില്‍ അസം ഗണ പരിഷത്തിലെ സാബിദ് ഇസ്‌ലാമും ലക്ഷദ്വീപില്‍ എന്‍.സി.പി അജിത് പവാര്‍ ഗ്രൂപ്പിലെ യൂസുഫും മലപ്പുറത്ത് ബി.ജെ.പിയിലെ ഡോ. അബ്ദുസ്സലാമുമായിരുന്നു എന്‍.ഡി.എയിലെ മറ്റു മുസ്‌ലിം സ്ഥാനാര്‍ഥികള്‍.
മന്‍മോഹന്‍ സിംഗ് ഭരണത്തില്‍ 2004-ല്‍ നാലും 2009-ല്‍ അഞ്ചും മുസ്‌ലിം മന്ത്രിമാര്‍ ഉണ്ടായിരുന്നു. 1999-ലെ വാജ്‌പേയി സര്‍ക്കാറിലും രണ്ട് മുസ്‌ലിംകള്‍ മന്ത്രിമാരായി - ബി.ജെ.പിയിലെ ഷാനവാസ് ഹുസൈനും നാഷനല്‍ കോണ്‍ഫറന്‍സിലെ ഉമര്‍ അബ്ദുല്ലയും. 2014-ലെ ഒന്നാം മോദി സര്‍ക്കാറില്‍ ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയും നജ്മ ഹിബത്തുല്ലയും സഹ മന്ത്രിമാരായിരുന്നു. 2016-ല്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ അക്ബറിനെ വിദേശകാര്യ സഹമന്ത്രിയായും മോദി കാബിനറ്റില്‍ എടുത്തു. നജ്മയും അക്ബറും മുന്‍ കോണ്‍ഗ്രസുകാരായിരുന്നു. മണിപ്പൂര്‍ ഗവര്‍ണറായി നിയമനം കിട്ടിയ നജ്മ 2016 ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ 'മീ റ്റു' ആരോപണത്തിൽ പെട്ട അക്ബര്‍ 2018 ഒക്ടോബര്‍ 17-ന് രാജിവെച്ചു. 2019-ലും കേന്ദ്ര മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മുസ്‌ലിം മുഖമായി നഖ്‌വി തുടര്‍ന്നെങ്കിലും 2022 ജൂലൈ ആറിന് രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ അദ്ദേഹത്തിന് മന്ത്രി പദവിയും നഷ്ടമായി. നഖ്‌വിയെ വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഇതോടെ, ഇരു സഭകളിലും കാബിനറ്റിലും മുസ്‌ലിം പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയായി ബി.ജെ.പി മാറി.

കുറഞ്ഞുവരുന്ന പ്രാതിനിധ്യം

2014 മുതല്‍ തുടരുന്ന മുസ്‌ലിംകളുടെ രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ച് ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും 1980-കള്‍ മുതല്‍ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരുന്നതോ അതേപടി നില്‍ക്കുന്നതോ വിഷയമാവാറില്ല. മുസ്‌ലിം ജനസംഖ്യ 1981-ലെ 11.1 ശതമാനത്തില്‍നിന്ന് 2011-ല്‍ 14.2 ശതമാനമായി വര്‍ധിക്കുകയും 2024-ല്‍ അതിനെക്കാള്‍ കൂടാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുമ്പോഴാണിത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇന്നുവരെ മുസ്‌ലിം പ്രാതിനിധ്യം പത്തു ശതമാനം പോലും എത്തിയിട്ടില്ല. ഏറ്റവുമധികം മുസ്‌ലിം എം.പിമാര്‍ (49) തെരഞ്ഞെടുക്കപ്പെട്ട 1980-ല്‍ പോലും സമുദായത്തിന്റെ പ്രാതിനിധ്യം 9.04 ശതമാനത്തില്‍ ഒതുങ്ങി. 2014-ലാണ് അത് ഏറ്റവും കുറവ് (4.24 ശതമാനം) രേഖപ്പെടുത്തിയത്. 2024-ല്‍ 4.42 ശതമാനമാണ് പ്രാതിനിധ്യം. അവസാനം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം എം.പിമാരുടെ പ്രാതിനിധ്യം അഞ്ചു ശതമാനത്തില്‍ താഴെയാണ്. 1984-നു ശേഷം ഇന്നുവരെ ലോക്‌സഭയിലെ മുസ്‌ലിം എം.പിമാരുടെ എണ്ണം 40 കടന്നിട്ടില്ല.

പശ്ചിമ ബംഗാളിലെ ബഹറാംപൂരില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ കന്നിയങ്കത്തില്‍ തോല്‍പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താന്‍

2014, 2019 തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2024-ലാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവും കുറഞ്ഞ മുസ്‌ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. 2019-ല്‍ പതിനൊന്ന് മുഖ്യധാരാ പാര്‍ട്ടികള്‍ 115 മുസ്‌ലിംകളെ മല്‍സരിപ്പിച്ച് 16 പേരെ വിജയിപ്പിച്ചപ്പോള്‍ 2024-ല്‍ 82 പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. എന്നിട്ടും 16 പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് മുസ്‌ലിം സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത വര്‍ധിച്ചുവെന്നാണ് സൂചിപ്പിക്കുന്നത്.

2011-ലെ സെന്‍സസ് അനുസരിച്ച് മൊത്തം ജനസംഖ്യയുടെ നാലിലൊന്നോ അതിലധികമോ മുസ്‌ലിംകളുള്ള 65 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ജനസംഖ്യയുടെ പകുതിയും മുസ്‌ലിംകളുള്ള പതിനാല് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും. ലക്ഷദ്വീപ് മണ്ഡലത്തില്‍ 96.58 ശതമാനമാണ് മുസ്‌ലിംകള്‍. 2019-ല്‍ മേല്‍പറഞ്ഞ 65 മണ്ഡലങ്ങളില്‍ 25 ഇടങ്ങളില്‍ ബി.ജെ.പിക്കായിരുന്നു വിജയം. എന്നാല്‍, 2024-ല്‍ ബി.ജെ.പിയുടെ മേധാവിത്വം 20 ആയി കുറഞ്ഞു. 2019-ല്‍ 12 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റ് അധികം നേടി. തൃണമൂല്‍ കോണ്‍ഗ്രസും നില മെച്ചപ്പെടുത്തി. 2019-ല്‍ പത്തു സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടി 2024-ല്‍ 12 ആയി വര്‍ധിപ്പിച്ചു. സമാജ്‌വാദി പാര്‍ട്ടിയാണ് ഏറ്റവും വലിയ നേട്ടം കൊയ്തത്. 2019-ലെ മൂന്നില്‍നിന്ന് എട്ടു സീറ്റുകളായി അവര്‍ ഉയര്‍ത്തി.

മുകളില്‍ സൂചിപ്പിച്ച മണ്ഡലങ്ങളില്‍ 19 ഇടങ്ങളില്‍ മാത്രമാണ് 2019-ല്‍ മുസ്‌ലിം എം.പിമാര്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 22 പേര്‍ ജയിച്ചിട്ടുണ്ട്. അവശേഷിച്ച രണ്ട് എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് മുസ്‌ലിംകള്‍ ഏറ്റവും ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ നിന്നാണ്. ഉത്തർ പ്രദേശിലെ ഗാസിപൂരില്‍ മുസ്‌ലിം ജനസംഖ്യ 10.17 ശതമാനമാണ്. അവിടെ നിന്നാണ് സമാജ്‌വാദി പാര്‍ട്ടിയിലെ അഫ്‌സല്‍ അന്‍സാരി വിജയക്കൊടി നാട്ടിയത്. മുസ്‌ലിം ലീഗിലെ കെ. നവാസ് കനി വിജയിച്ച തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ മുസ്‌ലിംകള്‍ 11.84 ശതമാനമാണ്. മുസ്‌ലിം ജനസംഖ്യ നാലിലൊന്നിലും താഴെയുള്ള മണ്ഡലങ്ങളില്‍ ഏഴിടങ്ങളില്‍ ഇത്തവണ മുസ്‌ലിം എം.പിമാര്‍ ഉണ്ടായിട്ടുണ്ട്.

കോൺഗ്രസ് മുന്നിൽ

പതിനെട്ടാം ലോക്‌സഭയില്‍ ഏറ്റവുമധികം മുസ്‌ലിം എം.പിമാരുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. 19 മുസ്‌ലിംകളെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചപ്പോള്‍ ഏഴു പേര്‍ ജയിച്ചു. 2019-ല്‍ 34 മുസ്‌ലിം സ്ഥാനാർഥികള്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നെങ്കിലും നാലു പേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. ഇത്തവണ 15 പേര്‍ കുറഞ്ഞിട്ടും വിജയശതമാനത്തില്‍ ഏതാണ്ട് പകുതിയോളം വര്‍ധനവുണ്ടായി. സമാജ്‌വാദി പാര്‍ട്ടിയാണ് മല്‍സരിപ്പിച്ച നാല് മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ മുഴുവന്‍ പേരെയും വിജയിപ്പിച്ചത്. ഇഖ്‌റ ഹസന്‍ (കൈറാന), മുഈനുല്ല നദ്‌വി (റാംപൂര്‍), സിയാഉറഹ്‌മാന്‍ (സംഭാല്‍), അഫ്‌സൽ അന്‍സാരി (ഗാസിപൂര്‍) എന്നിവരാണ് വിജയിച്ച എസ്.പി സ്ഥാനാര്‍ഥികള്‍. തൃണമൂല്‍ കോണ്‍ഗ്രസും മോശമാക്കിയില്ല. ആറു പേര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതില്‍ അഞ്ചു പേരും ജയിച്ചു. എന്നാല്‍ ഇരു പാര്‍ട്ടികളും 2019-ല്‍ മല്‍സരിപ്പിച്ചതിന്റെ പകുതിയോ അതില്‍ കുറവോ സ്ഥാനാര്‍ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്. സമാജ്‌വാദി പാര്‍ട്ടി എട്ടും തൃണമൂല്‍ പതിമൂന്നും സീറ്റുകള്‍ കഴിഞ്ഞ തവണ മുസ്‌ലിംകള്‍ക്ക് അനുവദിച്ചിരുന്നു.

ആര്‍.ജെ.ഡിക്ക് 2019-ലും 2024-ലും ഒറ്റ മുസ്‌ലിം എം.പിയെയും പാര്‍ലമെന്റിലയക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ രണ്ട് സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി മുസ്‌ലിംകളെ മല്‍സരിപ്പിച്ചത്. മായാവതിയുടെ ബി.എസ്.പി 2019-ല്‍ 39 സീറ്റുകളില്‍ മുസ്‌ലിംകളെ നിര്‍ത്തി മൂന്നു പേരെ വിജയിപ്പിച്ചിരുന്നു. ഇത്തവണ ബി.എസ്.പിയുടെ 37 മുസ്‌ലിം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. 2019-ല്‍ ആലപ്പുഴയില്‍ എ.എം ആരിഫിലൂടെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കിയിരുന്ന സി.പി.എം ഇത്തവണ പത്തു പേര്‍ക്ക് സീറ്റ് നല്‍കിയിട്ടും ആരിഫ് ഉള്‍പ്പെടെ ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. സി.പി.ഐയാവട്ടെ, 2019-ല്‍ നാലു സീറ്റുകള്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്നു. ഇത്തവണ ഒന്നും നല്‍കിയില്ല.

അസദുദ്ദീൻ ഉവൈസി

'ഹിന്ദുത്വം പിടിമുറുക്കിയതോടെ തെരഞ്ഞെടുപ്പുകളില്‍ ജയിക്കല്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം വലിയ ബുദ്ധിമുട്ടായി. ഗോള്‍വാള്‍ക്കറുടെ 'അപരര്‍' പുതിയ കാലത്ത് അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവരായി. ഹിന്ദുത്വത്തിന്റെ തെരഞ്ഞെടുപ്പ് മുന്നേറ്റം ശക്തിപ്പെട്ട 2013-നും 2018-നുമിടയില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളുടെ വിജയ ശരാശരി 35 ശതമാനത്തില്‍നിന്ന് 20 ശതമാനമായി കുറയുകയും ചെയ്തു - 'ബിയിംഗ് എ മുസ്‌ലിം ഇന്‍ ഹിന്ദു ഇന്ത്യ: എ ക്രിട്ടിക്കല്‍ വ്യൂ' എന്ന പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിയാഉസ്സലാം ചൂണ്ടിക്കാട്ടുന്നു. 2018-ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ അപ്രതീക്ഷിത നേട്ടമാണ് വിജയ ശതമാനം 20-ലെങ്കിലും എത്തിച്ചതെന്നും, മൂന്നു സംസ്ഥാനങ്ങളും ചേര്‍ന്ന് 11 മുസ്‌ലിം എം.എല്‍.എമാരെ സംഭാവന ചെയ്യുകയുണ്ടായെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയം, സോഷ്യോളജി എന്നിവയില്‍ വിദഗ്ധനായ ലണ്ടന്‍ കിംഗ്‌സ് കോളേജ് പ്രഫസര്‍ ക്രിസ്റ്റോഫ് ജാഫര്‍ലറ്റ് എഴുതുന്നു: ഇന്ത്യയിലെ മുസ്‌ലിം ജനതയും ലോക്‌സഭയിലെ അവരുടെ പ്രാതിനിധ്യവും (ഒമ്പത് ശതമാനത്തില്‍നിന്ന് 4.2 ശതമാനമായാണ് പ്രാതിനിധ്യക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്) തമ്മിലുള്ള അന്തരം അഞ്ചിരട്ടിയായി വര്‍ധിച്ചിരിക്കുന്നു -1980-നും 2014-നുമിടയില്‍ രണ്ടു ശതമാനത്തില്‍നിന്ന് 10 ശതമാനമായാണ് ഈ അന്തരം വളര്‍ന്നിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ താല്‍പര്യം കാണിക്കാത്ത ബി.ജെ.പിയാണ് ഇതിന് മുഖ്യ ഉത്തരവാദികള്‍. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് അംഗങ്ങള്‍ കൂടിവരുമ്പോഴും വിജയ സാധ്യത തീരെക്കുറഞ്ഞ സീറ്റുകളിലാണ് മുസ്‌ലിംകള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നത്. (Christophe Jaffrelot, Modi's India: Hindu Nationalism and the Rise of Ethnic Democracy (New Delhi: Context [Westland], 2021, p. 413).

മുസ്‌ലിംകള്‍ക്ക് തനിച്ച് വിധി നിര്‍ണയിക്കാന്‍ കഴിയുന്ന 14 ലോക്്സഭാ മണ്ഡലങ്ങളും നാല്‍പതു ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള 13 മണ്ഡലങ്ങളുമുണ്ട്. അതായത്, 27 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ ജയിച്ചു കയറാം. ദേശീയ പാര്‍ട്ടികളെക്കാള്‍ പ്രാദേശിക പാര്‍ട്ടികളാണ് മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ അല്‍പമെങ്കിലും ഭേദം. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന് അധികാരത്തിന്റെ ഇടനാഴിയില്‍ പോലും ഇടം നല്‍കാത്ത വിധം രാജ്യത്തിന്റെ മതേതര സ്വഭാവം മാറ്റിമറിച്ചത് ബി.ജെ.പിയാണ്. 2019-ല്‍ മൂന്ന് സീറ്റുകളിലാണ് പാര്‍ട്ടി മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. 2024-ല്‍ അത് ഒന്നിലേക്ക് ചുരുങ്ങി. പാര്‍ലമെന്റില്‍നിന്നും ഗവണ്‍മെന്റില്‍നിന്നും മുസ്‌ലിംകളെ ഇല്ലാതാക്കിയവരാണ് സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും പുരോഗതി) എന്ന പൊള്ളയായ മുദ്രാവാക്യവുമായി രംഗത്തു വന്നത്.

യു.പിയിലെ 'മുസ്‌ലിം പ്രതിരോധം'

ഹിന്ദി ബെല്‍റ്റില്‍ - വിശിഷ്യാ ഉത്തര്‍ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ദല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ - നടത്തിയ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാനും പടിപടിയായി ഇല്ലാതാക്കാനുമുള്ള തന്ത്രം ബി.ജെ.പി മെനഞ്ഞത്. ഇരുപത് ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍ പ്രദേശില്‍ 2004-ല്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി പത്ത് മുസ്‌ലിം എം.പിമാരുണ്ടായിരുന്നത് 2009-ല്‍ ഏഴായി ചുരുങ്ങി. 2014-ല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71-ല്‍ ബി.ജെ.പി യും രണ്ട് സീറ്റുകളില്‍ സഖ്യകക്ഷികളും വിജയിച്ചപ്പോള്‍ മുസ്‌ലിം പ്രാതിനിധ്യം പൂജ്യമായി മാറി. ഒറ്റ മുസ്‌ലിമിനെയും സ്ഥാനാര്‍ഥിയാക്കാതെ നടത്തിയ പരീക്ഷണം വിജയകരമായി മാറിയപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ മുസ്‌ലിം വോട്ടുകള്‍ ആവശ്യമില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി എത്തുകയായിരുന്നു.
ന്യൂനപക്ഷത്തെ കൂടെക്കൂട്ടാതെ മുന്നോട്ടു പോകാനാവുമെന്ന ബി.ജെ.പിയുടെ പരീക്ഷണശാലയായിരുന്നു ഉത്തര്‍ പ്രദേശ്. രാജ്യത്തിന്റെ അധികാര പങ്കാളിത്തത്തില്‍ മുസ്‌ലിം ശബ്ദം ആവശ്യമില്ലെന്ന സന്ദേശം നല്‍കുന്നതും ഭരണഘടനയോടുള്ള പ്രതിബദ്ധയില്ലായ്മ വ്യക്തമാക്കുന്നതുമാണ് 2014-ല്‍ യു.പിയില്‍ കണ്ടത്. 2017-ലെ അസംബ്ലി തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഗുജറാത്ത് മാതൃകയില്‍ ഉത്തര്‍ പ്രദേശ് മുസ്‌ലിംകളും പാര്‍ശ്വവൽക്കരിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ യു.പിക്ക് പുറത്തും ഇതിന്റെ ആഘാതമുണ്ടായിട്ടുണ്ട്.

2018-ലെ ഉപ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയിലെ കൈറാനയില്‍ ആര്‍.ജെ.ഡി ടിക്കറ്റില്‍ മല്‍സരിച്ച തബസ്സും ഹസന്‍ വിജയിച്ചപ്പോഴാണ് ഒരു മുസ്‌ലിം എം.പിയുടെ പ്രാതിനിധ്യമുണ്ടായത്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് പ്രസ്തുത പ്രാതിനിധ്യം നിലനിന്നത്. അപ്പോഴേക്കും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. 2019-ല്‍ യു.പിയില്‍ ബി.ജെ.പിക്ക് 62 സീറ്റുകളേ വിജയിക്കാനായുള്ളൂ. മുമ്പത്തേതിനെ അപേക്ഷിച്ച് ഒമ്പതു സീറ്റുകള്‍ കുറവ്. ബി.ജെ.പിക്ക് തിരിച്ചടി നല്‍കി ആറ് മുസ്‌ലിംകള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് പാര്‍ലമെന്റിലെത്തി. ഇവരില്‍ മൂന്നു പേര്‍ ബി.എസ്.പിക്കാരായിരുന്നു.

2024-ല്‍ യു.പിയില്‍ മുസ്‌ലിം എം.പിമാര്‍ ആറില്‍ നിന്ന് അഞ്ചായി കുറഞ്ഞെങ്കിലും ബി.ജെ.പി 34 സീറ്റുകളില്‍ ഒതുങ്ങിയെന്നത് മുസ്്ലിംകളുടെ കൂടി നേട്ടമാണ്. കഴിഞ്ഞ തവണത്തേതില്‍നിന്ന് 28 സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. ബി.ജെ.പിയുടെ തോല്‍വി ഉറപ്പിക്കാന്‍ മുസ്‌ലിംകള്‍ ഒന്നടങ്കം സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്തുവെന്നതാണ് ഇതിനു കാരണം. ബി.എസ്.പിയെ പിന്തുണക്കുന്നത് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തുകയും അത് ബി.ജെ.പിക്ക് സഹായകമാകുമെന്നും മുസ്‌ലിം സമുദായം മനസ്സിലാക്കി. 2019-ലെ അഞ്ചു സീറ്റുകളില്‍നിന്നാണ് എസ്.പി 37 സീറ്റുകളിലേക്ക് കുതിച്ചത്. 2004-ല്‍ 35 സീറ്റുകളില്‍ വിജയിച്ച ശേഷം പാര്‍ട്ടിയുടെ ഏറ്റവും മികച്ച നേട്ടമാണിത്. 2019-ല്‍ തനിച്ച് മല്‍സരിച്ച് റായ്ബറേലിയില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിനും ഇത്തവണ മുസ്‌ലിം വോട്ടുകള്‍ ഫലം ചെയ്തു. ആറു സീറ്റുകളുമായാണ് പാര്‍ട്ടി നില മെച്ചപ്പെടുത്തിയത്.

ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായി ഇൻഡ്യാ മുന്നണിക്ക് പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ മുസ്‌ലിം സംഘടനകള്‍ കാര്യമായ ശ്രമം രാജ്യമൊട്ടുക്കും നടത്തുകയുണ്ടായി. മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനെക്കാള്‍ അവര്‍ ഗൗരവമായി കണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ചേരിയെ അധികാരത്തിലെത്തിക്കുക എന്നതായിരുന്നു. യു,പിയില്‍ മാത്രമല്ല, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുന്ന സംസ്ഥാനങ്ങളില്‍ ഇത് പ്രകടമായി. അസമില്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു ഇത്തവണത്തെ ഫലങ്ങള്‍. സംസ്ഥാനത്ത് നല്ല വേരുകളുള്ള ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മല്‍സരിച്ച മൂന്നു സീറ്റുകളിലും പരാജയപ്പെട്ടു. മുസ്‌ലിം വോട്ടര്‍മാര്‍ 73 ശതമാനത്തിലേറെയുള്ള ധുബ്രി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് 2009 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട അജ്മല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ റാഖിബുല്‍ ഹുസൈനോട് പത്തു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഹുസൈന്റേത്. അതേസമയം, അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ഹൈദരാബാദ് മണ്ഡലം തുടര്‍ച്ചയായി അഞ്ചാം തവണയും നിലനിര്‍ത്തിയെന്ന് മാത്രമല്ല, ബിഹാറിലെ കിഷന്‍ഗഞ്ചില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അഖ്തറുല്‍ ഈമാന്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുകള്‍ നേടുകയും ചെയ്തു.
പ്രധാന മന്ത്രിയെന്ന പദവി പോലും മറന്ന് ലക്ഷണമൊത്ത വര്‍ഗീയവാദിയുടെ വേഷത്തില്‍ മോദി പ്രചാരണം നയിച്ച തെരഞ്ഞെടുപ്പായിരുന്നു 2024-ലേത്. പത്തിലേറെ പൊതു യോഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശങ്ങള്‍ മോദി നടത്തി. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ച അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ ഹിന്ദു വോട്ടര്‍മാര്‍ പോലും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുന്നതാണ് കണ്ടത്. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി ലല്ലു സിംഗ് 54,000-ത്തിലേറെ വോട്ടുകള്‍ക്ക് എസ്.പിയിലെ അവദേശ് പ്രസാദിനോട് പരാജയപ്പെട്ടു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ യു.പിയില്‍ വര്‍ഗീയ പ്രചാരണവുമായി മോദി രംഗത്തുണ്ടായിരുന്നു. അന്ന് ഖബറിസ്ഥാനും ഹിന്ദുക്കളുടെ ശ്മശാനവും തമ്മിലുള്ള താരതമ്യം നടത്തിയത് മോദിയായിരുന്നു. സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ ഹിന്ദുക്കളെക്കാള്‍ മുസ്‌ലിംകള്‍ക്ക് പരിഗണന നല്‍കിയെന്നായിരുന്നു ആരോപണം. ദീപാവലിക്കല്ല, ഈദിന് വൈദ്യുതി മുടങ്ങില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. ഇതിലും തീവ്രമായ വര്‍ഗീയ പരാമര്‍ശങ്ങളാണ് യോഗി ആദിത്യനാഥ് നടത്തിയത്. 2017-ല്‍ യു.പിയിലും 2018-ല്‍ തെലങ്കാനയിലും 'അലിയും ബജ്‌റംഗ് ബാലിയും' തമ്മിലുള്ള യുദ്ധമായിരുന്നു ആദിത്യനാഥിന്റെ മുഖ്യ വിഷയം. മുസ്‌ലിംകളെക്കുറിച്ച് വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് വോട്ട് പെട്ടിയിലാക്കുകയെന്ന തന്ത്രം അന്ന് വിജയകരമായി നടപ്പാക്കി. ബി.ജെ.പിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് വോട്ടര്‍മാര്‍ നല്‍കിയ താക്കീതായിരുന്നു 2024-ൽ യു.പിയിലടക്കം നേരിട്ട ദയനീയമായ തിരിച്ചടികൾ. l

ഫലസ്ത്വീന്‍ അടഞ്ഞ അധ്യായമല്ലെന്നും പിറന്ന മണ്ണില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഫലസ്ത്വീനികള്‍ക്കുണ്ടെന്നുമുള്ള പ്രഖ്യാപനം മുമ്പൊന്നുമില്ലാത്ത വിധം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തെരുവുകളും സര്‍വകലാശാലാ കാമ്പസുകളും മാത്രമല്ല, ഭരണ നേതൃത്വങ്ങളും അത് ഏറ്റെടുത്തിരിക്കുന്നുവെന്നത് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഉള്‍പ്പെടെയുള്ള ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ തുടക്കമിട്ട ത്വൂഫാനുല്‍ അഖ്‌സ്വ(അല്‍ അഖ്‌സ്വാ പ്രളയം)യുടെ പ്രതിഫലനമാണ് എന്നതില്‍ തര്‍ക്കമില്ല.

യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലന്റും നോര്‍വെയും സ്‌പെയിനും സ്വതന്ത്ര ഫലസ്ത്വീനെ അംഗീകരിച്ചത് ഇസ്രയേലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു. മെയ് 10-ന് യു.എന്‍ പൊതുസഭയുടെ അടിയന്തര യോഗം ബഹുഭൂരിപക്ഷത്തോടെ ഫലസ്ത്വീനെ പിന്തുണക്കുകയും രക്ഷാസമിതിയോട് അംഗീകാരത്തിന് ശിപാര്‍ശ ചെയ്യുകയും ചെയ്തതിന്റെ തിരിച്ചടിയില്‍നിന്ന് കര കയറുന്നതിനു മുമ്പാണ് മൂന്ന് സൗഹൃദ രാജ്യങ്ങളില്‍നിന്ന് സയണിസ്റ്റ് ഭരണകൂടത്തിന് മറ്റൊരു പ്രഹരമേല്‍ക്കുന്നത്.

യു.എന്നിലെ 193 അംഗങ്ങളില്‍ 145 രാഷ്ട്രങ്ങള്‍ ഇതിനകം സ്വതന്ത്ര ഫലസ്ത്വീനെ അംഗീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പില്‍ അമേരിക്കയും ഇസ്രയേലും അര്‍ജന്റീനയും ഹംഗറിയും ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. ബ്രിട്ടനടക്കം ഇരുപത്തിയഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു. ജനറല്‍ അസംബ്ലി ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അനുകൂലമായി വോട്ടു ചെയ്തതില്‍ കലി പൂണ്ട് ഷ്രെഡിംഗ് മെഷിനില്‍ യു.എന്‍ ചാര്‍ട്ടറിന്റെ കോപ്പി നശിപ്പിക്കുക പോലുമുണ്ടായി ഇസ്രയേല്‍ അംബാസഡര്‍ ഗിലാദ് എര്‍ദാന്‍. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ യു.എന്‍ ചാര്‍ട്ടറിനെ പിച്ചിച്ചീന്തിയെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെങ്കിലും യു.എന്‍ പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാത്ത രാജ്യത്തിന്റെ പ്രതിനിധിയാണ് താനെന്നത് അയാള്‍ മറന്നുപോയി.

സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയ ശേഷം വിദേശകാര്യ മന്ത്രിമാരായ എസ്പന്‍ ബാര്‍ത് എയിദെ (വലത്തേയറ്റം- നോര്‍വെ), മാനുവല്‍ ആല്‍ബറീസ് (സ്‌പെയിന്‍), മിഷേല്‍ മാര്‍ട്ടിന്‍ (അയര്‍ലന്റ്) എന്നിവര്‍ ബ്രസ്സല്‍സില്‍ പത്രസമ്മേളനത്തില്‍

1993 സെപ്റ്റംബര്‍ 13-ന് അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഇസ്രയേലും പി.എല്‍.ഒയും ഒപ്പുവെച്ച ഓസ്‌ലോ കരാറനുസരിച്ച് 1999 മെയ് നാലിനകം നിലവില്‍ വരേണ്ടതായിരുന്നു വെസ്റ്റ് ബാങ്കും ഗസ്സയും കിഴക്കന്‍ ജറൂസലമും ഉള്‍പ്പെടുന്ന സ്വതന്ത്ര ഫലസ്ത്വീന്‍ രാജ്യം. എന്നാല്‍, ഫലസ്ത്വീനികള്‍ക്ക് രാജ്യം അനുവദിക്കില്ലെന്നത് ഇസ്രയേലിന്റെയും അമേരിക്കയുടെയു ഉറച്ച നിലപാടാണെന്നത് ഒരു രഹസ്യം പോലുമല്ല. അന്താരാഷ്ട്ര ചട്ടങ്ങള്‍ അനുസരിച്ച് രക്ഷാസമിതിയാണ് സ്വതന്ത്ര ഫലസ്ത്വീന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അമേരിക്ക വീറ്റോ ചെയ്യുമെന്നതിനാല്‍ യു.എന്നിനെ മറികടന്ന് ലോകരാജ്യങ്ങള്‍ മറ്റു വഴികള്‍ തേടുക മാത്രമാണ് പരിഹാരം.

മിക്കവാറും മധ്യ പൗരസ്ത്യ, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ സ്വതന്ത്ര ഫലസ്ത്വീനെ അംഗീകരിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയാണ് അപവാദം. 2014-ല്‍ സ്വീഡനാണ് ഫലസ്ത്വീനെ അംഗീകരിച്ച ആദ്യ പശ്ചിമ യൂറോപ്യന്‍ രാജ്യം. ഫലസ്ത്വീനികളോട് സ്വീഡനുള്ള പ്രതിബദ്ധതക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1947-48-ലെ അറബ്-ഇസ്രയേല്‍ പ്രശ്‌നത്തില്‍ യു.എന്‍ രക്ഷാസമിതിയുടെ മധ്യസ്ഥനായിരുന്ന ഫോക്ക് ബര്‍ണാഡോറ്റ് സ്വീഡിഷ് രാജകുടുംബാംഗവും നയതന്ത്രജ്ഞനുമായിരുന്നു. ജന്മനാട്ടില്‍നിന്ന് പുറത്താക്കപ്പെട്ട ഫലസ്ത്വീനികളുടെ മടങ്ങിവരാനുള്ള അവകാശത്തെക്കുറിച്ച് ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സയണിസ്റ്റ് ഭീകര സംഘടനയായ ലേഹി(സ്റ്റേണ്‍ ഗാങ്ങ്)യുടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. 1948 ജൂണ്‍ 27-ന് ബര്‍ണാഡോറ്റ് യു.എന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നക്ബയുടെ ഇരകളായ ഫലസ്ത്വീനികള്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള അവകാശത്തെക്കുറിച്ച് ആദ്യം പറഞ്ഞത്.

ഇസ്രയേല്‍ അധിനിവേശത്തിനും വംശഹത്യക്കും എതിരായ പ്രതിഷേധം അമേരിക്കയിലെയും യൂറോപ്പിലെയും സര്‍വകലാശാലകളില്‍ ശക്തിപ്പെട്ടതിനു പിന്നാലെയാണ് മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്യമായി ഫലസ്ത്വീനു വേണ്ടി രംഗത്തുവരുന്നത്. ഇസ്രയേലി വംശഹത്യക്കെതിരെ തുടക്കം മുതല്‍ ശബ്ദമുയര്‍ത്തിയവരാണ് സ്‌പെയിനും നോര്‍വെയും അയര്‍ലന്റും. സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം മാത്രമാണ് മിഡിലീസ്റ്റ് സംഘര്‍ഷത്തിനുള്ള ഏക പരിഹാരമെന്ന് തൊണ്ണൂറുകളില്‍ തന്നെ നിലപാടെടുത്തിട്ടുണ്ട് സ്‌പെയിനും നോര്‍വെയും. 1991-ലെ മാഡ്രിഡ് സമാധാന സമ്മേളനവും 1993-ലെ ഓസ്‌ലോ ഉച്ചകോടിയും അത് ശരിവെക്കുന്നു.

എല്ലാം കണ്ണുകളും റഫയിലേക്ക്. റഫയിലെ ഇസ്രയേൽ വംശഹത്യാ ഭീഷണിയിലേക്ക് വിരൽ ചൂണ്ടുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി

യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ സ്വീഡന്‍, ബള്‍ഗേറിയ, ഹംഗറി, പോളണ്ട്, റുമാനിയ, സ്ലോവാക്യ, സൈപ്രസ് എന്നിവ നേരത്തെ ഫലസ്ത്വീനെ അംഗീകരിച്ചതാണ്. സ്ലോവേനിയയും മാള്‍ട്ടയും ബെല്‍ജിയവും താമസിയാതെ അംഗീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തീവ്ര വലതുപക്ഷവാദിയായ വിക്ടര്‍ ഓര്‍ബന്‍ അധികാരത്തിലെത്തിയതോടെ സയണിസ്റ്റ് ചേരിയിലേക്ക് ചാഞ്ഞ ഹംഗറി യു.എന്‍ പൊതുസഭയില്‍ ഫലസ്ത്വീന്‍ രാഷ്ട്രത്തിന് എതിരെയാണ് ഇത്തവണ വോട്ടു ചെയ്തത്. കരീബിയന്‍ രാജ്യങ്ങളായ ബഹാമാസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നിവയാണ് 2024-ല്‍ ഫലസ്ത്വീനെ അംഗീകരിച്ച മറ്റു രാജ്യങ്ങള്‍.

2011-ലാണ് യു.എന്നില്‍ പൂര്‍ണാംഗത്വം നേടാനുള്ള ഫലസ്ത്വീന്റെ നീക്കങ്ങള്‍ ശക്തിപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ തിരിച്ചടിയുണ്ടായെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ സമ്പൂര്‍ണാംഗത്വം നേടുന്നതില്‍ വിജയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് യുനെസ്‌കോക്കുള്ള സാമ്പത്തിക സഹായം അമേരിക്ക വെട്ടിച്ചുരുക്കി. എന്നാല്‍, 2012-ല്‍ യു.എന്‍ പൊതുസഭ ഫലസ്ത്വീന് നിരീക്ഷക പദവി നല്‍കി. 2015 ഏപ്രില്‍ ഒന്നിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും (ഐ.സി.സി) 123-ാമത്തെ അംഗരാജ്യമായി ഫലസ്ത്വീന്‍ ചേര്‍ന്നു.

ഐ.സി.സി വാറന്റും ഇരട്ടത്താപ്പും
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രതിരോധ മന്ത്രി യവ് ഗാലന്റിനെയും യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യുന്നതിന്റെ ഭാഗമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്റെ തീരുമാനമാണ് സയണിസ്റ്റ് ഭരണകൂടത്തിനെതിരായ മറ്റൊരു പ്രഹരം. ഈ തീരുമാനത്തെയും പതിവുപോലെ അമേരിക്കയും ബ്രിട്ടനും എതിര്‍ത്തു. ഇസ്രയേല്‍ അനുകൂലിയാണെങ്കിലും ഐ.സി.സി നിലപാടിനൊപ്പമാണ് ഫ്രാന്‍സ് നിലയുറപ്പിച്ചത്. ജര്‍മനിക്ക് ഐ.സി.സിയോട് ബഹുമാനമുണ്ടെങ്കിലും ഹമാസ് നേതാക്കള്‍ക്കൊപ്പം ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് എതിരെ വാറന്റ് പുറപ്പെടുവിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ്.

2023 മാര്‍ച്ച് 17-ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ സ്വാഗതം ചെയ്ത അമേരിക്കയും ബ്രിട്ടനും, 2024 മെയ് 24-ന് അതേ ഐ.സി.സി നെതന്യാഹുവിനെതിരെ നീങ്ങിയപ്പോള്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്നതാണ് കണ്ടത്. പുടിനെതിരായ ഐ.സി.സി നീക്കം ന്യായീകരിക്കാവുന്നതാണെന്നും റഷ്യന്‍ പ്രസിഡന്റ് യുദ്ധക്കുറ്റം ചെയ്തിരിക്കുന്നുവെന്നുമാണ് ബൈഡന്‍ അന്നു പറഞ്ഞത്. അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ അംഗ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് ഐ.സി.സിയില്‍ അംഗമല്ലാത്ത അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രസ്താവിച്ചു.

ഐ.സി.സി ചാര്‍ട്ടറില്‍ ഒപ്പുവെച്ച ബ്രിട്ടന്റേതാണ് തികഞ്ഞ ഇരട്ടത്താപ്പ്. നെതന്യാഹുവിനു വേണ്ടി ഐ.സി.സിയെ തള്ളിപ്പറയാന്‍ സുനക്കിന് മടിയുണ്ടായില്ല. ഇരട്ടത്താപ്പുകാര്‍ വേറെയുമുണ്ട് ഈ കളരിയില്‍. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണം. ഇവര്‍ക്കൊക്കെ പുടിനെ അറസ്റ്റ് ചെയ്തു കാണാന്‍ വലിയ ആഗ്രഹമുണ്ട്. എന്നാല്‍, പരിഷ്‌കൃത ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റവാളിയായ നെതന്യാഹു വിശുദ്ധ പശുവാണ്.
തനിക്കെതിരായ ഐ.സി.സി നീക്കത്തെ പതിവുപോലെ സെമിറ്റിക് വിരുദ്ധമെന്ന് നെതന്യാഹു വിശേഷിപ്പിച്ചപ്പോള്‍ അറസ്റ്റ് വാറന്റ് ചരിത്രപരമായ അവഹേളനമാണെന്നും, അതിനെ നേരിടാന്‍ തന്റെ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിച്ചത്. 36,000-ത്തിലേറെ മനുഷ്യരെ വംശഹത്യ നടത്താന്‍ ഉത്തരവിട്ടവരില്‍ രണ്ടുപേരെ മാത്രമേ ഐ.സി.സിക്ക് വേണ്ടിയിരുന്നുള്ളൂ. വംശഹത്യാ പ്രസ്താവനകള്‍ നിരന്തരം നടത്തിയ സയണിസ്റ്റ് ഭരണകൂടത്തിലെ പോലീസ് മന്ത്രി ബെന്‍ ഗ്വിര്‍, ധനമന്ത്രി സ്മോട്രിച്ച് തുടങ്ങിയവരെ ഒഴിവാക്കിയപ്പോള്‍, ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മാഈല്‍ ഹനിയ്യ, ഗസ്സയിലെ നേതാവ് യഹ്‌യാ സിന്‍വാര്‍, അല്‍ ഖസ്സാം ബ്രിഗേഡ്‌സ് തലവന്‍ മുഹമ്മദ് അല്‍ ദെയ്ഫ് എന്നിവരെ ലിസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ മറന്നില്ല. ഇതിനെ തൂക്കമൊപ്പിക്കല്‍ എന്നു പോലും പറയാനാവില്ല. രണ്ട് സയണിസ്റ്റ് ഭീകരര്‍ക്ക് മൂന്ന് ഹമാസ് നേതാക്കള്‍ എന്ന അനുപാതം തന്നെ പരിഹാസ്യമാണ്. അധിനിവേശ ഭീകരരും ചെറുത്തുനില്‍പ്പ് നടത്തുന്നവരും ഒരുപോലെയാണോ? ഹമാസ് നേതാവ് സാമി അബൂ സുഹ്്രി പറഞ്ഞതാണ് ശരി- ഇരയെയും ആരാച്ചാരെയും ഒരേ ചരടില്‍ കെട്ടുന്ന പരിപാടി!

ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് നിലവില്‍ വരുന്നതോടെ ബ്രിട്ടന്‍ ഉള്‍പ്പെടെ 124 രാജ്യങ്ങളിലേക്ക് നെതന്യാഹുവിനും മറ്റും യാത്ര ചെയ്യാനാവില്ല. വാറന്റുള്ളതിനാല്‍ തങ്ങളുടെ മണ്ണില്‍ കാല്‍കുത്തിയാല്‍ ഈ രാജ്യങ്ങള്‍ക്ക് സയണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്യാം. ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് വലിയ തിരിച്ചടിയായിരിക്കും ഇത്. അതുകൊണ്ടാണ് യു.എസ് ഭരണകൂടവും സയണിസ്റ്റ് അനുകൂല രാഷ്ട്രീയ നേതൃത്വവും ഐ.സി.സിക്കെതിരെ കൊലവിളി നടത്തുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരന്മാരുടെ കൂട്ടമാണ് സയണിസ്റ്റ് പട്ടാളം. അധിനിവേശ ഫലസ്ത്വീനില്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് സമാനതകളില്ല. റുവാണ്ടയിലെ ഹുതു മിലീഷ്യകളും ബോസ്‌നിയയിലെ സെര്‍ബ് വംശീയ ഭീകരരും അതുപോലുള്ളവരും ചരിത്രത്തില്‍ കഴിഞ്ഞുപോയ അധ്യായങ്ങളാണെന്നെങ്കിലും പറയാം. എന്നാല്‍, പരിഷ്‌കൃത ലോകത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇന്നും നിലനില്‍ക്കുന്ന തെമ്മാടിക്കൂട്ടമാണ് സയണിസ്റ്റ് അധിനിവേശ സേന. ഫലസ്ത്വീനിലെ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്തവര്‍. സയണിസ്റ്റ് സേനയുടെ ഭീകരതയല്ല, ഖസ്സാം ബ്രിഗേഡ്‌സിന്റെ ചെറുത്തുനില്‍പ്പാണ് ഐ.സി.സിക്ക് പ്രശ്‌നം! ത്വൂഫാനുല്‍ അഖ്‌സ്വയുടെ തുടക്കത്തില്‍ ഇസ്രയേലിനൊപ്പമായിരുന്നു പ്രോസിക്യൂട്ടര്‍ കരീം ഖാന്‍. ശക്തമായ സമ്മർദമുണ്ടായപ്പോള്‍ മാത്രമാണ് 'തൂക്കമൊപ്പിക്കല്‍' നിലപാടിലേക്ക് അദ്ദേഹം മാറിയത്.

കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ രംഗത്തുവന്നു എന്നതാണ് യു.എന്‍ പൊതുസഭാ വോട്ടെടുപ്പിലും അന്താരാഷ്ട്ര നീതി ന്യായ കോടതിയിലെ (ഐ.സി.ജെ) വംശഹത്യാ കേസിലും നെതന്യാഹുവിനെതിരായ ഐ.സി.സി നടപടികളിലും ദൃശ്യമായത്. ഇസ്രയേല്‍ വിഷയത്തില്‍ യൂറോപ്പ് രണ്ടു തട്ടിലാണിപ്പോള്‍. യുദ്ധക്കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനെതിരെ ജനീവാ ഇന്റര്‍നാഷ്നല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.സി.സിക്ക് പരാതി നല്‍കിയതും ഇതോട് ചേര്‍ത്തു വായിക്കണം. ബൈഡനും ഋഷി സുനക്കും മക്രോണും ജസ്റ്റിന്‍ ട്രൂഡോയുമൊക്കെ വംശഹത്യക്ക് കൂട്ടുനിന്നതിന്റെ പേരില്‍ വിചാരണ നേരിടേണ്ടവരാണെന്ന സന്ദേശം ലോകത്തിന് നല്‍കിയിരിക്കുകയാണ് ഈ നടപടി.

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുകയും ഭീഷണികള്‍ അവഗണിച്ച് സയണിസ്റ്റ് രാജ്യത്തെ ലോക കോടതി കയറ്റുകയും ചെയ്ത ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യത്തില്‍ നേതൃപരമായ പങ്കുവഹിക്കുന്നതെന്ന് പറയാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സയണിസ്റ്റ് ഭീകരതക്കെതിരെ രംഗത്തുണ്ട്. സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം വിഛേദിക്കുന്നതായി മെയ് ഒന്നിന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഗാലന്റിന്റെ ഭാഷ ജൂതന്മാരെക്കുറിച്ച് നാസികള്‍ പറഞ്ഞതിനു സമാനമാണെന്ന് തുറന്നടിക്കുകയുണ്ടായി പെട്രോ. സയണിസ്റ്റ് രാജ്യവുമായുള്ള ബന്ധം ബൊളീവിയയും സസ്‌പെന്റ് ചെയ്തു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഗസ്സയിലെ വംശഹത്യയെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്തു നടത്തിയ പ്രസ്താവന പ്രസിദ്ധമാണ്. ലുലക്ക് കലവറയില്ലാത്ത പിന്തുണയാണ് കൊളംബിയയും ബൊളീവിയയും നല്‍കിയത്.

ലോകം ഒറ്റക്കെട്ടായി നിന്ന് അവസാനിപ്പിക്കുന്നതു വരെ ഇസ്രയേല്‍ അതിന്റെ കാടത്തം തുടരുമെന്ന് തുറന്നടിച്ചത് ഫലസ്ത്വീന്‍ കാര്യങ്ങള്‍ക്കുള്ള യു.എന്‍ ഉന്നത ഉദ്യോഗസ്ഥ ഫ്രാന്‍സിസ്‌ക ആല്‍ബനീസാണ്. റഫയിലെ വംശഹത്യ അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ ലോക രാജ്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പാണ് ഈ പ്രസ്താവന. ഇസ്രയേലി ഫാഷിസം വെല്ലുവിളിക്കുന്നത് ലോക ജനതയെയാണ്. l

ഗസ്സയില്‍ വംശഹത്യക്ക് ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണ നല്‍കിയ അമേരിക്ക, ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലില്‍നിന്ന് സയണിസ്റ്റ് രാജ്യത്തെ തടഞ്ഞതോടെ മധ്യപൗരസ്ത്യ മേഖല മറ്റൊരു യുദ്ധത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്. മിഡിലീസ്റ്റില്‍ പഴയതുപോലെ ഇറങ്ങിക്കളിക്കുന്നത് അപകടം ചെയ്യുമെന്ന് അമേരിക്കക്ക് ബോധ്യമുണ്ട്. യു.എസ് സഹായമില്ലാതെ ഇറാനെ തൊടുന്നത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന് ഇസ്രയേലിനുമറിയാം. ഗസ്സ വലിയ തലവേദനയായി മാറിയ സാഹചര്യത്തില്‍ മിഡിലീസ്റ്റില്‍ കൂടുതല്‍ യുദ്ധമുഖങ്ങള്‍ തുറക്കുന്നത് ബുദ്ധിപൂര്‍വകമായിരിക്കില്ല എന്ന തിരിച്ചറിവാണ് അമേരിക്കയുടെ നിലപാടിനു കാരണം.
ഏപ്രില്‍ ഒന്നിന് ദമസ്‌കസിലെ നയതന്ത്ര കാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ അവകാശം ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടര്‍ 51 പ്രകാരവും മറ്റു അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചും ഇറാനുണ്ടായിരുന്നു. തങ്ങളുടെ മണ്ണിൽ കയറി ഇറാന്‍ തിരിച്ചടിക്കില്ലെന്നും രാജ്യത്തിനു പുറത്തുള്ള കേന്ദ്രങ്ങളായിരിക്കും ഉന്നം വെക്കുകയെന്നുമായിരുന്നു സയണിസ്റ്റ് രാജ്യം കണക്കുകൂട്ടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 29 നയതന്ത്ര കാര്യാലയങ്ങള്‍ ഒഴിപ്പിച്ചതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ച് ഇറാന്റെ മിസൈലുകള്‍ ഇതാദ്യമായി സയണിസ്റ്റ് രാജ്യത്ത് പതിച്ചു.
1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ ഇറാഖ് 42 സ്കഡ് മിസൈലുകള്‍ അയച്ച ശേഷം ആദ്യമായാണ് ഒരു രാജ്യം ഇസ്രയേലിനെ ആക്രമിക്കുന്നത്. ഏപ്രില്‍ 13-ന് ഇറാന്‍ നടത്തിയത് പ്രതീകാത്മക ആക്രമണം മാത്രമായിരുന്നു. തിരിച്ചടിക്കാന്‍ കെല്‍പുണ്ടെന്ന് ഇസ്രയേലിനെയും അമേരിക്കയെയും ബോധ്യപ്പെടുത്തുക, തങ്ങളുടെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ഇസ്രയേലി നഗരങ്ങള്‍ വരെ ചെന്നെത്താന്‍ കഴിയുമെന്ന് ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളേ ടെഹ്‌റാന് ഉണ്ടായിരുന്നുള്ളൂ. ഉപരോധം കാരണം അത്യാധുനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പരിമിതികളുണ്ടെങ്കിലും കൈവശമുള്ളവയുടെ ശേഷി പരിശോധിക്കാന്‍ ഈ ഓപറേഷനിലൂടെ ഇറാന് കഴിഞ്ഞു. മേഖലയിലെ രാജ്യങ്ങളെ അറിയിച്ച ശേഷമായിരുന്നു ഇറാന്റെ ആക്രമണമെന്നതും ആളപായമുണ്ടായില്ല എന്നതും, വിനാശകരമായ യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവായിരുന്നു.

ഏപ്രില്‍ 19-ന് ഇസ്രയേല്‍ നടത്തിയ തിരിച്ചടി മുഖം രക്ഷിക്കല്‍ മാത്രമായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലേക്ക് അയച്ചുവെന്ന് പറയപ്പെടുന്ന ഇസ്രയേലി ഡ്രോണുകള്‍ ലക്ഷ്യം കണ്ടില്ല. ഇസ്ഫഹാനു മുകളില്‍ കണ്ട മൂന്ന് മിനി ഡ്രോണുകള്‍ വീഴ്ത്തിയെന്ന ഇറാന്റെ പ്രസ്താവനയോടെ അതവസാനിച്ചു. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-300 ഉപയോഗിച്ചാണ് ആക്രമണം ഇറാന്‍ നിര്‍വീര്യമാക്കിയത്. ഇതിലും അത്യാധുനികമായ എസ്-400 അധികം താമസിയാതെ ഇറാന് ലഭ്യമാകുമെന്നാണ് കരുതുന്നത്.

അതേസമയം, ഇറാന്റെ തിരിച്ചടിക്ക് ഫലസ്ത്വീനില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ മാനങ്ങളുണ്ട്. ഗസ്സയിലെ പോരാളികളെ പരോക്ഷമായി സഹായിക്കുന്ന ഇറാനെ പിന്തിരിപ്പിക്കാന്‍ സിറിയയിലും ലബനാനിലും സൈനികാക്രമണം നടത്തുന്ന ഇസ്രയേലിന് സ്ട്രാറ്റജികള്‍ മാറ്റേണ്ടി വരും. ഇത്രയും കാലം ദുര്‍ബലരായ അറബ് അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയ അധിനിവേശ ശക്തിക്ക് ഇറാന്റെ സൈനിക ശക്തി നേരില്‍ ബോധ്യപ്പെട്ടു. മിസൈലുകള്‍ നെഗേവിലെ രണ്ട് ഇസ്രയേല്‍ വ്യോമ താവളങ്ങളാണ് ലക്ഷ്യമിട്ടത്. യു.എസ് നിര്‍മിത എഫ്-35 സ്റ്റെല്‍ത് യുദ്ധവിമാനങ്ങള്‍ പാര്‍ക്ക് ചെയ്ത നെവാറ്റിം താവളവും എഫ്-16 സുഫ വിമാനങ്ങളുടെ കേന്ദ്രമായ റാമണ്‍ താവളവും ഇറാന്റെ മിസൈല്‍ പരിധിക്കകത്താണെന്നത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നതാണ്.

ഇറാന്റെ സ്വാധീനം

വടക്കു കിഴക്കന്‍ ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്കടുത്ത് അമേരിക്കയുടെ സൈനിക ഔട്ട്‌പോസ്റ്റിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാഖിലെയും സിറിയയിലെയും ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ ഫെബ്രുവരി രണ്ടിന് യു.എസ് നടത്തിയ തിരിച്ചടിയും വലിയ പ്രശ്‌നങ്ങളില്ലാതെയാണ് അവസാനിച്ചത്. ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നതിന് അമേരിക്കയുടെ പക്കല്‍ തെളിവില്ലെങ്കിലും ടെഹ്‌റാന്‍ പിന്തുണക്കുന്ന കതാഇബ് ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയതെന്ന് വാഷിംഗ്ടണ്‍ ആരോപിക്കുകയുണ്ടായി.

2020-ല്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക കമാണ്ടര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ഇരു രാജ്യങ്ങളും നേരിട്ടു പോര്‍മുഖം തുറന്നിട്ടില്ല. അതേസമയം, 2015-നുശേഷം സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യത്യസ്ത സൈനിക നടപടികളില്‍ 20 ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയുണ്ടായി. ഇവരില്‍ ഏഴു പേരെ സയണിസ്റ്റ് സേന വധിച്ചത് ഒക്ടോബര്‍ ഏഴിലെ ഗസ്സ സംഭവങ്ങള്‍ക്കു ശേഷമാണ്. ഇറാന്റെ സൈനിക ജനറല്‍മാര്‍, ആണവ ശാസ്ത്രജ്ഞന്മാര്‍ എന്നിവരെ വധിക്കുന്ന പദ്ധതി കുറച്ചു കാലമായി അമേരിക്കയുടെ പിന്തുണയോടെ മൊസാദ് നടപ്പാക്കി വരുന്നു. 2020 ജനുവരി 3-ന് മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദ് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത് അമേരിക്കയായിരുന്നു. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് പോകുമ്പോഴായിരുന്നു ഐ.ആര്‍.ജി.സിയുടെ അഞ്ച് ശാഖകളിലൊന്നായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാണ്ടര്‍ കൂടിയായ സുലൈമാനിയെ വധിക്കുന്നത്.

മേഖലയില്‍, വിശിഷ്യാ സിറിയയിലും ലബനാനിലും ഇസ്രയേലിന്റെ മുഷ്‌ക് തടയുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്ന ഉന്നത സൈനിക മേധാവിയായിരുന്നു ഖാസിം സുലൈമാനി. സിറിയയില്‍ ജനകീയ പ്രക്ഷോഭത്തില്‍ വീഴുമായിരുന്ന ബശ്ശാറുല്‍ അസദ് എന്ന യുദ്ധക്കുറ്റവാളിയെ സംരക്ഷിക്കുന്നതില്‍ റഷ്യയുടെ സൈനിക ഇടപെടലിനൊപ്പം സുലൈമാനിയുടെ പങ്കും വലുതായിരുന്നു. ഇദ്ദേഹത്തെ വധിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാഖിലെ യു.എസ് താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാര്യമായ നാശങ്ങളുണ്ടാക്കിയില്ല. അമേരിക്കയോട് നേരിട്ട് ഏറ്റുമുട്ടുന്നതിനു പകരം സിറിയ, ലബനാന്‍, യമന്‍ എന്നിവിടങ്ങളിലെ മിലീഷ്യാ ഗ്രൂപ്പുകളെ ഉപയോഗിച്ച് യു.എസ് ലക്ഷ്യങ്ങള്‍ ആക്രമിക്കുകയെന്ന പദ്ധതിയാണ് ഇറാന്‍ സ്വീകരിച്ചത്.

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ ഇറാന്റെ ഏഴ് ആണവ ശാസ്ത്രജ്ഞരാണ് വധിക്കപ്പെട്ടത്. തലസ്ഥാനമായ തെഹ്‌റാന്‍, ഷിറാസ് എന്നിവിടങ്ങളിലാണ് എല്ലാ കൊലകളും നടന്നത്. ഏറ്റവും ഒടുവിലത്തെ ഇരയാണ് ആണവ പദ്ധതിയുടെ ശില്‍പിയെന്ന് അറിയപ്പെടുന്ന മുഹ്‌സിന്‍ ഫഖ്‌രിസാദ.

നാല് അറബ് രാജ്യങ്ങളില്‍ ഇറാന് വ്യക്തമായ മേധാവിത്വമുള്ളത് അമേരിക്കയെയും ഇസ്രയേലിനെയും അസ്വസ്ഥമാക്കുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ ഇറാഖിലെ ഓസിറാക് ആണവ നിലയം ബോംബിട്ട് തകര്‍ത്ത ഇസ്രയേല്‍, സമാനമായ ആക്രമണം ഇറാനെതിരെ നടത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ഇറാനോട് നേരിട്ട് ഏറ്റുമുട്ടാന്‍ സയണിസ്റ്റ് ഭരണകൂടം ഒരുമ്പെടില്ല. മേഖലയില്‍ അമേരിക്കന്‍ സ്വാധീനം കുറഞ്ഞതും റഷ്യ-ചൈന-ഇറാന്‍ കൂട്ടുകെട്ടിന് മേല്‍ക്കൈ ലഭിച്ചതും ഒരു കാരണമാണ്. ചെങ്കടലിലും ഹുർമുസിലും ഇറാനും അവര്‍ പിന്തുണക്കുന്ന മിലീഷ്യകള്‍ക്കും മേധാവിത്വം ലഭിക്കുന്നത് മേഖലയിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കും.

ഗസ്സയിലെ യു.എസ് ഇരട്ടത്താപ്പ്

ഫലസ്ത്വീന്‍ വിഷയത്തില്‍ അമേരിക്ക തുടര്‍ന്നുവരുന്ന ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഗസ്സയിലെ ഇസ്രയേല്‍ വംശഹത്യയില്‍ പങ്കാളികളായ ബൈഡന്‍ ഭരണകൂടത്തിനെതിരെ പത്ത് അമേരിക്കന്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. വേട്ടനായ്ക്കള്‍ക്കൊപ്പം ഓടുകയും മുയലുകള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാപട്യം തുടരുകയാണ് ബൈഡന്‍. ഫലസ്ത്വീന് സമ്പൂര്‍ണ രാഷ്ട്ര പദവി നല്‍കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയും 2600 കോടി ഡോളര്‍ നല്‍കി ഇസ്രയേലിനെ വീണ്ടും ആയുധമണിയിച്ചും സയണിസ്റ്റ് ഭീകരതക്കുള്ള പിന്തുണ അവര്‍ തുടരുകയാണ്. ദ്വിരാഷ്ട്ര സിദ്ധാന്തമാണ് ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പരിഹാരമെന്ന് നിരന്തരം പറയുന്നവരുടെ തനിനിറമാണ് യു.എന്നില്‍ കണ്ടത്.
അതിനു പിന്നാലെ ബൈഡന്‍ പൊട്ടിച്ച തമാശയാണ് ഇസ്രയേലി അധിനിവേശ സേനയുടെ ഒന്നോ അതിലധികമോ ബറ്റാലിയനുകളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നത്. നെത്‌സ യഹൂദ എന്ന വലതുപക്ഷ തീവ്ര ജൂതന്മാരുടെ ബറ്റാലിയനെതിരെ ആയിരിക്കും ഉപരോധമെന്നും വാര്‍ത്ത പ്രചരിച്ചു.
മുപ്പത്താറായിരം മനുഷ്യരെ വംശഹത്യ നടത്തിയിട്ടും കുലുങ്ങാതിരുന്ന 'ജനസൈഡ്' ബൈഡന്‍ ലോകത്തെ വിഡ്ഢികളാക്കാന്‍ നടത്തുന്ന നാടകമാണ് ഉപരോധം. ഐ.ഡി.എഫ് എന്ന ഭീകര സേനയാണ് ഗസ്സയിലെ നരമേധങ്ങള്‍ക്ക് കാരണക്കാരെന്ന് ലോകത്തിനറിയാം. അതിന്റെ ഭാഗമായ ഒരു ബറ്റാലിയന് മാത്രം ഉപരോധമേർപ്പെടുത്തുമെന്നതിൽപരം തമാശ എന്തുണ്ട്! ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക അന്വേഷിക്കുമെന്ന വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയാണ് മറ്റൊരു തമാശ.

ഇസ്മാഈൽ ഹനിയ്യയും ഉർദുഗാനും

ഭക്ഷ്യവസ്തുക്കള്‍ പോലും കടത്തിവിടാതെ റഫയില്‍ ഇസ്രയേല്‍ കടുത്ത ഉപരോധം തീര്‍ത്തതോടെ അന്താരാഷ്ട്ര തലത്തില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധം തണുപ്പിക്കാനായിരുന്നു വെടിനിര്‍ത്തലിനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാതിരുന്നത്. രക്ഷാസമിതി പ്രമേയം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട രാജ്യം വിസമ്മതിച്ചാല്‍ സൈനിക നടപടിക്ക് വരെ വകുപ്പുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന അമേരിക്ക, പ്രമേയം പാസ്സായപ്പോള്‍ പറഞ്ഞത് ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ വകുപ്പില്ലെന്നായിരുന്നു! ഇല്ലാത്ത രാസായുധങ്ങളുടെ പേരില്‍ ഇറാഖിലും മറ്റു പല രാജ്യങ്ങളിലും സൈനികമായി അമേരിക്ക ഇടപെട്ടത് ഇത്തരം പ്രമേയങ്ങളുടെ പേരു പറഞ്ഞായിരുന്നു.
മൂന്ന് അപകടകരമായ പ്രകോപനങ്ങളാണ് നെതന്യാഹു നടത്തിയത്. യു.എന്‍ പ്രമേയം പാസ്സായതിനു പിന്നാലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ ടീമിലെ വളണ്ടിയര്‍മാരെ ബോംബിട്ട് കൊന്നു. പിന്നാലെ ദമസ്‌കസിലെ ഇറാന്‍ എംബസി സമുച്ചയത്തിന് ബോംബിട്ടു. ഹമാസ് പരമോന്നത നേതാവ് ഹനിയ്യയുടെ മൂന്നു മക്കളെയും പൗത്രന്മാരെയും വധിച്ചതാണ് മറ്റൊന്ന്. നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണം രക്ഷാസമിതി അപലപിക്കേണ്ട നിഷ്ഠുര കൃത്യമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇസ്രയേലോ മറ്റേതെങ്കിലും പടിഞ്ഞാറന്‍ രാജ്യമോ ആണ് മറുഭാഗത്തെങ്കില്‍ അമേരിക്കയും കൂട്ടരും യുദ്ധം തുടങ്ങിയിട്ടുണ്ടാവും.

പാളിയ തന്ത്രങ്ങള്‍

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസിനെ നിര്‍വീര്യമാക്കുകയുമായിരുന്നു ആറു മാസം പിന്നിട്ട ഗസ്സ ഓപ്പറേഷനിലൂടെ സയണിസ്റ്റ് ഭരണകൂടം ലക്ഷ്യമിട്ടത്. രണ്ടും സാധ്യമായില്ല. വംശഹത്യയും ഗസ്സയുടെ സർവനാശവുമാണ് നടന്നത്. എക്കാലവും ഓര്‍ക്കപ്പെടാവുന്ന വിധത്തില്‍ ഇസ്രയേലിന്റെ ഭീകര ചെയ്തികള്‍ 'മിഡിലീസ്റ്റിലെ ഹോളോകോസ്റ്റാ'യാണ് ലോകം വിലയിരുത്തുന്നത്.

ഹമാസിന് കുറേ പോരാളികളെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഉന്നത നേതാക്കള്‍ ഒരു പോറലുമേല്‍ക്കാതെ ഗസ്സയിലെ തുരങ്കങ്ങളിലുണ്ടെന്നും ഇസ്രയേലിന് ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ടണലുകളിലൂടെ ഹമാസ് അതിജീവനം ഉറപ്പാക്കുമെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് (ഏപ്രില്‍ 22) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുപ്പത്തിനാലു വര്‍ഷം സി.ഐ.എയില്‍ പ്രവര്‍ത്തിച്ച ഡഗ്ലസ് ലണ്ടന്റെ നിരീക്ഷണമാണ് ശ്രദ്ധേയം. 'ഹമാസിന്റെയും മറ്റു പോരാളി സംഘടനകളുടെയും നേതൃത്വത്തില്‍ ഫലസ്ത്വീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ് കായികപരം മാത്രമല്ല, അതൊരു ആശയം കൂടിയാണ്. ഹമാസിന് ഇസ്രയേല്‍ എത്ര ആഘാതമേൽപിച്ചാലും പൂർവസ്ഥിതി കൈവരിക്കാന്‍ സംഘടനക്ക് സാധിക്കും. അധിനിവേശ വിരുദ്ധ പോരാട്ടത്തിനായി നിരവധി പേര്‍ തയാറായി നില്‍ക്കുന്നു. മാത്രമല്ല, അവര്‍ക്കുള്ള ഫണ്ടിംഗും തടയാനാവില്ല'- അദ്ദേഹം വ്യക്തമാക്കുന്നു.
ഹമാസ് നേതാക്കള്‍ ഒന്നടങ്കം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിന്റെയും നിരീക്ഷണത്തിലാണ്. നേതാക്കളെ കിട്ടിയില്ലെങ്കില്‍ അവരുടെ മക്കളെയോ കുടുംബാംഗങ്ങളെയോ വധിക്കുകയെന്ന കാടത്തമാണ് അവര്‍ ചെയ്തുകൂട്ടുന്നത്. ഈദ് ദിനത്തില്‍ കുടുംബ സന്ദര്‍ശനം നടത്തുകയായിരുന്ന ഹമാസ് പരമോന്നത നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് ആണ്‍മക്കളെയും നാല് പൗത്രന്മാരെയും വധിച്ച നടപടി ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇതിനകം ഹനിയ്യയുടെ അറുപതോളം കുടുംബാംഗങ്ങളെ ഇസ്രയേല്‍ വധിച്ചിട്ടുണ്ട്. ഇസ്രയേലി പൗരത്വമുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെമേല്‍ ഭീകരവാദക്കുറ്റം ചുമത്തി ജയിലിലടച്ചു. ഹനിയ്യക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചുവെന്നതാണ് കുറ്റം. ഇരുപത് വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസ്സ യുദ്ധം നീട്ടിക്കൊണ്ടു പോകേണ്ടത് നെതന്യാഹുവിന്റെ നിലനില്‍പിന് ആവശ്യമാണ്. യുദ്ധം അവസാനിക്കുന്നതോടെ നെതന്യാഹുവിനെതിരായ നാലു അഴിമതിക്കേസുകള്‍ പുനരാരംഭിക്കും. ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ഓപറേഷന്‍ തടയുന്നതില്‍ പരാജയപ്പെടുകയും, സ്വന്തം താല്‍പര്യത്തിനായി ഭീകരമായ യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയും ചെയ്തതിന് അതിശക്തമായ ജനകീയ പ്രക്ഷോഭവും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരും. ചുരുക്കത്തില്‍, ജയിലറയാണ് നെതന്യാഹുവിനെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന്റെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൈനിക രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ അഹറോണ്‍ ഹാലിവ രാജിവെച്ചതോടെ നെതന്യാഹുവിന്റെ മേല്‍ സമ്മർദമേറിയിരിക്കുന്നു.

ഇറാഖിലെ ഓസിറാക് ആണവ കേന്ദ്രം 1981-ലെ
ഇസ്രയേൽ ആക്രമണത്തിനു ശേഷം

ഹമാസിനെ 75 ശതമാനവും നശിപ്പിച്ചുവെന്ന് നെതന്യാഹു വീമ്പു പറയുമ്പോഴും ബന്ദികളില്‍ പകുതി പേരും ഇപ്പോഴും പോരാളികളുടെ കസ്റ്റഡിയില്‍ കഴിയേണ്ടി വരുന്നതിലെ പരിഹാസ്യതയാണ് മറനീക്കുന്നത്. സൈനിക നടപടികളിലൂടെ ഒരു ബന്ദിയെയും മോചിപ്പിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഖത്തര്‍ നേതൃത്വം നല്‍കിയ മാധ്യസ്ഥതയിലൂടെയാണ് പകുതിയോളം ബന്ദികള്‍ പുറത്തുവന്നത്. ഇസ്രയേലി ജയിലറകളില്‍ കഴിയുന്ന ഫലസ്ത്വീനികളെ മോചിപ്പിക്കാന്‍ ഈ ഡീലിലൂടെ ഹമാസിന് സാധിക്കുകയും ചെയ്തു.

അതേസമയം, മാധ്യസ്ഥ സ്ഥാനത്തുനിന്ന് പിന്മാറുന്ന കാര്യം ആലോചനയിലുണ്ടെന്ന ഖത്തറിന്റെ പ്രഖ്യാപനം അമേരിക്കന്‍-ഇസ്രയേല്‍ സഖ്യത്തിന് തിരിച്ചടിയാകും. ഹമാസിനെ സമ്മർദത്തിലാക്കി ഇസ്രയേലിന് അനുകൂലമായ നിലപാട് എടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഖത്തറുമായുള്ള ബന്ധങ്ങള്‍ യു.എസ് പുനഃപരിശോധിക്കേണ്ടി വരുമെന്ന കോണ്‍ഗ്രസംഗം സ്റ്റെനി ഹോയറുടെ ഭീഷണിയാണ് ഖത്തറിനെ ചൊടിപ്പിച്ചത്. മാധ്യസ്ഥന്റെ ജോലി മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇരു വിഭാഗവും യോജിപ്പിലെത്തിയാല്‍ മാത്രമേ കരാര്‍ രൂപപ്പെടുകയുള്ളൂവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും ദോഹ വ്യക്തമാക്കുകയുണ്ടായി.

ഹമാസുമായി ചര്‍ച്ച ചെയ്യാന്‍ ഖത്തറിനെക്കാള്‍ മികച്ച മാധ്യസ്ഥനെ കിട്ടില്ലെന്ന് അമേരിക്കക്ക് അറിയാം. എന്നാല്‍, തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കണമെന്ന അവരുടെ അതിമോഹമാണ് പ്രശ്‌നം. ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഈജിപ്തിനെയും കുറ്റപ്പെടുത്തിയ ഇസ്രയേല്‍ നടപടിയോടെ കൈറോയും അത്ര സുഖത്തിലല്ല. പിന്നെയുള്ളത് തുര്‍ക്കിയയാണ്. അങ്കാറയെ മാധ്യസ്ഥനാക്കാന്‍ സയണിസ്റ്റ്-അമേരിക്കന്‍ ലോബിക്ക് താല്‍പര്യമില്ലെങ്കിലും ഹമാസും തുര്‍ക്കിയയും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാകുന്ന കാഴ്ചയാണ് കാണുന്നത്.

ഹമാസിന്റെ ഉറച്ച നിലപാട്

ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹാകന്‍ ഫിദാന്‍, ദോഹയില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമായി മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തിയതും ദിവസങ്ങള്‍ക്കു ശേഷം ഹനിയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം തുര്‍ക്കിയ സന്ദര്‍ശിച്ചതും പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതിന്റെ സൂചനയാണ്. 1918- '20-കളില്‍ തുര്‍ക്കിയയുടെ വിമോചന സമരത്തില്‍ സജീവ പങ്കുവഹിച്ച ദേശീയ സേനയോട് (കുവായെ മില്ലിയ) ഹമാസിനെ ഉപമിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ഉര്‍ദുഗാന്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഹമാസിനെ കൈവിട്ടുവെന്ന് ആരും കരുതേണ്ടതില്ലെന്നും യുക്തമായ സമയത്ത് തുര്‍ക്കിയ ഇടപെടുന്നുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കുകയുണ്ടായി.

ഗസ്സ: ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം - ആകാശ ദൃശ്യം

ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബന്ദികളെ കൈമാറുന്ന പ്രശ്‌നമില്ലെന്ന് ഹമാസ് വ്യക്തമാക്കിയത് ഇസ്രയേലിനെയും അമേരിക്കയെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ സഹകരണത്തെ പുകഴ്ത്തിയും ഹമാസ് നിലപാടിനെ വിമര്‍ശിച്ചും യു.എസ് വിദേശകാര്യ സെക്രട്ടറി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. ഖാന്‍ യൂനുസ് ഉള്‍പ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്മാറിയ ഇസ്രയേല്‍, റഫയില്‍ നിന്ന് തലയൂരാനുള്ള വഴി തേടുകയാണ്. ബന്ദികളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്നതായിരിക്കും റഫക്കു നേരെയുള്ള മറ്റൊരു സൈനിക നടപടി എന്നതാണ് കാരണം. ശത്രുവിനെതിരായ പോരാട്ടം തുടരുമെന്നും നഷ്ടപ്പെട്ട ഗസ്സയിലെ ഓരോ പ്രദേശവും വീണ്ടെടുക്കുമെന്നുമാണ് ഹമാസിന്റെ പ്രഖ്യാപനം.
വലിയ പ്രതിസന്ധിയിലാണ് നെതന്യാഹു. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സയില്‍ പുനരധിനിവേശം നടത്തുമെന്ന വീമ്പു പറച്ചില്‍ എവിടെയും എത്തിയില്ല. ഗസ്സയുടെ ഭരണം ഹമാസ് വിരുദ്ധരെ ഏല്‍പ്പിക്കാനുള്ള അമേരിക്കയുടെയും കൂട്ടരുടെയും നീക്കവും പൂവണിയുന്നില്ല. സദ്ദാമിനെ പുറത്താക്കിയ ശേഷം ഇറാഖില്‍ പ്രതിഷ്ഠിച്ച പാവ ഭരണകൂടത്തിനെതിരെ നടന്ന രൂക്ഷമായ പ്രക്ഷോഭം അമേരിക്കയുടെ മുന്നിലുണ്ട്. ഗസ്സയുടെ എണ്‍പതു ശതമാനത്തിലേറെയും നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ നാല് യുദ്ധങ്ങള്‍ക്ക് ശേഷവും കോടിക്കണക്കിന് ഡോളറുകള്‍ ചെലവിട്ടാണ് ഗസ്സയുടെ പുനര്‍നിര്‍മാണം നടന്നത്. ഇനിയുമത് ആവര്‍ത്തിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. സ്വതന്ത്ര ഫലസ്ത്വീന്‍ യാഥാർഥ്യമായാലേ ഇസ്രയേല്‍ ഭീഷണിയില്‍നിന്ന് ഗസ്സ മുക്തമാകൂ. അതുവരെ പുനര്‍നിര്‍മാണം ഫലം ചെയ്യില്ല. ഇസ്രയേലിനെയും അമേരിക്കയെയും അവഗണിച്ച് സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരിക മാത്രമാണ് ഏക വഴി. l

''അയാള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു, എല്ലാവരും കൈയടിക്കുന്നുണ്ട്. അവര്‍ക്കറിയാം അയാള്‍ നുണ പറയുകയാണെന്ന്. അയാള്‍ക്കും അതറിയാം. എന്നിട്ടും അയാള്‍ നുണകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും കൈയടിക്കുന്നത് അയാളെ ഏറെ സന്തോഷിപ്പിക്കുന്നു…''

കമ്യൂണിസ്റ്റ് സ്വേഛാധിപതി ജോസഫ് സ്റ്റാലിനെക്കുറിച്ച് റഷ്യന്‍ വനിത നിന പോബ്ലസോവ എഴുതിയ വരികള്‍ ഉദ്ധരിച്ച്, ഇന്ത്യയും ഇതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ പറക്കാല പ്രഭാകറാണ്. നരേന്ദ്ര മോദി ലക്ഷണമൊത്ത ഏകാധിപതിയാണെന്നും അദ്ദേഹം അധികാരത്തില്‍ തുടരുന്നത് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒരു ദുരന്തമായിരിക്കുമെന്നും പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിർമലാ സീതാ രാമൻ,
പറക്കാല പ്രഭാകർ

പറക്കാല പ്രഭാകര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ്. നരേന്ദ്ര മോദിയുടെ ഭരണം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന, രാജ്യം രക്ഷപ്പെടണമെങ്കില്‍ സംഘ് പരിവാറിനെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്ന് അനുഭവങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ രാജ്യവാസികളെ ഓര്‍മിപ്പിക്കുന്നയാള്‍. മോദിയുടെ ഏറ്റവുമടുത്ത അനുയായികളില്‍ ഒരാളും കേന്ദ്ര ധനമന്ത്രിയുമായ നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല പ്രഭാകറുടെ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ബുദ്ധിജീവി, സാമ്പത്തിക വിദഗ്ധന്‍, ഡാറ്റ അനലിസ്റ്റ്, സ്വതന്ത്ര ചിന്തകന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായിരുന്നു പഠനം. 2014 മുതല്‍ 2018 വരെ ക്യാബിനറ്റ് പദവിയില്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ വാര്‍ത്താ വിനിമയ ഉപദേശകനായി പ്രവര്‍ത്തിച്ചു. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന കോളമിസ്റ്റുകളിലൊരാളാണ്. ഇന്ത്യയുടെ രാഷ്ട്രീയം, സാമ്പത്തിക രംഗം, സാമൂഹികാവസ്ഥകള്‍ എന്നിവയെക്കുറിച്ച് നിരീക്ഷണം പങ്കുവെക്കുന്ന മിഡ് വീക്ക് മാറ്റേഴ്‌സ് എന്ന പ്രഭാകറിന്റെ യൂ ട്യൂബ് ചാനലും ജനകീയമാണ്.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിക്കുകയും ആ പാര്‍ട്ടിയുടെ ഭാഗമാവുകയും ചെയ്തയാള്‍ ബി.ജെ.പിയുടെ സഹയാത്രികനായി ഇടയ്ക്കാലത്ത് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വിശദീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന നരസിംഹ റാവുവിന്റെ അടുത്ത അനുയായി ആയിരുന്നു പ്രഭാകര്‍. റാവുവുമായി ഹൈക്കമാന്റ് ഇടഞ്ഞതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിടേണ്ടി വന്നു. മറ്റേതെങ്കിലും പ്രാദേശിക പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് ബി.ജെ.പിയായിരുന്നു രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടി. വാജ്‌പേയിക്ക് കീഴില്‍ നെഹ്‌റുവിയന്‍ സോഷ്യലിസമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന പ്രചാരണത്തില്‍ വീണു. ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് പ്രഭാകര്‍ സമ്മതിക്കുന്നു. പാര്‍ട്ടി വക്താവായി ആന്ധ്രയില്‍ കുറഞ്ഞ കാലം പ്രവര്‍ത്തിച്ചു. ബി.ജെ.പിയുടെ തനിനിറം മനസ്സിലായപ്പോള്‍ തന്നെ ആ പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നിരുന്നു. അതിനുശേഷം തെലുങ്കു സിനിമാ നടന്‍ ചിരഞ്ജീവിയുമായി ചേര്‍ന്ന് രൂപം കൊടുത്ത പ്രജാരാജ്യം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതും ഉപേക്ഷിച്ചു. പ്രജാ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. കുറച്ചു കാലം തെലുഗുദേശം പാര്‍ട്ടിയിലും അംഗമായിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല.

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ നീണ്ടുനില്‍ക്കുന്ന ഇലക് ഷന്‍ പ്രക്രിയ ഇന്ത്യയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ് എന്നതില്‍ ഭിന്നാഭിപ്രായമില്ല. മൂന്നാം വട്ടവും നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതോടെ ഇന്ത്യ ഇല്ലാതാകുമെന്ന മുന്നറിയിപ്പാണ് സംഘ് പരിവാര്‍ അനുകൂലികളല്ലാത്ത മുഴുവനാളുകളും നല്‍കുന്നത്. എന്നാല്‍, ഇത്തവണ ഇന്ത്യക്കാര്‍ മാറിച്ചിന്തിക്കുമെന്ന ശുഭാപ്തിയുമായി രംഗത്തുള്ളത് ഡോ. പറക്കാല പ്രഭാകറാണ്. നിരവധി വാര്‍ത്താ മാധ്യമങ്ങളുമായുള്ള സംഭാഷണങ്ങളില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ദി വയറില്‍ കരണ്‍ ഥാപ്പറുമായും സൗത്ത് ഫസ്റ്റുമായും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ശര്‍മ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളില്‍ പ്രഭാകര്‍ ഊന്നിപ്പറഞ്ഞത്, ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 230-ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്നാണ്. സ്വന്തം നിലയില്‍ 370 സീറ്റുകളും എന്‍.ഡി.എ മുന്നണിക്ക് 400 സീറ്റുകളും ലഭിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപനം നടത്തുമ്പോഴാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഭാകറുടെ പ്രവചനം. വടക്കേ ഇന്ത്യയില്‍ ബി.ജെ.പിക്ക് 50 മുതല്‍ 60 വരെ സീറ്റുകളും തെക്കേ ഇന്ത്യയില്‍ പത്തു മുതല്‍ 12 വരെ സീറ്റുകളും നഷ്ടപ്പെടും. ഇലക്ടറല്‍ ബോണ്ട് സ്‌കീം മോദിയുടെ നേതൃത്വത്തില്‍ നടന്ന വമ്പന്‍ അഴിമതിയാണെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലല്ല, ഭരണ കക്ഷിയും ജനങ്ങളും തമ്മിലായിരിക്കും ഇത്തവണ മല്‍സരം. ബി.ജെ.പി 230 സീറ്റുകളില്‍ തളയ്ക്കപ്പെട്ടാല്‍ മോദിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും പ്രഭാകര്‍ നിരീക്ഷിക്കുന്നു.

മോദി ഭരണത്തില്‍ സാമ്പത്തിക മേഖല 20 മുതല്‍ 25 വര്‍ഷം പിറകോട്ട് പോയി. ഭരണ സംവിധാനം സ്വാതന്ത്ര്യത്തിനു മുമ്പുള്ള അവസ്ഥയിലായി. സാമൂഹിക മേഖലയില്‍ നമ്മുടെ മതേതര മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും കടപുഴകിയെറിഞ്ഞ് രാജ്യത്തെ 1800-കളിലേക്കാണ് കൊണ്ടുപോയതെന്ന് അദ്ദേഹം തുറന്നടിക്കുന്നു.

പറക്കാല പ്രഭാകര്‍ ശ്രദ്ധേയനായത് The Crooked Timber Of New India: Essays on a Republic in Crisis എന്ന 2023-ല്‍ പുറത്തിറങ്ങിയ പുസ്തകത്തോടെയാണ്. ഗോദി മീഡിയയും ബി.ജെ.പിയുടെ ഡിജിറ്റല്‍ ആര്‍മിയും മോദിയുടെയും ഭരണകൂടത്തിന്റെയും അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ സത്യം അതല്ലെന്ന് രാജ്യത്തോട് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചയാളാണ് പ്രഭാകര്‍. 2020-നും 2023-നുമിടയില്‍ എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരാണ് ഈ പുസ്തകം.

പുസ്തകം വായിച്ച സുഹൃത്ത് പ്രഭാകറോട് പറഞ്ഞത് രണ്ട് സാധ്യതകളാണ്: ഒന്നുകില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഗവണ്‍മെന്റ് ഗൗരവമായി എടുക്കും. അല്ലെങ്കില്‍ ജയിലിലടക്കും! ജയില്‍ പ്രഭാകറിന് പുത്തരിയല്ല. ജെ.എന്‍.യു പഠനകാലത്ത് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന് തിഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ആര്‍.എസ്.എസുകാര്‍ ബ്രിട്ടീഷുകാരെ പിന്തുണച്ച കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തിന്റെ പിതാവ് അറസ്റ്റിലായിട്ടുണ്ട്.

കാപട്യം നിറഞ്ഞ രാഷ്ട്രീയ നേതാവാണ് മോദിയെന്ന് പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരമേറ്റ ശേഷമുള്ള പ്രഥമ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മോദി പറഞ്ഞത് 'താന്‍ പ്രധാനമന്ത്രിയല്ല, പ്രധാന സേവകന്‍' ആണെന്നായിരുന്നു. 'പ്രധാന സേവകനി' ല്‍നിന്ന് ഒമ്പതു വര്‍ഷത്തിനകം 'വിശ്വഗുരു'വിലേക്കുള്ള സ്ഥാനക്കയറ്റത്തിനു പിന്നിലെ കബളിപ്പിക്കലിനെക്കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കണം. വികസനം, അഴിമതിക്കെതിരായ പോരാട്ടം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കള്ളപ്പണം തിരികെ കൊണ്ടുവരല്‍ തുടങ്ങിയവയായിരുന്നു 2014-ല്‍ മോദിയുടെ മുദ്രാവാക്യം. പോരാട്ടം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലല്ലെന്നാണ് നൂറു കണക്കിന് പ്രചാരണ യോഗങ്ങളില്‍ മോദി പ്രസംഗിച്ചത്. എന്നാല്‍, യാഥാര്‍ഥ്യം മറിച്ചായിരുന്നു. 2016-ല്‍ ടീം ഇന്ത്യയെപ്പറ്റിയാണ് മോദി സംസാരിച്ചുകൊണ്ടിരുന്നത്. മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ എടുത്തുപറയുകയും താന്‍ പ്രധാന സേവകനായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ടീം ഇന്ത്യയെന്നാല്‍ മോദിയാണെന്ന് ബോധ്യപ്പെടാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. ഇത് ബി.ജെ.പിയുടെ തന്ത്രമാണ്. ജനങ്ങളെ കൈയിലെടുക്കുന്ന പ്രഖ്യാപനങ്ങളുമായി വരികയും അവരുടെ അംഗീകാരം കിട്ടിയെന്നു കണ്ടാല്‍ തങ്ങളുടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ ഇകഴ്ത്തിക്കാട്ടാനാണ് മോദി പിന്നീടങ്ങോട്ട് ശ്രമിച്ചത്. കിട്ടാവുന്ന വേദികളിലൊക്കെ അത് തുടര്‍ന്നു. നെഹ്‌റു ചെയ്തതൊക്കെ ഇന്ത്യാ വിരുദ്ധമാണെന്ന രീതിയില്‍ പ്രചാരണം നടത്തി. 2014-നു ശേഷമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അനുയായികളെക്കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയോളം അതെത്തി.

ഹിന്ദുത്വ ശക്തികള്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു വിഭജന വേളയിലും ശേഷവും ഉണ്ടായിരുന്നത്. വര്‍ഗീയത കത്തിനില്‍ക്കുന്ന സാഹചര്യവും ഗോള്‍വാള്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ബല്‍രാജ് മധോക്ക് തുടങ്ങിയ നേതാക്കളും ഉണ്ടായിട്ടും അക്കാലത്ത് ഹിന്ദുത്വക്ക് വേരുപിടിക്കാന്‍ കഴിയാതെ പോയതിനു കാരണം നെഹ്‌റുവിനെയും അംബേദ്കറിനെയും പോലെയുള്ള നേതാക്കളുടെ സാന്നിധ്യമായിരുന്നു. അത്തരം നേതാക്കളുടെ അഭാവവും മതേതര പാര്‍ട്ടികളുടെ നിലപാടില്ലായ്മയുമാണ് എണ്‍പതുകള്‍ക്ക് ശേഷം ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചക്ക് ഇടയാക്കിയതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മതേതര പാര്‍ട്ടികള്‍ പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍നിന്ന് പിന്മാറി. കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളും ഒഴികെയുള്ള പാര്‍ട്ടികൾക്കൊക്കെ ഏതെങ്കിലും നിലയില്‍ ബി.ജെ.പിയുമായി ബാന്ധവം ഉണ്ടായിട്ടുണ്ടെന്ന് പ്രഭാകർ ചൂണ്ടിക്കാട്ടുന്നു.
തങ്ങളും മതേതര പാര്‍ട്ടിയാണെന്ന് പറഞ്ഞാണ് ബി.ജെ.പി രംഗത്തുവന്നിരുന്നത്. ഞങ്ങളും സെക്യുലര്‍ എന്നല്ല, ഞങ്ങളാണ് യഥാര്‍ഥ സെക്യുലരിസ്റ്റുകളെന്നും മറ്റുള്ളവർ വ്യാജ മതേതരന്മാർ (pseudo secularist) ആണെന്നും പറയാൻ അവർ മടിച്ചില്ല. ഇന്ന് ഹിന്ദുത്വ ദേശീയതയെക്കുറിച്ച് മാത്രമേ ബി.ജെ.പി സംസാരിക്കുന്നുള്ളൂ. ഇന്ത്യ സെക്യുലര്‍ രാജ്യമല്ലെന്നും 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാ ഗാന്ധി മതേതരത്വവും സോഷ്യലിസവും കൂട്ടിച്ചേര്‍ത്തതാണെന്നും അതു മാറ്റി പഴയ ഇന്ത്യയിലേക്ക് തിരിച്ചുപോകുമെന്നുമാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2024-ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടം അധികാരം കിട്ടിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും സംഘ് പരിവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'എല്ലാവര്‍ക്കും തുല്യ നീതി, ആരോടും പ്രീണനമില്ല' എന്നു പ്രഖ്യാപിച്ചവര്‍ ഹിന്ദുത്വ അജണ്ട പച്ചയായി നടപ്പാക്കുന്നു.

ഞാനും ഹിന്ദുവാണ്, പക്ഷേ അവരെപ്പോലെയല്ല എന്നാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പറയുന്നത്. സംഘ് പരിവാര്‍ പതിറ്റാണ്ടുകളായി നടത്തിവന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ മാറ്റം. 1989-ല്‍ രാജീവ് ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കാമ്പയിന്‍ അയോധ്യയില്‍നിന്ന് ആരംഭിക്കേണ്ടി വന്നത് ഇക്കാരണം കൊണ്ടാണ്. ഹരിദ്വാറിലോ മറ്റെവിടെയെങ്കിലുമോ നടക്കുന്ന ധര്‍മ സൻസദ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണമോ വംശഹത്യാ ഭീഷണിയോ പ്രഖ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എന്നാല്‍, പ്രധാനമന്ത്രിയോ മന്ത്രിമാരോ അതിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. ആള്‍ക്കൂട്ടക്കൊലകള്‍, മണിപ്പൂര്‍ കലാപം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയ ഗൗരവ വിഷയങ്ങളില്‍ ഇത് രാജ്യം കണ്ടതാണ്. എല്ലാ തിന്മകളെയും നോര്‍മലൈസ് ചെയ്തിരിക്കുകയാണ് മോദി ഭരണകൂടം. വര്‍ഗീയ കലാപങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതു കടം തുടങ്ങിയവയെല്ലാം നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.
മൂന്ന് സിലിണ്ടറുകളും അഞ്ചു കിലോ ഗോതമ്പ്, അല്ലെങ്കില്‍ അരിയും നല്‍കി പാവപ്പെട്ടവനെ സന്തോഷിപ്പിക്കും. മൂന്ന് സിലിണ്ടറുകള്‍ പാവപ്പെട്ടവന് നല്‍കുമ്പോള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളിലൊരാള്‍ക്ക് മൂന്ന് എയര്‍പോര്‍ട്ടുകളും മറ്റെയാള്‍ക്ക് അഞ്ച് പോര്‍ട്ടുകളും നല്‍കുന്നതാണ് ഈ പദ്ധതിയെന്നത് പൗരന്മാര്‍ തിരിച്ചറിയുന്നില്ല. ജനസംഖ്യയില്‍ 84 ശതമാനത്തിനും വാങ്ങല്‍ ശേഷിക്ക് തുല്യമായ വരുമാനമില്ല. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണമാണ് മോദി ഭരണത്തില്‍ 125-ല്‍നിന്ന് 145-ലേക്ക് വളര്‍ന്നത്. ഇന്ത്യാ മഹാരാജ്യം 145 കോടീശ്വരന്മാരുടെ നാടായി വളര്‍ന്നതില്‍ അഭിമാനം തോന്നുന്നില്ലേ എന്നാണ് ഭരണകൂടം ചോദിക്കുന്നത്. എണ്‍പത്തിനാലു ശതമാനത്തിന്റെ വരുമാനം പിന്നെയും ഊറ്റിക്കുടിച്ചാണ് പുതിയ കോടീശ്വരന്മാര്‍ പിറവിയെടുത്തത് എന്നതില്‍ ഗവണ്‍മെന്റിന് ഒരു പ്രശ്‌നവുമില്ല. സമ്പദ്ഘടനയുടെ അവസ്ഥ സാധാരണക്കാരനുമായി പങ്കുവെക്കേണ്ടതില്ലെന്ന നിലപാടാണവര്‍ക്ക്. 'ഞാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും മന്ദിര്‍ നിര്‍മിച്ചും അവരെ പാഠം പഠിപ്പിച്ചു, ഇനിയും പഠിപ്പിക്കും' എന്ന മനോനില വെച്ചുപുലര്‍ത്തുന്ന ഭരണാധികാരികളെക്കുറിച്ച് എന്തു പറയാന്‍!

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നമ്മുടെ കടം 100 ലക്ഷം കോടി രൂപയാണ്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ 23 ശതമാനമായി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ലബനാനും സുഡാനുമൊപ്പമാണ് നമ്മുടെ സ്ഥാനം. 2021-ല്‍ മാത്രം ഏഴരക്കോടി ജനങ്ങള്‍ ഇന്ത്യയില്‍ ദാരിദ്ര്യ രേഖക്ക് കീഴിലേക്ക് ചേർക്കപ്പെട്ടു. അതിന് കോവിഡിനെയാണ് പഴിചാരുന്നത്. ഇതിലും മാരകമായ കോവിഡ് ആക്രമണമുണ്ടായ രാജ്യമാണ് ചൈന. അവിടെ ലോക്ഡൗണും കര്‍ശനമായിരുന്നു. എന്നിട്ടും ഒരു കോടിയോളം ജനങ്ങള്‍ മാത്രമാണ് ദാരിദ്ര്യ രേഖക്ക് താഴെ എത്തിയത്. മോദി അധികാരത്തിലേറിയ 2014-നു ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നമുക്കൊരു ജനാധിപത്യവും പാര്‍ലമെന്റുമില്ലേ, പ്രസിഡന്റും സംസ്ഥാന സര്‍ക്കാറുകളും ഇല്ലേ എന്നാണ് ചോദ്യം. പട്ടാള അട്ടിമറി കാരണമാണ് ജനാധിപത്യം തകരുകയെന്ന ക്ലീഷെകളെ മാറ്റിപ്പിടിക്കാന്‍ സമയമായി. അതിന്റെ വ്യക്തമായ സൂചനയാണ് മോദിയുടെ ഇന്ത്യ നല്‍കുന്നത്. നമ്മുടെ ജനാധിപത്യം മരണവക്കിലാണ്. സെക്യുലറിസം അവസാനിക്കുന്നു. പാര്‍ലമെന്റ് ഉണ്ടായിട്ടെന്ത്? പത്തു മിനിറ്റുകൊണ്ട് കര്‍ഷക നിയമങ്ങള്‍ പാസ്സാക്കിയെടുക്കുന്നതാണോ ജനാധിപത്യം? പഞ്ചാബ് ഇലക് ഷനു മുമ്പ് അവ പിന്‍വലിക്കുകയും ചെയ്തു. എന്തിനാണ് തിരക്കിട്ട് നിയമം പാസ്സാക്കിയതെന്നോ, എന്തുകൊണ്ടാണ് പിന്‍വലിച്ചതെന്നോ വിശദീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ല.

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നതല്ല ഇന്ത്യന്‍ പാര്‍ലമെന്റ്. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ ഒരു പ്രതിനിധി പോലും പാര്‍ലമെന്റില്‍ ഭരണകക്ഷിക്കില്ല. ജനസംഖ്യയില്‍ 20 ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍ പ്രദേശില്‍ ഒരൊറ്റ മുസ്‌ലിമിനെയും മല്‍സരിപ്പിച്ചില്ല. തെരഞ്ഞെടുപ്പിനെ എണ്‍പതു ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. വര്‍ഗീയത ഇത്രയും പരസ്യമായി പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ ഒരു നടപടിയും എടുത്തില്ല.
ലോകത്തിനു മുന്നില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും കൈയടി നേടാനുമാണ് കഴിഞ്ഞ പത്തു വര്‍ഷം മോദി ശ്രമിച്ചത്. ആസൂത്രണ കമീഷന്‍ അടച്ചുപൂട്ടിയാണ് നീതി ആയോഗ് (National Institution for Transforming India) എന്ന പുതിയ സംവിധാനം കൊണ്ടുവന്നത്. നീതി ആയോഗ് എടുത്തുകൊണ്ടിരിക്കുന്ന പണിയെന്തെന്ന് ആര്‍ക്കും അറിയില്ല. സ്‌കില്‍ ഇന്ത്യ, മെയ്ക്ക് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, സ്മാര്‍ട്ട് സിറ്റീസ്, ബേട്ടീ പഠാവോ-ബേട്ടീ ബച്ചാവോ തുടങ്ങിയ നിരവധി പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും അവയുടെയൊക്കെ സ്ഥിതി പരമ ദയനീയവും ആളുകളുടെ കണ്ണില്‍ പൊടിയിടലുമായിരുന്നു.

2015-ല്‍ പ്രഖ്യാപിച്ച ബേട്ടീ പഠാവോ-ബേട്ടീ ബച്ചാവോ പദ്ധതി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 2016-നും 2019-നുമിടയില്‍ ഈ പദ്ധതിക്ക് അനുവദിച്ച ഫണ്ടില്‍ 79 ശതമാനവും ചെലവഴിച്ചത് മോദിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയാണ്. 'സബ്കാ വികാസ്' മോദി ഇപ്പോള്‍ പറയാറില്ല. മുസ്‌ലിംകളെ ഒഴിവാക്കി പൗരത്വ നിയമം നടപ്പാക്കിയതോടെ അതു പറയാനുള്ള അവകാശം അദ്ദേഹത്തിന് ഇല്ലാതായി. ചര്‍ച്ചുകള്‍ സന്ദര്‍ശിച്ച് ക്രിസ്ത്യാനികളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ നടക്കുമ്പോഴും മണിപ്പൂരില്‍ ആ സമുദായം വംശഹത്യ നേരിടുന്നത് കണ്ടില്ലെന്ന് നടിക്കുന്നു.

കൊറോണയെ നേരിടാന്‍ നൂറു കോടി വാക്‌സിനുകൾ നല്‍കുമെന്നതും പൊള്ളയായ പ്രഖ്യാപനമായിരുന്നു. 25 ശതമാനം പേര്‍ക്കു പോലും നല്‍കാനായില്ലെന്ന സത്യം അദ്ദേഹം മറച്ചുപിടിച്ചു. കോവിഡിന്റെ പേരില്‍ അമേരിക്ക ഒരു ട്രില്യന്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ വീടുകളുടെ ബാല്‍ക്കണിയില്‍നിന്ന് പാത്രങ്ങള്‍ കൊട്ടാനും മെഴുകുതിരികള്‍ തെളിക്കാനുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ലോക്ഡൗണുകള്‍ പ്രഖ്യാപിച്ച് കോടിക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തുക മാത്രമല്ല അദ്ദേഹം ചെയ്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം പോലുമുണ്ടാക്കിയില്ല. കാല്‍നടയായുള്ള യാത്രക്കിടയില്‍ നൂറു കണക്കിനാളുകള്‍ വഴിയില്‍ മരിച്ചുവീണു. ഗംഗാ നദിയില്‍ മനുഷ്യ ശവങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും വാ തുറന്നില്ല പ്രധാനമന്ത്രി. നോട്ട് നിരോധമെന്ന വിഡ്ഢിത്ത പ്രഖ്യാപനം നടത്തി കോടിക്കണക്കിന് ജനങ്ങളെ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ യാചകരെപ്പോലെ നിര്‍ത്തി പീഡിപ്പിച്ചതിന്റെ പേരില്‍ ഖേദപ്രകടനം നടത്താന്‍ പോലും മോദി തയാറായില്ല.

അര്‍ധ സാക്ഷരരാണ് ബി.ജെ.പിയെ ഇപ്പോള്‍ നയിക്കുന്നതെന്ന് പ്രഭാകര്‍ പരിഹസിക്കുന്നു. നേതാക്കള്‍ സാധാരണക്കാരെ വഴിതെറ്റിക്കുന്നു. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം വെറും 38 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നതും ഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണെന്നതും ആശ്വാസകരമാണെന്ന് അദ്ദേഹം പറയുന്നു.

ഒരു രാഷ്ട്രീയ നേതാവ് വിചാരിച്ചാല്‍ ജനാധിപത്യം ഇല്ലാതാക്കാനാവില്ല എന്നതുപോലെ അതിനെ രക്ഷിക്കാനുമാവില്ലെന്ന് സ്റ്റീവന്‍ ലെവിറ്റ്‌സ്‌കിയും ഡാനിയല്‍ സില്‍ബ്ലാറ്റും ചേര്‍ന്നു രചിച്ച 'ജനാധിപത്യം എങ്ങനെ മരിക്കുന്നു: നമ്മുടെ ഭാവിയെക്കുറിച്ച് ചരിത്രം വെളിപ്പെടുത്തുന്നത്' (How Democracies Die: What History Reveals About Our Future) എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍, മോദിയും സംഘ് പരിവാരവും ജനാധിപത്യം ഏറക്കുറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതിനെ വീണ്ടെടുക്കാനുള്ള ഭാരിച്ച ദൗത്യം ഇനി വോട്ടര്‍മാരിലാണ്. l

പറക്കാല പ്രഭാകറിന്റെ പത്തു നിരീക്ഷണങ്ങള്‍

ഇന്ത്യാ ടുഡേയുടെയും ആജ് തകിന്റെയും മുന്‍ എഡിറ്ററും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുമായ ദീപക് ശര്‍മയുമായി നടത്തിയ അഭിമുഖത്തില്‍ പറക്കാല പ്രഭാകറിന്റെ പത്തു നിരീക്ഷണങ്ങള്‍:

  1. ബി.ജെ.പിയുടെ 400 സീറ്റ് പ്രഖ്യാപനം തന്ത്രം മാത്രമാണ്. ബി.ജെ.പി തോല്‍ക്കുകയോ ജയിക്കുകയോ എന്നതിലുപരി പാര്‍ട്ടിക്ക് എത്ര വോട്ടുകള്‍ ലഭിക്കുമെന്ന് ജനം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണിത്. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നതോടെ മോദിയും പാര്‍ട്ടിയും അങ്കലാപ്പിലാണ്.
  2. പാര്‍ട്ടിക്ക് 220- 230 സീറ്റുകള്‍ കിട്ടുക പോലും ദുഷ്‌കരമാണ്. അധികാരത്തിലുള്ളവര്‍ക്ക് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞുകൊള്ളണമെന്നില്ല. തെലുങ്കാന നല്ല ഉദാഹരണമാണ്. അവിടെ പാര്‍ട്ടി 10 മുതല്‍ 17 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെങ്കിലും രണ്ട് സീറ്റുകള്‍ പോലും കിട്ടുമെന്ന് ഒരുറപ്പുമില്ല.
  3. തൊഴിലില്ലായ്മ, പണപ്പെരുപ്പം, മണിപ്പൂര്‍ വംശഹത്യ, ലഡാക്ക് തുടങ്ങിയവ അവഗണിച്ചു തള്ളാനാവില്ല. സംഘര്‍ഷ ഭൂമിയാണെന്നും ജീവന് ഭീഷണിയാണെന്നും അറിഞ്ഞിട്ടും ഇന്ത്യന്‍ യുവത ജോലി തേടി യുക്രെയ്്ൻ, റഷ്യ, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നു. തൊഴിലില്ലായ്മ രാജ്യത്തെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
  4. നരേന്ദ്ര മോദി എല്ലാം തികഞ്ഞ ഏകാധിപതിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത 145 അംഗങ്ങൾ പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് സമാനമായ സംഭവം ലോകത്ത് ഏതെങ്കിലും ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായിട്ടുണ്ടോ? ഒരു വര്‍ഷത്തോളമായി രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കാതിരിക്കുന്നതിന് സമാനമായ ഏതെങ്കിലും സംഭവം ലോകത്തുണ്ടായിട്ടുണ്ടോ? മണിപ്പൂരിനെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നതും മണിപ്പൂരികളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നതും എന്ത് ജനാധിപത്യമാണ്?
  5. കര്‍ഷകരോട് പത്തു മിനിറ്റ് പോലും സംസാരിക്കാതെ അവരെ ബാധിക്കുന്ന മൂന്ന് നിയമങ്ങള്‍ പാസ്സാക്കിയെടുത്തു. കര്‍ഷകര്‍ ഇപ്പോഴും സമരത്തിലാണ്. ഒരു ജനാധിപത്യ രാജ്യത്തും ഇത്തരം സംഗതികള്‍ നടക്കില്ല.
  6. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇന്ത്യയുടെ ഭൂപടവും ഭരണഘടനയും പൂര്‍ണമായും തിരുത്തിയെഴുതപ്പെടും. ആള്‍ക്കൂട്ടകൊലകള്‍ ആവര്‍ത്തിക്കപ്പെടും. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ പാകിസ്താനിലേക്ക് അയക്കുമെന്ന ഭീഷണി ചെങ്കോട്ടയിലായിരിക്കും മുഴങ്ങുക. മണിപ്പൂരിലും ലഡാക്കിലും സംഭവിക്കുന്നത് രാജ്യം മുഴുവന്‍ ആവര്‍ത്തിക്കും.
  7. മോദിയുടെ പാര്‍ട്ടിക്ക് 230 സീറ്റുകള്‍ മാത്രമേ കിട്ടുന്നുവെങ്കില്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാനാവില്ല. കാരണം, ഒരു പാര്‍ട്ടിയും അതിനു സന്നദ്ധമാവില്ല.
  8. അദാനിയുടെ വളര്‍ച്ചയും മോദി സര്‍ക്കാറിന്റെ പോക്കും ഒരേ നിലയിലാണ്.
  9. ഈ പൊതു തെരഞ്ഞെടുപ്പില്‍ മോദി വിജയിക്കുകയാണെങ്കില്‍ സംഘ് പരിവാറിന്റെ എല്ലാ അജണ്ടകളും പുറത്തെടുക്കും. ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു പാര്‍ട്ടി, ഒരു രാജ്യം ഒരു നേതാവ് എന്ന നിലയിലേക്ക് ഇന്ത്യ മാറും.
  10. ഹം ദോ ഹമാരെ ദോ (മോദിയും അമിത് ഷായും, അദാനിയും അംബാനിയും) സംഘമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. പൗരന്മാര്‍ക്ക് രണ്ട് സിലിണ്ടറും അഞ്ച് കിലോ ധാന്യവും സുഹൃത്തുക്കള്‍ക്ക് ആറ് എയര്‍പോര്‍ട്ടുകളും നാല് സീ പോര്‍ട്ടുകളും എന്നതാണ് മോദിയുടെ ഇന്ത്യ. l

പത്തു വര്‍ഷമായി മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ തയാറാവാത്ത ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയെക്കൊണ്ട് മിണ്ടിച്ചത് പാകിസ്താന്‍ വംശജയായ മാധ്യമ പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ വാള്‍ സ്ട്രീറ്റ് ജര്‍ണലിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദീഖിയുടെ കുറിക്കുകൊള്ളുന്ന ചോദ്യം നരേന്ദ്ര മോദിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കാതെ രാജ്യത്തിന്റെ 'ജനാധിപത്യ പൈതൃക'ത്തെപ്പറ്റി ലക്ചറടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോദി കൂടുതല്‍ പരിഹാസ്യനാവുകയായിരുന്നു.

സബ്രീന സിദ്ദീഖി (ഇടത്ത്),
നരേന്ദ്ര മോദി (വലത്ത്)

മോദിയോട് ചോദ്യമുന്നയിച്ചതിന്റെ പേരില്‍ സംഘ് പരിവാറുകാരാല്‍ വേട്ടയാടപ്പെട്ട സബ്രീന സിദ്ദീഖിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് തന്നെ രംഗത്തുവന്നു. ഒരു പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകയെ വേട്ടയാടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയത്.

മോദിയെ ചോദ്യം ചോദിച്ചു കുഴക്കിയത് മുസ്‌ലിം മാധ്യമ പ്രവര്‍ത്തകയാണെന്ന് അറിഞ്ഞതോടെ സംഘ് പരിവാര്‍ ഇളകി. അടിയാധാരം പരിശോധിച്ചപ്പോള്‍ അവര്‍ പാകിസ്താന്‍ വംശജയാണെന്ന് കണ്ടെത്തി. സബ്രീന അമേരിക്കയിലും അവരുടെ പിതാവ് ഇന്ത്യയിലുമാണ് ജനിച്ചത് എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രാഷ്ട്രീയകാര്യം എന്തിന് ചോദിക്കണം എന്ന വിഡ്ഢിത്തവും ചില സംഘ് പ്രൊഫൈലുകളും അവരുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉന്നയിച്ചു.

പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് കരന്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ വിയര്‍ത്തുകുളിച്ച് ഇറങ്ങിപ്പോയ പാരമ്പര്യവുമുള്ളതുകൊണ്ടാവണം മാധ്യമങ്ങളെ കണ്ടാല്‍ മോദിക്ക് പേടിയാണ്. 'മോദിജി മാങ്ങ കഴിക്കാറുണ്ടോ…?' എന്ന അക്ഷയ് കുമാര്‍ സ്‌റ്റൈല്‍ ചോദ്യങ്ങളോ സ്‌റ്റേജ്ഡ് ഇന്റര്‍വ്യൂകളോ അല്ല വൈറ്റ് ഹൗസില്‍ നേരിടേണ്ടത് എന്ന തിരിച്ചറിവെങ്കിലും ഇതിലൂടെ മോദിക്ക് ഉണ്ടായെങ്കില്‍ സബ്രീനക്കാണ് നന്ദി പറയേണ്ടത്!

കെജ്രിവാൾ

രാജ്യം നീറുന്ന പ്രശ്‌നങ്ങളില്‍ അകപ്പെട്ടപ്പോള്‍ പാര്‍ലമെന്റില്‍ പോലും പ്രസ്താവന നടത്താന്‍ തയാറാവാത്ത പ്രധാനമന്ത്രിയാണ് മോദി. 719 ജീവനുകള്‍ അപഹരിച്ച, 358 ദിവസം നീണ്ടുനിന്ന കര്‍ഷക സമരത്തെച്ചൊല്ലി ഉത്കണ്ഠപ്പെടാന്‍ അദ്ദേഹം തയാറായില്ല. മണിപ്പൂര്‍ മാസങ്ങളായി കത്തുമ്പോഴും അവിടെ സന്ദര്‍ശിക്കുന്നതു പോയിട്ട് ഒരക്ഷരം മിണ്ടിയിട്ടില്ല പ്രധാനമന്ത്രി. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ അന്യായമായി പണിതുയര്‍ത്തിയ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളില്‍ കാര്‍മികനായി പങ്കെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ഔല്‍സുക്യം.

ജനാധിപത്യമെന്ന പ്രഹസനം

ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി വര്‍ഷാവര്‍ഷം പുറത്തുവരുന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ വാള്‍ സ്ട്രീറ്റ് ജര്‍ണല്‍ റിപ്പോര്‍ട്ടര്‍ക്ക് മറുപടി പറഞ്ഞാല്‍ വഷളാകുമെന്ന് മോദിക്കറിയാമായിരുന്നു. എന്നാല്‍, ജനാധിപത്യത്തെക്കുറിച്ച മോദിയുടെ വാചകമടി അതിലേറെ പരിഹാസ്യമായി. തീവ്ര ഹിന്ദുത്വ വേരുകളുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയില്‍ ജനാധിപത്യം പിച്ചിച്ചീന്തപ്പെടുകയാണെന്ന് വിലയിരുത്തിയത് വിവിധ അന്താരാഷ്ട്ര ഏജന്‍സികളാണ്. അതിലേറ്റവും ഒടുവിലത്തേതാണ് മാര്‍ച്ചില്‍ സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട്. 2018-ഓടെ ഇന്ത്യ 'ഇലക്ടറല്‍ ഓട്ടോക്രസി' (തെരഞ്ഞെടുപ്പ് സ്വേഛാധിപത്യം) യിലേക്ക് വീണുകഴിഞ്ഞുവെന്നും ആ അവസ്ഥ തുടരുകയാണെന്നും വിശേഷിപ്പിച്ച റിപ്പോര്‍ട്ട്, പത്ത് ഏകാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ എണ്ണുന്നത്.

'പട്ടാള അട്ടിമറികളും രാഷ്ട്രീയ കെടുകാര്യസ്ഥതയും അരക്ഷിതമായ ജീവിത സാഹചര്യങ്ങളുമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ആവകാശപ്പെടുന്ന ഇന്ത്യയുടെ സ്ഥാനം. ഐവറി കോസ്റ്റിനെക്കാള്‍ മോശവും നൈജറിനെക്കാള്‍ മികച്ചതും എന്ന അവസ്ഥയില്‍ ഇരു ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇടയിലാണ് മോദിയുടെ പത്തു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്' - റിപ്പോര്‍ട്ട് പറയുന്നു. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ റജിസ്റ്റര്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ നടപടികളിലൂടെ ഇന്ത്യ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയെന്ന് 2020-ല്‍ വി-ഡെം ചൂണ്ടിക്കാട്ടിയിരുന്നു.

2020-ലെ ജനാധിപത്യ സൂചികയില്‍ ഇക്കോണമിസ്റ്റ്് ഇന്റലിജന്‍സ് യൂനിറ്റ് ഇന്ത്യക്ക് നല്‍കിയത് 53-ാം സ്ഥാനമാണ്. 2015 മുതല്‍ ഇന്ത്യയിലെ ജനാധിപത്യം തകര്‍ച്ച നേരിടുകയാണെന്നും, ഹിന്ദു മതത്തിന് അമിത സ്വാധീനം നല്‍കുന്നതും മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതും മതങ്ങള്‍ക്കിടയില്‍ കലഹങ്ങള്‍ വളര്‍ത്തുന്നതുമായ നീക്കങ്ങള്‍ക്കാണ് മോദി സര്‍ക്കാറിന്റെ നയങ്ങള്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം' എന്ന പദവിയില്‍നിന്ന് 'ഭാഗിക സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം' എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയത് 2020-ലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മോദിയുടെ കീഴില്‍ ഏകാധിപത്യത്തിലേക്ക് വഴിമാറിത്തുടങ്ങിയെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഫ്രീഡം ഹൗസ് 2021 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ വലതുപക്ഷ ഹിന്ദുത്വ സര്‍ക്കാര്‍ 2014-ല്‍ അധികാരത്തിലേറിയതു മുതല്‍ മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ഭീഷണികള്‍, ജുഡീഷ്യറിയുടെ മേലുള്ള ഇടപെടലുകള്‍ തുടങ്ങിയവ വ്യാപകമായെന്ന് ഫ്രീഡം ഹൗസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 'മോദിയുടെ വരവോടെ, ലോക ജനാധിപത്യ നായക പദവിയില്‍നിന്ന് ഹിന്ദുത്വ ദേശീയതയുടെ കുടുസ്സിലേക്ക് ഇന്ത്യ എടുത്തെറിയപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുക, മുഴുവനാളുകള്‍ക്കും തുല്യാവകാശം തുടങ്ങിയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ് ഇതിലൂടെ തകര്‍ക്കപ്പെട്ടത്' - റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

'2019-ലെ കോവിഡ് കാലത്ത് മോദി പ്രഖ്യാപിച്ച ലോക്ഡൗണില്‍ പതിനായിരക്കണക്കിനാളുകളാണ് ദുരിതമനുഭവിച്ചത്. ജോലി സ്ഥലങ്ങളില്‍നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഒരു സഹായവും നല്‍കിയില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ കാല്‍നടയായി അവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നു. ചിലര്‍ വീടുകളിലണയുന്നതിനു മുമ്പ് മരണം പുല്‍കി. ഇതിനു പുറമെ, കോവിഡ് മറയാക്കി മുസ്‌ലിം സമുദായത്തിനെതിരെ ഹിന്ദുത്വവാദികള്‍ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്…' ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യദ്രോഹം, ഭീകരത തുടങ്ങിയവക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് ജനവിരുദ്ധ നിയമങ്ങളിലൂടെ വിമര്‍ശകരുടെ നാവടപ്പിക്കുന്ന ചെയ്തികളാണ് ഭരണകൂടം നടത്തുന്നതെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സ്വേഛാധിപത്യ ഭരണമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങേര്‍പ്പെടുത്തിയതും തെരഞ്ഞെടുപ്പുകള്‍ അനുകൂലമാക്കാന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകളും ജനാധിപത്യത്തിന് വലിയ വെല്ലുവിളിയായെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അമേരിക്കയും ജര്‍മനിയും രംഗത്തുവരികയുണ്ടായി. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും കേസില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ജര്‍മന്‍ വിദേശകാര്യ വക്താവിന്റെ പരാമര്‍ശം.
അതേസമയം, ജനാധിപത്യ സൂചികയില്‍ അന്താരാഷ്ട്ര തലത്തിലേറ്റ തിരിച്ചടിയില്‍നിന്ന് കരകയറാന്‍ വഴികള്‍ തേടുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ദി ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ (ഒ.ആര്‍.എഫ്) എന്ന തിങ്ക്ടാങ്കിനെ ഉപയോഗിച്ച് ഇന്ത്യയുടേതായ ജനാധിപത്യ സൂചിക ഉണ്ടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. നേരത്തെ ഗവണ്‍മെന്റിന്റെ വിവിധ പരിപാടികളില്‍ ഭാഗഭാക്കായിട്ടുള്ള ഒ.ആര്‍.എഫ്, 'പടിഞ്ഞാറന്‍ റാങ്കിംഗി'ന് ബദലായി മോദി സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പുതിയ സൂചിക തയാറാക്കുമത്രെ. ആഗോള ജനാധിപത്യ സൂചികകളില്‍ വളരെ വലിയ ഇടിവുണ്ടായപ്പോഴും മോദിയുടെ പ്രതിഛായാ സംരക്ഷണത്തിലായിരുന്നു ഭരണകൂടത്തിന്റെ ശ്രദ്ധയെന്ന് എഴുതിയത് ലണ്ടനിലെ ദ ഗാര്‍ഡിയന്‍ ദിനപത്രമാണ്.

മാധ്യമ സ്വാതന്ത്ര്യം

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (ആര്‍.എസ്.എഫ്), ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 2022-ല്‍ ഇന്ത്യയുടെ റാങ്ക് 150 ആയിരുന്നത് 2023-ല്‍ 161 ആയി താഴ്ന്നു. 2017 മുതല്‍ ഓരോ വര്‍ഷവും പിന്നോട്ടാണ് പോക്ക്. 2016-ല്‍ 133, 2017-ല്‍ 136, 2018-ല്‍ 138, 2019-ല്‍ 140, 2020-ല്‍ 142, 2021-ല്‍ 142 എന്നിങ്ങനെയാണ് റാങ്കിംഗ്. 180 രാജ്യങ്ങളുടെ കൂട്ടത്തിലാണിതെന്ന് ഓര്‍ക്കണം. മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിതി ഗുരുതരമെന്ന് ആര്‍.എസ്.എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യയുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷാ സൂചികയിലാണ് ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് - 172-ാം സ്ഥാനം.

മോദി സര്‍ക്കാറിന്റെ മാധ്യമ വേട്ട അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ പ്രതിഛായ മോശമാക്കി അവതരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് ടൈംസ് , ദ ഗാര്‍ഡിയന്‍, അല്‍ ജസീറ, വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം, ദി ഇക്കണോമിസ്റ്റ്, ബി.ബി.സി, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ക്ക് 2020-ല്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 2019-ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പിറങ്ങിയ ടൈം വാരികയുടെ മുഖലേഖനത്തില്‍ മോദിയെ 'ഇന്ത്യയുടെ വിഭജന കമാണ്ടറാ'യാണ് പരിചയപ്പെടുത്തിയത്. 2002-ലെ ഗുജറാത്ത് മുസ്‌ലിം വേട്ടയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബി.ബി.സിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തത് 2023 ഫെബ്രുവരിയിലാണ്.

തുടരുന്ന മത വിവേചനം

ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഹിന്ദുത്വ വംശീയതയിലും മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങളിലും യു.എ.പി.എ പോലുള്ള മനുഷ്യത്വ വിരുദ്ധ നിയമങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം യൂറോപ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. മതത്തിന്റെ പേരില്‍ വിവേചനം കാട്ടുന്ന സി.എ.എ നിയമം, മണിപ്പൂരിലെ കലാപത്തെ ആളിക്കത്തിക്കുന്ന ഭരണകക്ഷി നേതാക്കളുടെ നിരുത്തരവാദ പ്രസ്താവനകള്‍, ജമ്മു-കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവ എടുത്തുപറയുന്ന പ്രമേയം ഇക്കാര്യത്തില്‍ ഇടപെടണമെന്ന് യൂറോപ്യന്‍ കൗണ്‍സിലിനോടും യൂറോപ്യന്‍ കമീഷനോടും ആവശ്യപ്പെടുകയുണ്ടായി. സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെപ്പോലും രാജ്യദ്രോഹ വകുപ്പിൽ പെടുത്തി ശിക്ഷിക്കുന്നതിനെയും പ്രമേയം കുറ്റപ്പെടുത്തുന്നു.

ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 1827 സര്‍ക്കാരിതര സംഘടനകളുടെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നത് തടയുകയും ചെയ്ത നടപടിയെയും പ്രമേയം വിമര്‍ശിക്കുകയുണ്ടായി. മോദി സര്‍ക്കാറിനെതിരായ കുറ്റപത്രമാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയമെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ ക്ലോഡിയ ഫ്രാങ്കാവില്ല അഭിപ്രായപ്പെട്ടത്.
2023 മെയ് 15-ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ പീഡനം നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുണ്ട്. പ്രത്യേക മത വിഭാഗങ്ങളെ ലക്ഷ്യമിട്ട് കൂട്ടക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് വംശഹത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ദി ഏര്‍ളി വാണിംഗ് പ്രോജക്ട് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 162 രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ കടുത്ത വിവേചനം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് സ്വതന്ത്ര സംഘടനയായ അമേരിക്കയിലെ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം കമീഷന്‍ (USCIRF) തുടര്‍ച്ചയായി നാലാം വര്‍ഷവും കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ഡിസംബറില്‍ കമീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്യുകയുണ്ടായി. മത പരിവര്‍ത്തനം, ഹിജാബ്, പശു തുടങ്ങിയവയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്നും മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ദലിത് വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ലോകത്തിനും വിശ്വാസമില്ല

മോദി അനുകൂലികളും സംഘ് പരിവാറിനെ പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങളും ഇന്ത്യയുടെ വര്‍ത്തമാനകാല അവസ്ഥകളെക്കുറിച്ച് വമ്പന്‍ നുണകള്‍ വിളമ്പുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ റെക്കോര്‍ഡ് ഒട്ടും മെച്ചമല്ല. യു.എന്നിന്റെ സന്തുഷ്ട രാജ്യ പട്ടികയില്‍ (വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്) 143 രാജ്യങ്ങളില്‍ 126-ാമതാണ് ഇന്ത്യ.

അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ (2023 ആഗസ്റ്റ്) പങ്കെടുത്തവരില്‍ 34 ശതമാനത്തിനും ഇന്ത്യയോട് അനുകൂല നിലപാടല്ല. അമേരിക്കയില്‍ 44 ശതമാനവും ബ്രിട്ടനില്‍ 30 ശതമാനവും നെതര്‍ലാന്റ്‌സില്‍ 48 ശതമാനവും സ്‌പെയിനില്‍ 49 ശതമാനവും ആസ്‌ത്രേലിയയില്‍ 45 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 51 ശതമാനവും ഇന്ത്യയെക്കുറിച്ച് ആശ്വാസകരമായ നിലപാടല്ല പങ്കുവെച്ചത്. രസകരമെന്നു പറയട്ടെ, തീവ്ര ഹിന്ദുത്വ വംശീയതയെ പിന്തുണക്കുന്ന സയണിസ്റ്റുകളാണ് ഇന്ത്യയിലെ വലതുപക്ഷ ഭരണത്തെ ഏറ്റവും പ്രകീര്‍ത്തിച്ചത്. ഇസ്രയേലിലെ 71 ശതമാനവും ഹിന്ദുത്വ ഭരണകൂടത്തോട് അങ്ങേയറ്റത്തെ മമത പ്രകടിപ്പിച്ചു. അമേരിക്കയും യു.എ.ഇയും ഉള്‍പ്പെടുന്ന ഐറ്റുയുറ്റു (I2U2) കൂട്ടായ്മയില്‍ പങ്കാളിയാണ് ഇന്ത്യയും ഇസ്രയേലും എന്നതും ശ്രദ്ധേയമാണ്.
വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യതക്ക് കാര്യമായ മങ്ങലേറ്റുവെന്നതാണ് പ്യൂ സര്‍വേയില്‍ വെളിപ്പെട്ട മറ്റൊരു കാര്യം. സര്‍വേയില്‍ പങ്കെടുത്ത മെക്‌സിക്കോയിലെ 60 ശതമാനം പേരും ബ്രസീലിലെ 54 ശതമാനവും, ലോക വിഷയങ്ങളില്‍ മോദിയുടേത് വെറും വാചാടോപമാണ് എന്ന നിലപാടുള്ളവരാണ്. ദക്ഷിണ കൊറിയയും (44) ആസ്‌ത്രേലിയയും (42) അര്‍ജന്റീനയും (41 ശതമാനം) ഇതേ നിലപാടുകള്‍ പങ്കുവെക്കുന്നു. അമേരിക്കയില്‍ 21 ശതമാനം മോദിയെ അനുകൂലിക്കുമ്പോള്‍ 37 ശതമാനം അദ്ദേഹത്തില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു. ബാക്കി 42 ശതമാനത്തിന് പ്രത്യേകിച്ച് അഭിപ്രായമില്ല.

ഹിന്ദുത്വ വംശീയതക്കെതിരെ

ഇന്ത്യയില്‍ മാത്രമല്ല, സംഘ് പരിവാര്‍ സംഘടനകള്‍ വേരുപിടിപ്പിച്ച അമേരിക്കയിലും ഹിന്ദുത്വ വംശീയ ഭ്രാന്തിനെതിരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ തീവ്ര വലതുപക്ഷ വിഭാഗവുമായുള്ള ഹിന്ദുത്വ സംഘടനകളുടെ സഖ്യം ഗൗരവത്തോടെ കാണണമെന്ന് നൂറിലേറെ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ മാര്‍ച്ചില്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുകയുണ്ടായി.
ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്, ദലിത് സോളിഡാരിറ്റി ഫോറം, അംബേദ്കര്‍ കിംഗ് സ്റ്റഡി സര്‍ക്കിള്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദുത്വ വിരുദ്ധ ഗ്രൂപ്പായ സവേരയുടെ നേതൃത്വത്തിലാണ് പ്രഖ്യാപനം. മൂവ്‌മെന്റ് ഫോര്‍ ബ്ലാക്ക് ലൈവ്‌സ്, മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍, ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് തുടങ്ങിയ സംഘടനകളും ഇവരോടൊപ്പമുണ്ട്.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസുകളില്‍ കുടുക്കി ദീര്‍ഘകാലം തടവിലിടുന്ന മോദി ഭരണകൂടത്തിനെതിരെ അമേരിക്കയിലെ പതിനാറ് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും രംഗത്തുവന്നത് ഈയിടെയായിരുന്നു. നൊബെയ്ല്‍ പുരസ്‌കാര ജേതാവ് ഡോ. അമര്‍ത്യ സെന്‍, ചിക്കാഗോ സർവകലാശാലാ പ്രഫസറും രാഷ്ട്രീയ ചിന്തകനുമായ മാര്‍ത നുസബോം, എഴുത്തുകാരന്‍ അമിതാവ് ഘോഷ്, കൊളംബിയ സർവകലാശാലയിലെ ദക്ഷിണേഷ്യന്‍ സ്റ്റഡീസ് മേധാവി ഷെല്‍ഡന്‍ പോള്ളോക്ക്, ന്യൂയോര്‍ക്ക് സർവകലാശാലയിലെ പൊളിറ്റിക്്‌സ് ആന്റ് സോഷ്യോളജി പ്രഫസര്‍ സ്റ്റീവന്‍ ലൂക്കസ് തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

ചുരുക്കത്തില്‍, ഇനിയുമൊരു മോദിഭരണം ഇന്ത്യയുടെ നെഞ്ചു പിളര്‍ത്തും. അത് രാജ്യത്തെ ജനതയെ മാത്രമല്ല ബാധിക്കുക, ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതു കൂടിയായിരിക്കും. l