ഇൻതിഫാദയുടെയും ഹമാസിന്റെയും നേതാക്കളിൽ ജീവിച്ചിരിക്കുന്നവരിൽ പ്രമുഖനാണ് യഹ്്യാ സിൻവാർ. ത്വൂഫാനുൽ അഖ്സ്വായുടെ സൂത്രധാരൻ. തന്റെ അരുമ ദേശത്തിന്റെ വിമോചന സ്വപ്നങ്ങളുമേന്തി കാൽ നൂറ്റാണ്ടോളം ഒരു വ്യാജ രാഷ്ട്രത്തിന്റെ ഇരുമ്പറയിൽ ജീവിതം നേദിച്ച ഒരാൾ. ഇപ്പോഴും അതേ ദൗത്യത്തിനായി ശത്രുവിന്റെ കഴുകക്കണ്ണുകൾ വെട്ടിച്ച് ഫലസ്ത്വീനിലെ പൊരുതുന്ന മനുഷ്യരുടെ ഇടയിൽ തന്നെ തുടരുന്ന ധീരൻ. തന്റെ പ്രിയ ദേശത്തേക്ക് അധിനിവേശിച്ച് സർവതും കവർന്നെടുത്ത കൊള്ള സംഘം സിൻവാറിന്റെ ദേഹത്തിന് വിലയിട്ടത് നാല് ലക്ഷം ഡോളർ. സഹോദരൻ മുഹമ്മദ് സിൻവാറിന് മൂന്ന് ലക്ഷം ഡോളറും. ഫലസ്ത്വീൻ വിമോചനത്തിന്റെ ആചാര്യ വാക്യമാണദ്ദേഹം. തന്റെ ദീർഘമാർന്ന തടവറക്കാലമത്രയും പോരാട്ടത്തിന്റെ ഉത്സവമാക്കിയ ആളാണ് സിൻവാർ. കൊടും പീഡനം നരകം തീർത്ത ആ അഭിശപ്ത കാലം പക്ഷേ, സിൻവാർ മുതലിറക്കിയത് ഫലസ്ത്വീൻ വിമോചന പോരാട്ട കാലം രേഖീയമാക്കുന്നതിൽ വ്യാപൃതനാവാനാണ്. അതും സർഗാത്മക രചനയായ നോവൽ സ്വരൂപത്തിൽ - അതാണ് മുൾച്ചെടിയും കരയാമ്പൂവും (അശ്ശൗകു വൽ ഖറൻഫുൽ).
മനുഷ്യ വിരോധികളായ പടിഞ്ഞാറൻ സയണിസ്റ്റുകൾ ചവുട്ടിക്കുഴച്ച അസ്കലാൻ നഗരപ്രാന്തത്തിൽനിന്ന് ഗസ്സാചീന്തിലേക്ക് അഭയം തേടിപ്പോയ ഫലസ്ത്വീൻ കുടുംബത്തിലാണ് സിൻവാർ ജനിച്ചത്. ഇന്ന് ഇസ്രയേൽ നരാധമന്മാർ കത്തിച്ചുകളഞ്ഞ ഖാൻ യൂനുസിലെ അഭയാർഥി ക്യാമ്പിൽ 1962-ലാണ് സിൻവാർ പിറക്കുന്നത്. അക്കാലത്ത് താൻ കേട്ട രാക്കഥകളിലും താരാട്ട് പാട്ടിന്റെ നാദതാളത്തിലും അധിനിവേശ രൗദ്രതയുടെ ഭീതിയും വിഭ്രാന്തിയുമുണ്ട്. കണ്ടുകൊണ്ടിരിക്കെ സ്വന്തം വീട്ടിലും അയൽവീടുകളിലും കൊള്ളക്കെത്തിയവർ കൈയിട്ടുവാരുന്നത് നേരിൽ അറിഞ്ഞതാണ്. തന്റെ പിതാവ് സ്വന്തം തൊടിയിൽ നട്ടു വളർത്തിയ ഒലീവും നാരകവും അധിനിവേശക്കാർ വിളവെടുക്കുന്നത് കണ്ടു നിന്ന കുടുംബമാണിത്. പട്ടാള ബൂട്ടുകളിലും ബയനറ്റുകളിലും ഞെരിയുന്ന വൃദ്ധ പിതാക്കൾ. അപമാനിക്കപ്പെടുന്ന സ്ത്രീത്വം. പാതാള ഭീതികൾ തോൽക്കുന്ന തടവറകളിലേക്ക് പൂട്ടി എറിയപ്പെടുന്ന കൗമാരങ്ങൾ. ഇതൊക്കെയും അനുഭവത്തിൽ ഏറ്റെടുത്തതാണ് സിൻവാർ. താൻ കണ്ട കാഴ്ചകളും അനുഭവിച്ച ജീവിതവും പ്രവർത്തിച്ച കർമരാശികളുമാണ് സിൻവാർ ഈ പുസ്തകത്തിൽ തുറന്നെഴുതിയത്. 400-ലേറെ താളുകളിലേക്ക് വിടരുന്ന പുസ്തകം അതുകൊണ്ടുതന്നെ ഫലസ്ത്വീനിലെ മനുഷ്യരുടെ ജീവിതമാണ്.
ഹിബ്രോൺ, സൂരിഫ്, ഗസ്സ, പടിഞ്ഞാറൻ കര, ഫലൂദ, നബുലുസ്, ബീർസൈത്ത്, അൽ അറൂബ്, റാമല്ല, ഐദ തുടങ്ങിയ ഫലസ്ത്വീൻ നഗരങ്ങളിലെയും വിദൂര ഗ്രാമങ്ങളിലെയും നിഷ്കളങ്ക മനുഷ്യർ തലമുറകളായി ഏറ്റുവാങ്ങേണ്ടി വന്ന പീഡാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉടലെടുത്തു നിൽക്കുന്നത്. യൂറോപ്പ് സൃഷ്ടിച്ച ഭീകര യുദ്ധങ്ങൾ, കരാറുകൾ, അതിലെ കൊടും ചതി, കുരിശുയുദ്ധത്തിന്റെ പുനരാവർത്തനം, അപ്പോഴും ഫലസ്ത്വീനികൾ അനുഭവിച്ച വേദന, 'അയൽക്കാരുടെ' ഘന മൗനവും നിശ്ശബ്ദതയും. അകത്തുള്ള ഒറ്റുകാരും വഞ്ചകരും. ഇതെല്ലാം ഈ പുസ്തകത്തിൽ വാങ്മയങ്ങളായെത്തുന്നു. വായിച്ചു പോകുമ്പോൾ നാം പലേടത്തും സ്തംഭിച്ച് നിന്നു പോകും- ഈ മനുഷ്യർ എന്നിട്ടും ഇവിടെ ജീവിച്ചിരിക്കുന്നുവല്ലോ. ഇതിനിടയിലും ദേശത്തെ യുവാക്കൾ ഏറ്റെടുക്കുന്ന സമർപ്പണവും സഹനസമരങ്ങളും പ്രക്ഷോഭങ്ങളും. പങ്കുവെക്കുന്ന പ്രതീക്ഷയുടെ മാരിവില്ലുകൾ- ഇതും നോവലിൽ ഒരു ഫ്ലാഷ് ബാക്ക് പോലെ കടന്നുവരുന്നു.
ചോർന്നൊലിക്കുന്ന ഒറ്റമുറി ചായ്്പ്. അതാണ് കുടിയിറക്കപ്പെട്ട സിൻവാറിന്റെ കുടുംബത്തിന് കിട്ടിയ ഐക്യരാഷ്ട്രസമിതിയുടെ പാർപ്പിടം. അതിനകത്തേക്ക് പെയ്തിറങ്ങുന്ന മഴനാരുകളെ പൊട്ടിയ തകരത്താമ്പാളം കൊണ്ട് തടയാൻ കുതറുന്ന ഉമ്മ. ആ കണ്ണുകളിലെ വിലാപ ദൈന്യങ്ങൾ. എങ്ങനെ കഴിഞ്ഞ വീടും വീട്ടമ്മയുമാണവർ. അരക്ഷിതമായ ആ ഗല്ലിയിൽ കിട്ടിയ ഒറ്റമുറി വീടിന് കതക് പിടിപ്പിച്ചത് ആഘോഷമായി ആ വീട്ടുകാർ അനുഭവിച്ചത്- ഇതൊക്കെയും സിൻവാർ നോവലിൽ പറഞ്ഞു പോകുന്നത് വായിച്ചാൽ നാം അറിയാതെ വിതുമ്പിപ്പോവും. നോവലിന്റെ കേന്ദ്ര സ്ഥാനത്ത് വരുന്നത് സിന്‍വാറിന്റെ സ്വന്തം കുടുംബം തന്നെയാണ്. മഹ്്മൂദ്, ഹസൻ, മുഹമ്മദ്, ഇബ്റാഹീം, അഹമ്മദ്, ഊന്നു വടിയുടെ ശേഷിയിൽ പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന വലിയുപ്പ. അഹമ്മദിന്റെ ഉമ്മ. ഫലസ്ത്വീൻ ജനതയുടെ നോവും ദുരിതങ്ങളും ഒരു ചേമ്പിൻ താളിലെ സൂര്യബിംബം പോലെ ഈ കുടുംബത്തിൽ വിസ്തരിച്ചു കാണാം. ഈ കുടുംബം തന്നെയാണ് ഓരോ ഫലസ്ത്വീനിയും ഫലസ്ത്വീൻ ദേശവും. കുടിയിറക്കപ്പെട്ടവർ, തടവറയിൽ ബന്ധിക്കപ്പെട്ടവർ, കാണാതായവർ, വെടിയേറ്റവർ, പോരാളികൾ, അവരുടെയൊക്കെ വിഹ്വലതകൾ. ഇതൊക്കെയും സിൻവാറിന്റെ കുടുംബത്തിലുണ്ട്, ഫലസ്ത്വീനിലെവിടെയുമുണ്ട്. ആ രീതിയിലാണ് എഴുത്തുകാരൻ ആഖ്യാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ചെറുത്തുനിൽപ്പിനുള്ള സംഘാടനം, അതിന്റെ സഹനവും വേദനയും. ക്രൂരത മുറ്റിയ തടവും മരണവും. അതിനിടയിലും ഇഴഞ്ഞു നീങ്ങുന്ന സാധാരണ ജീവിതം, ജനി-മൃതികളും വിവാഹങ്ങളും ആഘോഷ ഹർഷങ്ങളും. ഇതൊക്കെയും നിഴലും വെളിച്ചവുമായി നോവലിൽ മാറിമറിയുന്നു. നോവലിൽ പറയുന്നതത്രയും ഒരു ജനതയുടെ ദുഃഖസാന്ദ്രമായ ജീവിതം തന്നെയാണ്. തീർച്ചയായും ഇതു പോലൊരാഖ്യാനം നോവൽ രചനയിലേ സാധ്യമാവൂ.
സയണിസ്റ്റ് തടവറയിൽ നിന്നാണ് ഇദ്ദേഹം നോവലെഴുതുന്നത്. ഏത് നേരവും പട്ടാള ദുഷ്ടതകളും കാമറ കണ്ണുകളും കാവൽ നിൽക്കുന്ന പെരും തടവറയിൽ കഴിഞ്ഞ സിൻവാർ എങ്ങനെയാണ് ഈ രചന പൂർത്തിയാക്കിയതും കൈയെഴുത്ത് പ്രതിയത്രയും സമർഥമായി പുറത്തെത്തിച്ചതും എന്നത് ഒരു വിസ്മയമാണ്. ചിലപ്പോഴെങ്കിലും നോവൽ പകരുന്നത് അനുഭൂതി രഹിതമായ കേവലാനുഭവങ്ങൾ മാത്രമാണെന്ന് വായനക്കാർക്ക് ന്യായമായും തോന്നാം. അനുഭവങ്ങളെ ഉദാത്തമായ ലാവണ്യാനുഭൂതിയിലേക്ക് വിടർത്താൻ എഴുത്തുകാരന് ആവുന്നില്ലെന്ന് പരാതിയും പറയാം. സിൻവാർ ഒരു പോരാളിയാണ്. സർഗാത്മക എഴുത്തുകാരനല്ല. പിന്നെ സ്വന്തം മണ്ണിൽനിന്ന് നിർദയം കുടിയിറക്കപ്പെട്ട നിസ്സഹായരായ മനുഷ്യർക്ക് അത്രയൊക്കെയുള്ള ആനന്ദലോകങ്ങളേ സാധ്യമാവൂ.
നമുക്ക് തൊട്ടപ്പുറത്ത് കഴിയുന്ന ഈ മനുഷ്യരുടെ ജീവിതം വേണ്ട വിധം മലയാളി സമൂഹം മനസ്സിലാക്കിയിട്ടില്ല. ആ പരിമിതി ഈ പുസ്തകം പരിഹരിക്കും. എഴുത്തുകാരനായ എസ്.എം സൈനുദ്ദീന്റെ പരിഭാഷയിൽ ഇറങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചത് കേരളത്തിലെ മുൻനിര പ്രസാധകരായ ഐ.പി.എച്ച് ബുക്സ് കോഴിക്കോട് ആണ്. l