മുഖവാക്ക്‌

പ്രിയ സുഹൃത്തുക്കളേ, കേരളം വീണ്ടും ഒരു വലിയ പ്രളയത്തെ അഭിമുഖീകരിച്ചിരിക്കുകയാണ്. മുമ്പും പലതവണ നമുക്ക് പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2018-ഉം 2019-ഉം നമ്മുടെ മുന്നിലുണ്ട്. നാമൊരു ശരീരം പോലെ ഒരുമിച്ച് നിന്നാണ് അതിനെ അതിജീവിച്ചത്. സമാനമായ കാലാവസ്ഥ തന്നെ വീണ്ടും കേരളം അഭിമുഖീകരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതക്കയങ്ങളിലേക്കെടുത്തെറിയപ്പെട്ട മനുഷ്യജീവിതങ്ങൾ ധാരാളമാണ്. വീട് നഷ്ടപ്പെട്ടവർ, ഉപജീവനോപാധി പൂർണമായും ഇല്ലാതായവർ, ഭക്ഷണവും വസ്ത്രവും കുടിവെള്ളവും മരുന്നും പോലെയുള്ള നിരവധി അടിസ്ഥാനാവശ്യങ്ങൾ തടയപ്പെട്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടവർ…..ഇവരെയെല്ലാം ഹൃദയത്തോട് ചേർത്തു നിർത്തുക. ഒറ്റപ്പെട്ട തുരുത്തുകളിൽ എവിടെയും ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തൽ നമ്മുടെ ദീനീ ബാധ്യതയാണ്. തീരദേശങ്ങളിലും മലയോര മേഖലകളിലും തോരാതെ പെയ്തിറങ്ങിയ മഴ ഇതിനകം നിരവധി പേരുടെ ജീവനപഹരിച്ച് കഴിഞ്ഞു. ആ കുടുംബങ്ങളിലെല്ലാം നമ്മുടെ കാരുണ്യ സ്പർശമെത്തണം, ആശ്വാസ വാക്കുകൾക്കപ്പുറം അവരുടെ ജീവിതതാളം വീണ്ടെടുക്കാനുള്ള സാമൂഹിക കൂട്ടായ്മകളിൽ നാം നേതൃപരമായ പങ്ക് നിർവഹിക്കണം.

സംസ്ഥാനത്ത് നമ്മുടെ കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നല്ല പരിശീലനം സിദ്ധിച്ച വളണ്ടിയർമാർ, മെഡിക്കൽ വിംഗ്, പീപ്പ്ൾസ് ഫൗണ്ടേഷനു കീഴിലുള്ള ദുരിതാശ്വാസ സംവിധാനങ്ങൾ എല്ലാം പ്രവർത്തന സജ്ജമാണ്. ദുരിതം പേറുന്നവരെ ചേർത്തു നിർത്തുന്നതിൽ മുഴുവൻ പ്രവർത്തകരും ജാഗ്രത കാണിക്കുക.

വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾ പൊട്ടൽ സമാനതകളില്ലാത്ത ദുരന്തമാണ് വരുത്തിവെച്ചത്. 250-ഓളം കുടുംബങ്ങൾ ദുരന്തത്തിന്റെ ഇരകളാണ്. സർക്കാർ സേനയും കേരളത്തിലെ സന്നദ്ധ സംഘടനകളും നിർവഹിച്ച സാഹസികമായ രക്ഷാപ്രവർത്തനങ്ങൾ ഏറെ സ്തുത്യർഹമാണ്. ഇതിൽ IRW വളണ്ടിയർമാരുടെ സേവനം എടുത്തുപറയാവുന്നതാണ്. ഏറെ ദുർഘടമായ കുന്നുകളിലും തകർന്നടിഞ്ഞ വീടുകളിലും പരിക്കേറ്റു കിടന്നവരെ കണ്ടെത്തുന്നതിലും ഹോസ്പിറ്റലിൽ എത്തിക്കുന്നതിലും, കണ്ടെത്തുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലുമെല്ലാം അവർ സമർപ്പിതരായി പണിയെടുത്തു. അതിലുപരി കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നമ്മുടെ മുഴുവൻ പ്രവർത്തകരും പങ്കാളികളായി- നാഥൻ സ്വീകരിക്കട്ടെ, ആമീൻ.

വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. വേണ്ടപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടവർ, നഷ്ടപ്പെട്ടവരെ കണ്ടെത്താൻ കഴിയാത്തവർ, ഇവരുടെ സങ്കടക്കടൽ താങ്ങാനാവാത്തതാണ്. ആശ്വാസ വാക്കുകൾകൊണ്ട് ഇല്ലാതാക്കാൻ പറ്റുന്നതല്ല അവരനുഭവിക്കുന്ന വേദന. അവരിൽ പലരും നിസ്സഹായരായി നോക്കിനിൽക്കെയാണ് അവരുടെ വേണ്ടപ്പെട്ടവർ മരണത്തിലേക്ക് വഴുതി വീണത്. പ്രാർഥന മാത്രമായിരുന്നു അവരെ ചേർത്തുനിർത്താനുള്ള വഴി.

ഈ സങ്കടക്കടലിലും അവരുയർത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്, അവരനുഭവിക്കുന്ന അനിശ്ചിതത്വമുണ്ട്. ഇനി ഞങ്ങളെങ്ങോട്ട് പോകും? അവർ നമ്മോട് ചോദിക്കുന്നു. പ്രാർഥനക്കും ഐക്യദാർഢ്യത്തിനുമൊപ്പം നമുക്കവരോട് ഇനിയുമൊരു വലിയ കടപ്പാട് പൂർത്തീകരിക്കാനുണ്ട്. ഈ രണ്ട് പ്രദേശത്തെയും, അവിടെ അവശേഷിക്കുന്ന മനുഷ്യരെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്നതാണത്. അവർക്ക് പാർക്കാൻ അപകs സാധ്യത കുറഞ്ഞ സ്ഥലം കണ്ടെത്തണം, മാന്യമായ വീടൊരുക്കണം, നഷ്ടപ്പെട്ട ജീവിതോപാധികൾ വീണ്ടെടുത്ത് കൊടുക്കണം. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ, ആളും ആരവവുമൊഴിഞ്ഞാൽ, സ്കൂളുകളിലും പള്ളികളിലുമെല്ലാമുള്ള ദുരിതാശ്വാസ ക്യാമ്പുകൾ നിർത്തിക്കഴിഞ്ഞാൽ ഈ ജനതക്ക് മുന്നിലൊരു ശൂന്യതയുണ്ട്. ആ ശൂന്യതക്ക് കൂടിയുള്ള പരിഹാരമാവണം ആ ജനതയോടുള്ള ഐക്യദാർഢ്യം. ഗവൺമെന്റും ചാരിറ്റി എൻ.ജി.ഒകളും ചേർന്നുനിന്നാൽ മികച്ച രീതിയിൽ പൂർത്തീകരിക്കാവുന്ന പദ്ധതിയാണിത്. ഈ ദൗത്യത്തിൽ നമുക്കും ധാരാളം ചെയ്യാനുണ്ട്. 2018-ലും 2019-ലും ദുരിതമനുഭവിച്ച മലയാളികളുടെ പുനരധിവാസത്തിൽ നന്നായി ചെയ്തവരാണ് നാം. ജീവാപായം സംഭവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കുമായി നമുക്ക് പ്രാർഥിക്കാം.
അവരുടെ ജീവിത താളം വീണ്ടെടുക്കുന്നതിൽ, നമുക്ക് നമ്മുടെയും കൈയൊപ്പ് ചാർത്താം…… നാഥൻ അനുഗ്രഹിക്കട്ടെ! l

പ്രബോധനത്തിന് ഒരു ചരിത്രമുണ്ട്. മനുഷ്യോല്‍പത്തിയോളം നീണ്ടുകിടക്കുന്ന ചരിത്രം. മനുഷ്യ സമൂഹത്തിന്റെ വികാസപരിണാമത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു അല്ലാഹുവിന്റെ ദീന്‍. അതിനെ പ്രവാചകന്‍മാര്‍ മനുഷ്യസമൂഹത്തോട് പ്രബോധനം ചെയ്തു. അന്ത്യദൂതന്‍ മുഹമ്മദ് നബി(സ)യുടെ ആഗമനത്തോടെ പ്രവാചകത്വം അവസാനിച്ചു. ദീനിന്റെ പ്രബോധന ചുമതല മുസ്‌ലിം സമുദായം ഏറ്റെടുത്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആ ദൗത്യം മലയാളത്തില്‍ അക്ഷരരൂപം കൈവരിച്ചതിന്റെ പേരും പ്രബോധനം.

കേരളത്തിന് ഇസ്‌ലാമിനെ നേരത്തെ അറിയാം. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം പരിചയിച്ചത് ആചാരാനുഷ്ഠാനങ്ങളില്‍ പരിമിതപ്പെട്ട ഇസ്‌ലാമിനെയായിരുന്നു. മുസ്‌ലിംകള്‍ മാത്രം പരിചയിച്ച അറബിമലയാളത്തില്‍ ഇസ്‌ലാംവായനയും. അതങ്ങനെ ആവരുതല്ലോ. മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹു നല്‍കിയ ദീനിനെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടി മലയാളത്തിന് പരിചയപ്പെടുത്താനുള്ള ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും പേരാണ് പ്രബോധനം.

മതത്തെ ചുരുട്ടിക്കൂട്ടി മൂലക്കിരുത്തിയ ആധുനികത പകര്‍ന്നാടുന്ന കാലത്ത് ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആഴവും പരപ്പും മലയാളിക്ക് പകര്‍ന്നുനല്‍കിയാണ് പ്രബോധനത്തിന്റെ രംഗപ്രവേശം. മത, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത പ്രബോധനം പൊതു സമൂഹത്തിനും മുസ്‌ലിം സമുദായത്തിനും പുതിയ ഇസ്‌ലാംവായനാനുഭവം നല്‍കി. മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്‌ലാമും സ്വകാര്യതയ്ക്കിപ്പുറം പ്രവേശിക്കരുത് എന്ന കാഴ്ചപ്പാടുകളെ നിശിതമായി പ്രബോധനം നിരൂപണം ചെയ്തു. മുതലാളിത്തത്തെയും കമ്യൂണിസത്തെയും ആശയപരമായും പ്രായോഗികമായും പ്രതിരോധിക്കുന്നതില്‍ പ്രബോധനത്തോട് കേരളത്തിലെ മുസ്‌ലിം സമുദായം കടപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം. സോഷ്യലിസവും ദേശീയതയും ജനാധിപത്യവുമെല്ലാം ചോദ്യം ചെയ്യപ്പെടാനര്‍ഹമാണ് എന്ന് ഉത്തരാധുനികതയ്ക്കും മുമ്പേ പ്രബോധനം പറഞ്ഞുവെച്ചിട്ടുണ്ട്. മാത്രമല്ല, അവയെ ഇസ്‌ലാമിക ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് വിശകലനം ചെയ്തപ്പോള്‍ സമുദായത്തിന് കിട്ടിയ ചിന്താപരമായ ഉണര്‍വും ആത്മവിശ്വാസവും ചെറുതല്ല. ഇസ്‌ലാം എന്ന ഫ്രെയ്മിനുള്ളിലൂടെ ലോകത്തെ കാണാനാവും എന്ന അനുഭവം മുസ്‌ലിമിന് നല്‍കുന്ന സ്വാശ്രയത്വത്തെ കുറിച്ചാലോചിച്ചു നോക്കൂ. ആ ആര്‍ജവം സമ്മാനിച്ചു എന്നതാണ് ഇതര പ്രസിദ്ധീകരണങ്ങളില്‍നിന്ന് പ്രബോധനത്തെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ ഏഴു പതിറ്റാണ്ടിലധികം കാലം പുറത്തിറങ്ങിയ പ്രബോധനത്തിന്റെ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു നോക്കൂ. മുസ്‌ലിം സമുദായത്തിന്റെ ഉത്തമ താൽപര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊണ്ടത്. മുസ്‌ലിം ഐക്യത്തിന് വിഘാതമാവുന്ന ഒരു വരിയും അതിൽനിന്ന് കണ്ടെടുക്കാനാവില്ല. സമുദായത്തിൽ വളരുന്ന തെറ്റായ പ്രവണതകളെ, സംഘടനകളുടെ ശരിയല്ലാത്ത നിലപാടുകളെ പ്രബോധനം വിമർശിച്ചിട്ടുണ്ട്. അതിനു പിന്നിലെ വികാരം തികഞ്ഞ ഗുണകാംക്ഷയായിരുന്നു. സമുദായം അഭിമുഖീകരിച്ച നിർണായക വിഷയങ്ങളിലും നേതൃപരമായ പങ്ക് വഹിക്കാനുമായിട്ടുണ്ട്. പെരുമ പറയുകയല്ല, സന്ദർഭത്തിന്റെ തേട്ടത്തിനനുസരിച്ച് പ്രബോധനം അതിന്റെ ചുമതല നിർവഹിക്കുകയായിരുന്നു എന്നുണർത്തുക മാത്രം.

ആഗോളതലത്തില്‍ നടക്കുന്ന ചെറുതും വലുതുമായ സംഭവ വികാസങ്ങള്‍ മാധ്യമങ്ങള്‍ നിരത്തുന്ന കേവല വാര്‍ത്താ വിഭവങ്ങളല്ല, അവയ്ക്ക് പിന്നില്‍ ഒരു വ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനെ ഇസ്‌ലാമികമായി വിലയിരുത്തുക പ്രധാനമാണെന്നും പ്രബോധനം പഠിപ്പിച്ചു. പ്രബോധനം ആരുടെയും നല്ലൊരു കൂട്ടുകാരനും അധ്യാപകനുമാണ്. അത് ഖുര്‍ആന്‍ പഠിപ്പിക്കുന്നു, നബിവചനം പഠിപ്പിക്കുന്നു, നമ്മുടെ നിത്യജീവിതവുമായി നമ്മെ അത് സംവദിക്കുന്നു, നമ്മുടെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്നു, ചുറ്റുപാടുകളെ കുറിച്ച് അറിവു നല്‍കുന്നു. വിശ്വാസികള്‍ ഒരു ശരീരം പോലെയെന്നാണല്ലോ. ലോകത്തെല്ലായിടത്തുമുള്ള വിശ്വാസി സമൂഹവുമായി നമ്മെ അത് കണ്ണിചേര്‍ത്തു നിര്‍ത്തുന്നു. മറുലോകത്തെ കുറിച്ചും അവിടേക്കായി സമാഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളൊരാളെ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനോ വരിക്കാരനോ ആക്കുന്നതിലൂടെ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകനെ കൂട്ടുകാരനായി നൽകുകയാണ്. ഒരു വീട്ടില്‍ പ്രബോധനം എത്തുന്നതിലൂടെ ഒരിസ്‌ലാമിക പ്രവര്‍ത്തകന്‍ അവിടെ വളരാന്‍ തുടങ്ങുന്നു. പ്രബോധനം വായനയിലൂടെ എത്രയോ ഹൃദയങ്ങൾ സംസ്കരിക്കപ്പെട്ടിട്ടുണ്ട്.

പ്രിയമുള്ള സഹപ്രവര്‍ത്തകരേ, നാം പ്രവര്‍ത്തിക്കുന്ന നാട്ടില്‍ നാം ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കാൻ നമുക്ക് കരുത്ത് വേണം. പ്രബോധനം നമ്മുടെ വലംകൈയാണ്. അത് നമ്മുടെ പാതയെ എളുപ്പമുള്ളതാക്കുന്നുണ്ട്, വഴി ചൂണ്ടിക്കാട്ടിത്തരുന്നുണ്ട്. ഈ സംഘത്തിനൊപ്പം ചേരേണ്ടവരെ കൂട്ടി വരുന്നുണ്ട്.

നമ്മുടേതുപോലുള്ള ഒരു സമൂഹത്തിൽ ഒരു ഇസ്‌ലാമിക പ്രസ്ഥാനം പ്രവർത്തിക്കുമ്പോൾ സമൂഹത്തിന്റെ ഏതെല്ലാം അടരുകളിലേക്കാണോ നാം എത്തിച്ചേരേണ്ടത്, അവിടെയൊക്കെ പ്രബോധനം എത്തണം. അതിനുള്ള ഉള്ളടക്കം വാരികയ്ക്കുണ്ട്. ഒരുവേള, അത്തരം ഇടനാഴികളിലെ സൂക്ഷ്മസൂക്ഷ്മങ്ങളായ നന്മകൾ ഒന്നുചേർന്നായിരിക്കും, നാളെ നമുക്കു വേണ്ടി പൂത്തുലയുക.

അതിനാല്‍, ഓരോ ഇസ്‌ലാമിക പ്രവര്‍ത്തകനും പ്രവര്‍ത്തകയും പ്രബോധനത്തിന്റെ പ്രചാരകരാവുക. ഓരോരുത്തരും പുതിയ ഒരാളിലെങ്കിലും പ്രബോധനം എത്തിക്കുക. ഈ ജൂലൈ 28-ന് നടക്കുന്ന പ്രബോധനം ഡേ വന്‍ വിജയമാക്കുക. അതിനായി പ്രയത്‌നിക്കുക, പ്രാര്‍ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. l

ഇതെഴുതുമ്പോള്‍ രാജ്യത്തിന്റെ

ഇതെഴുതുമ്പോള്‍ രാജ്യത്തിന്റെ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുന്നേയുള്ളൂ. എത്രകാലം എന്നതിനെ സംബന്ധിച്ച് സംശയമാകാമെങ്കിലും മൂന്നാം തവണയും സംഘ് പരിവാര്‍ തന്നെ അധികാരത്തില്‍ തുടരാനാണ് സാധ്യത. എങ്കിലും വെറുപ്പിനും വിദ്വേഷത്തിനും ന്യൂനപക്ഷ വിരുദ്ധതക്കും വംശീയതക്കുമെതിരെ ഈ രാജ്യം താല്‍ക്കാലിക വിജയമെങ്കിലും നേടിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വം ഈ മണ്ണില്‍ വിത്തിട്ട അന്നു മുതല്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന മേല്‍ സൂചിപ്പിച്ച പൈശാചികതകളുടെ അവസാന ആയുധവും പുറത്തെടുത്ത സന്ദര്‍ഭമായിരുന്നു രണ്ട് മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് കാലം. തെരഞ്ഞെടുപ്പിന്റെ മറവില്‍ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെത്തന്നെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടത്. പക്ഷേ, വെറുപ്പിന്റെ അര്‍മാദത്തില്‍ ഒരു രാജ്യത്തെ ൈകയടക്കാനുള്ള തേരോട്ടത്തിനേറ്റ മഹാ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. സീറ്റുകള്‍ കൂടുതലാര്‍ക്ക് എന്നത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ദൗര്‍ബല്യത്തിന്റെ ഭാഗമാണ്.
ഇന്ത്യന്‍ സമൂഹം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. കാരണം, ഈ തെരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ ജനങ്ങളുടെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. ചരിത്ര സന്ദര്‍ഭത്തിന്റെ ഗൗരവത്തെ ഇന്ത്യന്‍ ജനത യഥാതഥം ഉള്‍ക്കൊണ്ടു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം രാജ്യത്തെ തകര്‍ക്കുമെന്ന് അവര്‍ മനസ്സിലാക്കി. വെറുപ്പിനെതിരെ രാഷ്ട്രീയ സംഘടനകളും പൗരസമൂഹവും സാമൂഹിക മാധ്യമ പ്രതിഭകളും ഒന്നിച്ചണിനിരന്നു സംഘ് പരിവാറിനെ പിടിച്ചുകെട്ടി. മുന്നണി പോലും ആവശ്യമില്ലാത്ത വിധം കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി ആര്‍ത്തുല്ലസിച്ചു ഭരിച്ച ഒരു പതിറ്റാണ്ടിന് സമാപനമായിരിക്കുന്നു. നൂറ്റാണ്ടിന്റെ സ്വപ്ന സാക്ഷാല്‍ക്കാരമുണ്ടല്ലോ, ഹിന്ദുരാഷ്ട്ര പ്രഖ്യാപനം- അതത്ര എളുപ്പമല്ല എന്നു ചുരുക്കം. 400 സീറ്റുകളെന്ന ലക്ഷ്യത്തില്‍നിന്ന് ബഹുദൂരം പിറകിലാണ് അവര്‍. രാജ്യത്തെ മതനിരപേക്ഷ മനസ്സുള്ളവര്‍ക്ക് വലിയ പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ജനാധിപത്യത്തിന്റെ മൗലിക ദൗര്‍ബല്യമാണ് സംഘ് പരിവാറിനെ അധികാരത്തിലെത്തിച്ചത്. ഈസാ മസീഹിനെ വധിക്കാനും സോക്രട്ടീസിന് വിഷം നല്‍കാനും തീരുമാനിച്ചത് ജനങ്ങളായിരുന്നു എന്നപോലെ ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ച അബദ്ധമായിരുന്നു സംഘ് പരിവാര്‍ എന്ന ചോയ്‌സ്. സ്വാതന്ത്ര്യത്തിന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തുടക്കമിടുകയും സ്വാതന്ത്ര്യാനന്തരം തികഞ്ഞ ആസൂത്രണത്തോടെയും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്ത് പിടിമുറുക്കുകയുമായിരുന്നു തീവ്ര ഹിന്ദുത്വം. അതിനെ നേരിടുന്നതിന് മൃദു ഹിന്ദുത്വത്തെ ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രീയ, ഭരണവര്‍ഗങ്ങളുടെ സമീപനം ആര്‍.എസ്.എസിന് തന്നെ മൂലധനമാവുകയായിരുന്നു. അതിന്റെ സ്വാഭാവിക ഫലമാണ് 'ദൈവാവതാര'ത്തിന് കീഴൊതുങ്ങിയത്.
പക്ഷേ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇക്കാര്യം തിരിച്ചറിഞ്ഞു എന്നു വേണം കരുതാന്‍. രാജ്യത്തെ ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളും മറ്റനേകം സ്വത്വ സമൂഹങ്ങളും അരികുകളിലും അതിര്‍ത്തികളിലും താമസിക്കുന്ന ജനതകളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും സാമൂഹിക പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങളും മനസ്സിലാക്കാനും അവരോട് സംവദിക്കാനുമുള്ള വഴക്കവും വിനയവും കോണ്‍ഗ്രസ് നേടിയെടുത്തു. ജാതി സെന്‍സസ് നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തിന്റെ അര്‍ഥം ഇന്ത്യയുടെ ആത്മാവിനെ കോണ്‍ഗ്രസ് തൊട്ടറിയുന്നു എന്നാണ്. നെഹ്‌റുവിന് ശേഷമുള്ള കോണ്‍ഗ്രസില്‍നിന്നും ഭിന്നമായ ഉള്ളടക്കമുള്ള കോണ്‍ഗ്രസിനെ മോദിക്കാലത്ത് രാഹുല്‍ ഗാന്ധി ഭാവനയില്‍ കാണുന്നു. ഫാഷിസത്തിനെതിരെ ഇന്‍ഡ്യാ മുന്നണി എന്ന ആശയത്തിന് ജന്മം നല്‍കാനും പ്രയോഗവൽക്കരിക്കാനും കോണ്‍ഗ്രസിന് സാധിച്ചത് അതുകൊണ്ടാണ്. സഖ്യചര്‍ച്ചകളിലെ 'വല്യേട്ടന്‍' ഇത്തവണ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍നിന്ന് ഭിന്നമായി രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, ഈ തിരിച്ചറിവിനോട് വരുംകാലങ്ങളില്‍ എത്രത്തോളം കോണ്‍ഗ്രസിന് നീതി ചെയ്യാനാവും എന്നത് ചോദ്യം തന്നെയാണ്.
പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലാണ് ജനതയുടെ മൂക്കുകയര്‍ സംഘ് പരിവാറിനെ കുരുക്കിയിരിക്കുന്നത്. അതേസമയം, ചിന്തിക്കേണ്ട കാര്യം ഇന്ത്യന്‍ ഭരണയന്ത്രത്തെ സംഘ് പരിവാര്‍ എത്രമേല്‍ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട് എന്നാണ്. അത് മനസ്സിലാക്കാന്‍ അല്‍പം പിറകില്‍നിന്ന് ആലോചിക്കേണ്ടി വരും. 1999-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ലഭിച്ച ആദ്യാവസരത്തില്‍ തന്നെ ബ്യൂറോക്രസിയിലും സുരക്ഷാ സൈന്യത്തിലുമടക്കം സംഘ് പരിവാര്‍ പടയെ അവര്‍ കുത്തിനിറച്ചിട്ടുണ്ട്. ശേഷമുള്ള മന്‍മോഹൻ സിംഗിന്റെ പത്തു വര്‍ഷക്കാലത്തും ഇന്ത്യന്‍ ഭരണയന്ത്രമോ സുരക്ഷാ സേനയോ കാവി സ്വാധീനത്തില്‍നിന്ന് മുക്തമായില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് നിയന്ത്രിത സര്‍ക്കാറിന്റെ ഭീകര നിയമങ്ങളുടെ തണലില്‍ അത് കരുത്താര്‍ജിക്കുകയാണ് ചെയ്തത്. ഹിന്ദുത്വവാദികള്‍ തന്നെ ആസൂത്രിതമായി നടത്തിയ ഭീകരസ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പോലും മുസ്ലിം യുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കാന്‍ മതേതര സര്‍ക്കാറുകളും അന്വേഷണ ഏജന്‍സികളും പോലീസും വ്യഗ്രത കാട്ടുകയായിരുന്നു. അതിന്റെ സ്വാഭാവിക വികാസമായിരുന്നു മോദിക്കാലത്തെ പ്രതിപക്ഷനിരക്കു നേരെയുള്ള വിവിധ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍. സ്‌ട്രോങ് റൂമുകളിലിരിക്കുന്ന വോട്ടിങ് മെഷീനുകളെ കുറിച്ച ആശങ്കകളും ഇലക്്ഷന്‍ കമീഷന്‍ പോലും സംശയത്തിലായതും ഇതിന്റെ തന്നെ ഭാഗമാണ്. ഡീപ്പ് സ്റ്റേറ്റിനെ ശുദ്ധീകരിച്ചെടുക്കുക എന്നത് സുദീര്‍ഘമായ പോരാട്ടം ആവശ്യപ്പെടുന്നുണ്ട്.
വെറുപ്പായിരുന്നല്ലോ നരേന്ദ്ര മോദിയുടെ മുഖ്യ ആയുധം. വിശേഷിച്ചും മുസ്‌ലിം വിരുദ്ധതയുടെ പാരമ്യത്തിലായിരുന്നു അദ്ദേഹം. ആഗോള, ദേശീയ തലങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയ മികച്ച തെരഞ്ഞെടുപ്പ് ഉരുപ്പടിയാകുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലെത്തിയപ്പോള്‍ എന്തെല്ലാമാണ് ആ വായിൽനിന്ന് വന്നത്! അതൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഇസ്‌ലാമോഫോബിയ ആഴത്തില്‍ വേരാഴ്ത്തുമ്പോഴും ഭാവിയില്‍ ഇന്ത്യന്‍ സമൂഹം അതിനെ അതിജീവിക്കുമെന്നുള്ള പ്രതീക്ഷ നല്‍കുന്നതാണ് ജനവിധി.
കേരളത്തിലേക്ക് വരുമ്പോള്‍, ഒരു സീറ്റ് എന്‍.ഡി.എ നേടിയിരിക്കുന്നു എന്നതാണ് സവിശേഷമായ കാര്യം. ഫാഷിസത്തിനെതിരെ വലിയ വായില്‍ സംസാരിക്കും കേരളത്തിലെ ഇരു മുന്നണികളും. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള ധാര്‍മിക ബാധ്യത അവ നിര്‍വഹിക്കാറില്ല. സംഘ് പരിവാറിനെ ഒന്നിച്ചെതിര്‍ത്തു തോല്‍പ്പിക്കുക എന്ന കാഴ്ചപ്പാടിനോട് എന്നും പുറം തിരിഞ്ഞ് നിന്നിട്ടേയുള്ളൂ ഇരു മുന്നണികളും. സംഘ് പരിവാര്‍ ഒന്നിലൊതുങ്ങിയത് ഈ മുന്നണികളുടെ നിലപാടുകൊണ്ടല്ല. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ജാഗ്രത കാരണമാണ്. അതേസമയം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മുമ്പത്തെക്കാള്‍ കൂടുതല്‍ ഗണ്യമായ വോട്ടുകള്‍ നേടിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പുറംമേനിയിലെ മതനിരപേക്ഷതയ്ക്കകത്ത് സമൂഹ ശരീരത്തില്‍ ഇസ്‌ലാംഭീതി ആപൽക്കരമായ രീതിയില്‍ പടരുന്നു എന്ന് വിളിച്ചു പറയുന്ന ബയോപ്‌സി ടെസ്റ്റ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. അതിനെ അതിജീവിക്കാനുള്ള ബലം കേരളം നേടിയെടുക്കേണ്ടതായിട്ടു വരും.
പ്രതീക്ഷിച്ച വിജയം മോദിക്കും സംഘത്തിനും നേടാന്‍ കഴിയാതിരുന്നതിന് കാരണം ദേശീയ തലത്തില്‍ മുസ്‌ലിം സംഘടനകളും മറ്റു പിന്നാക്ക ജനവിഭാഗങ്ങളും സംഘടനകളും സ്വീകരിച്ച നിലപാട് കൂടിയാണ്. തങ്ങളെ കുറിച്ചോ സമുദായം, ദീന്‍, രാഷ്ട്രം എന്നിവയെ സംബന്ധിച്ചോ ആലോചിക്കാതെ ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുബാങ്കായി നിന്ന് ചൂഷണം ചെയ്യപ്പെടാനോ താല്‍ക്കാലിക വികാരങ്ങളെ തൃപ്തിപ്പെടുത്താനോ സമുദായത്തെ വിട്ടുകൊടുക്കേണ്ടതില്ല എന്ന് മുസ്‌ലിം സമുദായ നേതൃത്വം തീരുമാനിച്ചു. മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ സാക്ഷരതയും ജാഗ്രതയുമുള്ളവരാക്കി മാറ്റാനും ബുദ്ധിപൂര്‍വം വോട്ട് വിനിയോഗിക്കാനും സമുദായ നേതൃത്വം അവരെ പഠിപ്പിച്ചതിന്റെ ഗുണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അങ്ങേയറ്റം ദുര്‍ബലമായ ഒരു സമുദായത്തിന്റെ രാഷ്ട്രീയ കര്‍തൃത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇതിനെ കാണാം. വരും കാലങ്ങളില്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും. പ്രചണ്ഡമായ പ്രചാരണങ്ങളുടെ സാന്നിധ്യമില്ലെങ്കിലും മുസ്‌ലിം സമുദായ നേതൃത്വം ഇതിന് അത്യധ്വാനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനവും അതില്‍ നേതൃപരമായ പങ്കും വഹിച്ചിട്ടുണ്ട്.
പ്രിയമുള്ള സഹോദരന്‍മാരേ, നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. സംഘ് പരിവാർ വോട്ടിംഗില്‍ പിറകോട്ടു പോയത് മാറ്റത്തിന്റെ സൂചന മാത്രമാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇതര പിന്നാക്ക ദലിത് സമൂഹങ്ങളെയും അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ഇന്ത്യന്‍ ദേശീയത വളര്‍ന്നതും വികസിച്ചതും. ഈ ഘടകത്തെ ഇല്ലായ്മ ചെയ്യുക എന്നത് സുദീര്‍ഘമായ പദ്ധതിയാണ്. ഫാഷിസത്തിന്റെ കാലത്തും ജനാധിപത്യപരമായ ഇടപെടലിലൂടെ സാമൂഹിക, രാഷ്ട്രീയ പരിവര്‍ത്തനം സാധ്യമാണെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയോ വിദ്വേഷ പ്രസംഗങ്ങളോ കലാപങ്ങളോ അല്ല ഞങ്ങള്‍ക്ക് വേണ്ടത്, സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതമാണ് എന്നാണല്ലോ സമ്മതിദാനത്തിലൂടെ ജനങ്ങള്‍ വിളിച്ചുപറഞ്ഞത്. ആ ജീവിതം അവര്‍ക്ക് ആവശ്യമുണ്ട്; അവരത് തേടുന്നുമുണ്ട്. മാധ്യമ പ്രചാരണങ്ങളിലൂടെയും ഭരണകൂട സഹായത്താലും വ്യാപകമായ ഇസ്‌ലാം ഭീതി നിലനില്‍ക്കുന്നതിനാല്‍ അത്തരമൊരാശയം മുസ്ലിം സമുദായത്തിന്റെ കൈയിലുണ്ടെന്ന് അവരറിയുന്നില്ല. അതിവാദങ്ങളുടെയല്ല, സംവാദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരത്തിലൂടെ അതവര്‍ക്ക് കൈമാറുക. സ്ഥൈര്യത്തോടെ ഉറച്ചുനില്‍ക്കുക. വെളിച്ചത്തെ ഈ നാട് തിരിച്ചറിയുക തന്നെ ചെയ്യും. ഘനാന്ധകാരത്തിന് ശേഷം അത് പതിയെ കുറയും. കാത്തിരിക്കണം. അരനാഴിക നേരം മതി; പ്രഭാതം വരും. l

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുന്നേയുള്ളൂ. എത്രകാലം എന്നതിനെ സംബന്ധിച്ച് സംശയമാകാമെങ്കിലും മൂന്നാം തവണയും സംഘ് പരിവാര്‍ തന്നെ അധികാരത്തില്‍ തുടരാനാണ് സാധ്യത. എങ്കിലും വെറുപ്പിനും വിദ്വേഷത്തിനും ന്യൂനപക്ഷ വിരുദ്ധതക്കും വംശീയതക്കുമെതിരെ ഈ രാജ്യം താല്‍ക്കാലിക വിജയമെങ്കിലും നേടിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വം ഈ മണ്ണില്‍ വിത്തിട്ട അന്നു മുതല്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന മേല്‍ സൂചിപ്പിച്ച പൈശാചികതകളുടെ അവസാന ആയുധവും പുറത്തെടുത്ത സന്ദര്‍ഭമായിരുന്നു രണ്ട് മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് കാലം.

രഞ്ഞെടുപ്പിന്റെ മറവില്‍ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെത്തന്നെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടത്. പക്ഷേ, വെറുപ്പിന്റെ അര്‍മാദത്തില്‍ ഒരു രാജ്യത്തെ ൈകയടക്കാനുള്ള തേരോട്ടത്തിനേറ്റ മഹാ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. സീറ്റുകള്‍ കൂടുതലാര്‍ക്ക് എന്നത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ദൗര്‍ബല്യത്തിന്റെ ഭാഗമാണ്.

ഇന്ത്യന്‍ സമൂഹം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. കാരണം, ഈ തെരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ ജനങ്ങളുടെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. ചരിത്ര സന്ദര്‍ഭത്തിന്റെ ഗൗരവത്തെ ഇന്ത്യന്‍ ജനത യഥാതഥം ഉള്‍ക്കൊണ്ടു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം രാജ്യത്തെ തകര്‍ക്കുമെന്ന് അവര്‍ മനസ്സിലാക്കി. വെറുപ്പിനെതിരെ രാഷ്ട്രീയ സംഘടനകളും പൗരസമൂഹവും സാമൂഹിക മാധ്യമ പ്രതിഭകളും ഒന്നിച്ചണിനിരന്നു സംഘ് പരിവാറിനെ പിടിച്ചുകെട്ടി. മുന്നണി പോലും ആവശ്യമില്ലാത്ത വിധം കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി ആര്‍ത്തുല്ലസിച്ചു ഭരിച്ച ഒരു പതിറ്റാണ്ടിന് സമാപനമായിരിക്കുന്നു. നൂറ്റാണ്ടിന്റെ സ്വപ്ന സാക്ഷാല്‍ക്കാരമുണ്ടല്ലോ, ഹിന്ദുരാഷ്ട്ര പ്രഖ്യാപനം- അതത്ര എളുപ്പമല്ല എന്നു ചുരുക്കം. 400 സീറ്റുകളെന്ന ലക്ഷ്യത്തില്‍നിന്ന് ബഹുദൂരം പിറകിലാണ് അവര്‍. രാജ്യത്തെ മതനിരപേക്ഷ മനസ്സുള്ളവര്‍ക്ക് വലിയ പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

ജനാധിപത്യത്തിന്റെ മൗലിക ദൗര്‍ബല്യമാണ് സംഘ് പരിവാറിനെ അധികാരത്തിലെത്തിച്ചത്. ഈസാ മസീഹിനെ വധിക്കാനും സോക്രട്ടീസിന് വിഷം നല്‍കാനും തീരുമാനിച്ചത് ജനങ്ങളായിരുന്നു എന്നപോലെ ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ച അബദ്ധമായിരുന്നു സംഘ് പരിവാര്‍ എന്ന ചോയ്‌സ്. സ്വാതന്ത്ര്യത്തിന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തുടക്കമിടുകയും സ്വാതന്ത്ര്യാനന്തരം തികഞ്ഞ ആസൂത്രണത്തോടെയും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്ത് പിടിമുറുക്കുകയുമായിരുന്നു തീവ്ര ഹിന്ദുത്വം. അതിനെ നേരിടുന്നതിന് മൃദു ഹിന്ദുത്വത്തെ ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രീയ, ഭരണവര്‍ഗങ്ങളുടെ സമീപനം ആര്‍.എസ്.എസിന് തന്നെ മൂലധനമാവുകയായിരുന്നു. അതിന്റെ സ്വാഭാവിക ഫലമാണ് 'ദൈവാവതാര'ത്തിന് കീഴൊതുങ്ങിയത്.

പക്ഷേ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇക്കാര്യം തിരിച്ചറിഞ്ഞു എന്നു വേണം കരുതാന്‍. രാജ്യത്തെ ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളും മറ്റനേകം സ്വത്വ സമൂഹങ്ങളും അരികുകളിലും അതിര്‍ത്തികളിലും താമസിക്കുന്ന ജനതകളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും സാമൂഹിക പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങളും മനസ്സിലാക്കാനും അവരോട് സംവദിക്കാനുമുള്ള വഴക്കവും വിനയവും കോണ്‍ഗ്രസ് നേടിയെടുത്തു. ജാതി സെന്‍സസ് നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തിന്റെ അര്‍ഥം ഇന്ത്യയുടെ ആത്മാവിനെ കോണ്‍ഗ്രസ് തൊട്ടറിയുന്നു എന്നാണ്. നെഹ്‌റുവിന് ശേഷമുള്ള കോണ്‍ഗ്രസില്‍നിന്നും ഭിന്നമായ ഉള്ളടക്കമുള്ള കോണ്‍ഗ്രസിനെ മോദിക്കാലത്ത് രാഹുല്‍ ഗാന്ധി ഭാവനയില്‍ കാണുന്നു. ഫാഷിസത്തിനെതിരെ ഇന്‍ഡ്യാ മുന്നണി എന്ന ആശയത്തിന് ജന്മം നല്‍കാനും പ്രയോഗവൽക്കരിക്കാനും കോണ്‍ഗ്രസിന് സാധിച്ചത് അതുകൊണ്ടാണ്. സഖ്യചര്‍ച്ചകളിലെ 'വല്യേട്ടന്‍' ഇത്തവണ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍നിന്ന് ഭിന്നമായി രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, ഈ തിരിച്ചറിവിനോട് വരുംകാലങ്ങളില്‍ എത്രത്തോളം കോണ്‍ഗ്രസിന് നീതി ചെയ്യാനാവും എന്നത് ചോദ്യം തന്നെയാണ്.

പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലാണ് ജനതയുടെ മൂക്കുകയര്‍ സംഘ് പരിവാറിനെ കുരുക്കിയിരിക്കുന്നത്. അതേസമയം, ചിന്തിക്കേണ്ട കാര്യം ഇന്ത്യന്‍ ഭരണയന്ത്രത്തെ സംഘ് പരിവാര്‍ എത്രമേല്‍ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട് എന്നാണ്. അത് മനസ്സിലാക്കാന്‍ അല്‍പം പിറകില്‍നിന്ന് ആലോചിക്കേണ്ടി വരും. 1999-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ലഭിച്ച ആദ്യാവസരത്തില്‍ തന്നെ ബ്യൂറോക്രസിയിലും സുരക്ഷാ സൈന്യത്തിലുമടക്കം സംഘ് പരിവാര്‍ പടയെ അവര്‍ കുത്തിനിറച്ചിട്ടുണ്ട്. ശേഷമുള്ള മന്‍മോഹൻ സിംഗിന്റെ പത്തു വര്‍ഷക്കാലത്തും ഇന്ത്യന്‍ ഭരണയന്ത്രമോ സുരക്ഷാ സേനയോ കാവി സ്വാധീനത്തില്‍നിന്ന് മുക്തമായില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് നിയന്ത്രിത സര്‍ക്കാറിന്റെ ഭീകര നിയമങ്ങളുടെ തണലില്‍ അത് കരുത്താര്‍ജിക്കുകയാണ് ചെയ്തത്. ഹിന്ദുത്വവാദികള്‍ തന്നെ ആസൂത്രിതമായി നടത്തിയ ഭീകരസ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പോലും മുസ്ലിം യുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കാന്‍ മതേതര സര്‍ക്കാറുകളും അന്വേഷണ ഏജന്‍സികളും പോലീസും വ്യഗ്രത കാട്ടുകയായിരുന്നു. അതിന്റെ സ്വാഭാവിക വികാസമായിരുന്നു മോദിക്കാലത്തെ പ്രതിപക്ഷനിരക്കു നേരെയുള്ള വിവിധ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍. സ്‌ട്രോങ് റൂമുകളിലിരിക്കുന്ന വോട്ടിങ് മെഷീനുകളെ കുറിച്ച ആശങ്കകളും ഇലക്്ഷന്‍ കമീഷന്‍ പോലും സംശയത്തിലായതും ഇതിന്റെ തന്നെ ഭാഗമാണ്. ഡീപ്പ് സ്റ്റേറ്റിനെ ശുദ്ധീകരിച്ചെടുക്കുക എന്നത് സുദീര്‍ഘമായ പോരാട്ടം ആവശ്യപ്പെടുന്നുണ്ട്.

വെറുപ്പായിരുന്നല്ലോ നരേന്ദ്ര മോദിയുടെ മുഖ്യ ആയുധം. വിശേഷിച്ചും മുസ്‌ലിം വിരുദ്ധതയുടെ പാരമ്യത്തിലായിരുന്നു അദ്ദേഹം. ആഗോള, ദേശീയ തലങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയ മികച്ച തെരഞ്ഞെടുപ്പ് ഉരുപ്പടിയാകുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലെത്തിയപ്പോള്‍ എന്തെല്ലാമാണ് ആ വായിൽനിന്ന് വന്നത്! അതൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഇസ്‌ലാമോഫോബിയ ആഴത്തില്‍ വേരാഴ്ത്തുമ്പോഴും ഭാവിയില്‍ ഇന്ത്യന്‍ സമൂഹം അതിനെ അതിജീവിക്കുമെന്നുള്ള പ്രതീക്ഷ നല്‍കുന്നതാണ് ജനവിധി.
കേരളത്തിലേക്ക് വരുമ്പോള്‍, ഒരു സീറ്റ് എന്‍.ഡി.എ നേടിയിരിക്കുന്നു എന്നതാണ് സവിശേഷമായ കാര്യം. ഫാഷിസത്തിനെതിരെ വലിയ വായില്‍ സംസാരിക്കും കേരളത്തിലെ ഇരു മുന്നണികളും. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള ധാര്‍മിക ബാധ്യത അവ നിര്‍വഹിക്കാറില്ല. സംഘ് പരിവാറിനെ ഒന്നിച്ചെതിര്‍ത്തു തോല്‍പ്പിക്കുക എന്ന കാഴ്ചപ്പാടിനോട് എന്നും പുറം തിരിഞ്ഞ് നിന്നിട്ടേയുള്ളൂ ഇരു മുന്നണികളും. സംഘ് പരിവാര്‍ ഒന്നിലൊതുങ്ങിയത് ഈ മുന്നണികളുടെ നിലപാടുകൊണ്ടല്ല. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ജാഗ്രത കാരണമാണ്. അതേസമയം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മുമ്പത്തെക്കാള്‍ കൂടുതല്‍ ഗണ്യമായ വോട്ടുകള്‍ നേടിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പുറംമേനിയിലെ മതനിരപേക്ഷതയ്ക്കകത്ത് സമൂഹ ശരീരത്തില്‍ ഇസ്‌ലാംഭീതി ആപൽക്കരമായ രീതിയില്‍ പടരുന്നു എന്ന് വിളിച്ചു പറയുന്ന ബയോപ്‌സി ടെസ്റ്റ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. അതിനെ അതിജീവിക്കാനുള്ള ബലം കേരളം നേടിയെടുക്കേണ്ടതായിട്ടു വരും.

പ്രതീക്ഷിച്ച വിജയം മോദിക്കും സംഘത്തിനും നേടാന്‍ കഴിയാതിരുന്നതിന് കാരണം ദേശീയ തലത്തില്‍ മുസ്‌ലിം സംഘടനകളും മറ്റു പിന്നാക്ക ജനവിഭാഗങ്ങളും സംഘടനകളും സ്വീകരിച്ച നിലപാട് കൂടിയാണ്. തങ്ങളെ കുറിച്ചോ സമുദായം, ദീന്‍, രാഷ്ട്രം എന്നിവയെ സംബന്ധിച്ചോ ആലോചിക്കാതെ ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുബാങ്കായി നിന്ന് ചൂഷണം ചെയ്യപ്പെടാനോ താല്‍ക്കാലിക വികാരങ്ങളെ തൃപ്തിപ്പെടുത്താനോ സമുദായത്തെ വിട്ടുകൊടുക്കേണ്ടതില്ല എന്ന് മുസ്‌ലിം സമുദായ നേതൃത്വം തീരുമാനിച്ചു. മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ സാക്ഷരതയും ജാഗ്രതയുമുള്ളവരാക്കി മാറ്റാനും ബുദ്ധിപൂര്‍വം വോട്ട് വിനിയോഗിക്കാനും സമുദായ നേതൃത്വം അവരെ പഠിപ്പിച്ചതിന്റെ ഗുണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അങ്ങേയറ്റം ദുര്‍ബലമായ ഒരു സമുദായത്തിന്റെ രാഷ്ട്രീയ കര്‍തൃത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇതിനെ കാണാം. വരും കാലങ്ങളില്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും. പ്രചണ്ഡമായ പ്രചാരണങ്ങളുടെ സാന്നിധ്യമില്ലെങ്കിലും മുസ്‌ലിം സമുദായ നേതൃത്വം ഇതിന് അത്യധ്വാനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനവും അതില്‍ നേതൃപരമായ പങ്കും വഹിച്ചിട്ടുണ്ട്.

പ്രിയമുള്ള സഹോദരന്‍മാരേ, നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. സംഘ് പരിവാർ വോട്ടിംഗില്‍ പിറകോട്ടു പോയത് മാറ്റത്തിന്റെ സൂചന മാത്രമാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇതര പിന്നാക്ക ദലിത് സമൂഹങ്ങളെയും അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ഇന്ത്യന്‍ ദേശീയത വളര്‍ന്നതും വികസിച്ചതും. ഈ ഘടകത്തെ ഇല്ലായ്മ ചെയ്യുക എന്നത് സുദീര്‍ഘമായ പദ്ധതിയാണ്. ഫാഷിസത്തിന്റെ കാലത്തും ജനാധിപത്യപരമായ ഇടപെടലിലൂടെ സാമൂഹിക, രാഷ്ട്രീയ പരിവര്‍ത്തനം സാധ്യമാണെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയോ വിദ്വേഷ പ്രസംഗങ്ങളോ കലാപങ്ങളോ അല്ല ഞങ്ങള്‍ക്ക് വേണ്ടത്, സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതമാണ് എന്നാണല്ലോ സമ്മതിദാനത്തിലൂടെ ജനങ്ങള്‍ വിളിച്ചുപറഞ്ഞത്. ആ ജീവിതം അവര്‍ക്ക് ആവശ്യമുണ്ട്; അവരത് തേടുന്നുമുണ്ട്. മാധ്യമ പ്രചാരണങ്ങളിലൂടെയും ഭരണകൂട സഹായത്താലും വ്യാപകമായ ഇസ്‌ലാം ഭീതി നിലനില്‍ക്കുന്നതിനാല്‍ അത്തരമൊരാശയം മുസ്ലിം സമുദായത്തിന്റെ കൈയിലുണ്ടെന്ന് അവരറിയുന്നില്ല. അതിവാദങ്ങളുടെയല്ല, സംവാദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരത്തിലൂടെ അതവര്‍ക്ക് കൈമാറുക. സ്ഥൈര്യത്തോടെ ഉറച്ചുനില്‍ക്കുക. വെളിച്ചത്തെ ഈ നാട് തിരിച്ചറിയുക തന്നെ ചെയ്യും. ഘനാന്ധകാരത്തിന് ശേഷം അത് പതിയെ കുറയും. കാത്തിരിക്കണം. അരനാഴിക നേരം മതി; പ്രഭാതം വരും. l

വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വിദ്യാഭ്യാസ മേഖലയെ ഗൗരവത്തിലെടുക്കുകയും സക്രിയമായി ഇടപെട്ടുപോരുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയോടും അതിന്റെ ആശയാടിത്തറകളോടും മൗലികവും ദാര്‍ശനികവുമായ വിയോജിപ്പുകൾ ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. അതോടൊപ്പം അവയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ഒരു ആദര്‍ശ സമൂഹമെന്ന നിലയില്‍ നാം പ്രതിനിധാനം ചെയ്യുന്ന ആശയാടിത്തറകളില്‍ മൂല്യവത്തായ സമൂഹ നിര്‍മിതി സാധ്യമാകുന്ന വിധം, സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ക്രിയാത്മക സമീപനമാണ് ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിക്കുന്നത്. പ്രാഥമിക തലം മുതല്‍ കോളേജ് തലം വരെയുള്ള നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഇങ്ങനെയാണ് നാം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെയും ജീവിതരീതികളെയും ശരിയായ വിധത്തില്‍ സമൂഹത്തിന് പരിചയപ്പെടുത്തുക എന്നതാണ് എല്ലാ കാലത്തും പ്രസ്ഥാനം സ്വീകരിച്ച പ്രഥമമായ പ്രവര്‍ത്തന പദ്ധതി. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിന്റെ വക്താക്കളായ മാതൃകാ സമൂഹവും കര്‍മസാക്ഷികളുമാക്കി മാറ്റുക എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്തെ മര്‍മപ്രധാനമായ ദൗത്യം മുസ്‌ലിംകളുടെ സാമൂഹികശക്തി വര്‍ധിപ്പിക്കുക എന്നതാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം, നേതൃശേഷി വളര്‍ത്തിയെടുക്കണം. മറ്റു സമൂഹങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് മുഖം തിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സമുദായത്തിന്റെ ദീനീപരവും ധാര്‍മികവുമായ പോരായ്മകളും സാമൂഹികമായ അവരുടെ പിന്നാക്കാവസ്ഥയുമാണ്. അതിനാല്‍, ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഈ മൂന്ന് ദൗത്യങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടാണ് തുടക്കം മുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി വലിയ പ്രാധാന്യം നല്‍കിയത്.

ഐതിഹ്യങ്ങളെ വരെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി തയാറാക്കുന്ന ദേശീയ വിദ്യാഭ്യാസ നയവും ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തെ സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ലിബറല്‍ വിദ്യാഭ്യാസ നയവും നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വര്‍ധിപ്പിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ അപരവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗമെന്ന നിലയിലും ഈ കാലയളവില്‍ നമ്മുടെ മുഖ്യ ശ്രദ്ധയും പരിഗണനയും വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയേണ്ടതുണ്ട്. വൈജ്ഞാനിക മികവില്‍ ഒട്ടും പിറകിലാവാതെ, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളോടും ആരോഗ്യകരമായി സഹവര്‍ത്തിക്കുന്ന, എന്നാല്‍ ഇസ്‌ലാമിക സംസ്‌കൃതി ഉയര്‍ത്തിപ്പിടിക്കുന്ന തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘാടനത്തിലൂടെ ഇസ്‌ലാമിക പ്രസ്ഥാനം ലക്ഷ്യമിടുന്നത്.

സാമൂഹിക ദൗത്യനിര്‍വഹണത്തില്‍ നേതൃപരമായ പങ്ക് നിര്‍വഹിക്കാന്‍ നൈപുണിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്‌ലാമിയാ കോളേജുകളെ നാം വിഭാവന ചെയ്തത്. ചരിത്രവിജയം എന്ന് അടയാളപ്പെടുത്താവുന്ന വിധം ആ ദൗത്യം ഇസ്‌ലാമിയാ കോളേജുകള്‍ നിര്‍വഹിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മീഡിയ, മാനേജ്‌മെന്റ് മേഖലകളിലൊക്കെയും സ്വാധീന ശക്തിയാകും വിധം പ്രതിഭകളെ സൃഷ്ടിക്കുന്നതിന് ഇസ്‌ലാമിയാ കോളേജുകള്‍ വഴിയൊരുക്കി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുതലങ്ങളില്‍ ഇന്നും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് ഈ സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങിയവരാണ്. പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിലും അവര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കാലത്തിന്റെ ആവശ്യമനുസരിച്ച് ഇസ്‌ലാമിയാ കോളേജുകളും വലിയ മാറ്റത്തിന് വിധേയമാവുകയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കരുത്തും കാതലുമാവുക എന്നതുതന്നെയാണ് അവക്ക് തുടര്‍ന്നും നിര്‍വഹിക്കാനുള്ള ദൗത്യം. കാലം ആവശ്യപ്പെടുന്ന വൈജ്ഞാനികവും സാങ്കേതികവുമായ മികവ് ഉറപ്പുവരുത്തി ആദര്‍ശ പ്രതിബദ്ധതയും ആത്മാഭിമാനവുമുള്ള ഇസ്‌ലാമിക പ്രബോധകരും നേതാക്കളുമായ വ്യക്തിത്വങ്ങളെ കേരളത്തിന്റെ വിവിധ തലങ്ങളില്‍ ഉറപ്പുവരുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. അതിന് സന്നദ്ധതയുള്ള വിദ്യാര്‍ഥികളെ ഈ സ്ഥാപനങ്ങള്‍ മാടിവിളിക്കുന്നുണ്ട്.

പുതിയ അധ്യയന വര്‍ഷത്തെ ഈ ഗൗരവബോധത്തോടെ വേണം നാം സമീപിക്കാന്‍. നമ്മുടെ മക്കളെയും, നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമുള്ള പത്താംതരവും ഹയർ സെക്കന്ററിയും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും ഇസ്‌ലാമിയാ കോളേജുകളില്‍ എത്തിക്കുന്ന വിഷയത്തില്‍ നമുക്ക് പ്രത്യേക ശ്രദ്ധയുണ്ടാവണം. അവരുടെ പഠനച്ചെലവുകള്‍ വഹിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ. അല്ലാത്തവര്‍ക്ക് നമുക്ക് വഴി കാണാം. ഒരിടത്തുനിന്ന് ഒരു വിദ്യാര്‍ഥി ഇസ്‌ലാമിയാ കോളേജിലെത്തുന്നു എന്നു പറഞ്ഞാല്‍ ആ പ്രദേശത്ത് കരുത്തുള്ള ഒരു വിത്ത് ഇസ്‌ലാമിക പ്രസ്ഥാനം നട്ടു എന്നാണതിനര്‍ഥം. അനുകൂല സാഹചര്യങ്ങളിലും, പ്രതികൂല സാഹചര്യങ്ങളില്‍ അവയെ അതിജീവിച്ചും അത് വളര്‍ന്നു പന്തലിക്കും, കായ്കനികള്‍ നല്‍കും. അത് നമ്മുടെ അനുഭവമാണ്. ഇടതടവില്ലാത്ത സുകൃതങ്ങളായി അത് സമൂഹത്തിനെന്ന പോലെ നമ്മിലേക്കും വന്നുചേര്‍ന്നുകൊണ്ടേയിരിക്കും. l