റമദാൻ സക്രിയതയെയും കർമ നൈരന്തര്യത്തെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാസം കൂടിയാണ്. ഈ മാസത്തിൽ നിർവഹിക്കപ്പെടുന്ന പുണ്യ കർമങ്ങൾക്ക് അതല്ലാത്ത സാധാരണ ദിവസങ്ങളിൽ നിർവഹിക്കപ്പെടുന്ന കർമങ്ങളെക്കാൾ എഴുപതിരട്ടി പ്രതിഫലം ഉണ്ടെന്ന് പ്രവാചകൻ പറയുകയുണ്ടായി. ഇത് കർമോത്സുകതയെയും അവയുടെ ഫലത്തെയും കുറിച്ച പാഠം കൂടിയാണ്. മനുഷ്യനിലെ ക്രിയാത്മകതയുടെ സർവ വാതായനങ്ങളും തുറക്കാനും അതിനെ കെട്ടഴിച്ചുവിടാനും അവനിലെ മുഴുവൻ നിഷേധാത്മകതയെയും പൈശാചികതയെയും നിഗ്രഹിക്കാനും സഹായിക്കുന്ന മാസമാണ് അത്. ഇസ് ലാമിക ചരിത്രം റമദാൻ മാസത്തിൽ അടയാളപ്പെടുത്തുന്നതാകട്ടെ ഈ കർമ നൈരന്തര്യത്തിന്റെ സംഭവബഹുലമായ സുന്ദര കാലങ്ങളെയും.
റമദാൻ മാസത്തിലാണ് മനുഷ്യർക്കാകമാനമായി അന്തിമ സത്യവേദമായിക്കൊണ്ട് വിശുദ്ധ ഖുർആൻ അവതീർണമായിത്തുടങ്ങിയത്. ഇസ് ലാമാണോ, അതോ ജാഹിലിയ്യത്താണോ അതിജീവിക്കേണ്ടതും നശിക്കേണ്ടതും എന്നു തീരുമാനിക്കപ്പെട്ട, മദീനയിൽ പ്രവാചകന്റെ നേതൃത്വത്തിൽ പിച്ചവെക്കുകയായിരുന്ന കൊച്ചു ഇസ് ലാമിക രാഷ്ട്രത്തിനുമേൽ ഹിജ്റ രണ്ടാം വർഷം അടിച്ചേൽപ്പിക്കപ്പെട്ട ബദ്ർ യുദ്ധത്തിൽ ആളിലും അർഥത്തിലും ആയുധത്തിലും വളരെ ശുഷ്കമായിരുന്ന മുസ് ലിംകൾ വിജയക്കൊടി നാട്ടിയത് റമദാൻ മാസത്തിലാണ്. വിശുദ്ധ ഖുർആൻ ഈ യുദ്ധ ദിനത്തെ സത്യാസത്യ വിവേചന ദിനമെന്നു കൂടി വിശേഷിപ്പിച്ചതിൽനിന്ന് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ഖുറൈശികൾ ഹുദൈബിയ്യ സന്ധി ലംഘിച്ചതിനെ തുടർന്ന് പ്രവാചകനും പതിനായിരത്തോളം വരുന്ന അനുയായികളും ചേർന്ന് രക്ത രഹിതമായ ഒാപ്പറേഷനിലൂടെ മക്ക കീഴടക്കിയതും റമദാൻ മാസത്തിലായിരുന്നു. ബൈബിൾ പഴയ നിയമത്തിൽ പ്രവാചകൻ മുഹമ്മദിന്റെ ജീവിതത്തിലെ സുപ്രധാനമായ അഞ്ച് സംഭവങ്ങളാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. നുബുവ്വത്ത് (ആവർത്തന പുസ്തകം 18:18), മക്കയുടെ കീഴടക്കൽ (ആവർത്തന പുസ്തകം 33:2), മക്കയിൽനിന്ന് മദീനയിലേക്കുള്ള പലായനം (ഹിജ്റ), തുടർന്ന് നടക്കുന്ന ബദ്ർ യുദ്ധവും അതിലെ വിജയവും എന്നിവയാണവ. ഹിജ്റയും ബദ്ർ യുദ്ധവും ഒന്നിച്ചാണ് പ്രവചിക്കപ്പെട്ടത് (യെശയ്യാവ് 21: 13-16). ഹിജ്റയും അതിനു ശേഷമുണ്ടാവുന്ന അതിവിപുലമായ മാറ്റങ്ങളും മുഹമ്മദ് നബിയുടെ വ്യക്തിത്വവും ഹബക്കൂക് 3: 3-7 സൂക്തങ്ങളിലും പറയുന്നുണ്ട്. റമദാൻ മാസത്തിൽ സംഭവിച്ച ബദ്റും മക്കയുടെ കീഴടങ്ങലും ബൈബിൾ പഴയ നിയമത്തിലെ പ്രവചന പുസ്തകമായ യെശയ്യാവിൽ പരാമർശിക്കപ്പെട്ടതിൽനിന്ന് ആ രണ്ടു സംഭവങ്ങളുടെയും ചരിത്ര പ്രാധാന്യം കൂടി മനസ്സിലാക്കാം.
റമദാനിലെ ചരിത്ര സംഭവങ്ങൾ ബദ്റിലും മക്ക കീഴടക്കപ്പെട്ടതിലും അവസാനിക്കുന്നില്ല. പ്രവാചകന്റെ കാലത്തോ പ്രവാചകനു ശേഷമുള്ള ഖിലാഫത്തിന്റെ കാലത്തോ, ഇസ് ലാമിക വ്യവസ്ഥയിൽനിന്ന് പൊതുവായ വ്യതിചലനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഉമവി-അബ്ബാസി കാലഘട്ടങ്ങളിലോ റമദാൻ മാസത്തിലെ വ്രതം കേവലം 'ആത്മീയമായ' ചൈതന്യം മാത്രം ലക്ഷ്യംവെച്ചു നിർവഹിക്കപ്പെടുന്ന അനുഷ്ഠാനമായി ചുരുക്കപ്പെട്ടിരുന്നില്ല. മക്ക കീഴടക്കപ്പെടുന്നതിനു മുമ്പ് മദീനയിലെ ഇസ് ലാമിക രാഷ്ട്രത്തിനുമേൽ എല്ലാ വിഭാഗം ശത്രുക്കളും ചേർന്ന് ഒരുമിച്ചു അടിച്ചേൽപ്പിച്ച അഹ്സാബ് യുദ്ധം ശവ്വാൽ മാസത്തിലാണ് നടന്നതെങ്കിലും അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ സ്വാഭാവികമായും നടന്നിട്ടുണ്ടാവുക തൊട്ടു മുമ്പത്തെ മാസമായ റമദാനിൽ ആയിരിക്കുമല്ലോ. മക്ക കീഴടക്കപ്പെട്ട ശേഷം ത്വാഇഫിലെ സഖീഫ് ഗോത്രം 20 വർഷത്തെ ശത്രുതക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇസ് ലാമിക രാഷ്ട്രവ്യവസ്ഥക്ക് വിധേയപ്പെട്ടത് റമദാനിലായിരുന്നു. അലിയ്യുബ്നു അബീ ത്വാലിബിനെ നബി ആദ്യമായി യമനിലേക്ക് അയച്ചതും, ബനൂ ഹംദാൻ ഗോത്രം മുഴുവനായും ഇസ് ലാം ആശ്ലേഷിച്ചതും റമദാനിലായിരുന്നു. ഇതാണ് യമൻ പൂർണമായും ഒരുവിധ സായുധ പോരാട്ടവും കൂടാതെ ഇസ് ലാം സ്വീകരിക്കുന്നതിന് നിമിത്തമായത്.
തബൂക്കിലേക്ക് ശഅ്ബാനിൽ പുറപ്പെട്ട പ്രവാചകൻ അവിടെനിന്ന് വിജയ ശ്രീലാളിതനായി മടങ്ങിയതും, ഇസ് ലാമിക രാഷ്ട്രത്തിൽ ഛിദ്രതയുണ്ടാക്കാൻ ആഭ്യന്തര ശത്രുക്കൾ നിർമിച്ചിട്ടുണ്ടായിരുന്ന മസ്ജിദുദ്ദിറാർ തകർത്തതും റമദാനിലാണ്. ഒന്നാം ഖലീഫ അബൂബക്റിന്റെ മരണ ശേഷം ഉമർ അധികാരം ഏറ്റടുത്ത ഉടനെ ഇറാഖിലേക്കുള്ള ഇസ് ലാമിന്റെ പ്രവേശനത്തിനു നിമിത്തമായ അൽ ബുവൈബ് യുദ്ധം നടന്നതും റമദാനിലായിരുന്നു.
നീതിയും സ്വാതന്ത്ര്യവും പ്രഘോഷിക്കുന്ന ഇസ് ലാമിന്റെ വരവിനെ പേടിച്ച് പേർഷ്യൻ സാമ്രാജ്യത്വം മുസ് ലിംകളുടെ മേൽ അടിച്ചേൽപിച്ച യുദ്ധമായിരുന്നു അൽ ബുവൈബ്. പേർഷ്യൻ സാമ്രാജ്യത്വത്തിന്റെ സൈനിക അജണ്ട മുൻകൂട്ടി കണ്ട അൽമുസന്ന ഇബ്ൻ ഹാരിസ, അബൂബക്ർ സിദ്ദീഖ് ആസന്ന മരണനായിരിക്കെ തന്നെ പ്രശ്നം ഖലീഫയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അധികാരം ഏറ്റെടുത്ത ശേഷം രണ്ടാം ഖലീഫ ഉമറിന് എടുക്കേണ്ടി വന്ന ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഹിജ്റ വർഷം 91 റമദാൻ 28-നായിരുന്നു ത്വാരിഖ് ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള 12,000 പേർ ഉൾക്കൊള്ളുന്ന സൈന്യം അന്ദലുസിൽ ഒരു ലക്ഷം വരുന്ന സ്പാനിഷ് സൈന്യത്തെ തോൽപിച്ചത്. മുഹമ്മദ് ഇബ്നു ഖാസിം സിന്ധിൽ എത്തിയതും റമദാനിലായിരുന്നു. ഹിജ്റ വർഷം റമദാൻ 6-നായിരുന്നു, ആയിരക്കണക്കിനു മുസ് ലിംകളെ വധിക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്തിരുന്ന അമോരിയയിലെ (Amorium) ബൈസാന്തിയൻ ചക്രവർത്തി തിതിയോഫിലോസിനെ അബ്ബാസി ഖലീഫ മുഅ്തസിം പരാജയപ്പെടുത്തിയത്. ഐൻ ജാലൂത്തിൽ വെച്ചു സൈഫുദ്ദീൻ ഖുദുസ് രാജകുമാരന്റെ സൈന്യം അക്രമകാരികളായി വന്ന മംഗോൾ സൈന്യത്തെ അന്തിമമായി പരാജയപ്പെടുത്തിയതും ഹിജ്റ 648 റമദാൻ 15-നായിരുന്നു. രണ്ടാമതും മംഗോളിയൻ സൈന്യത്തെ ഷഖാബ് യുദ്ധത്തിൽ പരാജയപ്പെടുത്തിയതും ഹിജ്റ 702 റമദാൻ അഞ്ചിനായിരുന്നു. പാശ്ചാത്യ കുരിശു യുദ്ധക്കാരെ സുൽത്താൻ സലാഹുദ്ദീൻ പരാജയപ്പെടുത്തിയ ഹത്തീൻ യുദ്ധവും നടന്നത് ഹിജ്റ 583-ലെ റമദാൻ മാസത്തിലായിരുന്നു.
ഇസ് ലാമിക ചരിത്രത്തിലെ വ്യത്യസ്ത ദശാ സന്ധികളിൽ റമദാൻ മാസത്തിൽ നടന്ന ചരിത്ര പ്രസിദ്ധമായ ചില സംഭവങ്ങൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ഇത് കൃത്യമായും വ്യക്തമായും അടയാളപ്പെടുത്തുന്നത് സക്രിയതയുടെയും കർമ നൈരന്തര്യത്തിന്റെയും പാഠങ്ങളാണെന്ന് പ്രത്യേകം പറയേണ്ടതായിട്ടില്ല. l