ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ജമാഅത്തെ ഇസ്ലാമി സ്വന്തം നിലക്കും, ഭരണകൂടവുമായും മറ്റു സംഘടനകളുമായും എൻ.ജി.ഒകളുമായും സഹകരിച്ചും നടത്തുന്നതും, നടത്താൻ ഉദ്ദേശിക്കുന്നതുമായ പ്രവർത്തനങ്ങളെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കേരള ഘടകം അധ്യക്ഷൻ പി. മുജീബുർറഹ്മാൻ സംസാരിക്കുന്നു.
സാമൂഹിക സേവനത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരാനുഭവങ്ങൾ ഉള്ള പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്ലാമി. ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ആശയപരമായ അടിത്തറയും പ്രചോദനവും എന്താണ്?
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണല്ലോ. മനുഷ്യനും സമൂഹവും തമ്മിലുള്ളത് അന്യോന്യാശ്രിതമായ ബന്ധമാണ്. പരസ്പരം താങ്ങായും തണലായും മാത്രമേ മനുഷ്യജീവിതം സാധ്യമാവൂ. ദയ, കാരുണ്യം, സ്നേഹം, സഹാനുഭൂതി, വിട്ടുവീഴ്ച, ക്ഷമ, സ്ഥൈര്യം തുടങ്ങിയ അടിസ്ഥാന മാനവിക ഗുണങ്ങള്‍ നമ്മളുമായി മാത്രം ബന്ധപ്പെട്ടതല്ല, സമൂഹവുമായി ബന്ധപ്പെട്ടതു കൂടിയാണ്. മനുഷ്യന്റെ ഈ സഹജ പ്രകൃതത്തെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്ലാം. ഭൂമിയിലെ അല്ലാഹുവിന്റെ അടിമകളോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ മാത്രമേ അല്ലാഹുവിലേക്കുള്ള വഴിയിൽ എത്തിപ്പെടാനാവൂ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളിലൊന്നാണ്.
ജമാഅത്തെ ഇസ്ലാമിയുടെ സേവന രംഗത്തുള്ള ചടുലത കൂടുതല്‍ ദൃശ്യമാണല്ലോ. പുതിയ പോളിസി മാറ്റത്തിന്റെ ഭാഗമായും മറ്റും രൂപപ്പെട്ടുവരുന്ന വളര്‍ച്ചയാണോ ഇത്?
സേവന രംഗത്തെ ജമാഅത്തെ ഇസ്ലാമിയുടെ സജീവത ഏതെങ്കിലും സാഹചര്യത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ തേട്ടമായി ഉണ്ടായതല്ല. നിങ്ങള്‍ പ്രവാചന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം നോക്കൂ. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ സമൂഹ മധ്യത്തില്‍ അവതരിപ്പിക്കുന്ന ആദ്യ സന്ദര്‍ഭങ്ങളില്‍ തന്നെ അനാഥയെയും അഗതിയെയും പരിഗണിക്കാനും, അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ അത്താണിയാവാനും അവര്‍ക്കു വേണ്ടി പൊരുതാനും ആഹ്വാനം ചെയ്യുന്നതായി കാണാം. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളില്‍ പെട്ടതാണ് സേവനപ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഇസ്ലാമിനെ തികവാര്‍ന്ന രൂപത്തില്‍ പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ സ്ഥാനം കൈവരിക സ്വാഭാവികമാണ്. ഏതെങ്കിലും ഘട്ടത്തില്‍ അതിനെ കൈയൊഴിയാനും ജമാഅത്തിന് ആവില്ല.
ജമാഅത്തിന്റെ ചരിത്രത്തിലേക്ക് നിങ്ങള്‍ നോക്കൂ. പരിമിതമായ മാനുഷിക, സാമ്പത്തിക വിഭവങ്ങള്‍ ഉണ്ടായിരുന്ന തുടക്കകാലത്തു തന്നെ കലാപ, പ്രകൃതിദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളിലും ഇരകളുടെ പുനരധിവാസത്തിലും ജമാഅത്തിന്റെ സാന്നിധ്യം കണ്ടെത്താനാവും. ചരിത്രപരമായി ജമാഅത്തെ ഇസ്ലാമിയില്‍ നിലനിന്നുപോരുന്ന സേവനമെന്ന ജൈവ ഗുണത്തിന്റെ കാലാനുസൃതമായ വികാസവും വേഗവുമാണ് ഇപ്പോഴുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രവും സംവിധാനവും എങ്ങനെയാണ്?
ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നതും ചെയ്യേണ്ടതുമായ സേവന പ്രവര്‍ത്തനങ്ങളുണ്ട്. അത് വീഴ്ചകളില്ലാതെ നിര്‍വഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നാട്ടിലുള്ള എല്ലാവരെയും അതില്‍ സഹകരിപ്പിക്കാനും അവരുടെ കഴിവുകള്‍ ഈ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നു. അതേസമയം, നമ്മുടെ കാലത്ത് ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം എന്നിവ സാധ്യമാകുന്നതിന് സാങ്കേതിക വൈദഗ്ധ്യവും പരിശീലനവും ആവശ്യമാണ്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി, യോഗ്യരും താല്‍പര്യമുള്ളവരുമായ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കി അവരെ സ്ഥിരം സ്വഭാവത്തില്‍ വളര്‍ത്തിയെടുക്കുന്നു. രാജ്യത്തിന് പുറത്തും, കേരളത്തിനകത്തും പുറത്തും ഇതിനകം സ്തുത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ ഈ സംഘത്തിനായിട്ടുണ്ട്. പല സ്ഥലങ്ങളിലും സുരക്ഷാ സേനകളോടൊപ്പം പ്രവര്‍ത്തിക്കാവുന്ന മികവ് ഈ സംഘത്തിനുണ്ട്.
അതുപോലെത്തന്നെയാണ് പുനരധിവാസ പദ്ധതികളും അവയുടെ വിവിധ ഘട്ടങ്ങളും. ഇവയില്‍ പലതും ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ്. ഇവ നടപ്പാക്കണമെങ്കിലും ഉദ്ദേശിച്ച ഫലം കാണണമെങ്കിലും വൈദഗ്ധ്യവും മികവും ആവശ്യമാണ്. ഇതില്‍ സ്പെഷലൈസ് ചെയ്ത എന്‍.ജി.ഒകള്‍ ജമാഅത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ അനുഭവപരിചയമുള്ള എന്‍.ജി.ഒകളുമായും പ്ലാറ്റ്ഫോമുകളുമായും സഹകരിച്ചാണ് ജമാഅത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ സേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ചടുലമാക്കുന്ന സന്ദര്‍ഭങ്ങളാണ്. പ്രകൃതി ദുരന്തങ്ങളെ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമി അഭിമുഖീകരിക്കുന്നത്?
പ്രകൃതി ദുരന്തമോ മറ്റോ സംഭവിച്ചു കഴിഞ്ഞാല്‍ അതിന്റെ ആഴവും പരപ്പും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന , നന്നായി പഠിക്കുകയും പരിശീലിക്കുകയും ചെയ്ത സര്‍വസജ്ജരായ പൈലറ്റ് ടീം ജമാഅത്തിന് കീഴിലുണ്ട്. കൂടാതെ, മണിക്കൂറുകള്‍ക്കകം ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ പോഷക വിഭാഗങ്ങളെയും മാധ്യമ സംരംഭങ്ങളെയും ഈ ദിശയിലേക്ക് തിരിച്ചുനിര്‍ത്താന്‍ സാധിക്കും. ഇത് കേവലം ആസൂത്രണത്തിന്റെ മാത്രം ഫലമല്ല. നേരത്തെ പറഞ്ഞ ആശയപരമായ ഉള്ളടക്കത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ ഓരോ വിങ്ങും ഏതു നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് സ്വയം ബോധ്യമുള്ളവരുമാണ്. ജമാഅത്തിന്റെ സേവനപ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാകാനുള്ള കാരണം ഇതാണ്. 'ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന' എന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഒരു സ്ലോഗന്‍ തന്നെയാണ്. അതിനാല്‍, സേവനത്തെ ജീവിത സംസ്‌കാരമായി കൊണ്ടുനടക്കാന്‍ ജമാഅത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ കരുതിവെപ്പുകളില്ലാതെ കര്‍മരംഗത്തുണ്ടാവാനും ജമാഅത്തിന് സാധിക്കുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ ഏറെ അനുഭവിച്ച നാടാണ് വയനാട്. ഇപ്പോള്‍ അതിഭീകരമായ ഒരു ഉരുള്‍ദുരന്തത്തിന് വയനാട്ടിലെ ജനങ്ങള്‍ ഇരകളായിരിക്കുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിൽ സർവം നഷ്ടമായവരുടെ ജീവിതത്തെ എങ്ങനെയാണ് വീണ്ടെടുക്കാന്‍ സാധിക്കുക?
ആളപായത്തിന്റെ കാര്യത്തിലും നാശനഷ്ടങ്ങളുടെ കാര്യത്തിലും സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. രണ്ട് പ്രദേശങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ആ ജനതയുടെ വീണ്ടെടുപ്പ് എന്നത് പ്രയാസകരമായ ദൗത്യം തന്നെയാണ്. അവര്‍ക്ക് അവരുടെ നാടും നഗരവും തന്നെ ഇല്ലാതായിരിക്കുന്നു. എന്നാല്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ സുരക്ഷിതമായ, ഒരുപക്ഷേ കൂടുതല്‍ മികച്ച ഭാവി അവര്‍ക്ക് നല്‍കാനാവും. ഇതിന് നേതൃത്വം നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. സര്‍ക്കാറിന് മാത്രമായി ഒരു പുനരധിവാസ പദ്ധതിയും പൂര്‍ത്തിയാക്കാനാവില്ല എന്നത് നമ്മുടെ അനുഭവമാണ്. അതേസമയം, കേരള ജനത ഇക്കാര്യത്തില്‍ കാണിക്കുന്ന ഉല്‍സാഹമുണ്ട്. അതിനെ ഏകോപിപ്പിച്ച്, എല്ലാവർക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള നയത്തിലേക്ക് സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ഇത് വിജയത്തിലെത്തിക്കാന്‍ സാധിക്കൂ.
ദുരന്തബാധിത ജനങ്ങളുടെ പുനരധിവാസത്തില്‍ ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും അതിന്റെ വ്യാപ്തിയും എത്രത്തോളമാണ്?
ദുരന്ത വിവരമറിഞ്ഞ ഉടനെ തന്നെ ഐ.ആര്‍. ഡബ്ല്യൂവിന്റെ പൈലറ്റ് ടീം അങ്ങോട്ട് പുറപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതോടെ കൂടുതല്‍ സംഘം വയനാട്ടിലും നിലമ്പൂരിലും എത്തി. പ്രാഥമികമായി രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ഇവര്‍ കേന്ദ്രീകരിച്ചത്. അതോടൊപ്പം തന്നെ അവര്‍ക്ക് പിന്തുണ നല്‍കാവുന്ന വിധത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനാവശ്യമായ നീക്കങ്ങള്‍ സംഘടനാതലത്തിലും നടക്കുന്നുണ്ടായിരുന്നു. മേപ്പാടിയില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ദുരിതാശ്വാസ സെല്‍ തുറന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായങ്ങളും മറ്റും തടസ്സമില്ലാതെ ലഭിക്കുന്നതിന് കോഴിക്കോട്ടും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെല്‍ തുറക്കുകയുണ്ടായി. ഈ സമയം വരെയും ആ ദുരിതാശ്വാസ സെല്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്കും ദുരിത ബാധിതര്‍ക്കുമുള്ള അവശ്യസാധനങ്ങള്‍, മെഡിക്കല്‍, കൗണ്‍സലിംഗ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. വേറെയും സന്നദ്ധ സംഘടനകളും എന്‍.ജി.ഒകളും അവിടെ ശ്ലാഘനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയ ദുരന്തങ്ങളിലെ ഇരകള്‍ക്കു വേണ്ടി നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് അമീര്‍ സൂചിപ്പിച്ചു. ഇവ നല്‍കിയ തിരിച്ചറിവുകള്‍ നമ്മുടെ മുന്നിലുണ്ടാകുമല്ലോ. ഇപ്പോള്‍ വ്യക്തികളും വ്യത്യസ്ത സംഘടനകളും പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പദ്ധതികള്‍ക്കും ചില പരിമിതികള്‍ ഇല്ലേ? അവയെ എങ്ങനെ മറികടക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?
വളരെ പ്രസക്തമായ ചോദ്യമാണിത്. ദുരിതബാധിതരെ സഹായിക്കുന്നതിന് മുമ്പെങ്ങുമില്ലാത്ത വിധം മലയാളികള്‍ തയാറാണ്. അതില്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും എല്ലാമുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇതില്‍ ഒരേ മനസ്സോടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതില്‍ വിസ്മയപ്പെടുത്തുന്ന പ്രകടനമാണ് സേവന മേഖലയിലുള്ള സ്ത്രീകള്‍ കാഴ്ചവെച്ചത്. പഴകിയതും ജീര്‍ണിച്ചതുമായ, ഉറ്റവര്‍ തൊടാന്‍ പകച്ചുനിന്ന മൃതശരീരങ്ങളെ അവയ്ക്ക് നൽകേണ്ട മുഴുവന്‍ ആദരവോടെയും സംസ്‌കരിക്കാനും അടക്കം ചെയ്യാനും സാധിച്ചത് അവരുടെ ഇടപെടലുകള്‍കൊണ്ടായിരുന്നു. ദുരന്തത്തെക്കുറിച്ച് കേട്ടാലുടൻ ഒത്തൊരുമിച്ച് ഇറങ്ങിപ്പുറപ്പെടാനുള്ള ഈ സന്നദ്ധതയും ത്യാഗമനസ്സും ഏതര്‍ഥത്തിലും അഭിവാദ്യം ചെയ്യപ്പെടേണ്ടതാണ്. നോക്കൂ, നമ്മുടെ പുതിയ ജനറേഷനെ കുറിച്ച് എന്തെല്ലാം പരിഭവങ്ങളാണ് നാം പറഞ്ഞിരുന്നത്. പക്ഷേ, ജീവനും ജീവിതവും അപകടത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ ഇറങ്ങി പുറപ്പെടുന്നു. നമ്മുടെ സോഷ്യല്‍ മീഡിയ ഇത്രമേല്‍ സര്‍ഗാത്മകമായ സന്ദര്‍ഭം അടുത്തൊന്നുമുണ്ടായിട്ടില്ല. രാഷ്ട്രീയ വൈരവും സ്ഥാപിത താല്‍പര്യങ്ങളും നിറഞ്ഞാടാറുള്ള സാമൂഹിക മാധ്യമങ്ങള്‍ മറ്റൊന്നിലും ശ്രദ്ധിക്കാതെയായി. അവയെല്ലാം വയനാട്ടിലേക്ക് മാത്രമായി മുഖം തിരിച്ചു.
കുറേയേറെ പരിമിതികള്‍ നമ്മുടെ പുനരധിവാസ സങ്കല്‍പത്തിനുണ്ട് എന്നാണ് അനുഭവത്തില്‍നിന്ന് മനസ്സിലാവുന്നത്. പുനരധിവാസം എന്നാല്‍ വീടുണ്ടാക്കി കൊടുക്കുക, ഏതാനും ദിവസത്തേക്കുള്ള അവശ്യസാധനങ്ങള്‍ നല്‍കുക എന്ന് മാത്രമായി മനസ്സിലാക്കപ്പെടുന്നുണ്ട്. എന്നാല്‍, ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം വീടുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നതല്ല. ഞാന്‍ ചില ഉദാഹരണങ്ങള്‍ പറയാം. ദൂരെ പോയി ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ആ നാട്ടിലുണ്ടാവില്ലേ, അവരുടെ ഭാവി എന്താവും? ബാങ്ക് ലോണ്‍ എടുത്തവരുണ്ടാവില്ലേ? കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ കൃഷിഭൂമിയില്ലല്ലോ. തങ്ങളുടെ നിയമപരമായ നാനാതരം രേഖകള്‍ നഷ്ടപ്പെട്ടവരുണ്ടാവില്ലേ? കഴിഞ്ഞ ദിവസം വരെ വൈകുന്നേരങ്ങളില്‍ കടയില്‍നിന്ന് ചായ കുടിച്ചവന്റെ കൈയില്‍ പോക്കറ്റ് മണി ഇല്ലാത്തതിന്റെ ആത്മസംഘര്‍ഷമുണ്ടാവില്ലേ? ആരോടെങ്കിലും കാശ് കടം ചോദിക്കാന്‍ പോലും പറ്റാത്ത മാനസികാവസ്ഥ… ഇവയെ കുറിച്ചെല്ലാം ആലോചിച്ചു നോക്കൂ. പുനരധിവാസം എന്ന് പറയുമ്പോള്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്നതാവണം. അത്തരം പഴുതടച്ചതും സമഗ്രവുമായ പുനരധിവാസ കാഴ്ചപ്പാടാണ് വ്യക്തികളും സമൂഹവും സര്‍ക്കാറുമൊക്കെ ആര്‍ജിക്കേണ്ടത് എന്നാണ് തോന്നുന്നത്.
കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഓരോ ദുരന്തത്തിനും ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദുരിതാശ്വാസ, പുനരധിവാസ പദ്ധതികളെക്കുറിച്ചുമാണ് നാം ആലോചിക്കാറുള്ളത്. എന്തുകൊണ്ട് ദുരന്തങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്‍കരുതലെടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല?
ശരിയാണത്. പലനിലക്കുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാറുണ്ട്. മനുഷ്യനിര്‍മിത ദുരന്തങ്ങളെ ഒരു പരിധിവരെ കാര്യക്ഷമതയിലൂടെ നമുക്ക് മറികടക്കാനാവും. ഏറക്കുറെ പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കാവുന്ന വിധം ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ട്. ദുരന്തങ്ങളെ തടയാനാവില്ലെങ്കിലും അതിന്റെ പ്രകൃതിപരവും മാനുഷികവും സാമൂഹികവുമായ ആഘാതം കുറക്കാന്‍ സാങ്കേതിക വിദ്യ സഹായിക്കും. അത്തരം വിവരങ്ങള്‍ നമ്മുടെ ഔദ്യോ ഗിക ഏജന്‍സികളുടെ കൈയിലുണ്ട്. അതിനെ, ദുരന്ത നിവാരണത്തെ, ജനകീയ ആശയവും അറിവുമായി വികസിപ്പിക്കണം. നമുക്കിപ്പോള്‍ ജില്ലാ തലത്തില്‍ പ്രഖ്യാപിക്കുന്ന വിവിധ നിറങ്ങളിലെ അലേര്‍ട്ടുകളെ കുറിച്ച് മാത്രമേ അറിയൂ. ഓരോ പഞ്ചായത്തിലെയും വാര്‍ഡിലെയും ഏതേത് പോയന്റുകളിലാണ് ദുരന്തത്തിന് സാധ്യതയുള്ളത് എന്ന് ഇന്നറിയാന്‍ കഴിയും. അവിടെ അതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടത്.
പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാവാം. ആഗോള തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ മഴയുടെ ക്രമവും തോതും മാറിയത്… അങ്ങനെ പലതും. നമ്മുടെ ജീവിതകാഴ്ചപ്പാടുകളും അതിനനുസരിച്ച പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതിന് നിമിത്തങ്ങളാവുന്നുണ്ട് എന്നതും നിഷേധിക്കാനാവില്ല. അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. പ്രകൃതി സൗഹൃദപരമായ ജീവിതകാഴ്ചപ്പാടിലേക്ക് നാം വളരേണ്ടതുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പോലെത്തന്നെ പ്രധാനമാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും. ഈ ബന്ധം മുന്നില്‍ വെച്ചുള്ള വികസനവും വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രകൃതിയില്‍ നടക്കേണ്ടത്. അഥവാ, പ്രകൃതിസംരക്ഷണവും മനുഷ്യസുരക്ഷയും വികസന പ്രക്രിയയില്‍ ഒഴിച്ചു കൂടാനാവാത്തതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
എന്നാലും മനുഷ്യന് പ്രാപ്യമല്ലാത്തത് സംഭവിച്ചേക്കാം. പ്രകൃതിനിയമങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. അത് നമ്മുടെ പരിമിതിയായി കാണുകയും മനുഷ്യ സമൂഹത്തോട് അതിരറ്റ കാരുണ്യമുള്ള ദൈവം എല്ലാം നന്‍മക്ക് വേണ്ടിയേ ചെയ്യൂ എന്ന് ഉറപ്പിക്കുകയും ചെയ്യാം. l