കെ.ടി അബ്ദുര്‍റഹീം സാഹിബ് വരുമ്പോള്‍ വിംബര്‍ലി ഗഞ്ചില്‍ പുരോഗമനാശയക്കാരുടെ പള്ളിയും മദ്‌റസയുമൊക്കെയുണ്ട്. ഞാന്‍ അവിടത്തുകാരനായതുകൊണ്ട് എനിക്കവിടെ ഖുത്വ് ബ പറയാം. കെ.ടിയെ ഖുത്വ് ബ പറയാന്‍ ചിലര്‍ സമ്മതിക്കില്ല. തന്ത്രപരമായ ചില നീക്കങ്ങളിലൂടെയാണ് ഇത് മറികടന്നത്. കെ.ടിക്ക് ജനങ്ങളുമായി അടുത്ത ബന്ധമായിരുന്നു. ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ അത് വലിയ സൗഹൃദമായി വളരും. മര്‍കസിന്റെ നടത്തിപ്പ് ചെലവിനായി ഞങ്ങൾ പാടത്ത് കൃഷിയിറക്കാറുണ്ടായിരുന്നു. കൃഷിക്കാരനായി അദ്ദേഹം ഞങ്ങളോടൊപ്പം പാടത്തേക്കിറങ്ങും (സുനാമി കാലത്ത് ഈ പാടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. വെള്ളം മുഴുവനായി ഇറങ്ങിപ്പോയില്ല. കൃഷിയോഗ്യമല്ലാത്ത ചതുപ്പ് നിലങ്ങളാണ് ഈ പാടശേഖരമിപ്പോള്‍). പണ്ഡിതന്മാരുമായും സാധാരണക്കാരുമായും, അവരെ ഒട്ടും പ്രകോപിപ്പിക്കാത്ത തരത്തില്‍ സംവദിക്കാന്‍ കെ.ടിക്ക് കഴിഞ്ഞിരുന്നു. ഇവിടത്തെ അറിയപ്പെടുന്ന തൊഴിലാളി നേതാവാണ് പി.കെ.എസ് പ്രസാദ്. അദ്ദേഹവുമായി കെ.ടി നടത്തിയ സംഭാഷണങ്ങള്‍ ഓര്‍മവരികയാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദമല്ല, വൈവിധ്യങ്ങളുടെ സമന്വയമാണ് സംഭവലോകത്തുള്ളതെന്ന് കെ.ടി സമര്‍ഥിച്ചു. തുടക്കത്തില്‍ ഞാന്‍ പലതരം ആശയക്കുഴപ്പങ്ങളില്‍ പെട്ടുപോയിരുന്നു എന്ന് പറഞ്ഞല്ലോ. മനസ്സിന് തൃപ്തിയാവുന്ന ഉത്തരങ്ങളും വിശദീകരണങ്ങളും തന്ന് എന്നെ സത്യപാതയില്‍ ഉറപ്പിച്ചു നിര്‍ത്തിയത് അദ്ദേഹമാണ്. അത്തരം അനുഭവങ്ങള്‍ ഇന്നാട്ടിലെ പലര്‍ക്കും പറയാനുണ്ടാവും.
അടിയന്തരാവസ്ഥ
1975 ജൂലൈ 4-നാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പി.കെ ഇബ്‌റാഹീം മൗലവി രണ്ടാമതും അന്തമാനിലെത്തിയ കാലമാണ്. അദ്ദേഹവും പതിനൊന്ന് പേരും 'മിസ' നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യ ലിസ്റ്റില്‍ എന്റെ പേരിന് പകരം പി.കെ മുഹമ്മദ് സാഹിബിന്റെ പേരാണുണ്ടായിരുന്നത്. അബദ്ധം മനസ്സിലാക്കി പിറ്റേന്ന് തന്നെ എന്നെ അറസ്റ്റ് ചെയ്തു. പി.കെ മുഹമ്മദ് സാഹിബിനെ വിട്ടയച്ചതുമില്ല. അദ്ദേഹവും പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹവും ഞങ്ങളോടൊപ്പം 21 മാസം പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ കിടന്നു. 1975 ജൂലൈ 5-ന് അറസ്റ്റിലായ ഞങ്ങള്‍ 1977 മാര്‍ച്ച് 21-നാണ് വിട്ടയക്കപ്പെടുന്നത്. ജയില്‍വാസം ഞങ്ങള്‍ക്ക് ഇസ്ലാമിക പ്രബോധനത്തിന് തുറന്നുകിട്ടിയ അവസരമായിരുന്നു. ഇക്കാലത്ത് രാജസ്ഥാനില്‍ നിന്നൊരു സന്യാസി അന്തമാനിലെത്തിയിരുന്നു. ആനന്ദ മാര്‍ഗികളില്‍ പെട്ടയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഞങ്ങളോടൊപ്പം പാര്‍പ്പിച്ചു. ആനന്ദമാര്‍ഗികളുമായി സംവദിക്കാന്‍ ഇത് അവസരമൊരുക്കി. ഞങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ രഹസ്യമായി ഞങ്ങള്‍ക്ക് പത്രങ്ങളും പുസ്തകങ്ങളും എത്തിച്ചുതരുമായിരുന്നു. വിംബര്‍ലി ഗഞ്ചിലെ മദ്‌റസക്കും സ്റ്റുവര്‍ട്ട് ഗഞ്ചിലെ മര്‍കസ് കെട്ടിടത്തിനുമൊപ്പം എന്റെ വീടിന്റെ മുകള്‍നിലയും സീല്‍ ചെയ്യപ്പെട്ടിരുന്നു; അത് പ്രസ്ഥാനത്തിന്റെ ഓഫീസ് ആണെന്ന കാരണം പറഞ്ഞ്. നെല്ലും മറ്റു സാധനങ്ങളും സൂക്ഷിച്ചുവെച്ചിരുന്നത് മുകള്‍ നിലയിലാണ്. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടുകാര്‍ കോണികയറി എടുക്കും. ഉദ്യാഗസ്ഥൻമാർ പിന്നീട് കണക്കെടുപ്പിന് വന്നപ്പോള്‍ ലിസ്റ്റ് ചെയ്ത പല സാധനങ്ങളും ഇവിടെ നിന്ന് അപ്രത്യക്ഷമായതായി കണ്ടെത്തി!
മാനസിക പ്രയാസങ്ങള്‍ വല്ലാതെ അനുഭവിക്കേണ്ടിവന്നു ജയില്‍വാസക്കാലത്ത്. വൃദ്ധ മാതാപിതാക്കളുടെ പരിചരണം മനസ്സിനെ അലട്ടി. ഞാന്‍ ഏക മകനാണല്ലോ. എന്റെ രണ്ടാമത്തെ മകന് ഒന്നര വയസ്സുള്ള സമയമാണ്. ഈ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ എന്റെ പിതാവിന്റെ കൈവശം ഒരു ദയാഹരജി കൊടുത്തുവിട്ടു. ജമാഅത്തുമായുള്ള ബന്ധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എഴുതി ഒപ്പിട്ടുകൊടുത്താല്‍ മതി. ജമാഅത്തുമായുള്ള ബന്ധം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെന്നും ഞാന്‍ മറുപടി നല്‍കി.
സ്വന്തം കാലില്‍
പി.കെ ഇബ്‌റാഹീം മൗലവി, ഹൈദറലി ശാന്തപുരം, കെ.ടി അബ്ദുര്‍റഹീം സാഹിബ് തുടങ്ങി കേരളത്തില്‍ നിന്നെത്തിയവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോയ ശേഷമാണ് തലസ്ഥാന നഗരിയായ പോര്‍ട്ട് ബ്ലയറില്‍ ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ എന്ന പേരില്‍ ഒരു സാംസ്‌കാരിക കേന്ദ്രം പണിയുന്നത്. 1997 ഡിസംബര്‍ പതിനൊന്നിന് അന്നത്തെ ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ് ലം സാഹിബ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാറ്റിനും നേതൃത്വം നല്‍കിയത് അന്തമാനിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ തന്നെ. എം.ബി അബ്ദുര്‍റശീദ്, ഇപ്പോഴത്തെ അന്തമാന്‍ മേഖലാ നാസിം എം.കെ മുഹമ്മദ് തുടങ്ങിയവര്‍ ഫണ്ട് സമാഹരണത്തിനായി മുന്നിട്ടിറങ്ങി. നിരവധി ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സെന്റര്‍ നേതൃത്വം നല്‍കുന്നുണ്ട്. അഗതികളും അനാഥകളുമായ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഈ സെന്ററിലുണ്ട്. സംരക്ഷിക്കാനാരുമില്ലാത്ത കുട്ടികളുടെ കാര്യം വരുമ്പോള്‍, അന്തമാന്‍ ഭരണകൂടം പലപ്പോഴും ആദ്യം ബന്ധപ്പെടുക ഗൈഡന്‍സ് സെന്ററുമായിട്ടായിരിക്കും. അന്തമാനിലെ ലഫ്റ്റനന്റ് ഗവർണറടക്കം സമുന്നതരായ ഉദ്യോഗസ്ഥര്‍ സെന്റര്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. 2004-ലെ സുനാമി ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ട ഒമ്പത് കുടുംബങ്ങള്‍ക്ക് മലപ്പുറം ഗ്രാമത്തില്‍ ജമാഅത്ത് കേരള ഘടകത്തിന്റെ സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുണ്ടായി.
യാഥാസ്ഥിതികരുടെയും ഉല്‍പതിഷ്ണുക്കളുടെയും പലതരം എതിര്‍പ്പുകളും കള്ളപ്രചാരണങ്ങളും അതിജീവിച്ച്, അല്‍ഹംദു ലില്ലാഹ്, ഇസ്ലാമിക പ്രസ്ഥാനം ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിക്കഴിഞ്ഞു. യാഥാസ്ഥിതിക - ഉൽപതിഷ്ണു വിഭാഗങ്ങളുടെ പണ്ഡിതന്മാര്‍ ജമാഅത്തിനെതിരെ പ്രസംഗ പരമ്പര നടത്താനായി മാത്രം കേരളത്തില്‍നിന്ന് അന്തമാനില്‍ വന്നിരുന്ന കാലമുണ്ടായിരുന്നു. മൗദൂദിക്ക് അറബി അറിയില്ല പോലുള്ള അസത്യ പ്രചാരണങ്ങളാണ് ഉൽപതിഷ്ണുക്കൾ നടത്തിവന്നിരുന്നത്. ഇബാദത്തിന്റെ അർഥവും വലിയ വിവാദ വിഷയമാക്കി. യാഥാസ്ഥിതികരുടെ എതിർപ്പ് ഇതിനെക്കാൾ രൂക്ഷമായിരുന്നു. ജമാഅത്തുകാർ ഹൈദരാബാദിൽ അഖിലേന്ത്യാ സമ്മേളനം നടത്തിയപ്പോൾ വെള്ളം കിട്ടാതെ വന്നതിനാൽ വുദൂ എടുക്കാതെയാണ് നമസ്കരിച്ചത് - ഇമ്മട്ടിലുള്ള കള്ളങ്ങളാണ് സ്റ്റേജ് കെട്ടി പറഞ്ഞുകൊണ്ടിരുന്നത്. ഇതിനൊക്കെ എങ്ങനെ മറുപടി പറയും! അഞ്ച് ദിവസം തുടർച്ചയായി അവരുടെ ദുഷ്പ്രചാരണങ്ങൾ തുറന്നുകാട്ടി മറുപടി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. കെ.ടിയൊക്കെ പോയ്ക്കഴിഞ്ഞതിന് ശേഷം ഞാൻ തന്നെയാണ് പലപ്പോഴും മറുപടി പ്രസംഗം നടത്തുക. മൊയ്തീൻ മാല, രിഫാഈ മാല പോലുള്ള മാലകൾ പാടിക്കൊണ്ടാവും ചിലപ്പോൾ മറുപടി. അതിൽ 'ഓവർ' ആയി പറഞ്ഞിട്ടുള്ളതൊക്കെ ഞങ്ങൾ നീട്ടിപ്പാടും. മാലകളിൽ പറഞ്ഞ അന്ധവിശ്വാസങ്ങൾ ഞങ്ങൾ പൊതുജനത്തിന് മുമ്പിൽ തുറന്നുകാട്ടി. അതോടെ യാഥാസ്ഥിതിക പക്ഷം പ്രതിരോധത്തിലായി. ഒരു വിധം മാലകളൊക്കെ പഠിച്ചാണ് നമ്മുടെ അവതരണം. മാലപുസ്തകങ്ങളും ഞാൻ സംഘടിപ്പിച്ചിരുന്നു. എതിർപക്ഷക്കാർ വരെ മാലയിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയാനായി പുസ്തകം തേടി നമ്മുടെ അടുത്താണ് വരിക. ഈ കളിയാക്കലുകൾ ശരിക്കും ഏറ്റു. ഇതൊന്ന് നിർത്തിക്കിട്ടിയാൽ മതിയെന്നായി യാഥാസ്ഥിതിക പക്ഷത്തിന്.
അത്തരം എതിർപ്പുകളൊന്നും പ്രത്യക്ഷത്തിൽ ഇപ്പോഴില്ല. അതേസമയം രഹസ്യമായി കള്ളപ്രചാരണങ്ങള്‍ തുടരുന്നുമുണ്ട്. അവയെയൊക്കെ ചങ്കൂറ്റത്തോടെ നേരിടാന്‍ കെല്‍പുള്ള പണ്ഡിതന്മാരും പ്രവര്‍ത്തകരും ഇവിടെ നിന്നു തന്നെ ഉയര്‍ന്നുവന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. l (അവസാനിച്ചു)